Prabodhanm Weekly

Pages

Search

2015 ജൂലൈ 03

വിശുദ്ധ മക്കയില്‍

ഇബ്‌നു ബത്വൂത്വ /യാത്ര-8

ഇബ്‌നു ബത്വൂത്വയുടെ യാത്ര അവസാനിക്കുന്നു

         മദീനയില്‍ നിന്ന് ഞങ്ങള്‍ മക്കയെ ലക്ഷ്യം വെച്ച് പുറപ്പെട്ടു. രണ്ടു നാടുകള്‍ക്കും അല്ലാഹു പോരിശ നല്‍കട്ടെ. വലിയൊരു നഗരമാണ് മക്ക. ചുറ്റും പര്‍വതങ്ങളുള്ള, നീളേ അടുത്തടുത്ത് കെട്ടിടങ്ങളോടെ ഒരു താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന പട്ടണം. പര്‍വതങ്ങള്‍ കാരണം അവിടെ എത്തിക്കഴിഞ്ഞാലേ പട്ടണം യാത്രികന്റെ ദൃഷ്ടിയില്‍ പെടൂ. എന്നാല്‍, പട്ടണത്തിലേക്ക് എത്തി നോക്കുന്ന ആ മലകള്‍ അത്രയൊന്നും ഉയരമുള്ളവയല്ല. മക്കയുടെ തെക്കു കിഴക്ക് സ്ഥിതി ചെയ്യുന്ന അബൂഖുബൈസും പടിഞ്ഞാറ് ദിശയില്‍ സ്ഥിതി ചെയ്യുന്ന ഖുഅയ്ഖആനുമാണ് അക്കൂട്ടത്തില്‍ ഗംഭീരം. അല്‍അഹ്മര്‍ പര്‍വതം വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. അബൂഖുബൈസിന്റെ ഭാഗത്താണ് അജ്‌യാദുല്‍ അക്ബര്‍, അജ്‌യാദുല്‍ അസ്ഗര്‍ എന്നീ രണ്ടു താഴ്‌വരകള്‍. ഖര്‍ദമ മലയും അവിടെ തന്നെ.

മക്കക്ക് മൂന്ന് കവാടങ്ങളുണ്ട്. ഉയരത്തിലുള്ളത് ബാബുല്‍ മുഅല്ലാ. താഴെയുള്ളത് ബാബുശ്ശബീക. ബാബുല്‍ ഉംറ എന്ന പേരിലും അത് അറിയപ്പെടുന്നു. പടിഞ്ഞാറ് ദിശയിലാണത്. മദീന, ഈജിപ്ത്, ശാം (സിറിയ), ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള പാത അതിലൂടെയാണ്. തന്‍ഈമിലേക്ക് തിരിയുന്നതും അവിടെ നിന്ന് തന്നെ. ദക്ഷിണ ദിശയിലാണ് ബാബുല്‍ മിസ്ഫല്‍. പ്രവാചകന്‍ മക്ക ജയിച്ചടക്കിയ അന്ന് ഖാലിദ് ബ്‌നുല്‍ വലീദ് ഇതിലൂടെയാണ് പട്ടണത്തിലേക്ക് പ്രവേശിച്ചത്. കൃഷിയില്ലാത്ത താഴ്‌വരയാണ് മക്ക; തന്റെ മിത്രമായ ഇബ്‌റാഹീം പ്രവാചകന്‍ വിശേഷിപ്പിച്ചത് ഉദ്ധരിച്ചുകൊണ്ട് ദൈവം ഖുര്‍ആന്‍ വേദത്തില്‍ പറഞ്ഞപോലെ. എങ്കിലും ആദിയിലേ അവിടെ ഇസ്‌ലാമിക സന്ദേശം എത്തിയിട്ടുണ്ടായിരുന്നു. ലോകത്തെങ്ങ് നിന്നും ആളുകളും എല്ലാ ഇനം കായ്കനികളും അവിടെ എത്തിക്കൊണ്ടിരുന്നു. ലോകത്തൊരിടത്തും സമാനതയില്ലാത്ത മുന്തിരിയും അത്തിയും പ്ലമ്മും ഇളം ഈത്തപ്പഴവും അവിടെ വെച്ച് എനിക്ക് തിന്നാന്‍ കഴിഞ്ഞു. അവിടെ ലഭിച്ച വത്തക്കയും അസാധാരണ മധുരമുള്ളതായിരുന്നു. മാംസമാണെങ്കില്‍ അതിരുചികരം. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന ചരക്കുകളൊക്കെ അവിടെ കുമിഞ്ഞുകൂടുന്നു. ത്വാഇഫ്, നഖ്‌ല താഴ്‌വര, മുര്‍ താഴ്‌വര എന്നിവിടങ്ങളില്‍ നിന്ന് അവിടെ പച്ചക്കറികളും പഴ വര്‍ഗങ്ങളും എത്തിച്ചേരുന്നു; തന്റെ പുരാതന ആലയത്തിന്റെ അയല്‍വാസികളോടും നിര്‍ഭയമായ തന്റെ ഹറമിലെ നിവാസികളോടുമുള്ള ദൈവത്തിന്റെ കാരുണ്യമായി.

മസ്ജിദുല്‍ ഹറാം

നാടിന്റെ മധ്യത്തിലാണ് മസ്ജിദുല്‍ ഹറാം. വിശാലമാണ് അതിന്റെ അങ്കണം. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് അതിന്റെ നീളം അസ്‌റഖിയുടെ റിപ്പോര്‍ട്ട് പ്രകാരം 400 മുഴത്തിലേറെ വരും; വീതിയും ഏതാണ്ട് അത്ര തന്നെ. മസ്ജിദിന്റെ മധ്യത്തിലാണ് മഹിമയേറിയ കഅ്ബ. അതീവ മനോജ്ഞമാണ് അതിന്റെ ദൃശ്യം. അതിന്റെ സൗന്ദര്യവും സമ്പൂര്‍ണതയും വര്‍ണിച്ചാല്‍ തീരില്ല. ചുറ്റുമതിലുകളുടെ ഉയരം ഇരുപത് മുഴം വരും. മൂന്ന് വരിയില്‍ ദീര്‍ഘ സ്തംഭങ്ങളിലാണ് അതിന്റെ മേല്‍പുരയുടെ നില്‍പ്. ഭദ്രസുന്ദരമായ നിര്‍മിതി. മൂന്ന് തളങ്ങളുണ്ട്. മൂന്നും ഒന്നെന്ന് തോന്നുംവിധം അത്ഭുതകരമായി ക്രമീകരിച്ചിരിക്കുന്നു. 491 മാര്‍ബിള്‍ തൂണുകളുണ്ട്. ഹറമിലെ കൂടുതലുളള ദാറുന്നദ്‌റയിലെ കുമ്മായത്തൂണ്‍ ഇതിന് പുറമെയാണ്. വടക്ക് ദിശയിലുള്ള തളത്തിനകത്താണത്. അതിന്റെ എതിരില്‍ മഖാമും ഇറാഖി റുക്‌നും. പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നതാണ് അതിന്റെ അന്തരീക്ഷം. ഈ തളത്തിലൂടെയാണ് അങ്ങോട്ട് കടക്കുക. ഈ തളത്തിലെ ചുവരിനോട് ചേര്‍ന്ന് ബെഞ്ചുകളുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരും പകര്‍ത്തെഴുത്തുകാരും തയ്യല്‍ പണിക്കാരും അവിടെ ഇരിക്കുന്നു. അതിന്റെ എതിര്‍വശത്തെ തളത്തിലെ ചുവരിനോടടുപ്പിച്ചുമുണ്ട് ഇതുപോലുള്ള ഇരിപ്പിടങ്ങള്‍. ബാബു ഇബ്‌റാഹീമില്‍ പടിഞ്ഞാറെ തളത്തില്‍ നിന്നൊരു പ്രവേശ ദ്വാരമുണ്ട്. അവിടെ കുമ്മായത്തൂണുകള്‍ കാണാം. ഖലീഫ അബൂജഅ്ഫര്‍ അല്‍ മന്‍സൂറിന്റെ മകന്‍ ഖലീഫ മഹ്ദിക്ക് മസ്ജിദുല്‍ ഹറാമിന്റെ വിപുലീകരണത്തിലും ഭദ്രമായ നിര്‍മാണ പ്രവര്‍ത്തനങ്ങളിലുമുള്ള പങ്കിനെ സൂചിപ്പിക്കുന്ന പല അടയാളങ്ങളും നിലനില്‍ക്കുന്നുണ്ട്.

ഹജറുല്‍ അസ്‌വദിനും റുക്‌നുല്‍ യമാനിക്കുമിടയിലെ നാലാമത്തെ ദിശയിലേക്കുള്ള ദൂരം 29 മുഴം വരും. റുക്‌നുല്‍ ഇറാഖിയില്‍ നിന്ന് ഹജറുല്‍ അസ്‌വദിലേക്കുള്ള അതിന്റെ പ്രതല വീതി 54 ചാണാണ്. അതുപോലെ തന്നെ റുക്‌നുല്‍ യമാനിയില്‍ നിന്ന് റുക്‌നുശ്ശാമിയിലേക്കുള്ള പ്രതലത്തിന്റെ വീതിയും. ഹജറുല്‍ അസ്‌വദിന്റെ ഉള്ളില്‍ നിന്ന് റുക്‌നുല്‍ ഇറാഖി മുതല്‍ റുക്‌നുല്‍ യമാനി വരെയുള്ള പ്രതല വീതി 48 ചാണാണ്. അതിന്റെ എതിര്‍വശത്ത് റുക്‌നുശ്ശാമിയില്‍ നിന്ന് റുക്‌നുല്‍ ഇറാഖി വരെയുളള വീതിയും അതുപോലെതന്നെ. എന്നാല്‍ ഹജറുല്‍ അസ്‌വദിന്റെ പുറം തലം 120 ചാണത്രേ. ഹജറിന് പുറത്താണ് പ്രദക്ഷിണം. കറുത്ത ഉറപ്പുള്ള ഒരു കല്ലാണത്. കാലത്തിന്റെ കൈയാങ്കളിക്കെല്ലാം അതീതവും ഭദ്രവുമാണ് അതിന്റെ നിര്‍മാണം. പുണ്യ കഅ്ബയുടെ കവാടം ഹജറുല്‍ അസ്‌വദിന്റെയും റുക്‌നുല്‍ ഇറാഖിയുടെയും ഇടയിലാണ്. രണ്ടിനുമിടയില്‍ 10 ചാണ്‍. അവിടെയാണ് 'മുല്‍തസം' എന്ന് പറയപ്പെടുന്ന സ്ഥലം. അവിടെ വെച്ച് പ്രാര്‍ഥിച്ചാല്‍ ഉത്തരം കിട്ടും. നിലത്ത് നിന്ന് കവാടത്തിന്റെ പൊക്കം പതിനൊന്നര ചാണാണ്; വീതി എട്ട് ചാണ്‍. നീളം 13 ചാണ്‍. അതിന്റെ ചുറ്റുമതിലിന്റെ വീതി 5 ചാണ്‍. വെള്ളിപ്പാളികളാല്‍ അത് പൊതിയപ്പെട്ടിരിക്കുന്നു. വാതിലിന്റെ രണ്ട് കട്ടിളകളും  പടിപ്പുരയും രജതാലങ്കൃതമാണ്. പൂട്ടിട്ട് പൂട്ടിയ രണ്ട് വെള്ളി നഗാരകളുമുണ്ട്. എല്ലാ വെള്ളിയാഴ്ചയും കഅ്ബയുടെ കവാടം തുറക്കപ്പെടും. നബിയുടെ ജന്മദിനത്തിലും തുറക്കപ്പെടും. അന്ന് മിമ്പറിന് സമാനമായ ഒരു കസേര കൊണ്ട് വെക്കുന്ന ചടങ്ങുണ്ട്. അതിന് ചവിട്ടുപടികളും മരക്കാലുകളുമുണ്ട്. നാല് കപ്പികളുമുണ്ടാവും. കപ്പികളിന്മേലാണ് കസേര നീങ്ങുക. കസേര വിശുദ്ധ കഅ്ബയുടെ ചുവരില്‍ ഘടിപ്പിക്കപ്പെടുന്നു. അതിന്റെ മേലേ പടി കഅ്ബയുടെ പടിവാതിലിനോട് ചേര്‍ന്നിരിക്കും. പിന്നീട് പ്രായം ചെന്ന ഒരാള്‍ അതിലേക്ക് കയറുന്നു. അയാളുടെ കൈയില്‍ താക്കോലുമുണ്ടാകും; ഒപ്പം കഅ്ബയുടെ ഊരാളന്മാരും. അവര്‍ കഅ്ബയുടെ വാതിലില്‍ താഴ്ത്തിയിട്ട ബുര്‍ഖ എന്ന വിരി പിടിപ്പിക്കുന്നു. കഅ്ബ തുറക്കുന്നതോടെ അയാള്‍ പടിവാതില്‍ ചുംബിക്കുന്നു. അയാള്‍ ഒറ്റക്ക് അകത്ത് കടന്ന് വാതിലടക്കുന്നു. രണ്ട് റക്അത്ത് നിസ്‌കരിക്കുന്ന അത്ര സമയം അയാള്‍ അകത്ത് നില്‍ക്കുന്നു. അതിനു ശേഷം മറ്റുള്ള എല്ലാവരും അകത്ത് കടക്കുന്നു. അവരും വാതിലടച്ച് നിസ്‌കരിക്കുന്നു. തുടര്‍ന്ന് വാതില്‍ തുറക്കുന്നതോടെ ജനം അകത്ത് കടക്കാന്‍ തിക്കിത്തിരക്കുന്നു. അതിനിടെ അവര്‍ വിശുദ്ധ കവാടത്തിലേക്ക് തിരിഞ്ഞു ഭക്തിപരവശരായി കൈയുയര്‍ത്തി നിലകൊള്ളുന്നു. വാതില്‍ തുറക്കപ്പെട്ടാല്‍ തക്ബീര്‍ മുഴക്കി അവര്‍ പ്രാര്‍ഥിക്കുന്നു. ''കാരുണികരില്‍ കാരുണികനായ അല്ലാഹുവേ, നിന്റെ പാപമോചനത്തിന്റെയും കാരുണ്യത്തിന്റെയും കവാടങ്ങള്‍ നീ ഞങ്ങള്‍ക്ക് തുറന്ന് തരേണമേ.''

കറുപ്പും വെളുപ്പും ഇടകലര്‍ന്ന മാര്‍ബിള്‍ വിരിച്ചതാണ് കഅ്ബയുടെ അകം; ചുവരുകളുമതെ. വളരെ നീണ്ട മൂന്ന് സ്തംഭങ്ങള്‍ അതിനുണ്ട്. തേക്കിന്‍ തടി കൊണ്ട് നിര്‍മിതമാണത്. ഓരോ തൂണിനുമിടയില്‍ നാലടി അകലമുണ്ടാകും.

കറുത്ത പട്ടിനാല്‍ നെയ്തതാണ് കഅ്ബയുടെ വിരികള്‍. അതിലെ എഴുത്തുകള്‍ വെള്ള നിറത്തിലാണ്. അവ പ്രകാശത്താല്‍ വെട്ടിത്തിളങ്ങുന്നു. കഅ്ബയെ അടിമുടി പൊതിയുന്നതാണ് വിരികള്‍. കഅ്ബ തുറക്കുമ്പോള്‍ എണ്ണിയാല്‍ ഒടുങ്ങാത്ത പാരാവാര സമാനമായ ജനമൊക്കെ ഒരു ഇടുക്കവുമില്ലാതെ അതില്‍ പ്രവേശിക്കുന്നു. കഅ്ബയുടെ അത്ഭുത ദൃഷ്ടാന്തങ്ങളിലൊന്നാണിത്.  രാപ്പകല്‍ ഭേദമില്ലാതെ കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നവര്‍ ഒഴിഞ്ഞ ഒരു നേരവുമില്ല എന്നതും അതിന്റെ അത്ഭുതങ്ങളിലൊന്നത്രേ. പ്രദക്ഷിണം ചെയ്യുന്ന ആരുമില്ലാതെ കഅ്ബ കണ്ട ആരുമില്ല. മക്കയിലെ പ്രാവുകളും ഇതര പറവകളും കഅ്ബയുടെ മുകളില്‍ പറക്കുകയോ ഇറങ്ങുകയോ ഇല്ല എന്നതും മറ്റൊരതൃപ്പമായി അവശേഷിക്കുന്നു. ഹറമിനു മുകളില്‍ പറക്കുന്ന പ്രാവുകള്‍ കഅ്ബയുടെ ദിശയില്‍ എത്തുമ്പോള്‍ അതില്‍ നിന്ന് തെന്നി മാറുന്നു. രോഗം ബാധിച്ചാലല്ലാതെ പറവകള്‍ അതിന് മുകളില്‍ ഇറങ്ങുകയില്ലെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ഒന്നുകില്‍ തത്സമയം മരിക്കുകയോ അല്ലെങ്കില്‍ സുഖപ്പെടുകയോ ചെയ്യുന്നു. കഅ്ബക്ക് പോരിശയും ഗാംഭീര്യവും നല്‍കി അനുഗ്രഹിച്ച അല്ലാഹു എത്ര പരിശുദ്ധന്‍!

ഹജറുല്‍ അസ്‌വദിലെ പിളര്‍പ്പ്

ഹജറുല്‍ അസ്‌വദിന്റെ ഏറ്റവും മുകളിലത്തെ പ്രതലത്തിലെ മീസാബ് (വെള്ളപ്പാത്തി) സ്വര്‍ണ നിര്‍മിതമാണ്. ഒരു ചാണാണ് അതിന്റെ വ്യാസം. രണ്ട് മുഴത്തോളം നീളം കാണും. അതിന്റെ താഴെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥലമാണ്. മീസാബിന്റെ താഴെയാണ് ഇസ്മാഈല്‍ നബിയുടെ ഖബ്ര്‍. അവിടെ മിഹ്‌റാബ് രൂപത്തില്‍ നീളത്തിലൊരു ഹരിത മാര്‍ബിളുണ്ട്. വൃത്താകൃതിയിലുള്ള മറ്റൊരു ഹരിത മാര്‍ബിളിനോട് അത് ചേര്‍ന്നു നില്‍ക്കുന്നു. രണ്ടിന്റെയും വ്യാസം ഏതാണ്ട് ഒരു ചാണ്‍ വരും. രണ്ടും ദൃശ്യമനോഹരവും വിചിത്രവുമായ രൂപത്തിലുള്ളതാണ്. ഇറാഖി റുക്‌നിന് സമീപം അതിനോട് ചേര്‍ന്നാണ് ഇസ്മാഈല്‍ നബിയുടെ ഉമ്മ ഹാജറിന്റെ ഖബ്ര്‍. വൃത്താകാരത്തിലുള്ള പച്ച മാര്‍ബിളാണ് അതിന്റെ അടയാളം. ഏതാണ്ട് ഒന്നര ചാണ്‍ വരും അതിന്റെ വ്യാസം. രണ്ട് ഖബ്‌റിനുമിടയില്‍ ഏഴ് ചാണ്‍ അകലമുണ്ട്.

നിലത്ത് നിന്ന് ആറ് ചാണ്‍ ഉയരത്തിലാണ് ഹജറുല്‍ അസ്‌വദ്. ദീര്‍ഘകായര്‍ അതിനെ കുനിഞ്ഞു മുത്തുന്നു. ഹ്രസ്വകായര്‍ ഏന്തിവലിഞ്ഞ് മുത്തുന്നു. വടക്ക് വശത്തുള്ള റുക്‌നുമായി ചേര്‍ന്നാണ് അതിന്റെ കിടപ്പ്. മുന്നില്‍ രണ്ട് ചാണാണ് അതിന്റെ വ്യാസം. റുക്‌നിനകത്ത് എത്രമാത്രം അത് കടന്നിട്ടുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഒട്ടിപ്പിടിച്ച നാല് കഷ്ണമാണത്. ഒരു ഖറമത്വി1ക്കാരനാണ് (അവന് ദൈവശാപമുണ്ടാകട്ടെ) അതിനെ പൊട്ടിച്ചതെന്ന് പറയപ്പെടുന്നു.  വേറൊരു കൂട്ടരാണെന്നും പറയുന്നുണ്ട്. ഒരു ഹാമര്‍ കൊണ്ട് അയാള്‍ അത് അടിച്ചു പൊട്ടിക്കുകയാണുണ്ടായതത്രേ. അപ്പോള്‍ ജനം അയാളെ കൊല്ലാന്‍ ഉദ്യമിച്ചു. അയാള്‍ കാരണം ഒരു സംഘം മൊറോക്കക്കാര്‍ അവിടെ വെച്ചു കൊല്ലപ്പെടുകയുണ്ടായി. പൊട്ടിയ ഹജറുല്‍ അസ്‌വദ് വെള്ളി പാളികള്‍ കൊണ്ട് കൂട്ടിയോജിപ്പിച്ചിരിക്കുകയാണ്. കറുത്ത പുണ്യശിലയില്‍ കണ്ണഞ്ചും വിധം അതിന്റെ ധവള ശോഭ വെട്ടിത്തിളങ്ങുന്നു. അതിനെ ചുംബിക്കുമ്പോള്‍ അധരങ്ങളില്‍ അസാധാരണമായൊരു അനുഭൂതി രസം കിനിഞ്ഞുവരും. ചുംബിക്കുന്നവന് അവിടെ നിന്ന് ചുണ്ടെടുക്കാനേ തോന്നില്ല. അത്രക്ക് ദൈവാനുഗ്രഹപൂരിതമാണത്. 'ഭൂമിയില്‍ ദൈവത്തിന്റെ വലംകൈയ്' എന്ന് പ്രവാചകന്‍ അതിന് നല്‍കിയ വിശേഷണം തന്നെ അതിന്റെ മഹിമക്ക് ധാരാളം മതിയല്ലോ. അതിനെ സ്പര്‍ശിച്ച് അഭിവാദ്യം ചെയ്യുന്നതിന്റെ പ്രയോജനം അല്ലാഹു നമുക്ക് നല്‍കുമാറാകട്ടെ. അതിനെ അഭിവാദ്യം ചെയ്യുന്നവന്റെ വലത് വശത്തിനഭിമുഖമായുള്ള അതിന്റെ ഊനം തട്ടാത്ത കഷ്ണത്തില്‍ ചെറിയൊരു ധവള ബിന്ദു കാണാം. പ്രദക്ഷിണം ചെയ്യുന്നവര്‍ അവിടം ചുംബിക്കാനായി തിക്കിത്തിരക്കുന്നു. തിരക്കില്‍ അവര്‍ മേല്‍ക്കുമേല്‍ മറിഞ്ഞുവീഴുന്നു. നന്നായി മല്ലിട്ടാല്‍ മാത്രമേ ഒരാള്‍ക്കവിടെ ചുംബിക്കാന്‍ സാധിക്കൂ. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുമ്പോഴും ഈ തിരക്ക് അനുഭവപ്പെടും. ഹജറുല്‍ അസ്‌വദില്‍ നിന്നാണ് പ്രദക്ഷിണത്തിന് നാന്ദി കുറിക്കേണ്ടത്. പ്രദക്ഷിണത്തിന്റെ പ്രാഥമിക റുക്‌നാണത്. ഹജറുല്‍ അസ്‌വദിനെ അഭിവാദ്യം ചെയ്ത ശേഷം തീര്‍ഥാടകര്‍ അല്‍പം പിന്നോട്ട് മാറി പുണ്യ കഅ്ബയെ തന്റെ ഇടത് വശത്താക്കി പ്രദക്ഷിണം തുടരുന്നു. പിന്നീടവര്‍ റുക്‌നുല്‍ ഇറാഖിയെ അഭിമുഖീകരിക്കുന്നു. വടക്ക് ദിശയിലാണത്. പിന്നീട് റുക്‌നുശ്ശാമിയെ നേരിടുന്നു. പശ്ചിമ ദിശയിലാണത്. തുടര്‍ന്ന് ദക്ഷിണ ഭാഗത്തുള്ള യമാനി റുക്ന്‍. അനന്തരം കിഴക്ക് ഭാഗത്തേക്ക് ഹജറുല്‍ അസ്‌വദിലേക്ക് തന്നെ മടങ്ങുന്നു.

ഇനി പുണ്യ 'മഖാമി'നെക്കുറിച്ച് പറയാം. കഅ്ബയുടെ -അല്ലാഹു അതിന്റെ പോരിശ വര്‍ധിപ്പിക്കട്ടെ- കവാടത്തിനും ഇറാഖി റുക്‌നിനുമിടയില്‍ 12 ചാണ്‍ നീളത്തിലും അതിന്റെ പാതി വീതിയിലുമുള്ള ഒരിടമുണ്ട്. അതാണ് ഇബ്‌റാഹീം 'മഖാം'.2 ഏതാണ് രണ്ട് ചാണാണ് അതിന്റെ ഉയരം. അത് പിന്നീട് മുഹമ്മദ് നബി ഇപ്പോള്‍ നിസ്‌കരിക്കുന്നിടത്തേക്ക് നീക്കി മാറ്റി. ആ സ്ഥലം ഒരുമാതിരി ജല സംഭരണിയായിത്തീര്‍ന്നു. വിശുദ്ധ മന്ദിരം കഴുകുമ്പോഴുള്ള ജലം ഇവിടെയാണ് അടിഞ്ഞു കൂടുന്നത്. പുണ്യം നേടുന്ന ഈ സ്ഥലത്ത് ജനം നിസ്‌കരിക്കാന്‍ തിക്കിത്തിരക്കുന്നു. റുക്‌നുല്‍ ഇറാഖിക്കും ബാബുശ്ശരീഫിനും മധ്യേയാണ് മഖാം. ബാബുശ്ശരീഫിനോടാണ് അത് കൂടുതല്‍ ചാഞ്ഞുനില്‍ക്കുന്നത്. അതിന് മുകളില്‍ ഒരു ഖുബ്ബയുണ്ട്; അടിയില്‍ ഇരുമ്പ് ജനലുകളും. മഖാമില്‍ നിന്ന് വിരല്‍പാടകലത്തിലാണത്. ജനല്‍ അടച്ചിട്ടിരിക്കുകയാണ്. അതിന്റെ പിറകില്‍ വകഞ്ഞുകെട്ടിയ ഒരു സ്ഥലമുണ്ട്. ത്വവാഫി(പ്രദക്ഷിണം)ന്റെ രണ്ട് റക്അത്ത് നിസ്‌കരിക്കാനുള്ള സ്ഥലമായി നിശ്ചയിച്ചിരിക്കുകയാണത്. പ്രബലമായ നബിവചനത്തില്‍ ഇങ്ങനെ കാണാം: മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചപ്പോള്‍ പ്രവാചകന്‍ വിശുദ്ധ മന്ദിരത്തിലേക്ക് വന്ന് ഏഴു തവണ പ്രദക്ഷിണം ചെയ്തു. പിന്നീട് മഖാമിന്നടുത്ത് വന്ന് 'ഇബ്‌റാഹീം മഖാം നിങ്ങള്‍ നിസ്‌കാര സ്ഥലമാക്കുക' എന്ന ഖുര്‍ആന്‍ സൂക്തം ഓതിക്കൊണ്ട് രണ്ട് റക്അത്ത് നിസ്‌കരിച്ചു. മഖാമിന്റെ പിറകിലാണ് ശാഫീ വിഭാഗത്തിന്റെ ഇമാം പ്രാര്‍ഥന നയിക്കുന്ന സ്ഥലം. 

-യുനസ്‌കോവിന്റെ 'കിതാബ് ഫീ ജരീദ' പ്രോജക്ട് പ്രകാരം പ്രസിദ്ധീകരിച്ച, ഇബ്‌നു ബത്വൂത്വയുടെ യാത്രാ വിവരണത്തിന്റെ തെരഞ്ഞെടുത്ത ഭാഗങ്ങളില്‍ നിന്ന്-

(അവസാനിച്ചു)

കുറിപ്പുകള്‍

1. ഹിജ്‌റ 258 (ക്രി. 871)-ല്‍ ഇറാഖില്‍ പ്രത്യക്ഷപ്പെട്ട ഇസ്മാഈലി ശീഈകളുടെ ഒരു മത രാഷ്ട്രീയ വിമത പ്രസ്ഥാനമാണ് ഖറാമിത്വ. ഹംദാന്‍ ഖര്‍മത്വ് ആണ് നേതാവ്. ബഹ്‌റൈന്‍, യമന്‍ എന്നിവിടങ്ങളില്‍ വ്യാപിച്ച അവര്‍ ക്രി. 930-ല്‍ മക്ക കീഴടക്കി അവിടെ നിന്ന് ഹജ്‌റുല്‍ അസ്‌വദ് നീക്കിക്കൊണ്ടുപോയി. 22 വര്‍ഷത്തിന് ശേഷമാണ് അത് തിരിച്ചു കൊടുത്തത്. ക്രി. 970-ല്‍ ഫാത്വിമികളില്‍ നിന്ന് ദമസ്‌കസ് പിടിച്ചെടുത്ത അവര്‍ ഈജിപ്തിലേക്ക് മുന്നേറിയെങ്കിലും ക്രി. 972-ല്‍ ഫാത്വിമി രാജവംശത്തില്‍ പെട്ട അല്‍ മുഇസ്സുബില്ലാഹി അവരെ പരാജയപ്പെടുത്തി. ക്രി. 1027-ല്‍ ഉയൂനി ഭരണാധികാരികള്‍ ബഹ്‌റൈനില്‍ അവരുടെ കഥ കഴിച്ചു. അതോടെ അവര്‍ കുറ്റിയറ്റുപോയി.

2. ഇബ്‌റാഹീം നബി കഅ്ബ കെട്ടിപ്പടുക്കാന്‍ നിന്ന സ്ഥലം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /38
എ.വൈ.ആര്‍