Prabodhanm Weekly

Pages

Search

2015 മെയ്‌ 15

ബിലെയാം: ജഡികതൃഷ്ണകള്‍ തകര്‍ത്ത സ്ഫടിക സൗധം

ജമാല്‍ കടന്നപ്പള്ളി /ലേഖനം

          ''നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം നല്‍കുകയും എന്നിട്ടതില്‍നിന്ന് വഴുതിമാറുകയും ചെയ്ത ഒരുവന്റെ വൃത്താന്തം നീ അവരെ ചൊല്ലി കേള്‍പ്പിക്കുക. പിശാച് അവനെ പിന്തുടര്‍ന്നു. അങ്ങനെ അവന്‍ വഴികേടിലായി. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ആ ദൃഷ്ടാന്തങ്ങളാല്‍ അവനെ ഉയര്‍ത്തുമായിരുന്നു. പക്ഷേ അവന്‍ ദേഹേഛക്ക് പിന്നാലെ പോയി മണ്ണോട് ഒട്ടിപ്പിടിച്ചു. അവന്റെ ഉപമ ശ്വാനനെപ്പോലെയാണ്. നീ അതിനെ ആക്രമിച്ചാലും വെറുതെ വിട്ടാലും അത് നാവ് നീട്ടി കിതക്കും'' (വിശുദ്ധ ഖുര്‍ആന്‍: 7:175-176).

ഇത് ബിലെയാം (ബല്‍ആംബിന്‍ ബാഊറാ). ഭൗതികതയുടെ മാസ്മരികതയില്‍ സ്വയം നശിച്ചുപോയ ഒരു പുണ്യപുരുഷന്‍!.. ബിലെയാമിനെ നശിപ്പിച്ചത് വൃത്തികെട്ട രതിയായിരുന്നു. സെക്‌സിന്റെ വര്‍ണാങ്കിതമായ വിഷപുഷ്പങ്ങള്‍... വര്‍ത്തമാനകാല മാര്‍ക്കറ്റില്‍ ഏറ്റവും വിപണനം ചെയ്യപ്പെടുന്ന ഉല്‍പന്നം!... അറിയാതെയും അറിഞ്ഞും നാമേവരെയും കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന മഹാദുരന്തം... ദുഷിച്ച ലൈംഗികത വായ്ക്കകത്ത് വിഷത്തുള്ളികള്‍ പേറുന്നവന്‍ സര്‍പ്പങ്ങളായി നമ്മെ ദംഷിച്ചുകൊണ്ടേയിരിക്കുന്നു... ഇവിടെയാണ് ബിലെയാം ഓര്‍ക്കപ്പെടേണ്ടത്...

ബിലെയാം അക്ഷരാര്‍ഥത്തില്‍ ഒരു പുണ്യപുരുഷനായിരുന്നു.. എത്രയെത്ര മാറാരോഗികളെയാണ് ദൈവകൃപയാല്‍ അദ്ദേഹം സുഖപ്പെടുത്തിയത്! ബിലെയാമിന്റെ പര്‍ണശാലയില്‍ നൂറുകണക്കിന് മനുഷ്യര്‍ ആവലാതികളുമായി എത്തി... അവര്‍ ബിലെയാമിനെ പൊതിഞ്ഞു: ''ഹേ പുണ്യാത്മാവേ... അങ്ങാണ് ഞങ്ങളുടെ രക്ഷകന്‍... ദൈവത്തിന്റെ കാരുണ്യം സിദ്ധിച്ച മഹാമനീഷീ... അങ്ങ് ഞങ്ങളില്‍ കനിയൂ...''

വരം ലഭിച്ച ജ്ഞാനയോഗിയായിരുന്നു ബിലെയാം. അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഫലസിദ്ധിയുണ്ട്. ബിലെയാമിന്റെ ഹൃദയത്തില്‍ അറിവിന്റെ ഒരു വിഭാതം തന്നെ ഉദയം ചെയ്തിരുന്നു. അതിന്റെ പ്രഭയില്‍ അദ്ദേഹത്തിന്റെ മനസ്സ് ഗാംഭീര്യശോഭ കൈകൊണ്ടു. ബിലെയാമിന്റെ ജീവിതകാണ്ഡത്തില്‍ ആത്മീയ ഔന്നത്യത്തിന്റെ പുതിയൊരു കതിര്‍പൊട്ടി. തന്നില്‍നിന്നൊഴുകുന്ന ഈ ദിവ്യനിര്‍ഝരിയില്‍ ബിലെയാം സംതൃപ്തനായിരുന്നു. മനഃസമാധാനത്തിന്റെ തെളിനീര്‍ത്തെന്നലില്‍ അദ്ദേഹത്തിന്റെ ആത്മാവ് സായൂജ്യമടഞ്ഞു. ബിലെയാം ദൈവദൃഷ്ടാന്തങ്ങള്‍ തിരിച്ചറിയുകയായിരുന്നു... ദൃഷ്ടാന്തങ്ങളിലൂടെ സത്യത്തിലെത്താന്‍ പാമരജനങ്ങള്‍ക്ക് സാധിക്കണമന്നില്ല. എന്നാല്‍ ജ്ഞാനീവര്യന്മാര്‍ക്ക് അത് എളുപ്പമാണ്. അവര്‍ ദൃശ്യപ്രപഞ്ചത്തിലൂടെ അതിനു പിന്നിലെ അദൃശ്യശക്തിയെ കണ്ടെത്തുന്നു. അതോടെ അവര്‍ ജീവിത വിജയം കൈവരിക്കുന്നു. അല്ലാഹുവിന്റെ പ്രേമഭാജനമായി അത്തരക്കാര്‍ ഉയര്‍ത്തപ്പെടുന്നു. ബിലെയാം തീര്‍ച്ചയായും അങ്ങനെയുള്ള പുണ്യപുരുഷനായിരുന്നു. സച്ചരിതനും ഭക്തനുമായിരുന്നു...

ബിലെയാമിന് പക്ഷേ ചെറിയൊരു ന്യൂനത, ദൗര്‍ബല്യം ഉണ്ടായിരുന്നു. അന്യസ്ത്രീകളോട് ഒരു തരം വഴിവിട്ട ബന്ധം.. വൃത്തികെട്ട ചിന്ത... ചിലപ്പോഴൊക്കെ അവ രാക്ഷസരൂപം പ്രാപിക്കും... അത്തരം ചിന്തകളും വഷളന്‍ അഭിനിവേശങ്ങളും ഇടക്കിടെ ഉണ്ടായിക്കൊണ്ടിരുന്നു. ഇളംതടികളുടെ വേരുകള്‍ പിഴുതെറിയുന്ന ശക്തമായ കാറ്റുപോലെ അവ പെട്ടെന്ന് വരും... പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്ത വേഗത്തില്‍ മനസ്സിനെ മലിനമാക്കുകയും ചെയ്യും. അവയെ ഹൃദയമസ്തിഷ്‌കങ്ങളില്‍ നിന്ന് തൂത്തുമാറ്റാന്‍ പലപ്പോഴായി പണിപ്പെട്ടിട്ടുണ്ട്. പക്ഷേ പച്ചിലപ്പാമ്പെന്ന പോലെ തിളങ്ങുന്ന കണ്ണുകളാല്‍ അവ അദ്ദേഹത്തെ വിഭ്രമിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. കറുത്ത പാമ്പിന്‍ പത്തികള്‍ ഹൃദയത്തിനേല്‍പ്പിക്കുന്ന മധുരനൊമ്പരം!... ഈ ഒരു കാര്യം ഒഴിച്ചുനിര്‍ത്തിയാല്‍ ബിലെയാമിന്റെ ജീവിതം പൂര്‍ണമായും പുണ്യകരമായിരുന്നു. ജീവിതത്തിന്റെ ശരിയായ രാജപാതയില്‍ തന്നെയാണ് ബിലെയാമിന്റെ യാത്ര. ജഡത്തിന്റെ അല്‍പം ചില മോഹങ്ങള്‍ ബാക്കിയുണ്ടെന്ന് മാത്രം... അതും പോയ്‌ക്കൊള്ളും... എന്നാല്‍ പ്രത്യക്ഷത്തില്‍ മൃതമെങ്കിലും ഇപ്പോഴും ഈ ലൈംഗിക ചിന്ത തന്നില്‍ പച്ചയായി നില്‍ക്കുന്നതായി ബിലെയാം കണ്ടെത്തുന്നുണ്ട്... ഈ തൃഷ്ണയെ അതിജയിക്കാന്‍ അദ്ദേഹം ദേഹേഛയോട് പലപ്പോഴും പൊരുതാറുമുണ്ട്. അതുകൊണ്ടുതന്നെ ചിലപ്പോള്‍ ഈ വഴിവിട്ട രതി മരവിക്കും. അത് പക്ഷേ ഒരിക്കലും മരിക്കുന്നില്ല.. അപ്രതീക്ഷിതമായി വികാരം കൊടുങ്കാറ്റ് പോലെ കടന്നുവന്ന് അദ്ദേഹത്തെ വീഴ്ത്തി കടന്നുപോകാറുണ്ട്. അപ്പോള്‍ ബിലെയാം നിസ്സഹായനാവും... ഈ ദൗര്‍ബല്യം മാറിക്കിട്ടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മണ്ണിന്റെ പിടുത്തം അത്ര ചെറുതായിരുന്നില്ല... രതിയുടെ കാര്യത്തില്‍ ഇപ്പോഴും മണ്ണിലിഴയാന്‍ തന്നെ വിധി!  രോഗികളായ സ്ത്രീകളെ സ്പര്‍ശിക്കുമ്പോഴാണ് ലൈംഗികാഭിനിവേശം ശക്തമായും തീവ്രമായും കടന്നുവരുന്നത്. അത്തരം പ്രതികൂലാവസ്ഥകളില്‍ ബിലെയാം തന്റെ ആശ്രമം വിട്ടെഴുന്നേല്‍ക്കും. കുന്നിന്‍പുറത്തൂടെ നടക്കും, അതിന്റെ അലയടികള്‍ ശാന്തമാകുന്നത് വരെ. മനസ്സ് വിശ്രാന്തിയടഞ്ഞാല്‍ തിരിച്ചുവരും... പക്ഷേ രതി വീണ്ടും അനുകൂല സാഹചര്യത്തില്‍ പത്തി വിടര്‍ത്തും!.. ആര്‍ത്തിയുടെ ശീല്‍ക്കാരമുയര്‍ത്തും!...

എന്നു കരുതി ബിലെയാം എപ്പോഴും ശരീരത്തിന്റെ അടിമയാണെന്നു കരുതരുത്. പൂര്‍ണമായും ഒരു സ്ത്രീലമ്പടനായി ജീവിച്ചുവെന്നും ധരിക്കേണ്ട. ഒരു പുണ്യപുരുഷന് തീര്‍ച്ചയായും അത്രത്തോളം തരംതാഴാനാവുമോ?... എന്നല്ല, ചിലപ്പോഴെല്ലാം തന്റെ ശരീരകാമനകളെ അതിലംഘിച്ച് വിജിഗീഷുവായി വിരാജിക്കാനും ബിലെയാമിനു സാധിച്ചിട്ടുണ്ട്. മുമ്പൊരിക്കല്‍ പെഥോറിലെ വര്‍ത്തകപ്രഭു അഓറിന്റെ പത്‌നി തന്നെ വലവീശിപ്പിടിച്ചിട്ടുണ്ട്. ബിലെയാം ആ രംഗം മറന്നിട്ടില്ല. അലങ്കരിച്ച ഒരു വഞ്ചി. വഞ്ചിക്കകത്തെ ലോകം സ്വര്‍ണം പൂശിയ സ്ഫടിക നക്ഷത്രങ്ങളാല്‍ വെട്ടിത്തിളങ്ങി. പട്ടുവിരിച്ച പീഠം. അതിനു മുകളില്‍ നരിത്തോല്‍. അതിലൊരു ഭാഗത്ത് ഒരു സ്ത്രീ ഇരിക്കുന്നു. പാലൊളി വീശുന്ന അവളുടെ മുഖത്ത് കനക നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശരശ്മികള്‍ പ്രതിബിംബിക്കുന്നുണ്ടായിരുന്നു. അവള്‍ ബിലെയാമിനെ കടക്കണ്ണുകൊണ്ട് അകത്തേക്ക് ക്ഷണിച്ചു... അംബറിന്റെ സൗരഭ്യത്തോടൊപ്പം അവളുടെ വസ്ത്രത്തില്‍ നിന്നൊഴുകി വന്ന പരിമളം ബിലെയാമിന്റെ മനസ്സിനെ ഉത്തേജിപ്പിച്ചു. അത് പരീക്ഷണ ഘട്ടമായിരുന്നു. ഏതൊരു ആസക്തിയില്‍ നിന്നും വികാരത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നോ, അതെല്ലാം പൂര്‍ണശക്തിയോടെ അദ്ദേഹത്തെ വലയം ചെയ്യുകയായിരുന്നു... താന്‍ നിസ്സഹായനാവുകയാണെന്ന് അദ്ദേഹത്തിന് ബോധ്യം വന്ന നിമിഷങ്ങള്‍.. നെടുനാളത്തെ അധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ധാര്‍മികതയുടെ പ്രതിരോധനിര തകര്‍ന്നുവീഴാന്‍ പോകുന്നു... പക്ഷേ ബിലെയാമിന്റെ മനസ്സില്‍ ഒരു ദൈവസ്പര്‍ശം ഉണ്ടായി... പെട്ടെന്ന് ബിലെയാമിന്റെ മുഖം കോപം കൊണ്ടു ചുവന്നു.... അദ്ദേഹം അതേ ശക്തിയില്‍ തന്നെ അലറി: ''പിറകോട്ട് മാറൂ മ്ലേഛാത്മാവേ... നിന്റെ ശ്വാസം, ജ്വലിക്കുന്ന അഗ്നിനാളങ്ങളാണ്. സര്‍പ്പത്തിന്റെ വശ്യതയാണ് നിന്റെ കണ്ണുകളില്‍. നിന്റെ ചുണ്ടുകളില്‍ കത്തിജ്വലിക്കുന്നത് നരകത്തിന്റെ ഇന്ധനമാണ്. നാഗവിഷത്തേക്കാള്‍ മാരകമാണ് നിന്റെ ചതിക്കുരുക്ക്. ചെന്നായയുടേതിനെക്കാള്‍ അപകടകരമാണ് നിന്റെ സൂത്രങ്ങള്‍... എന്റെ കാല്‍ വിടൂ... മോഹത്തിന്റെ പുത്രീ വഴിമാറിത്തരൂ....''

പക്ഷേ ഈ മാനസികാവസ്ഥ എന്നും നിലനിര്‍ത്താനാവുന്നില്ല എന്നതാണ് ബിലെയാമിന്റെ പരാജയനിമിത്തം.... അതും അദ്ദേഹം ഓര്‍ത്തു... അന്നൊരുനാള്‍... തന്റെ ഇടയന്റെ അമ്മ, ഇടയന്റെ അമ്മ എന്നതുകൊണ്ട് പ്രായമേറിയ സ്ത്രീയാണെന്നു കരുതരുത്. ഇടയനും അമ്മയും നിന്നാല്‍ ആങ്ങളയും പെങ്ങളുമാണെന്നേ കരുതൂ... താരുണ്യത്തിന്റെ എല്ലാ പടവുകളും പിന്നിട്ടിട്ടില്ലാത്ത യുവതി... എന്നും രാവിലെ തന്റെ കുടിലിന്റെ മുമ്പില്‍, തലേന്നു കൊഴിഞ്ഞു വീണ ഇലകളും ചവറുകളും അവള്‍ തൂത്ത്‌വൃത്തിയാക്കും. പുഴയില്‍ നിന്ന് വെള്ളം കൊണ്ടുവരും. വിറക് ശേഖരിക്കും. പിന്നെ തനിക്കുവേണ്ടി പാല്‍ കാച്ചും. തനിക്കാവശ്യമുള്ളതെല്ലാം ഒരുക്കിത്തരും... ഒരു ദിവസം അത് സംഭവിച്ചു! വസന്തത്തിന്റെ പുഷ്പം പാടേ കൊഴിഞ്ഞു തീര്‍ന്നിട്ടില്ലാത്ത അവള്‍ തന്റെ കരവലയത്തില്‍ ഒതുങ്ങി... ബിലെയാം അവളെ തലോടിയപ്പോള്‍ അദ്ദേഹത്തിന്റെ വിരിമാറില്‍ അവളുടെ മുഖമൊഴുകി വീണു... പെട്ടെന്ന് ഒരു കാറ്റടിച്ചു... ഒലീവു വിളക്ക് കണ്ണുചിമ്മി...

ബിലെയാമിന്റെ മനഃസാക്ഷി സ്വയം കൊത്തിപ്പറിച്ചു. അയാള്‍ സ്വന്തത്തെ ശപിച്ചു. പകലിന്റെ വെളിച്ചത്തില്‍ അയാളില്‍ സ്വന്തം ആത്മാവ് ആധിപത്യം വാഴുന്നു. പക്ഷേ നദീതീരം വിജനമാവുകയും പ്രപഞ്ചത്തിന്റെ ബഹളങ്ങള്‍ നദിയുടെ സംഗീതത്തില്‍ വിലയം കൊള്ളുകയും ചെയ്യുമ്പോള്‍ ബിലെയാമിന്റെ ജഡം മടയില്‍നിന്ന് സിംഹമെന്ന പോലെ സടകുടഞ്ഞ് പുറത്ത്‌വരും. അപ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ്, പ്രസവിച്ചുകിടക്കുന്ന ഒരു ദുര്‍ബല സ്ത്രീയെ പോലെ സങ്കടപ്പെടും... സ്വയം ശാസിക്കും... എന്നാല്‍ ആ ശബ്ദം നേര്‍ത്ത് നേര്‍ത്തില്ലാതായി... അങ്ങനെ പലപ്പോഴായി ബിലെയാം വഴുതി വീണു... ഒടുവില്‍ ആ പുണ്യപുരുഷന്റെ മനഃസാക്ഷി ദ്രവിച്ചു ജീര്‍ണമായി... പ്രശസ്തി മോഹവും സമ്പത്തിനോടുള്ള ആര്‍ത്തിയും കൂടി വന്നു. അവ ബിലെയാമിനെ നശിപ്പിച്ച തിന്മകളായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. വഴിവിട്ട ലൈംഗിക വികാരത്തിന്റെ കൊടുങ്കാറ്റില്‍ ബിലെയാം എന്ന പുണ്യത്തിന്റെ സ്ഫടിക സൗധം തകര്‍ന്നു വീഴുന്നു. തിന്മയുടെ ചെറുപ്രാണികള്‍ ആ വന്‍വൃക്ഷത്തെ കടപുഴക്കുന്നു! മനോഹരമായ കണ്ണുകളും മധുരമായ കിളിമൊഴികളും മാംസളമായ കൈകളും പാദസരത്തിന്റെ കിലുകിലാരവുമുള്ള പെണ്‍കൊടികള്‍ അവന്റെ ദൗര്‍ബല്യമായി മാറി. രേഖേം പ്രതിപുരുഷന്റെ സുന്ദരിയായ ഭാര്യയുടെ ഹര്‍ഷപുളകിതമായ കണ്ണുകള്‍... പിന്നെ അനുഗ്രഹം തേടിയെത്തുന്ന യുവതികളെ തടവുമ്പോള്‍ ലഭിക്കുന്ന അവാച്യമായ അനുഭൂതി... ദൈവം ആകാശത്തിന് വെളിച്ചം നല്‍കിയിട്ടും മണ്ണിലൂടെ ഇഴയാന്‍ കൊതിച്ചതിന്റെ ദുരന്തം... ചിലപ്പോഴെല്ലാം തന്റെ പര്‍ണശാല ഉപേക്ഷിച്ചുപോയാലോയെന്ന് ബിലെയാം ചിന്തിക്കാതെയല്ല... അപ്പോഴായിരിക്കും നന്മയുടെ രൂപത്തിലുള്ള പിശാചിന്റെ വരവ്... ''ബിലെയാം... പുണ്യാത്മാവേ... താങ്കള്‍ ഈ ജനസേവനം നിര്‍ത്തുകയോ?...കഷ്ടം... എത്രയെത്ര മാറാരോഗികളെയാണ് അങ്ങ് സുഖപ്പെടുത്തുന്നത്! കുഷ്ഠരോഗികള്‍, മനോരോഗികള്‍, മുടന്തന്മാര്‍, കരുടന്മാര്‍... അവരെ ഒന്ന് തടവിക്കൊടുക്കുന്നതില്‍ എന്ത് കുഴപ്പമാണുള്ളത്?... സേവനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് ശരിയല്ല. മനുഷ്യന്റെ സന്തുഷ്ടിയിലാണ് ദൈവത്തിന്റെ സന്തുഷ്ടി....''

''ശരി തന്നെ. പക്ഷേ ഒരുവന് സ്വയം രക്ഷിക്കേണ്ട ബാധ്യതയുണ്ട്.'' ബിലെയാം ആത്മഗതം ചെയ്തു. പക്ഷേ പിശാച് വിട്ടില്ല. ''ഇത് സ്വാര്‍ഥതയാണ്. ആത്മപൂജയാണ്....'' ബിലെയാം ഞെട്ടിത്തെറിച്ചു... ശരിയാണ് ഈ രോഗികളുടെ രോദനം നിര്‍ഭയം തട്ടിമാറ്റുന്നത് ശരിയല്ല. അങ്ങനെയാണ് അവിടം വിട്ടുപോവാനുള്ള ചിന്ത ബിലെയാം ഉപേക്ഷിച്ചത്.

എന്താണ് ബിലെയാം എന്ന ആത്മീയ പുരുഷന് സംഭവിച്ചത്? എത്ര വലിയ പദവിയില്‍ നിന്നാണ് അയാള്‍ താഴേക്ക് വീണത്! ബിലെയാം തന്നില്‍ ഗൂഢമായിരുന്ന അധമ മോഹത്തെ കീഴ്‌പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു... അടിവരയിട്ടു പറയട്ടെ, പ്രത്യക്ഷത്തില്‍ ഒരു സ്ത്രീലമ്പടനായിരുന്നില്ല ബിലെയാം. ഒരുവേള ആര്‍ക്കും ലഘുവെന്നു തോന്നുന്ന ചെറിയൊരു ജഡികതൃഷ്ണ മാത്രം... അതുപക്ഷേ ഇത്രയേറെ വളരുമെന്നും തന്നിലെ സൂര്യവെളിച്ചത്തെ പൂര്‍ണമായും കെടുത്തിക്കളയുന്ന ആര്‍ത്തിയായി മാറുമെന്നും ഒരിക്കലും ആ പുണ്യപുരുഷന്‍ കരുതിയില്ല... ''ചെറിയൊരു തിന്മ... അത് ശരിയാവും'' അതായിരുന്നു ബിലെയാമിന്റെ മനോനില. പക്ഷേ ആ കൊച്ചുപാപത്തിന്റെ കറുത്ത പാമ്പിന്‍ കുഞ്ഞുങ്ങള്‍ അറിയാതെ വളര്‍ന്നുവലുതായി... ബിലെയാം എന്ന മഹാനായ പുണ്യാത്മാവിനെ അവ കൂട്ടത്തോടെ വരിഞ്ഞുമുറുക്കി ദംശിച്ചു... ബിലെയാം അവസാന നാളുകളില്‍ സ്വന്തത്തെ ഇങ്ങനെ വിലയിരുത്തുന്നുണ്ട്: ''അറിവ് വര്‍ധിപ്പിക്കാന്‍ സാധിച്ചു. പക്ഷേ അഭിലാഷങ്ങള്‍ ചുരുക്കാന്‍ സാധിച്ചില്ല'' കാലഘട്ടത്തിന്റെ അതിവിദൂരമായ ഈ വര്‍ത്തമാനത്തില്‍പോലും വന്നുതട്ടി പ്രതിധ്വനിക്കുന്നില്ലേ ഈ വാക്കുകള്‍...

(അവലംബം: ബിലെയാം ജീലാനി. വിവ: വി.എ കബീര്‍. പ്രതിഭ ബുക്‌സ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /19-24
എ.വൈ.ആര്‍