Prabodhanm Weekly

Pages

Search

2015 ജൂലൈ 10

പൊതുബോധം എത്രകണ്ട് സവര്‍ണമാണ്?

കെ.പി ബഷീര്‍ /ലേഖനം

         കേരളത്തിന്റെ പൊതുബോധത്തെ കീഴടക്കിയിട്ടുള്ള സവര്‍ണ സങ്കല്‍പങ്ങളും അവര്‍ണ സ്വത്വബോധവും തമ്മിലുള്ള ആശയസംഘര്‍ഷത്തിന്റെ ബഹിഃസ്ഫുരണങ്ങളാണ് ഇടക്കിടെയുണ്ടാകുന്ന വിവാദങ്ങള്‍. പര്‍ദയായും നിലവിളക്കായും ഓണാഘോഷമായും അവ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. വിവാദങ്ങളോരോന്നും സാംസ്‌കാരിക ദേശീയത എന്ന പേരില്‍ വിളിക്കപ്പെടുന്ന സവര്‍ണ മൂല്യങ്ങളെ അരക്കിട്ടുറപ്പിക്കാനും ദലിത്-മുസ്‌ലിം സ്വത്വബോധത്തിനു നേരെ വെല്ലുവിളിയാവാനും മാത്രമേ സഹായകമാവുന്നുള്ളൂ എന്നതാണ് വിവാദങ്ങളുടെ ബാക്കിപത്രം. ഒരു പൊതുചടങ്ങില്‍ നിലവിളക്ക് കത്തിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെതിരെ അതേ വേദിയില്‍ വെച്ച് സിനിമാതാരം മമ്മൂട്ടി നിലപാടെടുത്തതാണ് ഏറ്റവും ഒടുവിലുണ്ടായ വിവാദത്തിന് തിരികൊളുത്തിയത്. വിഷയം സോഷ്യല്‍മീഡിയയില്‍ വാദകോലാഹലമായി കത്തിപ്പടര്‍ന്നു.

തികച്ചും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായ ചടങ്ങുകള്‍ പൊതുമണ്ഡലത്തില്‍ സ്ഥാനം പിടിക്കുമ്പോഴുണ്ടാകുന്ന ആശയസംഘര്‍ഷങ്ങളാണ് ഇത്തരം വിവാദങ്ങള്‍ക്ക് ഹേതു. കേരളീയ പൊതുബോധം അത്രമേല്‍ ഹൈന്ദവവത്കരിക്കപ്പെട്ടതിനാലാണ് നിലവിളക്കുള്‍പ്പെടെയുള്ള ആചാരങ്ങള്‍ക്ക് വ്യാപക സ്വീകാര്യത കൈവന്നത്. ഓണാഘോഷമായാലും യോഗാദിനാചരണമായാലും പൊതുമണ്ഡലത്തില്‍ മതേതരവത്കരിക്കപ്പെട്ടു കഴിഞ്ഞ ചടങ്ങുകളില്‍ ഉള്‍ച്ചേര്‍ന്നിരിക്കാന്‍ സാധ്യമല്ലാത്തവിധം അവയെ ദേശീയതയുമായി ചേര്‍ത്ത് അവതരിപ്പിക്കുന്നതില്‍ അതിന്റെ വക്താക്കള്‍ വിജയിച്ചിരിക്കുന്നു.

യൂറോപ്യന്‍ സെക്യൂലറിസത്തിലെ മതരഹിത സാമൂഹിക ജീവിതം എന്ന സങ്കല്‍പത്തില്‍ നിന്ന് വ്യത്യസ്തമായി സര്‍വ മതങ്ങളെയും ഉള്‍ക്കൊള്ളുക എന്ന ആശയമാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ ആണിക്കല്ല്. ഭൂരിപക്ഷ മതസങ്കല്‍പത്തിന്റെ മേധാവിത്വത്തില്‍ അസ്തിത്വ പ്രതിസന്ധി നേരിടാനുള്ള സാധ്യതകളില്‍ നിന്ന് ന്യൂനപക്ഷ മതവിശ്വാസത്തെ സംരക്ഷിച്ച് നിര്‍ത്താന്‍ പോന്ന രീതിയിലാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ബി.ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികള്‍ നേരിടേണ്ടി വന്ന ഹൈന്ദവ മേധാശക്തികള്‍ ഇന്ത്യന്‍ സാമൂഹിക, സാംസ്‌കാരിക മണ്ഡലത്തില്‍ ചെലുത്തിപോന്ന സമ്മര്‍ദം രാജ്യത്തിന്റെ മതേതര സങ്കല്‍പത്തിന് നിരന്തരം വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. വര്‍ഗീയ കലാപങ്ങളായും ബാബരി മസ്ജിദ് ധ്വംസനം അടക്കമുള്ള സംഭവങ്ങളായും ഏകസിവില്‍കോഡിനായുള്ള മുറവിളിയായും എന്നും ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിനു ഭീഷണി സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചുപോന്നിട്ടുണ്ട്. രാജ്യത്തിന്റെ നാനാത്വ സങ്കല്‍പത്തിനു മുകളിലായി ദേശീയത എന്ന പേരില്‍ ഹൈന്ദവ സാംസ്‌കാരികതയെ അവതരിപ്പിക്കുന്നതിലാണ് സംഘ്പരിവാര്‍ സംഘങ്ങളുടെ ഊന്നല്‍. ഹൈന്ദവ പുരാണങ്ങളെ ചരിത്രം എന്ന പേരില്‍ അവതരിപ്പിക്കുന്നതിലും സൂര്യനമസ്‌കാരം ഉള്‍പ്പെടെയുള്ള ബഹുദൈവത്വ ആചാരങ്ങളെ ഭാരതത്തിന്റെ പൊതുചടങ്ങുകളായി ചിത്രീകരിക്കുന്നതിലും ഒരളവോളം സംഘ്ശക്തികള്‍ വിജയിക്കുന്നുണ്ടെന്നത് കാണാതിരിക്കാനാവില്ല.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ അത്രമേല്‍ വര്‍ഗീയവത്കരിക്കുന്നതില്‍ പ്രതിരോധം സൃഷ്ടിക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സവര്‍ണ സാംസ്‌കാരികതയുടെ മേധാവിത്വത്തില്‍ ഇടത് വീക്ഷണങ്ങളെ പോലും കാവിവത്കരിക്കാന്‍ സാധിക്കുന്നുവെന്നിടത്താണ് മോദിയുടെ കാലത്തെ രാഷ്ട്രീയം എത്തിനില്‍ക്കുന്നത്. 

ഹൈന്ദവാചാരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത നിലവിളക്ക് കൊളുത്തല്‍ എന്ന ചടങ്ങിനെ പൊതുമണ്ഡലത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍ സവര്‍ണ ബിംബങ്ങള്‍ പൊതുരംഗം കീഴടക്കുന്നതിലെ യുക്തിരാഹിത്യം തിരിച്ചറിയുന്നതില്‍ പുതിയ തലമുറയിലെ ഇടത് വക്താക്കള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ് ഒടുവിലത്തെ വിവാദത്തില്‍ അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. നിലവിളക്കുള്‍പ്പെടെയുള്ള മതാചാര ചടങ്ങുകള്‍ പൊതുപരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്തണം എന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നിലപാടില്‍ നിന്ന് നിലവിളക്ക് വിവാദത്തെ അബ്ദുറബ്ബിനും മുസ്‌ലിംലീഗിനുമെതിരായ വടിയായി ഉപയോഗപ്പെടുത്തുമ്പോള്‍ പുതിയ ഇടത് ബൗദ്ധിക മണ്ഡലം കാവിവത്കരിക്കപ്പെടുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.

ഐശ്വര്യദായിനി മുതല്‍ ദേവീ സങ്കല്‍പം വരെ ഉള്‍ച്ചേര്‍ന്നിട്ടുള്ള ബഹുദൈവാരാധനയിലധിഷ്ഠിതമായ നിലവിളക്ക് കൊളുത്തല്‍ ചടങ്ങ് പൊതുമണ്ഡലത്തില്‍ സ്വീകരിക്കപ്പെടുമ്പോള്‍ അവയെ മതമുക്തമായും മതേതര പ്രതീകമായുമാണ് ചിത്രീകരിക്കപ്പെടുന്നത്. ഹൈന്ദവ വിശ്വാസികള്‍ ആചാരനിബദ്ധമായി വിളക്ക് കൊളുത്തുമ്പോള്‍ അതേ വേദിയില്‍ തന്നെ മുസ്‌ലിംകള്‍, ക്രൈസ്തവര്‍, കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ മതരഹിതചടങ്ങായി സങ്കല്‍പിച്ചു വേണം വിളക്ക് കൊളുത്താന്‍. ഇതിലെ യുക്തിരാഹിത്യം സൃഷ്ടിക്കുന്ന ആശയസംഘര്‍ഷവും ആദര്‍ശ പ്രതിസന്ധിയുമാണ് വിവാദത്തിലെ മര്‍മം. ഇവിടെ മതരഹിത സങ്കല്‍പം വെച്ചുപുലര്‍ത്തുന്ന ആര്‍ക്കും നിലവിളക്ക് കത്തിക്കാം എന്നതുപോലെ തന്നെ മതാചാരത്തിന്റെ ഭാഗമായി വിട്ടുനില്‍ക്കാം എന്ന അവകാശത്തെ ഹനിച്ചുകൊണ്ടാണ് വിവാദങ്ങള്‍ രൂപപ്പെടുന്നത്. സാംസ്‌കാരിക ഫാഷിസത്തിന്റെ ഏറ്റവും ലളിതമായ ഉദാഹരണമാണിത്.

ഈദും ബക്രീദും മുസ്‌ലിം ആഘോഷവും, ക്രിസ്മസ് ക്രിസ്ത്യന്‍ ആഘോഷവും ആകുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഓണവും വിഷുവും മതേതര ആഘോഷമാവുന്നതും സവര്‍ണ ഹൈന്ദവസങ്കല്‍പത്തെ പൊതുമണ്ഡലം സ്വാംശീകരിച്ചതിന്റെ മറ്റൊരു ഉദാഹരണമാണ്. പത്തില്‍ ഏഴുപേര്‍ മുസ്‌ലിംകളായിട്ടുള്ള ഒരു കൂട്ടായ്മയെ മുസ്‌ലിം കൂട്ടായ്മ എന്ന് എളുപ്പത്തില്‍ പേര് വിളിക്കപ്പെടുന്നതുപോലെ പത്തില്‍ പത്തും ഹൈന്ദവര്‍ ആയിട്ടുള്ള സംഘത്തെ പൊതുസംഘമായി വീക്ഷിക്കപ്പെടുന്നതും ഇതേ അളവുകോല്‍ കൊണ്ട് തന്നെ. മലയാള പത്രങ്ങളെ വിശേഷിപ്പിക്കുന്നിടത്ത് മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന പത്രങ്ങളെ -അവയെത്ര തന്നെ സാമുദായിക വര്‍ണം അകറ്റി നിര്‍ത്തിയാലും- മുസ്‌ലിം പത്രങ്ങള്‍ എന്ന് വിളിക്കാറുണ്ടെങ്കിലും ഹൈന്ദവ ഭൂമികയില്‍ നിന്നുള്ളവയെ പൊതുപത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും നമ്മുടെ പൊതുബോധത്തെ കീഴടക്കിയിട്ടുള്ള അപര മുസ്‌ലിം എന്ന കാഴ്ചപ്പാട് മൂലമാണ്. നായര്‍ ജീവിതം ഇതിവൃത്തമാക്കാറുള്ള എം.ടി മലയാളത്തിന്റെ പൊതു എഴുത്തുകാരനും മുസ്‌ലിം ജീവിത പശ്ചാത്തലത്തില്‍ നിന്ന് എഴുതുന്ന ബഷീര്‍ മുസ്‌ലിം എഴുത്തുകാരനുമാണ് നമുക്ക്. 

മുസ്‌ലിം അപരത്വത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ മീഡിയക്കുള്ള പങ്ക് ഇനിയും വിശകലന വിധേയമാക്കിയിട്ടില്ല. സമൂഹത്തിന്റെ ബോധമണ്ഡലത്തെ ഏറെ സ്വാധീനിക്കുന്ന സിനിമാ മേഖലയിലാണ് സവര്‍ണ ബിംബങ്ങള്‍ക്ക് ഏറെ മേധാവിത്വം. ഇവിടെ മുസ്‌ലിം-ദലിത് ജീവിതം ഇപ്പോഴും അന്യവത്കരിക്കപ്പെട്ടു തന്നെ കിടക്കുന്നു. 

മറ്റേതൊരു കായികാഭ്യാസവും പോലെ യോഗാഭ്യാസത്തോട് മുസ്‌ലിംകള്‍ക്ക് സവിശേഷമായ എതിര്‍പ്പില്ല. എന്നാല്‍ ഹൈന്ദവ മന്ത്രധ്വനികളും സൂര്യനമസ്‌കാരവും ഉള്‍ച്ചേര്‍ന്ന യോഗാഭ്യാസം നിര്‍ബന്ധമാക്കാനുള്ള ശ്രമത്തെയാണ് മുസ്‌ലിംകളുടെ വിശ്വാസത്തിനു നേരെയുള്ള വെല്ലുവിളിയായി കണ്ട് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള വേദികളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നത്. യോഗയെയും സൂര്യനമസ്‌കാരത്തെയും മതരഹിത ചടങ്ങായി ചിത്രീകരിക്കാനുള്ള ശ്രമമാണ് പിന്നീട് കണ്ടത്. വിജയദശമിനാളിലെ എഴുത്തിനിരുത്തല്‍ ചടങ്ങും വാസ്തുശാസ്ത്രവും ജ്യോതിഷവും വരെ മതരഹിതമായി വിശേഷിപ്പിച്ച് ഭരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായി ചിത്രീകരിച്ച് ദേശീയതയുടെ പ്രതിബിംബങ്ങളായി നാളെ അവതരിപ്പിക്കപ്പെട്ടേക്കാം. 

വിവാദങ്ങളും ചര്‍ച്ചകളും മുറുകവെ രാജ്യത്തിന്റെ പൊതുബോധത്തെ ഉള്‍ക്കൊള്ളാനാവാത്ത ദേശവിരുദ്ധര്‍ എന്ന സങ്കല്‍പം ചാര്‍ത്തി കിട്ടാന്‍ വിധിക്കപ്പെടുന്നുവെന്നതാണ് മുസ്‌ലിം സമുദായത്തിന് ലഭിക്കുന്ന മിച്ചം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /39
എ.വൈ.ആര്‍