Prabodhanm Weekly

Pages

Search

2015 മെയ്‌ 15

മദ്‌റസകളെക്കാള്‍ നമ്മുടെ വീടകങ്ങള്‍ ശാന്തവും സ്‌നേഹ നിര്‍ഭരവുമാവണം

സുബൈര്‍ കുന്ദമംഗലം

മദ്‌റസകളെക്കാള്‍ നമ്മുടെ വീടകങ്ങള്‍ 
ശാന്തവും സ്‌നേഹ നിര്‍ഭരവുമാവണം

തപഠന നവീകരണം എന്ന ചര്‍ച്ചക്ക് മദ്‌റസ പ്രസ്ഥാനത്തിന്റെ ആരംഭത്തോളം പഴക്കമുണ്ട്. മത പ്രസിദ്ധീകരണങ്ങള്‍ക്കും മദ്‌റസ സുവനീറുകള്‍ക്കും പേജ് നിറക്കാനുള്ള ചേരുവ എന്നതില്‍ കവിഞ്ഞ് ഇത്തരം ചര്‍ച്ചകള്‍ രചനാത്മകമായ ഒന്നും സംഭാവന ചെയ്യാറില്ലെന്നതാണ് ഇതഃപര്യന്തമുള്ള അനുഭവം. നവീകരണ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പൊടി തട്ടിയെടുക്കാറുള്ള പരിഷ്‌കരണ ഒറ്റമൂലികള്‍ നൊടിയിടയില്‍ അപ്രത്യക്ഷമാവുകയും ചെയ്യും.

അറിവ് പകരുക എന്നതില്‍ കവിഞ്ഞ് 'തിരിച്ചറിവ്' നല്‍കുന്നതിലാണ് മത പഠനത്തിന്റെ വിജയം. ബോധനരീതികളില്‍ ക്രമാനുഗതമായ മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഗതാര്‍ഹം തന്നെ. മികച്ച പഠനരീതികളുടെ പ്രയോഗവത്കരണം വഴി മെച്ചപ്പെട്ട ഫലങ്ങള്‍ കൈവരുന്നതും നല്ലതുതന്നെ. എന്നാല്‍, റാങ്ക് കൊയ്യലോ, നൂറ്‌മേനി വിളയലോ മാത്രമല്ല മദ്‌റസ പഠനത്തിന്റെ ലക്ഷ്യം. പ്രത്യുത, ദീനിന്റെ അടിസ്ഥാന കാര്യങ്ങള്‍ പകര്‍ന്നു കൊടുക്കുക വഴി ദൈവഭക്തിയും മൂല്യബോധവുമുള്ള ഉത്തമ പൗരന്റെ പിറവിയായിരിക്കണം മതപഠനത്തിന്റെ കാതല്‍. ഈ ലക്ഷ്യസാക്ഷാത്കാരത്തിന് നമ്മുടെ മദ്‌റസകളും മതപഠനവും ഉപയുക്തമാണോ എന്നതാണ് ചോദ്യം. അത് സാധിക്കുന്നില്ലെന്ന് കുറ്റകൃത്യങ്ങളിലെ മുസ്‌ലിം സമുദായത്തിന്റെ വര്‍ധിത പ്രാതിനിധ്യം വിളിച്ചോതുന്നു. 

മതപാഠശാലകളും ജുമുഅ ഖുത്വ്ബകളും പ്രഭാഷണവേദികളും പ്രസിദ്ധീകരണങ്ങളും ഗ്രന്ഥപ്പുരകളുമുള്ള ഈ സമുദായം കുറ്റകൃത്യങ്ങള്‍ക്ക് ഇതര സമുദായങ്ങള്‍ക്ക് 'മാതൃക'യാകുന്നതിന്റെ പൊരുള്‍ അന്വേഷിച്ചേ മതിയാകൂ. പ്രബോധനം ലക്കം 2898-ല്‍ ലേഖകന്‍ മുഖ്യമായും ചൂണ്ടിക്കാണിച്ച ഉള്ളടക്കത്തിന്റെ പ്രശ്‌നമോ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ അതിപ്രസരത്തില്‍ സംഭവിച്ച സമയക്കുറവോ മാത്രമല്ല യഥാര്‍ഥ വില്ലനെന്നും സമ്മതിച്ചേ തീരൂ.

അധ്യാപകരുടെ വ്യക്തിത്വത്തിനും സംസ്‌കാരത്തിനും എന്തിനേറെ വേഷത്തിനു പോലും മദ്‌റസകളില്‍ വലിയ സ്വാധീനമുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി മറ്റെല്ലാമെന്ന പോലെ ഒരു പരിപൂര്‍ണ അധ്യാപകനും മുറബ്ബിയുമായിരുന്നു. അനുയായികള്‍ പ്രവാചകനെ കേട്ടു പഠിച്ചതിനേക്കാളേറെ കണ്ടുപഠിച്ചു. അനുഭവിച്ച് സായൂജ്യം കൊണ്ടു. അവിടുന്ന് കുട്ടികളോട് സലാം ചൊല്ലി. കളിവിനോദങ്ങളില്‍ ഏര്‍പ്പെട്ടു. അവരെ പരിഗണിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

നിശാ പാഠശാലകളെ നിരുത്സാഹപ്പെടുത്തുന്നതിന് പകരം അധ്യാപകരുടെയും സമൂഹത്തിന്റെയും മനോനിലയില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്. സമയ ദൗര്‍ലഭ്യം നേരിടുന്നുണ്ടെങ്കില്‍ ഗള്‍ഫ് നാടുകളിലുള്ളത് പോലെ മതപഠനം അവധി ദിവസങ്ങളില്‍ പരിമിതപ്പെടുത്തുകയും ചെയ്യാം. പ്രദേശവാസികളായ അഭ്യസ്ത വിദ്യര്‍ക്കും മദ്‌റസയുടെ പുരോഗതിയില്‍ സംഭാവനയര്‍പ്പിക്കാന്‍ ഇത് സഹായകമാകും.

അധ്യാപകരുടെ നിലവാരത്തകര്‍ച്ച മതപഠനരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പള്ളിദര്‍സുകളില്‍ നിന്ന് ബിരുദം നേടി വന്നവരാണ് മുസ്‌ലിം സമുദായത്തിന്റെ ആദ്യകാല നേതാക്കന്മാര്‍. ഇന്ന് അറബിക്കോളേജുകളില്‍ നിന്നും ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോളേജുകളില്‍ നിന്നും പുറത്ത് വരുന്ന കുട്ടികളുടെ നിലവാരമെന്താണ്? ഏറെ പരിഷ്‌കൃതമെന്നും പുരോഗമനപരമെന്നും കൊട്ടിഘോഷിക്കപ്പെടുന്ന ഗള്‍ഫിലെ 'മാതൃകാ' മദ്‌റസകളില്‍ നിന്ന് പോലും സെക്കന്ററി പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികളുടെ സ്ഥിതിയെന്ത്? നേരാംവണ്ണം ഖുര്‍ആന്‍ പാരായണം ചെയ്യാനോ നമസ്‌കാരത്തിലെ പ്രാര്‍ഥനകള്‍ തെറ്റ് കൂടാതെ പറയാനോ വയ്യാത്ത 'മിസ്‌കീനുകളല്ലേ' നമ്മുടെ കുട്ടികള്‍? എങ്കില്‍ പിന്നെ, ഫാക്കല്‍റ്റിയെക്കുറിച്ചും റാങ്കിന്റെ തിളക്കത്തെക്കുറിച്ചും സ്റ്റുഡന്റ്‌സ് ഡയറിയെക്കുറിച്ചും വാര്‍ത്താ പത്രികയെക്കുറിച്ചും ഊറ്റം കൊണ്ടിട്ടെന്ത്? ദീനിന്റെ പ്രാഥമിക കാര്യങ്ങള്‍ പോലും ജീവിതത്തില്‍ 'പകര്‍ത്താതെ'യുള്ള ഈ വിജയക്കുതിപ്പില്‍ അഭിമാനിച്ചിട്ടെന്ത് കാര്യം? മദ്‌റസയുടെ പടിവാതില്‍ക്കല്‍ എത്തുമ്പോള്‍ മാത്രം 'മുഖമക്കന'യണിയുകയും സ്‌കൂളിലും മാര്‍ക്കറ്റിലും അതഴിച്ചുവെച്ച് 'പൊതുബോധം' നിലനിര്‍ത്തുകയും ചെയ്യുന്ന പെണ്‍കൊച്ചിന് ഇസ്‌ലാമിനെക്കുറിച്ച് എന്ത് തിരിച്ചറിവാണ് ലഭിച്ചിട്ടുള്ളത്?

ഇവിടെയാണ്, മതപഠനമെന്നത് കേവലം അധ്യാപകരോ വിദ്യാര്‍ഥികളോ മാത്രം മനസ്സ് വെച്ചാല്‍ വിജയിപ്പിച്ചെടുക്കാനാവില്ലെന്ന് മനസ്സിലാക്കേണ്ടത്. മാതാപിതാക്കളുടെ ശക്തമായ പിന്തുണയും സഹകരണവും അനിവാര്യമായ വിഷയമാണിത്. മാതാപിതാക്കള്‍ അധ്യാപകരേക്കാള്‍ വലിയ മാതൃകാ ബിംബങ്ങളാണ് കുട്ടികള്‍ക്ക്. മദ്‌റസകളെക്കാളേറെ ഗൃഹാന്തരീക്ഷം ശാന്തവും സ്‌നേഹനിര്‍ഭരവുമായിരിക്കണം. 'ശാസന'യെന്ന ഉരുക്കുമുഷ്ടി കൊണ്ടല്ല, സ്‌നേഹവാത്സല്യമെന്ന നിറക്കൂട്ട് കൊണ്ടാണ് വീട്ടിലും മതപാഠശാലയിലും അച്ചടക്കം പുലരേണ്ടത്. മാതാപിതാക്കളുടെയും മതാധ്യാപകരുടെയും ആചാരാനുഷ്ഠാനങ്ങള്‍ കൊച്ചുനാളിലേ കുട്ടികള്‍ ഇളം മനസ്സില്‍ കൊത്തിവെക്കുന്നുണ്ട്. മദ്‌റസാ അധ്യാപകര്‍ക്കൊപ്പം മതാപിതാക്കളും മാതൃകകളാവുമ്പോഴേ ധാര്‍മിക പാഠങ്ങള്‍ കുട്ടികള്‍ക്ക് ശീലമാവൂ.

സുബൈര്‍ കുന്ദമംഗലം

കുട്ടികള്‍ മദ്‌റസകളില്‍ നിന്ന് ശീലിക്കേണ്ടത് മാനുഷിക ഗുണങ്ങള്‍

ദ്‌റസാ പഠനം എന്നാല്‍ ഇസ്‌ലാമിക പഠനമാണല്ലോ. എന്നാല്‍, മദ്‌റസാ പഠനം നേടുന്ന കുട്ടി ഇസ്‌ലാമിന്റെ വിശാല മാനവിക സംസ്‌കാരത്തിന്റെ മാതൃകയാകുന്നില്ല. മാത്രമല്ല, ചിലപ്പോഴെങ്കിലും സങ്കുചിത ചിന്താഗതികളും അന്ധവിശ്വാസങ്ങളും കുത്തിനിറക്കപ്പെട്ട്, ഇടുങ്ങിയ മനസ്സുള്ള വിചിത്ര ജീവിയായി മാറുകയും ചെയ്യുന്നു. ഫിഖ്ഹിന്റെ മസ്അലകള്‍ തലനാരിഴ കീറി പഠിപ്പിക്കപ്പെടുമ്പോള്‍ മാനുഷിക ഗുണങ്ങള്‍ അവഗണിക്കപ്പെടുന്നു. ഉന്നതമായ സ്വഭാവ ഗുണങ്ങളെക്കുറിച്ച് കുറച്ചു മാത്രം പഠിപ്പിക്കുകയോ തീരെ പഠിപ്പിക്കാതിരിക്കുകയോ ചെയ്യുന്നു. എങ്ങനെ വുദൂ എടുക്കണം, എങ്ങനെ നമസ്‌കരിക്കണം എന്ന് ചെറിയ ക്ലാസ്സുകളില്‍ മലയാളത്തില്‍/ അറബി മലയാളത്തില്‍ പഠിക്കുന്ന കുട്ടി വലിയ ക്ലാസ്സുകളില്‍ അതേവിഷയം അറബിയില്‍ പഠിക്കുന്നു. മദ്‌റസാ പഠനം കഴിഞ്ഞ് പുറത്തുവരുന്ന കുട്ടി യാന്ത്രികമായി ആരാധനാ കര്‍മങ്ങള്‍ ചെയ്യുന്നവനായിത്തീരുന്നു. ഊര്‍ജസ്വലനായ ഒരു മനുഷ്യസ്‌നേഹിയായി മാറാന്‍ മദ്‌റസാ പഠനം കൊണ്ട് സാധിക്കുന്നില്ല. നബിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന സ്വഹാബികള്‍ മാനുഷിക മൂല്യങ്ങളുടെ അത്യുന്നത മാതൃകകളായിരുന്നല്ലോ. അതേ പ്രവാചകന്റെ ശിക്ഷണ ശീലങ്ങള്‍ പകര്‍ന്നു നല്‍കേണ്ട മദ്‌റസകള്‍ എന്തുകൊണ്ട് ഉന്നത മൂല്യങ്ങളുള്ള മനുഷ്യരെ ഉല്‍പാദിപ്പിക്കുന്നില്ല എന്ന ചിന്തയില്‍ നിന്നു മാത്രമേ മദ്‌റസാ പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധി എന്താണെന്ന് മനസ്സിലാക്കാനാവൂ.

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

സൂറത്തുല്‍ ഫാതിഹ

വിശുദ്ധ ഖുര്‍ആനിലെ അല്‍ ഫാതിഹ അധ്യായം വായിച്ചപ്പോള്‍ അതിലെ ആശയം കവിതാ രൂപത്തില്‍ എഴുതിയതാണ്.

അല്ലാഹു തന്നുടെ നാമത്തിലാരംഭം
ചൊല്ലിക്കുറിക്കട്ടെ സൂക്തങ്ങളാല്‍.
അല്ലല്‍ കെടുത്തങ്ങു രക്ഷയെ നല്‍കിടും
കാരുണ്യവാരിധേ! കൈതൊഴുന്നേന്‍.
ആര്‍ക്കുനേര്‍ക്കായങ്ങനുഗ്രഹം നല്‍കിയോ
പേര്‍ത്തും കടാക്ഷം ചൊരിഞ്ഞിടേണേ.
സന്മാര്‍ഗചാരിയായെന്നുമറിഞ്ഞിടാന്‍
ഉണ്മയാല്‍ ഞങ്ങള്‍ക്കങ്ങാശിസ്സേകൂ.
സര്‍വസ്തുതിയേകിയെന്നും നമസ്‌കാരം
ചെയ്തിടാം രക്ഷക! സര്‍വശക്ത!!
അല്ലാഹുവെന്നുള്ള ചിന്തയാല്‍ മാനസം
ഉല്ലാസമായിബ്ഭവിച്ചിടട്ടെ!!

കെ.വി സത്യവതി ടീച്ചര്‍, 

തുളിച്ചേരി, കണ്ണൂര്‍

ഗഹനമായ ഖുര്‍ആന്‍ വായന

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ 'ഒരു ഹിന്ദുസന്യാസി ഖുര്‍ആന്‍ വായിക്കുന്നു' എന്ന പംക്തി ആകാംക്ഷയോടെയാണ് ഓരോ ലക്കവും വായിക്കുന്നത്. ഹിന്ദു സന്യാസിമാരും പണ്ഡിതന്മാരും വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷേ, സ്വാമി ശക്തിബോധിയുടെ ഖുര്‍ആന്‍ പഠനം വിസ്മയാവഹവും ഗഹനവുമാണെന്ന് പറയാതെ വയ്യ. ഓരോ പദവും വായിച്ചു പോകുന്നതിനപ്പുറം ആഴത്തിലുള്ള പഠനത്തിനും പരിചിന്തനത്തിനും വിധേയമാക്കുകയും, ഭവഗത്ഗീതയില്‍ നിന്നും മറ്റുമുള്ള തത്തുല്യ പദപ്രയോഗങ്ങള്‍ വിശദീകരിച്ച് താരതമ്യം ചെയ്യുകയും ചെയ്യുന്നു. 

കുഞ്ഞബ്ദുല്ല കരിയാട്

തിരുത്ത്

'ഇസ്‌ലാമിക ശരീഅത്ത് ഉദ്ദേശ്യലക്ഷങ്ങളെ തിരിച്ചറിയാന്‍' എന്ന എന്റെ ലേഖനത്തില്‍ (ലക്കം 2898) ഒരു പിശക് സംഭവിച്ചിട്ടുണ്ട്. 'അഞ്ചു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന വിഖ്യാത പണ്ഡിതനായ ഇബ്‌നു ഹസം അദ്ദാഹിരി' എന്ന പരാമര്‍ശം തെറ്റാണ്. അഞ്ച് നൂറ്റാണ്ട് മുമ്പല്ല, പത്തു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന പണ്ഡിതനാണ് അദ്ദേഹം; കൃത്യമായി പറഞ്ഞാല്‍ ക്രി. 994-1064.

മുനീര്‍ മുഹമ്മദ് റഫീഖ്

നബി കരഞ്ഞുകൊണ്ടിരിക്കും

'നബി കരഞ്ഞുകൊണ്ടിരിക്കും' ഷമീന അസീസ് എഴുതിയ ലേഖനം (ലക്കം 2898) കാലഘട്ടം സമുദായത്തോട് ആവശ്യപ്പെടുന്ന നിലപാടാണ്. സമൂഹത്തിന്റെ നല്ലൊരു നാളെക്കുവേണ്ടി ബഹുസ്വര സമൂഹങ്ങളുടെ സഹകരണത്തിനും കൂട്ടുത്തരവാദിത്തത്തിനും ദിശ നിര്‍ണയിക്കേണ്ട സമുദായം ഇന്ന് നൂല് പൊട്ടിയ പട്ടം പോലെയായിരിക്കുന്നു.

റഫീഖ് അത്താണി, തൃശൂര്‍

കുട്ടികളും കുടുംബവും

നാളത്തെ ഉത്തമ പൗരന്മാരാകേണ്ടവരാണ് കൊച്ചു കുട്ടികള്‍. ബാല്യത്തില്‍ തന്നെ അതിനു വേണ്ട ശിക്ഷണവും കൗണ്‍സലിംഗും കൊടുത്തെങ്കില്‍ മാത്രമേ അവരുടെ ഭാവിജീവിതം സുരക്ഷിതമാകൂ. വിനോദത്തിനും വിജ്ഞാനത്തിനും സമയം കണ്ടെത്തി അവരെ ആ രംഗത്തേക്ക് കൂടി പറഞ്ഞുവിടുമ്പോള്‍ സ്വാഭാവികമായി അവരില്‍ ചില മാറ്റങ്ങള്‍ പ്രത്യക്ഷമാകും. എന്നാല്‍ കുട്ടികളുടെ എല്ലാ ആവശ്യങ്ങള്‍ക്കും നാം അനുവാദം കൊടുക്കരുത്. ശരിയും തെറ്റും വേര്‍തിരിച്ചറിയാനുള്ള ഇഛാശക്തി മാതാപിതാക്കള്‍ക്കുണ്ടാകണം. അതിരുവിട്ട സ്‌നേഹ പ്രകടനങ്ങള്‍ കുട്ടികളെ അലസതയുടെ ലോകത്തേക്കായിരിക്കും കൊണ്ടെത്തിക്കുക. മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ശ്രദ്ധയും പരിഗണനയും വളരെ വലുതാണ്. അവരെ നല്ല നിലയിലെത്തിക്കാനുള്ള വ്യഗ്രതയുടെ ബുദ്ധിമുട്ടുകള്‍ മാതാപിതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് മനസ്സിലാക്കാന്‍ കഴിയുക?

ആചാരി തിരുവത്ര

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /19-24
എ.വൈ.ആര്‍