Prabodhanm Weekly

Pages

Search

2015 ജൂലൈ 03

മനസ്സിന്റെ ആ നനവല്ലേ, ത്യാഗമല്ലേ ഏറ്റവും വലിയ തഖ്‌വ

നജീബ് കുറ്റിപ്പുറം /കവര്‍‌സ്റ്റോറി

ഉത്തരേന്ത്യയിലെ നോമ്പുകാലങ്ങള്‍

കുറച്ചു വര്‍ഷങ്ങളായി വിഷന്‍ 2016-ന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഉത്തരേന്ത്യന്‍ ജീവിതം അടുത്തറിയാന്‍ സാധിച്ചിട്ടുണ്ട്. എന്റെ ചില റമദാന്‍ നോമ്പുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു. അക്കാലത്തുണ്ടായ ചില അനുഭവങ്ങളാണ് ഇവിടെ കുറിക്കുന്നത്.

         ദാരിദ്ര്യം കൊണ്ടും മറ്റ് അടിസ്ഥാന ജീവനോപാധികളുടെ ഇല്ലായ്മ കൊണ്ടും വലയുന്ന പ്രദേശമാണ് രാജസ്ഥാനിലെ ബാര്‍മിര്‍ ജില്ല. അവിടത്തെ ഗ്രാമങ്ങളുടെ ശോചനീയാവസ്ഥ ഉദാരമതികളായ ചിലരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. റമദാനായത് കൊണ്ടാകാം, പ്രതീക്ഷിച്ചതിലും വേഗത്തില്‍ സഹായങ്ങള്‍ എത്തി. എത്രയും പെട്ടെന്ന് ബാര്‍മിറിലെത്തി റമദാനില്‍ തന്നെ ആ ഗ്രാമ നിവാസികള്‍ക്ക് വേണ്ട സഹായമെത്തിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് യാത്ര പുറപ്പെട്ടത്. നോമ്പു നോറ്റുകൊണ്ടുള്ള ആ യാത്ര അവസാനിക്കുന്നത് മഗ്‌രിബ് ബാങ്കിന് തൊട്ടു മുമ്പാണ്. ഹോട്ടലോ മറ്റു സംവിധാനങ്ങളോ ഇല്ലാത്ത ബാര്‍മിര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് യാത്ര അവസാനിച്ചത്. 

സുഭിക്ഷമായി നോമ്പു തുറന്ന കേരളീയ ജീവിതത്തില്‍ നിന്ന് നോമ്പ് തുറ സമയമാവുമ്പോള്‍ എന്തെങ്കിലുമൊക്കെ ലഭിക്കുമായിരിക്കും എന്ന ഉത്തരേന്ത്യന്‍ അവസ്ഥയിലാണ് അപ്പോള്‍ ഞാനും ഉണ്ടായിരുന്നത്. അല്‍പം വെള്ളവും ഒരു കഷ്ണം കാരക്കയും കൊണ്ട് നോമ്പ് തുറന്ന് തൊട്ടടുത്ത് കണ്ട പള്ളിയില്‍ കയറി നമസ്‌കരിച്ചു. മനസ്സിന് എന്തെന്നില്ലാത്ത ആഹ്ലാദം! നമസ്‌കാരത്തിന് ശേഷം ഒരാള്‍ ഒരു കപ്പ് ചായ  കൊണ്ടു വന്നു. രാജസ്ഥാന്‍ പ്രതിനിധികളായ എന്റെ കൂടെ വന്നവര്‍ അന്തം വിട്ടു നില്‍ക്കുകയാണ്. കേരളത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് എങ്ങനെയാണ് അവിടുത്തെ നോമ്പുതുറ വിഭവമായ അല്‍പം അരിപ്പൊടിയും കടലയും കൊടുക്കുക? ഇത് മനസ്സിലാക്കിയാവണം പള്ളിയില്‍ വന്ന ഒരു ഗ്രാമീണന്‍ പറഞ്ഞു: ''ഇവര്‍ എന്റെ വീട്ടിലേക്ക് വന്നാല്‍ ഭക്ഷണം നല്‍കാമായിരുന്നു.'' അല്‍ഹംദുലില്ലാഹ്! ഒരു പക്ഷെ, ആ നാടിന്റെ മാനം കാക്കാന്‍ മാത്രമായിരിക്കാം അദ്ദേഹം ഇത് ഏറ്റെടുത്തത്. ഞങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ നടന്നു. ആ കുടിലിന് മുമ്പില്‍ എത്തിയപ്പോഴാണ് നോമ്പിന്റെയും ആ മനുഷ്യരുടെയും മനസ്സിന്റെ നനവും, കനിവും, കരുണയും ബോധ്യപ്പെട്ടത്. വീട്ടിലെ അംഗങ്ങള്‍ക്കായി പാകം ചെയ്തിരുന്ന ആകെയുള്ള രണ്ടു കഷ്ണം മാംസവും നാല് റൊട്ടിയുമെടുത്ത് അദ്ദേഹം ഞങ്ങള്‍ക്ക് നേരെ നീട്ടി. ഒരുപക്ഷേ അന്ന് ആദ്യമായിട്ടായിരിക്കും ഈ റമദാന് ഒരു കഷ്ണം മാംസം കൂട്ടി നോമ്പ് തുറക്കാന്‍ ആ കുടുംബത്തിന് അവസരമുണ്ടായത്. അതൊന്നും അവരുടെ അതിഥി സല്‍കാരത്തെ  ബാധിച്ചില്ല. ഉള്ള ഭക്ഷണം ഞങ്ങളുടെ മുന്നിലേക്ക് വെച്ചുനീട്ടി. ദാരിദ്ര്യത്തിന്റെ നടുക്കടലില്‍ കിടന്ന് ഉരുളുമ്പോഴും തങ്ങളേറെക്കാലം കൊതിച്ച പ്രിയപ്പെട്ട ആ ഭക്ഷണ സാധനങ്ങള്‍ ഞങ്ങളുടെ മുന്നിലേക്ക് വെച്ചുനീട്ടിയതോര്‍ക്കുമ്പോള്‍ ഇന്നും നമ്മുടെ ത്യാഗം ഒക്കെ എത്ര ചെറുതാണെന്ന് തോന്നിപ്പോകാറുണ്ട്.

ബിഹാറിലെ സന്മനസ്സേ 

നിനക്ക് സമാധാനം

ബിഹാറിലെ ഒരു ഗ്രാമത്തില്‍  വീടില്ലാത്തവരുടെ ലിസ്റ്റ് എടുക്കുകയാണ്. സര്‍വേ പരമാവധി കുറ്റമറ്റരീതിയില്‍ തന്നെയാണ് തയ്യാറാക്കിയത്. ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ വീട് ലഭിക്കണം. ദരിദ്രനായ ഹബീബ് ഖാന്റെ പേരും ലിസ്റ്റില്‍ ഉണ്ട്. വൈകുന്നേരങ്ങളില്‍ കൂലിപ്പണിയെടുത്ത് തിരിച്ചുവരുന്ന തൊഴിലാളികള്‍ക്ക് സര്‍ബത്ത് കലക്കി വിറ്റ് ഉപജീവനം കണ്ടെത്തുന്ന യാളാണ് ഹബീബ് ഖാന്‍. ഒരു ഗ്ലാസ് സര്‍ബത്ത് വിറ്റാല്‍ കിട്ടുക രണ്ടു രൂപയാണ്. ഊഹിക്കാവുന്നതേയുള്ളൂ അതില്‍ നിന്ന് ഹബീബിന് ലഭിക്കുന്ന വരുമാനം. ഹബീബിന് വീടുവെച്ച് നല്‍കാന്‍ തീരുമാനിച്ച വിവരം അറിയിച്ചപ്പോള്‍ ഒരു നിമിഷം അദ്ദേഹം മൗനിയായി. പിന്നെ ഒരു ചെറു പുഞ്ചിരിയോടെ പതുക്കെ പറഞ്ഞു: ''എന്റെ വീടിനടുത്ത് നൂര്‍ജഹാന്‍ ഖാത്തൂന്‍ എന്ന വിധവയായ ഒരു സ്ത്രീയുണ്ട്. അവര്‍ ജീവിതം രണ്ടറ്റവും മുട്ടിക്കാന്‍ പാടുപെടുകയാണ്. ആരെയും ഒരു വിഷമവും അറിയിക്കാതെ ജീവിക്കുകയാണവര്‍. ചെറിയ ഒരു താര്‍പ്പായയുടെ ചുറ്റും ഷീറ്റ് വെച്ച്‌കെട്ടി കഷ്ടിച്ച് ജീവിക്കുന്ന നൂര്‍ജഹാന്‍ ഖാത്തൂനെ ആദ്യം പരിഗണിക്കുക. അതിന് ശേഷമേ ഞാനീ വീടിന് അര്‍ഹനാവുകയുള്ളൂ.'' തനിക്ക് ലഭിച്ച വീട് വേണ്ടെന്ന് വെച്ച്, തന്റെ ബന്ധുപോലുമല്ലാത്ത ആ വിധവക്ക് മുന്‍ഗണന നല്‍കുകയാണ് ഹബീബ്. ഹബീബും കുടുംബവും താമസിക്കുന്നതാകട്ടെ നൂര്‍ജഹാന്‍ ഖാത്തൂന്റേത് പോലെ ഷീറ്റ് വലിച്ച് കെട്ടിയ താല്‍ക്കാലിക കുടിലിലാണ് താനും. എന്നിട്ടും, തന്നെ ഒഴിവാക്കിയെങ്കിലും ആ വിധവയെ പരിഗണിക്കണമെന്ന് പറയാന്‍ അദ്ദേഹത്തെ കെല്‍പ്പുറ്റവനാക്കിയത് എന്തായിരിക്കും? അദ്ദേഹം ഒരു പണ്ഡിതനോ ആലിമോ അല്ല. വെറും ഒരു സാധാരണക്കാരന്‍. ഒരുപക്ഷേ താന്‍ അനുഷ്ഠിച്ച റമദാന്‍ നോമ്പ് ഹബീബിനെ കൂടുതല്‍ മുത്തഖി ആക്കിയതാവാം. ത്യാഗമാണല്ലോ ജീവിതത്തിലെ ഏറ്റവും വലിയ തഖ്‌വ. ഇന്നും തഖ്‌വയെ കുറിച്ച ക്ലാസുകള്‍ കേള്‍ക്കുമ്പോള്‍ ഹബീബിനെയാണ് ഓര്‍മ വരാറുള്ളത്.

കരാറിന്റെ കരുത്ത്

ഒരു റമദാന്‍ കാലം. ദല്‍ഹിയിലെ കുത്തബ്മിനാറിനടുത്ത ഓട്ടോ സ്റ്റാന്റില്‍ നിന്ന് ഒരു സാധനം വാങ്ങി മെട്രോ സ്റ്റേഷനടുത്തെത്തണം. ഓട്ടോ വിളിച്ച് ഡ്രൈവറോട് 40 രൂപക്ക് സവാരി ഉറപ്പിച്ചു. യാത്രക്കിടയില്‍ ഡ്രൈവറോട് വീട്ടു വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഇടക്ക് വഴിയില്‍ നിര്‍ത്തി സാധനം വാങ്ങാന്‍ പോയി തിരിച്ചു വന്നത് പറഞ്ഞതിലും വൈകിയാണ്. അദ്ദേഹം ചിരിച്ചതേയുള്ളൂ.  ഓട്ടോ മെട്രോയിലേക്ക് നീങ്ങി. ഉദ്ദേശിച്ചതിലും സമയം കൂടുതല്‍ എടുത്തതും, സൗമ്യമായ അദ്ദേഹത്തത്തിന്റെ പുഞ്ചിരിയും പറഞ്ഞുറപ്പിച്ച പൈസയില്‍ നിന്ന് അല്‍പം കൂടുതല്‍ നല്‍കാന്‍ എന്നെ പ്രേരിപ്പിച്ചു. ഓട്ടോ നിര്‍ത്തി കൊടുത്ത പണം എണ്ണിനോക്കിയിട്ട് അദ്ദേഹം പറഞ്ഞു: ''നമ്മള്‍ക്കിടയിലുള്ള കരാര്‍ നാല്‍പത് രൂപയാണല്ലോ.'' കൂടുതല്‍ കൊടുത്ത പണം തിരികെ തരാന്‍ ശ്രമിച്ച ആ മഹാമനസ്‌കന്റെ മുന്നില്‍ എനിക്ക് തലകുനിച്ചു നില്‍ക്കേണ്ടി വന്നു. ലാഭത്തിന് വേണ്ടി മാത്രം കച്ചവടം ചെയ്യുന്ന നമ്മിലേക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് അത് പ്രേരണയായി. നാം കാണാതെ പോവുന്ന ഇത്തരം ധാരാളം മനുഷ്യരുണ്ട്. അവരാണ് യഥാര്‍ഥത്തില്‍ നോമ്പിന്റെ സാരാംശമുള്‍ക്കൊണ്ട മനുഷ്യര്‍. പ്രവാചകന്‍ ദാരിദ്ര്യത്തെ ഇഷ്ടപ്പെട്ടതും ഇതുകൊണ്ടായിരിക്കുമോ?

ട്രെയ്‌നിലെ നോമ്പുതുറ

തിരക്കുള്ള ട്രെയ്‌നില്‍ ഒഴിവുള്ള സീറ്റില്‍ ഒരു വിധം കയറിയിരുന്നു. എനിക്ക് പിന്നാലെ കയറിയ ഒരു വൃദ്ധ തൊട്ടടുത്തുള്ള സീറ്റില്‍ കിടന്ന പേപ്പറെടുത്ത് മാറ്റി അവിടെ ഇരുന്നു. വണ്ടി പുറപ്പെടാന്‍ സമയമായപ്പോഴേക്കും മൂന്ന് ചെറുപ്പക്കാര്‍ കയറി വന്നു. കൂട്ടത്തിലൊരുത്തന്‍ വളരെ ഗൗരവത്തില്‍ ചോദിച്ചു. ''ഞാനിവിടെ സീറ്റ് പിടിച്ച പേപ്പര്‍ ആരാ എടുത്തു മാറ്റിയത്?'' ശേഷം എന്റെ മുഖത്തേക്ക് രൂക്ഷമായി ഒന്നു നോക്കി. നോമ്പ് തുറക്കാനുള്ള സമയം അടുത്ത് കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, അവന്‍ നോമ്പുകാരനാണെങ്കിലോ? അതായിരിക്കും ഈ ദേഷ്യം. ഞാന്‍ ഒരു പുസ്തകമെടുത്ത് വായിക്കാനൊരുങ്ങിയതും ആ പുസ്തകം വലിച്ച് മാറ്റി വീണ്ടും അവന്‍ ആക്രോശിച്ചു. ''എന്റെ സീറ്റില്‍ കയറിയിരിക്കാന്‍ ആയോ നീ?'' ഒട്ടും ക്ഷമയില്ല. അവന്റെ നോമ്പിനെ കുറിച്ച് മാത്രം ആലോചിച്ച് മിണ്ടാതിരിക്കാന്‍ ആവുന്നത്ര ഞാന്‍ ശ്രമിച്ചു. വീണ്ടും ശബ്ദം ഉയര്‍ന്നപ്പോള്‍ ആ വൃദ്ധ പറഞ്ഞു: ''മോനെന്തിനാ ചീത്ത കേള്‍ക്കുന്നത്? ഞാനെഴുന്നേറ്റ് കൊടുക്കാം.'' എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു. അടക്കിപ്പിടിച്ച അമര്‍ഷവും ഈ വൃദ്ധയുടെ നിസ്സഹായാവസ്ഥയും എന്നെ വല്ലാതെ പ്രതിസന്ധിയിലാക്കി. തൊട്ടടുത്ത സ്റ്റേഷനടുത്തപ്പോഴേക്കും അല്‍പം ആളൊഴിഞ്ഞു. സ്ഥിതി ശാന്തമായിക്കൊണ്ടിരിക്കുന്നതിനിടയില്‍ ആക്രോശം നടത്തിക്കൊണ്ടിരുന്നവന്‍ കൂട്ടുകാരോട് പറഞ്ഞു: ''വിശന്നിട്ട് വയ്യ!!'' അസ്വസ്ഥമായ ആ മനസ്സിന്റെ വിശപ്പും കൂടി മനസ്സിലാക്കിയപ്പോള്‍ നോമ്പുതുറക്കാന്‍ കരുതി വെച്ചിരുന്ന പഴവും അല്‍പം വെള്ളവും അവന് നേരെ നീട്ടി. ആദ്യമവന്‍ അന്തം വിട്ടുനിന്നു. പിന്നെ വിശപ്പിന്റെ കാഠിന്യം കൊണ്ടും, നോമ്പുതുറയുടെ സമയമായതിനാലുമാകാം അവനത് സ്വീകരിച്ചു. അത് മൂന്ന് ചെറുപ്പക്കാരും പങ്കിട്ടെടുത്തു. പിന്നീട് ഞങ്ങള്‍ പരസ്പരം സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്തു. ദാരിദ്ര്യത്തിന്റെ നിസ്സഹായത എങ്ങനെയാണ് ചെറുപ്പക്കാരെ ക്ഷുഭിതരാക്കുന്നതെന്ന് ഈ ട്രെയ്ന്‍ യാത്ര എന്നെ പഠിപ്പിച്ചു.

ഒരു ഇഫ്ത്വാര്‍ ആഘോഷം

പാനൂരിലെ ത്വലാല്‍ മഹമൂദ് ഹാജിയെയും സംഘത്തെയും കൂട്ടിയുള്ള യാത്രയിലാണ് മാര്‍ഡയിലെ സുലിതല എന്ന ഗ്രാമം സന്ദര്‍ശിക്കുന്നത്. ഗ്രാമത്തില്‍ നിന്ന് ഏതാണ്ട് പത്ത് കിലോമീറ്റര്‍ അകലെയാണ് പള്ളി. 400 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന സുലിതലയില്‍ ബീഡി തെറുപ്പാണ് സ്ത്രീകളുടെയും കുട്ടികളുടെയും പ്രധാന തൊഴില്‍. വളരെ ചെറുപ്പത്തില്‍ തന്നെ കടലാസ് കൊണ്ട് ബീഡി തെരപ്പിച്ച് കുട്ടികള്‍ക്ക് കൈവഴക്കം വരുത്തുക ഇവിടുത്തുകാരുടെ പതിവാണ്. ഒരു ദിവസം മുഴുവന്‍ ഇരുന്നു ബീഡി തെരച്ചാല്‍ 40-50 രൂപയാണ് ഏറിവന്നാല്‍ കൂലി. അങ്ങനെ കഷ്ടിച്ച് കഴിഞ്ഞു കൂടുന്ന ഈ ഗ്രാമത്തില്‍ ഒരു പള്ളി പണിയാന്‍ ഞങ്ങളുടെ കൂടിയാലോചനയില്‍ തീരുമാനമായി. അടുത്ത റമദാന്‍ ആവുമ്പോഴേക്കും നമുക്ക് പണിതീര്‍ക്കാന്‍ ശ്രമിക്കാം എന്ന നിയ്യത്തോടെ ഞങ്ങളവിടുന്ന് മടങ്ങി. 

അടുത്ത റമദാനില്‍ പള്ളിപ്പണിയുമായി ബന്ധപ്പെട്ട് സുലിതലയില്‍ ചെന്നപ്പോഴാണ് മുഴുപട്ടിണിക്കാരായ അവിടത്തെ നോമ്പുകാരുടെ പരിതാവസ്ഥ മനസ്സിലാവുന്നത്. അന്ന് ഞങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ കിട്ടിയ അല്‍പം പൊരിയും കടലയും കൈയിലുള്ള മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതിനുതാഴെ 'ആര്‍ഭാടത്തോടെയുള്ള സുലിതല ഗ്രാമത്തിലെ നോമ്പു തുറ' എന്നൊരു അടിക്കുറിപ്പുമെഴുതി. ആ ഒരു ഫോട്ടോ കണ്ട് ആ ഗ്രാമത്തിന് മൊത്തം ഒരു നോമ്പു തുറ സംഘടിപ്പിക്കാന്‍ പലരും മുന്നോട്ട് വന്നു. വളാഞ്ചേരിയിലെ ഡോ. മുജീബ് റഹ്മാന്‍, എം.എസ്.എസ്. ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ സാഹിബ് എന്നിവര്‍ പ്രത്യേകം വിളിച്ചു പറഞ്ഞു: ''ആ ഗ്രാമത്തിലുള്ളവര്‍ക്ക് മുഴുവന്‍ സുഭിക്ഷമായ ഒരു നോമ്പു തുറ നടത്തണം.'' സഹായം ഉറപ്പായതോടെ വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ അവിടെയുള്ളവരെ വിളിച്ചുകൂട്ടി. പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന പള്ളിയുടെ പരിസരം ജനനിബിഡമായി. രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്ത ആ നോമ്പുതുറ ഒരു അനുഭവം തന്നെയായിരുന്നു. പൂരിയും മട്ടന്‍ കറിയും, പഴ വര്‍ഗങ്ങളും, കാരക്കയും ഖുബ്ബൂസും എല്ലാം കൂടി, ഒരു ഗ്രാമീണ ആഘോഷം തന്നെയായിരുന്നു അത്. അന്നവിടെ കൂടിയിരുന്നവരുടെ സന്തോഷം പകര്‍ത്താന്‍ വാക്കുകളില്ല. ഒരു പക്ഷേ അവരില്‍ നിന്ന് ഉതിര്‍ന്നു വീണ പ്രാര്‍ഥനകള്‍ മാത്രം മതിയാകും വിഷന്‍ 2016 നെ സഹായിക്കുന്നവരുടെ ജീവിതം ധന്യമാകാന്‍.

ഒരു നന്മ ജീവിതം

നോര്‍ത്ത് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വേണ്ടി പത്രത്തില്‍ നല്‍കുന്ന പരസ്യങ്ങളില്‍ എന്റെ ഫോണ്‍ നമ്പര്‍ ഉള്ളത് കൊണ്ട് പലവിധത്തിലുള്ള ആളുകള്‍ വിളിക്കുക പതിവാണ്. സമ്പന്നരും അല്ലാത്തവരും ഇഫ്താര്‍ കിറ്റിനു വേണ്ടി പണം നല്‍കാറുണ്ട്. നോമ്പുകാലത്തെ അത്തരം രണ്ട് ഫോണ്‍ കോളുകള്‍ ഓര്‍മ വരുന്നു. പാലക്കാട് ജില്ലയിലെ വിളയൂരില്‍ നിന്ന് ഒരു സ്ത്രീ ഇഫ്താര്‍ കിറ്റിലേക്കായി 3000 രൂപ ഉണ്ട്, എങ്ങനെ അത് നല്‍കണം എന്ന് ചോദിച്ച് വിളിച്ചു. അവരോട് പണം ബാങ്കിലടക്കാന്‍ പറഞ്ഞു. പിറ്റേ വര്‍ഷവും റമദാന്‍ മാസത്തില്‍ അവര്‍ വിളിച്ചു. മൂന്നാം വര്‍ഷവും അവര്‍ വിളിച്ചപ്പോഴാണ് വെറുതെ അവരെക്കുറിച്ചന്വേഷിക്കാന്‍ തോന്നിയത്. അവരുടെ വിലാസവും വിവരങ്ങളും ചോദിച്ചറിഞ്ഞപ്പോഴാണ് കൂലിപ്പണിയെടുത്ത് ജീവിക്കുന്ന സ്ത്രീയാണവരെന്ന് മനസ്സിലായത്. നിത്യരോഗി കൂടി ആയതിനാല്‍ നിത്യചികിത്സയും ആവശ്യമുണ്ട് അവര്‍ക്ക്. തുടര്‍ച്ചയായി ചികിത്സ ആവശ്യമായതിനാല്‍ കൂലിവേലയില്‍ നിന്ന് ലഭിക്കുന്ന കുറച്ച് പണം അവര്‍ സ്വരൂപിച്ച് വെക്കാറുണ്ട്. ആ കരുതല്‍ ശേഖരത്തില്‍ നിന്നാണ് എല്ലാ വര്‍ഷവും 3000 രൂപ ഇഫ്താര്‍ കിറ്റിന് വേണ്ടി നല്‍കുന്നത്. ആ പണത്തിന്റെ  മൂല്യമെങ്ങനെ നിശ്ചയിക്കുമെന്നോര്‍ത്ത് ഞാന്‍ പകച്ചുപോയി. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ.

ഒരു റമദാന്‍ തുടക്കത്തിലാണ് വിദേശത്ത് നിന്നുള്ള ആ ഫോണ്‍ വന്നത്. അങ്ങേ തലക്കല്‍ നിന്ന് പറഞ്ഞു തുടങ്ങിയത് തന്നെ ഇങ്ങനെയാണ്: ''നോമ്പ് അവസാനത്തോടെയേ എനിക്ക് ശമ്പളം കിട്ടുകയുള്ളൂ. കരുതിവെപ്പിനൊന്നും എന്റെ ശമ്പളം തികയാറില്ല. വലിയ ആഗ്രഹം കൊണ്ടു പറയുകയാണ്. എന്റെ ഒരു കിറ്റ് മുന്‍കൂട്ടി നിങ്ങള്‍ കൊടുക്കണം. ശമ്പളം കിട്ടിയ അന്ന് തന്നെ നിങ്ങള്‍ക്കയച്ചു തരാം.'' ഇങ്ങേ തലക്കല്‍ മൗനിയായി നില്‍ക്കുകയല്ലാതെ ഞാന്‍ എന്ത് ചെയ്യാന്‍. മനസ്സു തുറന്ന് അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: ''നാഥാ! ആ മഹാമനസ്‌കത നീ കാണാതെ പോവല്ലേ.''

തങ്ങള്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത അനുഭവങ്ങളാണ് ഉത്തരേന്ത്യന്‍ ഗ്രാമീണര്‍ക്ക് വിഷന്‍ 2016-ന്റെ പ്രോജക്ടുകളെ സഹായിക്കുന്ന അനേകായിരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്. ഈ റമദാന്‍ കാലത്ത് ആ ഉദാരമതികളെയെല്ലാം ഓര്‍ക്കുന്നു. പടച്ച തമ്പുരാന്‍ അര്‍ഹമായ പ്രതിഫലം അവര്‍ക്കെല്ലാം നല്‍കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /38
എ.വൈ.ആര്‍