Prabodhanm Weekly

Pages

Search

2015 മെയ്‌ 15

ചോദ്യോത്തരം

മുജീബ്

സ്ത്രീ സുരക്ഷക്ക് ഇസ്‌ലാം 
നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍

സ്ത്രീ സുരക്ഷക്ക് ഇസ്‌ലാം നിര്‍ദേശിച്ച മാര്‍ഗങ്ങള്‍ ഏതൊക്കെയാണ്? അവ പാലിച്ചാല്‍ സ്ത്രീ പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമോ?

എ.ആര്‍ ചെറിയമുണ്ടം

         ലോകത്തൊരിടത്തും സ്ത്രീകള്‍ക്ക് മാത്രമായി സുരക്ഷയോ അരക്ഷിതാവസ്ഥയോ ഇല്ല; ഉണ്ടാവുക സാധ്യവുമല്ല. ലോകത്തിന്റെ മൊത്തം അശാന്തിയുടെയും അരാജകത്വത്തിന്റെയും കുഴപ്പങ്ങളുടെയും കലാപങ്ങളുടെയും ഭാഗമാണ് സ്ത്രീകളനുഭവിക്കുന്ന പീഡനങ്ങള്‍. സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലും യുദ്ധങ്ങളും ചൂഷണവും ഇല്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ സ്ത്രീയുടെ ജീവനും ധനവും മാനവും സുരക്ഷിതമാവൂ. സ്ത്രീ-പുരുഷ ഭേദം കൂടാതെ സര്‍വ മനുഷ്യരും സമാധാനപൂര്‍വം ജീവിക്കുന്ന ഒരു ലോകമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ആദ്യ പിതാവ് ആദമിന്റെ കുടുംബത്തെ ഭൂമിയില്‍ നിവസിക്കാന്‍ പറഞ്ഞയക്കുമ്പോള്‍ തന്നെ അല്ലാഹു ഉണര്‍ത്തിയതിങ്ങനെ: ''നാം പറഞ്ഞു, നിങ്ങളെല്ലാം സ്വര്‍ഗത്തില്‍ നിന്നിറങ്ങുക. എന്നിട്ട് എന്റേതായ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും. അന്നേരം ആര്‍ എന്റെ സന്മാര്‍ഗത്തെ പിന്തുടരുന്നുവോ അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടിവരില്ല.'' അപ്പോള്‍ ദൈവിക സന്മാര്‍ഗമാണ് സ്ത്രീക്കും പുരുഷനും നിര്‍ഭയരായും സന്തോഷകരമായും ജീവിതം നയിക്കാനുള്ള ഒരേയൊരു നിദാനം. സന്മാര്‍ഗത്തെ നിരാകരിക്കുകയോ അതില്‍നിന്ന് വ്യതിചലിക്കുകയോ ചെയ്യുമ്പോള്‍ ഭയവും ദുഃഖവുമാണ് പരിണതി. അതാണിപ്പോള്‍ സംഭവിക്കുന്നതും. മാനവികതയുടെ മഹത്വവും മനുഷ്യാവകാശങ്ങളും മാനിക്കപ്പെടാത്ത ഒരു ലോകത്ത് എത്ര കടുത്ത ശിക്ഷ നല്‍കിയാലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാതിരിക്കുകയോ സ്ത്രീത്വം ആദരിക്കപ്പെടുകയോ ഇല്ല. അതുകൊണ്ടായിരുന്നു മുഹമ്മദ് നബി(സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ മനുഷ്യാവകാശങ്ങളും മനുഷ്യ സമത്വവും ഊന്നിപ്പറഞ്ഞ ശേഷം ഇപ്രകാരം ഉപസംഹരിച്ചത്, ''സ്ത്രീകളോട് നന്മ ചെയ്യണമെന്ന എന്റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കുക. സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.''

നമ്മുടെ രാജ്യവും മറ്റെല്ലാ സെക്യുലര്‍ രാജ്യങ്ങളെയും പോലെ ദൈവനിരാസപരമായ മനുഷ്യ നിര്‍മിത വ്യവസ്ഥകള്‍ സ്വീകരിച്ചു, കേവലം ഭൗതികമായ പരിഹാരമാര്‍ഗങ്ങളവലംബിച്ച്, നിയമങ്ങളിലൂടെയും ശിക്ഷാ നടപടികളിലൂടെയും സ്ത്രീ പീഡനവും അതുപോലുള്ള സമസ്യകളും പരിഹരിച്ചുകളയാമെന്ന ധാര്‍ഷ്ട്യത്തിലാണ്. ശിക്ഷകള്‍ പരമാവധി കര്‍ക്കശമാക്കുന്നതിനനുസരിച്ച് നിയമലംഘനങ്ങളും ക്രിമിനലിസവും വര്‍ധിക്കുകയാണ്. നിയമ പാലകര്‍ മുതല്‍ നീതിപീഠങ്ങളിലിരിക്കുന്നവര്‍ വരെ ധര്‍മച്യുതിയുടെ പ്രതീകങ്ങളായി മാറിയിരിക്കെ കേവലം നിയമങ്ങള്‍ കൊണ്ട് എന്തു നേടാന്‍ കഴിയും? കൈയൂക്കും പണവുമാണ് അന്തിമമായി നിര്‍ണായകമായിത്തീരുന്നത്. ഈ സ്ഥിതിക്ക് മൗലിക മാറ്റം സംഭവിക്കാതെ സ്ത്രീക്ക് സുരക്ഷയോ സ്‌നേഹമോ ആദരവോ ലഭിക്കില്ല. സ്ത്രീയെ ഉമ്മയും സഹോദരിയും മകളും ഇണയുമായി സ്‌നേഹിക്കാനും ആദരിക്കാനുമാണ് ഇസ്‌ലാം പ്രാഥമികമായി പഠിപ്പിക്കുന്നത്. തനിക്ക് വ്യഭിചരിക്കാതിരിക്കാന്‍ കഴിയില്ല എന്ന് നിസ്സഹായത പ്രകടിപ്പിച്ച ഒരാളോട് പ്രവാചകന്റെ ചോദ്യം: ''നിന്റെ മാതാവിനെയോ പെങ്ങളെയോ ഒരാള്‍ മാനഭംഗപ്പെടുത്തിയാല്‍ നീ എന്തു ചെയ്യും?'' തനിക്കത് സഹിക്കാനാവില്ലെന്ന് അയാള്‍ മറുപടി നല്‍കിയപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''എങ്കില്‍ നീ മാനഭംഗപ്പെടുത്തുന്ന സ്ത്രീയും മറ്റൊരാളുടെ മാതാവോ സഹോദരിയോ ആണെന്ന് മനസ്സിലാക്കുക.'' അത്തരമൊരു ബോധ്യം പുരുഷന്മാര്‍ക്കുണ്ടാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. സ്ത്രീയാവട്ടെ അടക്കവും ഒതുക്കവുമുള്ള മാന്യമായ ജീവിതം ശീലിക്കുകയും വേണം. കുറ്റകൃത്യങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച ശേഷം സ്ത്രീ സുരക്ഷയെപ്പറ്റി വേവലാതിപ്പെട്ടിട്ട് ഒരു പ്രയോജനവുമില്ല. സ്ത്രീയുടെ മാനവും ജീവനും പിച്ചിച്ചീന്തപ്പെടുമ്പോള്‍ സ്ത്രീവാദികള്‍ രക്ഷക്കെത്തുകയുമില്ല. 

പ്രവാചക ദൗത്യം

'മനുഷ്യരാശിക്ക് ദൈവം അനുവദിച്ച നീതിയും ക്ഷേമവും നിര്‍ഭയത്വവും നിലനിര്‍ത്താന്‍ രാഷ്ട്രത്തിന് രൂപം നല്‍കലായിരുന്നു എല്ലാ പ്രവാചകന്മാരുടെയും  ദൗത്യം' എന്ന അഭിപ്രായം എത്രത്തോളം സൂക്ഷ്മമാണ്?

അബ്ദുര്‍റസ്സാഖ് പുലാപ്പറ്റ

         പ്രവാചക ദൗത്യം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയപോലെ അല്ലാഹു നല്‍കിയ ജീവിത വ്യവസ്ഥ സംസ്ഥാപിക്കുക- ഇഖാമത്തുദ്ദീന്‍- ആയിരുന്നു. അതിന്റെ ലക്ഷ്യം സ്വാഭാവികമായും ഭൂമിയില്‍ സമാധാനവും നീതിയും ക്ഷേമവും സംസ്ഥാപിതമാവുക എന്നതും. അതുകൊണ്ടാണ് നൂഹ് (അ) തന്റെ ജനതയോട് പറഞ്ഞത്: ''നിങ്ങളുടെ രക്ഷിതാവിനോട് മാപ്പിനപേക്ഷിക്കുക; അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിശ്ചയമായും അവന്‍ ഏറെ പൊറുക്കുന്നവനത്രേ. എങ്കില്‍ അവന്‍ ധാരാളമായി മഴ വര്‍ഷിപ്പിച്ചുതരും. സമ്പത്തും സന്താനങ്ങളും തന്ന് അവന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്കവന്‍ ആരാമങ്ങളൊരുക്കിത്തരും, നദികള്‍ ഉണ്ടാക്കിത്തരും'' (71:10-12). ജൂതരെയും ക്രൈസ്തവരെയും പരാമര്‍ശിച്ച് അല്ലാഹു മൊഴിയുന്നു: ''അവര്‍ തൗറായും ഇഞ്ചീലും പ്രയോഗവത്കരിച്ചിരുന്നെങ്കില്‍ മേല്‍ ഭാഗത്തുനിന്നും താഴ് ഭാഗത്തുനിന്നും അവര്‍ക്ക് ആഹാരം ലഭിച്ചേനേ.'' ഭൂമിയില്‍ സമാധാനവും നീതിയും സമൃദ്ധിയും നിലവില്‍ വരാന്‍ വ്യവസ്ഥാപിത ഭരണകൂടവും അതിന് നായകനും വേണം. അതിനാണ് രാഷ്ട്ര നിര്‍മിതി എന്നു പറയുന്നത്. എന്നാല്‍, പ്രവാചക ദൗത്യത്തിന്റെ ഒരേയൊരു പ്രചോദനം അല്ലാഹുവിന്റെ പ്രീതിയും തദ്വാരാ പാരത്രിക വിജയവുമാണെന്നതില്‍ സംശയമില്ല. അത് പരമ ലക്ഷ്യമാക്കാത്ത പ്രവാചകന്മാര്‍ ഉണ്ടായിട്ടുമില്ല. ഭൂമിയില്‍ ദൈവിക വ്യവസ്ഥ സ്ഥാപിച്ചവരും സ്ഥാപിക്കാന്‍ സാധിക്കാത്തവരുമായ മുഴുവന്‍ പ്രവാചകന്മാരും തങ്ങളുടെ ദൗത്യം നിറവേററിയവരാണ്. 

ഹിന്ദുത്വ തീവ്രവാദം പരിധിവിട്ടാല്‍

ഹരിയാന: ജനസംഖ്യ നിയന്ത്രിക്കാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ബലമായി വന്ധ്യംകരിക്കണമെന്ന് ഹിന്ദു മഹാസഭാ നേതാവ്. മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇത് ഹിന്ദുക്കള്‍ക്ക് ഒരു ഭീഷണിയായി മാറിയിരിക്കുന്നുവെന്നും ആള്‍ ഇന്ത്യാ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് സാധ്വി ദേവത താക്കൂര്‍ പറഞ്ഞു. ജിന്ദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വന്‍ വിവാദത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള താക്കൂറിന്റെ അഭിപ്രായ പ്രകടനം. ഹിന്ദു ദൈവങ്ങളുടെയും ദേവിമാരുടെയും വിഗ്രഹങ്ങള്‍ മുസ്‌ലിം-ക്രിസ്ത്യന്‍ പള്ളികളിലും സ്ഥാപിക്കണം. ലോകത്ത് മാറ്റങ്ങളുണ്ടാവാന്‍ കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കി ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ധിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ രാജ്യ സ്‌നേഹിയെന്ന് വിശേഷിപ്പിച്ച താക്കൂര്‍, ഗോഡ്‌സെയുടെ പ്രതിമ ഹരിയാനയില്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു (മാധ്യമം 13-4-2015). പ്രതികരണം?

പി.വി.സി മുഹമ്മദ് പൊന്നാനി

         ആര്‍.എസ്.എസ്-ബി.ജെ.പി പാര്‍ട്ടികള്‍ അധികാരത്തിലേറിയ ശേഷമുള്ള അനുകൂലാന്തരീക്ഷത്തില്‍ ആരാണ് ഹിന്ദുത്വത്തോട് കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തുന്നത്, ആരാണ് ന്യൂനപക്ഷവിരോധത്തില്‍ മുമ്പന്മാര്‍ എന്ന കാര്യത്തിലുള്ള മത്സരമാണ് ഹിന്ദുത്വ സംഘടനകള്‍ക്കിടയില്‍ നടക്കുന്നത്. മാട്ടിറച്ചി മഹാ പാതകമാക്കാനും സമ്പൂര്‍ണമായി നിരോധിക്കാനും സംസ്‌കൃതവും ഗീതാ പഠനവും അടിച്ചേല്‍പിക്കാനും മറ്റും മറ്റും ആര്‍.എസ്.എസ് രംഗത്തിറങ്ങിയപ്പോള്‍ അവരേക്കാള്‍ ഹിന്ദുത്വത്തില്‍ തീവ്രതയുള്ളവര്‍ തങ്ങളാണെന്ന് തെളിയിക്കാന്‍ ശിവസേന ശ്രമിക്കുന്നു. അതിന്റെ ഉദാഹരണമാണ്, മുസ്‌ലിംകള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നും അവരെ വന്ധ്യംകരിക്കണമെന്നുമുള്ള ആവശ്യം. ഹിന്ദു മഹാസഭയാകട്ടെ ചോദ്യത്തിലുദ്ധരിച്ച ഭ്രാന്തോക്തികള്‍ തൊടുത്തുവിടുകയാണ്. ഇതൊന്നും നടക്കുന്നതോ നടക്കാന്‍ പാടുള്ളതോ അല്ല എന്നവര്‍ക്ക് അറിയാതെയല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിച്ചു വന്ധ്യംകരിക്കാനോ പള്ളികളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാനോ ജനാധിപത്യ ഇന്ത്യയില്‍ സാധ്യമല്ല. ആത്മാഭിമാനമുള്ള ഒരു സമുദായവും അതൊന്നും പൊറുപ്പിക്കുകയുമില്ല. 

ഫ്‌ളാറ്റ് സംസ്‌കാരം

ഫ്‌ളാറ്റ് സംസ്‌കാരം ഉള്‍നാടുകളിലേക്ക് കൂടി കടന്നുവരുന്ന കാലമാണല്ലോ. അയല്‍വാസികളെ പോലും പരിഗണിക്കാതെ മൂന്നും നാലും നിലകളുള്ള ഫ്‌ളാറ്റുകള്‍ നിര്‍മിക്കുകയും കുടിവെള്ളവും വായു പ്രവാഹവും തടസ്സപ്പെടുത്തുകയും ചെയ്യുന്നവരെ റസൂലിന്റെ പാത പിന്തുടരുന്നവരെന്ന് പറയാന്‍ പറ്റുമോ? 'നിങ്ങള്‍ കെട്ടിടം നിര്‍മിക്കുമ്പോള്‍ അയല്‍പക്കത്തേക്കുള്ള വായു സഞ്ചാരം തടയരുത്' എന്നൊരു ഹദീസ് ഉണ്ടല്ലോ!

കെ.ടി ആരിഫ മൂഴിക്കല്‍

         ഭൂമി ക്രമേണ വലുതാവുകയോ വികസിക്കുകയോ ചെയ്യുന്നില്ല. ജനങ്ങളാകട്ടെ പെറ്റുപെരുകുകയും ചെയ്യുന്നു. എല്ലാവര്‍ക്കും വീടുകള്‍ നിര്‍മിക്കാന്‍ ഭൂമി തികയാതെ വരുമ്പോള്‍ ആകാശം തന്നെയാണ് പ്രതിവിധി. അതിനര്‍ഥം ഭൂമിക്ക് താങ്ങാനാവുന്നേടത്തോളം ഉയരത്തില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കേണ്ടിവരും എന്നുതന്നെ. എന്നാല്‍, ഇക്കാര്യത്തിലും പാരിസ്ഥിതിക സന്തുലനവും പരിധികളും പാലിച്ചേ മതിയാവൂ. ഒരു വിഭാഗത്തിന്റെ ആവാസ വ്യവസ്ഥ തകര്‍ത്തുകൊണ്ടാവരുത് മറ്റൊരു വിഭാഗത്തിന്റെ അധിവാസം. അതിനാണ് സര്‍ക്കാറുകള്‍ എല്ലാ നിര്‍മിതികള്‍ക്കും വ്യവസ്ഥകളും നിബന്ധനകളും ഏര്‍പ്പെടുത്തുന്നത്. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും നിയമലംഘനങ്ങള്‍ നടക്കുന്നു. അത് കര്‍ശനമായി തടയുകയാണാവശ്യം. 'ദ്രോഹിക്കരുത്, ദ്രോഹം ഏറ്റുവാങ്ങുകയും അരുത്' എന്ന നബിവചനമാണ് ഇത്തരം കാര്യങ്ങളുടെ പ്രമാണം. ചോദ്യത്തില്‍ ഉദ്ധരിച്ച അര്‍ഥത്തില്‍ വിശ്വാസ്യമായ ഹദീസ് ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ അതിലടങ്ങിയ ആശയം സ്വീകാര്യമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /19-24
എ.വൈ.ആര്‍