Prabodhanm Weekly

Pages

Search

2015 ജൂലൈ 03

ദഅ്‌വത്തും മതസംഘടനകളും

         മനുഷ്യാവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുകയും ജീവിതത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്ന് നല്‍കുകയും ചെയ്യുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. തങ്ങളുടെ നാഗരികവും വൈജ്ഞാനികവുമായ വളര്‍ച്ചക്കനുസരിച്ചായിരിക്കും ഓരോ കാലത്തെയും മനുഷ്യര്‍ ഖുര്‍ആനിക സൂക്തങ്ങളെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുക. കാലം മാറുമ്പോള്‍ ആ സൂക്തങ്ങള്‍ക്ക് പുതിയ അര്‍ഥതലങ്ങള്‍ കൈവരുന്നു. അതിനാലാണ് ഓരോ കാലത്തും ഖുര്‍ആനിന് പുതിയ വ്യാഖ്യാനങ്ങള്‍ വേണ്ടിവരും എന്ന് പറയുന്നത്. വ്യക്തിയുടെയും  സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഉത്ഥാനപതനങ്ങളെ നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകമേത്? ഖുര്‍ആന്റെ ഉത്തരം ഇങ്ങനെയാണ്: ''സ്വയം മാറുന്നത് വരെ ഒരു ജനതയുടെയും നില അല്ലാഹു മാറ്റുകയില്ല'' (13:11). ഫറോവയുടെയും അതുപോലുള്ള മറ്റു ധിക്കാരികളുടെയും അക്രമിസംഘങ്ങളെ പരാമര്‍ശിക്കവെ ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. അവരെ അല്ലാഹു ശിക്ഷിച്ചത് എന്ത് കൊണ്ടാണ്? അവരുടെ തന്നെ സ്വയം കൃതാനര്‍ഥങ്ങള്‍ കാരണമായി. അല്ലാഹുവിന്റെ നടപടിക്രമമാകട്ടെ ഇങ്ങനെയും: ''ഒരു ജനത സ്വയം മാറ്റം വരുത്തുന്നത് വരെ, അവര്‍ക്ക് അല്ലാഹു ചെയ്തുകൊടുക്കുന്ന അനുഗ്രഹത്തില്‍ അവന്‍ മാറ്റം വരുത്തുന്നതല്ല'' (8:53).

ഈ രണ്ട് സൂക്തങ്ങളിലും പറഞ്ഞിരിക്കുന്നത് സ്വന്തത്തെ മാറ്റുന്നതിനെ കുറിച്ചാണ്; 'നഫ്‌സി'ന്റെ മാറ്റത്തെക്കുറിച്ച്. അത് മനുഷ്യമനസ്സിന്റെ മാറ്റമാണ്. ഏത് വിപ്ലവത്തിന്റെയും വിത്തും ബീജവും മനംമാറ്റമാണ്. മാറ്റങ്ങള്‍ രണ്ട് വിധത്തിലുണ്ട്. മനസ്സിന്റെ (അന്‍ഫുസ്) മാറ്റവും ബാഹ്യലോക (ആഫാഖ്) ത്തിന്റെ മാറ്റവും. മനുഷ്യന്റെ നിശ്ചയദാര്‍ഢ്യം, കര്‍മങ്ങള്‍, ത്യാഗപരിശ്രമങ്ങള്‍ ഇവയെയെല്ലാം നിയന്ത്രിക്കുക മനസ്സിന്റെ മാറ്റമാണ്. വിശ്വാസത്തെയും ചിന്തയെയും അനുഭൂതികളെയും കാഴ്ചപ്പാടുകളെയും അത് മാറ്റിപ്പണിയും.

പാശ്ചാത്യ ദര്‍ശനങ്ങളെയും മറ്റു ഭൗതിക ചിന്താഗതികളെയും പരിശോധിച്ച് നോക്കുക. സമൂഹത്തെയും രാഷ്ട്രത്തെയും സാമ്പത്തിക ഘടനകളെയുമെല്ലാം ബാഹ്യമായി മാറ്റാനാണ് അവ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തികളെയും അങ്ങനെത്തന്നെ. ഹൃദയത്തിലേക്കോ മനസ്സിലേക്കോ ആ മാറ്റങ്ങള്‍ എത്തുന്നേയില്ല. വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സകല ദുഷിപ്പുകളും അതേപടി അവശേഷിക്കും എന്ന് മാത്രമല്ല, ഖുര്‍ആന്റെ ഭാഷയില്‍ അത്തരം രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതിനാല്‍ ഇരുട്ട് മൂടിയ ഗര്‍ത്തങ്ങളിലേക്കായിരിക്കും ഈ ഭൗതിക ദര്‍ശനങ്ങള്‍ മനുഷ്യനെ കൊണ്ടെത്തിക്കുക.

ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന, ചിന്തയിലും കാഴ്ചപ്പാടിലുമുള്ള സമൂലമാറ്റം പ്രവാചകന്റെയും ശേഷമുള്ള സച്ചരിതരായ ഖലീഫമാരുടെയും കാലത്ത് അതിന്റെ പൂര്‍ണാര്‍ഥത്തില്‍ പുലര്‍ന്നിട്ടുണ്ട്. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തപ്പെടുത്തുക, ദൈവപ്രീതിക്ക് വേണ്ടി മറ്റെല്ലാ താല്‍പര്യങ്ങളെയും ബലികഴിക്കുക, വ്യക്തികളെ സംസ്‌കരിച്ച് സകല സാമൂഹിക ഘടനകളെയും മാറ്റിപ്പണിയുക എന്നത് ആ മാറ്റത്തിന്റെ ഊടും പാവുമായി. പക്ഷേ കൊളോണിയല്‍ ശക്തികള്‍ ഇസ്‌ലാമിക നാടുകള്‍ കയ്യേറുകയും ഖിലാഫത്തിനെ തകര്‍ക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ മതത്തെക്കുറിച്ച കൊളോണിയല്‍ ചിന്താഗതികള്‍ മുസ്‌ലിം സമൂഹത്തിലും വേരുറച്ചു. അങ്ങനെയാണ് മതവും രാഷ്ട്രീയവും, മതവും സാമൂഹികതയും രണ്ടാണെന്ന വാദം ചില മുസ്‌ലിം കൂട്ടായ്മകള്‍ ഉയര്‍ത്തിയത്. ഇസ്‌ലാമിക ചിന്തക്കും ചരിത്രാനുഭവങ്ങള്‍ക്കും കടക വിരുദ്ധമായിരുന്നു ഈ ചിന്താഗതി. ഇതിനെ ചെറുക്കാനും മാറ്റത്തെക്കുറിച്ച ഇസ്‌ലാമിന്റെ സമഗ്രവും സമ്പൂര്‍ണവുമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാനുമായിരുന്നു ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്തത്. 

പരമ്പരാഗത മതസംഘടനകള്‍ക്ക് ഈ സമഗ്രതയും സമ്പൂര്‍ണതയും പല കാരണങ്ങളാല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും അവര്‍ നവോത്ഥാന പ്രസ്ഥാനങ്ങളെ ആക്രമിച്ചുകൊണ്ടിരുന്നു. ചിലപ്പോള്‍ ശത്രുക്കളുടെ ആവനാഴിയിലെ 'രാഷ്ട്രീയ ഇസ്‌ലാം' പ്രയോഗം പോലും അവര്‍ കടമെടുത്തു. അല്ലെങ്കില്‍ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് 'തഖ്‌വയില്‍ നിന്നുള്ള വ്യതിചലനവും സലഫുകളുടെ പാതയില്‍ നിന്നുള്ള പിന്‍മടക്ക'വുമായി ചിത്രീകരിച്ചു; ഇപ്പോഴും ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു.

മാറ്റത്തെക്കുറിച്ച ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാട് വളരെ പ്രാമാണികവും സുതാര്യവും യുക്തിഭദ്രവുമായിരുന്നു. ദീന്‍ നിലനിര്‍ത്തുക എന്നാല്‍ നമസ്‌കാരവും നോമ്പും ഹജ്ജും അത്‌പോലുള്ള അനുഷ്ഠാന കര്‍മങ്ങളും മാത്രമല്ല, പ്രവാചകന്‍ നിലനിര്‍ത്തിയതെന്തോ അതൊക്കെയും നിലനിര്‍ത്തലാണ്. ഒന്നും വിട്ടുപോയിക്കൂടാ. രാഷ്ട്രവും രാഷ്ട്രീയവും സാമൂഹികതയുമെല്ലാം അതില്‍ ഉള്‍പ്പെടും. ദീനിനെ കുറിച്ച ഈ സമഗ്ര വിഭാവന ആദ്യം സ്വയം ഉള്‍ക്കൊള്ളുകയും എന്നിട്ടത് ലോകത്തെ പഠിപ്പിക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുക എന്നതാണ് മുസ്‌ലിം സമൂഹത്തിന്റെ ഉത്തരവാദിത്തം. ഈ മഹത്തായ ധര്‍മത്തിന്റെയും കര്‍മത്തിന്റെയും പേരാണ് ദഅ്‌വത്ത്, ദീനീ പ്രബോധനം. വളരെ ശുഷ്‌കമായ അര്‍ഥത്തില്‍ ആ വാക്ക് പ്രയോഗിക്കുന്നത് ഇസ്‌ലാമിക പ്രമാണങ്ങളോടും ചരിത്രത്തോടും ചെയ്യുന്ന നീതികേടായിരിക്കും. ഈ വിഷയത്തില്‍ മതസംഘടനകള്‍ അവരുടെ നിലപാട് പുനഃപരിശോധിക്കട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /38
എ.വൈ.ആര്‍