Prabodhanm Weekly

Pages

Search

2015 മെയ്‌ 15

കര്‍മങ്ങള്‍ക്കെല്ലാം പ്രതിഫലം ഉറപ്പുവരുത്തുന്ന അല്ലാഹുവിന്റെ നീതിവ്യവസ്ഥ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-16

         ജീവസന്ധാരണത്തിനുള്ള പ്രാണവായുവും ജീവജലവും മറ്റും പ്രദാനം ചെയ്തും, അന്വേഷിക്കാനും കണ്ടെത്താനും രൂപാന്തരപ്പെടുത്താനുമുള്ള പ്രതിഭാശക്തിയേകിയും ജീവിത പരിപോഷണം ഉറപ്പുവരുത്തുന്നവിധം, സാധ്യതകളെ സംവിധാനിച്ച അല്ലാഹുവിന്റെ കരുണയോടും തന്ത്രജ്ഞതയോടും, ബോധമുള്ള മനുഷ്യന്‍ സഹജമായി പ്രകടിപ്പിക്കേണ്ട നന്ദിയാണ് യഥാര്‍ഥത്തില്‍ ഭക്തി. പക്ഷേ, ഭക്തി ഒരു സഹജ ഭാവമാണെന്നു എല്ലാ മനുഷ്യരും സമ്മതിക്കാറില്ല. അതുകൊണ്ടാണല്ലോ മനുഷ്യരില്‍ ചിലര്‍ നിരീശ്വരവാദികളായിരിക്കുന്നത്. ഭക്തി സഹജഭാവമാണെങ്കിലും എന്തുകൊണ്ട് മനുഷ്യരില്‍ ചിലര്‍ നിരീശ്വരവാദികളായി പോകുന്നു? ഈ ചോദ്യത്തിന് ഉത്തരം തേടി നോക്കാം.

ഭക്തിസഹജഭാവമാണെന്നു പറഞ്ഞാല്‍ നിഷേധിച്ചേക്കാവുന്നവര്‍ പോലും ലൈംഗികത സഹജവികാരമാണെന്ന് പറഞ്ഞാല്‍ നിഷേധിക്കുകയില്ല.  പക്ഷേ, ഇവ്വിധത്തില്‍ സര്‍വസമ്മത സഹജവികാരമായ ലൈംഗികത പോലും മനുഷ്യനില്‍ ധാരാളം വഴിപിഴച്ച രീതികളിലൂടെ പ്രകടമാകാറുണ്ട്. അതുകൊണ്ടാണ് അറുപ്പത്താറുകാരന്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്യുക, പതിനേഴുകാരന്‍ എഴുപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്യുക എന്നിങ്ങനെയുള്ള ക്രൂര സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇതിനെയാണ് നാം ലൈംഗിക വൈകൃതങ്ങള്‍ എന്നു പൊതുവെ പറഞ്ഞുവരുന്നതും. ലൈംഗികത എന്ന സഹജവികാരത്തിന് സംഭവിച്ചു കാണുന്ന വഴികേടുകള്‍ക്ക് സമാനമായ വഴിപ്പിഴവുകള്‍ ഭക്തി എന്ന സഹജഭാവത്തിനും സംഭവിച്ചിട്ടുണ്ട്. വഴികേടുകള്‍ സംഭവിച്ചിട്ടുണ്ടെന്നതിനാല്‍ നാമാരും ലൈംഗികത ഇല്ലാതായാല്‍ ഭൂമി സ്വഛസുന്ദരമാകും എന്ന് വാദിക്കാറില്ലല്ലോ. ഇതുപോലെ പ്രതിഭയുള്ള മനുഷ്യന്റെ ഭക്തി എന്ന സഹജഭാവത്തിനും വഴികേടുകള്‍ സംഭവിച്ചിട്ടുണ്ടെന്നതിനാല്‍, ഭക്തിയില്ലാതായാല്‍ ലോകം നന്മ നിറഞ്ഞതാകും എന്നു വാദിക്കുന്നതിലും കഥയും കാമ്പും ഒന്നുമില്ല. ഇക്കാര്യം ഈശ്വരവിശ്വാസികളും നിരീശ്വരവാദികളും ഒരുപോലെ തിരിച്ചറിയണം. പ്രതിഭാശക്തി അത്തരം തിരിച്ചറിവുകള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തണം. എന്നാല്‍ മാത്രമേ വിശ്വശക്തിയായ ഏക ദൈവം എന്നു വിശേഷിപ്പിക്കാവുന്ന അല്ലാഹുവിനോട് പ്രതിഭാശാലിയായ മനുഷ്യന്റെ നന്ദി സ്മരണ എന്ന ഭക്തി, ആള്‍ ദൈവങ്ങളാകുന്ന വ്യക്തികളുടെ പാദപൂജ ചെയ്യുന്ന പതനത്തിലേക്കും മറ്റും വഴിപിഴക്കാതെ സംരക്ഷിക്കാനാകൂ. എങ്കില്‍ മാത്രമേ 'അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമിന്‍, അര്‍റഹ്മാനിര്‍റഹീം' എന്നൊക്കെ സ്തുതിക്കുന്നതിന്റെ അകമ്പൊരുള്‍ അറിഞ്ഞനുഭവിക്കാനാകൂ.

ശാസ്ത്ര വിജ്ഞാനം വളര്‍ന്നതിനാലാണ് ആറ്റം ബോംബുണ്ടായത്. ആറ്റം ബോംബ് അത്യാപത്താണെന്നിങ്ങനെയൊക്കെ പറഞ്ഞ് ശാസ്ത്ര വിജ്ഞാന വളര്‍ച്ചയെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ യുക്തിയൊന്നും ദൈവഭക്തിയും മതവും ഒക്കെയാണ് ഭൂമിയില്‍ കുഴുപ്പങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ് ദൈവഭക്തിയെയും മതവിശ്വാസങ്ങളെയും കുറ്റപ്പെടുത്തുന്നതില്‍ ഇല്ലെന്നു ചുരുക്കം. മനുഷ്യന്റെ ബോധവൈകൃതങ്ങള്‍ക്ക് പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് മനുഷ്യനെയാണ്, ശാസ്ത്രത്തെയും ദൈവത്തെയുമൊന്നുമല്ല. അതിനാല്‍ പ്രാണ പ്രദായകനും പ്രതിഭാ പ്രദായകനുമായ അല്ലാഹുവിന്റെ കാരുണ്യത്തെ വാഴ്ത്തുക, പ്രാണനും പ്രതിഭയും നേര്‍മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നതിനു സൂക്ഷ്മത പുലര്‍ത്തുക-മാനവികത മുറുകെപ്പിടിക്കേണ്ട ധര്‍മം ചുരുക്കത്തില്‍ ഇതു മാത്രമാണ്.

ഇതുവരെ പറഞ്ഞത് അല്ലാഹുവിന്റെ വ്യവസ്ഥാപനം, അതിലെ പരിപാലനം, പരിപോഷണം, അതിനാധാരമായ അഹേതുക കാരുണ്യം എന്നിവയുടെ പ്രതിഫലനം ഇഹലോകത്തുവെച്ച് എങ്ങനെയൊക്കെ കണ്ടനുഭവിക്കാനാകുന്നുണ്ടെന്നതിനെ കുറിച്ചാണ്. ഇനി പറയാനുള്ളത് നിഷേധിക്കുക എളുപ്പമല്ലെന്നു വരികിലും സ്ഥാപിക്കുക എന്നത് ഒട്ടും എളുപ്പമല്ലാത്ത പരലോകത്തെ കുറിച്ചാണ്. 'മാലികി യൗമിദ്ദീന്‍' എന്ന അല്‍ ഫാതിഹയിലെ വാക്യം അല്ലാഹുവിന്റെ പരലോകാധിപത്യത്തെ പ്രഖ്യാപനം ചെയ്യുന്നു. 'വിധിദിനത്തിന്റെ ഉടമ' എന്ന അര്‍ഥമാണ് 'മാലികി യൗമിദ്ദീന്' പറയപ്പെട്ടു കാണുന്നത്.

വിധി എന്ന പദം ബ്രഹ്മാവിന്റെ പര്യായമായി ഭാരതീയ പുരാണങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. വിധിയെ വേദാംഗമായ ജ്യോതിഷത്തില്‍ ദൈവമായി പറഞ്ഞിരിക്കുന്നു. കാലവുമായി ബന്ധപ്പെട്ടാണ് 'വിധി' ശബ്ദം ഉപയോഗിച്ചിരിക്കുന്നത്. 'വിധിദിനം' എന്ന അല്‍ ഫാതിഹയിലെ പ്രയോഗവും കാല സംബന്ധിയാണ്. ഒരാള്‍ ജനിക്കുന്നതിന് കൃത്യമായ സമയമുണ്ട്. മരിക്കുന്നതിനും കൃത്യമായ സമയമുണ്ട്. ആര്‍ക്കും ജനനമോ മരണമോ കൃത്യമായി നിശ്ചയിക്കാനാവുകയില്ല. കൃത്യമായി നിശ്ചയിക്കാനാകാത്തതൊന്നും ഇല്ലാത്തതല്ല; മറിച്ച് നമുക്ക് മനസ്സിലാക്കാനാവാത്തതു മാത്രമാണ്. ഭൂകമ്പം എപ്പോള്‍ സംഭവിക്കുമെന്ന് കൃത്യമായി നിശ്ചയിക്കാന്‍ ഇപ്പോഴും ശാസ്ത്രം വളര്‍ന്നിട്ടില്ല. അവ്യക്തതയും ചില കണക്കുകൂട്ടലുകളെ ആധാരമാക്കിയുള്ള ഊഹാപോഹങ്ങളും മാത്രമേ ഭൂകമ്പസാധ്യത നിര്‍ണയിക്കുന്നതില്‍ ഇപ്പോഴും ഭൗമശാസ്ത്രജ്ഞര്‍ക്ക് നല്‍കാനാകുന്നുള്ളൂ. അവ്യക്തവും അനിര്‍ണിതവും ആണെന്നതിനാല്‍ ഭൂകമ്പം ഇല്ലാത്തതാണെന്ന് പറഞ്ഞുകൂടല്ലോ. ഇതുപോലെ, സൃഷ്ടികളുടെ ആരംഭമോ അവസാനമോ മനുഷ്യന് അവ്യക്തമാണെന്നതിനാല്‍ അതൊന്നും ഇല്ല എന്നും പറഞ്ഞുകൂടാ. അങ്ങനെ പറയരുതെന്നാണ് ഭഗവദ്ഗീതയും പറയുന്നത്. 'അവ്യക്താ ദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത'- അല്ലയോ അര്‍ജുനാ, സൃഷ്ടികളുടെ ആരംഭമോ അവസാനമോ അവ്യക്തമാണ്. ജനന മരണങ്ങള്‍ക്കിടയിലുള്ള ഈ ജീവിതമാണ് വ്യക്തമായിട്ടുള്ളത്- എന്ന ഗീതാ പ്രഖ്യാപനം ഓര്‍മിക്കുക. ജീവിതം വ്യക്തമണ്ഡലത്തില്‍ മാത്രം ചുരുക്കപ്പെട്ടതല്ലെന്ന് ചുരുക്കം. അതിനാല്‍ ജനന പൂര്‍വ ജീവിതമോ മരണാനന്തര ജീവിതമോ ഇല്ലെന്നു തറപ്പിച്ചു പറയാവുന്നതിലുള്ളത്ര സാധ്യത ജനന പൂര്‍വ ജീവിതവും മരണാനന്തര ജീവിതവും ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നതിലും ഉണ്ട്. ജനന പൂര്‍വ ജീവിതവും മരണാനന്തര ജീവിതവും ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നവരാണ് ഭൂമിയിലെ ദൈവവിശ്വാസികളെല്ലാം. മുസ്‌ലിംകളും ക്രൈസ്തവരും യഹൂദരും മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നു. ഹിന്ദുക്കള്‍ പൂര്‍വ ജന്മ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്നു. ഇത്തരം വിശ്വാസങ്ങള്‍ക്ക് മാനവരുടെ ഐഹിക ജീവിത ഗതിവിഗതികളെ നിര്‍ണായകമായി നിയന്ത്രിക്കുന്നതിലും മഹത്തരമായ പങ്കുണ്ടെന്ന കാര്യമെങ്കിലും മാര്‍ക്‌സിസ്റ്റുകള്‍ ഉള്‍പ്പെടെ ഏത് സാമൂഹിക ശാസ്ത്രജ്ഞര്‍ക്കും അംഗീകരിക്കേണ്ടിവരും. എന്തായാലും 'മാലികി യൗമിദ്ദീന്‍' എന്ന അല്‍ ഫാതിഹാ വാക്യം മനുഷ്യനെ സംബന്ധിച്ച് അവ്യക്തവും, സര്‍വജ്ഞനായ അല്ലാഹുവിനെ സംബന്ധിച്ച് ഉള്ളം കൈയിലെ നെല്ലിക്ക പോലെ സുവ്യക്തവുമായ പരലോക ജീവിതത്തിന്റെ ഉടമ കൂടിയാണ് അല്ലാഹു എന്ന് പ്രഖ്യാപനം ചെയ്യുന്നു.

ദാന എന്ന പദത്തിന് പകരം നല്‍കല്‍ എന്നും അര്‍ഥമുണ്ടെന്ന് ഭാഷാ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഈ നിലയില്‍ സത്കര്‍മങ്ങള്‍ക്കും ദുഷ്‌കര്‍മങ്ങള്‍ക്കും യഥാര്‍ഹമായ പ്രതിഫലം കിട്ടുന്ന ദിവസമാണ് വിധിദിനം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നും പറയാം. 'അല്ലാഹു വിധിദിനത്തിന്റെ ഉടമയാകുന്നു' എന്ന പ്രഖ്യാപനത്തിലൂടെ ഖുര്‍ആന്‍ വിവക്ഷിക്കുന്നത് കര്‍മഫല പ്രദായകനാണ് അല്ലാഹു എന്നത്രേ. മനുഷ്യന്‍, മനസ്സ്, വാക്ക്, കരചരണങ്ങള്‍ ഇവയെക്കൊണ്ട് നടത്തിവരുന്ന എല്ലാ പ്രക്രിയകളും കര്‍മമാണ്. ഇങ്ങനെ മനുഷ്യന്‍ ചെയ്തുവരുന്ന കര്‍മങ്ങള്‍ക്കെല്ലാം ഭൂമിയിലെ ജീവിതകാലത്തുതന്നെ പ്രതിഫലം കിട്ടിക്കൊള്ളണമെന്നില്ല. വാന്‍ഗോഗ് വരച്ച ചിത്രങ്ങളുടെയൊന്നും പ്രതിഫലം വാന്‍ഗോഗിനു ലഭിച്ചിട്ടില്ല. ഇതുപോലെ ഞാന്‍ നട്ടു നനച്ചു വളര്‍ത്തിയ തെങ്ങിന്റെ ഫലം ഞാന്‍ തന്നെ ഭൂമിയില്‍ ജീവിച്ചിരിക്കേ അനുഭവിച്ചുകൊള്ളണമെന്നും ഇല്ല. ഭൂമിയില്‍ ഫലം കിട്ടാതെ പോകുന്ന നൂറു നൂറു കര്‍മങ്ങള്‍ ഇവ്വിധത്തില്‍ ഉദാഹരിക്കാനാവും. ആര്‍ കര്‍മം ചെയ്തുവോ അതിന്റെ ഫലം എവിടെ വെച്ചെങ്കിലും അയാള്‍ക്ക് തന്നെ കിട്ടണം എന്നതാണ് ചുരുക്കത്തില്‍ നീതി. ആ നീതിനിര്‍വഹണത്തിന്റെ പരമാധികാരി എന്ന നിലയിലാണ് അല്ലാഹുവെ ഖുര്‍ആന്‍ 'മാലികി യൗമിദ്ദീന്‍' എന്നു വിശേഷിപ്പിക്കുന്നത്.

സ്വന്തം കര്‍മങ്ങള്‍ക്ക് പണയപ്പെട്ടിരിക്കുന്ന ജീവിയാണ് മനുഷ്യന്‍ എന്നൊരു നിര്‍വചനം ഖുര്‍ആനില്‍ ഉണ്ട്. ''ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ചുവെച്ചതിന് (സ്വന്തം കര്‍മങ്ങള്‍ക്ക്) പണയം വെക്കപ്പെട്ടിരിക്കുന്നു'' (അധ്യായം 52 സൂക്തം 21). ഈ വാക്യത്തിന്റെ അര്‍ഥചിന്തനയിലൂടെ സഞ്ചരിച്ചാല്‍ 'മാലികി യൗമിദ്ദീന്‍' എന്ന വിശേഷണത്തിന്റെ വിവക്ഷ ഏറക്കുറെ തൊട്ടറിയാനാകും. 'താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍/ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ' എന്ന അധ്യാത്മ രാമായണത്തിലെ പ്രഖ്യാപനവും, മനുഷ്യന്‍ അവന്റെ/ അവളുടെ കര്‍മങ്ങള്‍ക്കുള്ള ഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ജീവിയാണെന്നു തന്നെയാണ് പറയുന്നത്. ചുരുക്കത്തില്‍, എല്ലാ മത പ്രമാണങ്ങള്‍ക്കും സര്‍വ സമ്മതമായ ഒരു നിലപാടാണ് കര്‍മഫല പ്രദായകനാണ് അഥവാ 'മാലികി യൗമിദ്ദീന്‍' ആണ് സര്‍വേശ്വരന്‍ അഥവാ അല്ലാഹു എന്നു ഇതൊക്കെ തെളിയിക്കുന്നു.

കര്‍മം ചെയ്യാതെ ജീവിതമില്ല. 'ശരീരയാത്രാപി/ച/തേ/ന പ്രസിദ്ധ്യേദ കര്‍മണ:' എന്നു ഭഗവദ് ഗീത പറയുന്നു (ഗീത: അധ്യായം 3, ശ്ലോകം 8). കര്‍മം ചെയ്യാതെ ശരീര രക്ഷ പോലും സാധ്യമാവില്ലെന്നു അര്‍ഥം. 'നീ നിന്റെ നെറ്റി വിയര്‍പ്പുകൊണ്ട് അപ്പം സമ്പാദിക്കുക' എന്നിങ്ങനെ ബൈബിളിലും വായിക്കാം. അതിനാല്‍ ജീവിതം കര്‍മമയമാണ്. പക്ഷേ, എല്ലാ കര്‍മത്തിനും ഫലം കിട്ടാവുന്ന വിധം ദൈര്‍ഘ്യത മനുഷ്യ ജീവിതത്തിനില്ല. എന്നാല്‍ കര്‍മത്തിനു ഫലം കിട്ടാതെ വരിക എന്നത് നീതിയുക്തവുമല്ല. ഇത്രയും മനസ്സിലാക്കുമ്പോള്‍ മരണാനന്തര ജീവിതം എന്ന സാധ്യതയിലേക്ക് മനുഷ്യചിന്തക്ക് പ്രവേശനം നേടേണ്ടിവരും. ചെറുതും വലുതുമായ കര്‍മങ്ങളുണ്ട്. നന്മ, തിന്മ എന്നിങ്ങനെ വ്യവഹരിക്കാവുന്നവയുമാണ് കര്‍മങ്ങളെല്ലാം. ഒരിറക്കു ജലം കിട്ടാനായി പൊരിയുന്ന പട്ടിക്ക് അല്‍പം കുടിനീര്‍ നല്‍കുന്നതു മുതല്‍ അശരണരും ആലംബഹീനരുമായ കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതു വരെയുള്ള കര്‍മങ്ങള്‍ നന്മ അഥവാ കാരുണ്യ പ്രവൃത്തിയാണ്. ഇതില്‍ പട്ടിക്ക് കുടിനീര് കൊടുത്തതിന് ഫലം ഇപ്പോള്‍ ഇവിടെ വെച്ചുതന്നെ കിട്ടണമെന്നില്ല. കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക പോലുള്ള കര്‍മങ്ങള്‍ക്ക് നോബല്‍ സമ്മാനം പോലുള്ള പ്രതിഫലങ്ങള്‍ ഇവിടെ തന്നെ കിട്ടിയെന്നും വരും. മദര്‍ തെരേസക്ക് നോബല്‍ സമ്മാനം ലഭിച്ചല്ലോ. എല്ലാവര്‍ക്കും കാണാവുന്ന സത്കര്‍മങ്ങള്‍ക്ക് പ്രശംസയും പുരസ്‌കാരവും പോലുള്ള പ്രതിഫലങ്ങള്‍ ഈ ലോകത്തുതന്നെ ലഭിക്കുന്നത് നീതിയാണ് എങ്കില്‍, ആരും കാണാതെ ചെയ്യപ്പെടുന്ന സത്കര്‍മങ്ങള്‍ക്ക് എവിടെ വെച്ചെങ്കിലും തക്കതായ പ്രതിഫലം കിട്ടുന്നതിലും നീതി കാണേണ്ടതുണ്ട്. അത്തരം നീതിബോധമുള്ളവര്‍ക്ക് അല്ലാഹുവെ 'മാലികി യൗമിദ്ദീന്‍' എന്നു സ്തുതിക്കുന്നതിലും നീതിയുക്തത കാണാനാകും.

കാരുണ്യ പ്രവൃത്തികള്‍ നന്മയാണെന്നു പറഞ്ഞു. ഇനി തിന്മ എന്നത് എന്താണെന്ന് പരിശോധിക്കാം. തിന്മ ക്രൂര പ്രവൃത്തികള്‍ തന്നെ. ബലാത്സംഗം ക്രൂരകര്‍മമാണ്. അതിനുള്ള ഫലം ശിക്ഷയായി ഭൂമിയില്‍ ലഭിക്കുകയും ചെയ്യും. പക്ഷേ, ബലാത്സംഗം ചെയ്യുന്നവര്‍ പ്രബലരാണെങ്കില്‍ ബലാത്സംഗത്തിന് ഇരകളായവര്‍ പരാതിപോലും പറയാനാകാത്തവിധം നിശ്ശബ്ദീകരിക്കപ്പെടും. ഇങ്ങനെ നിശ്ശബ്ദീകരിക്കപ്പെടുന്ന അബലര്‍ക്ക് നീതി കിട്ടണമെങ്കില്‍, ബലാത്സംഗം എന്ന ക്രൂരകര്‍മം ചെയ്തവന്‍ എത്ര പ്രബലനാണെങ്കിലും അയാള്‍ക്ക് എവിടെയെങ്കിലും വെച്ച് തക്കതായ ഫലം അഥവാ ശിക്ഷ ലഭിക്കേണ്ടതുണ്ട്. അത് ഉറപ്പുവരുത്തുന്ന നിയാമകശക്തിയാണ്  'പ്രതിഫലദിനത്തിനുടമയായ അല്ലാഹു' അഥവാ 'മാലികി യൗമിദ്ദീന്‍.' ചുരുക്കത്തില്‍, ഇഹത്തിലോ പരത്തിലോ അഥവാ ഈ ജീവിതത്തിലോ മരണാനന്തര ജീവിതത്തിലോ മനസ്സ്, വാക്ക്, കരചരണങ്ങള്‍ എന്നിവയാല്‍ മനുഷ്യന്‍ ചെയ്യുന്ന ഏതു കര്‍മത്തിനും-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന നന്മക്കും ക്രൂര വൃത്തികള്‍ എന്ന തിന്മക്കും-തക്കതായ പ്രതിഫലം നല്‍കുന്ന വിധി കര്‍ത്താവിന്റെ ഭാവത്തെയാണ് 'മാലികി യൗമിദ്ദീന്‍' എന്ന അല്ലാഹുവിന്റെ വിശേഷണത്തിലൂടെ ഖുര്‍ആന്‍ വിവക്ഷിക്കുന്നത്.

പ്രാണനും പ്രതിഭയും ഒക്കെ പ്രദാനം ചെയ്തതില്‍ അല്ലാഹുവിന്റെ കാരുണ്യമാണ് വായിച്ചെടുക്കാനാകുന്നതെങ്കില്‍, ലോകം അറിയുന്നതും അറിയാത്തതുമായ ഏതു കര്‍മത്തിനും തക്കതായ പ്രതിഫലം നല്‍കുന്ന അഥവാ ശിക്ഷയെന്ന നരകമോ അനുഗ്രഹമെന്ന സ്വര്‍ഗമോ പ്രദാനം ചെയ്യുന്ന അല്ലാഹുവിന്റെ വിശാലമായ വിശ്വപ്രപഞ്ച ഭരണവ്യവസ്ഥയില്‍ നാം വായിച്ചെടുക്കേണ്ടത് അല്ലാഹുവിന്റെ നീതിയാണ്. കര്‍മഫല പ്രദായകനായ അല്ലാഹുവിന്റെ നീതി വ്യവസ്ഥയെ കുറിച്ച് വഴിയേ കൂടുതല്‍ ചിന്തിക്കാം. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /19-24
എ.വൈ.ആര്‍