Prabodhanm Weekly

Pages

Search

2015 ജൂലൈ 03

ചോദ്യോത്തരം

മുജീബ്

യോഗയുടെ മതവും മതേതരത്വവും

''ശരീരത്തിനു മാത്രമല്ല, മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കാന്‍ യോഗയല്ലാതെ മറ്റൊരു മാര്‍ഗം ഒരു ഗ്രന്ഥവും പറഞ്ഞുതരുന്നില്ല. യോഗക്ക് മതവും ജാതിയുമില്ല. ഇവിടെ സൂര്യന്‍ എന്നൊരു വാക്കാണ് വിമര്‍ശകര്‍ക്ക് വര്‍ഗീയമായി മാറിയിരിക്കുന്നത്. ലോകത്തിന് മുഴുവന്‍ വെളിച്ചം പകരുന്ന സൂര്യന്‍ എങ്ങനെ ഹറാം ആകുന്നെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡാണ് പറയേണ്ടത്''- ഭഗവത് മൂവ്‌മെന്റ് ചെയര്‍മാന്‍ സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ് (മംഗളം ദിനപത്രം 12-6-2015). പ്രതികരണം?

പി.വി ഉമര്‍കോയ കോഴിക്കോട് 

യോഗയുടെ പ്രസക്തിയോ ഗുണഫലങ്ങളോ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചോദ്യം ചെയ്തിട്ടില്ല. മോദി സര്‍ക്കാര്‍ നിലവില്‍ വരുന്നതിന് മുമ്പും ഇന്ത്യക്കകത്തും പുറത്തും യോഗ പ്രചാരത്തിലുണ്ട്. മുസ്‌ലിംകളടക്കം അത് അഭ്യസിക്കുകയും ജീവിത ചര്യയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. യോഗയുടെ ഭാഗമായി സൂര്യാരാധന നിര്‍ബന്ധമാക്കാന്‍ നീക്കമുണ്ടായപ്പോഴാണ് മുസ്‌ലിം പൊതുവേദി അതിനെതിരെ ശബ്ദമുയര്‍ത്തിയത്. ഏകദൈവ വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിത്തറ. സൂര്യനോ മറ്റു നക്ഷത്രങ്ങളോ എത്ര വെളിച്ചം നല്‍കിയാലും അവയെ ഒന്നും ആരാധ്യ വസ്തുവാക്കാന്‍ വയ്യെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. സ്രഷ്ടാവിന് അവകാശപ്പെട്ടതാണ് ആരാധന; ഒരു സൃഷ്ടിക്കും അതിനര്‍ഹതയില്ല. സൂര്യന്‍ ഹറാമാണെന്നല്ല, സൂര്യാരാധന പാടില്ല എന്നാണ് പറഞ്ഞത്. ഭൂമിപൂജ പാടില്ലെന്ന് പറഞ്ഞാല്‍ ഭൂമിയെ ഹറാമാക്കി എന്നര്‍ഥമാവുന്നതെങ്ങനെ? ഹിന്ദുത്വം അടിച്ചേല്‍പിക്കാനുള്ള വെമ്പലില്‍ മറ്റു വിശ്വാസങ്ങളെയാകെ തള്ളിപ്പറയുന്നതും ഇതര വിശ്വാസ പ്രമാണങ്ങളെ നിന്ദിക്കുന്നതും മാനവികതക്കോ ജനാധിപത്യത്തിനോ നിരക്കുന്നതല്ല. അക്കാര്യം ചൂണ്ടിക്കാട്ടുമ്പോള്‍ വര്‍ഗീയതയായി ചിത്രീകരിക്കുന്നതും കുത്സിതമാണ്. 

കൊടും ചൂടില്‍ പര്‍ദ

പര്‍ദ സ്വയം തെരഞ്ഞെടുപ്പോ അടിച്ചേല്‍പിക്കലോ? ചര്‍ച്ചക്ക് പഴക്കമേറെയുണ്ട്. ചുട്ടുപൊള്ളുന്ന വേനല്‍ കാലത്ത് 40 ഡിഗ്രി ചൂടില്‍ കറുത്ത പര്‍ദക്കുള്ളില്‍ ഒരു കൂട്ടം സ്ത്രീകള്‍ ഉരുകി ഒലിക്കുന്നു എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല. കേരളത്തിലെ താപനില വര്‍ഷം തോറും കൂടിവരുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു പുനര്‍ വിചിന്തനം അത്യാവശ്യം തന്നെ. കൊടും ചൂടില്‍ കറുത്ത വേഷം ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെങ്കിലും ഇതിന് പ്രേരണയാവണം (കെ.വി കല, സ്ത്രീപഥം, മാതൃഭൂമി, 2015 ഏപ്രില്‍ 18). പ്രതികരണം?

കെ.കെ അബ്ദുല്‍ ഹകീം അഴീക്കോട്

വേഷവും വസ്ത്രവും തെരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടപ്രകാരമാണ്. കാലാവസ്ഥയെപ്പോലെ സാഹചര്യങ്ങളും അത് നിര്‍ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നു. ശിരസ്സ് മറയുന്ന വസ്ത്രധാരണമാണ് മുസ്‌ലിം സ്ത്രീയുടെ വേഷം. അത് ഏതുതരം വസ്ത്രം കൊണ്ടാണ് വേണ്ടതെന്ന് അവള്‍ക്ക് തീരുമാനിക്കാം. ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാവുന്ന വസ്ത്രങ്ങള്‍ യഥാസമയങ്ങളില്‍ ഉപയോഗിക്കാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. കറുത്ത പര്‍ദ തന്നെ വേണമെന്നത് മതശാസനയല്ല. ധരിക്കുന്നവര്‍ക്ക് പരാതിയില്ലെങ്കില്‍ മറ്റുള്ളവര്‍ ബേജാറാവേണ്ട കാര്യവുമില്ല. 

ജമാഅത്തെ ഇസ്‌ലാമി ശീഈ സാഹിത്യങ്ങളെ 
'പ്രമോട്ട്' ചെയ്യുന്നുണ്ടോ?

''അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ വേരു പിടിച്ചതോടെയാണ് സൈദ്ധാന്തികവും രാഷ്ട്രീയപരവുമായ ശീഈസത്തെ കേരളം പരിചയപ്പെടുന്നത്. ജമാഅത്ത് നേതാക്കളായി മാറിയവരുടെ ശീഈ പശ്ചാത്തലവും, ഈജിപ്തിലും മറ്റും അഹ്‌ലുസുന്നക്കെതിരെയുള്ള മുന്നണിയായി 'ഇഖ്‌വാന്‍ ശീഈ സഖ്യം' ശക്തിപ്രാപിച്ചതും കേരളത്തില്‍ അനുരണനമുണ്ടാക്കി. ജമാഅത്ത് പാഠശാലകളില്‍ മൗദൂദിയുടെ ക്ഷുദ്ര കൃതികളിലൊന്നായ 'ഖിലാഫത്ത് വ മുലൂക്കിയത്ത്' വായിക്കാനും പഠിക്കാനും ചര്‍ച്ചക്ക് വിഷയീഭവിക്കാനും തുടങ്ങിയതോടെ സ്വഹാബത്തിനെതിരെയുള്ള രാഷ്ട്രീയ വൈരാഗ്യം ജമാഅത്ത് ബുദ്ധികളില്‍ ശക്തിപ്പെട്ടു. മുആവിയ(റ) അടക്കമുള്ള സ്വഹാബത്തിനെ നിശിതവും ക്രൂരവുമായി വിമര്‍ശിക്കുന്ന രചനയാണ് 'ഖിലാഫത്തും രാജവാഴ്ചയും' എന്ന പേരില്‍ മലയാളത്തിലേക്ക് വൈകിയാണെങ്കിലും വിവര്‍ത്തനം ചെയ്യപ്പെട്ട പ്രസ്തുത ഗ്രന്ഥം. അബൂഹുറയ്‌റയെയും മറ്റു ഹദീസ് നിവേദകരെയും മുഹദ്ദിസുകളെയും ആക്ഷേപിക്കുന്ന സാഹിത്യങ്ങള്‍ കേരളത്തില്‍ ആദ്യമായി പ്രചരിക്കുന്നതും ജമാഅത്തുകാരുടെ ഔദ്യോഗിക കലാലയങ്ങള്‍ വഴിയായിരുന്നു'' (സുന്നിവോയ്‌സ് ദൈ്വവാരിക 2015 മെയ് 16-31). ഈ വിമര്‍ശനങ്ങളില്‍ വസ്തുതയുണ്ടോ?

പാക്കത്ത് മുഹമ്മദ് അലനല്ലൂര്‍

വസ്തുതയുടെ കണിക പോലുമില്ലെന്ന് മാത്രമല്ല ശീഈസത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ കുടുംബവാഴ്ചയെ നിശിതമായി നിരൂപണം ചെയ്ത് അത് ഇസ്‌ലാമിലില്ലെന്ന് സ്ഥാപിച്ച ചിന്തകന്‍ കൂടിയാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളായിരുന്ന ഡോ. റഫീഖ് സകരിയ്യ തന്റെ 'ദ സ്ട്രഗ്ള്‍ വിത്തിന്‍ ഇസ്‌ലാം' എന്ന ബൃഹദ് ഗ്രന്ഥത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ച മൗദൂദിയുടെ ദര്‍ശനത്തെ നിശ്ശേഷം നിരാകരിച്ചപ്പോഴും ഒരു കാര്യത്തില്‍ മൗദൂദിയെ അഭിനന്ദിച്ചിട്ടുണ്ട്; ഇമാമത്ത് ഖുറൈശികളില്‍ എക്കാലത്തും പരിമിതമാണ് എന്ന പണ്ഡിതന്മാരില്‍ പലരുടെയും അഭിപ്രായത്തെ അദ്ദേഹം നിരാകരിച്ചതിന്. ശൂറാ സമ്പ്രദായം വിഭാവനം ചെയ്യുന്ന ജനാധിപത്യപരമായി വേണം ഖലീഫയെ തെരഞ്ഞെടുക്കാന്‍ എന്ന മൗദൂദിയുടെ വീക്ഷണത്തെയാണ് റഫീഖ് സകരിയ്യ പിന്തുണച്ചത്. പ്രവാചകന്റെ പിതൃസഹോദര പുത്രനും ജാമാതാവുമായ അലി(റ) ആയിരുന്നു ഖിലാഫത്തിനര്‍ഹന്‍ എന്ന വാദഗതിയാണ് ശീഈസത്തിന്റെ അടിസ്ഥാനം. തുടര്‍ന്ന് അലിക്ക് ഫാത്വിമയില്‍ പിറന്ന മക്കളിലും അവരുടെ സന്താന പരമ്പരയിലും ശീഈകള്‍ ഖിലാഫത്തിനെ ഒതുക്കി. ഈ മൗലിക തത്ത്വത്തെതന്നെ ചോദ്യം ചെയ്ത മൗദൂദി എങ്ങനെ ശീഈ അനുകൂലിയോ പക്ഷപാതിയോ ആകും? ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി സംഘടനകളില്‍ ഒരു ശീഈ വംശജന്‍ പോലും അംഗമല്ലാത്തത് വെറുതെയാണോ?

ഹസ്രത്ത് മുആവിയയുടെ നടപടി മൗദൂദി നിരാകരിച്ചതും അദ്ദേഹം മകന്‍ യസീദിനെ കിരീടാവകാശിയായി പ്രഖ്യാപിച്ചത് കൊണ്ടാണ്. കുടുംബവാഴ്ച ഉമവിയാക്കളുടേതായാലും അബ്ബാസിയാക്കളുടേതായാലും ഇസ്‌ലാമികമല്ല എന്നു തന്നെയാണ് മൗദൂദിയുടെ കാഴ്ചപ്പാട്. ഈമാനും തഖ്‌വയും ഭരണയോഗ്യതയുമാണ് ഇമാമത്തിന്റെ മാനദണ്ഡം. ഏകകണ്ഠമായോ ഭൂരിപക്ഷാഭിപ്രായ പ്രകാരമോ സ്ഥാനമോഹിയല്ലാത്ത ആള്‍ ഖലീഫയായി തെരഞ്ഞെടുക്കപ്പെടുന്നു. അയാള്‍ക്ക് തെറ്റു പറ്റിയാല്‍ ചൂണ്ടിക്കാട്ടാനും തിരുത്താനും, തിരുത്താന്‍ തയാറില്ലെങ്കില്‍ അയാളെ മാറ്റാനും പൗരന്മാര്‍ക്ക് അവകാശമുണ്ട്. ഇതിന് വിപരീതമായി ലോകാവസാനം വരെ ഹസ്രത്ത് അലി(റ)യുടെ സന്താനപരമ്പരയില്‍ മാത്രം ഒതുങ്ങുന്നതാണ് ഇമാമത്ത് എന്നും, ഇമാം പ്രവാചകന്മാരെ പോലെ മഅ്‌സൂം (പാപസുരക്ഷിതന്‍) ആണെന്നും, അയാള്‍ക്കൊരിക്കലും തെറ്റ് പറ്റുകയില്ലെന്നും സിദ്ധാന്തിക്കുന്ന ശീഈസത്തെ അനുകൂലിക്കുന്നവരായി മൗദൂദിയെയോ ജമാഅത്തെ ഇസ്‌ലാമിയെയോ ചിത്രീകരിക്കുന്നത് തീര്‍ത്തും അസത്യമായ പ്രസ്താവനയാണ്.

സ്വഹാബത്തിനെ ഭര്‍ത്സിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത് എന്നതിന്റെ വിവക്ഷ അവര്‍ക്ക് തെറ്റ് പറ്റിയാല്‍ ചൂണ്ടിക്കാണിക്കരുത് എന്നല്ല. ഇസ്‌ലാമിന്റെ സ്പഷ്ടമായ പ്രമാണപ്രകാരം തന്നെ പ്രവാചകരല്ലാത്ത മറ്റെല്ലാവര്‍ക്കും പിഴവ് പറ്റാം, അത് ഗുണകാംക്ഷയോടെ ചൂണ്ടിക്കാട്ടാന്‍ എല്ലാവര്‍ക്കും അവകാശവും അര്‍ഹതയും ഉണ്ട്. സ്വഹാബികള്‍ പരസ്പരം തെറ്റുകളെ നിശിതമായി വിമര്‍ശിച്ചിരുന്നു, അതിന്റെ പേരില്‍ സംഘട്ടനങ്ങള്‍ പോലും നടന്നതായാണ് ചരിത്രം. പിന്‍ഗാമികളെ സംബന്ധിച്ചേടത്തോളം, ചരിത്രപരമായ തെറ്റുകള്‍ സത്യസന്ധമായി വിശകലനം ചെയ്ത്, അതാരില്‍ നിന്ന് സംഭവിച്ചതായാലും മാതൃകാപരമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്നതില്‍ എന്താണ് തെറ്റ്? ഇസ്‌ലാമിക ഖിലാഫത്തിന്റെ ഗതി തന്നെ മാറ്റിത്തിരിച്ച സംഭവങ്ങളില്‍ ഉള്‍പ്പെട്ട പ്രവാചക ശിഷ്യന്മാരില്‍ എല്ലാവരുടെയും നടപടികള്‍ ഒരുപോലെ ശരിയായിരുന്നുവെന്ന് ബുദ്ധിയുള്ളവരാരും കരുതുകയില്ല. എന്നാല്‍ ശീഈകളെ  പോലെ അതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്തുന്നതിനും അധിക്ഷേപിക്കുന്നതിനും ന്യായീകരണമില്ല. മറ്റു പല ഗവേഷകന്മാരെയും പോലെ മൗദൂദിയും ചെയ്തത് തീര്‍ത്തും ക്രിയാത്മകവും മാന്യവുമായ നിരൂപണമാണ്. 'ഖിലാഫത്തും രാജവാഴ്ചയും' എന്ന ശ്രേഷ്ഠ കൃതി ഒരു തവണ വായിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. വായിക്കാന്‍ തയാറില്ലാതെ ക്ഷുദ്രകൃതിയായി മുദ്രകുത്തുന്നവര്‍ അക്ഷരവൈരികളാണ്. അവരര്‍ഹിക്കുന്നത് അവജ്ഞയാണ്. 

എല്ലാം മനുഷ്യര്‍ക്ക് വേണ്ടി

അയുക്തികമായത് ചിലപ്പോള്‍ പ്രബോധനത്തിലും കാണാറുണ്ട്. ഉദാഹരണമായി 2015 ഏപ്രില്‍ 24-ന്റെ (ലക്കം 46) പ്രബോധനത്തില്‍ മുജീബിന്റെ ചോദ്യോത്തരത്തില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ 'ഭൂമിയിലുള്ളതെല്ലാം മനുഷ്യര്‍ക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടതെന്ന ദൈവ വചനം' എന്ന പ്രസ്താവന യുക്തിക്ക് നിരക്കുന്നതല്ല. ഭൂമിയിലുള്ള തന്റെ ലക്ഷക്കണക്കായ സൃഷ്ടികളില്‍ ഒന്നു മാത്രമാണ് മനുഷ്യന്‍. ഇതില്‍ ഒരു സൃഷ്ടിക്കു മാത്രമായി പ്രത്യേക ആനുകൂല്യം നല്‍കുന്ന ചൈതന്യത്തെ ദൈവം എന്നു പറയുന്നത് യുക്തിസഹമാണോ? കൊതുകിനെയും മൂട്ടയെയും രോഗാണുക്കളെയും സൃഷ്ടിച്ചത് മനുഷ്യര്‍ക്ക് വേണ്ടിയാണോ? ഓരോ ജീവിക്കും അതിന്റെ ഭക്ഷണം പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്. നീളം കുറഞ്ഞ കുടല്‍, കൂര്‍ത്ത നഖം, കൂര്‍ത്ത പല്ലുകള്‍ എന്നിവ മാംസഭുക്കിനും നീളം കൂടിയ കുടല്‍, പരന്ന നഖങ്ങള്‍, പരന്ന പല്ലുകള്‍ എന്നിവ സസ്യഭുക്കിനും നല്‍കിയിരിക്കുന്നു. മനുഷ്യന്‍ രണ്ടാമത്തേതില്‍ പെടുന്നു. സസ്യ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പാചകം ചെയ്യാതെയും ഉപ്പു ചേര്‍ക്കാതെയും പലതരം പഴവര്‍ഗങ്ങളും ഭക്ഷിച്ചു എത്ര കാലം വേണമെങ്കിലും ജീവിക്കാന്‍ സാധിക്കും. എന്നാല്‍, ഉപ്പു ചേര്‍ക്കാതെയും പാചകം ചെയ്യാതെയും പച്ച മാംസം ഭക്ഷിച്ച് ഒരാള്‍ എത്ര ദിവസം ജീവിക്കും? ഹിന്ദു പുരാണത്തില്‍ വസിഷ്ഠ മഹര്‍ഷി ഒരിടത്ത് ഇങ്ങനെ പറയുന്നു: ''ആരു പറഞ്ഞാലും യുക്തിക്ക് ചേര്‍ന്നത് മാത്രം സ്വീകരിക്കണം. ബ്രഹ്മാവ് പറഞ്ഞാലും അയുക്തികമെങ്കില്‍ തള്ളിക്കളയണം'' എന്ന്.

പി.കെ ഗണേശന്‍, നായര്‍കുഴി

ലക്ഷക്കണക്കിലോ കോടിക്കണക്കിലോ ആയ ജീവികളില്‍ മനുഷ്യന് മാത്രമേ ദൈവം വിശേഷബുദ്ധി നല്‍കിയിട്ടുള്ളൂ. മറ്റുള്ളവയെല്ലാം സഹജാവബോധമനുസരിച്ച് ജീവിച്ചു നശിച്ചുപോവുന്നു. വിശേഷബുദ്ധിയുള്ള മനുഷ്യനു വേണ്ടിയാണ് ഭൂമിയിലുള്ള എല്ലാറ്റിനെയും ദൈവം സൃഷ്ടിച്ചതെന്ന് പറഞ്ഞത് ഗുണവും ദോഷവും വിലയിരുത്തി ഗുണകരമായത് മാത്രം ഉപയോഗിക്കാനും ദോഷകരമായതിന്റെ ദോഷം കളഞ്ഞു ഉപയോഗ്യമാക്കാനും ഒട്ടും ദോഷമുക്തി സാധ്യമല്ലാത്തതിനെ ഉപേക്ഷിക്കാനും സാധിക്കുക മനുഷ്യനാണ് എന്നതുകൊണ്ടാണ്. എല്ലാ വസ്തുക്കളും മനുഷ്യന് തിന്നാനുള്ളതാണ് എന്നും അര്‍ഥമില്ല. ആഹാരമല്ലാത്ത മറ്റു നിരവധി ആവശ്യങ്ങളും മനുഷ്യനുണ്ടല്ലോ. ജീവജാലങ്ങളില്‍ ചിലതിന്റെ ആവശ്യകത മനുഷ്യനിപ്പോള്‍ ബോധ്യപ്പെട്ടില്ലെങ്കില്‍ ഇനിയൊരിക്കലും ബോധ്യപ്പെടുകയില്ല എന്നുമില്ല. സസ്യങ്ങളിലും ധാന്യങ്ങളിലും ജീവജാലങ്ങളിലുമെല്ലാം ആരോഗ്യകരമായതും ആരോഗ്യത്തിന് ഹാനികരമായതുമുണ്ട്. അനുഭവങ്ങളിലൂടെയും നിരീക്ഷണ പരീക്ഷണങ്ങളിലൂടെയുമാണ് അത് ബോധ്യപ്പെടുക. അങ്ങനെ ബോധ്യപ്പെട്ടതാണ് ഇന്ന് നാം കഴിക്കുന്ന സസ്യാഹാരവും മാംസാഹാരവും. അതിലൊന്ന് മാത്രം ഗുണകരം, മറ്റേത് ദോഷകരം എന്നില്ല. എല്ലാവരും എല്ലാം അനുഭവിക്കണം എന്നുമില്ല. പാചകവും ദൈവം മനുഷ്യന് നല്‍കിയ അറിവുകളില്‍ ഒന്നാണ്. അതവന്റെ ആവശ്യവും ബുദ്ധിയും അനുഭവവും വെച്ച് കാലാകാലങ്ങളില്‍ വികസിപ്പിക്കാവുന്ന കലയാണ്. സര്‍വഥാ പരിഗണനീയം ആരോഗ്യകരമായത് മാത്രം. യുക്തിക്ക് ചേര്‍ന്നത് മാത്രമേ സ്വീകരിക്കാവൂ എന്ന് ശഠിക്കുമ്പോള്‍ തന്നെ ആരുടെ യുക്തി എന്ന ചോദ്യം ഉയരുന്നു. മന്ദബുദ്ധിക്കുമുണ്ടല്ലോ അവന്റേതായ യുക്തി. പൊതുയുക്തി എന്ന് പറയാവുന്നതാണ് ശരി. സാമാന്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാവാനാത്തതൊന്നും സ്വീകരിക്കണമെന്ന് ബുദ്ധിശക്തിയും യുക്തിയും മനുഷ്യന് നല്‍കിയ ദൈവം നിര്‍ബന്ധിച്ചിട്ടില്ല. എല്ലാ ഓരോരുത്തരും അപ്പപ്പോള്‍ തോന്നുന്ന യുക്തിയനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന വാദം യുക്തിശൂന്യമാണ്. അങ്ങനെ വന്നാല്‍ ലോകം തന്നെ നിലനില്‍ക്കുകയില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /38
എ.വൈ.ആര്‍