ഇരുട്ടില്‍ പതിയിരുന്ന് കട്ടുകേള്‍ക്കാന്‍ മാത്രം വശ്യമായ ഖുര്‍ആന്‍
ഭാഷയിലെ കുലപതികളായിരുന്ന അറബികളിലേക്കാണ് വിശുദ്ധ ഖുര്‍ആന്‍ പെയ്തിറങ്ങിയത്. ഭൗതികമായി സമ്പന്നരല്ലായിരുന്നെങ്കിലും ഭാഷാപരമായ സമൃദ്ധി അറബികള്‍ക്കുണ്ടായിരുന്നു. ഒരു തരം അനുരാഗമസൃണമായ വൈകാരിക ബന്ധമാണ് ഭാഷയോട് അവര്‍ കാണിച്ചിരുന്നത്. ഒരു ഗോത്രത്തിന് ഒരു കവിയുണ്ടാവുക അറബികളുടെ വംശാഭിമാനത്തിന്റെ അടിസ്ഥാന ചോദകമായിരുന്നു. അതുകൊണ്ടാണവര്‍ കവികള്‍ക്കു സവിശേഷപദവി നല്‍കിയാദരിച്ചത്.
ഭാഷണത്തിലും വിനിമയത്തിലും ആവിഷ്‌ക്കാരത്തിലുമെല്ലാം അനന്യവും മാസ്മരികവുമായ പദാവലികള്‍ പ്രയോഗിച്ച് കേള്‍വിക്കാരെ വിസ്മയത്തിന്റെയും കൗതുകത്തിന്റെയും ഉദാത്തതയിലേക്ക് നയിക്കാന്‍ അറബികള്‍ക്കുണ്ടായിരുന്ന കഴിവ് ചെറുതായിരുന്നില്ല. ഭാഷയുടെ പ്രയോഗത്തിലും ശൈലിയിലും അവര്‍ക്ക് പുലര്‍ത്താന്‍ കഴിഞ്ഞ കവിത്വപരമായ കൗശലം അത്രകണ്ട് വര്‍ണനാതീതമായിരുന്നു.
നിര്‍ലോഭമായി ഒഴുകിപ്പരക്കുന്ന പര്യായപദങ്ങള്‍, ഹൃദ്യതയാര്‍ന്ന അലങ്കാര പ്രയോഗങ്ങള്‍, കുറിക്കുകൊള്ളുന്ന ശൈലികള്‍, ഇമ്പമാര്‍ന്ന ആഖ്യാനരീതികള്‍ എന്നിവ സര്‍ഗധന്യമായ അറബിക്കാവ്യങ്ങളെയും രചനകളെയും പ്രഭാഷണങ്ങളെയും വ്യതിരിക്തമാക്കി നിര്‍ത്തിയിരുന്ന ഭാഷാഘടകങ്ങളായിരുന്നു.
കവികള്‍ അറബികളുടെ ചരിത്ര പൈതൃകത്തിലേക്കു തുറന്നിട്ട വാതായനങ്ങളാണ് എന്നു പറയുന്നതില്‍ ചരിത്രപരമായ യുക്തിയുണ്ട്. കാല്‍പനിക സൗന്ദര്യത്തിന്റെയും ബിംബവല്‍ക്കരണത്തിന്റെയും വശ്യമായ മേളനമായിരുന്നു ഒരര്‍ഥത്തില്‍ പൗരാണിക അറബിക്കവിതകളെ കൂടുതല്‍ ആകര്‍ഷകമാക്കിത്തീര്‍ത്തത്. പ്രകൃതിയുടെ വര്‍ണാഭമായ താഴ്‌വരകളിലൂടെ നിരന്തരം യാത്ര ചെയ്യുമായിരുന്ന അറബിക്കവികള്‍ തങ്ങളുടെ നേരനുഭവങ്ങളെ സ്‌നിഗ്ധമായ ഭാവനാ വിലാസം കൊണ്ട് ഉദാത്തീകരിക്കുകയാണ് ചെയ്തത്.
കള്ളും കലഹവും കാമിനിയും ആ അനര്‍ഗള ഭാവനയില്‍ അങ്ങനെ അനശ്വരകവിതകളായി പൂത്തു വിരിഞ്ഞു. കടലും കടല്‍ത്തീരവും തിരമാലയും മണല്‍പ്പരപ്പും മരുഭൂമിയും മലഞ്ചെരിവുമെല്ലാം വാഗ്വിലാസത്തിന്റെ വര്‍ണപ്പൊലിമയില്‍ ശബ്ദമില്ലാത്ത സംഗീതമായി ഒഴുകിപ്പരന്നു. പ്രണയവും പ്രേമഭാജനവും ലഹരിയും രണോത്സുകതയുമൊക്കെ പൗരാണിക അറബിക്കവിതകളെ അത്യഗാധമായി സ്വാധീനിച്ചിരുന്നു. ഗൃഹാതുരത്വവും വിയോഗ ദുഃഖവും കുടിപ്പകയും അജ്ഞാനകാലത്തെ അറബിക്കവിതകളുടെ മുഖ്യ ഇതിവൃത്തമായി മാറിയതില്‍ അസ്വാഭാവികതയില്ല. ആശയ സമൃദ്ധിയായിരുന്നില്ല ആസ്വാദ്യതയായിരുന്നു അറബിക്കവിതകളുടെ മുഖമുദ്ര.
അതിഭാവുകത്വവും അതിശയോക്തിയും സമന്വയിപ്പിച്ച പദസംഘാതങ്ങളാണ് പ്രാചീന അറബിക്കവിതകളെ പലപ്പോഴും ആസ്വാദ്യകരമാക്കിയിരുന്നത്. ഏതോ കാല്‍പനിക ലോകത്ത് സഞ്ചരിച്ചുകൊണ്ടായിരുന്നു അറബിക്കവിതകള്‍ ജീവിതത്തെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് ഖുര്‍ആന്‍ പറഞ്ഞത്: ''വഴിതെറ്റിയവരാണ് കവികളുടെ പിന്നാലെ പോവുക. താഴ്‌വരകള്‍ തോറും അവര്‍ അലഞ്ഞുതിരിയുന്നത് നീ കാണുന്നില്ലേ? പ്രവര്‍ത്തിക്കാത്തതല്ലേ അവര്‍ പറഞ്ഞു നടക്കുന്നത്?''(26: 224-226)
ഏത് കവിതക്കുമുണ്ടാകും വശ്യമായൊരു സംഗീതപരത. ആ സംഗീതപരതയാണ് കവിതയുടെ സൗന്ദര്യമായി പരിണമിക്കുന്നത്. ഗദ്യസാഹിത്യം മസ്തിഷ്‌ക്കങ്ങളുമായി അഭിരമിക്കുമ്പോള്‍ പദ്യസാഹിത്യം ഹൃദയങ്ങളുമായിട്ടാണ് അഭിരമിക്കുന്നത്. ഭാഷയെക്കുറിച്ചും കവിതയെക്കുറിച്ചും അവസാന വാക്കുപറയാന്‍ കെല്‍പുണ്ടായിരുന്നവരിലേക്ക് പക്ഷേ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് ഭാഷയെയും സാഹിത്യത്തെയും പുനര്‍നിര്‍വചിച്ചുകൊണ്ടായിരുന്നു. സാമ്പ്രദായികവും ചിരപരിചിതവുമായ ഗദ്യ-പദ്യരചനാ രീതികളെ വെല്ലുവിളിക്കുകയായിരുന്നു വിശുദ്ധ ഖുര്‍ആന്‍: ''ഇത് മാന്യനായ ഒരു ദൈവദൂതന്റ വചനമാകുന്നു. ഇത് ഒരു കവിയുടെ വാക്കുകളല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. ഇതൊരു ജ്യോത്സ്യന്റെ പ്രവചനങ്ങളുമല്ല. നന്നേകുറച്ചേ നിങ്ങള്‍ ഗ്രഹിക്കുന്നുള്ളൂ. ഇത് ലോകരക്ഷിതാവില്‍ നിന്ന് അവതരിച്ചതാണ്''(69: 40-43).
ഇരുട്ടിന്റെ മറവില്‍ പതിയിരുന്നു ഖുര്‍ആന്‍ പാരായണം കട്ടുകേട്ട അറബികള്‍ക്കിടയിലെ ഭാഷയുടെ കുലപതികള്‍ ദൈവിക ഗ്രന്ഥത്തിന്റെ അമാനുഷഭാവം കൃത്യമായും തിരിച്ചറിഞ്ഞിരുന്നു.
'ഖുര്‍ആന്‍ പാരായണം കേള്‍ക്കാനിടയായാല്‍ നിങ്ങള്‍ അപസ്വരങ്ങളുയര്‍ത്തിയും കൂക്കിവിളിച്ചും ജനശ്രദ്ധ തിരിച്ചു വിടുക.' എന്ന് നാട്ടുകാരോട് കല്‍പിക്കാന്‍ അബുജഹ്‌ലിനെയും വലീദ്ബ്‌നുമുഗീറയെയും ഉദ്യുക്തരാക്കിയത് പ്രസ്തുത തിരിച്ചറിവാണ്.
''ഹാമീം, സകലജ്ഞാനിയും സര്‍വ പ്രതാപിയുമായ അല്ലാഹുവില്‍ നിന്നാണ് ഈ ഗ്രന്ഥം അവതീര്‍ണമായിട്ടുള്ളത്. കുറ്റങ്ങള്‍ പൊറുത്തുകൊടുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും മഹാ ഔദാര്യവാനുമാണ് അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല''(40: 1-3).
ഈയൊരു സൂക്തം മുഹമ്മദ് നബിയില്‍ നിന്ന് കേള്‍ക്കാനിടയായതോടെ നിഷേധിയായ വലീദ്ബ്‌നു മുഗീറക്ക് പക്ഷേ മറ്റു ചില കണക്കു കൂട്ടലുകളാണ് നടത്തേണ്ടി വന്നത്. വിശുദ്ധ ഖുര്‍ആന്റെ അഭൗമമായ മാസ്മരികതയെയും വശ്യതയെയും വെല്ലുവിളിച്ച് മറ്റൊരു പ്രസ്താവന നടത്താന്‍ കഴിയാതെ വലീദ് നിസ്സഹായനായി. മുഹമ്മദ് ഉരുവിടുന്ന സൂക്തങ്ങളെക്കുറിച്ച് അന്തിമമായൊരു വിധി പറയണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച അബൂജഹ്‌ലിന്റെ മുന്നില്‍ കടുത്ത ആത്മസംഘര്‍ഷമനുഭവിക്കേണ്ടിവന്ന വലീദിന്റെ ഭാവപ്പകര്‍ച്ചകള്‍ ഖുര്‍ആന്‍ ആവിഷ്‌കരിക്കുന്നുണ്ട്. ''അവനെ നാം ക്ലേശമേറിയ മല കയറ്റുന്നുണ്ട്. അവന്‍ ആലോചിക്കുകയും കണക്കുകൂട്ടുകയും ചെയ്തു. തുലഞ്ഞുപോകട്ടെ അവന്‍.
എങ്ങനെയായിരുന്നു അവന്‍ കണക്കുകൂട്ടിയത്?
ഇനിയും അവന്‍ തുലയട്ടെ.
എന്തായിരുന്നു അവന്റെ കണക്ക്?
പിന്നെയും അവന്‍ നോക്കി.
അത്കഴിഞ്ഞ് നെറ്റി ചുളിച്ചു; മുഖം വീര്‍പ്പിച്ചു.
എന്നിട്ട് അഹന്തയോടെ പിറകോട്ട് നടന്നു.
അവന്‍ പറഞ്ഞു: ഇത് പാരമ്പര്യമായ കിട്ടിവരുന്ന മാരണവിദ്യയല്ലാതെ ഒന്നുമല്ല. ഇത് ഒരു മനുഷ്യന്റെ വര്‍ത്തമാനങ്ങളല്ലാതെ മറ്റൊന്നുമല്ല''(74: 17-25).
കടുത്ത ആത്മസംഘര്‍ഷത്തിന്റെ സമ്മര്‍ദ്ദത്തില്‍ മനഃസാക്ഷിയെ വഞ്ചിച്ചുകൊണ്ടാണ് ഖുര്‍ആന്‍ മാരണവിദ്യയാണ് എന്ന ജല്‍പനം വലീദ് നടത്തിയത്. അത്തരമൊരു ജല്‍പനം നടത്തുന്നതിന് മുമ്പ് അബൂജഹ്‌ലിനോട് അയാള്‍ പങ്കുവെച്ച മറ്റൊരു കാര്യമുണ്ട്. ''ദൈവമാണ സത്യം. മുഹമ്മദ് ഉരുവിടുന്ന ഖുര്‍ആന്‍ കവി വചനമല്ല. ജോത്സ്യന്റെ പ്രവചനവുമല്ല. തീര്‍ച്ചയായും അതിനൊരു മാധുര്യമുണ്ട്; വശ്യതയുണ്ട്. താഴെ ഉറച്ച വേരുകളും മേലെ പടര്‍ന്ന ശിഖരങ്ങളുമുള്ള ഒരു വടവൃക്ഷം പോലെയാണത്. എല്ലാത്തിനെയും അതിജീവിച്ച് അത് മുന്നോട്ടു പോകും. അതിനെ തോല്‍പ്പിക്കാന്‍ ഒന്നിനും കഴിയില്ല'' (സഫ്‌വത്തുത്തഫാസീര്‍ - മുഹമ്മദലി അസ്സാബൂനി വാള്യം-3, പേജ്: 476)
കൃത്യമായ ബോധ്യപ്പെടലില്‍ നിന്നുണ്ടായ പ്രസ്താവനയാണ് വലീദില്‍ നിന്നും ഇവിടെ സംഭവിച്ചതെങ്കില്‍ പിന്നീടയാള്‍ നടത്തിയത് ജല്‍പനം മാത്രമായിരുന്നു. ഭാഷയിലും ശൈലിയിലും പദാവലികളിലും സൂക്തഘടനയിലും അവതരണ രീതിയിലുമെല്ലാം അമാനുഷികമായ അനന്യത ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചു. അന്നേവരെ അറബികളുടെ പരിചയത്തിലും അറിവിലുമുണ്ടായിരുന്നതില്‍ നിന്ന് എല്ലാ അര്‍ഥത്തിലും വേറിട്ടു നിന്ന ശില്‍പഘടനയായിരുന്നു ദിവ്യഗ്രന്ഥത്തിന്റേത്. മനുഷ്യനാണ് ഖുര്‍ആന്റെ പ്രമേയമെങ്കിലും ജിന്നുകള്‍ പോലും ദൈവിക സൂക്തങ്ങള്‍ ശ്രവിച്ച് വിസ്മയം കൊണ്ടു.
''നീ പറയുക. ദൈവിക സന്ദേശം ശ്രദ്ധിച്ചുകേട്ട ഒരു സംഘം ജിന്നുകള്‍ ഇപ്രകാരം പറഞ്ഞതായി എനിക്ക് ദിവ്യബോധനം ലഭിച്ചു. നിശ്ചയം! ഞങ്ങള്‍ അതിശയകരമായ ഒരു ഖുര്‍ആന്‍ കേട്ടു. സത്യത്തിലേക്ക് നയിക്കുന്ന ഖുര്‍ആന്‍.''6
ജിന്നുകളെ അതിശയിപ്പിച്ചത് ഖുര്‍ആന്റെ ഉള്ളടക്ക ഗാംഭീര്യം മാത്രമാവില്ല. വിഷയങ്ങളുടെ ആഖ്യാനചാരുതയും പദാവലികളുടെ പ്രാസഭംഗിയും സൂക്തഘടനയിലെ താളാത്മകതയും ആശയങ്ങളുടെ സംക്രമണക്ഷമതയുമെല്ലാം ജിന്നുകളെ സ്വാധീനിച്ചിട്ടുണ്ടാവും. ഇന്നേവരെ ലഭ്യമായിട്ടുള്ള വിശ്വോത്തര രചനകള്‍ എടുത്തു പരിശോധിച്ചാലും അവയിലെല്ലാം ആവിഷ്‌കൃതമായിട്ടുള്ള ആശയങ്ങളും ചിന്തകളും ഇന്ദ്രിയവിധേയമായവയായിരിക്കും എന്നതില്‍ രണ്ടു പക്ഷമില്ല. അതേ സമയം ഖുര്‍ആനിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ദ്രിയാതീതവും അഭൗമികവും അലൗകികവുമായ നിരവധി ആശയങ്ങള്‍ അനുഭവവേദ്യമാകുന്നതായി തോന്നും.
ഭൗതികേതരമായ ലോകപരിസരത്തെയും അവിടത്തെ യാഥാര്‍ഥ്യങ്ങളെയും തൊട്ടറിയാനുള്ള ക്ഷമത മനുഷ്യന് ഇല്ലാതെ പോയതുകൊണ്ടാണ് എത്ര പ്രതിഭാധനനായിട്ടു പോലും അവന്റെ ആവിഷ്‌കാരങ്ങള്‍ക്ക് അലൗകികാനുഭൂതി പകരാന്‍ കഴിയാതെ പോകുന്നത്. ഖുര്‍ആനിലെ ഇരുപത്തൊമ്പത് അധ്യായങ്ങളുടെ പ്രാരംഭത്തില്‍ വന്ന കേവലാക്ഷര പ്രയോഗങ്ങള്‍ (ഉദാ: ഹാമീം, അലിഫ് ലാം മീം) തന്നെ അറബികളുടെ ഭാഷാബോധത്തെ അപ്പാടെ പിടിച്ചുകുലുക്കുന്നതായിരുന്നു. വ്യാഖ്യാന വിശകലനങ്ങള്‍ക്ക് വഴങ്ങാത്ത ഖുര്‍ആനിലെ കേവലാക്ഷര പ്രയോഗങ്ങള്‍ സവിശേഷമായൊരു സൗന്ദര്യം അങ്കുരിപ്പിക്കുന്നുണ്ട്.
സാഹിത്യവും സംഗീതവും സമന്വയിച്ച ഖുര്‍ആന്റെ അലൗകികമായ ഭാഷാ സൗന്ദര്യത്തിന് മുന്നിലാണ് നിഷേധികളായ അറബികള്‍ യഥാര്‍ഥത്തില്‍ മുട്ടുമടക്കിയത്. ദിവ്യഗ്രന്ഥത്തിലെ ഒരധ്യായത്തിന് പോയിട്ട് ഒരു സൂക്തത്തിന് പോലും പകരം കണ്ടെത്താന്‍ ഭാഷയുടെ ചക്രവര്‍ത്തിമാര്‍ക്ക് കഴിഞ്ഞില്ല എന്നത് ഖുര്‍ആന്റെ അമാനുഷികതക്കാണ് അടിവരയിടുന്നത്.
Comments