Prabodhanm Weekly

Pages

Search

2015 മെയ്‌ 15

ഇന്ത്യയിലെ ജനകീയ മുന്നേറ്റങ്ങള്‍ക്കും മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കും ഊര്‍ജം നല്‍കും

ടി. ആരിഫലി/ സംഭാഷണം

2005-2015 വരെ പത്തു വര്‍ഷം ജമാഅത്തെ ഇസ്‌ലാമി കേരള അമീറായിരുന്ന ടി. ആരിഫലി അഖിലേന്ത്യാ അസിസ്റ്റന്റ് അമീറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി കേരള അമീറായിരുന്ന കാലത്തെ അനുഭവങ്ങളും അഖിലേന്ത്യാ ഉപാധ്യക്ഷനെന്ന നിലക്ക് ഭാവി പദ്ധതികളും അദ്ദേഹം പ്രബോധനത്തോട് പങ്കുവെക്കുന്നു.

താങ്കള്‍ ജമാഅത്തിന്റെ നേതൃത്വത്തിലേക്ക് എത്തിയ പശ്ചാത്തലം എന്തായിരുന്നു? അതിനിടയാക്കിയ സാഹചര്യങ്ങള്‍?

എസ്.ഐ.ഒ പ്രായം പിന്നിട്ട ശേഷം കോഴിക്കോട് ജില്ലാ നാസിമായിട്ടാണ് ജമാഅത്ത് നേതൃ രംഗത്തേക്ക് ഞാന്‍ വരുന്നത്. പിന്നീട് മേഖലാ നാസിം, സംസ്ഥാന അസി. അമീര്‍ ചുമതലകള്‍ വഹിച്ചു. 2005 മാര്‍ച്ചിലാണ് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. 2003-'07 കാലയളവില്‍ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയായിരുന്നു ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍. ജമാഅത്ത് നേതാക്കളുടെ കൂട്ടത്തില്‍ ക്രാന്തദര്‍ശിത്വവും പാണ്ഡിത്യവും കൂടുതലുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. 2003-ല്‍ കേരളത്തിന്റെ നേതൃ ചുമതലയുണ്ടായിരുന്ന സിദ്ദീഖ് ഹസന്‍ സാഹിബ് രണ്ട് വര്‍ഷത്തിനു ശേഷം കേന്ദ്രത്തിലേക്ക് വരണമെന്നും അവിടെ അദ്ദേഹത്തിന്റെ സേവനം ആവശ്യമുണ്ടെന്നും അന്‍സാരി സാഹിബ് പറഞ്ഞു. ഒരു മീഖാത്ത് (പ്രവര്‍ത്തന കാലയളവ്) കൂടി സിദ്ദീഖ് ഹസന്‍ സാഹിബിനെ ഇവിടെ നില്‍ക്കാന്‍ അനുവദിക്കണമെന്ന കേരള ഘടകത്തിന്റെ ആവശ്യം അദ്ദേഹം അംഗീകരിച്ചില്ല. കേരളത്തില്‍ നിന്ന് ഞങ്ങള്‍ പല തടസ്സങ്ങളും ഉന്നയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഇഛാശക്തിക്ക് മുമ്പില്‍ കീഴടങ്ങേണ്ടി വന്നു. ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ചും ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചും നല്ല ഉള്‍ക്കാഴ്ചയുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. ആ ഉള്‍ക്കാഴ്ചയുടെ തെളിവായിരുന്നു 'വിഷന്‍ 2016' എന്ന പദ്ധതി. അതിന്റെ ചുമതല സിദ്ദീഖ് ഹസന്‍ സാഹിബിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കേരള ഘടകത്തിന്റെ നേതൃത്വത്തിലേക്ക് ഞാന്‍ എത്തുന്നത്.

ഒരു പതിറ്റാണ്ട് കാലം ജമാഅത്ത് കേരള ഘടകത്തിന്റെ അമരത്തിരുന്ന താങ്കള്‍ക്ക് അതുണ്ടാക്കിയ വ്യക്തിപരമായ അനുഭവങ്ങള്‍?

ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ നേതൃത്വമെന്ന ഭാരിച്ച ഉത്തരവാദിത്തം എന്നില്‍ നിക്ഷിപ്തമായപ്പോള്‍ അസാധാരണമായ പേടി തോന്നിയിരുന്നു. എന്റെ 43-ാമത്തെ വയസ്സിലാണ് ഞാന്‍ ഈ ഉത്തരവാദിത്തമേറ്റെടുത്തത്. ഈ ചുമതല വഹിച്ചിരുന്ന മുന്‍ഗാമികള്‍ അസാമാന്യ നൈപുണ്യവും സമര്‍പ്പണവും ചിന്താശക്തിയും ഉള്ളവരായിരുന്നു. സയ്യിദ് മൗദൂദിയില്‍ നിന്ന് നേരിട്ട് തര്‍ബിയത്ത് കിട്ടിയ ഹാജിസാഹിബായിരുന്നു കേരളത്തില്‍ ഇതിന്റെ തുടക്കക്കാരന്‍. തുല്യതയില്ലാത്ത ത്യാഗ സന്നദ്ധതയും ചിന്താ ശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. കെ.സി അബ്ദുല്ല മൗലവി, കേരളത്തിലെ തന്നെ മികച്ച പണ്ഡിതനായിരുന്നു. ഇഛാ ശക്തിയും വീക്ഷണ വ്യതിരിക്തതയും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തി. ടി.കെ അബ്ദുല്ല സാഹിബ് ജമാഅത്ത് വൃത്തത്തില്‍ ഏറ്റവും വലിയ ധിഷണാശാലിയായിരുന്നു. അന്നും ഇന്നും അദ്ദേഹത്തിന്റെ ചിന്തകള്‍ പ്രസ്ഥാനത്തിന് വലിയ മുതല്‍കൂട്ടായിട്ടുണ്ട്. കര്‍മഭൂമിയിലെ അതികായനായിരുന്നു സിദ്ദീഖ് ഹസന്‍ സാഹിബ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന നൈരന്തര്യവും ഇഛാശക്തിയും പ്രസ്ഥാനത്തിന് അകത്തും പുറത്തും വലിയ സ്വീകാര്യത നേടി.  ഇത്രയും അതുല്യ വ്യക്തിത്വങ്ങള്‍ നിര്‍വഹിച്ച ദൗത്യമാണ് ഈ ഗണത്തിലൊന്നും ഉള്‍പ്പെടാത്ത ഞാന്‍ ഏറ്റെടുക്കേണ്ടിവന്നത്. 

ഭയത്തോടൊപ്പം ആത്മവിശ്വാസക്കുറവും എന്നെ പിടികൂടി. എന്നെക്കാള്‍ അധികം വായനയും വിജ്ഞാനവും യോഗ്യതയുമുള്ള ധാരാളം പ്രവര്‍ത്തകരെയാണ് എനിക്ക് അഭിമുഖീകരിക്കേണ്ടിയിരുന്നത്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് പ്രവര്‍ത്തകരുടെ നേതൃത്വത്തോടുള്ള ആദരവും അനുസരണ ശീലവുമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ അമീര്‍ എന്ന നിലയില്‍ പ്രവര്‍ത്തകര്‍ എന്നോടു കാണിച്ച കരുതല്‍, പരസ്യവും രഹസ്യവുമായി അവര്‍ നടത്തിയ പ്രാര്‍ഥനകള്‍, വര്‍ധിച്ച സ്‌നേഹ സഹകരണങ്ങള്‍ എന്നെ പലപ്പോഴും വികാരാധീനനാക്കിയിട്ടുണ്ട്. പ്രായം ചെന്നവരും പണ്ഡിതരും സംഘാടകരും, കഴിവും യോഗ്യതയുമുള്ള ധാരാളം പ്രവര്‍ത്തകരും നിര്‍ലോഭമായി നല്‍കിയ സ്‌നേഹമാണ് എന്നില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുത്തത്. ഞാന്‍ അവരുടെ പ്രാര്‍ഥനയുടെ ഭാഗമായതോടെയാണ് എനിക്ക് കരുത്ത് കിട്ടിയത്. ഈ കാലയളവിനുള്ളില്‍ അവരുടെ അവകാശങ്ങള്‍ പൂര്‍ണമായും നിര്‍വ്വഹിച്ച് കൊടുക്കാന്‍ സാധിച്ചുവോ എന്ന കാര്യത്തില്‍ ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു. വ്യക്തിപരമായി എനിക്ക് അവരെ ഓരോരുത്തരെയും അടുത്തറിയാനും കേള്‍ക്കാനും സാധിച്ചിട്ടില്ല. ഇതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. അതോടൊപ്പം പ്രവര്‍ത്തകര്‍ പുലര്‍ത്തിയ കൂറിനും വിശ്വാസത്തിനും അല്ലാഹു അപാരമായ പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവ് എന്ന നിലയില്‍ പൊതു സമൂഹവുമായും മറ്റു മുസ്‌ലിം സംഘടനകളുമായും നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നല്ലോ. ഈ കാലയളവില്‍ രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളില്‍ ജമാഅത്തെ ഇസ്‌ലാമി എങ്ങനെയാണ് വിലയിരുത്തപ്പെട്ടിരുന്നത്?

ജമാഅത്തെ ഇസ്‌ലാമിയുടെ ഏറ്റവും വലിയ പ്രത്യേകത കൂടിയാലോചനാ സംവിധാനമാണ്. ഏതൊരഭിപ്രായവും അതിന്റെ നേതൃത്വത്തിലിരിക്കുന്ന വ്യക്തി പറയുന്നത് നിരവധി തവണ കൂടിയാലോചിച്ചിട്ടാണ്. അതുകൊണ്ട് തന്നെ, നേതൃത്വത്തിലിരിക്കുന്ന വ്യക്തിയെ  സമൂഹത്തില്‍ സ്വീകാര്യനാക്കുന്നതിന്റെയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അംഗീകരിക്കപ്പെടുന്നതിന്റെയും  പ്രധാന കാരണം കൂടിയാലോചനാ സ്വഭാവമാണ്. മറ്റു മുസ്‌ലിം സംഘടനകളിലുള്ള നേതാക്കളെല്ലാം പ്രായം ചെന്നവരും പണ്ഡിതരുമാണ്. കേരളത്തില്‍ അധിക മത സംഘടനകളും ജംഇയ്യത്തുകളും പണ്ഡിത സഭകളും കൂടിയാണ്. എന്നാല്‍ ജമാഅത്തിന്റെ നേതൃത്വം വലിയ പണ്ഡിതന്‍മാര്‍ മാത്രം ഏറ്റെടുക്കുന്നതായിരുന്നില്ല. പാണ്ഡിത്യവും പ്രായവും കുറഞ്ഞ വ്യക്തി എന്ന നിലയില്‍ എന്നെ മത വൃത്തങ്ങളില്‍ സ്വീകാര്യനാക്കിയത് ജമാഅത്തുണ്ടാക്കിയ സംവിധാനങ്ങളുടെ ശക്തിയാണ്; അല്ലാതെ എന്റെ മേന്മകളായിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉള്ളതോടൊപ്പം പരമാവധി യോജിച്ചു പോവാനും പൊതു പ്ലാറ്റ്‌ഫോമുകള്‍ ശക്തിപ്പെടുത്താനുമാണ് ജമാഅത്ത് ശ്രമിച്ചത്. ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം സംഘടനകളുടെ പൊതു കൂട്ടായ്മകളില്‍ ക്രിയാത്മക പങ്കു വഹിച്ച കാലയളവായിരുന്നു ഇത്. വിവാഹ പ്രായം, അഞ്ചാം മന്ത്രി, യത്തീംഖാന, ഇമെയില്‍, ലൗജിഹാദ് തുടങ്ങിയ വിവാദങ്ങള്‍ കേരളത്തില്‍ മുസ്‌ലിംവിരുദ്ധ വികാരങ്ങള്‍ക്ക് ആക്കം കൂട്ടിയപ്പോള്‍ ജമാഅത്തും അതിന്റെ പോഷക സംഘടനകളും മാധ്യമ സംവിധാനങ്ങളും അതിനെ മുന്നില്‍ നിന്ന് ചെറുത്തു. ഇതിലൂടെ മുസ്‌ലിം സമൂഹത്തിലും സംഘടനകള്‍ക്കകത്തും ജമാഅത്തിന് സാമൂഹികവും രാഷ്ട്രീയവുമായ  മേല്‍ക്കൈ നേടാന്‍ സാധിച്ചു. ജമാഅത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകള്‍ക്ക് വലിയ പരിഗണനകള്‍ ലഭിച്ചു.

ആഭ്യന്തരവും സംഘടനാപരവുമായ ഏതുതരം ശൈലികളാണ് പ്രവര്‍ത്തന പഥത്തില്‍ താങ്കള്‍ സ്വീകരിച്ചത്? പരിഷ്‌കാരങ്ങളും ദിശാ മാറ്റങ്ങളും ഈ കാലയളവില്‍ സാധ്യമായിട്ടുണ്ടോ?

ജമാഅത്ത് ബഹുമുഖ പ്രവര്‍ത്തന സംവിധാനങ്ങളുള്ള പ്രസ്ഥാനമാണ്. സമ്മര്‍ദ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, പ്രായോഗിക രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, വിദ്യാര്‍ഥി യുവജന സമരങ്ങള്‍ തുടങ്ങി വിവിധങ്ങളായ രീതികള്‍ പരീക്ഷിക്കുന്നുണ്ട്. വ്യക്തിപരമായി ഞാന്‍ വളരെ അധികം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഒരാളല്ല. എന്നാല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം നല്‍കാനും, അവരുടെ കര്‍മശേഷിയും അഭിരുചിയും ഇസ്‌ലാമിക പ്രസ്ഥാനത്തിനനുഗുണമായ രീതിയില്‍ വളര്‍ത്തിയെടുക്കാനും ശ്രദ്ധ ചെലുത്താറുണ്ട്. ശൂറാ-കൂടിയാലോചനാ സമിതി-യില്‍ എന്നേക്കാള്‍ അധികം കഴിവും വിവരവുമുള്ള ആളുകളുണ്ട്. അവരുടെ അഭിപ്രായവും പിന്തുണയും ഏറെ സഹായകമായിട്ടുണ്ട്. സംഘടനാ വളര്‍ച്ച, വിദ്യാഭ്യസ വകുപ്പിന്റെ രൂപവത്കരണം, കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ്, ഡിഫോര്‍ മീഡിയ, ടീന്‍ഇന്ത്യ, പീപ്പിള്‍സ് ഫൗണ്ടേഷന്‍, സംഗമം മള്‍ട്ടീ കോ-ഓപ്പറേറ്റീവ്  സൊസൈറ്റി, ഖുര്‍ആനിന്റെ ഓണ്‍ലൈന്‍ അപ്ലിക്കേഷനുകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയുടെ വളര്‍ച്ചയും മാറ്റവും സ്വാധീനവും, ഇതെല്ലാം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയതിന്റെ ഫലമായി രൂപപ്പെട്ടതാണ്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ഓരോ ടീമിനും നല്‍കിയിരുന്ന സ്വാതന്ത്ര്യമാണ് കൂടുതല്‍ പുതുമയും കാര്യക്ഷമതയുമുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ പ്രാപ്തമാക്കിയത്.

ഈ കാലയളവില്‍ നടപ്പിലാക്കിയ എല്ലാ കാര്യങ്ങളും തീരുമാനങ്ങളും പ്രവര്‍ത്തകരാണ് ഏറ്റെടുത്ത് വിജയിപ്പിച്ചത്. പലതും അവരുടെ ശീലത്തിനും പ്രകൃതത്തിനും വിരുദ്ധമാണെങ്കില്‍ പോലും അമ്പരപ്പിക്കുന്ന അനുസരണ ശീലമാണവര്‍ പ്രകടിപ്പിച്ചത്. അതിന് അവര്‍ നടത്തിയ ശ്രമങ്ങളെയും പ്രാര്‍ഥനകളെയും അഭിനന്ദിച്ചാല്‍ മതിയാവില്ല. എന്നോട് പലരും ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി പിളരാതെ നല്‍ക്കുന്നത് എന്ന്. ഞാന്‍ അവരോടു പറയാറുള്ളത് മൂന്ന് കാര്യങ്ങളാണ്. ഒന്ന്, ജമാഅത്ത് അതിന്റെ അനുയായികളില്‍ ഇസ്‌ലാമിനെ കുറിച്ച വിശാലമായ വീക്ഷണം രൂപപ്പെടുത്തുന്നു. അടിസ്ഥാനങ്ങളെ അടിസ്ഥാനങ്ങളായും ശാഖകളെ ശാഖകളായും കാണാന്‍ പഠിപ്പിക്കുന്നു. ലക്ഷ്യം, ആദര്‍ശം എന്നിവയിലൊഴികെയുള്ള സമീപനങ്ങളിലും നയങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടാകുന്നതിനെ ജമാഅത്ത് അംഗീകരിക്കുകയും ചെയ്യുന്നു. നിസ്സാര കാര്യങ്ങളിലുണ്ടാകുന്ന ആശയ വൈവിധ്യത്തെ ഉള്‍ക്കൊണ്ടു തന്നെ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. രണ്ട്, കൂടിയാലോചനാ തത്ത്വങ്ങള്‍ക്കനുസൃതമായിട്ടാണ് പ്രസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതുകൊണ്ടു തന്നെ ആശയ വൈവിധ്യങ്ങളെ ഒരേ ദിശയില്‍ കേന്ദ്രീകരിക്കാനും നയ വ്യത്യാസങ്ങളോടെ പ്രവര്‍ത്തിക്കാനും സാധിക്കുന്നു. മൂന്നാമതായി, അധികാര മോഹവും സാമ്പത്തിക താല്‍പര്യവുമുള്ളവര്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. അതിന്റെ ലക്ഷണങ്ങളെ ആഭ്യന്തരമായിത്തന്നെ തിരിച്ചറിയുന്ന ജൈവിക ഘടനയാണ് ജമാഅത്തിനുള്ളത്. അതിനാല്‍ വ്യക്തികള്‍ പോയാലും ആരും അവരില്‍ ആകൃഷ്ടരാവുകയോ സ്വയം വിഘടിച്ചു നില്‍ക്കുകയോ ചെയ്യുന്നില്ല.

മറ്റു സംഘടനാ നേതൃത്വങ്ങളുമായുള്ള  താങ്കളുടെ ബന്ധങ്ങള്‍?

ആശയപരമായ വിയോജിപ്പുകള്‍ പുലര്‍ത്തുമ്പോഴും ഊഷ്മളമായ വ്യക്തി ബന്ധങ്ങള്‍ തുടരാന്‍ സാധിച്ചിട്ടുണ്ട്. ജമാഅത്തിന്റെ രാഷ്ട്രീയമായ തീരുമാനങ്ങള്‍ പലതും മുസ്‌ലിം ലീഗിനെ പ്രകോപിപ്പിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ സമയങ്ങളില്‍ പോലും മുസ്‌ലിം ലീഗിലെ ഒട്ടുമിക്ക നേതാക്കളുമായി വ്യക്തി ബന്ധം നിലനിര്‍ത്തിയിരുന്നു. മുജാഹിദ് വിഭാഗങ്ങളിലെ നേതാക്കള്‍, സമസ്തയുടെ നേതാക്കള്‍ എന്നിവരുമായും നല്ല വ്യക്തി ബന്ധമായിരുന്നു. എം.ഇ.എസ്, എം.എസ്.എസ്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ നേതൃത്വവുമായും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഇതര മതങ്ങളിലെ സ്വാമിമാരുമായും പാതിരിമാരുമായും വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ നേതാക്കളുമായും വ്യക്തി ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, കാളമ്പാടി ഉസ്താദ്, എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി, ഉള്ളാള്‍ തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ വിടപറഞ്ഞു പോയ കാലയളവു കൂടിയാണിത്. എ.പിഅബ്ദുല്‍ ഖാദിര്‍ മൗലവിയുടെ കുടുംബം അന്തമാനില്‍ താമസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിയോഗാനന്തരം ഞാന്‍ അന്തമാന്‍ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ഒരു കുടുംബ സദസ്സൊരുക്കിയാണ് എന്നെ സ്വീകരിച്ചത്. ഇത് ഹൃദ്യമായ അനുഭവമായി ഇപ്പോഴും മനസ്സിലുണ്ട്.

ജമാഅത്തിന്റെ നേതൃത്വത്തില്‍ വലിയ പദ്ധതികളും മുന്നേറ്റങ്ങളും നടന്ന കാലയളവാണിത്. മീഡിയാ രംഗത്ത് പുതിയ കാല്‍വെപ്പുകളുമുണ്ടായല്ലോ. കേരളീയ സമൂഹം എങ്ങനെയാണിത് സ്വീകരിച്ചത്? ഒരു ചെറിയ പ്രസ്ഥാനം എന്ന നിലയില്‍ ജമാഅത്ത് ഇത് എങ്ങനെയാണ് സാധ്യമാക്കിയത്?

ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍കാല നേതാക്കള്‍ മാധ്യമം ദിന പത്രത്തിന്റെ കാര്യത്തില്‍ സ്വീകരിച്ച ജാഗ്രതയുടെയും, അത് കേരളം മുഴുവന്‍ എത്തിക്കുന്നതിന് അവര്‍ സഹിച്ച ത്യാഗങ്ങളുടെയും തുടര്‍ച്ചയാണ് മാധ്യമം കുടുംബത്തില്‍ നിന്ന് ഒരു ചാനല്‍ സാധ്യമാക്കിയത്. മാധ്യമത്തിന്റെ ആശയ സ്വാധീനമാണ് ദൃശ്യ മേഖലയില്‍ മീഡിയാ വണിനെ നിലനിര്‍ത്തുന്ന പ്രധാന ഘടകം. ഇതുവരെ ജമാഅത്ത് തുടങ്ങിയ പദ്ധതികളെ മുഴുവന്‍ കവച്ചു വെക്കുന്ന സാമ്പത്തിക-മനുഷ്യ വിഭവ ശേഷികള്‍ ആവശ്യമായിരുന്ന പ്രോജക്ടായിരുന്നു മീഡിയാ വണ്‍. കേരളീയ സമൂഹവും മുസ്‌ലിം സമൂഹം പ്രത്യേകിച്ചും ഈ ചാനലിനെ സ്വീകരിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും ശ്രദ്ധേയമായ ചാനലുകളിലൊന്നായി അത് മാറി. ഗള്‍ഫ് പ്രവാസികളുടെ സ്വന്തം ചാനലെന്ന പേരില്‍ മീഡിയാ വണ്‍ ഗള്‍ഫും പിറന്നു വീണു. വന്‍ സാമ്പത്തിക ബാധ്യതയുള്ള ഈ പദ്ധതിയെ ഓരോ ജമാഅത്തു പ്രവര്‍ത്തകനും സ്വന്തം പദ്ധതിയായി ഏറ്റെടുത്തു. അവരുടെ അനുസരണവും സമര്‍പ്പണവും കൂടുതല്‍ ബോധ്യമായ സന്ദര്‍ഭമായിരുന്നു അത്. അവരുടെ നിസ്വാര്‍ഥമായ പ്രാര്‍ഥനയും അതിനെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ ശക്തിസ്രോതസ്സായി വര്‍ത്തിച്ചിട്ടുണ്ട്. 

രാഷ്ട്രീയ രംഗത്ത് പുതിയ പരീക്ഷണങ്ങളും നയ രൂപീകരണങ്ങളും ഈ കാലയളവില്‍ ജമാഅത്തിന് സാധ്യമായിട്ടുണ്ട്. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്ന നയത്തില്‍ നിന്ന്, സാമ്രാജ്യത്വ- ഫാഷിസ്റ്റ് വിരുദ്ധ സംഘങ്ങളെ പിന്തുണക്കാന്‍ കേന്ദ്ര തലത്തില്‍ തന്നെ ജമാഅത്ത് തീരുമാനമെടുത്തിരുന്നു. കേരളത്തില്‍ ഭരണ മാറ്റം കൊണ്ടുവരാനും കളങ്കിതരായ ആളുകളെ തുറന്നു കാട്ടാനും ജനവിധിയെ പല തലങ്ങളില്‍ സ്വാധീനിക്കാനും ജമാഅത്തിന്റെ രാഷ്ട്രീയ നയങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. നിലവിലുള്ള രാഷ്ട്രീയ സംഘടനകളെ അവലംബിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ഒരു പൊതു പ്ലാറ്റ്‌ഫോം രൂപീകരിക്കാന്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. അതുവഴി സജീവ പ്രായോഗിക രാഷ്ട്രീയത്തിന് തുടക്കമിടാനും വലിയ ജന സ്വാധീനം നേടിയെടുക്കാനും സാധിച്ചു.

പുതിയ ചുമതല ഏറ്റെടുത്ത് കേന്ദ്രത്തിലേക്ക് പോകുന്ന താങ്കള്‍, അഖിലേന്ത്യാ തലത്തിലെ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ കാണുന്നു?

പുതിയ ചുമതല ഏറ്റെടുക്കുന്നതിന് വ്യക്തിപരമായി ഏറെ ബുദ്ധിമുട്ടുകള്‍ എനിക്കുണ്ട്. ജമാഅത്ത് നേതൃത്വത്തോടുള്ള അനുസരണം എന്ന നിലയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമാകാന്‍ ഞാന്‍ തയാറായത്. സആദത്തുല്ല  ഹുസൈനിയെ പോലുള്ള പ്രഗല്‍ഭ വ്യക്തിത്വങ്ങളുടെയും, എഞ്ചിനീയര്‍ സലീം സാഹിബിനെ പോലുള്ള ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ടെക്‌നോക്രാറ്റിന്റെയും കൂടെ ജമാഅത്ത് നേതൃത്വത്തില്‍ - കേരളത്തില്‍ എന്ന പോലെ- ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യയില്‍ ഏറെ പേടിപ്പെടുത്തുന്ന ഒരു ഭരണ മാറ്റമാണ് നടന്നിട്ടുള്ളത്. മത സഹിഷ്ണുതയുടെയും ബഹു വൈവിധ്യങ്ങളുടെയും ഒരു രാജ്യത്തെ നിരോധനങ്ങളുടെ റിപ്പബ്ലിക്കാക്കാനാണ് ഇപ്പോള്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം, വസ്ത്ര ധാരണം, ആരാധനാലയങ്ങള്‍, ഭക്ഷണ ക്രമങ്ങള്‍ ഇവയിലൊക്കെ ഇതു പ്രകടമാവുന്നുണ്ട്. ഓരോ പുതിയ വിവാദങ്ങളിലും ആശങ്കയുളവാക്കുന്ന ഫാഷിസ്റ്റ് ലക്ഷണങ്ങളാണ് മണക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളെയാണ് ഇത് ഏറെ ബാധിക്കുക. ഇന്ത്യയില്‍ ഈ മാറ്റം ആഗ്രഹിക്കാത്തവരാണ് ഭൂരിപക്ഷവും. അവരെപ്പോലും നിശ്ശബ്ദരാക്കുന്ന തരത്തിലാണ് ഭരണ സംവിധാനങ്ങളും ഫാഷിസ്റ്റ് സംഘങ്ങളും പെരുമാറുന്നത്. ഈ സന്ദര്‍ഭത്തില്‍ കേരളത്തില്‍ നിന്ന് ആര്‍ജിച്ചെടുത്ത അനുഭവങ്ങളും പരിചയവും മുന്നില്‍ വെച്ച് ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് ഗുണകരമാവുന്ന ചില നിര്‍ണായക ചുവടുവെപ്പുകള്‍ക്ക് നേതൃത്വം നല്‍കണമെന്നാഗ്രഹിക്കുന്നു. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നേതൃത്വത്തില്‍ തുടങ്ങിവെച്ച വിഷന്‍ 2016 കൂടുതല്‍ വിപുലമായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകും. മുസ്‌ലിം സമൂഹവും മറ്റു ജനവിഭാഗങ്ങളും തമ്മില്‍ സാക്ഷരത, വരുമാനം, തൊഴില്‍, സുരക്ഷിതത്വം, ശുചിത്വം തുടങ്ങിയവയില്‍ വലിയ വിടവാണ് നിലനില്‍ക്കുന്നത്. ഇത് ഇല്ലാതാക്കാനും തുല്യതയിലേക്ക് മുസ്‌ലിം സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും പ്രഥമ പരിഗണന നല്‍കണമെന്നാണ് ആലോചിക്കുന്നത്. മുസ്‌ലിം സമൂഹത്തെ ആത്മ വിശ്വാസമുള്ളവരും ദിശാബോധമുള്ളവരുമാക്കാനുതകുന്ന സേവന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇന്ത്യയില്‍ ആവശ്യമുള്ളത്. അതില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഏറെ ചെയ്യാന്‍ കഴിയും.

വിഷന്‍ 2016 ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വമ്പിച്ച ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ചികിത്സ, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ധാരാളം ഉത്തമ മാതൃകകള്‍ വിഷന്റെ കീഴില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതില്‍ പുതിയ മുന്നേറ്റങ്ങളുണ്ടാക്കാന്‍ ആലോചനയുണ്ടോ?പൊതുസമൂഹം ഇതിനെ എങ്ങനെയാണ് സ്വീകരിച്ചത്?

വിഷന്‍ 2016 ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാന്‍ വിഷന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ മതിയാകും. അടുത്ത 10 വര്‍ഷം വിഷന്‍, മുഴുവന്‍ നന്മേഛുക്കളുടെയും സഹായത്തോടെ പുതിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കും. കേരളീയര്‍ക്ക് വിശേഷിച്ച് മുസ്‌ലിം സമൂഹത്തിന് ഇതില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കും. കേരളീയ മുസ്‌ലിംകളില്‍ വ്യക്തികള്‍ക്ക് മാത്രമല്ല, സ്ഥാപനങ്ങള്‍, സംഘടനകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവക്കും വിഷന്റെ ഓരോ സംരംഭത്തിലും പങ്കുചേരാം. സംഘടനാതീതമായി ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ലഭിക്കാവുന്ന ഈ നേട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ട്രെയ്‌നിംഗും നല്‍കാന്‍ വിഷന്‍ സന്നദ്ധമാകും. 

കേരളത്തില്‍ ജമാഅത്ത് നേടിയെടുത്ത പൊതുസമ്മതി മറ്റു സ്ഥലങ്ങളില്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതിന്റെ കാരണം ജമാഅത്ത് കേരളത്തില്‍ നടത്തിയ മീഡിയാ രംഗത്തെ മുന്നേറ്റമാണ്. കേരളത്തിന് പുറത്തും പത്രമാധ്യമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. ഇതിലൂടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള മുസ്‌ലിം സമൂഹത്തിനും മറ്റുള്ളവര്‍ക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്താനും മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങളെയും അവകാശ നിഷേധങ്ങളെയും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും സാധിക്കും. കേരളത്തില്‍ നിന്ന് ലഭിച്ച മീഡിയാ രംഗത്തെ പരിചയം മുതലെടുത്ത് ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളില്‍ പത്രം തുടങ്ങണമെന്ന സ്വപ്നമുണ്ട്. മനഷ്യാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് സംഘടിതമായി ശബ്ദിക്കാനാവശ്യമായ സംവിധാനങ്ങളെ കുറിച്ചും ആലോചിക്കും. കേരളത്തിലെന്ന പോലെ ടീം വര്‍ക്കിലൂടെ കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മുസ്‌ലിം സംഘടനകള്‍ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും, മതേതര രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് കേരളത്തിന്റെ അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതിനായി മുഴുവന്‍ പ്രവര്‍ത്തകരുടെയും സ്‌നേഹവും പിന്തുണയും സഹകരണവും പ്രാര്‍ഥനയും ആവശ്യപ്പെടുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /19-24
എ.വൈ.ആര്‍