സംഘടനാ ഭിന്നിപ്പും ഐക്യ ശ്രമങ്ങളും
ഞാനൊരു മുജാഹിദ് ആദര്‍ശക്കാരനാണ്, സംഘടനക്കാരനല്ല-2
ഹദീസ് പഠനത്തില്‍ ശ്രദ്ധിക്കുകയും ആ വിഷയത്തില്‍ ഒട്ടേറെ ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതുകയും ചെയ്ത വ്യക്തിയാണ് താങ്കള്‍. ഹദീസ് പഠനത്തിലേക്ക് പ്രത്യേകം ശ്രദ്ധ തിരിയാന്‍ കാരണം?
ഒരു പ്രത്യേക സ്ഥാപനത്തില്‍ ചേര്‍ന്നു പഠിച്ച് ഹദീസില്‍ സ്‌പെഷലൈസേഷന്‍ നേടിയ വ്യക്തിയല്ല ഞാന്‍. സ്വന്തം താല്‍പര്യ പ്രകാരം പഠിച്ചെടുത്തതാണ്. സുല്ലമുസ്സലാമില്‍ പഠിക്കുന്ന കാലത്ത് എടവണ്ണയില്‍ ചേകനൂരിന്റെ ഒരു പ്രഭാഷണമുണ്ടായിരുന്നു. ഹദീസുകളെ പുഛിക്കുന്നതും പല നബിവചനങ്ങളെയും ചോദ്യം ചെയ്യുന്നതുമായിരുന്നു ആ പ്രഭാഷണം. അന്ന് വിദ്യാര്‍ഥിയായിരുന്ന ഞാന്‍ ആ പരിപാടിയില്‍ ചേകനൂരിനോട് ചില ചോദ്യങ്ങളെല്ലാം ഉന്നയിക്കുകയുണ്ടായി. മുജാഹിദ് പണ്ഡിതന്മാര്‍ അടക്കം എന്റെ ആ ഇടപെടലിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. ചേകനൂര്‍, അദ്ദേഹത്തിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു അവരുടെ നിലപാട്. പക്ഷേ തീവ്രമായ അക്രമോത്സുക പ്രഭാഷണങ്ങളിലേക്കും ആശയ വ്യതിയാനത്തിലേക്കുമാണ് അത് ചേകനൂരിനെ നയിച്ചത്. ചേകനൂരിന്റെ ആദ്യ പ്രഭാഷണം കേട്ട അന്നുമുതലേ ഞാന്‍ അദ്ദേഹം ഉന്നയിച്ച വിഷയങ്ങളെല്ലാം ഗ്രന്ഥങ്ങള്‍ പരതി പഠിച്ചു. അങ്ങനെ ചേകനൂരിനെതിരെ ഞാനൊരു വിശദമായ ലഘുലേഖ എഴുതി. അത് കേരളത്തിലുടനീളം പലരും ഉപയോഗിച്ചു. പിന്നീട് അദ്ദേഹം ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തി ഒരു മറുപടി പുസ്തകമെഴുതി. പ്രസിദ്ധീകരിക്കാന്‍ ആരുമില്ലാത്തതിനാല്‍ പിരിവെടുത്തും മറ്റുമായി ഞാന്‍ തന്നെയാണ് അത് പ്രസിദ്ധീകരിച്ചത്. ഇങ്ങനെ ചേകനൂരിന്റെ രംഗപ്രവേശമാണ് ഹദീസ് പഠനത്തിലേക്ക് എന്നെ നയിച്ചത്. ചേകനൂരിന് മറുപടിയായി മാത്രം അക്കാലത്ത് ഏഴു പുസ്തകങ്ങള്‍ ഞാനെഴുതിയിട്ടുണ്ട്. ഇതില്‍ 'ചേകനൂരിന് ഒരു സുവ്യക്ത മറുപടി', 'അബൂഹുറയ്‌റ' എന്നിവ കാശ് മുടക്കി ഞാന്‍ തന്നെ പ്രസിദ്ധീകരിച്ചതാണ്.
പിന്നീട് കേരളത്തിലുടനീളം യാഥാസ്ഥിതികരുമായി മുജാഹിദ് പ്രസ്ഥാനം നടത്തിയ വാദപ്രതിവാദങ്ങളിലും ഖണ്ഡന മണ്ഡന പ്രസംഗങ്ങളിലും ഉന്നയിക്കുന്ന ഹദീസുകളെല്ലാം സനദും മത്‌നുമടക്കം ഞാന്‍ സൂക്ഷ്മ പഠനങ്ങള്‍ക്ക് വിധേയമാക്കി. അവയെല്ലാം വിശദമാക്കി ലേഖനങ്ങളും പുസ്തകങ്ങളും എഴുതുകയും മറുപടി പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. ഇങ്ങനെ ചുറ്റുപാടിന്റെ ആവശ്യകതയനുസരിച്ച് സ്വന്തമായ വായനയിലൂടെയും അന്വേഷണത്തിലൂടെയുമാണ് ഞാന്‍ ഹദീസ് പഠനത്തില്‍ ശ്രദ്ധയൂന്നിയത്.
ചേകനൂരിന്റെ ഹദീസ് നിഷേധത്തിന് മറുപടി എഴുതിക്കൊണ്ടാണ് താങ്കള്‍ ഹദീസ് പഠനത്തിലേക്ക് വന്നതെന്ന് പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തിലെ തന്നെ ഒരു വിഭാഗക്കാര്‍ ഇപ്പോള്‍ അബ്ദുസ്സലാം സുല്ലമി ഹദീസ് നിഷേധിയാണെന്നും 'ചേകനൂരി'യാണന്നും ആരോപിക്കുന്നു. ഈ വൈരുധ്യമെങ്ങനെ സംഭവിച്ചു?
ബുഖാരിയിലും മുസ്‌ലിമിലുമുള്ള ഹദീസുകള്‍ ആണെങ്കില്‍ അവയുടെ ആശയമോ ഉലൂമുല്‍ ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ പറയുന്ന നിബന്ധനകളോ നോക്കാതെ അപ്പടി സ്വീകരിക്കാമെന്ന ഒരു ധാരണ ഉല്‍പതിഷ്ണുക്കളിലടക്കമുണ്ട്. അങ്ങനെയുണ്ടാവാന്‍ ചരിത്രപരമായ ഒരു കാരണവുമുണ്ട്. കേരളത്തില്‍ യാഥാസ്ഥിതികര്‍ക്കും ഉല്‍പതിഷ്ണുക്കള്‍ക്കുമിടയില്‍ നടന്ന വാദപ്രതിവാദങ്ങളിലെല്ലാം ബുഖാരിയിലും മുസ്‌ലിമിലുമുള്ള ഹദീസുകള്‍ ചോദ്യം ചെയ്യാതെ പ്രമാണമായി സ്വീകരിക്കണമെന്ന് ഇരു കൂട്ടരും സമ്മതിച്ചിരുന്നു. തര്‍ക്ക വിഷയങ്ങളിലെല്ലാം ബുഖാരിയും മുസ്‌ലിമും ഉല്‍പതിഷ്ണുക്കള്‍ക്ക് അനുകൂലവുമായിരുന്നു. ഇത് പക്ഷേ, എല്ലാ വിഷയങ്ങളിലും ബാധകമായാണ് പിന്നീട് മനസ്സിലാക്കപ്പെട്ടത്. അതോടെ 'നബിക്ക് സിഹ്‌റ് ബാധിച്ചത്' മുതല്‍ 'മുസാ നബിയുടെ കണ്ണു പൊട്ടിച്ചത്' വരെയുള്ള ഹദീസുകളെ ന്യായീകരിക്കേണ്ട അവസ്ഥയുണ്ടായി. ബുഖാരിയിലും മുസ്‌ലിമിലുമുള്ള ഹദീസുകള്‍ ആയാലും ഉലൂമുല്‍ ഹദീസിന്റെ പണ്ഡിതന്മാര്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ക്ക് വിരുദ്ധമാണെങ്കില്‍ തള്ളിക്കളയാമെന്നാണ് എന്റെ അഭിപ്രായം. ഇതില്‍ കയറിപ്പിടിച്ചാണ് സുല്ലമി ഹദീസ് നിഷേധിയും ചേകനൂരിയുമാണെന്ന ആരോപണങ്ങളുയര്‍ന്നത്. ഖുര്‍ആനാണ് അടിസ്ഥാന പ്രമാണം. ഖുര്‍ആന്റെ ഉള്ളടക്കത്തോട് വിയോജിക്കുന്ന ഹദീസുകള്‍ കാണുന്നുവെങ്കില്‍ ഖുര്‍ആനികാശയമാണ് സ്വീകരിക്കേണ്ടത്. അപ്പോള്‍ അത്തരം ഹദീസുകളുടെ സനദ് സ്വഹീഹാണെന്ന് കരുതി ഹദീസിന്റെ ആശയം സ്വീകാര്യമാവുന്നില്ല. ഈ തത്ത്വം ബുഖാരിക്കും മുസ്‌ലിമിനുമടക്കം എല്ലാ ഗ്രന്ഥങ്ങള്‍ക്കും ബാധകമാണ്. ശൈഖ് അല്‍ബാനി തന്നെ ബുഖാരിയിലും മുസ്‌ലിമിലുമുള്ള എത്രയോ ഹദീസുകള്‍ ദുര്‍ബലമാണെന്ന് പറഞ്ഞിട്ടുണ്ട്.
പല ഹദീസുകളും പഠിക്കുമ്പോള്‍ അത് പറയുന്ന പശ്ചാത്തലവും പഠിക്കേണ്ടതുണ്ട്. 'ഖുര്‍ആന്‍ വായിക്കുമ്പോള്‍ അവതരണ പശ്ചാത്തലം പഠിക്കുന്നതിനേക്കാള്‍ ഹദീസ് പഠിക്കുമ്പോഴാണ് അത് ശ്രദ്ധിക്കേണ്ടത്' എന്ന് ഇമാം റശീദ് രിദാ തഫ്‌സീറുല്‍ മനാറില്‍ പല തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെ ഗള്‍ഫ് സലഫിസത്തിന്റെ വാദങ്ങളെ അപ്പടി കേരളത്തില്‍ പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അത് തുറന്ന് കാണിച്ചപ്പോഴാണ് എന്നെ ഹദീസ് നിഷേധിയായി മുദ്ര കുത്തിയത്.
കേരളത്തിലെ മുസ്‌ലിം നവോത്ഥാന ആശയങ്ങള്‍ക്കും ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യ പ്രചോദനം ഈജിപ്ത് കേന്ദ്രീകരിച്ച നവോത്ഥാന ആശയങ്ങളായിരുന്നു. പിന്നെ എന്നു മുതലാണ് ഗള്‍ഫ് സലഫിസം മുജാഹിദ് പ്രസ്ഥാനത്തിന്റെ അജണ്ടകളെ സ്വാധീനിക്കാന്‍ തുടങ്ങിയത്?
ഗള്‍ഫ് സലഫിസവുമായി കേരളത്തിലെ മുജാഹിദുകള്‍ക്കോ ഇസ്വ്‌ലാഹി നവോത്ഥാന ആശയങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ലായിരുന്നു. ഈജിപ്തിലെ മുഹമ്മദ് അബ്ദുവും റശീദ് രിദയുമൊക്കെയായിരുന്നു ഇസ്വ്‌ലാഹി നേതാക്കളുടെ പ്രചോദന കേന്ദ്രങ്ങള്‍. തഫ്‌സീറുല്‍ മനാറില്ലാത്ത ഒരു മുജാഹിദ് പള്ളിയും കേരളത്തിലുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് പേര്‍ക്ക് മദീന യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാനവസരം ലഭിച്ചു. അവരില്‍ ചിലര്‍ വഴിയാണ് ഗള്‍ഫ് സലഫിസം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടത്.
മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പള്ളി-മദ്‌റസകള്‍ക്കും മറ്റും അവിടെ നിന്ന് ഫണ്ട് വരാന്‍ തുടങ്ങിയതോടെ ഗള്‍ഫ് സലഫി ആശയങ്ങളും മുജാഹിദ് പ്രസ്ഥാനത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. ജിന്ന്, ജിന്ന് ബാധ, ജിന്നിനെ അടിച്ചിറക്കല്‍, മന്ത്രം, സിഹ്‌റ് തുടങ്ങിയവയൊക്കെ സംഘടനക്കുള്ളില്‍ ചര്‍ച്ചാ വിഷയമാകുന്നതങ്ങനെയാണ്. ശൈഖ് അല്‍ബാനിയടക്കമുള്ള മിക്ക സുഊദി പണ്ഡിതന്മാരുടെയും ഈ വിഷയത്തിലുള്ള നിലപാടുകളാണ് കേരളത്തിലും പ്രചരിപ്പിക്കാനിവര്‍ ശ്രമിച്ചത്. ഇതിന് നേതൃത്വം നല്‍കിയ കെ.കെ സകരിയ്യാ പി.എച്ച്.ഡി എടുത്തതുതന്നെ ശൈഖ് അല്‍ബാനിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. ഇപ്പോള്‍ 'ജിന്ന് വിഭാഗം' എന്നറിയപ്പെട്ട സംഘം ഉണ്ടാകുന്നതും ഈ ഗള്‍ഫ് സലഫിസത്തിന്റെ ഭാഗമായാണ്. കേരളീയ പശ്ചാത്തലത്തിന് ഒട്ടും യോജിക്കാത്തതും അനാവശ്യവുമായ ചര്‍ച്ചകളാണ് ഇവര്‍ സംഘടനക്കുള്ളിലും പുറത്തും ഇളക്കിവിട്ടത്. അത് തിരിച്ചറിയാന്‍ ഉത്തരവാദപ്പെട്ടവര്‍ വൈകിയതാണ് മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്ക് മൊത്തം മാനേക്കേടാവുന്ന തരത്തിലേക്ക് വിഷയമെത്താന്‍ കാരണം.
മുജാഹിദ് പ്രസ്ഥാനത്തിനകത്തുണ്ടായ പിളര്‍പ്പില്‍ താങ്കളുടെ നിലപാടെന്തായിരുന്നു? പിളര്‍പ്പും അതിനു ശേഷമുണ്ടായ ഭിന്നിപ്പും തര്‍ക്കങ്ങളുമെല്ലാം പൊതുസമൂഹം എങ്ങനെയാണ് വിലയിരുത്തിയതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
സംഘടനാ പ്രവര്‍ത്തനത്തേക്കാള്‍ ആദര്‍ശ പ്രചാരണത്തിനാണ് ഞാന്‍ എക്കാലത്തും പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. സംഘടന പിളര്‍ന്നപ്പോള്‍ ആദ്യം ഒരു പക്ഷത്തും ഞാന്‍ നിലയുറപ്പിച്ചിരുന്നില്ല. രണ്ട് കൂട്ടര്‍ക്കുമിടയില്‍ ഐക്യമുണ്ടാക്കാന്‍ തീവ്ര ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതിന് ഒരു ഐക്യ ഫോര്‍മുല തന്നെ ഞാന്‍ തയാറാക്കിയിരുന്നു. രണ്ടു കൂട്ടരും അംഗീകരിക്കുന്ന മണ്‍മറഞ്ഞ പ്രമുഖ ഇസ്വ്‌ലാഹി നേതാക്കളുടെ കുടുംബത്തിലേക്ക് കയറിച്ചെന്ന് അവരുടെ ഒപ്പും പിന്തുണയും ഇതിനു വേണ്ടി ഞാന്‍ സമാഹരിച്ചിരുന്നു. അങ്ങനെയത് ഞാന്‍ നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് സമര്‍പ്പിച്ചു. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കുന്ന വിഭാഗം എന്റെ ഐക്യ ഫോര്‍മുലയോട് അനുകൂല നിലപാടെടുത്തു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ എ.പി അബ്ദുല്‍ ഖാദര്‍ മൗലവി എന്നെ മുജാഹിദ് സെന്ററിലേക്ക് ക്ഷണിച്ചു. അവിടെയെത്തിയപ്പോള്‍ അദ്ദേഹം എന്നോട് ഓഫീസിലുള്ള ടി.പി അബ്ദുല്ലക്കായ മദനിയെ കാണാന്‍ പറഞ്ഞു. ടി.പിയുമായി ഞാന്‍ സംസാരിച്ചു. 'ചെറുപ്പക്കാര്‍ മുതിര്‍ന്നവരെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നില്ല' എന്നാണദ്ദേഹം പരിഭവപ്പെട്ടത്. 'എങ്കില്‍ പിന്നെ അത് പറഞ്ഞാല്‍ പോരേ, ആദര്‍ശ വ്യതിയാനം ആരോപിച്ചത് എന്തിനായിരുന്നു' എന്ന് ഞാന്‍ ചോദിച്ചു. 'ഖുര്‍ആനും ഹദീസും സ്വീകരിക്കണമെന്നതല്ലാത്ത വിഷയങ്ങളിലെല്ലാം അഭിപ്രായ വ്യത്യാസം ആവാമല്ലോ' എന്നാണ് എ.പി അബ്ദുര്‍ ഖാദര്‍ മൗലവി പറഞ്ഞത്. യഥാര്‍ഥത്തില്‍ എ.പിയും ടി.പിയും ഐക്യ ശ്രമങ്ങള്‍ക്ക് അനുകൂലമായിരുന്നു. അബ്ദുര്‍റഹ്മാന്‍ സലഫിയാണ് നിലപാട് കര്‍ക്കശമാക്കി ഐക്യ ശ്രമങ്ങള്‍ക്ക് തടസ്സമുണ്ടാക്കിയത്. സംഘടനാ വ്യവസ്ഥയെ അദ്ദേഹമാണ് യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്നത്. മരിക്കുന്നതിന് മുമ്പ് ഐക്യപ്പെടണമെന്ന ആഗ്രഹം എ.പിക്കുണ്ടായിരുന്നു. ടി.പിയാകട്ടെ ഇപ്പോഴും അത്തരം ശ്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കാത്ത വ്യക്തിയുമാണ്. ഐക്യത്തിന് തടസ്സം ഔദ്യോഗിക വിഭാഗം ആണെന്ന് മനസ്സിലാക്കിയതോടെ ഞാന്‍ മറു വിഭാഗത്തിനൊപ്പം ചേര്‍ന്നു.
യഥാര്‍ഥത്തില്‍ ആദര്‍ശവ്യതിയാനമോ മറ്റു സൈദ്ധാന്തിക വിഷയങ്ങളോ അല്ല പിളര്‍പ്പിന് കാരണം. ഇത് സാധാരണക്കാര്‍ക്ക് വരെ അറിയാം. പിളര്‍ന്ന ശേഷം കാരണം പറയാന്‍ വേണ്ടി ഉണ്ടാക്കിയതാണ് ആദര്‍ശ വ്യതിയാനങ്ങളെല്ലാം. നേതൃരംഗത്തുള്ള വടംവലിയും സ്ഥാന മോഹങ്ങളും പദവികളും തന്നെയാണ് പിളര്‍പ്പിനു കാരണം. ആദര്‍ശം പറഞ്ഞ് നടന്നിരുന്ന മുജാഹിദ് പ്രസ്ഥാനം പിളരുകയും പിന്നീട് ജിന്ന്, സിഹ്‌റ് പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയാക്കുകയും ചെയ്തതോടെ സാധാരണ മുജാഹിദ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം നഷ്ടപ്പെട്ടു. 'ഞാനൊരു മുജാഹിദുകാര'നാണെന്ന് അഭിമാനത്തോടെ പറയാന്‍ അവര്‍ക്ക് സാധിക്കാതെയായി. പൊതു സമൂഹത്തിനാവട്ടെ മുജാഹിദ് പ്രസ്ഥാനത്തോടുണ്ടായിരുന്ന മതിപ്പ് നഷ്ടപ്പെടുകയും ചെയ്തു. ഇതാണ് പിളര്‍പ്പും തുടര്‍ന്നുള്ള തര്‍ക്കങ്ങളും മുജാഹിദ് പ്രസ്ഥാനത്തിന് സമ്മാനിച്ചത്.
ശാന്തപുരം അല്‍ജാമിഅയില്‍ കുറച്ച് ക്ലാസ്സുകള്‍ താങ്കള്‍ എടുത്തിരുന്നു. അന്ന് വിദ്യാര്‍ഥിയായി ആ ക്ലാസ്സില്‍ ഞാനുമുണ്ടായിരുന്നു. വളരെ ആവേശത്തോടെയാണ് താങ്കളുടെ ക്ലാസ്സുകള്‍ ഞങ്ങള്‍ കേട്ടിരുന്നത്. വിദ്യാര്‍ഥികളുടെ സജീവത താങ്കള്‍ക്കും ഉന്മേഷം നല്‍കിയിരുന്നു. പിന്നെ 'സംഘടന വിലക്കുന്നു'വെന്ന് പറഞ്ഞ് ആ ക്ലാസ്സുകള്‍ താങ്കള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ആ ക്ലാസ്സുകള്‍ക്ക് താങ്കളെ ക്ഷണിച്ചാല്‍...?
ശരിയാണ്. ആ ക്ലാസ്സുകള്‍ എനിക്കും നല്ല ആവേശം തന്നിരുന്നു. ദീനീ പാഠങ്ങള്‍ പഠിക്കാന്‍ താല്‍പര്യമുള്ള മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആയിരുന്നു ശാന്തപുരത്തെ ക്ലാസ്സില്‍ ഉണ്ടായിരുന്നത്. ഞാന്‍ നിലയുറപ്പിച്ച സംഘടനക്ക് മറു ഗ്രൂപ്പില്‍ നിന്ന് അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ എന്നോട് ക്ലാസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നാണ് അത് സംഭവിച്ചതെങ്കില്‍ സംഘടനയെ അതിന്റെ വഴിക്ക് വിട്ട് ആ ക്ലാസ്സുകള്‍ ഞാന്‍ തുടരുമായിരുന്നു. നിലവില്‍ ഒരു സംഘടനയുമായും എനിക്ക് ഔദ്യോഗിക ബന്ധങ്ങളില്ല. അടിസ്ഥാനപരമായി അന്നും ഇന്നും ഞാനൊരു മുജാഹിദ് ആശയക്കാരനാണെന്ന് മാത്രം. ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ യാത്ര ചെയ്ത് ഒരു ക്ലാസ് എടുക്കാന്‍ ഇനി എനിക്കാവില്ല. പ്രഭാഷണങ്ങളും യാത്രകളുമെല്ലാം കുറച്ചിരിക്കുന്നു. ആദര്‍ശ പ്രചാരണത്തിന് വേണ്ടിയുള്ള എഴുത്തുകള്‍ മാത്രമാണ് ഇനിയവശേഷിക്കുന്നത്. അത് പ്രസിദ്ധീകരണത്തിന് നല്‍കുന്നതില്‍ സംഘടനാ വ്യത്യാസം എനിക്ക് പ്രശ്‌നമല്ല. പ്രബോധനം ഹദീസ് പതിപ്പില്‍ എന്റെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിയും അത്തരം സഹകരണം തുടരാന്‍ ഞാന്‍ തയാറുമാണ്.
താങ്കളുടെ കുടുംബത്തെ പരിചയപ്പെടുത്തി ഈ സംഭാഷണം നമുക്ക് അവസാനിപ്പിക്കാം...
എന്റെ പിതാവ് അലവി മൗലവിക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. ആദ്യ ഭാര്യ മരിച്ചതിനു ശേഷമാണ് എന്റെ ഉമ്മയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യയില്‍ രണ്ട് മക്കളുണ്ട്. മൂത്തത് മുഹമ്മദ് അമീന്‍. ജമാഅത്തെ ഇസ്‌ലാമി അനുഭാവിയായിരുന്നു. ജോലിയാവശ്യാര്‍ഥം അദ്ദേഹം പാകിസ്താനിലായിരുന്നു കുറെ കാലം. അവിടെയൊരു കോളേജൊക്കെ നടത്തിയിരുന്നു. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലാതായി. പാകിസ്താനില്‍ അന്ന് വംശീയ കലാപങ്ങള്‍ ഇടക്കിടെ നടക്കുന്ന കാലമായിരുന്നു. അതില്‍ കൊല്ലപ്പെട്ടതായിരിക്കാമെന്ന ഊഹത്തെ തുടര്‍ന്ന് സ്വത്തുക്കളൊക്കെ അനന്തരാവകാശികള്‍ക്ക് വീതം വെച്ച് നല്‍കുകയായിരുന്നു. രണ്ടാമത്തേത് വൈത്തിരിയില്‍ താമസമാക്കിയ അബൂബക്കര്‍. ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത അദ്ദേഹം തൃശൂര്‍ പെരുമ്പിലാവിലുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മാധ്യമം, മീഡിയ വണ്‍ സീനിയര്‍ റിപ്പോര്‍ട്ടറായ എ. റശീദുദ്ദീന്‍ എന്റെ ഈ ജ്യേഷ്ഠന്റെ മകനാണ്.
എന്റെ ഉമ്മയില്‍ ഉപ്പക്ക് ഏഴു മക്കളാണ്. എ. ജമീല ടീച്ചറാണ് മൂത്തത്. പിന്നെ ഞാന്‍. പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാവായ എ. സഈദ് ഒരു അനിയനാണ്. അബ്ദുല്ല നദ്‌വി, റഹ്മാബി,മുജീബ്, മുബാറഖ് എന്നിവരാണ് മറ്റു സഹോദരി സഹോദരന്‍മാര്‍ . എനിക്ക് നാല് മക്കളാണുള്ളത്. മൂന്ന് പെണ്ണും ഒരാണും.
Comments