പ്രകൃതി ദുരന്തങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്
ഇതെഴുതുമ്പോഴും നേപ്പാളിലെ ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. മരണം ഏഴായിരം കവിഞ്ഞിരിക്കുന്നു. വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാതെ പരിക്കേറ്റ പതിനായിരങ്ങള്‍ ടെന്റുകളില്‍ നരകിക്കുന്നു. മഴയും മഞ്ഞുവീഴ്ചയും മറ്റു പ്രതികൂല സാഹചര്യങ്ങളും ഉള്‍ഭാഗങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ അസ്ഥിരതയും വീര്‍പ്പുമുട്ടിക്കുന്ന ഈ ദരിദ്ര രാഷ്ട്രത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുകയാണ് റിക്ടര്‍ സ്‌കെയ്‌ലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം. 1934-ല്‍ ഇതിനേക്കാള്‍ മാരകമായി നേപ്പാളിലും ബിഹാറിലും ഭൂമി കുലുങ്ങുകയും പതിനായിരത്തോളം പേരുടെ ജീവന്‍ കവരുകയും ചെയ്തിരുന്നു. അത്രത്തോളമോ അതിനേക്കാള്‍ കൂടുതലോ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചിട്ടുണ്ട് ഈ ഭൂകമ്പവും. നേപ്പാളിനെ കൂടാതെ ഇന്ത്യ, ബംഗ്ലാദേശ്, ചൈന, പാകിസ്താന്‍, തിബറ്റ് എന്നീ അഞ്ച് രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെടുകയുണ്ടായി. ചെറിയ തോതിലെങ്കിലും ആള്‍നാശവും സ്വത്ത് നാശവും അവിടങ്ങളിലും സംഭവിച്ചിട്ടുണ്ട്.
ലോകത്തിന്റെ എല്ലാ ദിക്കുകളിലും ഭൂകമ്പസാധ്യതയുള്ള മേഖലകളുണ്ട്. അതിലൊന്നാണ് നേപ്പാളും തിബറ്റുമെല്ലാം ഉള്‍പ്പെടുന്ന ഹിമാലയന്‍ മേഖല. ആ മേഖല കൂടുതല്‍ അരക്ഷിതമായിത്തീര്‍ന്നിരിക്കുന്നു എന്നതിന്റെ സൂചനകള്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വായിച്ചെടുക്കാം. റിക്ടര്‍ സ്‌കെയ്‌ലില്‍ 7.9 രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം കഴിഞ്ഞ് പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ നേപ്പാളില്‍ 64-ഉം ഇന്ത്യയില്‍ 59-ഉം തവണ തുടര്‍ ചലനങ്ങളുണ്ടായി. ഇത്രയധികം തുടര്‍ ചലനങ്ങള്‍ ഒരുമിച്ചുണ്ടാവുന്നത് ഗൗരവത്തോടെ പഠനവിധേയമാക്കേണ്ടതുണ്ടെന്ന് ഭൗമശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിക്കടിയിലെ ഫലകങ്ങള്‍/പാളികള്‍ തിരശ്ചീനമായും ലംബമായും ശിലാ ദ്രവങ്ങള്‍ക്ക് മീതെ തെന്നി നീങ്ങുമ്പോഴുണ്ടാകുന്ന കൂട്ടിയിടിക്കലും ഉരസലും ഒന്ന് മറ്റൊന്നിന് കീഴെ ആയിപ്പോകലുമൊക്കെയാണ് ഭൂചലനത്തിന് നിമിത്തമാവുന്നത് എന്നാണ് ശാസ്ത്രീയ വിശദീകരണം.
ഈ വിശദീകരണത്തില്‍ പല സുപ്രധാന വശങ്ങളും വിട്ടുപോയിട്ടുണ്ട്. ഭൂമിയുടെ ഈ അസ്വാഭാവിക ചലനത്തില്‍ മനുഷ്യനുള്ള പങ്ക് എന്ത് എന്നതാണ് അതിലൊന്ന്. ''മനുഷ്യകരങ്ങള്‍ ചെയ്തു വെച്ചത് കാരണമായി കരയിലും കടലിലും നാശം പ്രത്യക്ഷമായിരിക്കുന്നു'' (അര്‍റും 41) എന്ന ഖുര്‍ആനിക വാക്യത്തില്‍ അതിന് കൃത്യമായ ഉത്തരമുണ്ട്. നേപ്പാളിന്റെ കാര്യം തന്നെ എടുക്കാം. പരിസ്ഥിതി ദുര്‍ബല മേഖലയാണ് കുന്നുകളും അരുവികളും നിറഞ്ഞ ഈ നാട്. ഏത് നിര്‍മാണ പ്രവര്‍ത്തനവും വളരെ സൂക്ഷിച്ചേ ചെയ്യാവൂ. പക്ഷേ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ബഹുനില കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നതിന് ലക്കും ലഗാനുമില്ലാതെ കുന്നുകള്‍ ഇടിച്ച് നിരത്തുന്നത് പതിവായിരിക്കുന്നു. നീര്‍ത്തടങ്ങള്‍ കല്ലും മണ്ണുമിട്ട് മൂടുന്നു. ജനസാന്ദ്രത നഗര കേന്ദ്രീകൃതമായി കണ്ടമാനം വര്‍ധിക്കുന്നു. ഇതെല്ലാം പ്രകൃതിയുടെ താളം തെറ്റിക്കുന്നുവെന്നാണ് പഠനം. അടുത്തകാലത്തായി പരിസര പ്രദേശങ്ങളിലും ഇതിന്റെ സൂചനകള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. കശ്മീരില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം പ്രകൃതിയുടെ തകിടം മറിച്ചിലിന്റെ ലക്ഷണമാണ്. കാലം തെറ്റി പെയ്ത മഴയില്‍ ഉത്തരേന്ത്യയില്‍ വന്‍ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ആഗോള താപനവും സുനാമിയും കൊടുങ്കാറ്റുമൊന്നും കേവലം പ്രകൃതിദുരന്തങ്ങളല്ല; വലിയൊരളവില്‍ മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ്.
ഈ തിരിച്ചറിവുണ്ടാവണമെന്ന് ഖുര്‍ആന്‍ നിരന്തരം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. വളരെ ചിട്ടയാര്‍ന്നതും സന്തുലിതവുമായ ഒരു ചലനവ്യവസ്ഥയാണ് പ്രപഞ്ചത്തിന് സ്രഷ്ടാവ് ഒരുക്കിവെച്ചിരിക്കുന്നത്. അതില്‍ ഒരു ന്യൂനതയോ പോരായ്മയോ ഒരാള്‍ക്കും കണ്ടെത്താനാവില്ല. പ്രപഞ്ചത്തിന്റെ ഭാഗമായ ഭൂമിക്കുമുണ്ട് സന്തുലിതമായ ഒരു ആവാസ വ്യവസ്ഥ. അത് പരിരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനമേ നടത്താവൂ. ആ സന്തുലിത ക്രമം തെറ്റിക്കുന്ന ഏത് നീക്കവും ഖുര്‍ആന്റെ ഭാഷയില്‍ അക്രമമാണ്. അപ്പോഴാണ് ഭൂമി 'കോപി'ക്കുന്നത്; വന്‍ ദുരന്തങ്ങള്‍ക്ക് മനുഷ്യര്‍ ഇരകളാകുന്നത്. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച ചര്‍ച്ചകളിലൊന്നും ഈ അടിസ്ഥാന തകരാറ് ചൂണ്ടിക്കാണിക്കപ്പെടുകയോ അതിന് പരിഹാരം നിര്‍ദേശിക്കപ്പെടുകയോ ചെയ്യാറില്ല. അതിനാല്‍ ഇതിലും ഭീകരമായ മറ്റൊരു ദുരന്തത്തിന് കാതോര്‍ത്തിരിക്കുക മാത്രമാണ് നാം. അത് എവിടെ സംഭവിക്കും എന്നേ അറിയാനുള്ളൂ.
മനുഷ്യന്‍ എത്ര നിസ്സാരനും നിസ്സഹായനുമാണ് എന്നതാണ് ഓരോ ഭൂകമ്പവും നല്‍കുന്ന ഒന്നാമത്തെ പാഠം. മനുഷ്യന്‍ കെട്ടിപ്പൊക്കുന്ന അഹന്തകളുടെ അംബരചുംബികളെല്ലാം നിമിഷാര്‍ധം കൊണ്ട് നിലംപൊത്തുകയാണ്. പ്രകൃതിയെ കീഴടക്കി എന്ന് അഹങ്കരിക്കുന്ന മനുഷ്യന് അവന്റെ ശാസ്ത്രമോ സാങ്കേതികവിദ്യയോ ദുരന്തവേളകളില്‍ പലപ്പോഴും രക്ഷക്കെത്തുന്നില്ല. തുടര്‍ ഭൂചലനമുണ്ടായ മൂന്ന് ദിവസങ്ങളിലും നേപ്പാളികള്‍ അന്തിയുറങ്ങിയത് ആകാശം മേല്‍ക്കൂരയാക്കിയായിരുന്നു. തങ്ങള്‍ നിര്‍മിച്ച ബഹുനില കെട്ടിടങ്ങളെ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല. ലോക രക്ഷിതാവേ, നീ മാത്രം തുണ എന്നാവില്ലേ അവര്‍ നിശ്ശബ്ദരായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നത്?
ദുരന്തമുണ്ടായ ഉടനെ ഇന്ത്യയിലെ ദേശീയ ദുരന്ത നിവാരണ സംഘം നേപ്പാളില്‍ പാഞ്ഞെത്തുകയുണ്ടായി. യമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ കാണിച്ച അതേ ജാഗ്രത ഇവിടെയും നാം കാണുന്നു. ലോക രാഷ്ട്രങ്ങളും സഹായ ഹസ്തങ്ങളുമായി രംഗത്തുണ്ട്. കേരളത്തില്‍ നിന്ന് ഐഡിയല്‍ റിലീഫ് വിംഗ് പോലുള്ള ചെറു കൂട്ടായ്മകള്‍ നേപ്പാളിലേക്ക് തിരിച്ചിട്ടുണ്ടെങ്കിലും, ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ അതൊന്നും എങ്ങും എത്തുകയില്ല. കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക, മത കൂട്ടായ്മകള്‍ കുറെക്കൂടി ഗൗരവത്തില്‍ പ്രശ്‌നത്തെ കാണുകയും ദുരിതാശ്വാസ സംരംഭങ്ങള്‍ വിപുലീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വിവിധ കൂട്ടായ്മകള്‍ തമ്മില്‍ ധാരണയും ഏകീകരണവുമുണ്ടാകുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമാക്കും.
Comments