Prabodhanm Weekly

Pages

Search

2015 ജൂലൈ 03

കെ.കെ മരക്കാര്‍ ഹാജിയുടെ പ്രസ്ഥാന ജീവിതം

എന്‍.കെ ഹുസൈന്‍, കുന്ദമംഗലം /സ്മരണ

ചില പ്രസ്ഥാന പ്രവര്‍ത്തകരുണ്ട്. അവരെ അധികമാരും അറിയില്ല. പരീക്ഷണങ്ങളുടെയും സഹനങ്ങളുടെയും ത്യാഗങ്ങളുടെയുമായ ഒരു ഭൂതകാലം അനുഭവിച്ചിട്ടുള്ളവരാണവര്‍. പക്ഷേ അതൊന്നും ഒരു ചരിത്രമെഴുത്തിലും ഇടം പിടിച്ചിട്ടുണ്ടാവില്ല. പദവി ആഗ്രഹിക്കാത്ത, പ്രസിദ്ധി കൊതിക്കാത്ത സാധാരണക്കാര്‍. ഇത്തരം 'അപരിചിതര്‍'ക്കാണല്ലോ പ്രവാചകന്‍(സ) ഭാവുകങ്ങള്‍ നേര്‍ന്നിട്ടുള്ളത്. ഈ ഗണത്തില്‍ പെടുന്ന വ്യക്തിത്വമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് അല്ലാഹുവിങ്കലേക്ക് യാത്രയായ, കുന്ദമംഗലം പ്രാദേശിക ജമാഅത്തിലെ കെ.കെ മരക്കാര്‍ ഹാജി (84). 

പട്ടിണിയും വറുതിയും കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരുന്ന 1930-കളുടെ തുടക്കത്തില്‍ ജനിച്ച് ഇളം ബാല്യത്തില്‍ തന്നെ അനാഥനായി, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും 'ദീനാ'യി കൊണ്ട് നടന്നിരുന്ന കട്ടപിടിച്ച ഇരുട്ടില്‍ വളര്‍ന്ന്, ചെറുപ്രായത്തില്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തിലണി ചേരാന്‍ സൗഭാഗ്യം ലഭിച്ച് അതിന്റെ പേരില്‍ യാതനകളും പീഡനങ്ങളുമേറ്റു വാങ്ങി അന്ത്യം വരെയും ആദര്‍ശത്തനിമ കാത്തുസൂക്ഷിച്ച അസാധാരണ ചരിത്രമാണ് അദ്ദേഹത്തിന്റേത്. 

1950 ഏപ്രില്‍ 16-ന് കുന്ദമംഗലത്തെ ഏഴ് ചെറുപ്പക്കാര്‍, ഇന്ന് എണ്‍പത്തെട്ടിലെത്തി നില്‍ക്കുന്ന ഭൂപതി എന്‍. അബൂബക്കര്‍ ഹാജിയുടെ നേതൃത്വത്തില്‍ 'ഹിസ്ബുല്ലാഹ്' എന്ന സംഘടനക്ക് രൂപം നല്‍കുന്നതോടെയാണ് മരക്കാര്‍ സാഹിബിന്റെ പ്രാസ്ഥാനിക ജീവിതം തുടങ്ങുന്നത്. ആദര്‍ശവാക്യത്തെ പൂര്‍ണാര്‍ഥത്തില്‍ ഗ്രഹിക്കുകയും, ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും തദനുസാരം നയിക്കുകയും, മറ്റുള്ളവരെ അതിനുപദേശിക്കുകയും, കഴിവനുസാരം ഈ രംഗത്ത് പരസ്പരം സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. 17/18 വയസ്സുകാരനായിരുന്ന മരക്കാരായിരുന്നു അന്ന് ഈ സംഘടനയിലെ ടീനേജര്‍. ഖുര്‍ആനും ഹദീസും, സാധ്യമാവുന്നത്ര അറബിയും പഠിക്കുക, സമയത്തിന് പള്ളിയില്‍ പോകുക - ഇതായിരുന്നു അദ്ദേഹത്തിന്റെ ഭാഷയില്‍ അന്നത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 

ചില പോരായ്മകള്‍ കണ്ടതിനാല്‍ രണ്ട് മാസത്തിന് ശേഷം ഈ സംഘടന പിരിച്ചുവിട്ടു. പകരം 'ഇബാദുര്‍റഹ്മാന്‍ ജമാഅത്ത്' എന്ന പേര്‍ സ്വീകരിച്ച് ഇതേ യുവ കൂട്ടായ്മ തന്നെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. ഖുര്‍ആന്‍ ക്ലാസ്, പുസ്തക വായന, പഠനം, ചര്‍ച്ച എന്നിത്യാദി പരിപാടികളോടെ വാരാന്തയോഗങ്ങള്‍ കൃത്യമായി നടത്തിപ്പോന്നു. അധികം വൈകാതെ ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ വ്യവസ്ഥാപിതമായി നിലവില്‍ വന്നതിനെ തുടര്‍ന്ന് കുന്ദമംഗലത്ത് ഹംദര്‍ദ് ഹല്‍ഖ രൂപം കൊണ്ടപ്പോള്‍ ഈ ജമാഅത്ത് സ്വാഭാവികമായും ജമാഅത്തെ ഇസ്‌ലാമിയില്‍ ലയിക്കുകയാണുണ്ടായത്. ഇതിനിടെ കേരളത്തിലെ ജമാഅത്ത് സ്ഥാപകന്‍ വി.പി മുഹമ്മദലി ഹാജി സാഹിബില്‍ ആകൃഷ്ടനായ, പ്രദേശത്തെ പൗരപ്രധാനി എന്‍. മൊയ്തീന്‍ ഹാജിയുടെ ഭൂപതി ബീഡി കമ്പനിയിലെ തൊഴിലാളികളിലൊരാളായി മരക്കാര്‍ സാഹിബ് ഉപജീവനത്തിനുള്ള വക കണ്ടെത്തി.

ജമാഅത്തെ ഇസ്‌ലാമി എന്ന 'പിഴച്ച പ്രസ്ഥാന'ത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ തന്റെ നാട്ടുകാരുടെയും നാട്ടുകാരണവന്മാരുടെയും കടുത്ത ശത്രുത ഏറ്റുവാങ്ങേണ്ടി വന്നു മരക്കാര്‍ സാഹിബിന്. 'മൗദൂദിച്ചെക്കനെ' അതില്‍ നിന്ന് പിന്തിരിപ്പിക്കാനുദ്ദേശിച്ച് മാത്രം അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്തിരുന്ന പന്തീര്‍പാടത്ത് ചതുര്‍ദിന വഅ്‌ള് പരിപാടി തന്നെ അന്ന് നാട്ടുകാര്‍ സംഘടിപ്പിച്ചു. സംഘാടകര്‍ക്ക് കുറേ പൈസ നഷ്ടമായി എന്നല്ലാതെ ഈ പരിപാടികൊണ്ടൊന്നും മരക്കാരുടെ മനസ്സ് മാറ്റാന്‍ അവര്‍ക്കായില്ല. സ്വന്തം സമുദായക്കാരായ നാട്ടുകാര്‍ ക്രുദ്ധരാവുകയും അദ്ദേഹത്തിന് നേരെ പീഡനങ്ങളുടെ പരമ്പര തന്നെ അഴിച്ചു വിടുകയും ചെയ്തു. സ്വന്തം വീട്ടില്‍ നിന്ന് ബഹിഷ്‌കൃതനായി. നാട്ടുകാര്‍ ഊര് വിലക്കി. മരക്കാര്‍ക്ക് ഒരു കുടുംബവും പെണ്ണ് കൊടുത്തു പോവരുതെന്ന തിട്ടൂരമിറക്കി. അദ്ദേഹത്തെ അപായപ്പെടുത്താന്‍ പലതവണ ശ്രമിച്ചു, ഏറിയോ കുറഞ്ഞോ അളവില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരിലേറെ പേരും വിധേയരായിരുന്നു. 

ഒരു ദിവസം ബീഡിക്കമ്പനിയിലെ സുഹൃത്തും പ്രസ്ഥാന പ്രവര്‍ത്തകരിലൊരാളുമായ കുറിയേരി മൊയ്തീനെ രാത്രിയില്‍ രണ്ടുമൂന്നു പേര്‍ പിടിച്ചുകൊണ്ടു പോവുന്നത് മരക്കാരുടെ കണ്ണില്‍പ്പെട്ടു. അവനെ 'ശരിയാക്കാന്‍' തന്നെയാണ് കൊണ്ടുപോകുന്നതെന്ന് അദ്ദേഹമുറപ്പിച്ചു. തന്റെ സഹോദരനെ മരണത്തിന് വിട്ട് കൊടുത്ത് രംഗം വിട്ടോടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. മരിക്കുന്നെങ്കില്‍ ഇരുവരും ഒരുമിച്ച് മരിക്കുക തന്നെയെന്ന് കരുതി അദ്ദേഹം അവരുടെ പിറകെ കൂടി. തങ്ങളെ മരക്കാര്‍ പിന്തുടരുന്നതും, എത്ര ഭീഷണിപ്പെടുത്തിയിട്ടും ഒഴിഞ്ഞു പോകാത്തതും മനസ്സിലാക്കി, സംഗതി പന്തിയല്ലെന്ന് കണ്ട ശത്രുക്കള്‍ 'നിങ്ങള്‍ രണ്ടാളെയും പിന്നെ കണ്ടോളാം' എന്ന് പറഞ്ഞ് സ്ഥലം വിട്ടു. 

പിറ്റേന്ന് ബീഡിക്കമ്പനിയില്‍ വെച്ച് പ്രബോധനം വായിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുറിയേരി മൊയ്തീന്‍ ഈ സംഭവം വിവരിക്കുകയും, കൂട്ടുകാര്‍ കേള്‍ക്കെ 'മരക്കാരാണ് ശരിയായ ദോസ്ത്' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അന്നു മുതല്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹം 'ദോസ്ത് മരക്കാര്‍' ആയിരുന്നു. 

മരക്കാര്‍ക്ക് പെണ്ണ് കൊടുക്കുന്നവരെ തട്ടും എന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അവന് എവിടെ നിന്നും പെണ്ണ് കിട്ടാനിടയില്ലെന്ന് മനസ്സിലാക്കിയ സ്‌നേഹ സമ്പന്നനും ധീരനുമായ അമ്മാവന്‍ കെ.പി അലവി പ്രത്യാഘാതങ്ങളെ ഭയക്കാതെ തന്റെ രണ്ടാമത്തെ മകളെ, അപ്പോഴേക്കും ഇരുപത്തൊന്നുകാരനായിക്കഴിഞ്ഞിരുന്ന മരക്കാര്‍ക്ക് വിവാഹം ചെയ്ത് കൊടുത്തു (ഒരു യാഥാസ്ഥിതികനായ മുതലാളിയുടെ ലോറി ഡ്രൈവറായി ജോലി ചെയ്തിരുന്ന അലവിയെ 'നീ മൗദൂദിക്ക് പെണ്ണ് കൊടുത്തവനാണ്, ഇനി മുതല്‍ നീ എന്റെ വണ്ടിയില്‍ പോകണ്ട' എന്നു പറഞ്ഞു ലോറിയുടമ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു). സ്വന്തം വീട്ടിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യം അപ്പോഴും തുടരുന്നതിനാല്‍ കുന്ദമംഗലത്തെ അക്കാലത്തെ ഇടുങ്ങിയ ജമാഅത്താഫീസാണ് 'പുതിയാപ്പിള വരവി'നും വിവാഹച്ചടങ്ങുകള്‍ക്കും വേദിയായത്. 

താമസിയാതെ ഭൂപതി കമ്പനി വിട്ട മരക്കാര്‍ സാഹിബ് സ്വന്തമായി ബിസിനസ്സ് ചെയ്ത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. 

വാരാന്ത യോഗങ്ങളിലും പ്രാസ്ഥാനിക പരിപാടികളിലും സമ്മേളനങ്ങളിലും ജമാഅത്ത് നമസ്‌കാരങ്ങളിലും കൃത്യമായി പങ്കെടുക്കുക എന്ന നിഷ്ഠ ശയ്യാവലംബിയാകുന്നത് വരെയും ജീവിത തപസ്യയായി മരക്കാര്‍ ഹാജി പുലര്‍ത്തിയിരുന്നു. 

കെ.പി ഫാത്വിമയാണ് ഭാര്യ. കുന്ദമംഗലം കാര്‍കൂന്‍ യൂനിറ്റിലെ കെ.കെ അബ്ദുല്‍ ഹമീദ് അടക്കം മൂന്ന് ആണ്‍ മക്കളും, പൂളക്കാംപൊയില്‍ വനിതാ കാര്‍കൂന്‍ യൂനിറ്റിലെ കെ.കെ സുബൈദയടക്കം അഞ്ച് പെണ്‍മക്കളുമാണദ്ദേഹത്തിന്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /38
എ.വൈ.ആര്‍