വര്‍ത്തമാനകാല സമൂഹത്തിന്റെ വിത്തും വേരും പേറുന്നു ചരിത്രം
ബദ്‌റും സമകാലിക മുസ്‌ലിം ലോകവും-1
ചരിത്രം വെറും ഭൂത കാലത്തെ സംബന്ധിച്ച സ്മൃതി മാത്രമല്ല. വര്‍ത്തമാന കാല സമൂഹത്തിന്റെ വിത്തും വേരും പേറുകയും, ഭാവിയെ സംബന്ധിച്ച ദിശാസൂചിക നല്‍കുകയും ചെയ്യുന്ന അറിവിന്റെ അക്ഷയ ഖനിയാണത്. ഈ തിരിച്ചറിവുള്ള ജാഗ്രത്തായ സമൂഹത്തിന്നു അവരുടെ നിലവിലെ അവസ്ഥ വിശകലനം ചെയ്യാനും ഭാവിയെ രൂപപ്പെടുത്താനും സഹായിക്കുന്ന ഒരുത്തമ പാഠശാലയാണ് ബദ്ര്‍ യുദ്ധം. അതുകൊണ്ടുതന്നെയാണ് വിശുദ്ധഖുര്‍ആന്‍ ചരിത്രം പരാമര്‍ശിക്കുന്നിടങ്ങളിലെല്ലാം 'സൂക്ഷ്മതയുള്ളവര്‍ക്കും ചിന്തിക്കുന്നവര്‍ക്കും അതില്‍ പാഠങ്ങള്‍ ഉണ്ട്' (22:46; 29:35; 12:111; 79:26 ) എന്ന് നിരന്തരമായി ഉണര്‍ത്തുന്നത്. ഇസ്‌ലാമാണോ ജാഹിലിയ്യത്താണോ അതിജീവിക്കേണ്ടതും നശിക്കേണ്ടതും എന്നത് തന്നെയായിരുന്നു ബദ്‌റില്‍ ഉയര്‍ത്തപ്പെട്ട ചോദ്യം. ആ നിലക്ക് തന്നെയാണ് മക്കയിലെ മുശ്‌രിക്കുകളും മദീനയിലെ വിശ്വാസികളും അല്ലാത്തവരുമായ സമൂഹവും വിശുദ്ധഖുര്‍ആന്‍ തന്നെയും അതിനെ കണ്ടത്. അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള മക്കാ സൈന്യത്തിന് അബു സുഫ്‌യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘം സുരക്ഷിതരാണ് എന്ന് യുദ്ധത്തിന് മുമ്പേ അറിയാമായിരുന്നു. സൈന്യത്തിലെ അഖ്‌നസു ബിന്‍ ശരീക്കും സുഹ്‌റ ഗോത്രവും പിന്നീട് പിന്‍വാങ്ങിയിട്ടും, ഉത്ബ പിന്‍വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടും യുദ്ധവുമായി മുന്നോട്ടുപോകുവാന്‍ തുനിഞ്ഞത് ഇസ്‌ലാമിനെയും മദീനയില്‍ രൂപപ്പെട്ട കൊച്ചു ഇസ്‌ലാമിക രാഷ്ട്രസമൂഹത്തെയും മുളയിലേ നുള്ളാനുള്ള സുവര്‍ണാവസരം എന്ന് കരുതിയാണ്. അവരുടെ വീക്ഷണത്തില്‍ ജാഹിലിയ്യത്ത് ആയിരുന്നു അതിജീവനം അര്‍ഹിച്ചിരുന്നത്; ഇസ്‌ലാം നശിപ്പിക്കപ്പെടേണ്ടതും.
മദീനയിലെ ഭരണാധികാരത്തിന്റെ കിരീടം സ്വപ്‌നം കണ്ടു നടന്നിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യുബിനു സുലൂലും സംഘവും ജൂതസമൂഹവും നിഷ്പക്ഷതയുടെ മുഖാവരണമണിഞ്ഞ്, മുഹമ്മദും മുസ്‌ലിംകളും ശക്തരായ മക്കാ സൈന്യത്തിന്റെ ആദ്യ അടിയുടെ ആഘാതത്തില്‍ നിലംപരിശായി കാണുവാന്‍ നോമ്പ് നോറ്റിരിക്കുകയായിരുന്നു. മുസ്‌ലിംകളാവട്ടെ ഇനിയും പിച്ചവെച്ചിട്ടില്ലാത്ത നിരവധി സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷിതത്വ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന തങ്ങളുടെ നവജാത രാഷ്ട്രത്തിനു മേല്‍ തല്‍പര കക്ഷികള്‍ അടിച്ചേല്‍പിക്കുന്ന ഈ യുദ്ധത്തെ പ്രാപഞ്ചിക സത്യത്തിന്റെ മാനുഷിക മുഖമായ ഇസ്‌ലാമിന്റെയും ഇസ്‌ലാമിക രാഷ്ട്രത്തിന്റെയും അതിജീവന സാധ്യതയുടെ അവസരമായാണ് കണ്ടത്. അതാണ് യുദ്ധം ആസന്നമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ലോകം ഇപ്പോഴും പരിചയിച്ചിട്ടില്ലാത്ത പങ്കാളിത്ത ജനായത്തത്തിന്റെ ഉദാത്ത മാതൃകയെന്നോണം കൂടെയുള്ള മുഴുവന്‍ അനുയായികളെയും വിളിച്ചുകൂട്ടി പ്രവാചകന്‍ അന്‍സ്വാറുകളും മുഹാജിറുകളുമാകുന്ന ഓരോ വിഭാഗത്തിന്റെയും നിലപാട് അന്വേഷിച്ചതില്‍ നിന്നും മിഖ്ദാദുബിന് അംറിന്റെയും സൈദ്ബിനു മുആദിന്റെയും ഉത്തരങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. വിശുദ്ധ ഖുര്‍ആനും ഈ യുദ്ധത്തെ അതിജീവനത്തിന്റെ തലത്തില്‍ നിന്ന് തന്നെയാണ് നോക്കിക്കണ്ടത്. അതുകൊണ്ടാണ് ബദ്ര്‍ യുദ്ധത്തെകുറിച്ച് വിശുദ്ധ ഖുര്‍ആന്‍ 'നശിക്കേണ്ടവര്‍ വ്യക്തമായ തെളിവോടു കൂടി നശിക്കുന്നതിന്നും അതിജീവിക്കേണ്ടവര്‍ വ്യക്തമായ തെളിവോടു കൂടി അതിജീവിക്കേണ്ടതിന്നുമത്രേ അത്' ( വി. ഖു. 8:42) എന്ന്പറഞ്ഞത്.
ബദ്ര്‍ യുദ്ധം ഹിജ്‌റയുടെ സ്വാഭാവിക തുടര്‍ച്ചയായിരുന്നു. അതുകൊണ്ട് തന്നെ ബദ്ര്‍ യുദ്ധത്തെ പ്രവാചക ജീവിതത്തെ 360 ഡിഗ്രിയില്‍ കണ്ടുകൊണ്ട് വിലയിരുത്തുമ്പോഴേ പ്രവാചകന്റെ ലോക വീക്ഷണത്തെയും സ്ട്രാറ്റെജിക് ആയ ചിന്തയേയും ദീര്‍ഘദൃഷ്ടിയെയും ആസൂത്രണപാടവത്തെയും നേതൃശേഷിയേയും ഒക്കെ മനസ്സിലാക്കിക്കൊണ്ട് വിലയിരുത്താനും വിശകലന വിധേയമാക്കാനും സാധിക്കൂ. മാത്രവുമല്ല, പ്രവാചകന്‍ ബദ്‌റിനു മുമ്പ് ചെയ്ത കാര്യങ്ങള്‍ ബദ്‌റില്‍ ഏറെ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. അത് തന്നെയാണ് പ്രവാചകന്‍ നുബുവ്വത്തിന്റെ പത്താം വര്‍ഷം മുതല്‍ ആസൂത്രണം ചെയ്തുവരികയായിരുന്ന രണ്ടാം ഹിജ്‌റയുടെ ചരിത്രവും സൂചിപ്പിക്കുന്നത്. ഹിജ്‌റയില്‍ പലായനത്തിന്റെ ആകസ്മികതയല്ല, മറിച്ചു ജീവിക്കുവാനും വിശ്വസിക്കുവാനും വിശ്വസിക്കുന്ന കാര്യം പ്രചരിപ്പിക്കുവാനും ഉള്ള സ്വാതന്ത്ര്യമില്ലാത്ത പശ്ചാത്തലത്തില്‍ നിന്ന് അനുയായികളെയും കൊണ്ട് മറ്റൊരിടത്തേക്ക് കൂട്ടമായി കുടിയേറാനുള്ള ആസൂത്രണമാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്.
വാര്‍ത്താ മാധ്യമങ്ങളും വിവരസാങ്കേതിക വിദ്യകളും ഇല്ലാത്ത കാലമായിരുന്നെങ്കിലും കണ്ണും കാതും തുറന്നുവെച്ച പ്രവാചകന്‍ സമീപത്തും വിദൂരത്തുമുള്ള നാടുകളെ സംബന്ധിച്ച് പഠിക്കുകയും വിവരങ്ങള്‍ സമാഹരിക്കുകയും ചെയ്തിരുന്നു. ഓരോ ഓപ്ഷനെ സംബന്ധിച്ചും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, തന്ത്രപ്രാധാന്യ തലങ്ങളില്‍ നിന്ന് പ്രവാചകന്‍ വിശകലന വിധേയമാക്കിക്കാണണം. പ്രവാചകത്വത്തിന്റെ തുടക്കം മുതലേ നബി കൃത്യമായ ഒരു ലോകവീക്ഷണം പുലര്‍ത്തിയിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. പ്രവാചകത്വത്തിന്റെ മൂന്നു വര്‍ഷംപൂര്‍ത്തിയാക്കുമ്പോള്‍ അയല്‍ നാട്ടില്‍ നടന്ന പേര്‍ഷ്യ-റോമ യുദ്ധത്തിനു നേരെ എടുത്ത നിലപാടില്‍ നിന്ന് അതാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അഞ്ചാം വര്‍ഷം ആകുന്നതിനുമുമ്പ് തന്നെപ്രവാചകന്‍ മറ്റു നാടുകളിലേക്ക ്കുടിയേറുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞുതുടങ്ങിയിരുന്നു. അതിന്റെ സൂചനയാണ് ആഫ്രിക്കന്‍ രാജ്യമായ അബ്‌സീനിയയിലേക്ക് തന്റെ അനുയായികളില്‍ പെട്ട 100 ഓളം പേരെ അയച്ചത്.
ആ രാജ്യത്തെ ഭരണ വ്യവസ്ഥയെയും ഭരണാധികാരിയായ നേഗസ് രാജാവിനെയും കുറിച്ചും നബിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. നബി തന്റെ അനുയായികളെ അബ്‌സീനിയയിലേക്ക് അയക്കുമ്പോള്‍ നേഗസ് രാജാവിനെ കുറിച്ചു പറഞ്ഞ കാര്യം അതാണ് വ്യക്തമാക്കുന്നത്. എന്തിനേറെ പറയുന്നു, ആദ്യത്തെ അബ്‌സീനിയ കുടിയേറ്റത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ രണ്ടാമത്തെ കുടിയേറ്റത്തിന്നുള്ള രാജ്യങ്ങളെകുറിച്ചുള്ള പഠനത്തിനും കുടിയേറ്റ പദ്ധതി ആവിഷ്‌കരണത്തിനും ഗൃഹപാഠം ചെയ്യാന്‍ നബി നന്നായി ഉപയോഗിച്ചിട്ടുണ്ട്. അതാണ് മദീനയിലേക്ക് ഹിജ്‌റ പോകുന്നതിനു മുമ്പ് തന്നെ രണ്ടു ഉടമ്പടികള്‍ ഉണ്ടാക്കിയതില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. നബി ചരിത്രം രചിച്ച പ്രശസ്ത ചരിത്രകാരന്‍ ഇബ്‌നു ഹിശാം സൂചിപ്പിച്ചത് പോലെ, നബി രണ്ടാം കുടിയേറ്റത്തിന്നു ചിന്തിച്ച രാജ്യങ്ങളുടെ പട്ടികയില്‍ റോമാ പോലും ഉണ്ടായിരുന്നു. അങ്ങനെയാണ്, രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും തന്ത്രപരവുമായ പ്രാധാന്യമുള്ള നാടും, തന്റെ ഉപാധികള്‍ അംഗീകരിക്കുന്ന ഒരു വലിയ ജനവിഭാഗം ഉള്ള സ്ഥലവും എന്ന പരിഗണനയില്‍ മദീനയെ രണ്ടാം ഹിജ്‌റയുടെ ലക്ഷ്യ സ്ഥലമായി നബി തെരഞ്ഞടുക്കാനും അവിടെ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചത്.
അബ്‌സീനിയയിലേക്കുള്ള ആദ്യ ഹിജ്‌റ തന്നെ വളരെയധികം തന്ത്രപ്രാധാന്യമുള്ള നീക്കമായിരുന്നു. മക്കയിലെ പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാത്രമല്ല അത് സഹായിച്ചത്. ലോകത്തിനു ആകമാനമായി ആഗതനായ പ്രവാചകനെ സംബന്ധിച്ച വിവരം പ്രവാചകത്വത്തിന്റെ തുടക്കത്തില്‍ത്തന്നെ അറേബ്യയുടെ അതിര്‍ത്തിക്കപ്പുറത്തു ചര്‍ച്ചയാക്കുന്നതിനും അത് സഹായിച്ചു. അതിലേറെയായിരുന്നിരിക്കണം മക്കയില്‍ അതുണ്ടാക്കിയ പ്രകമ്പനം. വെറും അഭയംതേടിയുള്ള കുടിയേറ്റം മാത്രമായിരുന്നില്ല അബ്‌സീനിയയിലെക്കുള്ള യാത്ര എന്നതിന്നുള്ള തെളിവാണ് ആ കുടിയേറ്റത്തിന് നേതാവായി നബി നിശ്ചയിച്ച വ്യക്തി. നബിക്ക് മക്കയില്‍ പിന്തുണയും അഭയവും നല്‍കിയിരുന്ന അബൂത്വാലിബിന്റെ മകന്‍ ജഅ്ഫര്‍ ആയിരുന്നു അത്. നബിക്ക് അഭയം നല്‍കിയിരുന്ന അബൂത്വാലിബ് സ്വന്തം മകന്നു അത് നിഷേധിക്കുക സാധ്യമോ സംഭാവ്യമോ അല്ല. അങ്ങനെ അബൂത്വാലിബിന്നു കീഴില്‍ ജഅ്ഫര്‍ എന്തെങ്കിലും തരത്തിലുള്ള അസ്വാതന്ത്ര്യമോ പീഡനമോ അനുഭവിച്ചതായി ചരിത്രം പറയുന്നുമില്ല. ഇവരില്‍ ആദ്യ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന, പിന്നീടുമക്കക്കാര്‍ പടച്ചുവിട്ട തെറ്റായ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തിരിച്ചു വന്ന അബ്ദുല്ലാഹി ബ്‌നു ജഹ്ശിന്റെ നേതൃത്വത്തിലുള്ള 12 പുരുഷന്മാരെയും 4 സ്ത്രീകളെയും രണ്ടാമത്തെ ഗ്രൂപ്പില്‍ ജഅ്ഫര്‍ ബ്‌നു അബീത്വാലിബിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന 83 അംഗ സംഘത്തിലെ ആളുകളെയും പഠിച്ചു നോക്കിയാല്‍ അവരൊക്കെയും മക്കയിലെ ഏറ്റവും പ്രബല കുടുംബങ്ങളില്‍ നിന്നും ഗോത്രങ്ങളില്‍ നിന്നും ഉള്ളവരായിരുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കും. അബ്ദുല്ലാഹിബിനു ജഹ്ശ്, സഅ്ദുബ്‌നു അബീവഖാസ്, ഉസ്മാനുബ്‌നു അഫ്ഫാന്‍, മിസ്അബ് ബ്‌നു ഉമൈര്‍, അബ്ദുര്‍റഹ്മാനിബ്‌നു ഔഫ്, സുബൈറുബ്‌നുല്‍ അവ്വാം, അബൂ സുഫ്‌യാന്റെ മകള്‍ ഉമ്മുഹബീബ, ഉതുബയുടെ മകന്‍ അബൂഹുദൈഫ തുടങ്ങിയ പ്രബല കുടുംബത്തിലെ അംഗങ്ങള്‍ വരെ അവരില്‍ ഉണ്ടായിരുന്നു. അത് സ്വാഭാവികമായും മക്കയില്‍ സൃഷ്ടിച്ചിരിക്കാവുന്ന അലയൊലികളും രാഷ്ട്രീയ സാമൂഹിക പ്രകമ്പനങ്ങളും ഊഹിക്കാവുന്നതേയുള്ളൂ. അത് തന്നെയായിരിക്കണം അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ മക്കക്കാര്‍ തൊട്ടുടനെ മുസ്‌ലിംകള്‍ക്ക് അഭയം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് നേഗസ് രാജാവിന്റെ അടുത്തേക്ക് അയച്ചതിന്റെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലവും.
അതോടൊപ്പം തന്നെ നബി സമാന്തരമായി മറ്റൊരു സമീപനവും സ്വീകരിച്ചിരുന്നു. അത് വിശ്വാസ നിരപേക്ഷമായി സഹകാരികളെ തേടുക എന്നതായിരുന്നു. ഇവിടെയാണ് നബി അബൂജഹ്‌ലിന്നും അബൂത്വാലിബിന്നും ഇടയില്‍ കല്‍പിച്ച വ്യത്യാസത്തിന്റെ മര്‍മം കുടികൊള്ളുന്നത്. അത് അബൂത്വാലിബില്‍ ഒതുങ്ങുന്നില്ല എന്നതാണ് വസ്തുത. അബ്‌സീനിയയിലെ നേഗസ് രാജാവിന്റെ സഹായം തേടുമ്പോള്‍ അദ്ദേഹം മുസ്‌ലിം ആയിട്ടുണ്ടായിരുന്നില്ല. വിശ്വാസികളായിരുന്നില്ലെങ്കിലും ബനൂഹാശിം ഗോത്രം ഏറക്കുറെ നബിയെ പിന്തുണച്ചിരുന്നു. അത് കൊണ്ടാണ് 'ശിഅബ് അബീത്വാലിബി'ല്‍ മറ്റുള്ളവരെല്ലാവരും കൂടി ബനൂഹാശിമിനെ ബഹിഷ്‌കരിക്കുവാന്‍ തീരുമാനിച്ചത്. ശിഅബ് അബീത്വാലിബ് ഉപരോധക്കാലത്തും പ്രവാചകന്‍ ഹിശാം ബ്‌നു അംറ് അല്‍ ആമിരി, ഹകീം ഇബ്‌നു ഹിസാം, അബുല്‍ ബുഖ്തറി പോലുള്ള ഇസ്‌ലാം മതവിശ്വാസികളല്ലാത്ത സഹകാരികളുടെ സഹായം സ്വീകരിച്ചിരുന്നു. അബ്‌സീനിയയിലേക്ക് പുറപ്പെട്ട അബൂബക്‌റിനു മക്കയില്‍ സംരക്ഷണം തന്റെ ഉത്തരവാദിത്തത്തില്‍ ഉറപ്പു നല്‍കിയ ഇബ്‌നുദ്ദുഗ്‌നയും മുസ്‌ലിം ആയിരുന്നില്ല. എന്തിനേറെ പറയുന്നു, അഖബ ഉടമ്പടിക്ക് മുസ്‌ലിംകളെ പ്രതിനിധീകരിച്ചത് അന്ന് മുസ്‌ലിം അല്ലാതിരുന്ന അബ്ബാസ് ബ്‌നു അബ്ദില്‍ മുത്ത്വലിബായിരുന്നു. ഹിജ്‌റ ചെയ്യുമ്പോള്‍ വഴികാട്ടിയായി സഹായിച്ചതും അബ്ദുല്ലാഹി ബ്‌നു ഉറൈഖത് എന്ന ഇസ്‌ലാം വിശ്വാസിയല്ലാതിരുന്ന വ്യക്തിയായിരുന്നു. മദീനയില്‍ തന്നെ ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ നബിയെ സ്വീകരിക്കുമ്പോള്‍ അവരില്‍ ബഹുഭൂരിപക്ഷവും സഹകാരികള്‍ ആയിത്തീര്‍ന്നിട്ടുണ്ടായിരുന്നെങ്കിലും അവര്‍ മുഴുക്കെ മുസ്‌ലിംകള്‍ ആയിട്ടുണ്ടായിരുന്നില്ല.
മദീനയില്‍ എത്തിയ ഉടനെ തന്നെ പ്രവാചകന്‍ ചെയ്തത് ഭരണകാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്‌ലാം മതവിശ്വാസികള്‍ അല്ലാതിരുന്ന അവിടുത്തെ ജൂത ഗോത്രങ്ങളുമായി കരാറുണ്ടാക്കുകയായിരുന്നു. അതോടൊപ്പം ജുഹൈന ഗോത്രവുമായി നിഷ്പക്ഷ കരാറും, സാമുറ, ബനൂമുദ്‌ലിജ ്‌ഗോത്രങ്ങളുമായി പ്രതിരോധ, സഹകരണ കരാറും ഉണ്ടാക്കി. ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് പ്രവാചകന്‍ മദീനയിലെത്തിയ ശേഷം, അദ്ദേഹം പ്രവാചകനാകുന്നതിന്നു മുമ്പ് മക്കയില്‍ വെച്ചു നേതൃ പങ്കാളിത്തത്തോടു കൂടി ചെയ്ത സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ച് പറഞ്ഞ കാര്യം. മക്കയില്‍ അക്രമവും അരാജകത്വവും വ്യാപിച്ചപ്പോള്‍ അന്ന ്പ്രവാചകന്‍ ആയിട്ടില്ലാതിരുന്ന, വെറും 20 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മുഹമ്മദിന്റെ നേതൃത്വത്തില്‍ അബ്ദുല്ലാഹിബ്‌നു ജദ്ആന്റെ വീട്ടില്‍ വെച്ച്, മക്കയിലെ അക്രമം അവസാനിപ്പിക്കുന്നതിനും നീതിയും സമാധാനവും നടപ്പാക്കുന്നതിനും വേണ്ടി മാന്യരും നന്മേഛുക്കളുമായ ആളുകള്‍ ചേര്‍ന്ന് മിനിമം കോമണ്‍ പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ ഒരു ഐക്യ കരാര്‍ ഉണ്ടാക്കുകയുണ്ടായി. ഹില്‍ഫുല്‍ ഫുദൂല്‍ എന്നാണു ഇത് ചരിത്രത്തില്‍ അറിയപ്പെടുന്നത്. പ്രവാചകന്‍ പറഞ്ഞു: ''ഇസ്‌ലാമിക കാലത്താണ് അതിനു വേണ്ടി വിളിക്കപ്പെടുന്നത്എങ്കിലും ഞാന്‍ അതിനു സന്നിഹിതനാകും.'' (ഇബ്‌നു ഹിശാം).
നമ്മുടെ ഇന്ത്യപോലുള്ള രാജ്യത്ത് അക്രമവും വര്‍ഗീയതയും അഴിമതിയും കോര്‍പ്പറേറ്റ് ദാസ്യവും വിവേചനവും അവസാനിപ്പിക്കുന്നതിനും, മനുഷ്യത്വവും നീതിയും സമാധാനവും കൊണ്ടുവരുന്നതിനും, മതനിരപേക്ഷമായി നന്മേഛുക്കളായ ആളുകളെ സംഘടിപ്പിച്ച് സങ്കുചിത സാമുദായികതക്ക് അതീതമായി ഒരു മിനിമം കോമണ്‍ പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ കരാറുണ്ടാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനുമുള്ള സാധ്യത ഈ നബിവചനം ഉള്‍ക്കൊള്ളുന്നുണ്ട്.
ഇത്രയും കാര്യങ്ങള്‍ പറഞ്ഞത് പ്രവാചക നീക്കത്തിന്നു പിന്നിലെ രാഷ്ട്രീയ ഉള്ളടക്കവും സ്ട്രാറ്റെജിക് ആയ ചിന്തയുടെ ആഴവും ലോക വീക്ഷണത്തിന്റെ വ്യാപ്തിയും വായനക്കാര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്. ഈ സ്വഭാവത്തിലുള്ള പ്രവാചകന്റെയും അനുയായികളുടെയും സ്ട്രാറ്റെജിക് ചിന്ത ഹിജ്‌റയും ബദ്‌റും ഉള്‍പ്പെടെയുള്ള പ്രവാചക ജീവിതത്തിന്റെ മുഴുമേഖലകളിലും കാണുവാന്‍ സാധിക്കും. നിര്‍ഭാഗ്യവശാല്‍ പ്രവാചകനെ അനുധാവനം ചെയ്യല്‍ താടി വളര്‍ത്തലിലും മുണ്ട് പൊക്കിയുടുക്കലിലും ഒക്കെ ഒതുക്കിയ സമുദായം അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ സ്ട്രാറ്റെജിക് ആയി ചിന്തിക്കുക എന്നത് ഒരു സുന്നത്ത് പോലുമായി കണ്ടില്ല. തീരെ വാര്‍ത്താ മാധ്യമങ്ങള്‍ ഇല്ലാതിരുന്ന, വിരല്‍ തുമ്പില്‍ ലഭിക്കാവുന്നത്ര ലോകം ഇത്രയും ചുരുങ്ങിയിട്ടുണ്ടായിരുന്നിട്ടില്ലാത്ത കാലത്ത് ജീവിച്ച പ്രവാചകനും അനുയായികള്‍ക്കും കൃത്യവും വ്യക്തവുമായ ഒരു ലോക വീക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ ഇസ്‌ലാമിക രാഷ്ട്രീയത്തില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട സമകാലിക മുസ്‌ലിം സമൂഹത്തിന് അന്താരാഷ്ട്രീയ തലങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഇസ്‌ലാമിക സമീപനം രൂപപ്പെടുത്താന്‍ പോലും സാധിക്കുന്നില്ല. സ്വന്തം നാട്ടിലും പ്രദേശങ്ങളിലും നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളുടെ നേരെ പോലും ഒരു ഇസ്‌ലാമിക സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ക്ക് ബോധ്യപ്പെടുന്നില്ല. പ്രവാചക ചര്യയുടെ സ്‌കോപ്പ് കേവലം ആരാധനാപരമായ കാര്യങ്ങളില്‍ ചുരുങ്ങിപ്പോയതാണ് ഇതിന് കാരണം.
തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലായി യസ്‌രിബ് നിവാസികളുമായി ഉണ്ടാക്കിയ രണ്ടു അഖബ ഉടമ്പടികളിലൂടെ കൃത്യമായ ഉപാധികളുടെ അടിസ്ഥാനത്തില്‍ മദീനയിലേക്ക് പ്രവാചകനും സംഘവും കുടിയേറുവാന്‍ തീരുമാനിക്കുന്നു. ഒരു നേതാവെന്ന നിലക്കു തന്റെ അനുയായികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന കൊടുക്കുന്ന പ്രവാചകനെയാണ് നമ്മുക്കിവിടെ കാണുവാന്‍ സാധിക്കുന്നത്. മുഴുവന്‍ അനുയായികളെയും മദീനയില്‍ സുരക്ഷിതമായി എത്തിച്ചതിനു ശേഷം മാത്രമാണ് പ്രവാചകനും അബൂബക്‌റും മദീനയിലേക്ക് യാത്ര പോകുന്നത്. ഇവിടെയാണ് തന്നെക്കാള്‍ തന്റെ അനുയായികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രവാചകനെ നാം കാണേണ്ടത്. ആ ഒരു മനസ്സ് പുലര്‍ത്തുന്ന നേതാവും നീതരും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും ഗാഢതയും ആഴവും തന്നെയാണ് നാം പ്രവാചകനും അനുയായികള്‍ക്കുമിടയില്‍ കാണുന്നത്. ഹിജ്‌റയുണ്ടാക്കുവാന്‍ പോകുന്ന രാഷ്ട്രീയ, സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ചു മക്കക്കാര്‍ ബോധവാന്‍മാരായത് കൊണ്ടാണ് എല്ലാ ഗോത്രങ്ങളില്‍ നിന്നും ഓരോ പ്രതിനിധിയെ ഉള്‍പ്പെടുത്തി അവര്‍ പ്രവാചകനെ ഹിജ്‌റ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് തന്നെ വധിക്കുവാന്‍ തീരുമാനിച്ചതും അതിന്നു വേണ്ടി ശ്രമിച്ചതും.
മദീനയിലെ അന്‍സ്വാറുകളുടെ നേതാവായ സഅ്ദുബ്‌നു മുആദ് ഉംറ ചെയ്യുവാന്‍ മക്കയില്‍ വന്നപ്പോള്‍ അബൂജഹ്‌ലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഭീഷണിയും അതിനു സഅദുബ്‌നു മുആദ് നല്‍കിയ മറുപടിയും സൂചിപ്പിക്കുന്നതും നബിയുടെയും അനുയായികളുടെയും മദീനയിലേക്കുള്ള ഹിജ്‌റക്ക് ശേഷം നടക്കുവാന്‍ പോകുന്ന മക്കയിലെ ഖുറൈശികളുടെ നേതൃത്വത്തിലുള്ള, മദീനക്കു നേരെയുള്ള ആക്രമണത്തെ തന്നെയാണ്. പ്രവാചകന്‍ ആഗതനാകുന്നതിനു മുമ്പ് മദീനയിലെ നേതാവായി കരുതപ്പെട്ടിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂലിനു മക്കയിലെ ഖുറൈശികള്‍ എഴുതിയ കത്തും ആ സൂചന പങ്കുവെക്കുന്നതാണ്. അതാണ് ബദ്‌റില്‍ കണ്ടത്. ഹിജ്‌റ ഉണ്ടാക്കുവാന്‍ പോകുന്ന രാഷ്ട്രീയമായ മാറ്റങ്ങളെ സംബന്ധിച്ചും തുടര്‍ന്ന് ഉണ്ടാകുവാന്‍ പോകുന്ന യുദ്ധങ്ങളെ സംബന്ധിച്ചും നബിയോടൊപ്പം അഖബാ ഉടമ്പടി സമയത്ത് ഉണ്ടായിരുന്ന, അപ്പോള്‍ അവിശ്വാസിയായിരുന്ന അബ്ബാസ് ബ്‌നു അബ്ദുല്‍ മുത്വലിബ് ബോധവാനായിരുന്നു. മുഴുവന്‍ അറബ് പ്രദേശത്തും ഹിജ്‌റയുണ്ടാക്കുവാന്‍ പോകുന്ന രാഷ്ട്രീയ, സാമൂഹിക പ്രത്യാഘാതങ്ങളെ സംബന്ധിച്ച് മദീനയില്‍ നിന്ന് വന്നവര്‍ പൂര്‍ണബോധ്യമുള്ളവരായിരുന്നു. മദീനയിലെ 72 അംഗ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സഅ്ദുബിനു സുറാറ 'പ്രവാചകനെയും അനുയായികളെയും മദീനയിലേക്ക് കൊണ്ട്‌പോകുന്നത് മുഴുവന്‍ അറബികളുടെയും ശത്രുത ക്ഷണിച്ചു വരുത്തും'എന്ന് പറഞ്ഞത് അതിലേക്കുള്ള സൂചനയാണ്. ആ സംഘത്തിലെ മറ്റൊരംഗം ആയ അബ്ബാസ് ബ്‌നു ഉബദത്തു ബ്‌നു നളുല, 'ലോകത്തിലെ കറുത്തവരും വെളുത്തവരുമായ എല്ലാ ജനവിഭാഗങ്ങളുമായി യുദ്ധം ചെയ്യേണ്ടി വരുന്ന ഒരു സാഹചര്യമാണ് ഹിജ്‌റയെ തുടര്‍ന്ന് ഉണ്ടാവുക' എന്ന് തന്റെ സംഘത്തെ ഉണര്‍ത്തുകയുണ്ടായി. നബിയെയും അനുചരന്മാരെയും മദീനയിലേക്ക് സ്വീകരിക്കുന്നത് ദേശീയവും അന്തര്‍ദേശീയവുമായ രംഗങ്ങളില്‍ ഉണ്ടാക്കുവാന്‍ പോകുന്ന മാറ്റത്തെ സംബന്ധിച്ച് അവരെല്ലാവരും ബോധവാന്മാരായിരുന്നു എന്നാണ് ഇത് കാണിക്കുന്നത്.
മദീനയിലെ നവജാത ഇസ്‌ലാമിക രാഷ്ട്രത്തെ തൊട്ടിലില്‍ വെച്ചുതന്നെ ഇല്ലായ്മ ചെയ്യുവാന്‍ ലക്ഷ്യം വെച്ചുള്ള മക്കയിലെ ഖുറൈശികളുടെ നേതൃത്വത്തിലുള്ള ആസന്നമായ ഒരു യുദ്ധത്തെ നബി(സ) പ്രതീക്ഷിച്ചിട്ടുണ്ടാവണം. അത് കൊണ്ട് കൂടിയാവണം മദീനയില്‍ എത്തിയ ഉടനെ പ്രവാചകന്‍ മദീനയുടെ സംരക്ഷണമെന്ന കൂട്ടുത്തരവാദിത്തം കൂടി ഉള്‍പ്പെടുത്തി ജൂതന്മാരുമായി മദീനാ ചാര്‍ട്ട് ഉണ്ടാക്കിയതും, നേരത്തെ പറഞ്ഞത് പോലെ ജുഹൈന ഗോത്രവുമായി നിക്ഷ്പക്ഷതാ കരാറും സമുറ, ബനൂമുദ്‌ലിജ് ഗോത്രങ്ങളുമായി പ്രതിരോധ സഹകരണ കരാറും ഉണ്ടാക്കിയതും. അതിന് പുറമേ നബി മദീനയിലെ വിശ്വാസികളെ സംബന്ധിച്ച് ഖുറൈശികളില്‍ ഭയം ഉണ്ടാക്കുന്നതിനും, മദീനയിലെ പാവങ്ങളായ സത്യവിശ്വാസികളുടെ മനോവീര്യവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിനും ചില നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. നബിയുടെ ഈ ദീര്‍ഘദര്‍ശനവും അതിനനുസരിച്ചുള്ള പ്ലാനിങ്ങും ബദ്ര്‍ യുദ്ധത്തിലെ വിജയത്തില്‍ വഹിച്ച പങ്കു ഊഹിക്കാവുന്നതേയുള്ളൂ.
രാഷ്ട്രീയമായ ഈ ദീര്‍ഘ ദര്‍ശനത്തിലും തദനുസൃതമായ ആസൂത്രണത്തിലും ആധുനിക മുസ്‌ലിം സമൂഹം വളരെയധികം പിന്നോക്കമാണ്. പ്രവാചകന്റെ ജീവിതത്തെ അതിലെ രാഷ്ട്രീയവും സാമൂഹികവുമായ ഉള്ളടക്കത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ഇസ്‌ലാമിനു പൂര്‍ണമായും അന്യമായ കേവല ആധ്യാത്മികതയില്‍ പരിമിതപ്പെടുത്തിയതാണ് ഇതിന്റെ പ്രധാന കാരണം. ലോകത്തെ ഒരു പ്രദേശത്തും കാണുവാന്‍ സാധിക്കാത്ത രൂപത്തില്‍ ഒരേ മതവും ഭാഷയും സംസ്‌കാരവും ചരിത്രവും ഭൂമിശാസ്ത്രവും പങ്കിടുന്ന ഭൂപ്രദേശമാണ് അറബ് മുസ്‌ലിം ജനത താമസിക്കുന്ന ഇടങ്ങള്‍. ആ ഐക്യത്തെ തകര്‍ത്ത് നെടുകെയും കുറുകെയും പിളര്‍ന്നു വെറും ലക്ഷങ്ങള്‍ മാത്രം ജീവിക്കുന്ന രാജ്യങ്ങളാക്കി അവയെ മാറ്റിയിരിക്കുകയാണിന്ന്. അവിടങ്ങളിലെല്ലാം ഏകാധിപതികളെ ഭരണാധികാരികളായി അവരോധിച്ച് ആഭ്യന്തര സംഘര്‍ഷത്തിന് വേണ്ടുന്ന ചേരുവകള്‍ കൃത്രിമമായി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൊലിപ്പിച്ച് ഏകാധിപത്യ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് കാവലിരിക്കുകയും, ജനഹിതത്തിനെതിരായി അവരുടെ സംരക്ഷണം ഇസ്‌ലാമിനോട് നിതാന്ത ശത്രുത പുലര്‍ത്തുന്ന അതേ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ തന്നെ ഏറ്റെടുക്കുകയും ചെയ്യുന്ന സാഹചര്യം ഉരുത്തിരിഞ്ഞത് അങ്ങനെയാണ്.
അമേരിക്കയും ബ്രിട്ടനുമാണ് മധ്യ പൗരസ്ത്യ ദേശത്തെ പ്രശ്‌നം എന്ന് ഏതു രാഷ്ട്രീയ നിരീക്ഷകനും സാധാരണക്കാരനും അറിയാവുന്ന വസ്തുതയാണ്; മക്കയിലെ ഖുറൈശികളെ സംബന്ധിച്ച് നബിക്കും സ്വഹാബത്തിന്നും ഉണ്ടായിരുന്ന തിരിച്ചറിവു പോലെ തന്നെ. നബി ആ പ്രശ്‌നത്തില്‍ നിന്ന് പുറത്തു കടന്നു ആ പ്രശ്‌നത്തെ എന്നന്നേക്കുമായി പരിഹരിക്കാനുള്ള മാര്‍ഗം ആരാഞ്ഞു. എന്നാല്‍ അറബ് ഭരണാധികാരികള്‍ പ്രശ്‌നത്തോട് തന്നെ പ്രശ്‌നത്തിന്റെ പരിഹാരം തേടുകയും, അതേ പ്രശ്‌നത്തോട് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്യുന്നു! മദീനയുടെ സംരക്ഷണത്തിന് അബൂജഹ്‌ലിനെയും അബൂലഹബിനെയും ഒക്കെ ആശ്രയിക്കുന്നത് നമുക്ക് ചിന്തിക്കാന്‍ സാധിക്കുമോ..?
ബദ്‌റിന്റെ പശ്ചാത്തലത്തില്‍ പ്രവാചകന്‍ ഭിന്ന വിരുദ്ധരായ മതവിശ്വാസികളെയും ഗോത്രങ്ങളെയും മദീനയില്‍ ഒന്നിച്ചുനിര്‍ത്തുകയായിരുന്നു.എന്നാല്‍ അതേ പ്രവാചകന്റെ ഒരേ മതത്തില്‍ വിശ്വസിക്കുന്ന ഒരേ ഭാഷ സംസാരിക്കുന്ന ഒരേ ചരിത്രം പങ്കിടുന്ന ഒരേ സംസ്‌കാരത്തിന്റെ വാഹകരായ മധ്യ പൌരസ്ത്യ ദേശത്തെ കൊച്ചു കൊച്ചു രാജ്യങ്ങള്‍, ആഗോള സാമ്രാജ്യത്വം മുസ്‌ലിം ലോകത്തെ വിഴുങ്ങാന്‍ വാ പിളര്‍ന്നു നില്‍ക്കെ പരസ്പരം കടിച്ചു കീറി സ്വയം നശിക്കുകയും നശിപ്പിക്കുകയുമാണ്. അയല്‍പക്ക രാജ്യങ്ങളില്‍ ജനായത്ത രൂപത്തില്‍ ഒരു ഇസ്‌ലാമിക മാറ്റം ഉണ്ടാകുന്നത് പോലും അട്ടിമറിച്ച് അവിടെ അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കുന്നു. അങ്ങനെ ജനായത്തത്തിലേക്കുള്ള മാറ്റം എന്നാല്‍ അരാജകത്വമാണ് എന്ന സമവാക്യം കൃത്രിമമായി ഉണ്ടാക്കി ആരോഗ്യകരമായ രാഷ്ട്രീയ മാറ്റങ്ങളെ മുളയിലേ നുള്ളി ഇല്ലാതാക്കുവാനും ശ്രമിക്കുന്നു. തങ്ങളുടെ നാട്ടിലെ സ്വേച്ഛാധിപത്യത്തിന്റെ അധികാര കസേരകളെ ആ രാഷ്ട്രീയ മാറ്റം ഇളക്കുമോ എന്ന മക്കയിലെ ഖുറൈശികള്‍ക്കു മദീനയെ സംബന്ധിച്ചുണ്ടായിരുന്ന അതേ ഭയം മാത്രമാണ് അതിന് പിന്നിലെ മനഃശാസ്ത്രം. ബദ്‌റില്‍ ഒരു ഭാഗത്ത് അണിനിരന്നത് നിസ്വാര്‍ഥരായ മുസ്‌ലിംകള്‍ ആയിരുന്നു. അവര്‍ക്ക് സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് അടിപ്പെട്ടിട്ടില്ലാത്ത അമുസ്‌ലിം വ്യക്തിത്വങ്ങളുടെയും ഗോത്രങ്ങളുടെയും ധാര്‍മിക പിന്തുണയും ലഭിച്ചിരുന്നു. മറുപക്ഷത്തു ഖുറൈശികള്‍ക്ക് സത്യവിശ്വാസത്തിന്റെ മുഖംമൂടി അണിഞ്ഞ അഞ്ചാംപത്തികളുടെ പിന്തുണയും ഉണ്ടായിരുന്നു. ഇന്നത്തെ മുസ്‌ലിം ലോകവും ഏറക്കുറെ അങ്ങനെയുള്ള ഒരു സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. ആകെ വ്യത്യാസം അധികാരവും ശക്തിയും അഞ്ചാംപത്തികളുടെയും, അവരെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശക്തികളുടെയും പക്ഷത്താണ് എന്നത് മാത്രമാണ്.
(തുടരും)
Comments