പ്രശ്‌നവും വീക്ഷണവും
നോമ്പ് നോറ്റുവീട്ടാന്‍ കഴിയാത്തവരുടെ ഫിദ്‌യ
ഞാനൊരു മാറാരോഗിയാണ്. കൂടാതെ വൃദ്ധനും. നോമ്പെടുക്കാന്‍ കഴിയില്ല. പിന്നീട് നോറ്റ് വീട്ടാനും നിവൃത്തിയില്ല. ഫിദ്‌യ കൊടുക്കുകയേ നിര്‍വാഹമുള്ളൂ. എന്താണ് കൊടുക്കേണ്ടത്? എത്രയാണ് കൊടുക്കേണ്ടത്? ആര്‍ക്കാണ് കൊടുക്കേണ്ടത്? എങ്ങനെയാണ് കൊടുക്കേണ്ടത്? പണമായി കൊടുത്താല്‍ മതിയോ?
താങ്കളെപ്പോലെ നോമ്പെടുക്കാന്‍ സാധിക്കാത്ത നിത്യരോഗികള്‍ക്കും, രോഗം മൂര്‍ഛിക്കുമെന്നോ രോഗമുക്തി വൈകുമെന്നോ ഭയപ്പെടുന്നവര്‍ക്കും റമദാന്‍ വ്രതം ഉപേക്ഷിക്കാവുന്നതാണ്. പക്ഷേ ഇക്കാര്യം സ്വയം തീരുമാനിക്കാതെ വിശ്വസ്ഥനായ ഒരു ഡോക്ടറുടെ ഉപദേശം തേടിയതിന് ശേഷമായിരിക്കണമെന്ന് മാത്രം.
ഇങ്ങനെ ഉപേക്ഷിക്കുന്നതിന് പകരമായി മറ്റൊരു ദിവസം നോറ്റു വീട്ടുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു: ''എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിനു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാനും വേണ്ടിയത്രേ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)'' (അല്‍ബഖറ 184,185).
എന്നാല്‍, താങ്കളെപ്പോലുള്ള നിത്യരോഗികള്‍ക്ക് നോമ്പ് വീട്ടാന്‍ സാധിക്കാത്തതിനാല്‍ പരിഹാരമായി ഒരു അഗതിക്ക്, നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരമായി ഭക്ഷണം നല്‍കുകയാണ് വേണ്ടത്. വളരെ ഞെരുക്കത്തോടെ മാത്രം നോമ്പനുഷ്ഠിക്കാന്‍ കഴിയുന്നവര്‍ എന്നാണ് 'വ അലല്ലദീന യുത്വീഖൂനഹു' എന്നതിന്റെ താല്‍പര്യമെന്നും ഇങ്ങനെയുള്ള രോഗികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരൊക്കെ ഈ ഗണത്തില്‍ പെടുമെന്നും ഇതിന്റെ വിശദീകരണമായി സ്വഹാബിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെ നല്‍കുന്ന ഭക്ഷണം എത്രയായിരിക്കണമെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളും കാണാം. ഒരു സ്വാഅ് (2,200 ഗ്രാം), അര സ്വാഅ് (1,100 ഗ്രാം), ഒരു മുദ്ദ് (രണ്ടുകൈകളും ചേര്‍ത്ത് പിടിച്ചാല്‍ കൊള്ളുന്ന അളവ്). പക്ഷേ ഇതെല്ലാം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളല്ലാതെ ഖുര്‍ആനിലോ സുന്നത്തിലോ വ്യക്തമായി വന്നിട്ടുള്ളതല്ല. അങ്ങനെ വരാത്തതിനാലാണീ അഭിപ്രായാന്തരവും. എന്തായാലും ഒരാള്‍ക്ക് മാന്യമായി ഭക്ഷണം കഴിക്കാനുള്ള വക നല്‍കണം. അത് ഭക്ഷണമായോ, ലഭിക്കുന്നവര്‍ക്ക് സൗകര്യം അതിന്റെ വിലയാണെങ്കില്‍ വിലയായോ നല്‍കിയാല്‍ മതിയാകും. കാലദേശങ്ങള്‍ക്കനുസരിച്ച് തോത് വ്യത്യസ്തമായിരിക്കും. കേരളത്തിലിന്ന് നൂറ് രൂപ കണക്കാക്കിയാല്‍ രണ്ടര കിലോ ധാന്യം വാങ്ങാനുള്ള കാശായി. ഹോട്ടലില്‍ കയറി ഇടത്തരം ഭക്ഷണം കഴിക്കാനും ഏതാണ്ടിത് മതിയാകും. അങ്ങനെ വരുമ്പോള്‍ ഒരു മാസത്തെ റമദാന് 3000 രൂപ കൊടുക്കാം. ഉത്തരേന്ത്യയില്‍ പട്ടിണി കിടക്കുന്ന ധാരാളമാളുകളുണ്ട്. ഒരു നേരത്തെ ആഹാരത്തിന് കൊതിക്കുന്നവര്‍. അവര്‍ക്ക് ശരിയാംവണ്ണം അത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ള സ്ഥിതിക്ക് അത് ഉപയോഗപ്പെടുത്തുന്നതാവും ഏറെ ഉചിതം. സ്വന്തം പ്രദേശത്തും അറിവിലും അങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.
കഴിഞ്ഞ വര്‍ഷം റമദാനിന് തൊട്ടുമുമ്പായിരുന്നു ഞങ്ങളുടെ വിവാഹം. മധുവിധു നാളുകള്‍ റമദാനിലായിരുന്നു. നോമ്പുകാരായിരിക്കേ ഞങ്ങള്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടുപോയി. പിന്നീട് ഞങ്ങള്‍ക്കതില്‍ ഖേദവും ദുഃഖവുമുണ്ടായി. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അന്വേഷിച്ചപ്പോള്‍, രണ്ട് മാസം തുടര്‍ച്ചയായി നോമ്പെടുക്കണം എന്നാണ് പറഞ്ഞത്. അതാകട്ടെ ഞങ്ങളെക്കൊണ്ട് അത്ര എളുപ്പമല്ല. എന്താണ് പരിഹാരം?
റമദാനിന്റെ പവിത്രത കാത്തു സൂക്ഷിക്കുക എന്നത് നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവരുടെ പോലും ബാധ്യതയാണ്. എന്നിരിക്കെ നോമ്പനുഷ്ഠിച്ചവര്‍ പകല്‍ സമയത്ത് സംയോഗത്തിലേര്‍പ്പെടുന്നത് ഗുരുതരമായ പാതകവും വലിയ പാപവുമാണ്. അങ്ങനെ സംഭവിച്ചു പോയാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ അവര്‍ക്ക് നിര്‍ബന്ധമാവും:
ഒന്ന്: ശിഷ്ട സമയം നോമ്പിന്റെ പവിത്രത മാനിച്ച് നോമ്പുകാരെപ്പോലെ തുടരുക.
രണ്ട്: സംഭവിച്ചു പോയ അപരാധത്തില്‍ ഖേദിച്ച് തൗബ ചെയ്യുക.
മൂന്ന്: ആ നോമ്പ് മറ്റൊരു ദിവസം നോറ്റുവീട്ടുക.
നാല്: സംഭവിച്ചുപോയ അപരാധത്തിന് പ്രായശ്ചിത്തം ചെയ്യുക.
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസാണ് ഇതിന് തെളിവ്. അതില്‍ ഇങ്ങനെ കാണാം: ഒരിക്കല്‍ ഒരാള്‍ നബി(സ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ''ഞാന്‍ നശിച്ചല്ലോ തിരുദൂതരേ.'' നബി(സ) ചോദിച്ചു: ''എന്താണ് താങ്കളെ നശിപ്പിച്ചത്?'' ആഗതന്‍: ''ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തി.'' നബി(സ): ''നിങ്ങളുടെ പക്കല്‍ മോചിപ്പിക്കാന്‍ ഒരടിമയുണ്ടോ?'' ആഗതന്‍: ''ഇല്ല.'' നബി(സ): ''നിങ്ങള്‍ക്ക് രണ്ട് മാസം തുടര്‍ച്ചയായി നോമ്പെടുക്കാന്‍ സാധിക്കുമോ?'' ആഗതന്‍: ''ഇല്ല.'' നബി(സ): ''എങ്കില്‍ അറുപത് പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനാകുമോ?'' ആഗതന്‍: ''ഇല്ല.'' അങ്ങനെ നബി(സ)യും ഞങ്ങളും ഇരിക്കവെ റസൂലിന്റെ സന്നിധിയില്‍ ഒരു കൊട്ട ഈത്തപ്പഴം എത്തിച്ചേര്‍ന്നു. നബി(സ) അയാളോട് പറഞ്ഞു: ''ഇത് കൊണ്ടുപോയി ദാനം ചെയ്യുക.'' അയാള്‍ ചോദിച്ചു: ''എന്നെക്കാള്‍ പാവപ്പെട്ടവര്‍ക്കാണോ? എങ്കില്‍ ഈ പ്രദേശത്തെങ്ങും എന്റെ കുടുംബത്തേക്കാള്‍ പാവപ്പെട്ടവരായി ആരും തന്നെയില്ല.'' ഇതു കേട്ട് നബി (സ) വെളുക്കെ ചിരിച്ചു പോയി. എന്നിട്ട് പറഞ്ഞു: ''എങ്കില്‍ പിന്നെ അത് കൊണ്ടുപോയി നീ നിന്റെ കുടുംബത്തെ തീറ്റിക്കുക'' (ബുഖാരി, മുസ്‌ലിം).
അനിവാര്യതകളൊന്നുമില്ലെങ്കില്‍ റമദാന് തൊട്ടുമുമ്പ് വിവാഹം നിശ്ചയിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. തെറ്റ് വരാനുള്ള സാഹചര്യം ഒരുക്കാതിരുന്നാല്‍ തെറ്റു ചെയ്യാനിടവരികയില്ല. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ നിയന്ത്രിക്കാന്‍ പലര്‍ക്കും കഴിഞ്ഞു കൊള്ളണമെന്നില്ല.
ഇനി അഥവാ അങ്ങനെ വന്നാല്‍ ലൈംഗിക ബന്ധത്തിലേക്ക് എത്തിക്കുന്ന പഴുതുകള്‍ സൃഷ്ടിക്കാതെ നോക്കേണ്ടതാണ്. അതുകൊണ്ടാണ് യുവാവായ ഒരാള്‍ നബി(സ)യോട് നോമ്പുകാരന്‍ ഭാര്യയെ ചുംബിക്കാമോ എന്ന് ചോദിച്ചപ്പോള്‍ വിലക്കിയത് (ബുഖാരി). ചുംബനം വഴി നോമ്പു ബാത്വിലാവില്ലെന്നതാണ് വിധി. എന്നിട്ടും നബി(സ) അത് ആ ചെറുപ്പക്കാരന് വിലക്കിയത് അനുകൂല സാഹചര്യം ഉണ്ടാവാതിരിക്കാനാണ്.
പ്രസവിച്ച ഉടനെയായതിനാല്‍ എന്റെ ഭാര്യക്ക് കഴിഞ്ഞ വര്‍ഷത്തെ നോമ്പെടുക്കാന്‍ സാധിച്ചില്ല. കുഞ്ഞിന് മുലയൂട്ടുന്നതിനാലും മറ്റ് പ്രയാസങ്ങളാലും ഈ റമദാന് മുമ്പ് നോറ്റുവീട്ടാനുമായില്ല. ഇനി എന്താണ് ചെയ്യുക?
നഷ്ടപ്പെട്ട നോമ്പുകള്‍ പിറ്റേ വര്‍ഷത്തെ റമദാനിന് മുമ്പ് തന്നെ നോറ്റുവീട്ടേണ്ടതാണ്. തനിക്ക് നോറ്റുവീട്ടേണ്ട നോമ്പുകള്‍ ഉണ്ടാവാറുണ്ടെന്നും എന്നാല്‍ ശഅ്ബാനിലല്ലാതെ തനിക്കത് നോറ്റുവീട്ടാന്‍ കഴിയാറില്ലായിരുന്നു എന്നും ആഇശ (റ) പറഞ്ഞത് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് (1930). ശഅ്ബാന്‍ വരെ ഖദാ വീട്ടാന്‍ അവസരമുണ്ടെന്നും അതിലപ്പുറം നീട്ടിവെക്കാവതല്ലെന്നും ഇത് തെളിവായി ഉദ്ധരിച്ച് ഇമാം ഇബ്‌നു ഹജര്‍ വ്യക്തമാക്കുന്നു (ഫത്ഹുല്‍ ബാരി: 6/209).
അടുത്ത റമദാന് മുമ്പ് ന്യായമായ കാരണം കൂടാതെ നോമ്പുകള്‍ നോറ്റുവീട്ടിയില്ലെങ്കില്‍, പിന്നീടവ നോറ്റുവീട്ടുന്നതിന് പുറമേ ഒരഗതിക്ക് ഭക്ഷണം നല്‍കുക കൂടിവേണമെന്നാണ് ഇമാം മാലിക്, ശാഫിഈ, അഹ്മദ് തുടങ്ങിയ ഇമാമുമാരുടെ അഭിപ്രായം. അബൂഹുറയ്‌റ, ഇബ്‌നു അബ്ബാസ് തുടങ്ങിയ പ്രമുഖ സ്വഹാബിമാരുടെ ഫത്വ്‌വയാണ് അതിനു ആധാരം. എന്നാല്‍ ഇമാം അബൂ ഹനീഫ, അത്തരക്കാരും നോറ്റുവീട്ടുക മാത്രമേ ചെയ്യേണ്ടതുള്ളൂ എന്ന അഭിപ്രായക്കാരനാണ് (അല്‍ മജ്മൂഅ്: 6/266). ഇമാം ബുഖാരിയും, നോറ്റ് വീട്ടിയാല്‍ മാത്രം മതിയെന്ന വീക്ഷണക്കാരനാണ്. ഇങ്ങനെ ന്യായമില്ലാതെ വീഴ്ച വരുത്തുകയും അലംഭാവം കാണിക്കുകയും ചെയ്താല്‍ ഫിദ്‌യ കൊടുക്കുന്നത് നിര്‍ബന്ധമല്ലെങ്കില്‍ പോലും അതുകൂടി ചെയ്യുന്നതാണ് ഉത്തമമെന്നും സ്വഹാബിമാരുടെ അഭിപ്രായത്തെ ആ അര്‍ഥത്തിലാണെടുക്കേണ്ടതെന്നുമാണ് ശൈഖ് ഖറദാവിയുടെ അഭിപ്രായം (ഫിഖ്ഹുസ്സിയാം).
നോമ്പുകാരന് രാത്രി ഭാര്യാസംസര്‍ഗം അനുവദനീയമാണല്ലോ. അങ്ങനെ ജനാബത്തുകാരനായിക്കഴിഞ്ഞ ഒരാള്‍ക്ക് അതേ അവസ്ഥയില്‍ നോമ്പ് ആരംഭിക്കാമോ?
പ്രവാചക പത്‌നിമാരായ ആഇശയും ഉമ്മുസല്‍മയും പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു: ''നബി (സ) റമദാനി(ലെ രാത്രിയി)ല്‍ തന്റെ ഭാര്യമാരുമായി ലൈംഗിക സമ്പര്‍ക്കം പുലര്‍ത്തി കുളി നിര്‍ബന്ധമായ അവസ്ഥയില്‍ പ്രഭാതം പ്രാപിക്കുകയും എന്നിട്ട് നോമ്പെടുക്കുകയും ചെയ്യാറുണ്ടായിരുന്നു'' (ബുഖാരി, മുസ്‌ലിം).
നോമ്പാരംഭിക്കുന്ന അവസരത്തില്‍ കുളിച്ച് ശുദ്ധിയായെങ്കില്‍ മാത്രമേ നോമ്പനുഷ്ഠിക്കാവൂ എന്ന് നിബന്ധനയില്ല എന്ന് മനസ്സിലാക്കാം. എന്നാല്‍ സ്വുബ്ഹി നമസ്‌ക്കരിക്കണമെങ്കില്‍ കുളിച്ചിരിക്കല്‍ നിര്‍ബന്ധമാണ്. അത് ബാങ്കിന് ശേഷമായാലും കുഴപ്പമില്ല. നോമ്പനുഷ്ഠിച്ചവര്‍ക്ക് പ്രഭാതോദയത്തിന് ശേഷം സ്വപ്‌നസ്ഖലനം മൂലമല്ലാതെ ഇന്ദ്രിയ സ്ഖലനം ഉണ്ടാകുന്നതും ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും നോമ്പ് മുറിയാന്‍ കാരണമാവും. ഇക്കാര്യം ധാരാളം ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട് (മുസ്‌ലിം: 1110, ബുഖാരി: 1930, 1931).
നോമ്പിന് പ്രത്യേകം വല്ല പ്രാര്‍ത്ഥനയും ഉണ്ടോ? ഒന്നാമത്തെ പത്തിനും മധ്യത്തിലെ പത്തിനും ഒടുവിലത്തെ പത്തിനും പള്ളികളില്‍ വെവ്വേറെ പ്രാര്‍ഥനകള്‍ ചൊല്ലി കേള്‍ക്കാറുണ്ട്. അത് സുന്നത്തായ പുണ്യകര്‍മമാണോ? എന്താണതിന്റെ അടിസ്ഥാനം?
ഇന്ന് പല പളളികളിലും കേള്‍ക്കാറുള്ള, റമദാന്റെ ഓരോ പത്തിലും പ്രത്യേകം ചൊല്ലാറുളള പ്രാര്‍ഥന ചൊല്ലുന്നതിന് വിരോധമില്ല. കാരണം ഒരാള്‍ക്ക് തന്റെ ഇഹപര ക്ഷേമത്തിനായി ഏതു പ്രാര്‍ഥനയും പ്രാര്‍ഥിക്കാവുന്നതാണ്. നോമ്പ്കാരന്റെ പ്രാര്‍ഥനക്ക് പ്രത്യേകം പരിഗണനയുണ്ട് എന്ന് റസൂല്‍ (സ) പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു.
എന്നാല്‍ ചോദ്യത്തില്‍ പരാമര്‍ശിച്ച വിധം ഓരോ പത്തിലും പ്രത്യേകം പ്രാര്‍ഥനകള്‍ റസൂല്‍ (സ) പഠിപ്പിച്ചിട്ടില്ല. അങ്ങനെ പ്രര്‍ഥനയുള്ളതായി ഇമാമുകള്‍ ആരെങ്കിലും നിര്‍ദേശിച്ചതായി കാണാനും കഴിഞ്ഞിട്ടില്ല. ഇബ്‌നു ഖുസൈമയും ബൈഹഖിയും ഉദ്ധരിച്ച വളരെ ദുര്‍ബലമായ ഒരു ഹദീസിന്റെ അടിസ്ഥാനത്തിലായിരിക്കണം പില്‍ക്കാലത്ത് ആരെങ്കിലും ഇത് തുടങ്ങിയിട്ടുണ്ടാവുക. ശഅ്ബാനിലെ ഒടുവിലത്തെ വെള്ളിയാഴ്ച റസൂല്‍ (സ) ഞങ്ങളോട് ഖുത്വ്ബ പറഞ്ഞു എന്നു തുടങ്ങുന്ന ദീര്‍ഘമായ ഹദീസില്‍ ആദ്യ പത്ത് റഹ്മത്തും മധ്യം മഗ്ഫിറത്തും ഒടുവില്‍ നരക വിമുക്തിയാണെന്നുമൊക്കെ വിവരിക്കുന്ന (അവ്വലുഹു റഹ്മഃ, ഔസതുഹു മഗ്ഫിറ, ആഖിറുഹു ഇത്ഖുന്‍ മിനന്നാര്‍) ഈ ഹദീസ് മുന്‍ഗാമികളും പിന്‍ഗാമികളുമായ ഇമാമുമാര്‍ അതീവ ദുര്‍ബലമാണെന്ന് വിധിയെഴുതിയിട്ടുണ്ട്. അതിന്റെ നിവേദക പരമ്പരയിലുള്ള യൂസുഫ് ബിന്‍ സിയാദ് അല്‍ ബസ്വരി എന്നാളെപ്പറ്റി, അയാളില്‍ നിന്നുള്ള ഹദീസ് സ്വീകരിക്കാന്‍ കൊള്ളുകയില്ലെന്നും മുന്‍കറുല്‍ ഹദീസാണെന്നും വിശ്വാസയോഗ്യനല്ലന്നുമെല്ലാം ഹദീസ് വിശാരദന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ബുഖാരിയുടെ അത്താരീഖുല്‍ കബീര്‍ 8/388, അബൂ ഹാതിമുറാസിയുടെ അല്‍ ജര്‍ഹ് വത്തഅ്ദീല്‍ 9/222/928, താരീഖ് ബാഗ്ദാദ് 14/295, അല്‍ബാനിയുടെ സില്‍സിലത്തുല്‍ അഹാദീസു ദ്ദഈഫ 2/263). ഇതുദ്ധരിച്ച ശേഷം ഇബ്‌നു ഖുസൈമ തന്നെ രേഖപ്പെടുത്തിയത്, 'ഇന്‍ സ്വഹ്ഹല്‍ ഖബര്‍' അഥവാ ഈ ഹദീസ് സ്വഹീഹാണെങ്കില്‍ എന്ന സംശയം ജ്വനിപ്പിക്കുന്ന പ്രയോഗത്തിലൂടെയാണ്. അതിനാല്‍ നൂറ് കണക്കിന് സ്വഹീഹായ ഹദീസുകളുണ്ടായിരിക്കെ, ഇത്തരം ദുര്‍ബലമായ ഹദീസുകളുടെ പിന്നാലെ പോവേണ്ട യാതൊരു അനിവാര്യതയും ഇവിടെയില്ല. ഇങ്ങനെയുള്ള ബാലിശമായ നിവേദനം ആധാരമാക്കിയുള്ള പ്രാര്‍ഥനകള്‍ കേവല പ്രാര്‍ഥനകളായി ഉരുവിടുന്നതിന് കുഴപ്പമില്ലെന്ന് നാം പറഞ്ഞുവല്ലോ. എന്നാല്‍ സുന്നത്താണെന്ന പരികല്‍പനയില്‍ അത് ചെയ്യുന്നതും, ഇവയ്ക്ക് മറ്റു പ്രാര്‍ഥനകള്‍ക്കില്ലാത്ത സവിശേഷ പുണ്യമുണ്ടെന്ന് വിശ്വസിക്കുന്നതുമൊന്നും ശരിയല്ല.
എന്നാല്‍ 'അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബുല്‍ അഫ്‌വ ഫഅ്ഫു അന്നാ' എന്ന പ്രാര്‍ഥന സ്വഹീഹായ നിരവധി ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിരിക്കുന്നു. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന രാവില്‍ പ്രാര്‍ഥിക്കാനായി തിരുമേനി ആഇശക്ക് പഠിപ്പിച്ചുകൊടുത്തതാണീ പ്രാര്‍ഥന (തുര്‍മിദി:3513, നസാഈ:10710, അഹ്മദ്: 25384). അതിനാല്‍ ഈ പ്രാര്‍ഥന ചൊല്ലുന്നതിന് സവിശേഷ പുണ്യമുണ്ട്. അത് സുന്നത്തായ കാര്യവുമാണ്.
പ്രാര്‍ഥനയുടെ മര്യാദകള്‍ പാലിച്ചു കൊണ്ട് ഒരാള്‍ക്ക് ഏത് പ്രാര്‍ഥനയും പ്രാര്‍ഥിക്കാവുന്നതാണ്. ഖുര്‍ആനിലും ഹദീസിലും വന്ന പ്രാര്‍ഥനകളാവുമ്പോള്‍ കൂടുതല്‍ ഉത്തമമായി. എന്നല്ലാതെ അവയില്‍ വന്ന പ്രാര്‍ഥനകളേ ആകാവൂ എന്നില്ല. അതുപോലെ ഒരുകാര്യം സുന്നത്താണെന്ന് പറയണമെങ്കില്‍ അതിന് ഖുര്‍ആനോ സ്വീഹീഹായ ഹദീസുകളോ തെളിവായിരിക്കണം. ദുര്‍ബല ഹദീസുകള്‍ കൊണ്ട് ഒരുകാര്യം സുന്നത്താണെന്ന് വാദിക്കാന്‍ വകുപ്പില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുള്ളതായും അറിയില്ല.
Comments