Prabodhanm Weekly

Pages

Search

2015 ജൂലൈ 03

ഭ്രാന്തന്‍ നായ

പദീപ് പേരശ്ശനൂര്‍

ഭ്രാന്തന്‍ നായ

പദീപ് പേരശ്ശനൂര്‍ /കഥ

         ഞാനുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിലേക്ക് ഭ്രാന്തന്‍ നായ ഓടിവരുന്നത് കണ്ടപ്പോഴേ ഞാനൂഹിച്ചിരുന്നു, അതെന്റെ നേര്‍ക്കാണ് ചാടുക, എന്നെയാണ് കടിക്കുക. എന്റെ ജാതകം എന്നും അങ്ങനെയായിരുന്നു.

ജനക്കൂട്ടം ഒറ്റതിരിഞ്ഞ് ഓടാന്‍ തുടങ്ങി; ഞാനും. മുന്നിലെ കല്‍പ്പടവില്‍ കാലുടക്കി ഞാന്‍ വീണപ്പോള്‍ നായ വിജയമനോഭാവത്തോടെ മുന്‍ കാലുകള്‍ എന്റെ മേല്‍ വെച്ച് ഒരു നിമിഷം നിന്ന് നാവ് നീട്ടി കിതച്ചു. നൊടിയിടെ ഞാന്‍ കണ്ടു, ആള്‍ക്കൂട്ടം എങ്ങും ചിതറിയിട്ടില്ല. ഓടിയത് ഞാന്‍ മാത്രമാണ്. അവരിപ്പോള്‍ വേട്ടയാടപ്പെടുന്ന എന്റെ കാഴ്ചക്കാരാണ്.

ഭ്രാന്തന്‍ നായയുടെ കോമ്പല്ലുകള്‍ എന്റെ ദേഹത്തേക്ക് ആഴ്ന്നപ്പോള്‍ ഞാനാദ്യം അലറിക്കരഞ്ഞു. പിന്നെ പ്രതിരോധത്തിന്റെ ഉച്ചസ്ഥായിയില്‍ ഞാനും കുരച്ചു; കുരച്ചുചാടി. പകച്ച നായ പിന്തിരിഞ്ഞ് ഓടിയപ്പോള്‍ ഞാനതിനെ വിട്ട് ചോരയൊലിക്കുന്ന ദേഹവുമായി ആള്‍ക്കൂട്ടത്തിന് നേരെ ചാടി. ആളുകളപ്പോള്‍ വിഭ്രാന്തിയോടെ ഓടി. 

പിന്നെ എന്റെ നേരെ കല്ലുകള്‍ കൊണ്ട് ശരങ്ങളെയ്ത് എനിക്കുചുറ്റും അവര്‍ പ്രതിരോധത്തിന്റെ വലയം തീര്‍ത്തു. എനിക്ക് സമാധിയൊരുക്കി.

 

പാളം

ജീവിതംപോലെ നീളുന്ന പാതയില്‍
ഒരിക്കലുമവസാനിക്കാത്ത നിന്റെ ഓര്‍മകളുമായി
ഞാനോടിക്കൊണ്ടിരിക്കുമ്പോള്‍
ഇടയ്ക്ക്, ചുവപ്പും പച്ചയുമായ് സിഗ്നല്‍ വഴികള്‍
ഒറ്റ സ്റ്റേഷനില്‍ നിര്‍ത്താതെ ഞാനും.
മുറിക്കുള്ളില്‍ വിയര്‍പ്പിന്‍ സുഗന്ധം
ഒറ്റക്കാലില്‍ നില്‍ക്കുന്ന മുഖങ്ങള്‍
പുറത്തേക്കു തെറിക്കുന്ന നോട്ടം
ഉറയുന്ന ആസക്തി
ഉരുകുന്ന നേരില്‍ ഉടയുന്ന സൂര്യന്‍
ഉണര്‍ച്ചയിലെപ്പൊഴോ ഉറങ്ങുന്ന പ്രണയം.
നിന്റെ രാജ്യമെത്താറാവുമ്പോള്‍
വഴികളിലിരുട്ട്
സിഗ്നലുകള്‍ മഞ്ഞ നിറത്തിലേക്ക് പ്രവേശിക്കപ്പെടുന്നു
പിന്നില്‍ നിന്നുള്ള കൂക്കുകളില്‍
അക്കരെ നിന്നും മറുകൂക്ക്.
വെളിച്ചം പണിമുടക്കുന്ന ചില നിമിഷങ്ങളില്‍
നിഴലായി ചുറ്റിപ്പിണയുന്നു മനസ്സില്‍ നീ.
ഞാന്‍ പാളം തെറ്റിപ്പോകുന്നു
അവിടെ, രക്തപ്രവാഹം നിലയ്ക്കാത്ത
ഒരു കവിത പിറക്കുന്നു.

പി.ആര്‍ രതീഷ് 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /38
എ.വൈ.ആര്‍