നോമ്പ്തുറക്കുള്ളതെല്ലാം വാങ്ങിവെച്ച് നോമ്പിന് നിയ്യത്ത് വെക്കാത്ത ചിലര്‍
ദല്‍ഹിയിലെ നോമ്പ് കാഴ്ചകള്‍
മലയാളി മുസ്‌ലിംകള്‍ക്ക് പൊതുവെ റമദാന്‍ സുഭിക്ഷതയുടെ മാസമാണ്. പ്രയോഗത്തില്‍ നോമ്പ് പട്ടിണിയാണെങ്കിലും അത് ഇല്ലായ്മയുടെ കാലമല്ല. ഭക്ഷണവിഭവങ്ങള്‍ ഒരുക്കുന്ന കാര്യത്തിലും അതേ. കരിച്ചതും പൊരിച്ചതും പത്തിരിയും ഇറച്ചിയുമെല്ലാം മിക്ക ദിവസങ്ങളിലും കേരളീയ മുസ്‌ലിം തീന്‍മേശകളിലുണ്ട്. കേരളാതിര്‍ത്തിയും, പിന്നെ ചില സാംസ്‌കാരിക ഭാഷാ അതിര്‍ത്തികളും മറികടന്നാല്‍ നോമ്പിന്റെ സ്വഭാവം മറ്റൊരു തലത്തിലേക്ക് മാറും. ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ ഇങ്ങനെയൊന്നുമല്ലാത്ത ഒരു റമദാനും, അതിന്റെ അനുഭവങ്ങളും ഉണ്ട്. അവിടെ വലിയൊരു വിഭാഗത്തിന് റമദാനിലെ ഏമ്പക്കത്തിന് പൊരിച്ച ഇറച്ചിയുടെയും മീനിന്റെയും രുചി തികട്ടിവരാറില്ല. ദിവസത്തിന്റെ രണ്ടറ്റവും മുട്ടിനില്‍ക്കുന്ന വിഭവസമൃദ്ധിയുടെ വിവിധ ഭാവങ്ങളില്ല. ദല്‍ഹിയിലെ വലിയൊരു വിഭാഗം നോമ്പുകാര്‍ക്കും റമദാനില്‍ വിശപ്പിന്റെ പൊരുളറിയില്ല എന്നതും സത്യമാണ്. മലയാളിയെപ്പോലെ മാസം മുഴുവന്‍ ആവര്‍ത്തിച്ചനുഭവിക്കുന്ന ഖുര്‍ആന്‍ ക്ലാസുകളോ ഉല്‍ബോധനങ്ങളോ അവരില്‍ ബഹുഭൂരിഭാഗത്തിനും ലഭ്യമാവാറില്ല എന്ന ഒരു മറുപുറമുണ്ടതിന്. നോമ്പു നോല്‍ക്കുന്നവരും നോല്‍ക്കാത്തവരും പട്ടിണിയെന്ന പ്രായോഗിക തലത്തില്‍ പലപ്പോഴും തുല്യരാണ്.
നോമ്പിനെ അറിയുന്നവര്‍ അതിന്റെ ആത്മീയ വശങ്ങളോടൊട്ടി നില്‍ക്കും. അത്തരക്കാര്‍ക്ക് റമദാന്‍ വേറിട്ടൊരു മാസം തന്നെയാണ്. ദല്‍ഹിയില്‍ റമദാനിന്റെ പൊരുളറിയാത്തവരില്‍ വലിയൊരു വിഭാഗം പട്ടിണിയുടെ സകല പൊരുളുകളും കാലങ്ങളായി ആവോളം അനുഭവിച്ചു പോരുന്നവരാണ്. അവര്‍ക്ക് റമദാനും ശവ്വാലുമെല്ലാം ഒരേപോലെ ആത്മസംഘര്‍ഷത്തിന്റെയും അന്നമില്ലായ്മയുടെയും വിവിധ ഭാവങ്ങള്‍ തന്നെ. മറ്റു മാസങ്ങളില്‍ തന്നെയും രുചിയില്ലാത്ത ഒരുതരം ആവിയാണ് അവരുടെ കാലി വയറില്‍ നിന്ന് തൊണ്ടയിലേക്ക് പൊങ്ങിവരിക. പട്ടിണിയും, പരിവട്ടവുമായി പിറന്ന് വീണവര്‍. കഷ്ടിച്ച് ഖുര്‍ആന്‍ നോക്കിയോതാന്‍ മാത്രം പഠിച്ച് പള്ളിയിറങ്ങിയവര്‍. അവര്‍ റിക്ഷാക്കാരും, റോഡ് സൈഡിലെ ജ്യൂസ് വില്‍പനക്കാരും, സബ്ജിവാലയും ഓട്ടോക്കാരുമായി വളരുന്നു. ദിവസത്തിന്റെ ഒരറ്റമെങ്കിലും മലയാളി നോമ്പുകാരനെപ്പോലെ മതിവരുവോളം ഉണ്ണാനാവാത്ത ഇത്തരക്കാരുടെ വിശപ്പിന്റെ തീഷ്ണാനുഭവം റമദാന്‍ പകലുകളിലെ ചുരുക്കം ചില മണിക്കൂറുകളില്‍ മാത്രമേ നമുക്ക് അനുഭവിക്കേണ്ടതായിട്ടുള്ളൂ. അവിടെയാണ് 'അല്ലാഹുമ്മ ബല്ലിഗ്‌നാ റമദാന്‍' (അല്ലാഹുവേ, റമദാനിലേക്ക് ഞങ്ങള്‍ക്ക് ആയുസ്സ് നല്‍കേണമേ) എന്ന് പ്രാര്‍ഥിക്കുന്നവര്‍ക്കും മേലെ 'ദഹബദ്ദമഉ വബ്തല്ലത്തില്‍ ഉറൂഖ് (ദാഹം ശമിച്ചു, ഞരമ്പുകള്‍ നനഞ്ഞു) എന്ന വചനങ്ങള്‍ക്ക് മഹിമയേറുന്നത്. അങ്ങനെ മാറുന്ന ദാഹവും, നനയുന്ന ഞരമ്പുകളും മലയാളി കണ്ടു തഴങ്ങിയ പലവര്‍ണപ്പഴങ്ങളുടെയും, വിഭവസമൃദ്ധിയുടെയും സാന്നിദ്ധ്യത്തിലല്ല മനമറിഞ്ഞ് ഉച്ചരിക്കപ്പെടുന്നതും.
കഴിഞ്ഞ ചില വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തിരി കൂടി വ്യത്യസ്തമായി കൊടും വേനലിലാണ് ഇപ്രാവശ്യം റമദാന്‍ ദല്‍ഹിയില്‍. നോമ്പല്ലാത്ത അവസ്ഥയില്‍ തന്നെ വെള്ളം കുടിച്ചുകൊണ്ടിരിക്കാതെ ജീവിതം മുന്നോട്ടു പോകല്‍ അസാധ്യമായ നഗരത്തില്‍ റമദാനിന്റെ ആത്മീയ വശം മികച്ചു നില്‍ക്കുന്നവര്‍ക്ക് മാത്രമേ അത് ഫല പ്രാപ്തിയിലെത്തിക്കാനാവൂ. കുളിക്കാത്തവരും, വൃത്തിയില്ലാത്തവും എന്നൊക്കെയാണ് വടക്കേന്ത്യക്കാര്‍ക്ക് നമ്മള്‍ മലയാളികള്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍. കുളിക്കാനുള്ള ആഗ്രഹം ഇല്ലായ്മയോ, വൃത്തിഹീനരായി നടക്കാനുള്ള കൊതിയോ അല്ല, അതിന്റെ പ്രധാനോപാധിയായ വെളളം ആവശ്യത്തിന് കിട്ടായ്മയാണ് അത്തരം പ്രകൃതത്തിന്റെ മൂലകാരണം. കുടിക്കാന്‍ പോലും മതിയായ ശുദ്ധവെള്ളം ലഭ്യമാവാത്തവര്‍ കുളിക്കാത്തവരായി മുദ്രകുത്തപ്പെടുന്നതും, പരിഹാസ്യരാവുന്നതും ഖേദകരം തന്നെ. കാലാവസ്ഥയും ക്ഷാമവും മനുഷ്യപ്രകൃതിയില്‍ തന്നെ പല മാറ്റങ്ങളും വരുത്തും. അത്തരക്കാരെക്കൂടി ഉള്‍ക്കൊള്ളാനാവുന്ന ഒരു തലത്തിലേക്ക് മനസ്സുകള്‍ എത്തിച്ചേരുമ്പോഴേ നമ്മളില്‍ നിന്ന് ഗര്‍വും പുഛവും ദുരഭിമാനവും കരിഞ്ഞുപോവൂ. ഇടുങ്ങിയ, കുഴിനിറഞ്ഞ ഗല്ലികളിലൂടെ ഏന്തിവലിഞ്ഞ് റിക്ഷ ചവിട്ടുന്ന ആളും, വഴിയെ പോവുന്നവരോടൊക്കെ തന്റെ മുന്നില്‍ നിരത്തിവച്ച പച്ചക്കറികളുടെയും പഴങ്ങളുടെയും മഹിമ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നയാളും അഞ്ചുരൂപ അധികം ചോദിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് കൊട്ടാരം പണിയാനായിരിക്കില്ല. ഒരു നേരത്തെ ഭക്ഷണം മതിവരുവോളം കഴിച്ചേമ്പക്കം വിടുന്ന തന്റെ കുഞ്ഞു മക്കളെയും ഭാര്യയെയും അയാള്‍ കണ്ടിട്ടുണ്ടാവില്ല. അയാളോട് വില പേശുന്നവര്‍ക്കുമുണ്ടാവും ഒരു നൂറു ന്യായങ്ങള്‍.
വിവിധ തരം ഇഫ്ത്വാറുകള്‍ ദല്‍ഹിയില്‍ മലയാളി സംഘടനകളുടെ പൂര്‍ണമേധാവിത്വത്തിലും അല്ലാതെയും നടക്കാറുണ്ട്. അതുവഴി സംഘടനാ സങ്കുചിതത്വങ്ങള്‍ക്ക് അയവ് വരാറുമുണ്ട്. മതസൗഹാര്‍ദത്തിന്റെ കെട്ടുമുറുകാറുണ്ട്. അതിലെല്ലാമുപരിയായി മനസ്സു കുളിര്‍ക്കുന്ന നയനാനന്ദകരമായ ചില കാഴ്ചകളുണ്ട് ദല്‍ഹിയില്‍. അവ വിരലിലെണ്ണാവുന്നതേയുള്ളൂ എന്നതും വസ്തുതയാണ്. തലമുറകളായി ഗല്ലികളില്‍ ജീവിച്ച് ആ ഗല്ലികളെപ്പോലെ തന്നെ ഏതാണ്ട് മനസ്സും, ശരീരവും ഇടുങ്ങി ശോഷിച്ച് പോയ, വിയര്‍പ്പു കൊണ്ടും പൊടിപടലങ്ങള്‍ കൊണ്ടും മുഷിഞ്ഞ ഗന്ധമുള്ള ചില മനുഷ്യര്‍. അവര്‍ക്കുവേണ്ടി ഓക്‌ലയില്‍ ഒരു നോമ്പു തുറ സല്‍കാരം ഉണ്ടാവാറുണ്ട് വര്‍ഷം തോറും. അന്നേദിവസം മുഖത്തു നിറയേ പ്രതീക്ഷകളുമായി അവര്‍ വന്നുചേരും. മതിവരുവോളം സല്‍ക്കാരമുണ്ട് തിരിച്ചു പോവും. നീളന്‍ജുബ്ബയും, കള്ളിമുണ്ടും ധരിച്ച് കൂട്ടമായി വരുന്ന അവരും പരലോകത്തെ ലോക മനുഷ്യ മഹാസമ്മേളനത്തില്‍ മലയാളിയെപ്പോലെത്തന്നെ അംഗങ്ങളായി ഉണ്ടാവും എന്ന് വരുമ്പോള്‍, അവരെ സാക്ഷിയാക്കി ഏത് പരീക്ഷണത്തില്‍ പതറാതെ പിടിച്ചു നിന്നതിനാണ് നാം പടച്ചവനോട് ന്യായം പറയുക?
നോമ്പുകാലത്തെന്നല്ല, അതിഥിയോട് എന്നും അങ്ങേയറ്റം ആദരവ് പ്രകടിപ്പിക്കുന്നവരാണ് ദല്‍ഹിക്കാര്‍, പ്രത്യേകിച്ചും സാധാരണക്കാര്‍. ദല്‍ഹിക്കാര്‍ എന്ന് പറയുമ്പോള്‍ അവരെല്ലാം ദല്‍ഹിയില്‍ തന്നെ ജനിച്ചവരല്ല. അവിടെ വളര്‍ന്നവരാണ്. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബഹുഭൂരിഭാഗം ദല്‍ഹി വാസികളും. പതിനേഴ് ലക്ഷത്തിലധികം മലയാളികള്‍ ദല്‍ഹിയില്‍ ഉള്ളതായി കേട്ടിട്ടുണ്ട്. 'അതിഥി ദേവോ ഭവഃ' എന്ന ഹൈന്ദവ ചിന്താരീതിയും, ഇല്ലായ്മയുടെ അങ്ങേത്തലയില്‍ പോലും ദാനമായി കിട്ടിയ സമൃദ്ധി, നിറമനസ്സോടെ അതിഥിക്ക് സമര്‍പ്പിക്കുന്ന മുസ്‌ലിം-ക്രിസ്ത്യന്‍ സംസ്‌കാരങ്ങളും ഇടകലര്‍ന്നാണ് ഈ ആതിഥ്യ മര്യാദയുടെ ഇന്ത്യന്‍ ചരിത്രം രചിച്ചുപോരുന്നത്. ഗോതമ്പു റൊട്ടിയും ആലൂസബ്ജിയും തന്നെയാണ് വടക്കേന്ത്യക്കാരന്റെ പ്രധാന വിഭവങ്ങള്‍. റൊട്ടിയില്‍ മക്കന്‍ (നെയ്യ്) പുരട്ടിയാല്‍ അതിന്റെ ടേസ്റ്റ് കൂടും; സ്റ്റാറ്റസും. സാധാരണക്കാരന്റെ അത്തരം സല്‍ക്കാരങ്ങളില്‍ അതിഥിയായിപ്പോവാനും, തുടര്‍ന്ന് അവര്‍ക്കു വേണ്ടി ഇഫ്ത്വാര്‍ വിരുന്നൊരുക്കാനും ദല്‍ഹിയിലെ വലിയൊരു വിഭാഗം മലയാളികളും, മലയാളി വിദ്യാര്‍ഥികള്‍ വിശേഷിച്ചും ഇന്ന് തയ്യാറാണ്. ഇറച്ചി കൊത്തിയരിഞ്ഞുണ്ടാക്കുന്ന കീമയും, അല്‍പം നീളത്തില്‍ നാരുനാരായുള്ള ഇറച്ചി നഹാരിയും, ചെറുതാക്കി മുറിച്ച കോര്‍മ്മയുമൊക്കെയാണ് ഗല്ലികളിലെ വിഭവസമൃദ്ധിയുടെ പാരമ്പര്യം. ചെമ്പ് ബിരിയാണി എന്ന് മലയാളത്തില്‍ കൊതിയൂറി വിളിക്കുന്ന, തുലാസില്‍ അളന്നെടുക്കുന്ന ബിരിയാണിയും, പെട്ടിപ്പീടികക്കാരന്‍ റോഡ് സൈഡില്‍ നിന്ന് എണ്ണയില്‍ മുക്കി പൊരിച്ചെടുക്കുന്ന വിവിധയിനം പകോടകളും ആ സമൃദ്ധിയുടെ മാറ്റു കൂട്ടുന്നു. വൃത്തി മാഹാത്മ്യത്തിന്റെ കാവലാളുകളായി വമ്പു പറയുന്ന ചില മലയാളികളും അവ അളവില്‍ കൂടുതല്‍ കടലാസില്‍ പൊതിഞ്ഞ് വീടെത്തിക്കുന്നതും ദല്‍ഹിയിലെ റമദാന്‍ കാഴ്ച തന്നെയാണ്.
പണക്കൊഴുപ്പിന്റെ അത്യുന്നതങ്ങളില്‍ മതി മറന്നാടുന്നവരുണ്ട് ദല്‍ഹിയില്‍. അവരുടെയൊന്നും കൈയെത്തും ദൂരത്തായിട്ടും ഒരു നിമിഷാര്‍ദ്ധ നേരം പോലും അവരുടെ കാരുണ്യത്തിന്റെ കണ്ണുകളും ദീനാനുകമ്പയുടെ ഹസ്തങ്ങളുമെത്താത്ത ചിലരുമുണ്ട് ദല്‍ഹിയില്‍. അവരിലും ഉണ്ട് നോമ്പുകാര്‍. വെയില്‍ കൊണ്ട് റോഡുകളില്‍ യാത്രക്കാര്‍ക്ക് വേണ്ടി കുടിവെള്ളം വില്‍ക്കുന്നവരും, വഴിയാത്രക്കാരന്റെ ഉണങ്ങിവരണ്ട തൊണ്ടയിലേക്ക് മുസമ്പിനീര് പായിക്കാന്‍ വെയിലിനെ തണലാക്കി മാറ്റുന്നവരും, പകലന്തിയോളം ഓട്ടോറിക്ഷയോടിക്കുന്നവരും, ഏന്തിവലിഞ്ഞ് റിക്ഷ ചവിട്ടുന്നവരും അവിടെ നോമ്പുകാരായിട്ടുണ്ട്. അവര്‍ക്കൊപ്പമാണ് നോമ്പിന്റെയും, ഇഅ്തികാഫിന്റെയും, തറാവീഹിന്റെയും പ്രതിഫലമാഗ്രഹിച്ച് നാം അല്ലാഹുവിനെ കണ്ടുമുട്ടേണ്ടത്.
കേരളത്തിലെപ്പോലെ മുഴുസമയം പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാനുള്ള അവസരം അവരില്‍ പലര്‍ക്കും ഒത്തുവരാറില്ല. അങ്ങനെ ഇരുന്നാല്‍ പെരുന്നാളിന് കുഞ്ഞുമക്കളുടെ ഉടുപ്പുകള്‍ക്ക് പുത്തന്‍മണം ഉണ്ടാവില്ല എന്ന് ആ 'നിരക്ഷരര്‍' കരുതുന്നുണ്ടാവാം. വരും തലമുറകള്‍ക്കെങ്കിലും അറിവിന്റെ വാതായനങ്ങള്‍ തുറന്നുകൊടുക്കേണ്ടതുണ്ടതാണല്ലോ എന്ന ബോധം പോലും അവരില്‍ പലര്‍ക്കും ഇല്ല. അത്തരം ബോധമില്ലായ്മയിലേക്കാണ് അബ്ദുല്‍ ഹഖ് അന്‍സാരി, കെ.എ. സിദ്ദീഖ് ഹസന്‍ തുടങ്ങിയവര്‍ കണ്ണുപായിച്ചത്. അവരുടെ ദീര്‍ഘ വീക്ഷണം (Vision 2016) ഒത്തിരി ഫലം കൊയ്യുന്നുണ്ട്. വടക്കേ ഇന്ത്യയിലെ ദരിദ്ര-പിന്നോക്ക ജനവിഭാഗങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്തി വിദ്യാഭ്യാസ-സാംസ്‌കാരിക-സാമ്പത്തിക ഉന്നമനത്തിനുള്ള വിവിധ കര്‍മപദ്ധതികള്‍ നടന്നു വരുന്നുണ്ട്. റമദാന്‍ മാസത്തിലത് 'റമദാന്‍ കിറ്റ്' രൂപത്തിലാണ് സജീവമാകുന്നത്. അത്തരം സംരംഭങ്ങളുടെ ശക്തിയും സ്രോതസ്സും ആ കിറ്റിന്റെ സമൃദ്ധിയും മൂല്യവത്താക്കുന്നതില്‍ ഒരു കൂട്ടം മലയാളി സുമനസ്സുകളുടെ പ്രയത്‌നമുണ്ട് എന്നതില്‍ നമുക്കഭിമാനിക്കാം.
Comments