യേശുവും മുഹമ്മദും മലയില്‍ കയറി പ്രസംഗിച്ചത്
പരസ്യ പ്രബോധനത്തിന്റെ തുടക്കത്തില്‍ യേശുവും മുഹമ്മദ് നബിയും മലയില്‍ കയറി പ്രസംഗിക്കുന്ന രംഗം ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. വളരെ രസകരവും സ്വാഭാവികവുമായ സാമ്യതകള്‍ ആ പ്രസംഗങ്ങളിലുള്ളതായി കാണാം. യേശുവിന്റെ പ്രഭാഷണം ബൈബിളിലെ മത്തായി സുവിശേഷത്തിലും പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രസംഗം ഹദീസിലും വിവരിച്ചിട്ടുണ്ട്. രണ്ട് പേരുടെയും പ്രഭാഷണങ്ങള്‍ അതിന്റെ ആശയത്തിന്റെ ഗൗരവം കൊണ്ടും സാമ്യത കൊണ്ടും ശ്രദ്ധേയമാണ്.
'അവിടെ വലിയൊരു ജനക്കൂട്ടത്തെ യേശു കണ്ടു. അതിനാലവന്‍ മലമുകളിലേക്ക് കയറിയിരുന്നു...' എന്ന് പറഞ്ഞു കൊണ്ടാണ് യേശുവിന്റെ പ്രഭാഷണം മത്തായി (5:1-7:28) വിവരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ ആശയങ്ങളുമായും പ്രവാചകാധ്യാപനങ്ങളുമായും അത് ഏറെ ചേര്‍ന്നുനില്‍ക്കുന്നു.
ആരാണ് കര്‍ത്താവ്
യേശുവിന്റെ പ്രസംഗത്തിലെ ചില വാചകങ്ങള്‍ ശ്രദ്ധിക്കുക: 'ഞാനവരുടെ കര്‍ത്താവാണെന്ന് പറയുന്നവരെല്ലാം സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടമനുസരിച്ച് ചെയ്യുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയുള്ളൂ. അവസാന നിമിഷം പലരും എന്നോട് പറയും. കര്‍ത്താവേ ഞങ്ങള്‍ നിനക്കായി പ്രസംഗിച്ചില്ലേ? നിനക്കായി ഭൂതങ്ങളെ ഒഴിപ്പിക്കുകയും നിരവധി വീര്യ പ്രവൃത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോട് വ്യക്തമായി പറയും: 'എന്റെ സമീപത്തുനിന്ന് കടന്നു പോകൂ, നിങ്ങള്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല' (മത്തായി 7:21-23)'
മുഹമ്മദ് നബി(സ) സ്വഫാ കുന്നില്‍ കയറി ചോദിച്ചു: ''ഈ കുന്നിന് പിറകില്‍ നിന്ന് ഒരു സൈന്യം നിങ്ങള്‍ക്ക് നേരെ വരുന്നുണ്ട് എന്ന് ഞാന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ അത് വിശ്വസിക്കുമോ?''
''എന്തുകൊണ്ടില്ല? നിന്നെ എപ്പോഴും സത്യം പറയുന്നവനായി മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ.'' സദസ്സ് ഏകസ്വരത്തില്‍ പറഞ്ഞു. ''എങ്കില്‍ ഞാന്‍ പറയുകയാണ്. നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കൂ. ഹേ അബ്ദുല്‍ മുത്തലിബിന്റെ സന്തതികളേ, ഹേ അബ്ദു മനാഫിന്റെ സന്തതികളേ, ഹേ സഹ്‌റയുടെ സന്തതികളേ, ഹേ തമീമിന്റെ മക്കളേ, ഹേ മഖ്‌സൂമിന്റെ മക്കളേ, ഹേ അസ്ദിന്റെ മക്കളേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അതിന് സന്നദ്ധമല്ലെങ്കില്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും.''
ഈ രണ്ടു വചനങ്ങളും ശ്രദ്ധയോടെ വായിച്ചാല്‍ കേന്ദ്രബിന്ദു ഒന്നാണെന്ന് കാണാം; സ്വര്‍ഗസ്ഥനായ പിതാവ്* അഥവാ സ്വര്‍ഗത്തിന്റേയും നരകത്തിന്റേയും ഈ പ്രപഞ്ചത്തിന്റേയും നാഥനായ അല്ലാഹു. രണ്ടുപേരും വിളിക്കുന്നത് സ്വന്തത്തിലേക്കല്ല; യഥാര്‍ഥ ദൈവത്തിലേക്കാണ്.
യേശുവിന്റെ ഈ പ്രസംഗവചസ്സുകള്‍ക്ക് സമാനമായ ഒരു ഖുര്‍ആന്‍ വചനം ഇങ്ങനെ:
''ഓ മര്‍യമിന്റെ പുത്രന്‍ ഈസാ, നീ ജനങ്ങളോട് അല്ലാഹുവിനെക്കൂടാതെ എന്നെയും എന്റെ മാതാവിനേയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നുവോ?'' അപ്പോള്‍ അദ്ദേഹം മറുപടി പറയും: 'നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്റെ ജോലിയായിരുന്നില്ല. ഞാനത് പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുണ്ടായിരിക്കുമല്ലോ.... നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാത്തതൊന്നും ഞാന്‍ അവരോട് പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍ എന്നാണ് ഞാന്‍ പറഞ്ഞത്.'' (ഖുര്‍ആന്‍ (5:116-117))
പ്രഭാഷണത്തിന് തൊട്ടുമുമ്പ് പിശാച് യേശുവിനെ കൂട്ടിക്കൊണ്ടുപോയി പ്രലോഭിപ്പിച്ചതായി ബൈബിള്‍ വിവരിക്കുന്നുണ്ട്. ''പിശാച് അവനെ ഒരു വലിയ ഉയരമുള്ള മലയിലേക്ക് കൊണ്ടുപോയി. പിശാച് യേശുവിനെ ലോകത്തിലെ എല്ലാ രാജ്യങ്ങളും കാണിച്ചു. അവിടങ്ങളിലെ മഹത്തായ കാര്യങ്ങളും കാണിച്ചു. എന്നിട്ട് പിശാച് പറഞ്ഞു. 'നീ എന്നെ നമസ്‌കരിച്ച് ആരാധിച്ചാല്‍ ഈ കണ്ടതെല്ലാം നിനക്ക് ഞാന്‍ തരാം.' യേശു പിശാചിനോട് പറഞ്ഞു. 'സാത്താനേ എന്നെ വിട്ടു പോക, തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. കര്‍ത്താവായ ദൈവത്തെ നിങ്ങള്‍ ആരാധിക്കൂക. അവനെ മാത്രം സേവിക്കുക.'' (മത്തായി 4:8-10)
'കര്‍ത്താവായ ദൈവത്തെ ആരാധിക്കുക, അവനെ മാത്രം സേവിക്കുക എന്നു മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ' എന്ന് യേശു അല്ലാഹുവിനോട് പറയുമെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ച അതേ സത്യവചനമാണ് ബൈബിളിലും യേശു പറയുന്നത്.
'നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ മുറിയില്‍ കയറി കതകുകള്‍ അടച്ചിട്ട് അദൃശ്യനായ നിങ്ങളുടെ പിതാവിനോട് പ്രാര്‍ഥിക്കുക. രഹസ്യമായി ചെയ്യുന്നതും നിങ്ങളുടെ പിതാവിന് കാണാം. അവന്‍ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും... നിങ്ങള്‍ക്ക് വേണ്ടതെന്തെന്ന് നിങ്ങളാവശ്യപ്പെടുന്നതിന് മുമ്പു തന്നെ നിങ്ങളുടെ പിതാവിന്നറിയാം. അതിനാല്‍ പ്രാര്‍ഥിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കണം. 'സ്വര്‍ഗസ്ഥനായ പിതാവേ അങ്ങയുടെ നാമം പരിശുദ്ധമായിരിക്കേണമേ. അങ്ങയുടെ രാജ്യം വരേണമേ....'' (മത്തായി 6:6-15).
മുഹമ്മദ് നബി അറഫ മലയില്‍ കയറി പ്രസംഗിച്ചതിന്റെ ആദ്യഭാഗവും ഇങ്ങനെ തന്നെ: ''എല്ലാ സ്തുതിയും അല്ലാഹുവിനു മാത്രം. നാം അവനെ സ്തുതിക്കുന്നു. അവനോട് സഹായം തേടുന്നു. അവനോട് തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കുന്നു. അവന്റെ മുമ്പാകെ ഖേദപ്രകടനം നടത്തുന്നു. നാം സ്വന്തം മനസ്സിന്റെ കുഴപ്പങ്ങളില്‍ നിന്നും പ്രവര്‍ത്തന വൈകല്യങ്ങളില്‍ നിന്നും അവനില്‍ ശരണം തേടുന്നു... അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹില്ല എന്ന് ഞാന്‍ പ്രഖ്യാപിക്കുകയാണ്. അവന്‍ ഏകനാണ്. അവന് യാതൊരു പങ്കുകാരനുമില്ല. മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. അല്ലാഹുവിന്റെ അടിയാറുകളേ അവന് മാത്രം ഇബാദത്ത് (ആരാധന) ചെയ്യണമെന്ന് ഞാന്‍ നിങ്ങളെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്.''
യേശുവും മുഹമ്മദും ന്യായപ്രമാണവും
മൂസായെയോ, മുമ്പുള്ള മറ്റേതെങ്കിലും പ്രവാചകനെയോ അവര്‍ക്ക് ലഭിച്ച വേദഗ്രന്ഥങ്ങളെയോ തള്ളിപ്പറഞ്ഞുകൊണ്ടല്ല യേശു കടന്നുവന്നത്. അവരോടുള്ള നിലപാട് യേശു വളരെ വ്യക്തമായി ഈ പ്രഭാഷണത്തില്‍ വിശദീകരിക്കുന്നുണ്ട്. ''മോശെയുടെ ന്യായപ്രമാണത്തെയോ, പ്രവാചകന്മാരുടെ ഉപദേശങ്ങളെയോ, നശിപ്പിക്കുവാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ കരുതരുത്. അവരുടെ ഉപദേശങ്ങളെ നശിപ്പിക്കുവാനല്ല വന്നത്. അവരുടെ ഉപദേശങ്ങളെ സാര്‍ഥകമാക്കാനാണ് ഞാന്‍ വന്നത്. ഞാന്‍ നിങ്ങളോട് സത്യമായി പറയട്ടെ. ഭൂമിയും സ്വര്‍ഗവും കടന്നുപോകും വരെ ന്യായപ്രമാണത്തിലൊരു മാറ്റവും വരില്ല. എല്ലാം സംഭവിച്ചു കഴിയുന്നതുവരേക്കും അതിനു വള്ളിപുള്ളി വ്യത്യാസം പോലും സംഭവിക്കില്ല. അപ്രധാനമെന്ന് തോന്നുന്ന കല്‍പനകൂടി അനുസരിക്കണം. ആരെങ്കിലും നിയമത്തിലെ അപ്രധാനമായ കല്‍പനയെ നിരസിക്കുകയോ, അതനുസരിക്കരുതെന്ന് മറ്റുള്ളവരെ ഉപദേശിക്കുകയോ ചെയ്താല്‍ അവന്‍ സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും നിസ്സാരനായി കരുതപ്പെടും. എന്നാല്‍ ന്യായ പ്രമാണം അനുസരിക്കുകയും അതനുസരിക്കാന്‍ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്ത് വലിയവനായി കരുതപ്പെടും.'' (മത്തായി (5:17-19))
മുഹമ്മദ് നബി(സ)യും കടന്നുവന്നത് ഒരു പ്രവാചകനെയും തള്ളിക്കളഞ്ഞുകൊണ്ടല്ല; അവരുടെയെല്ലാം അധ്യാപനങ്ങള്‍ സത്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. ന്യായപ്രമാണമായ തൗറാത്തും ഇഞ്ചീലും സത്യമാണ്, അവയിലെ അധ്യാപനങ്ങള്‍ തന്നെയാണ് തന്റെ ദൗത്യത്തിന്റെയും ഉദ്ദേശ്യമെന്നും മുഹമ്മദ്‌നബി പ്രഖ്യാപിച്ചു. ഖുര്‍ആന്‍ അത് നിരവധി സ്ഥലങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല ഒരു പ്രവാചകനോടും യാതൊരു വിവേചനവും കാണിക്കുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ആരെയെങ്കിലും തള്ളിപ്പറയുന്നത് മുസ്‌ലിംകളുടെ അടിസ്ഥാന വിശ്വാസത്തിലുള്ള പിഴവായാണ് കണക്കാക്കുക. ''ദൈവദൂതന്‍ അദ്ദേഹത്തിന്റെ നാഥനില്‍നിന്നു തനിക്ക് അവതരിച്ചുകിട്ടിയ മാര്‍ഗദര്‍ശനത്തില്‍ വിശ്വസിച്ചിരിക്കുന്നു. ഈ ദൂതനില്‍ വിശ്വസിക്കുന്നവരും ആ മാര്‍ഗദര്‍ശനത്തെ മനസാ അംഗീകരിച്ചവരാകുന്നു. അവരെല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും വിശ്വസിക്കുന്നു. അവരുടെ നിലപാട് ഇതത്രെ: ഞങ്ങള്‍ ദൈവ ദൂതന്മാരില്‍ ആരോടും വിവേചനം കാണിക്കുന്നില്ല. ഞങ്ങള്‍ വിധി കേട്ടു. വിധേയത്വം സ്വീകരിച്ചു.'' (ഖുര്‍ആന്‍ 2:285)
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, യേശു പ്രവാചക ദൗത്യവുമായി വന്നപ്പോള്‍ മൂസായുടെ സമൂഹമായ യഹൂദരില്‍ ചുരുക്കം ചിലരൊഴിച്ച് അദ്ദേഹത്തിന്റെ പ്രവാചകത്വം നിഷേധിച്ചു. യേശുവിന്റെയും മോസസിന്റെയും പിന്തുടര്‍ച്ചക്കാരനായി മുഹമ്മദ് നബി(സ) ആഗതനായപ്പോഴും ക്രൈസ്തവരിലും ജൂതരിലുംപെട്ട നിരവധിപേര്‍ അദ്ദേഹത്തെ നിഷേധിച്ചു.
എല്ലാം അല്ലാഹുവിലേക്ക്
മുഹമ്മദ് നബിയുടെ പ്രസംഗം പോലെത്തന്നെ, യേശു ക്രിസ്തുവിന്റെ മലയില്‍ കയറി നിന്നുള്ള പ്രസംഗത്തിന്റെയും കേന്ദ്രബിന്ദു അല്ലാഹുവാണെന്ന് സൂചിപ്പിച്ചുവല്ലോ. ഒരിടത്തുപോലും അദ്ദേഹം തന്നിലേക്ക് പ്രാര്‍ഥനകളുമായി വരാനോ, തന്നിലൂടെ പ്രാര്‍ഥിക്കുവാനോ പറയുന്നതായി കാണാന്‍ കഴിയില്ല.
1. ''നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രകാശമാകണം. നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകും വിധം പ്രവര്‍ത്തിക്കുക. സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ ആളുകള്‍ സ്തുതിക്കും വിധം ജീവിക്കുക.'' (മത്തായി 5:16)
''സര്‍വസ്തുതിയും സര്‍വലോക രക്ഷിതാവായ അല്ലാഹുവിനു മാത്രമാണ്'' എന്ന് മുസ്‌ലിംകള്‍ നിരന്തരം പാരായണം ചെയ്യുന്ന സൂറഃ അല്‍ഫാത്തിഹയില്‍ പറഞ്ഞിട്ടുള്ളതും ഇതു തന്നെയല്ലേ? പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പ്രസംഗത്തിന്റെ തുടക്കത്തിലും അദ്ദേഹം ഉരുവിടുന്ന പ്രാര്‍ഥന ഇതു തന്നെ.
2. ''കര്‍ത്താവായ ദൈവത്തെ നിങ്ങള്‍ ആരാധിക്കൂക. അവനെ മാത്രം സേവിക്കുക.'' (മത്തായി 4:10)
''അല്ലാഹുവേ, നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.'' (1:5) എന്നത് മേല്‍പറഞ്ഞ വചനത്തിന്റെ അതേ അര്‍ഥത്തിലുള്ള പ്രയോഗമാണ്.
3. ''സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ദുഷ്ടരില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണേ. പ്രലോഭനങ്ങള്‍ക്ക് ഞങ്ങളെ വശംവദരാക്കരുതേ'' (മത്തായി 6:13)
ഇതാണ് സൂറഃ അല്‍ഫാത്തിഹയില്‍ വായിക്കുന്ന അവസാനത്തെ ഭാഗം ''അല്ലാഹുവേ, നിന്റെ കോപത്തിനിരയായവരുടെ വഴിയില്‍ ഞങ്ങളെ ഉള്‍പ്പെടുത്തരുതേ, വഴി പിഴച്ചവരുടെ മാര്‍ഗത്തില്‍ ഞങ്ങളെ ആക്കരുതേ.'' (1:7)
മേല്‍ സൂചിപ്പിച്ച പ്രസംഗത്തില്‍ പറയുന്ന കാര്യങ്ങള്‍ യേശുക്രിസ്തു അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അവ ഇവയാണ്:
ഭൂമിയുടെയും സ്വര്‍ഗത്തിന്റെയും ഉടമസ്ഥന്‍ ദൈവം മാത്രമാണ് (മത്തായി 5:45)
സൂര്യനെ ഉദിപ്പിക്കുന്നതും മഴപെയ്യിപ്പിക്കുന്നതും അവനാണ് (മത്തായി 5:34,35)
അവന്‍ പരിപൂര്‍ണ്ണനാണ് (മത്തായി 5:48)
അവന്‍ അദൃശ്യനാണ് (മത്തായി 6:6)
മനുഷ്യന്‍ രഹസ്യമായി ചെയ്യുന്നതൊക്കെയും അറിയുന്നവനും കാണുന്നവനുമാണ് (മത്തായി 6:4,6,18)
പ്രാര്‍ഥന അവനോട് മാത്രമാണ് (മത്തായി 6:5-15,18)
സകല പ്രാര്‍ഥനകള്‍ക്കും പ്രതിഫലം നല്‍കുന്നവന്‍ അവനാണ് (മത്തായി 6:1,4,5,6, 7:10)
തെറ്റുകള്‍ പൊറുക്കുന്നവനും പൊറുക്കാതിരിക്കുന്നവനും അവനാണ് (മത്തായി 6:14,15)
സല്‍കര്‍മ്മങ്ങള്‍ ചെയ്യേണ്ടത് അവന്‍ കാണാന്‍ വേണ്ടി മാത്രം. മറ്റൊരാളും കാണാന്‍ വേണ്ടിയാകരുത്. അങ്ങനെ സംഭവിക്കുന്നപക്ഷം പ്രതിഫലം നഷ്ടം. (മത്തായി 6:1,16,17,18)
ആളുകള്‍ കാണാന്‍ വേണ്ടി നമസ്‌കരിക്കരുത്. അവര്‍ക്ക് ഈ ലോകത്ത് പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എല്ലാം പിതാവ് കാണാന്‍ വേണ്ടി. (മത്തായി 6:5,6)
എല്ലാം അറിയുന്നവന്‍-നിങ്ങള്‍ പ്രാര്‍ഥിക്കും മുമ്പേ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തെന്നറിയുന്നവന്‍. (മത്തായി 6:8,32)
രഹസ്യകര്‍മങ്ങള്‍ അറിയുന്നവന്‍ ഒരേ ഒരാള്‍ മാത്രം-അതായത് അദൃശ്യനായ ദൈവം മാത്രം. (മത്തായി 6:18)
മുകളില്‍ നല്‍കിയ വളരെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിവരിച്ച ശേഷം യേശു തുടര്‍ന്നു: ''ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവന്‍ ബുദ്ധിമാനാണ്. അവന്‍ പാറയില്‍ തന്റെ വീടുപണിതു. മഴയും വെള്ളപ്പൊക്കവുമുണ്ടായി. വീടിനുമേല്‍ കാറ്റടിച്ചു. പക്ഷെ ആ വീട് വീണില്ല, എന്തെന്നാല്‍ അത് പാറമേല്‍ പണിതിരിക്കുന്നു. എന്നാല്‍ ഞാന്‍ പറയുന്നത് കേട്ടിട്ടും അനുസരിക്കാത്തവര്‍ വിഡ്ഢിയെപ്പോലെയാണ്. അവന്‍ മണലില്‍ വീട് പണിതു. മഴയും വെള്ളപ്പൊക്കവുമുണ്ടായപ്പോള്‍ കാറ്റടിച്ച് വലിയ ശബ്ദത്തോടെ അവന്റെ വീട് നിലത്തുവീണൂ.''(മത്തായി 7:24-27).
സമാനമായ ഒരു ഉപമ നമുക്ക് ഖുര്‍ആനില്‍ കാണാന്‍ കഴിയും. ''ഒരാള്‍ അല്ലാഹുവോടുള്ള കറയറ്റ ഭക്തിയിലും അവന്റെ പ്രീതിയിലും തന്റെ കെട്ടിടം സ്ഥാപിച്ചു. മറ്റൊരാള്‍ അടിമണ്ണിളകി പൊളിഞ്ഞു വീഴാന്‍ പോകുന്ന മണല്‍ത്തട്ടിന്റെ വക്കില്‍ കെട്ടിടം പണിതു. അങ്ങനെയത് അവനെയും കൊണ്ട് നേരെ നരകത്തീയില്‍ തകര്‍ന്നു വീഴുകയും ചെയ്തു. അവരില്‍ ആരാണുത്തമന്‍? അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (തൗബ:109).
Comments