ലൈക്, ഷെയര്‍, ട്വീറ്റ്
നേപ്പാള്‍ ഭൂകമ്പത്തെപ്പറ്റി വാര്‍ത്തകള്‍ വന്നുതുടങ്ങിയ സമയം. അതിന്റെ തലേന്ന് ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. 'ആപ്' നേതാവ് അശുതോഷ് ടി.വി കാമറക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞത് വലിയ രാഷ്ട്രീയ നാടകമായി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
'നാടക'ത്തെ കളിയാക്കാനുറച്ച് ബി.ജെ.പി വക്താവ് സംബിത് പത്ര ട്വിറ്ററില്‍ കയറിയപ്പോഴാണ് ഭൂകമ്പ വാര്‍ത്തകള്‍ വരുന്നത്. പത്ര കുറിച്ചു: ''ആജ്തകില്‍ അശുതോഷിന്റെ പ്രകടനം കണ്ടിരിക്കുമ്പോള്‍ ഭൂമി കുലുങ്ങുമ്പോലെ. ഭൂമി ശരിക്കും കുലുങ്ങിയെന്ന് പിന്നെയല്ലേ അറിയുന്നത്!''
പിന്നെ ട്വിറ്ററില്‍ ശകാരവര്‍ഷമായിരുന്നു, ദുരന്തത്തെ കളിചിരിക്ക് ഉപയോഗിച്ചതിന്. ഒരു മണിക്കൂര്‍ തികയും മുമ്പേ സംബിത് പത്ര മാപ്പു പറഞ്ഞു, മറ്റൊരു കുറിപ്പിട്ടു.
ഒറ്റക്കിരുന്ന് മൊബൈലിലോ കമ്പ്യൂട്ടറിലോ സമൂഹ മാധ്യമക്കുറിപ്പെഴുതുമ്പോള്‍ പതിനായിരങ്ങള്‍ വഴിനടക്കുന്ന തിരക്കേറിയ പൊതു നിരത്താണെന്നത് ഓര്‍ക്കാത്തവരുടെ കൂട്ടത്തിലായി ഈ രാഷ്ട്രീയ നേതാവും.
ഒരുപാട് പേര്‍ക്ക് നിത്യവും പിണയുന്ന അബദ്ധമാണിത്. സ്വന്തം മുറിയുടെ സ്വകാര്യതയില്‍, സ്മാര്‍ട്ട് ഫോണിന്റെ ചെറിയ സ്‌ക്രീനില്‍ (പലപ്പോഴും കള്ളപ്പേരില്‍) പോസ്റ്റ് ചെയ്യുന്നതും ലക്ഷങ്ങളോട് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുന്നതും ഒരുപോലെയാണെന്ന് നമ്മള്‍ മറക്കുന്നു.
പെരുമാറ്റത്തിലെ മാന്യതയെപ്പറ്റി ധാരാളം പ്രസംഗിക്കുന്നവര്‍ പോലും ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമൊക്കെ മാലിന്യങ്ങള്‍ തള്ളുന്നു. ചര്‍ച്ച എന്ന പേരില്‍ ശകാരം കൈമാറുന്നു. സദാചാരത്തില്‍ നിന്ന് അവധിയെടുത്തുകൊണ്ട് സൈബര്‍ ലോകത്ത് മേയുന്നു.
സാധാരണ ലോകത്ത് പാലിക്കാന്‍ ബാധ്യസ്ഥമായ എല്ലാ ആചാര മര്യാദകളും സൈബര്‍ ലോകത്തും പാലിക്കണമെന്ന് അറിയാത്തതല്ല നമ്മുടെ പ്രശ്‌നം. മറിച്ച്, സമൂഹ മാധ്യമത്തിലെ ഭാഷയും പെരുമാറ്റ വ്യാകരണവും ആരൊക്കെയോ ഉണ്ടാക്കിവെച്ചത് കണ്ണടച്ച് പിന്തുടരുന്നുവെന്നതാണ്. പകുതി വായിച്ച ശേഷം ഒരു രസം തോന്നി 'ലൈക്' അടിക്കുന്നവരും 'ഷെയര്‍' ചെയ്യുന്നവരും 'റീട്വീറ്റ്' ബട്ടണമര്‍ത്തുന്നവരും ഏറെയുണ്ട്, അതോടെ അതിനെല്ലാം ഉത്തരവാദിത്തത്തിന്റെ പങ്ക് ചുമക്കേണ്ടിവരുന്നു എന്ന ബോധമില്ലാതെയാണീ എടുത്തുചാട്ടം.
നന്മയെ പ്രോത്സാഹിപ്പിക്കുക, തിന്മയെ നിരുത്സാഹപ്പെടുത്തുക എന്ന പ്രബോധക ധര്‍മം മുതല്‍ ചെറുത്തുനില്‍പും സംവാദങ്ങളും പരസ്പര ബന്ധങ്ങള്‍ ശക്തിപ്പെടുത്തലും വരെ നടക്കേണ്ട രംഗമാണ് സമൂഹ മാധ്യമങ്ങള്‍. ആ ഇടപെടലുകളുടെ ഉദ്ദേശ്യവും രീതിയും മാന്യതയും പ്രധാനമാണ്.
നല്ലത് പറയുക, അതിന് കഴിയില്ലെങ്കില്‍ വിട്ടു പോവുക എന്ന തത്ത്വം അറിയുന്നവര്‍ തന്നെ മൊബൈല്‍ നമ്പറിന്റെ മറപറ്റി തെറി എസ്.എം.എസ് അയച്ച സംഭവങ്ങളുണ്ട്. നവ മാധ്യമങ്ങളില്‍ സദ്‌സ്വഭാവം ആവശ്യമില്ല എന്ന് ആരാണ് പഠിപ്പിക്കുന്നത്? ആരുമറിയുന്നില്ലെങ്കിലും സ്രഷ്ടാവ് അറിയും എന്ന് ബോധ്യമുള്ളവര്‍ കള്ളപ്പേരിന്റെ മറയിലിരുന്നായാല്‍ പോലും മാന്യത മറക്കില്ല; വിമര്‍ശിക്കുമ്പോള്‍ പോലും പ്രതിപക്ഷ ബഹുമാനം പാലിക്കാതിരിക്കില്ല. ലൈക് ചെയ്യുന്നിടത്തും ഷെയര്‍ ചെയ്യുന്നിടത്തുമെല്ലാം ഇപ്പറഞ്ഞത് ബാധകമാണ്.
പൊതുസമൂഹം തന്നെ, സമൂഹ മാധ്യമ ഇടപെടലുകള്‍ ഒരാളുടെ വ്യക്തിത്വത്തിന്റെ സാക്ഷ്യമായി കരുതിത്തുടങ്ങിയിട്ടുണ്ട്. പല കമ്പനികളും പുതിയ നിയമനം തീരുമാനിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥിയുടെ ലിങ്ക്ഡ്-ഇന്‍, ഫേസ്ബുക്, ട്വിറ്റര്‍, റെഡിറ്റ് തുടങ്ങിയ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പരിശോധിക്കുന്നു. ഏതോ ആള്‍ ഫേസ്ബുക്കിലിട്ട ഒരു വൈകൃതം ഷെയര്‍ ചെയ്താല്‍ പോലും അതൊരു വ്യക്തിത്വ ദോഷമായി കണക്കാക്കുന്നവര്‍ അക്കൂട്ടത്തിലുണ്ട്.
ഇന്റര്‍നെറ്റ് മര്യാദകളെപ്പറ്റി (Net Etiquettes) ധാരാളം എഴുതപ്പെട്ടിരിക്കുന്നു. ഈ മേഖലയിലും ഒരു മാതൃകാ സമൂഹത്തിന് പ്രസക്തിയുണ്ട്. സൈബര്‍ ഇടപാടുകളില്‍ നല്ല ശീലങ്ങള്‍ സ്വായത്തമാക്കാന്‍ ആത്മപരിശോധനയും പരിശീലനവും സഹായിക്കും.
എല്ലാവര്‍ക്കും അറിയാവുന്നതും എന്നാല്‍ പ്രയോഗത്തില്‍ പലരും മറന്നുപോകുന്നതുമായ കാര്യമാണ്, ഇന്റര്‍നെറ്റില്‍ സ്വകാര്യം ഇല്ല എന്നത്. ഒരു പക്ഷേ സമൂഹ മാധ്യമങ്ങളില്‍ ഇന്ന് ഏറ്റവും പ്രചരിക്കുന്നത് നേരമ്പോക്കുകളും പരിഹാസവുമൊക്കെയാണ്. ഇതിന് അകമ്പടിയായി തീവ്ര വര്‍ഗീയത മുതല്‍ മൃദു വര്‍ഗീയതവരെ ഉണ്ട്. ബോധ്യമില്ലെങ്കില്‍ പോലും 'അപരന്‍' പറഞ്ഞാല്‍ പൂര്‍ണമായി തെറ്റായും 'സ്വന്തക്കാരന്‍' കുറിച്ചാല്‍ നൂറു ശതമാനം ശരിയായും തീരുമാനിക്കുന്നവരാണ് കൂടുതലും. പരസ്യമായി പറയാവുന്ന കാര്യങ്ങള്‍, പരസ്യമായി പറയാവുന്ന ശൈലിയില്‍ പറയുകയാവും നല്ലത്. അതിന് കഴിയില്ലെങ്കില്‍ തല്‍ക്കാലം മാറിനില്‍ക്കുകയും.
നാം കുറിക്കുന്നതിന്റെ ഉള്ളടക്കം, സ്വരം എന്നിവ കൃത്യമായി അത് വായിക്കുന്നവര്‍ക്ക് കിട്ടുന്നുണ്ടോ? പലപ്പോഴും തെറ്റിദ്ധാരണകള്‍ പരക്കുന്നത് വിനിമയ ഭാഷയിലെ ശ്രദ്ധക്കുറവ് മൂലമാണ്. വിനിമയ വ്യാകരണം (ലൈക്, ഷെയര്‍, റീട്വീറ്റ്...) തീരുമാനിച്ചുവെച്ചത് മാധ്യമ കമ്പനികളാണ്. 'എന്റെ അയല്‍ക്കാരന്‍ മരിച്ചു' എന്ന കുറിപ്പിന് 'ലൈക്' അടിക്കുന്നത് അത് കണ്ടു എന്ന അര്‍ഥത്തിലാവും; ഇഷ്ടപ്പെട്ടു എന്ന നിലക്കല്ല. പക്ഷേ, ആ വ്യാകരണം ശരിക്ക് അറിയാത്തവര്‍ അതിനെ തെറ്റിദ്ധരിക്കും. ഏതെങ്കിലും കുറിപ്പിന് കമന്റെഴുതുമ്പോള്‍ നാം ചേര്‍ക്കുന്ന 'ഇമോട്ടിക്കോണ്‍' വരെ നിര്‍ണായകമാകാം.
സൈബര്‍ നിയമങ്ങളെപ്പറ്റി സാമാന്യ ധാരണ വേണം. സുഹൃത്തിന്റെ സുഹൃത്തിന്റെ സുഹൃത്ത് പോസ്റ്റ് ചെയ്ത ഒരു കമന്റ് വെറുതെ ഒരു ഹരത്തിന് ഷെയര്‍ ചെയ്യുമ്പോള്‍ നിയമത്തിന്റെ ഏതു വശത്താണ് നാം എന്ന് ശ്രദ്ധിക്കണം. പകര്‍പ്പവകാശ നിയമങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടാറുള്ളത് അജ്ഞത കൊണ്ടാണ്.
പ്രതികരണങ്ങളിലാണ് പലപ്പോഴും ആളുകള്‍ അതിരു വിടാറുള്ളത്; പ്രത്യേകിച്ച്, പ്രകോപനങ്ങളോട് പ്രതികരിക്കുമ്പോള്‍. കരുതിക്കൂട്ടി പ്രകോപനവും ശകാരവും ഉയര്‍ത്തുന്നവരോട് അതേ ഭാഷയില്‍ പ്രതികരിക്കുന്നവര്‍ക്ക് താല്‍ക്കാലികമായ വികാരശമനം ലഭിക്കുമെങ്കിലും അത് യഥാര്‍ഥത്തില്‍ ഗുണമല്ല ചെയ്യുക. മാന്യതയും മര്യാദയും വിടാതെ ഇടപെടാന്‍ കഴിയില്ലെങ്കില്‍ മിണ്ടാതിരിക്കുന്നതാവും നല്ലത്.
ഒഴിവാക്കേണ്ടതെപ്പോള്‍, മൗനം പാലിക്കേണ്ടതെപ്പോള്‍ എന്നൊക്കെ അറിയുന്നതും ആശയവിനിമയത്തില്‍ നിര്‍ണായകമാണല്ലോ.
Comments