Prabodhanm Weekly

Pages

Search

2015 ജൂലൈ 03

അനുസ്മരണം

ഹസീന ബഷീര്‍

തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി ബീച്ച് ഹല്‍ഖയുടെ സെക്രട്ടറിയായിരുന്നു ഹസീന ബഷീര്‍. ബീച്ച് പ്രദേശത്തെ പ്രവര്‍ത്തനങ്ങളില്‍ ചെറുപ്രായക്കാരിയായ അവര്‍ ഒരു നിറസാന്നിധ്യം തന്നെയായിരുന്നു. ഹല്‍ഖാ യോഗങ്ങളിലും മറ്റു പ്രസ്ഥാന പരിപാടികളിലും പങ്ക്‌കൊള്ളുന്നതില്‍ പ്രത്യേക ആവേശം കാണിച്ചു. 2009 മുതല്‍ ബീച്ച് മദ്രസയില്‍ അധ്യാപികയായിരുന്നു. പ്രസ്ഥാനത്തിന്റെ കീഴില്‍ പലിശരഹിത കുറി തുടങ്ങിയപ്പോള്‍ ആദ്യം മുതല്‍ തന്നെ അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവര്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തു. ഖുര്‍ആന്‍ സ്റ്റഡിയിലേക്കുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും സജീവമായിരുന്നു. രണ്ടാം വര്‍ഷ ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ പരീക്ഷക്കുള്ള തയാറെടുപ്പിനിടയിലായിരുന്നു പെട്ടെന്ന് തലയില്‍ വന്ന മുഴ കാരണം ഓപ്പറേഷന് വിധേയമായത്. മൂന്നര മാസത്തോളം ചികിത്സയില്‍ കഴിഞ്ഞു. മരണപ്പെടുമ്പോള്‍ 28 വയസ്സായിരുന്നു. അസുഖമായി കിടക്കുമ്പോഴും  ഇബാദത്തുകള്‍ക്കും വായനക്കും മുന്‍ഗണന നല്‍കിയിരുന്നു.

കുടുംബത്തിലെ അസൗകര്യങ്ങള്‍ മറികടന്ന് പ്രസ്ഥാന കൂട്ടായ്മയിലെത്തുകയും, ദീനിന്റെ അടിസ്ഥാനങ്ങളുമായി യോജിക്കാത്ത പല പ്രശ്‌നങ്ങളിലും  കര്‍ക്കശ നിലപാടുകളെടുക്കുകയും ചെയ്തു എന്നത് അവരുടെ പ്രത്യേകതയായിരുന്നു. ഏഴ് വയസ്സായ മകളെയും കൈയില്‍ പിടിച്ചാണ് മിക്കവാറും എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കാറുള്ളത്. ഭൗതികമായി കൂടുതല്‍ സൗകര്യങ്ങളില്ലാത്ത ലളിത ജീവിതമാണവര്‍ നയിച്ചത്. ആരോടും പിണങ്ങാതെയും ആരെയും വേദനിപ്പിക്കാതെയും അവര്‍ കുടുംബത്തിനകത്തും പുറത്തും ജീവിച്ചു. തുറന്ന പെരുമാറ്റവും ഉയര്‍ന്ന സംസ്‌കാരവും അവരുടെ പ്രത്യേകതകളായിരുന്നു. ഗള്‍ഫിലുള്ള ഭര്‍ത്താവ് നാട്ടില്‍ വരുന്ന കുറഞ്ഞ ദിവസങ്ങളില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകനായ വാടാനപ്പള്ളി ബീച്ച് പണ്ടാരത്തില്‍ ബഷീറാണ് ഭര്‍ത്താവ്. മലപ്പുറം ജില്ലയിലെ തുവ്വൂര്‍ തെക്കുംപുറത്തെ കോഴിശ്ശേരി മുഹമ്മദ് പിതാവും മൈമൂന മാതാവുമാണ്. മകള്‍: ഫാസില. സഹോദരങ്ങള്‍: നിഷാദ്, യാസര്‍. 

ഇ.പി റഹ്മത്തുന്നീസ

ജലീല വക്കം

ക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പുത്രനും അധ്യാപകനുമായിരുന്ന അബ്ദുല്‍ വഹാബ് മാസ്റ്ററുടെ പുത്രിയും പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി വനിതാ ഹല്‍ഖ നാസിമത്തുമായിരുന്നു. നല്ല വായനക്കാരി കൂടിയായിരുന്ന ജലീല ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് ദീനി പ്രവര്‍ത്തനം നടത്തണമെന്ന ആഗ്രഹത്താല്‍ അതിനായി തെരഞ്ഞെടുത്തത് പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി എന്ന നാട്ടിന്‍പുറമായിരുന്നു. അതിന് അവരുടെ ഭര്‍ത്താവ് മുഹമ്മദ് സാഹിബ് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്ത് 1993 ല്‍ പോഞ്ഞാശ്ശേരിയിലേക്കു താമസം മാറ്റി.

വീടിന്റെ പരിസരവാസികളായ കുറച്ചു സ്ത്രീകളെ സംഘടിപ്പിച്ച് ആദ്യമായി സ്വന്തം വീട്ടില്‍ തന്നെ ഒരു ഖുര്‍ആന്‍ ക്ലാസ് ആരംഭിച്ചു. ദീനിപരമായി തീരെ പിന്നോക്ക പ്രദേശമായിരുന്നു അത്. അന്ധവിശ്വാസാനാചാരങ്ങളില്‍ മുഴുകിയിരുന്ന പ്രദേശവാസികളില്‍ കുറച്ചു പേരെയെങ്കിലും അതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അവര്‍ക്ക് തുടക്കത്തില്‍ തന്നെ സാധിച്ചു.  പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ദീനി പ്രബോധനവുമായി രംഗത്ത് സജീവമായപ്പോള്‍ യാഥാസ്ഥിതികരായ സ്ത്രീപുരുഷന്മാരില്‍ നിന്ന് കടുത്ത അവഹേളനങ്ങളും ആക്ഷേപങ്ങളും പലപ്പോഴായി അവര്‍ക്ക് ഏറ്റു വാങ്ങേണ്ടി വന്നു. തികഞ്ഞ സഹിഷ്ണുതയോടും സ്വതസ്സിദ്ധമായ പുഞ്ചിരിയോടും അവയെല്ലാം സന്തോഷത്തോടെ ഏറ്റു വാങ്ങി തന്റെ പ്രവര്‍ത്തനം ശക്തമായി തന്നെ തുടര്‍ന്നു. ഇടതുകാലിന് സ്വാധീനക്കുറവുണ്ടായിരുന്ന അവര്‍ ശാരീരിക പ്രയാസം വകവെക്കാതെ വീടുതോറും കയറിയിറങ്ങി തന്റെ ദൗത്യം നിര്‍വഹിച്ചു. രോഗികള്‍ക്കും അശരണര്‍ക്കുമെല്ലാം ആശ്വാസത്തിന്റെ തണല്‍മരം കൂടിയായിരുന്നു ജലീല. ജാതിമത ഭേദമന്യേ ആര്‍ക്കും ഏതു സമയവും സേവനത്തിന്റെ ആ ഹൃദയകവാടം മലര്‍ക്കെ തുറന്നിരുന്നു. സമ്പന്നരായ പല സുമനസ്സുകളും  തങ്ങളുടെ സഹായങ്ങള്‍ ജലീല മുഖേനയാണ് അര്‍ഹരായവര്‍ക്ക് എത്തിച്ചിരുന്നത്. തന്റെ ബന്ധുക്കളും മിത്രങ്ങളും അവരുടെ സംരഭങ്ങള്‍ക്ക് കൈ അയച്ച് സഹായിക്കുമായിരുന്നു. 

സബീഹ ഷാഹുല്‍ കരുനാഗപ്പള്ളി റിട്ട. പി.ഡബ്ലിയു.ഡി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, വക്കം മുനീര്‍, ജമാഅത്തെ ഇസ്‌ലാമി ചിറയില്‍കീഴ് ഏരിയ കണ്‍വീനറും കണിയാപുരം തണലിന്റെ ചെയര്‍പേഴ്‌സണുമായ ജൗഹറബീവി,  മുഹമ്മദ് ഷക്കീബ് (ബോംബെ), മുഹമ്മദ് സക്കീര്‍ (മാര്‍ക്കറ്റിംഗ് മാനേജര്‍) എന്നിവര്‍ സഹോദരീ സഹോദരന്മാരും, ഹസീന ഏകമകളുമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /38
എ.വൈ.ആര്‍