സകാത്ത് പ്രാധാന്യം, സംഭരണം, വിതരണം
മൊത്തം ഇസ്‌ലാമികാധ്യാപനങ്ങളെ നമുക്ക് രണ്ടായി ഭാഗിക്കാം. ഒന്ന്, അല്ലാഹുവോടുള്ള ബാധ്യതകള്‍. രണ്ട്, മനുഷ്യരോടുള്ള ബാധ്യതകള്‍. ഇതില്‍ ആദ്യത്തേതിനെയാണ് നമസ്‌കാരം പ്രതിനിധീകരിക്കുന്നത്. സകാത്ത് രണ്ടാമത്തേതിനെയും പ്രതിനിധീകരിക്കുന്നു. ഇതു രണ്ടും ചേര്‍ന്നതാണ് ഇസ്‌ലാം. അതിനാല്‍ 30 ഇടങ്ങളില്‍ ഖുര്‍ആന്‍ സാങ്കേതികമായി സകാത്ത് പരാമര്‍ശിച്ചപ്പോള്‍ 27 സ്ഥലങ്ങളിലും നമസ്‌കാരവുമായി ചേര്‍ത്തു കൊണ്ടാണ് പറഞ്ഞത്. ഇതില്‍ ഒരു ഭാഗം മാത്രം സ്വീകരിച്ചാല്‍ അത് ദീനിന്റെ നിഷേധമാവും. ഖുര്‍ആന്‍ പറയുന്നു: ''ദീനിനെ (പരലോക വിചാരണയെ-മതത്തെ) കളവാക്കുന്നവനെ നീ കണ്ടുവോ? അനാഥയെ തള്ളിപ്പുറത്താക്കുന്നവനും ദരിദ്രര്‍ക്ക് ആഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമാണവന്‍.'' (അല്‍ മാഊന്‍). അതിനാല്‍ സകാത്ത് നിഷേധം നരകത്തിലെത്തിക്കും. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങളെ നരകത്തിലെത്തിച്ചതെന്താണ്? അവര്‍ പറഞ്ഞു: ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല. ദരിദ്രര്‍ക്ക് ഞങ്ങള്‍ ആഹാരം കൊടുത്തിരുന്നില്ല'' (അല്‍മുദ്ദസില്‍ 42-44).
''അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. ദരിദ്രര്‍ക്ക് ആഹാരം കൊടുക്കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല'' (അല്‍ഹാഖ 33-34).
സകാത്ത് നിഷേധികളോടു അബൂബക്ര്‍ സ്വിദ്ദീഖ് സമരത്തിനൊരുങ്ങി. ഉമര്‍ ബ്‌നുല്‍ ഖത്വാബടക്കമുള്ള സ്വഹാബികള്‍ പലരും ആദ്യത്തില്‍ അതിനോട് യോജിച്ചിരുന്നില്ല. അവസാനം അവര്‍ ഏകാഭിപ്രായക്കാരായി. കാരണം അബൂബക്‌റി(റ)ന്റെ ന്യായം അവര്‍ക്കു ബോധ്യമായി. നമസ്‌കാരം പോലെ തന്നെ ഇസ്‌ലാമും കുഫ്‌റും വേര്‍തിരിക്കുന്ന അടയാളമാണ് സകാത്തും. ഖുര്‍ആന്‍ പറയുന്നു: ''അവര്‍ പശ്ചാത്തപിച്ചു മടങ്ങുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുകയാണെങ്കില്‍ അവരെ അവരുടെ പാട്ടിന് വിട്ടേക്കുക'' (അത്തൗബ 5).
''അവര്‍ പശ്ചാത്തപിച്ചു മടങ്ങുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുകയാണെങ്കില്‍ ദീനില്‍ നിങ്ങളുടെ സഹോദരങ്ങളാണവര്‍'' (അത്തൗബ 11).
സകാത്ത് പണക്കാരന്റെ ഔദാര്യമല്ല, പാവപ്പെട്ടവന്റെ അവകാശമാണ്. ഖുര്‍ആന്‍ പറയുന്നു: ''അവരുടെ ധനത്തില്‍ ചോദിച്ചുവരുന്നവര്‍ക്കും അടിസ്ഥാനാവശ്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും അവകാശമുണ്ട്'' (അദ്ദാരിയാത്ത് 19). ''അടുത്ത ബന്ധുവിനും ദരിദ്രനും തെരുവിന്റെ സന്തതിക്കും അവരുടെ അവകാശം കൊടുക്കുക'' (അല്‍ ഇസ്‌റാഅ് 26).
''അത് വിളവ് നല്‍കിയാല്‍ നിങ്ങളതില്‍ നിന്ന് ഭക്ഷിച്ചുകൊള്ളുക. കൊയ്‌തെടുക്കുന്ന ദിവസം അതിന്റെ അവകാശം കൊടുത്തുവീട്ടുകയും ചെയ്യുക'' (അല്‍ അന്‍ആം 141). അതിനാല്‍ സകാത്ത് നിഷേധികള്‍ക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്നത് ഏറ്റവും കഠിനമായ ശിക്ഷയാണ്. ഖുര്‍ആന്‍ പറയുന്നു: ''സ്വര്‍ണവും വെള്ളിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ നിക്ഷേപമാക്കി വെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന സന്തോഷ വാര്‍ത്തയറിയിക്കുക. അവ നരകത്തീയില്‍ ചുട്ടു പഴുപ്പിക്കുകയും അതുകൊണ്ടവരുടെ മുഖത്തും പാര്‍ശ്വങ്ങളിലും പുറത്തും ചൂടുവെക്കുകയും ചെയ്യുന്ന ദിവസം. എന്നിട്ടവരോട് പറയും: നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ചു വെച്ചതാണിത്. നിക്ഷേപം അനുഭവിച്ചു കൊള്ളുക'' (അത്തൗബ 35).
സകാത്ത് നിര്‍ബന്ധമാകുന്ന ധനം
എല്ലാ ധനത്തിനും സകാത്ത് ബാധകമാണ്. അല്ലാഹു പറയുന്നു: ''അവരുടെ എല്ലാ ധനങ്ങളില്‍ നിന്നും ദാനം വാങ്ങുക. അതവരെ ശുദ്ധീകരിക്കുകയും അവരുടെ സമ്പത്തില്‍ വര്‍ധനവുണ്ടാക്കുകയും ചെയ്യും'' (അത്തൗബ 103).
സകാത്ത് നിര്‍ബന്ധമാവുന്ന പരിധി
ശരീഅത്ത് ധനത്തെ മുഖ്യമായി നാലു ഇനങ്ങളാക്കി തിരിച്ചിരിക്കുന്നു. സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍- നാണയങ്ങള്‍, കാര്‍ഷിക വിളകള്‍, ഖനിജങ്ങള്‍, കാലികള്‍ എന്നിങ്ങനെ. മറ്റിനങ്ങളെ ഇവയില്‍ ഒന്നുമായി താരതമ്യം ചെയ്തു ഉചിതമായ ഇനങ്ങളോട് ചേര്‍ക്കണം. ഇവയില്‍ ഓരോ ഇനത്തിനും സകാത്ത് നിര്‍ബന്ധമാവുന്ന പരിധി(നിസ്വാബ്)യിലും കൊടുക്കേണ്ട തോതിലും വ്യത്യാസമുണ്ട്. ചില ഇനങ്ങള്‍ മൂലധനത്തിനും വരുമാനത്തിനും ഒരുപോലെ സകാത്ത് ബാധകമാവുന്നവയാണ്; നാണയങ്ങള്‍ പോലെ. അവയ്ക്ക് രണ്ടര ശതമാനമാണ് സകാത്ത്. കൃഷിപോലെ വരുമാനത്തിനു മാത്രം സകാത്ത് ബാധകമാവുന്നവയുമുണ്ട്. അവയുടെ സകാത്ത് പത്തു ശതമാനമാണ്. മനുഷ്യാധ്വാനം താരതമ്യേന കുറവുള്ള മറ്റിനങ്ങള്‍ക്ക് സകാത്തിന്റെ തോത് താരതമ്യേന വര്‍ധിക്കും.
1. സ്വര്‍ണം-വെള്ളി-നാണയങ്ങള്‍: നബി(സ)യുടെ കാലത്ത് സ്വര്‍ണമോ വെള്ളിയോ മാത്രമായിരുന്നു നാണയങ്ങള്‍. അതിനാല്‍ നാണയങ്ങളുടെ നിസ്വാബ് (സകാത്ത് ബാധകമാവുന്ന പരിധി) സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നിസ്വാബ് തന്നെയാണ്. സ്വര്‍ണത്തിന് 20 ദീനാര്‍ ആണ് നിസ്വാബ്. വെള്ളിക്ക് 200 ദിര്‍ഹമും. അന്നിവ രണ്ടിനും ഒരേ മൂല്യമായിരുന്നു. 100 പൈസ=1 രൂപ എന്നപോലെ, 10 ദിര്‍ഹം=1 ദീനാര്‍. ഇന്ന് രണ്ടും തമ്മില്‍ വളരെക്കൂടുതല്‍ വ്യത്യാസമുള്ളതിനാല്‍ ഇന്നു സ്വര്‍ണം മാനദണ്ഡമാക്കണമെന്നാണ് ആധുനിക പണ്ഡിതന്മാരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. സ്വര്‍ണം 20 ദീനാറിന്റെ ഇന്നത്തെ തൂക്കം 85 ഗ്രാം. 85 ഗ്രാം സ്വര്‍ണത്തിന് അപ്പപ്പോള്‍ മാര്‍ക്കറ്റില്‍ എന്തുവിലയുണ്ടോ (ഇന്നത് ഏകദേശം 2,00,000 രൂപ) ആ വിലയ്ക്കുള്ള പണമോ സ്വര്‍ണമോ വെള്ളിയോ മുത്തോ രത്‌നമോ ആഭരണങ്ങളോ ഉണ്ടായാല്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ആഭരണങ്ങള്‍ക്ക് സകാത്തില്ലെന്നു ചിലര്‍ക്കഭിപ്രായമുണ്ടെങ്കിലും അതിന് യുക്തിയുടെയോ പ്രമാണങ്ങളുടെയോ പിന്‍ബലമില്ല. സ്വര്‍ണവും വെള്ളിയും ആഭരണങ്ങളാക്കിയാല്‍ അവ സ്വര്‍ണവും വെള്ളിയുമല്ലാതാവുന്നില്ലെങ്കില്‍ ഖുര്‍ആന്റെ നേര്‍ക്കുനേരെയുള്ള ശാസനയനുസരിച്ചു അവയ്ക്കു സകാത്ത് ബാധകമാവുകയും ചെയ്യും. ആഭരണങ്ങള്‍ വായ്പകൊടുത്താല്‍ അത് അതിന്റെ സകാത്തായി കണക്കാക്കാമെന്ന് അഹ്മദു ബ്‌നു ഹമ്പലിനെപ്പോലുള്ള ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിനു പക്ഷെ തെളിവൊന്നും അവര്‍ അവതരിപ്പിക്കുന്നില്ല. വായ്പ കൊടുക്കുന്നില്ലെങ്കില്‍ സകാത്തു കൊടുക്കണമെന്നു തന്നെയാണ് അവരുടെ പക്ഷം.
കച്ചവടം: കച്ചവടത്തെ നാണയങ്ങളുടെ ഗണത്തിലാണ് ചേര്‍ക്കേണ്ടത്. കച്ചവടത്തിന്റെ സകാത്തിനെ സൂചിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ''സത്യവിശ്വാസികളേ, നിങ്ങളുടെ ഉത്തമ സമ്പാദ്യങ്ങളില്‍ നിന്നും, ഭൂമിയില്‍ നിന്നു നിങ്ങള്‍ക്കു നാം ഉല്‍പാദിപ്പിച്ചു തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക'' (അല്‍ബഖറ 267). കച്ചവടം തുടങ്ങുമ്പോള്‍ മുതലിറക്കുന്ന സംഖ്യ സകാത്തിന്റെ പരിമാണം (നിസ്വാബ്) ഉണ്ടെങ്കില്‍ അതിന്റെ സകാത്ത് രണ്ടര ശതമാനം ഉടനെ കൊടുക്കേണ്ടതാണ്. പിന്നീട് ഒരു കൊല്ലം കഴിഞ്ഞ ശേഷം കണക്കു നോക്കണം. മുതലും ലാഭവും കൂട്ടി (ചെലവ് കഴിച്ച ശേഷം) 85 ഗ്രാം സ്വര്‍ണത്തിന്റെ വിലയെത്തുന്നുണ്ടെങ്കില്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് കൊടുക്കണം. വിറ്റുപോകാത്ത ചരക്കുകളോ വില്‍പനക്കല്ലാതെ കാഴ്ചക്കു വെച്ചിരിക്കുന്ന വസ്തുക്കളോ ഉപകരണങ്ങളോ കൂട്ടേണ്ടതില്ല. ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കണം.
ശമ്പളം, കൂലി, ഗ്രാറ്റിവിറ്റി: ശമ്പളക്കാരന്‍ മാസാന്തം തന്റെ കുടുംബത്തിന്റെ ചെലവ് കഴിച്ചുള്ള സംഖ്യ സംഭരിച്ചു വെക്കുമ്പോള്‍ അത് എന്നാണോ 85 ഗ്രാം സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലക്കുള്ളത്രയാവുന്നത് അന്ന് അതിന്റെ സകാത്ത് കൊടുക്കണം. ഒരിക്കല്‍ സകാത്ത് കൊടുത്ത ധനത്തിന് പിന്നെ ഒരു കൊല്ലം കഴിഞ്ഞേ സകാത്ത് ബാധകമാവുകയുള്ളൂ. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ഉന്നത കലാകാരന്‍മാര്‍ തുടങ്ങി, ചെയ്യുന്ന ജോലിക്ക് ഉടനെത്തന്നെ ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നര്‍ തങ്ങളുടെ പ്രതിഫലം തന്റെയും കുടുംബത്തിന്റെയും മിതമായ ചെലവ് കഴിച്ച് എപ്പോഴാണോ 85 ഗ്രാം സ്വര്‍ണത്തിന്റെ വിലക്കുള്ളത്രയാകുന്നത് അപ്പോള്‍ ഇതിന്റെ രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ഗ്രാറ്റിവിറ്റിയായിട്ടോ അനന്തരമായിട്ടോ അവിചാരിതമായി കൈയില്‍ വന്നുചേരുന്ന സമ്പത്ത് മുകളില്‍ പറഞ്ഞ നിസ്വാബുണ്ടെങ്കില്‍ അതിന്റെ രണ്ടര ശതമാനം ഉടനെ സകാത്ത് കൊടുക്കണം. നിസ്വാബ് സംഖ്യ ഒരു കൊല്ലത്തിനു ശേഷം വീണ്ടും കൈയിലുണ്ടെങ്കില്‍ വീണ്ടും രണ്ടര ശതമാനം സകാത്ത് കൊടുക്കണം; ഇങ്ങനെ എല്ലാ വര്‍ഷവും.
2. കാര്‍ഷിക വിളകള്‍: അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങളുടെ ഉത്തമ സമ്പാദ്യങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നു നിങ്ങള്‍ക്കു നാം ഉല്‍പാദിപ്പിച്ചു തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക'' (അല്‍ബഖറ 267).
'ഭൂമിയില്‍ നിന്നു നാം നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തന്നത്' എന്നു പറയുമ്പോള്‍ അത് കാര്‍ഷിക വിളകളില്‍ ഏതെങ്കിലും ചിലതിനെ മാത്രം ഉദ്ദേശിച്ചാണെന്ന് പറയാന്‍ നിര്‍വാഹമില്ല. ഖുര്‍ആനിലെ മറ്റിടങ്ങളില്‍ നിന്ന് മനസ്സിലാവുന്നതും അതു തന്നെ. അല്ലാഹു പറയുന്നു: ''അവനാണ് പടര്‍ത്തുന്നതും പടര്‍ത്താത്തതുമായ (മുന്തിരി, കുരുമുളക്, വെള്ളരി, കുമ്പളം, പടവലം, ഏലം, ചേന, ചേമ്പ്, കോളിഫ്‌ളവര്‍ തുടങ്ങിയ) തോട്ടങ്ങളും, ഈത്തപ്പനയും വ്യത്യസ്ത ധാന്യങ്ങളുള്ള (നെല്ലു, ഗോതമ്പ്, യവം, ചോളം, മുത്താറി, എള്ള് തുടങ്ങിയ) കൃഷിയും, പരസ്പര സദൃശവും സദൃശമല്ലാത്തതുമായ ഒലിവും (തേങ്ങ, സൂര്യകാന്തി തുടങ്ങിയ എണ്ണക്കുരു) ഉറുമാനും (വാഴ, ചക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍) ഉണ്ടാക്കിത്തന്നത്. അവയുടെ ഫലങ്ങള്‍ പാകമായാല്‍ നിങ്ങള്‍ തിന്നുകൊള്ളുക. അവ പറിച്ചെടുക്കുമ്പോള്‍ അതിന്റെ അവകാശം നല്‍കുക.'' എണ്ണക്കുരുവും അതു പോലെയുള്ള ഏതെല്ലാം കാര്‍ഷിക വിളകളുണ്ടോ അവയെല്ലാം ഈ ആയത്ത് ഉള്‍ക്കൊള്ളുന്നു.
ഗോതമ്പ്, യവം, കാരക്ക, മുന്തിരി എന്നീ നാലു വിളകള്‍ക്ക് മാത്രമേ സകാത്ത് ബാധകമാവുകയുള്ളൂവെന്ന് തോന്നിക്കുന്ന ചില ഹദീസുകള്‍ വന്നിട്ടുണ്ട്. അക്കാലത്ത് വ്യാപകമായ തോതില്‍ ഉല്‍പാദിപ്പിച്ചിരുന്ന കാര്‍ഷിക വിളകള്‍ അവ മാത്രമായിരുന്നുവെന്നേ ഇതില്‍ നിന്നു മനസ്സിലാക്കേണ്ടതുള്ളൂ. അതുകൊണ്ടായിരിക്കണം പൂര്‍വിക മദ്ഹബുകളുടെ നാലു ഇമാമുമാരും ഈ പരിമിതി സ്വീകരിച്ചിട്ടില്ല. മറിച്ചു നബി (സ) സകാത്തു വാങ്ങിയ വസ്തുക്കളുടെ പൊതുസ്വഭാവം കണ്ടെത്താന്‍ ശ്രമിക്കുകയാണ് അവര്‍ ചെയ്തത്. അതുകൊണ്ടാണ് ''ഉണക്കി സൂക്ഷിക്കാന്‍ പറ്റുന്ന ഭക്ഷണ സാധനങ്ങള്‍'' എന്ന് ഇമാം ശാഫിയും ''ഉണക്കി സൂക്ഷിക്കാനും അളക്കാനും കഴിയുന്ന വിളകള്‍'' എന്ന് അഹ്മദ് ബ്‌നു ഹമ്പലും സകാത്തു നിര്‍ബന്ധമാകുന്ന കാര്‍ഷിക വിളകള്‍ക്കു നിബന്ധന വെച്ചത്. ഇമാം അബൂഹനീഫ പക്ഷെ ഖുര്‍ആനെയാണ് കണ്ണാടിയാക്കിയത്. അതിനാല്‍ ഇങ്ങനെയുള്ള പിരമിതികളൊന്നും അദ്ദേഹം അംഗീകരിച്ചില്ല. മുകളിലുദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങളുടെയും അതുപോലുള്ള ചില ഹദീസുകളുടെയും അടിസ്ഥാനത്തില്‍ എല്ലാ കാര്‍ഷിക വിളകള്‍ക്കും സകാത്ത് വേണമെന്ന് അദ്ദേഹം സമര്‍ഥിച്ചു. യുക്തിക്കും പ്രമാണങ്ങള്‍ക്കും നിരക്കുന്നതും കാല-ദേശഭേദമന്യേ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായതും ഈ അഭിപ്രായമാണെന്ന കാര്യത്തില്‍ സംശയമില്ല.
കാര്‍ഷിക വിളകളുടെ നിസാബ്: 'അഞ്ചു വസ്ഖില്‍ താഴെയുള്ളതിന് സകാത്തില്ല' എന്ന് നബി(സ) പറഞ്ഞിരിക്കുന്നു. ഇന്നത്തെ കണക്കനുസരിച്ച് ഇത് 653 കിലോഗ്രാം വരും. തൊലിയുള്ളതാണെങ്കില്‍ ഏകദേശം അതിന്റെ ഇരട്ടി. ധാന്യങ്ങളല്ലാത്ത കാര്‍ഷിക വിളകളെ ഇതുവെച്ചു കണക്കാക്കാം. തേനിന്റെ സകാത്ത് കണക്കാക്കിയപ്പോള്‍ ഉമര്‍ ബ്‌നുല്‍ ഖത്താബ്(റ) ചെയ്തത് പോലെ ഒരു സ്ഥലത്തെ പ്രധാന ഭക്ഷ്യ ധാന്യം 653 കിലോഗ്രാമിന് മാര്‍ക്കറ്റില്‍ എന്ത് വിലയുണ്ടോ ആ വിലക്കുള്ള എല്ലാ കാര്‍ഷികോല്‍പന്നങ്ങള്‍ക്കും ചെലവ് കഴിച്ചു പത്തു ശതമാനം സകാത്ത് ബാധകമാവും. ഇവയെ ഭക്ഷ്യ വിളകളെന്നും നാണ്യ വിളകളെന്നും വേര്‍തിരിക്കുന്നതില്‍ അര്‍ഥമൊന്നുമില്ല. എല്ലാം കാര്‍ഷിക വിളകള്‍ തന്നെ. എല്ലാറ്റിലും മൂലധനം സകാത്ത് നല്‍കാതെ മാറ്റി നിര്‍ത്തപ്പെടുന്നു. വരുമാനത്തിനു മാത്രമാണിവിടെ സകാത്ത്. എന്നാല്‍ വര്‍ധമാനമായ തോതില്‍ സ്വന്തം അധ്വാനം ചെലവഴിച്ചു കൃഷി ചെയ്തതാണെങ്കില്‍ 5 ശതമാനം സകാത്ത് നല്‍കിയാല്‍ മതി. 'തേവി നനച്ചുണ്ടാക്കിയതില്‍ 5 ശതമാനം' എന്നു നബി(സ) പറഞ്ഞതിനെ കാലികമായി അകക്കണ്ണ് കൊണ്ട് വീക്ഷിക്കുമ്പോള്‍ അതിന്റെ താല്‍പര്യമിതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
സാധാരണ വിളവുകള്‍ക്ക് കൊയ്യുന്ന സന്ദര്‍ഭത്തിലാണ് സകാത്ത് കൊടുക്കേണ്ടത്. പല വിളകളും വര്‍ഷത്തില്‍ ഒരു തവണ മാത്രം ഉണ്ടാവുന്നതാണ്. കൂടുതല്‍ ഉണ്ടാവുന്ന വിളകളുമുണ്ട്. അത്തരം വിളകള്‍ ഒരു വര്‍ഷം ഒന്നിലധികം തവണ ഉണ്ടാക്കുന്നുവെങ്കില്‍ എല്ലാ വിളയും ഒന്നായി ഗണിച്ച് സകാത്ത് കണക്കാക്കണം; നെല്ല് ഉദാഹരണം. ചില വിളവുകള്‍ക്ക് പ്രത്യേക കാലമുണ്ടെങ്കില്‍ ആ കാലത്തെ വിളവുകളെല്ലാം ഒന്നായി ഗണിക്കണം. കശുവണ്ടി, മാങ്ങ എന്നിവ ഉദാഹരണം. നാളികേരം, റബര്‍, ചായ പോലെ പ്രത്യേക കാലമില്ലാത്ത വിഭവങ്ങള്‍ വര്‍ഷത്തില്‍ ചെലവു കഴിച്ച് മൊത്തം ഉല്‍പാദിപ്പിച്ചവ നിസ്വാബെത്തുമെങ്കില്‍ അവയ്ക്ക് കൊല്ലത്തില്‍ സകാത്ത് കൊടുക്കണം. മറ്റിനങ്ങളിലുള്ള എല്ലാ കാര്‍ഷിക വിഭവങ്ങളുടെയും (ചേന, ചേമ്പ്, വാഴ, വിവിധ ഇനങ്ങളിലുള്ള പച്ചക്കറികള്‍ എന്നിവ ഉദാഹരണം) വാര്‍ഷിക വരുമാനം ഒരുമിച്ചു ചേര്‍ക്കുകയും മൊത്തത്തില്‍ നിസ്വാബെത്തുകയുമാണെങ്കില്‍ സകാത്ത് കൊടുക്കുക തന്നെ വേണം. ഓരോ വിളവും പ്രത്യേകം പ്രത്യേകം പരിഗണിക്കേണ്ടതില്ല.
വ്യവസായങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ
വ്യവസായങ്ങളും വാടകക്കെട്ടിടങ്ങളും പണ്ടില്ല. അതിനാല്‍ അവയുടെ വിധി ഇജ്തിഹാദിലൂടെ കണ്ടെത്തണം. കാര്‍ഷിക വിളകളോടാണ് അവയ്ക്ക് സാമ്യം. വിളവെടുക്കുന്ന ഭൂമിക്കോ മരങ്ങള്‍ക്കോ ഉല്‍പാദനോപകരണമെന്ന നിലയില്‍ അവിടെ സകാത്തില്ല. ഉല്‍പന്നങ്ങള്‍ക്കാണ് (വരുമാനം) സകാത്ത്. ഇതുപോലെ വ്യവസായങ്ങളില്‍ വളരെ വിലപിടിപ്പുള്ള മെഷിനറിയും കെട്ടിടവും സ്ഥലവുമൊക്കെ ഉല്‍പാദനോപകരണമെന്ന നിലയില്‍ മാറ്റി നിര്‍ത്താം. പിന്നീട് കാര്‍ഷിക വിളകളെപ്പോലെ വരുമാനത്തിനു മാത്രം സകാത്ത് കണക്കാക്കണം. അതിനാല്‍ അവക്കു ചിലവ് കഴിച്ചു വരുമാനത്തിന്റെ 10 ശതമാനം സകാത്തു കൊടുക്കണമെന്നു പറയുന്നതാണ് പ്രമാണങ്ങളോടും നീതിയോടും കൂടുതല്‍ അടുത്തത്. വാടകക്കെട്ടിടങ്ങളും ഇങ്ങനെത്തന്നെ. വര്‍ഷാന്തം ലഭിക്കുന്ന വരുമാനം മെയിന്റനന്‍സും മറ്റു ചെലവുകളും കഴിച്ചു 653 കിലോഗ്രാം മധ്യതരത്തിലുള്ള അരിയുടെ വിലയ്ക്ക് ഉണ്ടെങ്കില്‍ 10 ശതമാനം സകാത്ത് കൊടുക്കണം. ഇപ്പോള്‍ ചില വലിയ മാളുകള്‍ അവരുടെ മൊത്തം സ്ഥലം വീതിച്ച് ഖണ്ഡങ്ങളാക്കി മറ്റുള്ളവര്‍ക്ക് വില്‍ക്കാറുണ്ട്. ഈ സ്ഥലങ്ങളില്‍ വലിയ വലിയ കമ്പനികള്‍ അവരുടെ കടകള്‍ സ്ഥാപിച്ചു കച്ചവടം ചെയ്യുന്നു. വലിയ സംഖ്യ മുടക്കി ഇത്തരം സ്ഥലങ്ങള്‍ വാങ്ങിയവര്‍ക്ക് മാസാന്തം നല്ല വാടക ലഭിക്കും. അവരും സ്ഥലത്തിനു മുടക്കിയ, നേരത്തെ സകാത്ത് കൊടുത്ത സംഖ്യക്കു വീണ്ടും സകാത്തു കൊടുക്കേണ്ടതില്ല. എന്നാല്‍ മാസാന്തം ലഭിക്കുന്ന വാടകക്ക് വര്‍ഷത്തില്‍ പത്തു ശതമാനം സകാത്ത് കൊടുക്കേണ്ടി വരും.
3. കാലികള്‍: കാലി വളര്‍ത്തല്‍ പഴയ രീതിയില്‍ വ്യാപകമായ തോതില്‍ ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലില്ല. എന്നാല്‍ ക്ഷീരോല്‍പന്നങ്ങള്‍ക്കായി വ്യാവസായികാടിസ്ഥാനത്തില്‍ കാലികളെ വളര്‍ത്താറുണ്ട്. ഇതിനെ വ്യവസായങ്ങളോടാണ് തുലനം ചെയ്യേണ്ടത്. അങ്ങനെയാവുമ്പോള്‍ ക്ഷീരമോ, അവയെ മറ്റുല്‍പന്നങ്ങളാക്കി മാറ്റുന്നുവെങ്കില്‍ അവയോ 653 കിലോഗ്രാം അരിയുടെ വിലയ്ക്കുണ്ടെങ്കില്‍ അതിന്റെ 10 ശതമാനം സകാത്ത് കൊടുക്കണം. അപ്പോള്‍ കാലികള്‍ക്ക് വേറെ സകാത്ത് ബാധകമാവുകയില്ല.
4. ഖനിജങ്ങള്‍: സ്വര്‍ണം, പെട്രോള്‍ തുടങ്ങി പല ഖനിജങ്ങളും ഇന്ന് ഗവണ്‍മെന്റ് അധീനത്തിലാണ്. ഗവണ്‍മെന്റ് തന്നെ ജനങ്ങളുടേതാകയാല്‍ അവയ്ക്ക് സകാത്തില്ല. എന്നാല്‍ അമൂല്യ രത്‌നങ്ങള്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങിയ പലവിധ വിലപിടിപ്പുള്ള കല്ലുകളും, അത്രയൊന്നും വിലപിടിപ്പില്ലാത്ത ക്വാറികളിലെ കല്ലുകളും ഖനിജങ്ങള്‍ തന്നെയാണ്. അതേപോലെ മല്‍സ്യങ്ങളോ അമ്പര്‍ പോലുള്ള സുഗന്ധ ദ്രവ്യങ്ങളോ മുത്തോ പവിഴമോ ഏതാവട്ടെ, വലിയ അധ്വാനവും ചെലവുമില്ലാതെ സമുദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വസ്തുക്കളെയും ഖനിജങ്ങളോടാണ് സാദൃശ്യപ്പെടുത്തേണ്ടത്. ഖനിജങ്ങള്‍ക്ക് ചെലവ് കഴിച്ചു 20 ശതമാനമാണ് സകാത്ത്. നിസ്വാബ് നാണയങ്ങളുടേത് തന്നെ. അതിനാല്‍ ഇത്തരത്തിലുള്ള ആധുനിക ഖനിജങ്ങള്‍ക്കും സമുദ്രോല്‍പന്നങ്ങള്‍ക്കും 20 ശതമാനം സകാത്ത് കൊടുക്കണമെന്ന് പറയുന്നതാണ് നീതി. എന്നാല്‍ മല്‍സ്യക്കൃഷിക്ക് മറ്റു കൃഷികളോട് തന്നെയാണ് സാമ്യം. അതിനാല്‍ അവയ്ക്കു ചെലവു കഴിച്ചു പത്തു ശതമാനമായിരിക്കും സകാത്ത്.
സംഭരണം: നബി(സ)യുടെ കാലത്തും ഖുലഫാഉര്‍റാശിദുകളുടെ കാലത്തും ഉദ്യോഗസ്ഥന്‍മാര്‍ പ്രത്യക്ഷ ധനമായ കാര്‍ഷിക വിളകളുടെ സകാത്ത് മാത്രമാണ് നിര്‍ബന്ധപൂര്‍വം ശേഖരിച്ചിരുന്നത്. സ്വര്‍ണം, വെള്ളി, നാണയങ്ങള്‍, കച്ചവടം തുടങ്ങിയ പരോക്ഷ ധനത്തിന്റെ സകാത്ത് വ്യക്തികള്‍ സ്വമേധയാ ബൈത്തുല്‍മാലില്‍ അടക്കുകയായിരുന്നു പതിവ്. അപൂര്‍വം ചിലപ്പോള്‍ സ്വന്തം നിലയില്‍ അവകാശികള്‍ക്ക് നല്‍കാനും വ്യക്തികള്‍ക്കനുവാദം നല്‍കിയിരുന്നവെന്ന് കാണാം. പരോക്ഷമായ ഈ ധനം കണക്കാക്കുവാന്‍ അന്നുണ്ടായിരുന്ന പ്രയാസമായിരിക്കാം ഒരു വേള ഇതിനു കാരണം. ഇന്നു പക്ഷെ അങ്ങനെത്തന്നെ വേണമെന്നില്ല. മഹല്ലുകള്‍ കേന്ദ്രീകരിച്ചു എല്ലാ ധനങ്ങളുടെയും സകാത്ത് അതത് പ്രദേശത്തെ സകാത്ത് കമ്മിറ്റികള്‍ക്ക് നല്‍കുകയും, മഹല്ലുകള്‍ അവയുടെ കീഴിലുള്ള മുഴുവന്‍ കുടുംബാംഗങ്ങളുടെയും പൂര്‍ണമായ കണക്കെടുത്ത്, ഫണ്ടിന്റെ അവസ്ഥയും ആവശ്യവും പരിഗണിച്ച് അര്‍ഹരായവര്‍ക്ക് അത് യഥായോഗ്യം വിതരണം ചെയ്യുകയുമാണെങ്കില്‍ പല മുസ്‌ലിം പ്രദേശങ്ങളുടെയും മുഖഛായ തന്നെ മാറുമെന്ന കാര്യത്തില്‍ സംശയമില്ല. അതു മുഖേന രണ്ടു പ്രധാന കാര്യങ്ങള്‍ സാധിക്കാം. ഒന്ന്, ഇന്നു കാണപ്പെടുന്ന, സ്ത്രീകളുടെയും കുട്ടികളുടെയും തെറ്റായ യാചനാ സംസ്‌കാരം അവസാനിപ്പിക്കുകയും ആരുടെയും അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ പാവങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുകയും ചെയ്യും. രണ്ടാമതായി, പല പ്രദേശങ്ങളിലും ദാരിദ്ര്യ നിര്‍മാര്‍ജനം ഇതു മുഖേന വളരെ ഫലപ്രദമായി സാധിതമാവും.
സകാത്ത് വിതരണം
സകാത്ത് കൊടുക്കുന്നത് ഖുര്‍ആന്‍ പറഞ്ഞ 8 വിഭാഗങ്ങളില്‍ ചിലര്‍ക്കോ എല്ലാവര്‍ക്കും കൂടിയോ ആയിരിക്കണം. പ്രസ്തുത 8 വിഭാഗങ്ങള്‍ സൂറഃ അത്തൗബയില്‍ ഇങ്ങനെ വായിക്കാം. ''ദരിദ്രര്‍ക്കും അശരണര്‍ക്കും സകാത്ത് സംഭരണ വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ദീനുമായി ഹൃദയമിണക്കപ്പെട്ടവര്‍ക്കും അടിമത്വ മോചനത്തിനും കടം കൊണ്ട് വിഷമിച്ചവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും തെരുവിന്റെ സന്തതിക്കുമുള്ളതാണ് ദാന ധര്‍മങ്ങള്‍. അല്ലാഹുവില്‍ നിന്നുള്ള ഒരു നിര്‍ബന്ധ ബാധ്യതയത്രേ ഇത്. എല്ലാം അറിയുന്നവനും യുക്തിമാനുമാണല്ലാഹു.'' (അത്തൗബ: 60)
ഫുഖറാഅ്, മസാകീന്‍: ഇതില്‍ ഫഖീറാണോ മിസ്‌കീനാണോ കൂടുതല്‍ അവശനെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ഫഖീര്‍ ഒന്നുമില്ലാത്തവനും മിസ്‌കീന്‍ ആവശ്യത്തിനു വരുമാനം തികയാത്തവനുമാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മറ്റൊരു വിഭാഗം തിരിച്ചും പറയുന്നു. ഏതായാലും വരുമാനം കൊണ്ട് തന്റെയും കുടുംബത്തിന്റെയും അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരാണ് രണ്ടും. ഫഖീര്‍ എന്നാല്‍ മുസ്‌ലിം ദരിദ്രനെന്നും മിസ്‌കീന്‍ എന്നാല്‍ അമുസ്‌ലിം ദരിദ്രനെന്നും അര്‍ഥം പറഞ്ഞിരിക്കുന്നു ഇബ്‌നു അബ്ബാസിന്റെ പരിചാരകനായ ഇക്‌രിമ(റ).
ഇവര്‍ക്ക് എത്രയാണ് കൊടുക്കേണ്ടത്? ഇത്രയേ കൊടുക്കാന്‍ പാടുള്ളുവെന്ന് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നില്ല. സാഹചര്യങ്ങളും സകാത്ത് വിഭവങ്ങളുടെ ലഭ്യതയുമാണ് അത് നിര്‍ണയിക്കേണ്ടത്. സാധ്യമാണെങ്കില്‍ ആ ധനം കൊണ്ടു ഒരു ദരിദ്ര കുടുംബത്തെ എന്നന്നേക്കുമായി ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യാം. കുറെ ദരിദ്രര്‍ക്ക് താല്‍ക്കാലികമായി ആശ്വാസം നല്‍കുന്ന രീതിയുമാകാം. വീടില്ലാത്തവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കാം. ഒരു വര്‍ഷത്തെ സകാത്തു കൊണ്ട് ഏതാനും വ്യക്തികള്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് ശാശ്വത മോചനം ഉണ്ടാവുന്ന വിധത്തില്‍ വല്ല കച്ചവടമോ മറ്റോ തുടങ്ങാന്‍ പണം കൊടുത്ത് സഹായിക്കാം. വല്ല ഫാക്ടറിയോ മറ്റോ ആരംഭിച്ച് അവര്‍ക്ക് തൊഴില്‍ നല്‍കി കുറെയധികം ദരിദ്രരെ കരകയറ്റാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യാം. അതത് പ്രദേശങ്ങളിലെ കാര്യ നിര്‍വാഹകന്‍മാര്‍ കൂട്ടായി ആലോചിച്ച് പദ്ധതികള്‍ തയാറാക്കി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
സകാത്തിന്റെ ജോലിക്കാര്‍: ഇവര്‍ ധനികരാണെങ്കിലും ചെയ്യുന്ന ജോലിയുടെ വേതനമെന്ന നിലയില്‍ അവര്‍ക്കതില്‍ നിന്ന് ശമ്പളം കൊടുക്കാം. സകാത്ത് വിപുലമായ ഒരു സാമൂഹിക സുരക്ഷിതത്വ പദ്ധതിയാവുമ്പോള്‍ അതിന് ധാരാളം ഉദ്യോഗസ്ഥര്‍ വേണ്ടി വരും. ഒരു ഗവണ്‍മെന്റാണ് അത് നടത്തേണ്ടതെങ്കിലും അത്തരം ഗവണ്‍മെന്റുകള്‍ ഇല്ലാത്ത പരിതസ്ഥിതിയില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് മുസ്‌ലിംകള്‍ അത് നടത്തുവാന്‍ നിര്‍ബന്ധരാണ്. അതിനാല്‍ സാധ്യമാകുന്ന, വിശ്വസ്തരായ എല്ലാ വിഭാഗങ്ങളെയും അതിനോട് സഹകരിപ്പിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനു എവിടെയും നിയമ തടസ്സം കാണുന്നുമില്ല.
ഹൃദയമിണക്കപ്പെട്ടവര്‍: ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു മേഖലായാണിത്. ചില പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍ പുതു മുസ്‌ലിംകളാണിതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇസ്‌ലാമിനോട് മാനസികമായി അടുത്ത അമുസ്‌ലിംകളാണെന്ന ഒരു പക്ഷവും പണ്ടു മുതലേ ഉണ്ട്. എന്നാല്‍ പണം കൊടുത്ത് ഇസ്‌ലാമിലേക്ക് ആളെക്കൂട്ടാനുള്ള ഒരു ചൂഷണ മാര്‍ഗമാണിതെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നു. മറ്റു ചില മതക്കാര്‍ ചെയ്യുന്ന പോലെ രക്ഷകന്‍മാരുടെ വേഷത്തില്‍ മാര്‍ഗം കൂട്ടാനുള്ള ഒരേര്‍പ്പാടല്ല ഇത്. മറിച്ചു സ്വമേധയാ പഠിച്ചും മനസ്സിലാക്കിയും ഒരുത്തന്‍ മുസ്‌ലിമാവാന്‍ ആഗ്രഹിക്കുന്നുവെന്ന് വെക്കുക. പക്ഷേ മുസ്‌ലിമായാല്‍ അവന്‍ തന്റെ കുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും ബഹിഷ്‌കൃതനാവാന്‍ സാധ്യതയുണ്ട്. എങ്കില്‍ അത്തരക്കാരെ സഹായിക്കേണ്ടത് മുസ്‌ലിമിന്റെ ബാധ്യതയാണ്. ആ ബാധ്യത നിര്‍വഹിക്കാന്‍ സകാത്തിന്റെ വിഹിതം ഉപയോഗിക്കാമെന്നാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. സാമ്പത്തിക പ്രയാസങ്ങളാണ് നേര്‍മാര്‍ഗം സ്വീകരിക്കാന്‍ ഒരാള്‍ക്ക് തടസ്സമെങ്കില്‍ ആ തടസ്സം നീക്കിക്കൊടുക്കുന്നത് മാനുഷിക ധര്‍മമാണ്. ഇത്തരത്തിലുള്ള ഒരു മാനുഷിക പരിഗണനയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അതിനാല്‍ ഈ വിഹിതം പ്രവാചകന്റെ വിയോഗത്തോടെ അവസാനിച്ചുവെന്ന് പറയുന്നത് ശരിയല്ല. ഉമര്‍ ബ്‌നുല്‍ ഖത്താബ് (റ) അതവസാനിപ്പിച്ചുവെന്ന് പറയുന്നതും ചില പ്രമാണങ്ങളുടെ തെറ്റായ വായനയാണ്.
അടിമത്ത മോചനം
നിയമപരമായ അടിമകള്‍ ഇന്നില്ല. പക്ഷേ ഭൂപ്രഭുക്കളുടെ അടിമകളായി ജീവിതകാലമത്രയും അവര്‍ക്ക് ജോലിചെയ്തു മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരും, സ്വാതന്ത്ര്യം നിഷേധിക്കുപ്പെട്ടവരും, അടിമകളാക്കപ്പെട്ടവരുമായ ജനതകളും നാടുകളും, വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ സ്വന്തം നാട്ടില്‍ നിന്ന് അടിച്ചോടിക്കപ്പെട്ടവരും ഇന്നുമുണ്ട്. ഏകാധിപതികളും കൊളോണിയല്‍ ശക്തികളും ഫലത്തില്‍ അടിമകളാക്കി വെച്ച ജനവിഭാഗങ്ങള്‍ വേറെയും. അവര്‍ ഏത് വിശ്വാസക്കാരായാലും ഇവര്‍ നടത്തുന്ന സ്വാതന്ത്ര്യ സമരങ്ങള്‍ അടിമത്വ മോചനത്തിനു തന്നെയാണ്. ഫലസ്ത്വീനും ചെച്‌നിയയും അതുപോലെ മറ്റനേകം ജനതതികളും നടത്തുന്ന സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഇത് മുഖേന സാധിക്കും.
കടബാധ്യതയുള്ളവര്‍: ഇന്നേറ്റവും പ്രാധാന്യമുള്ള ഒരു വിഭാഗമാണിത്. സ്വന്തമാവശ്യത്തിനു വേണ്ടി കടം വന്നവരും സമൂഹത്തിനു വേണ്ടി കടം വന്നവരുമുണ്ടാകാം. അടിസ്ഥാനാവശ്യങ്ങള്‍ക്ക് കടം വന്നവരാണ് ആദ്യത്തേത്.നിഷിദ്ധങ്ങള്‍ക്ക് വേണ്ടിയോ ധൂര്‍ത്ത് കാരണമായോ വന്ന കടങ്ങള്‍ ഇതില്‍ പെടുകയില്ല. സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്ക് വേണ്ടി വന്ന കടമാണ് രണ്ടാമത്തേത്. ഒരു നാട്ടില്‍ ഒരു മദ്‌റസയോ പള്ളിയോ, ആശുപത്രിയോ, റോഡോ അനിവാര്യമാണെന്നു വരാം. അതിനു വേണ്ടി പ്രവര്‍ത്തകര്‍ക്ക് കടം വാങ്ങേണ്ടി വന്നാല്‍ ഈ കടങ്ങള്‍ വീട്ടുന്നതിന് വേണ്ടി സകാത്ത് പണം ചെലവഴിക്കാം.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍: ഇന്നിപ്പോള്‍ ഇസ്‌ലാമിക പ്രബോധനം ചെലവേറിയ കാര്യമാണ്. ഇസ്‌ലാമിനെതിരില്‍ ശത്രുക്കളുടെ പ്രചാരണത്തെ നേരിടുക, മറുപടി പറയുക, ഈ വിഷയത്തില്‍ പുസ്തകങ്ങളും ലേഖനങ്ങളും പത്രമാസികകളും പ്രസിദ്ധീകരിക്കുക, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയവയൊക്കെ ഇന്ന് ഇസ്‌ലാമിക മാര്‍ഗത്തിലെ സുപ്രധാനമായ പ്രവര്‍ത്തനങ്ങളാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അതിന് സകാത്തിന്റെ പണം ഉപയോഗിക്കാം.
വഴിയാത്രക്കാരന്‍: 'തെരുവിന്റെ സന്തതി' എന്നാണ് ഖുര്‍ആന്റെ പ്രയോഗം. ആ പ്രയോഗത്തിനു പ്രത്യേകം അര്‍ഥമുണ്ട്. നാടും വീടും വിട്ടു അന്യനാട്ടിലായിരിക്കെ ഉപജീവനത്തിനു മാര്‍ഗമില്ലാതെ പ്രയാസപ്പെടുന്നവര്‍, സ്വന്തം നാട്ടില്‍ നിന്നു അടിച്ചോടിക്കപ്പെട്ടവര്‍, വിശ്വാസത്തിന്റെ പേരില്‍ വീടും നാടും ഉപേക്ഷിച്ചു ഓടിപ്പോകേണ്ടി വന്നവര്‍, കലാപങ്ങളില്‍ സമ്പത്തു മുഴുവന്‍ കൊള്ളയടിക്കപ്പെട്ടു വഴിയാധാരമാക്കപ്പെട്ടവര്‍ ഇങ്ങനെ അനേകം ആളുകളുണ്ട് തെരുവിന്റെ സന്താനങ്ങളായി ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവര്‍. അവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള വിഹിതമാണിത്. സകാത്ത് ഒരു സാമൂഹിക സുരക്ഷിതത്വ പദ്ധതിയാണെന്നു പറയുന്നതും ഇതുകൊണ്ടുതന്നെ.
ഈ എട്ടു വിഭാഗങ്ങള്‍ക്കും ഒരേസമയം സകാത്തില്‍ നിന്ന് ഓരോ തവണയും വിഹിതം നല്‍കണമെന്നില്ല. അടിയന്തിര പരിഗണന അര്‍ഹിക്കുന്നവരെ ആദ്യം പരിഗണിക്കുകയാണ് വേണ്ടത്.
സംഘടിത സകാത്തിനെതിരെ
ദുര്‍ബല ന്യായങ്ങള്‍
സകാത്ത് ഇസ്‌ലാമിക ഗവണ്‍മെന്റിനു കൊടുക്കല്‍ അനുവദീയമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇസ്‌ലാമിക ഗവണ്‍മെന്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ സകാത്തു സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി മുസ്‌ലിംകള്‍ മഹല്ലടിസ്ഥാനത്തില്‍ രൂപവല്‍കരിക്കുന്ന കമ്മിറ്റികളും ഗവണ്‍മെന്റ് പോലെത്തന്നെയാണ്. കാരണം ഖുര്‍ആന്റെ വീക്ഷണത്തില്‍ ഇസ്‌ലാമിക ഗവണ്‍മെന്റിന്റെ രണ്ടു പ്രഥമ ബാധ്യതകളാണ് നമസ്‌കാരം നിലനിര്‍ത്തുന്നതിനാവശ്യമായ സംവിധാനമുണ്ടാക്കലും സകാത്തു സംഭരിച്ചു വിതരണം നടത്തലും. ഖുര്‍ആന്‍ പറയുന്നു: ''നാം അവര്‍ക്കു ഭൂമിയില്‍ അധികാരം നല്‍കിയാല്‍ അവര്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയം നന്‍മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യും '' (അല്‍ഹജ്ജ് 41)
ഗവണ്‍മെന്റില്ലെങ്കിലും നമസ്‌കാരം നാം മഹല്ലടിസ്ഥാനത്തില്‍ സംവിധാനിച്ചിട്ടുണ്ട്. അതുപോലെത്തന്നെയാണ് സകാത്തും സംവിധാനിക്കേണ്ടത്. ഗവണ്‍മെന്റിനു പകരമാണ് കമ്മിറ്റി. ഗവണ്‍മെന്റിനാവുമ്പോഴും അത് ഭരണാധികാരിക്കാണ് നല്‍കുന്നത്. എങ്കിലും യഥാര്‍ഥത്തില്‍ നല്‍കുന്നത് ഭരണകൂടം എന്ന സ്ഥാപനത്തിനാണ്. വ്യക്തിയല്ല കമ്മിറ്റി, അതുകൊണ്ട് കമ്മിറ്റിക്ക് നല്‍കിയാല്‍ സാധുവാകില്ല എന്ന് വാദിക്കുന്നതും ഒരു നിലക്കും ശരിയല്ല. കാരണം ഗവണ്‍മെന്റ് പോലെത്തന്നെയാണ് കമ്മിറ്റിയും. ഗവണ്‍മെന്റില്‍ സുല്‍ത്താനോ, പ്രസിഡന്റോ, പ്രധാനമന്ത്രിയോ ഉള്ളതുപോലെ കമ്മിറ്റിക്കുമുണ്ട് ഒരു പ്രസിഡന്റ്. അതിനാല്‍ ദുര്‍ബലമായ ഈ ന്യായം കമ്മറ്റിക്ക് സകാത്ത് നല്‍കുന്നത് നിരാകരിക്കാന്‍ ശക്തമല്ല. കമ്മിറ്റിക്കാര്‍ അത് വിശ്വസ്തതയോടെ കൈകാര്യം ചെയ്തില്ലെങ്കിലോ എന്നാണ് ചിലരുടെ സംശയം. സകാത്ത് കൊടുക്കുന്ന വ്യക്തിയെ സംബന്ധിച്ചേടത്തോളം അതില്‍ അത്ര വലിയ ഉറപ്പൊന്നും ലഭിക്കേണ്ടതില്ലെന്നാണ് നബിയുടെ ചര്യയില്‍ നിന്നു മനസ്സിലാവുന്നത്. അനസി(റ)ല്‍ നിന്നു ഇമാം അഹ്മദ് ഉദ്ധരിക്കുന്നു: ''ഒരാള്‍ വന്നു റസൂലിനോട് ചോദിച്ചു: ഞാന്‍ എന്റെ സകാത്ത് അങ്ങയുടെ ദൂതനെ ഏല്‍പിച്ചാല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും മുമ്പില്‍ ഞാന്‍ കുറ്റ മുക്തനായോ? നബി(സ) പറഞ്ഞു: അതെ. നിനക്കതിന്റെ പ്രതിഫലം കിട്ടി. കുറ്റം അതില്‍ കൃത്രിമം ചെയ്തവര്‍ക്കാണ്.''
ചില സ്വഹാബികളുടെ നടപടികള്‍ ഈ കാര്യം ഒന്നുകൂടി ഊന്നി ഉറപ്പിക്കുന്നു: ഇമാം നവവി അല്‍ മജ്മൂഇല്‍ ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം: ''മുഗീറത്തുബ്‌നു ശുഅ്ബ(റ) ത്വാഇഫില്‍ തന്റെ കൃഷി നോക്കാന്‍ ഏല്‍പിച്ചിരുന്ന ആശ്രിതനോട് ചോദിച്ചു: എന്റെ സമ്പത്തിന്റെ സകാത്ത് നീ എങ്ങനെയാണ് ചെയ്യാറുള്ളത്? അദ്ദേഹം പറഞ്ഞു: അതില്‍ ഒരു ഭാഗം ഞാന്‍ അധികാരിക്ക് നല്‍കും. ഒരു ഭാഗം ഞാന്‍ സ്വന്തമായി നല്‍കുകയും ചെയ്യും. മുഗീറ(റ) ചോദിച്ചു: എന്തിനാണ് നീ അങ്ങനെ ചെയ്യുന്നത്? അദ്ദേഹം പറഞ്ഞു: അവര്‍ അതുകൊണ്ടു ഭൂമി വാങ്ങുകയും പെണ്ണുകെട്ടുകയുമൊക്കെ ചെയ്യുകയാണ്. മുഗീറ (റ) പറഞ്ഞു: അത് അധികാരികള്‍ക്കു തന്നെ നല്‍കുക. കാരണം അല്ലാഹുവിന്റെ റസൂല്‍ അതവര്‍ക്കു കൊടുക്കാനാണ് ഞങ്ങളോട് കല്‍പിച്ചിരിക്കുന്നത്.''
മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെ: ''സഹ്‌ലുബ്‌നു സഅ്ദ് തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: സകാത്ത് ബാധകമാവുന്നത്ര സമ്പത്ത് ഒരിക്കല്‍ എന്റെ കൈയില്‍ ഒരുമിച്ചു കൂടി. ഞാന്‍ അത് തനിച്ചു വിതരണം ചെയ്യുകയോ അതല്ല അധികാരികള്‍ക്കു കൊടുക്കുകയോ ഏതാണ് വേണ്ടതെന്ന് സഅ്ദ്ബ്‌നു അബീവഖാസ്, ഇബ്‌നു ഉമര്‍, അബൂഹുറയ്‌റ, അബൂസഊദില്‍ ഖുദ്‌രി (റ) എന്നിവരോടൊക്കെ ചോദിച്ചു നോക്കി. ഞാന്‍ പറഞ്ഞു: ഈ അധികാരികള്‍ ചെയ്യുന്നത് നിങ്ങള്‍ കാണുന്നുണ്ടല്ലോ. എന്റെ സകാത്ത് ഞാന്‍ അവര്‍ക്കു കൊടുക്കണമോ? കൊടുക്കണമെന്നാണ് അവരെല്ലാവരും നല്‍കിയ മറുപടി.''
അതിനാല്‍ അതി ദുര്‍ബലമായ ന്യായങ്ങള്‍ പറഞ്ഞു ഇന്നിപ്പോള്‍ കേരളത്തിന്റെ നാനാഭാഗങ്ങളിലും ശക്തി പ്രാപിച്ചു വരുന്ന സംഘടിത സകാത്ത് വിതരണ സംരംഭങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നത് മിതമായി പറഞ്ഞാല്‍ മതവിരുദ്ധവും സമുദായ ദ്രോഹവുമാണ്. എന്നാല്‍ താല്‍ക്കാലികമായി നമ്മുടെ നാട്ടില്‍ ഇതു സംബന്ധിച്ചു ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. പല മഹല്ലുകളിലും ഇപ്പോഴും സംഘടിത സകാത്ത് വിതരണം നിലവില്‍ വന്നു കഴിഞ്ഞിട്ടില്ല. സകാത്ത് ദായകനായ ഒരു വ്യക്തിയുടെ ഏറക്കുറെ അടുത്ത ബന്ധുക്കള്‍ സംഘടിത സകാത്തു വിതരണമില്ലാത്ത അടുത്ത മഹല്ലിലാണ് താമസമെന്നു വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അയാള്‍ക്ക് ഒന്നുകില്‍ തന്റെ ബന്ധുക്കളെ വിസ്മരിക്കുകയോ അല്ലെങ്കില്‍ ഭാഗികമായി മാത്രം സംഘടിത സകാത്ത് വിതരണത്തോട് സഹകരിക്കുകയോ ചെയ്യേണ്ടി വരില്ലേ എന്ന് ചോദിക്കാം. ഇത്തരം ചില താല്‍ക്കാലിക സന്ദര്‍ഭങ്ങളില്‍ സകാത്തിന്റെ ഭാഗിക വിതരണം സ്വയം ഏറ്റെടുക്കുന്നതിന് വിരോധമില്ലെന്നാണ് നബി(സ)യുടെ കാലത്തും ഖുലഫാഉര്‍റാശിദുകളുടെ കാലത്തും ഉണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നത്. അതിനാല്‍ ബന്ധുക്കള്‍ക്കു വേണ്ടി ഒരു ഭാഗം മാറ്റിവെച്ചു മറ്റൊരു ഭാഗം കമ്മിറ്റിക്ക് നല്‍കുക മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍വാഹമുള്ളൂ. എന്നാല്‍ ബന്ധുക്കള്‍ക്കു അങ്ങനെ സകാത്തില്‍ നിന്ന് ഒരു ഭാഗം കൊടുക്കേണ്ടതില്ലെന്നു മാത്രമല്ല, കൊടുക്കാന്‍ ശരീഅത്തില്‍ അനുവാദം തന്നെയില്ല എന്ന് ചിലര്‍ വാദിക്കാറുണ്ട്. ഇത് പക്ഷെ ശരിയാണെന്ന് തോന്നുന്നില്ല. കാരണം ബന്ധുക്കള്‍ക്കു സകാത്ത് നല്‍കുമ്പോള്‍ രണ്ടു പ്രതിഫലമുണ്ടെന്ന് നബി(സ) പഠിപ്പിച്ച ഹദീസുകള്‍ പ്രബലമായി വന്നിട്ടുണ്ട്. ഇബ്‌നു മസ്ഊദിന്റെ പത്‌നി സൈനബ് തന്റെ ഭര്‍ത്താവിനും സഹോദരപുത്രിമാരായ അനാഥകള്‍ക്കും സകാത്തു നല്‍കുന്നതിനെ കുറിച്ച് പ്രവാചകനോട് ചോദിക്കുകയും അദ്ദേഹം അതനുവദിക്കുകയും ചെയ്തതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്തത് ഇതിലൊന്നാണ്.
ബന്ധുക്കള്‍ക്കു സകാത്ത് നല്‍കാന്‍ പറ്റുമെങ്കില്‍ അവരെ ഖുര്‍ആന്‍ സകാത്തിന്റെ അവകാശികളായി എണ്ണാതിരുന്നതെന്ത് എന്നാണ് മറ്റൊരു ചോദ്യം. ഇതിന്റെ മറുപടി വ്യക്തമാണ്. അവരെ അവകാശികളായി എണ്ണിയിരുന്നെങ്കില്‍ പണക്കാരായ ബന്ധുക്കള്‍ക്കും സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണെന്ന് പറയേണ്ടി വരും. യഥാര്‍ഥമാവട്ടെ അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ദരിദ്രര്‍ക്കാണ് സകാത്ത് വാങ്ങാന്‍ അര്‍ഹതയുള്ളത്. ബന്ധുവായത് കൊണ്ട് മാത്രം ഈ അവകാശം നിഷേധിക്കപ്പെട്ടു കൂടാ. സകാത്തു കൊടുക്കാനില്ലെങ്കിലും അവരെ സഹായിക്കല്‍ നിര്‍ബന്ധ ബാധ്യതയാണെന്നു പറയാന്‍ തെളിവുമില്ല.
Comments