Prabodhanm Weekly

Pages

Search

2015 ജൂലൈ 03

യൗവനവും മതവിശ്വാസവും

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

യൗവനവും മതവിശ്വാസവും

യൗവനത്തിന്റെ സമ്പന്നതയെയും സങ്കടങ്ങളെയും കുറിച്ചുള്ള മുഖക്കുറിപ്പും ലേഖനങ്ങളും (ലക്കം 2905) ശ്രദ്ധേയമായി. കേവലം ചിഹ്നങ്ങളിലും സാമുദായിക വികാരങ്ങളിലും അഭിരമിക്കുന്ന യൗവനത്തിന് കാലത്തെ അതിജയിക്കാനാവില്ല എന്ന മുഖക്കുറിപ്പിലെ നിരീക്ഷണം ചിന്തനീയമാണ്.

യൗവനത്തിന്റെ കരുത്തും കുതിപ്പും തേടുന്നു വിപ്ലവ പ്രസ്ഥാനമാണ് ഇസ്‌ലാം. എന്നാല്‍ കരുത്ത് തീവ്രതയായും കുതിപ്പ് ആക്രോശമായും മാറുമ്പോള്‍ അത് മതത്തിന് പരിക്കേല്‍പിക്കുന്നു. മതവിശ്വാസം 'മൂര്‍ഛിക്കു'മ്പോള്‍ മനുഷ്യത്വം മരവിച്ചുപോകുന്ന അവസ്ഥ പലരിലും കാണുന്നു. മതവിശ്വാസിയാകുന്നതോടെ മറ്റുള്ളവരെയെല്ലാം വിലയിരുത്താനും വിമര്‍ശിക്കാനും ബഹിഷ്‌കരിക്കാനും ഊരുവിലക്കാനും ശിക്ഷ വിധിക്കാനും ഓരോരുത്തര്‍ക്കും അധികാരവും അവകാശവുമുണ്ടെന്നാണ് സാധാരണ വിശ്വാസിയുടെ പോലും ധാരണ. അതുകൊണ്ടാണ് പരമ്പരാഗതമായി തങ്ങള്‍ വിശ്വസിച്ചുപോരുന്ന രീതിയിലല്ലാതെ ചില വ്യക്തികള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അതിനെ മുളയിലേ നുള്ളേണ്ടതും ഉന്മൂലനം ചെയ്യേണ്ടതും തങ്ങളുടെ കടമയാണെന്ന മട്ടില്‍ ആക്രമണ സന്നദ്ധരായി പുറപ്പെട്ടുവരുന്നത്. പ്രവാചകമതം സഹിഷ്ണുതയുടെ പാഠങ്ങളാണ് പഠിപ്പിക്കുന്നതെങ്കിലും അനുയായികള്‍ അസഹിഷ്ണുതയുടെ ആള്‍രൂപങ്ങളായി മാറുന്നു. നബിചര്യയുടെ ശാന്തതയല്ല, തങ്ങളുടെ ഉന്മാദാവസ്ഥയുടെ തീവ്രതയും ബഹളവുമാണവര്‍ക്ക് പഥ്യം. ഒരു ഭാഗത്ത് കുരിശു തീവ്രവാദികളുടെ തെറ്റിദ്ധരിപ്പിക്കലുകളുടെ കടലലകള്‍ ഇസ്‌ലാമിനെതിരെ ഉയരുന്നുണ്ടെങ്കിലും അജ്ഞതയും അസഹിഷ്ണുതയും മാത്രം കൈമുതലായി കൊണ്ടുനടക്കുന്ന ചില അനുയായികളുടെ അപക്വമായ സമീപനങ്ങളും ഇസ്‌ലാമിന്റെ മേല്‍ തെറ്റിദ്ധാരണകളുടെ പാറക്കെട്ടുകള്‍ വന്നടിയാന്‍ കാരണമായിട്ടുണ്ട്. ഇസ്‌ലാമിനെതിരെയും പ്രവാചകനെതിരെയും ലോകത്തെവിടെയെങ്കിലും ആരെങ്കിലും ചുണ്ടനക്കിയാല്‍ മതി അതിനെതിരെ ചാടിപ്പുറപ്പെടേണ്ടതും അടിച്ചൊതുക്കേണ്ടതും തങ്ങളുടെ ബാധ്യതയാണെന്ന വിശ്വാസവുമായി നടക്കുന്നവരാണ് ഇസ്‌ലാമിനും പ്രവാചകനും ഏറ്റവും വലിയ ആഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. മതം കുത്തകയാക്കി വെക്കുന്നവര്‍ മതത്തിന്റെ വിശാലതക്കാണ് പൂട്ട് ഇടുന്നത്. ആര്‍ക്കും കയറിച്ചെന്ന് അന്വേഷിക്കാനും അനുഭവിക്കാനും ആശ്ലേഷിക്കാനും വിലയിരുത്താനും വിമര്‍ശിക്കാനും നിഷേധിക്കാനുമെല്ലാം സ്വാതന്ത്ര്യം നല്‍കുന്ന വിശാലത പുലര്‍ത്താത്ത കാലത്തോളം മതം കൂമ്പടഞ്ഞുപോവുകയേയുള്ളൂ.

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

ഫ്രീക്കന്‍ യുവത്വം മറന്നു പോവുന്നത്

മീര്‍ വടുതല എഴുതിയ 'ആദര്‍ശം പൂത്തുലഞ്ഞ യൗവനങ്ങള്‍' എന്ന ലേഖനം (ലക്കം 2905) ഹൃദയത്തോട് സംസാരിക്കുന്ന ശൈലിയായിരുന്നു.

കാലത്തിന്റെ കുത്തൊഴുക്കില്‍ നിലതെറ്റിപ്പോവുന്നുണ്ട് പുതുതലമുറക്ക് പലപ്പോഴും. പ്രകടനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവുന്നു 'ഫ്രീക്കന്‍ യുവത്വ'ത്തിന്റെ ഇസ്‌ലാം. ആത്മീയതയുടെ തുരുത്ത് നമ്മില്‍ നിന്ന് അകന്നുപോവുന്നു.

മറ്റാരുടെയും തണല്‍ കിട്ടാത്ത ദിനം തന്റെ മാര്‍ഗത്തില്‍ യുവത്വം സമര്‍പ്പിച്ചവന് ദൈവം തണലേകുമെന്ന് പ്രവാചകന്‍. ഓരോ മനുഷ്യനും ആയുസ്സിലെ ആ കൊതിപ്പിക്കുന്ന വര്‍ണത്തെപ്പറ്റി ചോദ്യം ചെയ്യപ്പെടും. യുവത്വത്തിനാവശ്യം ചില തിരിച്ചറിവുകളാണ്. മരണം സുനിശ്ചിതമല്ലോ. എങ്കില്‍ വല്ലതും ബാക്കിയാക്കി മടങ്ങുന്നതല്ലേ നല്ലത്. ദൈവമാര്‍ഗത്തില്‍ ത്യാഗം വരിക്കാനുള്ള ചങ്കൂറ്റവും സ്വന്തത്തെ സമര്‍പ്പിക്കാനുള്ള ഉള്‍ക്കരുത്തുമുണ്ടെങ്കില്‍ നമ്മുടെ യൗവനവും നന്മ പൂക്കുന്ന വസന്തമാവും.

ഹുസ്‌ന മുംതാസ്, അല്‍ജാമിഅ ശാന്തപുരം

മീര്‍ വടുതല എഴുതിയ 'ആദര്‍ശം പൂത്തുലയുന്ന യൗവനം' എന്ന ലേഖനം (ലക്കം 2905) ഹൃദ്യമായ വായനാനുഭവമായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ മാതൃകാ യൗവനങ്ങള്‍ പരിചയപ്പെടാന്‍ ആ എഴുത്ത് ഉപകരിച്ചു. പുതിയകാലത്തെ യൗവനത്തിനും മാതൃക ഇസ്‌ലാമിക ആദര്‍ശത്തില്‍ പൂത്തുലഞ്ഞ ആ ജീവിതങ്ങള്‍ തന്നെയാണ്. മറ്റു മാതൃകകള്‍ തേടിപ്പോകുമ്പോഴാണ് വിപ്ലവ യൗവനത്തിന് ആദര്‍ശം നഷ്ടപ്പെടുന്നത്.

കെ.എം റസിയ ചൊക്ലി

ഒരേ വേദിയിലെ മുജാഹിദ്-ജമാഅത്ത് പ്രഭാഷണ പരമ്പര

ബ്ദുസ്സലാം സുല്ലമിയുമായുള്ള പ്രബോധനത്തിലെ അഭിമുഖം വായിച്ചപ്പോള്‍ ഓര്‍മയില്‍ ഓടിയെത്തിയ ഒരു പഴയ കാല സംഭവമാണിവിടെ കുറിക്കുന്നത്.

1956-ലെ റബീഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെ കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി ജിന്നാ നഗറില്‍ നടത്തപ്പെട്ട പ്രസംഗ പരമ്പരയില്‍ ഒരേ വേദിയിലെ രണ്ടു പ്രഭാഷകരായിരുന്നു മര്‍ഹൂം എടവണ്ണ അലവി മൗലവിയും മര്‍ഹൂം ഇസ്സുദ്ദീന്‍ മൗലവിയും. അക്കാലത്ത് കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് മുജാഹിദ് പ്രസ്ഥാനത്തെ പറ്റി കേട്ടറിവുപോലുമുണ്ടായിരുന്നില്ല. 'ഓഹ്ഹാബികളെ'ന്ന ഒരു കൂട്ടം 'തീവ്രവാദികളെ'പ്പറ്റിയുള്ള വികലമായ അറിവു മാത്രമാണ് ഉണ്ടായിരുന്നത്. ഞാനുള്‍പ്പെടെ ജമാഅത്തെ ഇസ്‌ലാമിയുടെ ഏതാനും അനുഭാവികള്‍ മാത്രമല്ലാതെ വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങളോ വൃത്തങ്ങളോ ഉണ്ടായിരുന്നില്ല.

മൗലവിമാര്‍ ഇരുവരും ഒരേ വേദിയില്‍ ഓരോ മണിക്കൂര്‍ വീതം എല്ലാ ദിവസവും ഇസ്‌ലാമിന്റെ വിവിധ വശങ്ങളെ പരിചയെപ്പടുത്തി സംസാരിച്ചിരുന്നു. ഖണ്ഡനമോ എതിര്‍വാദമോ ഒന്നുംതന്നെ ഇരുവരില്‍ നിന്നും ആര്‍ക്കും കേള്‍ക്കാനിടയായില്ല. ഇസ്‌ലാമിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന ആദ്യാനുഭവമായിരുന്നു ശ്രോതാക്കള്‍ക്ക്. ഒരാളുടെ പ്രഭാഷണത്തിന്റെ പൂരണമോ വിശദീകരണമോ ആയിട്ടായിരുന്നു അടുത്ത ആളുടെ പ്രഭാഷണം. നര്‍മോക്തികള്‍ ഇടക്ക് കൊരുത്തുകൊണ്ടുള്ള ഇസ്സുദ്ദീന്‍ മൗലവിയുടെ പ്രഭാഷണവും അളന്നു മുറിച്ചുള്ള വാക്കുകളില്‍ നിര്‍ത്തി നിര്‍ത്തിയുള്ള അലവി മൗലവിയുടെ പ്രഭാഷണവും മുഴുവനും ശ്രവിച്ചിട്ടേ സദസ്സ് പിരിഞ്ഞുപോയിരുന്നുള്ളൂ.

വാടാനപ്പള്ളിക്കാരനായ ഒരു ജമാഅത്തുകാരന്‍ അബു സാഹിബാണ് ഇരുവരെയും കാഞ്ഞിരപ്പള്ളിയില്‍ പ്രഭാഷണത്തിന് ഏര്‍പ്പാടാക്കിയത്. ആ പ്രഭാഷണ പരമ്പരയില്‍ വെച്ചാണ് ഇസ്സുദ്ദീന്‍ മൗലവിയുമായി ഞാനടക്കമുള്ളവര്‍ ബന്ധപ്പെട്ടത്. അന്നത്തെ ജമാഅത്ത് കേന്ദ്രമായ എടയൂരില്‍ സ്ഥാപക അമീര്‍ ഹാജി സാഹിബിന്റെ അടുത്ത് ഞങ്ങളെ എത്തിക്കുന്നതിന് ഹേതുവായതും ആ പ്രഭാഷണ പരമ്പരയാണ്.

കെ.പി.എഫ് ഖാന്‍ ചേനപ്പാടി

ഇബാദത്തിന്റെ അര്‍ഥവും അബുസ്സ്വലാഹ് മൗലവിയുടെ ഡിക്ഷനറിയും

എ. അബ്ദുസ്സലാം സുല്ലമിയുടെ ലേഖനത്തില്‍ (വാള്യം 72, ലക്കം 3) പരാമര്‍ശിച്ചത് പോലെ അക്കാദമിക മികവും അധ്യാപന യോഗ്യതയും തികഞ്ഞവര്‍ മറ്റൊരു സംഘടനക്കാരന്‍ ആയാല്‍ പോലും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്സ് ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപന നടത്തിപ്പുകാര്‍ക്ക് തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. അധ്യാപകരുടെ കാര്യത്തില്‍ മാത്രമല്ല, വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്ന കാര്യത്തിലും കേരളത്തിലെ മുജാഹിദ് സ്ഥാപനങ്ങള്‍ പുലര്‍ത്തുന്ന ചതുര്‍ഥി ജമാഅത്തിനുണ്ടായിരുന്നില്ല എന്നതാണ് നേരനുഭവം. അറിവിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിടുകയും വിധിതീര്‍പ്പുകള്‍ പഠിതാക്കളുടെ ത്യാജ ഗ്രാഹ്യ ബുദ്ധിക്ക് വിടുകയും ചെയ്യുക എന്നതല്ലാതെ ജമാഅത്ത് പ്രതിനിധാനം ചെയ്യുന്ന ആദര്‍ശം അടിച്ചേല്‍പിക്കുന്ന രീതി അവിടങ്ങളില്‍ അന്യമായിരുന്നു. എണ്‍പതുകളില്‍ പ്രമുഖ മുജാഹിദ് പണ്ഡിതനായ അബുസ്സ്വലാഹ് മൗലവി ചേന്ദമംഗല്ലൂരില്‍ ഞങ്ങളുടെ അധ്യാപകനായിരുന്നു. ഫറോക്ക് റൗളത്തില്‍ നിന്ന് പിരിഞ്ഞപ്പോള്‍ അദ്ദേഹത്തെ ചേന്ദമംഗല്ലൂരിലേക്ക് കൊണ്ടുവന്നത് സ്ഥാപന മേധാവി ജമാഅത്ത് അമീര്‍ കൂടിയായ കെ.സി അബ്ദുല്ല മൗലവിയായിരുന്നു എന്നത് കൗതുകകരമായി തോന്നിയിരുന്നു.

ഇന്ന് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സാരഥ്യം വഹിക്കുന്ന സി.പി ചെറിയ മുഹമ്മദ്, കെ.ടി ജലീല്‍, നാസറുദ്ദീന്‍ എളമരം എന്നിവര്‍ ആ കാലത്ത് ചേന്ദമംഗല്ലൂരില്‍ വിദ്യാര്‍ഥികളായിരുന്നു. അബുസ്സ്വലാഹ് മൗലവി, ചേന്ദമംഗല്ലൂരില്‍ അധ്യാപകനായിരിക്കെ രചിച്ച 'ഖുര്‍ആന്‍ നിഘണ്ടു'വിന്റെ പണിപ്പുരയില്‍ വിദ്യാര്‍ഥിയായ ഈയുള്ളവനും പങ്കാളിയായിരുന്നു. ഖുര്‍ആനില്‍ വന്ന പദങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഒരു ഡിക്ഷണറി മലയാളത്തില്‍ ആദ്യത്തേതായിരുന്നു. ജമാഅത്ത് - മുജാഹിദ് നേതാക്കള്‍ 'ഇബാദത്തി'ന്റെ അര്‍ഥ വ്യത്യാസങ്ങളില്‍ പരസ്പരം കത്തിക്കയറുന്ന കാലമായിരുന്നു അത്. പ്രസ്തുത കൃതിയില്‍ 'ഇബാദത്ത്' എന്ന പദത്തിന് മൗലവി അനുസരണം, ആരാധന, കീഴ്‌വണക്കം എന്നിങ്ങനെ അര്‍ഥം രേഖപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ തെല്ലൊന്നു ശങ്കിച്ചു നിന്നു. എന്റെ മുഖത്ത് അമ്പരപ്പ് വായിച്ച മൗലവി പറഞ്ഞത് ഇബാദത്തിന് മൗദൂദി പറഞ്ഞ അര്‍ഥം ആണ് ശരി എന്നും അതിനെ വിമര്‍ശിക്കുന്നവര്‍ 'കാലിന്റെ ചുവപ്പ് മാറാത്ത' കുട്ടികള്‍ ആണെന്നുമായിരുന്നു. മൗലവി തന്ന 'അനുസരണ'ത്തോട് കൂടിയുള്ള 'ഖുര്‍ആന്‍ നിഘണ്ടു' ഒരു നിധി പോലെ ഇന്നും സൂക്ഷിക്കുന്നു. അതിന്റെ പുതിയ ഒരു കോപ്പി അന്വേഷിച്ച് നടന്നപ്പോള്‍ ഒരു പ്രസിദ്ധീകരണാലയത്തിലും കിട്ടാനില്ല. ഔട്ട് ഓഫ് പ്രിന്റ് ആണത്രേ!

ബഷീര്‍ ഉളിയില്‍

സ്വാമിയുടെ ഖുര്‍ആന്‍ വായനകള്‍

സൂറ അല്‍ ഫാത്തിഹയിലെ ഓരോ പദത്തിന്റെയും അവസാനിക്കാത്ത അറിവിലേക്ക് വാതില്‍ തുറക്കുന്നതായി സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ 21 ലക്കങ്ങളിലായി എഴുതിയ ലേഖനങ്ങള്‍. ഈ ഖുര്‍ആന്‍ വായന വൈകാതെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ഖുര്‍ആന്റെ വിവിധ പ്രമേയങ്ങളെ പരിചയപ്പെടുത്തുന്ന സ്വാമിയുടെ വായനാനുഭവ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.

മുഹ്‌സിന്‍ അലി മട്ടാഞ്ചേരി

ളരെ കാലമായി പ്രബോധനം വാരികയുടെ വായനക്കാരിയാണ് ഞാന്‍. 'ഒരുഹിന്ദു സന്യാസി ഖുര്‍ആന്‍ വായിക്കുന്നു' എന്ന തലക്കെട്ടിലെ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ആഖ്യാനങ്ങള്‍ ഹൃദ്യമായ വായനാനുഭവമായിരുന്നു. ഏതൊരാള്‍ക്കും ലളിതമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ആഖ്യാനം.  സ്വാമിക്കും പ്രബോധനത്തിനും അഭിനന്ദനങ്ങള്‍.

ബിന്ദു പി. ശാസ്ത്രി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /38
എ.വൈ.ആര്‍