ഒന്നു കണ്ണുകൊടുക്കണേ, തൊട്ടപ്പുറത്തവര്‍ അത്താഴപ്പട്ടിണി കിടക്കുന്നുണ്ട്
ഇതര സംസ്ഥാന തൊഴിലാളികളുടെ നോമ്പ്
ഓരോ നോമ്പുതുറയും നമുക്ക് വലിയ ആഘോഷങ്ങളാണ്; പലര്‍ക്കും പുതിയ വിഭവങ്ങള്‍ കണ്ടെത്താനുള്ള പരീക്ഷണകാലവും. എന്നാല്‍ കേരളത്തിനപ്പുറത്തെ മുസ്‌ലിംകളുടെ നോമ്പുകാലം അലിവ് തോന്നേണ്ട കാഴ്ചയാണ്. 'അത്താഴപ്പട്ടിണി' എന്നത് മലയാളിക്ക് ഇന്നൊരു പ്രയോഗം മാത്രമാണ്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ വന്ന പല തൊഴിലാളികള്‍ക്കും നാട്ടിലെപോലെതന്നെ ഇവിടെയും മിക്കപ്പോഴും അത്താഴപ്പട്ടിണി തന്നെയാണ്. പേമാരിയും നോമ്പുകാലവും ഒന്നിച്ച് വന്നപ്പോള്‍ പലര്‍ക്കും ജോലിയില്ലാതായി. നോമ്പുതുറയും അത്താഴവും അരവയറില്‍ ഒതുക്കി. താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ അപ്പുറത്തെ വീട്ടില്‍നിന്ന് ഉയര്‍ന്നുവരുന്ന കൊതിയൂറും ഗന്ധം അവരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പന്ത്രണ്ടു വര്‍ഷമായി കേരളത്തിലുള്ള സദ്ദാം എന്ന ആസ്സാമുകാരനോട് നോമ്പും പെരുന്നാളുമായിട്ട് എന്താണ് നാട്ടിലേക്ക് പോകാത്തത് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: ''പന്ത്രണ്ടു വര്‍ഷത്തെ നോമ്പും പെരുന്നാളും ഇവിടെയാണ്. ആഘോഷങ്ങളില്ലാതെ കഴിഞ്ഞുപോയി. നാട്ടില്‍ പ്രായമായ ഉപ്പയും ഉമ്മയും എന്റെ ഭാര്യയും നാല് കുഞ്ഞുങ്ങളുമാണുള്ളത്. അവരുടെ കൂടെ ഒരു പെരുന്നാള്‍ എന്നത് എന്റെ മോഹമാണ്. അവര്‍ അത്താഴപ്പട്ടിണി കിടക്കാതിരിക്കാനാണ് ഞാന്‍ നാട്ടില്‍ പോകാതിരിക്കുന്നത്. ജോലി ചെയ്ത് കിട്ടുന്ന പണം അവര്‍ക്കയച്ചുകൊടുക്കുന്നുണ്ട്. നാട്ടില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്ന അമ്പത് രുപ ദിവസക്കൂലി കുടുംബത്തിന് പട്ടിണിയകറ്റാന്‍ തികയാതെ വന്നപ്പോഴാണ് കേരളത്തിലേക്ക് വന്നത്.'' ഇത്രയും പറഞ്ഞപ്പോഴേക്കും സദ്ദാമിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. 'നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്' എന്ന ചോദ്യത്തിന് സദ്ദാം ഉത്തരം പറഞ്ഞതിങ്ങനെ: ''കുടുംബത്തിന്റെ അത്താണിയായി ഞങ്ങള്‍ അധ്വാനിക്കുന്നുണ്ട്. അതുകൊണ്ട് പട്ടിണിയില്ല. പക്ഷേ, ഞങ്ങളുടെ മക്കള്‍ക്കിപ്പോഴും വിദ്യാഭ്യാസം നേടാന്‍ നാട്ടില്‍ വിദ്യാലയങ്ങളില്ല. കേരളത്തിലെ കുട്ടികളെല്ലാം സ്‌കൂളില്‍ പോവുന്നത് കാണുമ്പോള്‍ ഞങ്ങളുടെ പേരമക്കള്‍ക്കെങ്കിലും അതിനുള്ള ഭാഗ്യം ലഭിച്ചെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. അതുകൊണ്ട് ഇനി ഞങ്ങള്‍ക്ക് നാട്ടിലൊരു വിദ്യാഭ്യാസ കേന്ദ്രമാണ് വേണ്ടത്.'' ബിഹാറില്‍ നിന്നും അസമില്‍ നിന്നും ബംഗാളില്‍ നിന്നും തൊഴില്‍ തേടി നമ്മുടെ നാട്ടിലെത്തുന്നവരില്‍ തൊണ്ണൂറു ശതമാനവും മുസ്‌ലിംകളാണ്. ചോര്‍ന്നൊലിക്കുന്ന ചെറിയ ഷെഡുകളില്‍ അന്തിയുറങ്ങുമ്പോഴും റമദാനില്‍ മൂന്നുനേരവും കഞ്ഞിമാത്രം കുടിക്കുമ്പോഴും ഇവര്‍ പരിഭവവുമായി ആരെയും സമീപിക്കാറില്ല.
ഇല്ലായ്മകളിലും റമദാന്‍ അവരുടെ നാട്ടിലും സജീവതയുടെ കാലമാണ്. സ്വന്തം നാട്ടിലെ റമദാന്‍ കാലത്തെക്കുറിച്ച് ഒരു മറുനാടന്‍ തൊഴിലാളി പങ്കുവെച്ച അനുഭവത്തിന്റെ ചുരുക്കം വിവരിക്കട്ടെ: രാപ്പകലുകളില്‍ എല്ലാവരും പള്ളികളില്‍ സജീവമാകും. റമദാനിനെ വരവേല്‍ക്കാന്‍ ശഅ്ബാനില്‍ ബറാഅത്ത് രാവില്‍ തന്നെ എല്ലാവരും പള്ളിയില്‍ ഒരുമിച്ചുകൂടും. അത് പെരുന്നാള്‍ പോലെ 'ശബേ ബറാഅത്ത്' എന്ന പേരിലുള്ള ഒരു ആഘോഷമാണ്. ആ രാത്രിയില്‍, വരാനിരിക്കുന്ന നോമ്പിലെ തറാവീഹ് നമസ്‌കാരത്തിനുള്ള ഇമാമിന്റെ പേര് പരസ്യപ്പെടുത്തും. റമദാനുവേണ്ട ഒരുക്കങ്ങളെല്ലാം തുടങ്ങിവെക്കും.
റമദാന്‍ എത്തുന്നതോടെ അത്താഴത്തിന് മുമ്പ് തന്നെ പള്ളികളില്‍ ഖുര്‍ആന്‍ പാരായണം ആരംഭിക്കും. അതോടൊപ്പം പള്ളികളില്‍ നിന്ന് അത്താഴത്തിനുള്ള സമയം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും. രാത്രി നമസ്‌കാരങ്ങളില്‍ പള്ളികള്‍ സജീവമായിരിക്കും. പല പള്ളികളിലും മുപ്പത് ദിവസം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ ഒരാവൃത്തി പാരായണം ചെയ്തുതീര്‍ക്കും.
എല്ലാ ഇല്ലായ്മകള്‍ക്കിടയിലും പരസ്പര പങ്കുവെക്കലിന്റെ വേദിയായിരിക്കും പള്ളികളിലെ ഇഫ്ത്വാര്‍. വറുതി പിടിച്ച അടുക്കളകളില്‍ വേവിച്ചെടുത്ത ദാരിദ്ര്യത്തിന്റെ വിഭവങ്ങള്‍ ഓരോ വീട്ടുകാരും പള്ളിയില്‍ കൊണ്ടുവന്ന് സ്‌നേഹത്തിന്റെ തളികയില്‍ പരത്തി വെക്കും. ചിലര്‍ റൊട്ടിയുമായി, മറ്റു ചിലര്‍ മധുരവുമായി. എല്ലാം ശേഖരിച്ച് എല്ലാവരും ഒരുമിച്ചിരുന്ന് പരസ്പരം കൈമാറും. കേരളത്തിലെപ്പോലെ എല്ലാ വീടുകളില്‍ നിന്നും നോമ്പുകാലത്ത് മാത്രം ഉയര്‍ന്നുവരുന്ന രുചിയൂറുന്ന മണം അവിടെയില്ല. നാല്‍പത് ശതമാനം വരുന്ന ദരിദ്രരില്‍ പലര്‍ക്കും പച്ചവെള്ളവും റൊട്ടിയും തന്നെയാണ് റമദാന്‍ സ്‌പെഷല്‍.
കേരള മുസ്‌ലിംകളുടെ വേഷ-ഹാവ ഭാവങ്ങളില്‍ അത്ഭുതം കൂറുന്നു അസമില്‍ നിന്ന് വന്ന ഒരു തൊഴിലാളി. ഒരു മുസ്‌ലിമിന്റെ മതചിഹ്നങ്ങളെക്കുറിച്ച് അവര്‍ക്ക് ചില ധാരണകളുണ്ട്. അതു പക്ഷേ, കേരളത്തില്‍ കാണാനില്ല എന്ന് അവര്‍ പരിഭവപ്പെടുന്നു. തൊപ്പിയില്ലാത്ത നമസ്‌കാരം സ്വീകരിക്കപ്പെടില്ലെന്ന് വിശ്വസിക്കുന്നവരുണ്ട് അവരില്‍. പക്ഷേ, നമസ്‌കാരം നഷ്ടപ്പെടുത്തുന്നതിന്റെ ഗൗരവം അവര്‍ അറിയുന്നില്ല. അതുപോലെ പലരും നോമ്പെടുക്കുന്നില്ലെങ്കിലും തറാവീഹ് നമസ്‌കാരം ഉപേക്ഷിക്കുന്നത് വലിയ അപരാധമായി കാണുന്നു. നോമ്പുകാലത്ത് പോലും സാധാരണപോലെ തുറന്ന് വെക്കുന്ന ഹോട്ടലുകളും ചായക്കടകളുമാണ് ഇവരുടെ നാട്ടിലെ കാഴ്ചകള്‍. അതുകൊണ്ടുതന്നെ റമദാനില്‍ അടഞ്ഞുകിടക്കുന്ന കേരളത്തിലെ ഭക്ഷണ ശാലകളും ബേക്കറി കടകളും അവര്‍ക്ക് പുതിയ കാഴ്ചകളാണ്.
ഫിത്വ്ര്‍ സകാത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അതൊക്കെ അപൂര്‍വം ചിലര്‍ മാത്രം ചെയ്യുന്ന ഏര്‍പ്പാടാണെന്ന് ബംഗാളില്‍ നിന്നുള്ള ഒരു തൊഴിലാളി പറഞ്ഞു. അരവയര്‍ നിറച്ചും പലപ്പോഴും പട്ടിണി കിടന്നും ജീവിക്കുന്ന ആ നാട്ടില്‍ ഫിത്വ്ര്‍ സകാത്ത് കൊടുക്കുന്നവരുടെ എണ്ണം കുറയുന്നതില്‍ അത്ഭുതമില്ല. എങ്കിലും കൊടുക്കാന്‍ കഴിയുന്ന ഓരോ വീട്ടിലും കയറി അത് പിരിച്ചെടുക്കുവാന്‍ മഹല്ല് ഏല്‍പ്പിച്ച ഒരാളുണ്ട്. അദ്ദേഹം പിരിച്ചെടുത്ത് സര്‍ദാറി(പള്ളി പ്രസിഡന്റ്) ന്റെ വീട്ടില്‍ കൊണ്ടുപോയി സംഭരിക്കും. പക്ഷേ പെരുന്നാള്‍ നമസ്‌കാര ശേഷം മാത്രമേ ഫിത്വ്ര്‍ സകാത്ത് വിതരണം ആരംഭിക്കുകയുള്ളൂ. ശേഖരിച്ചതില്‍ 75 ശതമാനവും ദീനീ മദാരിസുകള്‍ക്ക് വേണ്ടി മാറ്റിവെക്കും. ബാക്കിവരുന്ന 25 ശതമാനം കൊണ്ട് 40 ശതമാനം ദരിദ്രര്‍ക്കാണ് വിതരണം ചെയ്യുന്നത്. ഓരോരുത്തര്‍ക്കും അഞ്ച് രൂപയും ആറ് രൂപയുമൊക്കെയാണ് ഫിത്വ്ര്‍ സകാത്ത് വിഹിതമായി ലഭിക്കുന്നത്.
എന്നാല്‍ നാട്ടിലെയും ജോലിയിടത്തിലെയും എല്ലാ പരാധീനതകള്‍ക്കിടയിലും മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് ശാന്തപുരത്ത് എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു, കേരളത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ശാന്തപുരം ഞങ്ങള്‍ക്ക് സ്വന്തം നാടു പോലെ ഇഷ്ടമാണ്. ശാന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ ഖുത്വ്ബ നിര്‍വഹിക്കുന്ന ഒരു പള്ളിയുണ്ട്. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ക്കായി ഒരു മഹല്ലുണ്ട്. കഴിഞ്ഞ വര്‍ഷം ഇവിടെ മുപ്പത് ദിവസത്തെ ഇഫ്ത്വാറിന് ഒരു സന്നദ്ധ സംഘടന വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കികൊടുത്തിരുന്നു. ശാന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 300 അംഗങ്ങളുള്ള ഒരു ക്ലബ്ബും പ്രവര്‍ത്തിക്കുന്നു. ദികന്ത മഞ്ച് എന്ന ക്ലബ്ബിനു കീഴില്‍ റമദാനിലും അല്ലാത്ത കാലത്തും ആഴ്ചയിലൊരു ദിവസം ശാന്തപുരം അല്‍ ജാമിഅ ഇതര സംസ്ഥാന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പഠനാര്‍ഹമായ ക്ലാസ്സുകളും നടത്തുന്നുണ്ട്. അക്ഷര ജ്ഞാനമില്ലാത്തവര്‍ക്കായി പ്രത്യേക സാക്ഷരതാ ക്ലാസ്സുകളും നടത്തുന്നു. കേരളത്തില്‍ ഇതര സംസഥാന തൊഴിലാളികള്‍ക്കുവേണ്ടി ഇത്ര വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഏക സംരംഭമാണ് 'ദികന്ത മഞ്ച്'”എന്ന ക്ലബ്ബ്.
കേരളത്തെപ്പറ്റി അവര്‍ക്കിപ്പോഴുമുള്ള പരാതി, നമ്മള്‍ അവരെ 'അന്യ'സംസ്ഥാന തൊഴിലാളികളാക്കി അന്യരായി കാണുന്നു എന്നതാണ്. പലപ്പോഴും നമ്മുടെ വീടുകളിലെ വിഭവ സമൃദ്ധമായ നേമ്പുതുറകള്‍ക്ക് അന്യരായ ഇവര്‍ക്ക് പ്രവേശനമുണ്ടാകാറില്ല. നമുക്കിപ്പോഴും അവര്‍ മഴ നനഞ്ഞ്, പുറം പൊള്ളുന്ന വെയിലത്ത് നിന്ന് കരിഞ്ഞുണങ്ങി പണിയെടുക്കുന്ന 'അന്യ' സംസ്ഥാന തൊഴിലാളികളാണ്. യഥാര്‍ഥത്തില്‍ നമ്മുടെ നോമ്പുതുറകളിലും ഈദാഘോഷങ്ങളിലും സ്വദഖ-സകാത്തുകളിലും ഒരു സീറ്റ് റിസര്‍വ് ചെയ്തുവെക്കേണ്ട നാട്ടിലെ അര്‍ഹരായ നോമ്പുകാരാണ് അവരും.
Comments