പി.വി അബ്ദുര്‍റഹ്മാന്‍ കടലുണ്ടി
ജമാഅത്തെ ഇസ്‌ലാമി അംഗവും കടലുണ്ടി പ്രാദേശിക ഹല്‍ഖയുടെ അമീറുമായ പുതിയ വീട്ടില്‍ അബ്ദുര്‍റഹ്മാന്റെ ആകസ്മിക മരണം മുഴുവന്‍ മനുഷ്യസ്‌നേഹികളെയും ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു. സുബ്ഹി നമസ്‌കാരത്തിന് ശേഷം കൂട്ടുകാരോടൊപ്പം പതിവ് നടത്തത്തിനിടയില്‍, റെയില്‍പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന ആദിവാസി രാമനെ തീവണ്ടി അപകടത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് അബ്ദുര്‍റഹ്മാന്‍ സാഹിബിന് സ്വന്തം ജീവന്‍ വെടിയേണ്ടിവന്നത്. അതി വേഗതയില്‍ വരുന്ന കച്ചെഗുഡ-മംഗലാപുരം എക്‌സ്പ്രസ് ട്രെയിന്‍ വരുന്നത് അറിയാതെ, റെയില്‍ മുറിച്ച് കടക്കാന്‍ നോക്കുകയായിരുന്ന കേള്‍വിക്കുറവുള്ള രാമനെ രക്ഷിക്കാന്‍ ട്രാക്കിലേക്ക് എടുത്തു ചാടിയ അബ്ദുറഹ്മാനോട് കൂടെ ഉണ്ടായിരുന്നവര്‍ അരുത്, പോവരുതേയെന്ന് വിളിച്ചു പറഞ്ഞെങ്കിലും 'നിങ്ങളെന്താ പറയുന്നെ ഓന്‍ മരിച്ചുപോകില്ലേ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാമനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വണ്ടി രണ്ട് പേരെയും ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു കുതിക്കുകയായിരുന്നു. ഇതില്‍ രക്ഷിക്കാന്‍ ചാടിയ അബ്ദുറഹ്മാന്‍ ആദ്യവും തുടര്‍ന്ന് രാമനും മരണത്തിനു കീഴടങ്ങി.
കടലുണ്ടിയിലെയും പരിസരങ്ങളിലെയും മത-ധാര്‍മിക- സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അബ്ദുര്‍റഹ്മാന്‍. ജമാഅത്തെ ഇസ്‌ലാമി മൂഴിക്കല്‍ സംഘടനാ സമ്മേളനത്തിന് ശേഷം മണ്ണൂര്‍ കുന്നത്ത്പടി മദ്രസയിലേക്ക് പ്രധാന അധ്യാപകനായി വന്ന എന്‍.എം ബാവ സാഹിബിന്റെ നേതൃത്വത്തിലുള്ള ഹല്‍ഖയില്‍ ചേര്‍ന്നാണ് അദ്ദേഹം ജമാഅത്ത് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. പിന്നീട് കടലുണ്ടിക്കാര്‍ക്ക് വേണ്ടി ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിള്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ അമരത്തും അബ്ദുറഹ്മാന്‍ ഉണ്ടായിരുന്നു. ഈ സ്റ്റഡി സര്‍ക്കിളാണ് പില്‍ക്കാലത്ത് ഹല്‍ഖയായി രൂപാന്തരപ്പെട്ടത്. അന്നുതൊട്ട് പ്രസ്ഥാനത്തെ നെഞ്ചേറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം. മരിക്കുമ്പോള്‍ ജമാഅത്ത് അംഗവും പ്രാദേശിക അമീറുമായിരുന്നു. കൂടാതെ ഐഡിയല്‍ റിലീഫ് വിംഗിന്റെ(ഐ.ആര്‍.ഡബ്ല്യു)ഗ്രൂപ്പ് ലീഡറും, കനിവ് പാലിയേറ്റീവ് പ്രവര്‍ത്തകനുമായിരുന്നു. ലാത്തൂര്‍, ഗുജറാത്ത് ഭൂകമ്പ പ്രദേശങ്ങളിലും സുനാമി ദുരിത ബാധിത പ്രദേശങ്ങളിലും സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ മോചിപ്പിക്കുന്ന ഡിഅഡിക്ഷന്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ജാതി-മത ഭേദമന്യേ നിസ്വാര്‍ഥ സേവനങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുമായിരുന്ന അദ്ദേഹത്തിന് എല്ലാവരോടും മനസ്സ് തുറന്ന് ചിരിക്കാനും സ്വതസിദ്ധമായ പ്രസന്ന ഭാവത്തോടെ ആരെയും അഭിമുഖീകരിക്കാനുമുള്ള സവിശേഷമായ സിദ്ധിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മത-രാഷ്ട്രീയ രംഗത്തുള്ളവരുടെ വലിയ സുഹൃദ് വലയം സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പീഡിതര്‍ക്ക് വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അവര്‍ക്കു വേണ്ടി ചടുലതയോടെ പ്രവര്‍ത്തിച്ചു ആ മാര്‍ഗത്തില്‍ തന്നെ ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്തു. ഇതുകൊണ്ടൊക്കെയായിരുന്നു ഹര്‍ത്താല്‍ ദിവസമായിട്ട് പോലും മരണവാര്‍ത്ത അറിഞ്ഞു നാനാദിക്കില്‍ നിന്നും ജനം മരണവീട്ടിലേക്ക് ഒഴുകിയെത്തിയത്.
പരന്ന വായനക്കാരനായിരുന്ന അദ്ദേഹം ധാരാളം സമയം വായനശാലയില്‍ ചെലവഴിക്കുമായിരുന്നു. വ്യത്യസ്ത കൂട്ടായ്മകളുടെ പ്രവര്‍ത്തകനായിരുന്നിട്ടും പ്രകടനാത്മകത തൊട്ട് തീണ്ടിയില്ല. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അണിയറയില്‍ നിന്ന് ചുക്കാന്‍ പിടിക്കുമ്പോള്‍ തന്നെ സ്റ്റേജിലും പേജിലും പ്രത്യക്ഷപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ലാളിത്യം ജീവിതമുദ്രയായിരുന്നു. പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രാസ്ഥാനിക ആസ്ഥാനത്തിന് വേണ്ടിയുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയില്ലാതെ ഹല്‍ഖാ യോഗങ്ങള്‍ അവസാനിപ്പിക്കാറില്ല. നെറ്റിത്തടത്തിലെ വിയര്‍പ്പ് തുള്ളികളുമായാണ് സത്യവിശ്വാസി അല്ലാഹുവിനെ കണ്ട് മുട്ടുകയെന്ന ആശയം ജീവിതം കൊണ്ട് അദ്ദേഹം അര്‍ഥപൂര്‍ണമാക്കി.
ഫറോക്ക് സബ് ട്രഷറിയില്‍ നിന്ന് സീനിയര്‍ ഗ്രേഡ് അക്കൗണ്ടന്റായി വിരമിച്ച അദ്ദേഹം കുടുംബസമേതം കടലുണ്ടിയിലായിരുന്നു താമസം. ഭാര്യ നഫീസ കടലുണ്ടി വനിതാ ഹല്‍ഖയുടെ നാസിമത്താണ്. മകന്‍ ഷമീം ഖത്തറിലാണ്. പെണ്‍മക്കള്‍ ഷാഹിദ, ഷഹന. മരുമകള്‍: ഫിദ. എല്ലാവരും ഇസ്‌ലാമിക പ്രവര്‍ത്തകരാണ്. പടച്ചറബ്ബേ, ഞങ്ങളുടെ സഹോദരനെ വീരമൃത്യു വരിച്ച ശുഹദാക്കളുടെ ഗണത്തില്‍ പെടുത്തി ജന്നാത്തുല്‍ ഫിര്‍ദൗസില്‍ പ്രവേശിപ്പിച്ച് അനുഗ്രഹിക്കേണമേ... ആമീന്‍.
Comments