സമുദായം ബദ്ര്‍ പാടുകയല്ല, ഉഹുദ് പഠിക്കുകയാണ് വേണ്ടത്
മാനവസമൂഹത്തിന്റെ ചരിത്രഗതി മാറ്റിയെഴുതിയ വന്‍പോരാട്ടങ്ങളിലേക്ക് ഖുര്‍ആനിക വചനങ്ങള്‍ പലയിടങ്ങളിലും വെളിച്ചം വീശിയിട്ടുണ്ട്. ഇസ്രയേല്‍ സന്തതികളില്‍പെട്ട ത്വാലൂത്തിന്റെ കൊച്ചുസംഘം ജാലൂത്തിന്റെ ഭീമാകാര സൈന്യത്തിന് മൂക്കുകയറിട്ടതിനെ ഖുര്‍ആന്‍ ഭൂമിയെ നാശത്തില്‍ നിന്ന് പ്രതിരോധിച്ച പോരാട്ടമെന്നാണ് വിശേഷിപ്പിച്ചത്. ചരിത്രത്തില്‍ ചങ്ങലക്കണ്ണികളെന്ന വിധം തുടര്‍ന്ന് വരുന്ന സത്യാസത്യ സംഘര്‍ഷങ്ങളുടെ ഉത്തമോദാഹരണമായി ഖുര്‍ആന്‍ സമര്‍പ്പിക്കുകയും, ഇഴകീറി വിശകലനം നടത്തുകയും ചെയ്ത യുദ്ധങ്ങളുടെ നിരയിലാണ് ബദ്‌റിന്റെയും ഉഹുദിന്റെയും ഇടം. ഖുര്‍ആനിലെ ഏറ്റവും വലിയ അദ്ധ്യായങ്ങളില്‍ സുദീര്‍ഘമായ വചനങ്ങളില്‍ വിശദീകരിക്കപ്പെട്ടുവെന്നത്, ബദ്‌റും ഉഹുദും മുസ്‌ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ജീവല്‍ഗന്ധിയായ പാഠങ്ങളാണ് പകര്‍ന്ന് നല്‍കുന്നത് എന്നതിനെ കുറിക്കുന്നു.
ബദ്‌റില്‍ വിജയിച്ച പ്രവാചക നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം ഉഹുദില്‍ പരാജയപ്പെട്ടുവെന്നത് സത്യവചനത്തിന്റെ വാഹകര്‍ക്കുള്ള ഏറ്റവും വലിയ സന്ദേശമായിരുന്നു. വിജയത്തിന്റെ മാധുര്യം മാത്രമല്ല, പരാജയത്തിന്റെ കയ്പുനീര്‍ കടിച്ചിറക്കേണ്ട സാഹചര്യവും വിശ്വാസി സമൂഹത്തിന് അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന മഹത്തായ പാഠമാണ് ബദ്‌റും ഉഹുദും പ്രഥമമായി പഠിപ്പിക്കുന്നത്.
ഖുര്‍ആനിക വചനങ്ങളില്‍ ബദ്‌റിനും ഉഹുദിനും ഒരേ അളവിലാണ് ഇടം ലഭിച്ചിട്ടുള്ളത്. ബദ്‌റിലെ വിജയം ആഘോഷിച്ചത് പോലെ തന്നെ ഖുര്‍ആനിക വചനങ്ങള്‍ ഉഹുദിലെ പരാജയത്തെ നിരൂപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബദ്ര്‍ വിജയം വര്‍ഷാവര്‍ഷം സ്മരിക്കുകയും കൊണ്ടാടുകയും ചെയ്യുമ്പോള്‍, ഉഹുദിനെ പാടെ വിസ്മരിക്കുകയോ അവഗണിക്കുകയോ ആണ് ചെയ്യാറ്.
ബദ്‌റിലെ വിജയമല്ല, ഉഹുദിലെ പരാജയമാണ് ഏറെ അല്‍ഭുതകരം എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഖുര്‍ആനിക വചനങ്ങള്‍ സൂക്ഷ്മമായി വായിക്കുന്ന ഏതൊരാളും നടന്നെത്തുക. ഭൗതിക സന്നാഹങ്ങളോ മാനദണ്ഡങ്ങളോ അല്ല, വിശ്വാസപരമായ കരുത്തും ആര്‍ജ്ജവവുമാണ് സത്യാസത്യപോരാട്ടത്തിന്റെ വഴി നിര്‍ണയിക്കുന്ന മുന്നുപാധികളെന്ന പാഠമാണ് ബദ്ര്‍ ഉറക്കെ പ്രഖ്യാപിച്ചത്. ''വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍'' (ആലുഇംറാന്‍ 139), ''ഉറപ്പായും താനും തന്റെ ദൂതന്മാരും തന്നെയാണ് വിജയം വരിക്കുകയെന്ന് അല്ലാഹു വിധി എഴുതിയിരിക്കുന്നു'' (അല്‍മുജാദില 21), ''തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുന്നവര്‍'' (അസ്സ്വാഫ്ഫാത് 173) തുടങ്ങിയ അനവധി പ്രഖ്യാപനങ്ങള്‍ ഖുര്‍ആന്‍ നടത്തിയിരിക്കെ ബദ്‌റിലെ വിജയത്തില്‍ എന്തല്‍ഭുതമാണുള്ളത്! വിശ്വാസികള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ പ്രായോഗിക സാക്ഷ്യം എന്നതാണ് ബദ്‌റുമായി ബന്ധപ്പെട്ട ഖുര്‍ആനിക വചനങ്ങളുടെ പ്രസക്തി.
ശത്രുസൈന്യത്തിന് മുന്നില്‍ വിജയം വരിക്കുന്നവര്‍ എന്നത് വിശ്വാസിസമൂഹത്തിന് ഖുര്‍ആന്‍ നല്‍കിയ അടിസ്ഥാനവിശേഷണമായിരിക്കെ, ബദ്‌റില്‍ എന്തുകൊണ്ട് വിജയിച്ചു എന്നതിന് മുമ്പ്, ഉഹുദില്‍ എന്തുകൊണ്ടു പരാജയപ്പെട്ടു എന്ന ചോദ്യമാണ് മുസ്‌ലിം ഉമ്മത്ത് ചോദിക്കേണ്ടിയിരുന്നത്. ആധുനിക മുസ്‌ലിം ഉമ്മത്ത് ബദ്‌റിന്റെ വിജയക്കളത്തിലല്ല, ഉഹുദിന്റെ പരാജയമുഖത്താണുള്ളത് എന്നത് ഈ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. മാത്രവുമല്ല, ബദ്‌റിലെ വിജയത്തേക്കാളുപരി, ഉഹുദിലെ പരാജയമാണ് അല്ലാഹു വിശ്വാസികളോട് നിര്‍ദേശിച്ച ആത്മവിചാരണയോട് ഓരം ചേര്‍ന്ന് നില്‍ക്കുന്നത്.
ഉഹുദിന് ശേഷം അവതരിച്ച ഖുര്‍ആനിക വചനങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ സമീപനങ്ങളെ അതിനിശിതമായി വിമര്‍ശിക്കുന്നവയും, വിശ്വാസപരമായ പുനരാലോചനക്ക് അവരാല്‍ സമ്മര്‍ദ്ദം ചെലുത്തുന്നവയുമായിരുന്നു. ദൈവികമാര്‍ഗത്തില്‍ അണിനിരക്കുന്നവര്‍ -അവര്‍ എത്ര തന്നെ ത്യാഗമനുഭവിച്ചവരാണെങ്കില്‍ പോലും- ഭൗതികനേട്ടങ്ങളിലേക്കോ, സ്വാര്‍ത്ഥ താല്‍പര്യങ്ങളിലേക്കോ വഴിമാറുന്ന പക്ഷം പരാജയപ്പെട്ട് തലകുനിച്ച് പിന്‍വാങ്ങേണ്ടിവരുമെന്നാണ് ഉഹുദ് മുന്‍നിര്‍ത്തി ഖുര്‍ആന്‍ സ്ഥാപിച്ചത്. ''അല്ലാഹു നിങ്ങളോടുള്ള അവന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. ആദ്യം അവന്റെ അനുമതി പ്രകാരം നിങ്ങളവരുടെ കഥകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ, നിങ്ങള്‍ ദുര്‍ബലരാവുകയും കാര്യനിര്‍വഹണത്തിന്റെ പേരില്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടത് അല്ലാഹു നിങ്ങള്‍ക്ക്് കാണിച്ചുതന്നശേഷം നിങ്ങള്‍ അനുസരണക്കേട് കാണിച്ചു. നിങ്ങളില്‍ ഐഹിക താത്പര്യങ്ങളുള്ളവരുണ്ട്. പരലോകം കൊതിക്കുന്നവരുമുണ്ട്.'' (ആലുഇംറാന്‍: 152)
പ്രവാചക കല്‍പനകള്‍ ലംഘിച്ച്, ഉഹുദിലെ പടക്കളത്തില്‍ ഗനീമത്ത് ശേഖരിക്കാന്‍ തുനിഞ്ഞിറങ്ങിയതാണ് മുസ്‌ലിംകളുടെ പരാജയ കാരണമെന്ന് മേലുദ്ധരിച്ച വചനവും, അതിനോട് ചേര്‍ന്ന് വന്ന ചരിത്രോദ്ധരണികളും വ്യക്തമാക്കുന്നുണ്ട്. ദൈവികമാര്‍ഗത്തില്‍ സര്‍വസജ്ജരായി, സര്‍വം ത്യജിച്ച് ഇറങ്ങിത്തിരിച്ച്, അല്ലാഹുവിന്റെ പ്രശംസക്ക് പാത്രീഭൂതരായ പ്രവാചകസഖാക്കള്‍ക്ക് ഒരു നിമിഷം സംഭവിച്ച അശ്രദ്ധയാണ് ഇസ്‌ലാമിക ചരിത്രത്തിലെ അതിദാരുണമായ ഉഹുദിന് വഴിയൊരുക്കിയത്. എന്നിരിക്കെ വിശ്വാസമാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുന്നതിന് പകരം ഭൗതികതയില്‍ മുങ്ങിക്കുളിച്ച സമൂഹത്തിന് ഉഹുദിന്റെ ദുരന്തചിത്രമല്ലാതെ, ബദ്‌റിന്റെ അനശ്വരനിമിഷങ്ങള്‍ സമ്മാനിക്കാന്‍ എങ്ങനെയാണ് സാധിക്കുക?
ഐഹികജീവിതത്തില്‍ സംതൃപ്തിയടഞ്ഞ്, അതിന്റെ വിഭവങ്ങളെ ആര്‍ത്തിയോടെ സമീപിച്ചവരെ 'ഭൂമിയിലേക്ക് കനം തൂങ്ങിയവര്‍' (അത്തൗബഃ 38) എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഭൗതികതയുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ജീവനും ധനവും ബലികഴിക്കാന്‍ തയ്യാറായി ആകാശത്ത് അല്ലാഹുവിന്റെ സിംഹാസനത്തിന് താഴെയുള്ള സ്വപ്‌നകൂടാരങ്ങളില്‍ അഭയം തേടുന്നവരാണ് ശുഹദാക്കള്‍(രക്തസാക്ഷികള്‍) എന്ന് ഇസ്‌ലാം പഠിപ്പിച്ചത് ഈയര്‍ത്ഥത്തിലാണ്. ലോകത്തിന്റെ നാനാഭാഗത്തും ഉഹുദിന്റെ മലഞ്ചെരുവിലേത് പോലെ ശത്രുക്കള്‍ സര്‍വ്വായുധ വിഭൂഷിതരായി തക്കം പാര്‍ത്തിരിക്കെ, മുസ്‌ലിംലോകത്തിന്റെ അധികാരക്കസേരകളിലിരുന്ന് വിശ്വാസദൗര്‍ബല്യം ബാധിച്ച പലരും ഗനീമത്ത് ശേഖരിക്കാന്‍ പണിയെടുക്കുന്ന വര്‍ത്തമാനകാലത്ത് ബദ്‌റ് പാടുന്നതിനേക്കാള്‍ എന്തുകൊണ്ടും ഉഹുദ് പഠിക്കുകയാണ് വേണ്ടത്.
Comments