Prabodhanm Weekly

Pages

Search

2015 ജൂലൈ 10

വമ്പത്തി: മലബാര്‍ സമരത്തിലെ പെണ്‍പോരിന്റെ കഥകള്‍

ഡോ. കെ.കെ.എന്‍ കുറുപ്പ് /പുസ്തകം

        വൈദ്യരുടെ നാട്ടില്‍ നിന്നും വിദ്യയുടെ വിസ്മയ ചക്രവാളത്തിലേക്ക് കയറിവന്ന ഒരു നോവലിസ്റ്റാണ് കൊണ്ടോട്ടിക്കാരനായ കെ.കെ ആലിക്കുട്ടി. കാലം കൊളുത്തിയ വിളക്ക്', 'തങ്കാരം' എന്നീ നോവലുകളും 'ചരിത്ര വിസ്മയങ്ങളില്‍' എന്ന സഞ്ചാരകൃതിയും മുന്‍കാലങ്ങളില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ  'വമ്പത്തി'- മലബാര്‍ കലാപത്തിലെ പെണ്‍പോരിന്റെ കഥ പറയുന്ന നോവലാണ്.

ഇന്ത്യയുടെ ചരിത്രത്തില്‍ 1857-ലെ സായുധ കലാപത്തിന് ശേഷം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുകയും ഇന്നും ചര്‍ച്ച തുടരുന്നതുമായ ഒരു വിഷയമാണ് 1921-ലെ മലബാര്‍ കലാപം. ലോകത്തെങ്ങും കൊളോണിയല്‍ ശക്തികളോട് ആത്യന്തികമായി ഏറ്റുമുട്ടിയ കലാപങ്ങള്‍ അതത് രാജ്യങ്ങളിലെ കാര്‍ഷിക സമൂഹമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ക്യൂബയില്‍ 1860-കളില്‍ സ്പാനിഷ് ആധിപത്യങ്ങളോട് ഏറ്റുമുട്ടിയത് അവിടത്തെ കരിമ്പുകൃഷിക്കാരായ പാവപ്പെട്ട 'മംപീസ'ക്കാരായിരുന്നു. ഒരുപക്ഷേ അതിന്റെ തുടര്‍ച്ചയായിരുന്നു പിന്നീട് 1930-കളില്‍ അവിടെ നടന്ന 'റിയലിങ്കോ 18' എന്ന കര്‍ഷക സമരം. 1840-കളില്‍ മാഞ്ചു ഏകാധിപത്യത്തോട് ചൈനയില്‍ നടന്ന 'തെയ്പിങ്ങ്' കലാപവും ഇത്തരത്തിലുള്ളതാണ്. തെക്കേ മലബാറിലെ ദേശാഭിമാനികളും ഖിലാഫത്ത് പ്രസ്ഥാനക്കാരായ സ്വാതന്ത്ര്യ മോഹികളും അവരെ പിന്തുണക്കുന്ന കാര്‍ഷിക സമൂഹവും 1921-ല്‍ വലിയൊരു പ്രക്ഷോഭത്തിലേര്‍പ്പെട്ടു. അതിന് ഗാന്ധിയന്‍ അഹിംസാധിഷ്ഠിത സിദ്ധാന്തങ്ങളുമായി വളരെയൊന്നും മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. കാരണം ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ പട്ടാള നിയമവും മുസ്‌ലിം സമൂഹത്തെ വേട്ടയാടിക്കൊണ്ടുള്ള മര്‍ദന നയങ്ങളും ഒരു ജനസമൂഹത്തിന്റെ സ്വാതന്ത്ര്യാഭിലാഷത്തെ തന്നെ അടിച്ചമര്‍ത്തി. എന്നാല്‍ തെക്കേ മലബാര്‍ മുഴുവന്‍ ഒരു ശത്രുരാജ്യമാണെന്ന് കണക്കാക്കി അത് തിരിച്ചുപിടിക്കാനുള്ള സൈനിക തന്ത്രമാണ് ബ്രിട്ടീഷ് സൈന്യാധിപന്മാര്‍ അന്നു നടപ്പിലാക്കിയത്. ഈ സായുധ വിപ്ലവത്തിന്റെ തീഷ്ണത ഈ സൈനിക തന്ത്രം വ്യക്തമാക്കുന്നു.

ഈ പോരാട്ടത്തിന്റെ ചരിത്ര സ്മാരകങ്ങളും വാമൊഴിയിലൂടെ തലമുറകള്‍ പകര്‍ന്നു കൊടുത്ത അനുഭവങ്ങളും തെക്കെ മലബാറിന്റെ ഗ്രാമങ്ങളിലും താഴ്‌വരകളിലും പള്ളി മുറ്റങ്ങളിലും ഇന്നും പ്രതിദ്ധ്വനിക്കുന്നു. അക്കാദമിക ചരിത്രകാരന്മാര്‍ക്ക് അവരുടെ രീതിശാസ്ത്രമോ പ്രതിബദ്ധതയോ എന്തായാലും ഇവയൊന്നും ചിത്രീകരിക്കാന്‍ കഴിഞ്ഞെന്നു വരാറില്ല. അവിടെയാണ് ആലിക്കുട്ടി, ഒരു നാടിന്റെ ചരിത്രത്തെ കണ്ടെത്താന്‍ പുറപ്പെട്ട ചില വിദ്യാര്‍ഥിനികള്‍ വഴി വാഗണ്‍ ട്രാജഡിയിലൂടെയും പൂക്കോട്ടൂര്‍ സമരത്തിലൂടെയും മറ്റും കഥ മെനെഞ്ഞെടുക്കുന്നത്. വള്ളുവനാടന്‍ മലയാളത്തിന്റെ ഗ്രാമശൈലി ഉപയോഗിച്ചുകൊണ്ടുള്ള നോവലിസ്റ്റിന്റെ പ്രതിപാദന രീതി തികച്ചും ഹൃദ്യമാണ്. 'നിങ്ങള്‍ സംസാരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വിസ്മരിക്കപ്പെടും' എന്ന വാമൊഴി ചരിത്രകാരനായ തോംസണ്‍ സിദ്ധാന്തിക്കുന്നത് പോലെ ചരിത്രത്തില്‍ ജീവിക്കുകയും കടന്നുപോവുകയും ചെയ്ത അനേകം വ്യക്തികളിലൂടെ ഈ കലാപങ്ങളുടെ നേതൃത്വത്തിന്റെ നഖചിത്രങ്ങളാണ് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്.

കലാപത്തിന്റെ നേതൃത്വ നിരയില്‍ ഫ്രാന്‍സിലെ ജോണ്‍ ഓഫ് ആര്‍കിനെ പോലെ ഏതെങ്കിലും ഒരു വമ്പത്തി ഉണ്ടോ എന്ന് ഈ ഗവേഷണ കുതുകികളായ വിദ്യാര്‍ഥിനികള്‍ അന്വേഷിക്കുന്നു. അവര്‍ അവസാനം പൂക്കോട്ടൂരിലെ യുദ്ധഭൂമിയില്‍ ഖിലാഫത്ത് വളണ്ടിയര്‍മാര്‍ക്ക് നേതൃത്വം കൊടുത്ത ഒരു സുലൈമാനെയും ആണ്‍വേഷം ധരിച്ച കുഞ്ഞീബിയെയും കണ്ടുമുട്ടുന്നു. ആലി മുസ്‌ലിയാര്‍, ലവക്കുട്ടി, ചെമ്പ്രശ്ശേരി തങ്ങള്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ അനേകമനേകം പേരെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തെടുത്ത ഒരു സ്ത്രീ കഥാപാത്രം. അതാണ് സുലൈമാനോടൊപ്പം പടപൊരുതിയ കുഞ്ഞീബി. ഝാന്‍സി റാണിയെപ്പോലെ സ്വന്തം രാജ്യത്തിനു വേണ്ടി പോരാടിയ കുഞ്ഞീബിയെ ചരിത്രത്തിന്റെ ഏടുകളില്‍ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കിലും അനേകമനേകം സ്ത്രീകള്‍ പൂക്കോട്ടൂരിലും മറ്റും കലാപത്തില്‍ പങ്കെടുത്തതിന്റെ ചരിത്ര വസ്തുതകള്‍ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പടപ്പാട്ടുകള്‍ പാടി കലാപകാരികളെ ഊര്‍ജസ്വലരാക്കിയ മുസ്‌ലിം വനിതകള്‍ വാമൊഴി ചരിത്രത്തില്‍ നിത്യജീവിതം കൈക്കൊള്ളുന്നു.

കുഞ്ഞീബിയെ പോലെ, മാപ്പിള പോരാളികളില്‍ ഈ വിധം ഒളിപ്പിച്ചുവെച്ച മഹിളാരത്‌നങ്ങളുണ്ടായിരുന്നോ എന്ന ചോദ്യവുമായി നോവലിസ്റ്റ് തന്റെ രചന അവസാനിപ്പിക്കുമ്പോള്‍ അതൊരു പുതിയ വായനാനുഭവമാണെന്ന് പറയട്ടെ. ഈ പുസ്തകത്തിന്റെ പ്രസാധനം നിര്‍വഹിച്ച 'ഡെസ്റ്റിനി' എന്ന സ്ഥാപനത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. കാരണം മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍, പ്രത്യേകിച്ചും കലാപത്തിന്റെ ശതാബ്ദി സ്മരണകള്‍ പുതുക്കാന്‍ പോകുന്ന ഈ അവസരത്തില്‍ ഇത്തരം ഗ്രന്ഥങ്ങളിലൂടെ ചരിത്രത്തിന്റെ സ്രഷ്ടാക്കളായ ജനസമൂഹത്തിലേക്ക് ചരിത്ര വിജ്ഞാനം പകര്‍ന്നു കൊടുക്കുന്ന വലിയൊരു കര്‍ത്തവ്യമാണ് അവര്‍ നിര്‍വഹിച്ചിട്ടുള്ളത്. 

(പുസ്തകത്തിന്റെ അവതാരികയില്‍ നിന്ന്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /39
എ.വൈ.ആര്‍