ശഹീദ് ഖമറുസ്സമാന്റെ അവസാന നിമിഷങ്ങള്‍
ശഹീദ് ഖമറുസ്സമാന്റെ
അവസാന നിമിഷങ്ങള്‍
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി ജനറല്‍ ഖമറുസ്സമാനെ തൂക്കിലേറ്റുന്നതിന് മുമ്പ് ഹസീന വാജിദ് ഗവണ്‍മെന്റ് ധാക്ക നഗരത്തിന്റെ സുരക്ഷാ സംവിധാനം അഴിച്ചു പണിതു. ധാക്കയിലും മറ്റു നഗരങ്ങളിലും രണ്ട് ലക്ഷത്തിലധികം സുരക്ഷാ സൈനികരെയാണ് വിന്യസിച്ചത്. ധാക്കയില്‍ മാത്രം 3000 സൈനികരെയും സിവില്‍ വേഷത്തിലുള്ള 5000 സായുധ സൈനികരെയും പതിനായിരം വരുന്ന റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനെയും മുപ്പതിനായിരം പോലീസുകാരെയും ഒരുക്കി നിര്‍ത്തി. ജമാഅത്തെ ഇസ്‌ലാമിയുടെയോ ബി.എന്‍.പിയുടെയോ ഇസ്‌ലാമി ഛാത്ര ശിബ്‌റിന്റെയോ ആളുകളെ കണ്ടാല്‍ അറസ്റ്റ് ചെയ്യാനും ചെറുക്കുകയാണെങ്കില്‍ വെടിവെക്കാനുമായിരുന്നു അവര്‍ക്ക് നല്‍കിയ ഉത്തരവ്.
* * * *
മൂന്ന് ആവശ്യങ്ങളാണ് ഖമറുസ്സമാന്‍ തന്റെ അവസാനത്തെ ആഗ്രഹങ്ങളായി ജയിലധികൃതര്‍ക്ക് മുമ്പില്‍ വെച്ചത്. ഒന്ന്, തന്നെ തൂക്കിലേറ്റുന്നത് വെള്ളിയാഴ്ചയായിരിക്കണം. രണ്ട്, തന്റെ കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കണം. മൂന്ന്, രക്തസാക്ഷികളെ ചെയ്യുന്നത് പോലെ തൂക്കിലേറ്റപ്പെട്ടപ്പോഴുള്ള വസ്ത്രത്തില്‍ തന്നെ മറമാടണം.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും 23 ബന്ധുക്കളും ധാക്ക സെന്‍ട്രല്‍ ജയിലിലെത്തി. എല്ലാം സഹിക്കണമെന്നും സത്യമാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കമെന്നും അദ്ദേഹം അവരെ ഉദ്‌ബോധിപ്പിച്ചു; തനിക്ക് രക്തസാക്ഷിത്വം ലഭിച്ചതിന്റെ നന്ദിസൂചകമായി നമസ്‌കാരം നിര്‍വഹിക്കണമെന്നും.
* * * *
ധാക്ക സെന്‍ട്രല്‍ ജയിലില്‍ മഗ്‌രിബ് നമസ്‌കാരത്തിനു ശേഷം ഖമറുസ്സമാന്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്ന അവസാന ലഘുഭക്ഷണം കഴിച്ചു. ശേഷം ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകി. പിന്നെ പ്രത്യേകം സുന്നത്ത് നമസ്‌കാരങ്ങള്‍. ഇശാ നമസ്‌കാരം കഴിഞ്ഞ് വീണ്ടും ഖുര്‍ആന്‍ പാരായണത്തിലേക്ക്. രാത്രി ഒമ്പതരയായപ്പോള്‍ ജയിലര്‍ ഫര്‍മാന്‍ അലി തൂക്കുകയറൊരുക്കാന്‍ സമയമായെന്ന് വിളിച്ചു പറഞ്ഞു. അപ്പോഴേക്കും ജയില്‍ പളളിയിലെ ഇമാമും എത്തി. അദ്ദേഹം ഖമറുസ്സമാനോട് പറഞ്ഞു: ''ചെയ്ത പാപങ്ങള്‍ക്ക് പൊറുക്കലിനെ തേടൂ.'' മറുപടിയായി ഖമറുസ്സമാന്‍ പറഞ്ഞു: ''ഞാന്‍ ജീവിതകാലം മുഴുവന്‍ രക്ഷിതാവിനോട് പാപമോചനം തേടിയാണ് കഴിച്ചുകൂട്ടിയത്.''
തൂക്കുമരത്തിലേക്ക് നടക്കുമ്പോള്‍ അദ്ദേഹം ഉച്ചത്തില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ പാരായണം ചെയ്യുന്നുണ്ടായിരുന്നു. രക്തസാക്ഷികളെക്കുറിച്ച ഖുര്‍ആന്‍ വാക്യങ്ങള്‍ ആയിരുന്നു അവ. തൂക്കുകയര്‍ കണ്ണില്‍ പെട്ടപ്പോള്‍ അദ്ദേഹം തൂക്കുകയറൊരുക്കിയ പ്‌ളാറ്റ്‌ഫോമിലേക്ക് ഓടിക്കയറി. കൊലക്കയറില്‍ സ്വര്‍ഗം കാണുന്ന പോലെയായിരുന്നു അദ്ദേഹത്തിന്റെ ചലനങ്ങള്‍. അനുഗമിക്കുന്ന ഡോക്ടറും ജയിലറും മറ്റു സുരക്ഷാ സൈനികരും അദ്ദേഹത്തിനൊപ്പമെത്താന്‍ പണിപ്പെട്ടു. 'മരണത്തിലേക്ക് ഓടിക്കയറുന്ന ഒരാളെ' തങ്ങള്‍ ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് ജയിലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു... രാത്രി 10:10-ന് ആ ത്യാഗിയുടെ ആത്മാവ് രക്ഷിതാവിലേക്ക് പറന്നുയര്‍ന്നു. ഷേര്‍പൂര്‍ ഉപജില്ലയില്‍ താന്‍ സ്ഥാപിച്ച യതീംഖാനയുടെ അങ്കണത്തില്‍ തന്നെ മറമാടണമെന്നായിരുന്നു ഖമറുസ്സമാന്റെ വസ്വിയ്യത്ത്. ആയിരക്കണക്കിന് അനാഥമക്കളുടെ പ്രാര്‍ഥനകളോടെ ഭൗതിക ശരീരം മണ്ണിലേക്ക്. ധാരാളമാളുകള്‍ വിവരമറിഞ്ഞ് മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അങ്ങോട്ട് കുതിച്ചെങ്കിലും പോലീസും പട്ടാളവും അവരെ അടിച്ചോടിച്ചു.
* * * *
ഖമറുസ്സമാന്റെ ഭാര്യ നൂറുന്നഹാര്‍, ആണ്‍ മക്കളായ ഹസന്‍ ഇമാം, ഹസന്‍ ഇഖ്ബാല്‍, മഹ്ദി ഹസന്‍, അഹ്മദ് ഹസന്‍, മകള്‍ അത്വിയ്യ നൂറ, സഹോദരന്‍ ഖമറുസ്സലാം, സഹോദരി ആഫിയ നൂര്‍ ഇവരെല്ലാം ദൃഢനിശ്ചയത്തോടെ ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ട്- ഈ രക്തസാക്ഷിത്വം വെറുതെയാവില്ല. നീതിയെയും ജനാധിപത്യത്തെയും കുഴിച്ചുമൂടിക്കൊണ്ടിരിക്കുന്ന ഹസീന വാജിദ് ഇതിന് വലിയ വില നല്‍കേണ്ടിവരും.
* * * *
പാകിസ്താനില്‍ നിന്നിറങ്ങുന്ന ജസാറത്ത് ഫ്രൈഡേ സ്‌പെഷ്യല്‍ വാരിക (ഏപ്രില്‍ 30)യില്‍ വിവിധ പത്രങ്ങളെയും ടി.വി ചാനലുകളെയും ഉദ്ധരിച്ചു കൊണ്ട് അബൂ അബ്ദുസ്സലാം അഹ്മദ് എഴുതിയ ദീര്‍ഘ ലേഖനത്തില്‍ നിന്നുള്ളതാണ് മേല്‍ കൊടുത്ത വിവരണങ്ങള്‍.
മുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതിരുന്നാല്‍
പാകിസ്താനില്‍ ഈയിടെ നടന്ന ഒരു പാര്‍ലമെന്റ് ഉപതരെഞ്ഞെടുപ്പ് വേണ്ടതിലധികം ശ്രദ്ധ പിടിച്ചുപറ്റി. കറാച്ചിയിലെ എന്‍.എ- 246 എന്ന മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ്. അല്‍ത്വാഫ് ഹുസൈന്‍ നയിക്കുന്ന മുത്തഹിദ ഖൗമീ മൂവ്‌മെന്റി(എം.ക്യു.എം)ന്റെ ശക്തി കേന്ദ്രങ്ങളിലൊന്ന്. ഇവിടെ അട്ടിമറി നടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ മുഖ്യ കക്ഷികളായ പീപ്പ്ള്‍സ് പാര്‍ട്ടിയോ നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗോ ഇവിടെ സ്ഥാനാര്‍ഥികളെ പോലും നിര്‍ത്തിയിരുന്നില്ല. എം.ക്യു.എമ്മിന് പ്രതീക്ഷിച്ചതില്‍ കവിഞ്ഞ വിജയം നേടാനാവുകയും ചെയ്തു. എം.ക്യു.എമ്മിന്റെ സയ്യിദ് നദീം ഹൈദര്‍ തൊണ്ണൂറ്റി അയ്യായിരം വോട്ട് നേടിയപ്പോള്‍, മുഖ്യ എതിരാളിയായ ഇംറാന്‍ഖാന്റെ ഇന്‍സാഫ് പാര്‍ട്ടിക്ക് ഇരുപത്തിയയ്യായിരം വോട്ട് മാത്രമേ നേടാനായുള്ളൂ. മൂന്നാം സ്ഥാനത്ത് ജമാഅത്തെ ഇസ്‌ലാമിയാണ്- ഒമ്പതിനായിരം വോട്ട്.
'മുഹാജിറസത്തിന്റെ തിരിച്ചു വരവ്' എന്നാണ് ഒരു പാക് പത്രം ഈ വിജയത്തെ വിശേഷിപ്പിച്ചത്. വിഭജനകാലത്ത് ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തവര്‍ (മുഹാജിറുകള്‍) ധാരാളമായി അധിവാസമുറപ്പിച്ചത് കറാച്ചിയിലായിരുന്നു. പല നിലയില്‍ അവഗണന നേരിടുന്ന, ഉര്‍ദു സംസാരിക്കുന്ന ഈ മുഹാജിര്‍ വിഭാഗത്തിന് വേണ്ടി ശബ്ദിച്ചുകൊണ്ടാണ് അല്‍ത്വാഫ് ഹുസൈന്‍ രംഗത്ത് വരുന്നത്. തുടക്കത്തില്‍ അല്‍ത്വാഫിന്റെ സംഘടനയുടെ പേര് മുഹാജിര്‍ ഖൗമീ മൂവ്‌മെന്റ് എന്നായിരുന്നു. വിഭാഗീയത സൃഷ്ടിക്കുന്നു എന്ന ആരോപണം ശക്തമായപ്പോഴാണ് മുഹാജിര്‍ മാറ്റി മുത്തഹിദ എന്നാക്കിയത്. എം.ക്യു.എം എന്ന ചുരുക്കപ്പേര് മാറ്റേണ്ടതായും വന്നില്ല. ഗുണ്ടായിസവും അധോലോകവുമൊന്നും എം.ക്യൂ.എമ്മിന് പുത്തരിയല്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ നടന്ന മേഖലയാണ് കറാച്ചി. കൃത്രിമം കാണിച്ചവര്‍ എം.ക്യു.എമ്മുകാരാണെന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമൊന്നുമില്ല.
ഇടക്കാലത്ത് ഒട്ടനവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതും എം.ക്യു.എമ്മിന് ക്ഷീണമായി. അതുകൊണ്ട് തന്നെ ദേശീയ തലത്തില്‍ ഒരു ചലനവുമുണ്ടാക്കാത്ത ഈ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അല്‍ത്വാഫ് ഹുസൈന്‍ തന്നെ നേരിട്ട് ഗോദയിലിറങ്ങി ഒരുപാട് വിയര്‍ത്തിട്ടുണ്ട്. ഇടക്കാലത്ത് എം.ക്യു.എമ്മിനുണ്ടായ മാറ്റങ്ങള്‍ കണക്കിലെടുക്കാത്തത് പ്രതിപക്ഷത്തിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുകയും ചെയ്തു. മണ്ഡലത്തിലെ ബഹുഭൂരിഭാഗം മധ്യ വര്‍ഗങ്ങളുടെയും വിശ്വാസമാര്‍ജിക്കാനും ഗുണ്ടാസംഘം എന്ന ദുഷ്‌പേര് കുറെയൊക്കെ കഴുകിക്കളയാനും ഈ ഉപതെരഞ്ഞെടുപ്പോടെ എം.ക്യു.എമ്മിന് കഴിഞ്ഞു. കറാച്ചിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതും അവര്‍ക്ക് മുതല്‍ക്കൂട്ടായി. മിക്ക പൊതുപ്രശ്‌നങ്ങളിലും ഒരേ അഭിപ്രായമുള്ള ഇന്‍സാഫ് പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയും മുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതെ വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എം.ക്യു.എമ്മിന് കാര്യങ്ങള്‍ എളുപ്പമാക്കി. പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്തിയിരുന്നെങ്കില്‍ നല്ലൊരു പോരാട്ടമെങ്കിലും കാഴ്ചവെക്കാമായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലേക്കും ഈയിടെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. 42 കന്റോണ്‍മെന്റുകളിലായി (രാജ്യരക്ഷാ വകുപ്പിന്റെ കീഴിലുള്ളത്) 199 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഏറക്കുറെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമായിരുന്നു. ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗ്- 68 സീറ്റ്. രണ്ടാം സ്ഥാനക്കാരായ ഇന്‍സാഫ് പാര്‍ട്ടിക്ക് 43 സീറ്റ്. എം.ക്യു.എമ്മിന് 19ഉം പീപ്പ്ള്‍സ് പാര്‍ട്ടിക്ക് ഏഴും ജമാഅത്തെ ഇസ്‌ലാമിക്ക് ആറും സീറ്റുകള്‍. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 54 സീറ്റുകളില്‍ വിജയിച്ചു. പ്രമുഖ കക്ഷികളിലൊന്നായ പീപ്പ്ള്‍സ് പാര്‍ട്ടിയോട് കിടപിടിക്കാന്‍ പോന്ന പ്രകടനം കാഴ്ച വെച്ച ജമാഅത്തെ ഇസ്‌ലാമി, സിറാജുല്‍ ഹഖ് എന്ന യുവ നേതാവിന് കീഴില്‍ വരും തെരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടമുണ്ടാക്കുമെന്ന് കരുതുന്നവരുണ്ട്; മുന്നണി സംവിധാനത്തിന്റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് മാത്രം.
Comments