Prabodhanm Weekly

Pages

Search

2015 ജൂലൈ 10

വിശുദ്ധ ഖുര്‍ആന്‍ വിശ്വവിസ്മയം

അബ്ദുല്‍ അസീസ് പുതിയങ്ങാടി /ലേഖനം

         വിശുദ്ധ ഖുര്‍ആനും അത് പ്രസരിപ്പിക്കുന്ന മഹിതാശയങ്ങളും കാലം ചെല്ലുന്തോറും കൂടുതല്‍ പ്രസക്തവും മാനവതക്ക് അത്യാവശ്യവുമാണ് എന്ന് ബോധ്യമായി വരികയാണ്. ഖുര്‍ആന്‍ തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമാണെന്നും അത് ചുട്ടുകരിക്കണമെന്നും നിരോധിക്കണമെന്നും ഇസ്‌ലാമിന്റെ ശത്രുക്കള്‍ മുറവിളി കൂട്ടുമ്പോഴും അതിനെ അടുത്തറിയാനും പഠിക്കാനും ലക്ഷക്കണക്കിനാളുകള്‍ ലോകത്തെങ്ങും മുന്നോട്ടു വരുന്നുണ്ട്. പാശ്ചാത്യ നാടുകളില്‍ അവരുടെ എണ്ണം വളരെ കൂടുതലാണ്. 

വിശുദ്ധ ഖുര്‍ആന്‍ ലോകാന്ത്യം വരെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിച്ചു നിര്‍ത്തുമെന്ന് അതിന്റെ കര്‍ത്താവ് തന്നെ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അതിനെ തകര്‍ക്കാനോ വികലമാക്കാനോ ഉള്ള ഒരു ശ്രമവും വിലപ്പോവില്ല. ഫ്രഞ്ച് സൈനിക രാഷ്ട്രീയ നായകനായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ വാക്കുകളില്‍ അത് പ്രകടമാണ്. 

''വിശുദ്ധ ഖുര്‍ആന്റെ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ രാജ്യങ്ങളിലെയും വിജ്ഞാനവും ബുദ്ധിയുമുള്ള സകല മനുഷ്യരെയും യോജിപ്പിച്ചു കൊണ്ട് ഒരു മാതൃകാ ഭരണകൂടം സ്ഥാപിക്കാന്‍ സാധിച്ചേക്കാവുന്ന കാലം അതിവിദൂരമല്ലെന്നു ഞാന്‍ പ്രത്യാശിക്കുന്നു. അതെ, ഈ ഖുര്‍ആന്‍ മാത്രമാണ് സമ്പൂര്‍ണ്ണ സത്യം. മനുഷ്യരെ സന്തോഷത്തിലേക്ക് നയിക്കാനുള്ള ശക്തി അതിനു മാത്രമേയുള്ളൂ. ഈ ഗ്രന്ഥം കൂടെയുള്ള കാലത്തോളം മുസ്‌ലിം സമൂഹത്തെയോ അറബി ഭാഷയെയോ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല (ബോണപ്പാര്‍ട്ടും ഇസ്‌ലാമും- ക്രിസ്ത്യന്‍ ചെര്‍ഫില്‍സ്-പാരീസ് 1914).

വിശുദ്ധഖുര്‍ആന്‍ എന്നും വിശ്വവിസ്മയമായി നിലകൊള്ളുക തന്നെ ചെയ്യും. ബുദ്ധി നന്നായി ഉപയോഗിക്കുന്ന ഏതു മനുഷ്യനെയും അത് കീഴടക്കുമെന്നതിനു നിരവധി സാക്ഷ്യങ്ങളുണ്ട്. സാഹിത്യകാരനും നിരൂപകനുമായ ജോര്‍ജ്ജ് ബര്‍ണാഡ്ഷായുടെ അഭിപ്രായത്തില്‍ ''അക്ഷര ജ്ഞാനമില്ലാത്ത മുഹമ്മദ് നബി ഒരു സമ്പൂര്‍ണ നിയമസംഹിതയായ ഖുര്‍ആന്‍ ലോകസമക്ഷം സമര്‍പ്പിക്കുകയും അത് മനുഷ്യ ഹൃദയങ്ങളെ ഹഠാദാകര്‍ഷിക്കുകയും ചെയ്തത് ലോകം കണ്ട ഏറ്റവും മഹത്തായ വിസ്മയമാണ്. അതുകൊണ്ടു തന്നെ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണ് എന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല''(ദ ജെനുവിന്‍ ഇസ്‌ലാം, വാള്യം 1,1936).

ശാസ്ത്രവും സാങ്കേതിക വിദ്യയും വളര്‍ന്നു പന്തലിക്കുകയും മതഗ്രന്ഥങ്ങള്‍ കാലഹരണപ്പെട്ടതായി കണക്കാക്കപ്പെടുകയും ചെയ്ത ആധുനിക കാലത്ത് ഖുര്‍ആന്റെ പ്രസക്തിയെന്താണ് എന്ന് ചോദിക്കുന്നവരുണ്ടാവാം. അവര്‍ക്ക് ജര്‍മ്മന്‍ മഹാകവി ജോഹാന്‍ ഗഥെ മറുപടി പറയും:

''ഖുര്‍ആന്‍ പഠിക്കാന്‍ തുനിഞ്ഞാല്‍ ഒരുപക്ഷേ, ആദ്യം ഇഷ്ടക്കുറവ് തോന്നും, ക്രമേണ അത് ആകര്‍ഷിക്കാന്‍ തുടങ്ങും, പിന്നെ അമ്പരപ്പിക്കും. തുടര്‍ന്ന് നമ്മെ കീഴടക്കും. അതിന്റെ ശൈലിയും ഉള്ളടക്കവും വിട്ടുവീഴ്ചയില്ലാത്തതും ഉദാത്തവുമാണ്. ഖുര്‍ആന് ശേഷം വന്ന തലമുറകളെ മുഴുവന്‍ അത് വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ ഖുര്‍ആന്‍ വായിച്ചപ്പോഴെല്ലാം ആത്മാവ് എന്റെ ശരീരത്തിനുള്ളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഖുര്‍ആനിലെ യാഥാര്‍ഥ്യങ്ങളും അത് കൊണ്ടുവന്നിട്ടുള്ള ദൈവദൂതന്റെ മഹത്വവും ഗ്രഹിക്കുന്നതില്‍ നിന്നും വര്‍ഷങ്ങളായി പുരോഹിതന്മാര്‍ ഞങ്ങളെ തടഞ്ഞിരുന്നു. പക്ഷെ ശാസ്ത്രം പുരോഗമിക്കുമ്പോള്‍ ജനസമൂഹങ്ങള്‍ ഈ ഗ്രന്ഥം ഏറെ ശ്രദ്ധിക്കാന്‍ തുടങ്ങും. ചിന്തകളുടെ അച്ചുതണ്ടായി ഭാവിയില്‍ അത് മാറുകയും ചെയ്യും. ദിവ്യ ഗ്രന്ഥം യുഗയുഗാന്തരങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ടേയിരിക്കും. ഈ ബോധനം ഒരിക്കലും പരാജയപ്പെടില്ല. നമ്മുടെ സര്‍വ്വ മൂല്യ സംഹിതകളെയും കണക്കിലെടുത്ത് പറയട്ടെ, ഈ ബോധനത്തെക്കാള്‍ അല്‍പം പോലും മുന്നോട്ടു പോകാന്‍ നമുക്കാവില്ല'' (ഉദ്ധരണം: ടി.പി ഹ്യൂഗ്‌സിന്റെ ഡിക്ഷണറി ഓഫ് ഇസ്‌ലാം, 1999, പേജ് 526).

ആത്മീയതയും ഭൗതികതയും രണ്ടായി മുറിച്ചുമാറ്റിയാല്‍, ഭൂമിയിലെ ജീവിതം ദുസ്സഹമായിരിക്കുമെന്നും അതിന്റെ ദുരന്തങ്ങള്‍ ലോകം  ഏറ്റുവാങ്ങേണ്ടി വരുമെന്നും ഖുര്‍ആന്‍ പല രീതിയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത് ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ച വിശ്വപ്രസിദ്ധ ഫ്രഞ്ച് ചിന്തകനും മനുഷ്യാവകാശപ്രവര്‍ത്തകനും നിയമജ്ഞനുമായ മാര്‍സെല്‍  പൊയ്‌സറുടെ ഉറച്ച അഭിപ്രായം ഇതാണ്: ''ആത്മീയതയെയും ഭൗതികതയെയും മുറിച്ചുമാറ്റണമെന്ന വാദത്തെ തള്ളിക്കളയുന്ന ഖുര്‍ആന്‍, ഇസ്‌ലാം ഒരു പ്രത്യയശാസ്ത്രവും സാമൂഹിക വ്യവസ്ഥയുമാണെന്ന് ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പ്രയോഗവല്‍ക്കരിക്കുന്നതിന്റെ ശൈലിതന്നെ സമൂഹത്തില്‍ വന്‍സ്വാധീനം നേടുന്നു എന്ന കാര്യം വ്യക്തമാണ്. അജ്ഞാനകാലത്തെ അറബികളെ സംസ്‌കരിക്കാന്‍ വന്ന ഒരു ചെറിയ ഗ്രന്ഥമല്ല അത്. മറിച്ച്, എല്ലാ കാലത്തെയും മാനവസമൂഹത്തിന്റെ മുഴുവന്‍ അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുന്ന,   അവരുടെ സകല ആവശ്യങ്ങളും സാധ്യമാക്കുന്ന, ഏറ്റവും അനുയോജ്യവും ശാശ്വതവും സമ്പൂര്‍ണവുമായ ദൈവികനിയമങ്ങളാണ് അത് സമര്‍പ്പിക്കുന്നത്. ഖുര്‍ആന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുകയാണെങ്കില്‍ ഒരു നവീന മാനവസമൂഹം ഇനിയും കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട''  (ഇസ്‌ലാമിന്റെ മാനവികത, 109, 345).

വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന മൂല്യസങ്കല്‍പം ഏവരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഭൗതികവും ആത്മീയവുമായ, മനുഷ്യനുമായി ബന്ധപ്പെട്ട സകലവിഷയങ്ങളിലും ഉള്‍ക്കാഴ്ച നല്‍കാന്‍ ഖുര്‍ആനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനെ അഗാധമായിത്തന്നെ പഠിച്ച ഫ്രഞ്ച് ഓറിയന്റലിസ്റ്റ് ചരിത്രകാരന്‍ ലൂയിസ് സെഡിലൊ വെളിപ്പെടുത്തുന്നത് ഏറെ ശ്രദ്ധേയമായ കാര്യങ്ങളാണ്:

''സൃഷ്ടിജാലങ്ങളോടുള്ള ദൈവത്തിന്റെ തീവ്രമായ സ്‌നേഹം പ്രസരിപ്പിക്കാത്ത ഒരൊറ്റ വചനം പോലും ഖുര്‍ആനില്‍ കാണപ്പെടുകയില്ല. ഉത്തമമൂല്യങ്ങള്‍ ജീവിതത്തില്‍ വളര്‍ത്തിയെടുക്കാനുള്ള വമ്പിച്ച പ്രേരണ അതിലുണ്ട്. ഉല്‍കൃഷ്ടമായ  വികാരങ്ങളും ആഗ്രഹങ്ങളും വിട്ടുവീഴ്ചയും സഹിഷ്ണുതയും പങ്കുവെക്കാന്‍ അത് ആഹ്വാനം ചെയ്യുന്നു. മറ്റുള്ളവരോട് നിന്ദ്യതയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നത്  അത് വെറുക്കുന്നു. ചിന്തയിലും നോട്ടത്തിലുംവരെ പാപങ്ങള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ടെന്ന് അത് സൂചന നല്‍കുന്നു. ദൈവനിഷേധികളോട് പോലും കരാര്‍ പാലിക്കുകയും വാഗ്ദാനം നിറവേറ്റുകയും വേണമെന്ന് അത് നിര്‍ദേശിക്കുന്നു. എല്ലാവരോടും വിനയം കാട്ടണമെന്നും, ദുര്‍ബലര്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കണമെന്നും, ദ്രോഹിക്കുന്നവര്‍ക്കുപോലും മാപ്പ് നല്‍കണമെന്നും, അവരെ ശപിക്കരുതെന്നും ആഹ്വാനം ചെയ്യുന്നു. ചുരുക്കത്തില്‍, ഖുര്‍ആന്‍ മാനവികതക്ക് മുന്നില്‍ വെക്കുന്ന മൂല്യങ്ങള്‍ എന്നും ലോകത്തിന് ആവശ്യമുള്ളത് തന്നെയാണ്. വിശുദ്ധ ഖുര്‍ആന്‍ സകല വിഷയങ്ങളിലും ഏറ്റവും ഉള്‍ക്കാഴ്ച നല്‍കുന്ന ഗ്രന്ഥം തന്നെ'' (അറബികളുടെ പൊതുചരിത്രം, പേജ് 89).

ലോകത്തിന് സാമൂഹിക നീതിയും മാനവിക സംസ്‌കാരവും പഠിപ്പിച്ചു കൊടുത്ത വേദമാണ് വിശുദ്ധ ഖുര്‍ആന്‍. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് സത്വരവും ശാശ്വതവുമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍, പ്രായോഗികമാക്കാന്‍ ഏറെ എളുപ്പമുള്ള ഖുര്‍ആന്ന് മാത്രമേ സാധിക്കൂ. ഇക്കാര്യം ലോകത്തോട് ഏറ്റുപറയാന്‍ ഇന്ത്യയുടെ വാനമ്പാടിയായിരുന്ന സരോജിനി നായിഡുവിന് ഒരു കൂസലുമുണ്ടായിരുന്നില്ല. അവരുടെ വാക്കുകളിതാ: ''വിശുദ്ധ ഖുര്‍ആന്‍ നീതിയുടെയും  സംസ്‌കാരത്തിന്റെയും   പ്രമാണമാണ്, സ്വാതന്ത്ര്യത്തിന്റെ രേഖയാണ്, കര്‍മരംഗത്ത് സത്യത്തിന്റെയും നീതിയുടെയും അധ്യാപനങ്ങള്‍ നല്‍കുന്ന മഹത്തായ നിയമഗ്രന്ഥമാണ്.  മറ്റൊരു ഗ്രന്ഥവും വിശുദ്ധ ഖുര്‍ആനെപ്പോലെ, ജീവിതത്തിന്റെ മുഴുമണ്ഡലങ്ങള്‍ക്കും വിശദീകരണമോ പരിഹാരമോ സമര്‍പ്പിക്കുന്നില്ല. ഖുര്‍ആന്‍ വായിച്ചപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സങ്കല്‍പ്പങ്ങളല്ല, മുഴുവന്‍ ലോകത്തിനും പ്രായോഗികമായ നിയമങ്ങളാണ് എന്നാണ്'' (പ്രഭാഷണം, മുസ്‌ലിം ഇന്‍സ്റ്റിറ്റിയൂട്ട് ഹാള്‍, കല്‍ക്കത്ത, 1/1/1945, ഉദ്ധരണം: ഞാന്‍ സ്‌നേഹിക്കുന്ന ഇസ്‌ലാം, പേജ് 46)

ലോകം കണ്ട പ്രഗത്ഭ ശാസ്ത്രജ്ഞന്മാര്‍ വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രീയമായ വിശകലനത്തില്‍ തന്നെ സത്യമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.  തായ്‌ലണ്ടിലെ  ഷിയാംഗ് മൈ സര്‍വകലാശാലാ കോളേജ് ഓഫ് മെഡിസിന്‍ ഡീന്‍ ആയിരുന്ന  പ്രൊഫ. തഗാത്താ തഗസോണ്‍ വ്യക്തമാക്കുന്നത് വളരെ ശ്രദ്ധേയം തന്നെയാണ്: ''എന്റെ നിരന്തരമായ പഠനങ്ങളും ഈ സമ്മേളനത്തില്‍ നിന്ന് പഠിച്ച യാഥാര്‍ഥ്യങ്ങളും വെച്ച് പരിശോധിക്കുമ്പോള്‍, 1400 വര്‍ഷം മുമ്പ് അവതീര്‍ണമായ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള  സകല സംഗതികളും സത്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ശാസ്ത്രീയമായിത്തന്നെ ഇത് തെളിയിക്കാന്‍ കഴിയും. പ്രവാചകന്‍ മുഹമ്മദിന് എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നുവെങ്കില്‍ പോലും അദ്ദേഹം ദൈവത്തിന്റെ പ്രവാചകനായിരുന്നു എന്നും അദ്ദേഹം കൊണ്ട് വന്ന ഈ ശാസ്ത്രീയ സത്യങ്ങള്‍, അതിശക്തനും സര്‍വയോഗ്യനുമായ ഏകദൈവത്തിന്റെ വചനങ്ങള്‍ തന്നെയാണ് എന്നും  തെളിയിക്കുന്നു'' (പ്രഭാഷണം, എട്ടാമത് സുഊദി ആരോഗ്യ സമ്മേളനം, രിയാദ്).

വിശ്വപ്രസിദ്ധ ബുദ്ധിജീവികളും ശാസ്ത്ര, സാഹിത്യ, രാഷ്ട്രീയ മേഖലകളിലെ മുടിചൂടാമന്നന്മാരൊക്കെയും വിശുദ്ധ ഖുര്‍ആന്റെ വിസ്മയകരമായ ആധിപത്യത്തെ കുറിച്ച് വാചാലരാവുന്നുണ്ട്. നിഷ്പക്ഷമായി അതിനെ വിലയിരുത്തുന്ന ആര്‍ക്കും അങ്ങനെയേ പ്രതികരിക്കാനാവൂ.

''ഖുര്‍ആന്‍ വായിച്ചപ്പോഴാണ് മനുഷ്യസമൂഹത്തിനു വേണ്ടതൊക്കെയും ഈ ന്യായ പ്രമാണത്തിലുണ്ട് എന്ന സത്യം എനിക്ക് തിരിച്ചറിയാന്‍ സാധിച്ചത്. ഖുര്‍ആനിക നിയമമായിരിക്കും ഇനി ലോകത്തെ നയിക്കുക. കാരണം, അത് മനസ്സുമായും യുക്തിയുമായും വിജ്ഞാനവുമായും വലിയ തോതില്‍ യോജിക്കുന്നു.'' റഷ്യന്‍ നോവലിസ്റ്റ് ലിയോ ടോള്‍സ്‌റ്റോയിയുടെ വാക്കുകള്‍.

വൈദ്യശാസ്ത്ര വിദഗ്ധനും   ഫ്രഞ്ച് ശാസ്ത്രജ്ഞനുമായിരുന്ന ഡോ. മോറിസ് ബുക്കായ് പറയുന്നത് ഇങ്ങനെ: ''യാതൊരു മുന്‍ധാരണയുമില്ലാതെ നിഷ്പക്ഷമായി ഞാന്‍ ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങി. ഖുര്‍ആന്‍ വചനങ്ങളും ശാസ്ത്രസത്യങ്ങളും താരതമ്യം ചെയ്യുകയായിരുന്നു ലക്ഷ്യം. ഖുര്‍ആന്‍ നിരവധി ശാസ്ത്രസത്യങ്ങള്‍ വിളിച്ചു പറയുന്നുണ്ടെന്ന് മുമ്പ്തന്നെ അതിന്റെ പരിഭാഷകളില്‍ നിന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു. പക്ഷേ, എന്റെ അറിവ് പരിമിതമായിരുന്നു. അറബിയില്‍ തന്നെ ഖുര്‍ആന്‍ വളരെ ആഴത്തില്‍ പഠിച്ചപ്പോള്‍ ഒരുകാര്യം ബോധ്യപ്പെട്ടു. ആധുനിക ശാസ്ത്രീയ സത്യങ്ങളുമായി ഏറ്റുമുട്ടുന്ന ഒരു വചനം പോലും ഖുര്‍ആനിലില്ല! . ഇതേകാര്യം ഞാന്‍ തോറയിലും ബൈബിള്‍  പുതിയ നിയമത്തിലും  നിരവധി വ്യത്യസ്ത കോപ്പികള്‍ വെച്ച് ഒത്തുനോക്കി. ആധുനിക ശാസ്ത്രീയ സത്യങ്ങളുമായി യോജിക്കാത്ത ധാരാളം കാര്യങ്ങളാണ് തോറ ഉള്‍ക്കൊള്ളുന്നത്. ബൈബിളാകട്ടെ ശാസ്ത്രീയ സത്യങ്ങളുമായി മാത്രമല്ല ഏറ്റുമുട്ടുന്നത്. വിവിധ ബൈബിള്‍ പതിപ്പുകള്‍ പരസ്പരം ഏറ്റുമുട്ടുക കൂടി ചെയ്യുന്നുണ്ട്. ഭൂമിയിലേക്കുള്ള മനുഷ്യന്റെ  ആഗമനത്തെ  കുറിച്ച ശാസ്ത്രീയ വിജ്ഞാനങ്ങളുമായി ഒരുനിലക്കും ബൈബിള്‍ പൊരുത്തപ്പെടുന്നുമില്ല.

മുഹമ്മദാണ് ഖുര്‍ആന്റെ കര്‍ത്താവ് എന്ന് ഒരിക്കലും സമര്‍ഥിക്കാനാവില്ല. നിരക്ഷരനായ ഒരാള്‍ക്ക്  എങ്ങനെയാണ്  അറബി ഭാഷാസാഹിത്യത്തിന്റെ ഉത്തുംഗതയില്‍ നില്‍ക്കുന്ന ഒരു ഗ്രന്ഥത്തിന്റെ രചയിതാവാകാന്‍ കഴിയുക? അക്കാലത്ത് ചിന്തിക്കാന്‍ പോലും സാധ്യമാവാത്ത ശാസ്ത്രീയസത്യങ്ങള്‍ പ്രവചിക്കാന്‍ ഒരാള്‍ക്ക് കഴിയുമോ? ഖുര്‍ആനില്‍ ഇതേവരെ ഒരു ചെറിയ തെറ്റുപോലും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിക്ക് വിശേഷിച്ചും?'' (ഖുര്‍ആന്‍, ബൈബിള്‍, ശാസ്ത്രം. പേജ് 150)

ജര്‍മന്‍ ചിന്തകനും ഭൗതിക ശാസ്ത്രജ്ഞനുമായിരുന്ന ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ മനസ്സിലാക്കുന്നത് ഖുര്‍ആന്‍ മാനവതയുടെ വിമോചന ഗ്രന്ഥമായിട്ട് തന്നെ: ''ഖുര്‍ആന്‍ ഒരു ഗണിതശാസ്ത്ര ഗ്രന്ഥമല്ല, എഞ്ചിനീയറിംഗോ അക്കൗണ്ടിംഗോ പഠിപ്പിക്കുന്ന ഗ്രന്ഥവുമല്ല. അത്, ലോകം കണ്ട ഏറ്റവും പ്രഗത്ഭരായ തത്വശാസ്ത്രജ്ഞന്മാര്‍ക്ക് പോലും നിര്‍ണയിക്കാന്‍ സാധിക്കാതിരുന്ന, അവക്രമായ സത്യമാര്‍ഗത്തിലേക്ക് മാനവികതയെ നയിക്കുന്ന നിയമസംഹിതയാണ്. അതിന്റേത് അറബിയിലെ ഏറ്റവും നല്ല സാഹിത്യഭാഷയാണ്. അതിന്റെ വാക്ചാതുരി സകല മനസ്സുകളെയും വല്ലാതെ ആകര്‍ഷിക്കും. അതിനെ ചെറുത്തുതോല്‍പിക്കാന്‍ സമീപ ഭാവിയിലൊന്നും ആര്‍ക്കും സാധ്യമാവില്ല. അതിനെ ശരിയായ രീതിയില്‍ അനുധാവനം ചെയ്യുന്ന ആര്‍ക്കും അത് ശാന്തിയും സമാധാനവും നല്‍കും.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /39
എ.വൈ.ആര്‍