Prabodhanm Weekly

Pages

Search

2015 മെയ്‌ 15

ദേശങ്ങളുടെ മാതാവ്

ഇബ്‌നു ബത്വൂത്വ /യാത്ര-2

         അലക്‌സാണ്ടറിയയില്‍ നിന്ന് 'അശ്‌മോന്‍ റുമ്മാന്‍' നഗരത്തിലേക്കാണ് യാത്ര തിരിച്ചത്. അവിടത്തെ നിവാസികളില്‍ ഭൂരിപക്ഷവും റോമക്കാരാണ്. അതുകൊണ്ടാണ് റോമക്കാരുടെ അശ്‌മോന്‍ എന്നര്‍ഥത്തിലുള്ള 'അശ്‌മോന്‍ റുമ്മാന്‍' എന്ന് ആ പട്ടണത്തിന് പേര്‍ ലഭിച്ചത്. മിസ്വ്‌റിലേക്കുള്ള വഴി അതിലൂടെയാണ്. നൈല്‍ കടലിടുക്കിലുള്ള പുരാതനമായൊരു വലിയ പട്ടണമാണത്. അവിടെ ഒരു മരപ്പാലമുണ്ട്. ജലയാനപാത്രങ്ങള്‍ അവിടെ അടുപ്പിക്കുന്നു. വൈകുന്നേരമാകുമ്പോള്‍ ആ പാലം പൊന്തിക്കും. അപ്പോള്‍ ജലവാഹനങ്ങള്‍ പൊങ്ങിയും താണും അതിലൂടെ കടന്ന് പോകും. അവിടെ ഒരു ചീഫ് ജസ്റ്റിസും ഗവര്‍ണര്‍മാരുടെ തലവനുമുണ്ട്. 

അവിടെ നിന്ന് ഞാന്‍ സമന്നൂദിലേക്ക് പുറപ്പെട്ടു. നൈലിന്റെ തീരത്താണ് അത് സ്ഥിതിചെയ്യുന്നത്. അവിടെ ഒരുപാടു വാഹനങ്ങളുണ്ട്; നല്ലൊരു ചന്തയും. അവിടന്ന് നാലു ഫര്‍സഖ് ദൂരെയാണു മഹല്ലത്തുല്‍ കുബ്‌റ. സമന്നൂദില്‍ നിന്ന് നൈലിലൂടെ വാഹനമേറിയാണ് ഞാന്‍ മിസ്വ്‌റി1ലേക്ക് പുറപ്പട്ടത്. അതിനിടയില്‍ പരസ്പരം കോര്‍ത്തു വച്ച പോലെ കുറേ പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ട്. നൈലില്‍ യാത്ര ചെയ്യുന്നവന്‍ പാഥേയം കൂടെ കരുതേണ്ട ആവശ്യമില്ല. അംഗശുദ്ധി(വുദു)വരുത്താനും നമസ്‌കരിക്കാനും ആഹാരം വാങ്ങാനുമൊക്കെ എപ്പോള്‍ വേണമെങ്കിലും കരക്കിറങ്ങാം. അലക്‌സാണ്ടറിയ മുതല്‍ മിസ്വ്ര്‍ വരെ ശൃംഖലിതമായ ചന്തകളാണ്. 

അസ്‌വാനും സ്വഈദും തരണം ചെയ്താണു മിസ്വ്‌റിലെത്തുന്നത്. 'ദേശങ്ങളുടെ മാതാവ്'(ഉമ്മുല്‍ ബിലാദ്)എന്നറിയപ്പെടുന്ന, മഹാശക്തന്മാരായ ഫറോവമാര്‍ വാണരുളിയ ഈജിപ്ത്. വിസ്തൃതമായ പ്രവിശ്യകള്‍. സസ്യശ്യാമള കോമള പ്രദേശങ്ങള്‍. നയനാഭിരാമം ചാര്‍ത്തുന്ന സൗധങ്ങളുടെ അനന്ത ശൃംഖലകള്‍. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും സംഗമഭൂമി. സമ്പന്നനും ദരിദ്രനും ബലവാനും ബലഹീനനുമൊക്കെ അവിടെ യാത്ര ചെയ്‌തെത്തുന്നു. പണ്ഡിതനും പാമരനും ഗൗരവ ബുദ്ധികളും നര്‍മഭാഷികളും വിവേകിയും അവിവേകിയും ഉന്നതനും അധമനും ശിഷ്ടനും ദുഷ്ടനുമെല്ലാം അവിടെ പുലരുന്നതായി നിങ്ങള്‍ക്ക് കാണാം. ജനം സാഗരസമാനം തിരതല്ലുകയാണവിടം. വിസ്തൃതിയും സംവിധാന സൗകര്യവുമൊക്കെയുണ്ടെങ്കിലും ജനബാഹുല്യത്താല്‍ ഇടുങ്ങിയ അവസ്ഥയാണ്. ഒരു കാലത്തും വാടാത്ത കാരുണ്യത്തെഴുപ്പ്. അതിന്റെ ഭാഗ്യതാരകത്തിന് സ്ഥാനചലനമില്ല. ജനതതികളെ അത് കീഴടക്കി. അറബികളും അനറബികളും അവിടത്തെ രാജാക്കന്മാരുടെ മുഷ്ടിയിലൊതുങ്ങി. നൈല്‍ നദി അതിന് സവിശേഷ മഹിമ നല്‍കി. അന്യ നാടുകളുടെ ഹസ്തങ്ങളില്‍ നിന്ന് നൈല്‍ അതിന് സംരക്ഷണം നല്‍കി. മിടുക്കനായ സഞ്ചാരിക്ക് അവിടെ എത്തിപ്പെടണമെങ്കില്‍ ഒരു മാസത്തെ വഴി താണ്ടണം. പരദേശികള്‍ക്കും അന്യത്വം തോന്നാത്ത ഉദാരമായ മണ്ണ്. ഈജിപ്തിനെക്കുറിച്ച് ഒരു കവി പാടിയത് ഇബ്‌നു ജസ്‌യ് ഉദ്ധരിക്കുന്നു. 

ഇല്ലെങ്ങുമില്ലെങ്ങുമീജിപ്തിനു തുല്യം
മറ്റൊരു പട്ടണം സത്യമിത് നൂനം
ഈ ലോക സ്വര്‍ഗമീ ഭൂതലം സ്ത്രീകളോ
സ്വര്‍ഗീയ ഹൂറികള്‍ കുഞ്ഞുങ്ങളുമതെ
ഇവിടത്തെ തോപ്പുകള്‍ ഫിര്‍ദൗസിനു സമം
കൗസറായല്ലേയൊഴുകുന്നു നൈല്‍ നദി

ഒട്ടകപ്പുറത്ത് കുടിനീര്‍ വിതരണം ചെയ്യുന്ന പന്ത്രണ്ടായിരം ആളുകളുണ്ടത്രേ ഈജിപ്തില്‍. കൃഷികള്‍ക്കായി മുപ്പതിനായിരം വെള്ളം തേവികളുണ്ട്. നൈലില്‍ സുല്‍ത്താന്നും സ്വകാര്യ വ്യക്തികള്‍ക്കുമായി മുപ്പത്തി ആറായിരം ജല യാനപാത്രങ്ങളുണ്ട്. വിവിധതരം ചരക്കുകളും സാധന സാമഗ്രികളുമായി അവ സ്വഈദിലേക്ക് കയറിപ്പോവുകയും അലക്‌സാണ്ടറിയ, ദിംയാത്വ് എന്നിവിടങ്ങളിലേക്ക് ഇറങ്ങി വരികയും ചെയ്യുന്നു. നൈലിന്റെ തീരത്ത് ഈജിപ്ത് പട്ടണത്തിന് അഭിമുഖമായി 'റൗദ' എന്ന പേരിലറിയപ്പെടുന്ന ഒരു നന്ദനോദ്യാനമുണ്ട്. ജനം ഉല്ലസിക്കാനും വിശ്രമിക്കാനും അവിടെ ഒത്ത് ചേരുന്നു. വേറെയുമുണ്ട് മനോഹരങ്ങളായ ഒട്ടേറെ പാര്‍ക്കുകള്‍. ഈജിപ്തുകാര്‍ പൊതുവെ ഉല്ലാസ പ്രിയരും വിനോദ ഭ്രമക്കാരുമാണ്. ഈ ഉല്ലാസ മഹോത്സവങ്ങളിലൊന്നിന് ഒരിക്കല്‍ ദൃക്‌സാക്ഷിയാകാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. കൈയൊടിഞ്ഞ അന്നാസിര്‍ രാജാവിന് സുഖമായതിനോടനുബന്ധിച്ച് നടന്നതായിരുന്നു ആ ആഘോഷ പരിപാടി. കച്ചവടക്കാര്‍ ബസാറിലെ കടകള്‍ മുഴുവന്‍ അലങ്കരിച്ചു. കടകളില്‍ പട്ടു തുണികളും ആഭരണങ്ങളും വര്‍ണക്കടലാസ് തോരണങ്ങളും തൂക്കി ദിവസങ്ങളോളം അവരത് ശരിക്കും ആഘോഷിക്കുകയുണ്ടായി. 

പുണ്യ ഖബ്‌റിസ്താന്‍

ഗംഭീരമായൊരു ശ്മശാനം ഈജിപ്തിലുണ്ട്. ജനം പുണ്യം തേടുന്ന ഖബ്‌റിസ്താന്‍. അതിന്റെ ശ്രേഷ്ഠതയെ കുറിച്ച് നബിയുടെ സമകാലീന ശിഷ്യന്മാരുടെ പിന്‍തലമുറയില്‍ നിന്ന് ഖുര്‍ത്വുബി ചില വര്‍ത്തമാനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കാരണം, അല്ലാഹു സ്വര്‍ഗ പൂങ്കാവനമാക്കുമെന്ന് വാഗ്ദാനം ചെയ്ത മുഖത്വം പര്‍വത നിരകളിലൊരു ഭാഗത്താണ് അത് സ്ഥിതി ചെയ്യുന്നത്. ഈ ശ്മശാനത്തില്‍ മനോഹരമായ ഗോപുരങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ചുറ്റുമതിലുകള്‍ക്കകത്ത് അവ വീടുകളെ പോലെ തോന്നും. പാര്‍പ്പിടങ്ങളും അവിടെ പണിതതായി കാണാം. രാപ്പകലുകള്‍ കര്‍ണാനന്ദകരമായ സ്വരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരെയും അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്മശാനത്തിന്റെ ഒരു ഭാഗത്ത് പാഠശാലയും സ്വൂഫീ മഠവും നിര്‍മ്മിച്ച് വച്ചതായി കാണാം. എല്ലാ വെള്ളിയാഴ്ച രാവിലും കുട്ടികളെയും പെണ്ണുങ്ങളെയുമായി ആളുകള്‍ അവിടെ രാപ്പാര്‍ക്കാന്‍ പോകുന്നു. പലമാതിരി ആഹാര പദാര്‍ഥങ്ങളുമായി അവര്‍ അങ്ങാടികളില്‍ ചുറ്റിത്തിരിയുന്നു. 

ഹസ്രത്ത് ഹുസൈന്റെ ശിരസ്സ് മറവ് ചെയ്ത ശവകുടീരം ഏറ്റവും പുണ്യമുള്ള ഖബറിടങ്ങളിലൊന്നാണ്. ജനങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ അത് പ്രമുഖ സ്ഥാനത്ത് നില്‍ക്കുന്നു. അതി വിചിത്രമായ ഒരു ഗംഭീരന്‍ സത്രം അവിടെയുണ്ട്. അതിന്റെ വാതിലുകളിലും ഫലകങ്ങളിലുമൊക്കെ വെള്ളി വലയങ്ങള്‍ കാണാം. വലിയ ആദരണീയ സ്ഥാനമലങ്കരിക്കുന്ന സ്ഥലമാണിത്. ഹസന്‍ ബിന്‍ അലിയുടെ മകള്‍ നഫീസ ബീവിയുടെതാണ് മറ്റൊരു ഖബറിടം. വലിയ ഭക്തയായിരുന്ന അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹുവിങ്കല്‍ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. അതിമനോഹരവും പ്രഭാപൂരിതവുമാണ് ഈ മൃതകുടീരം. അതിനുമുണ്ട് ഒരു സത്രം. ഇമാം ശാഫിയുടെ ഖബ്‌റിടം സ്ഥിതി ചെയ്യുന്നതും ഇവിടെ തന്നെ. ഒരു കൂറ്റന്‍ മന്ദിരം അതിനുണ്ട്. ഉത്തുംഗവും അത്യന്തം അനുപമമാം വിധം ഭദ്രസുന്ദരവുമാണ് അതിന്റെ ഗോപുരം. മുന്നൂറു മുഴത്തിലേറെ വിസ്തൃതിയുണ്ടതിന്. എണ്ണിക്കണക്കാക്കാനാകാത്തത്ര പുണ്യാത്മാക്കളുടെയും പണ്ഡിതന്മാരുടെയും ഖബ്‌റിടങ്ങള്‍ ഈ ശ്മശാനത്തിലുണ്ട്. ഒട്ടനവധി സ്വഹാബികളുടെയും പണ്ഡിതന്മാരുടെയും  ഖബ്‌റിടങ്ങള്‍ ഇതിനു പുറമെയാണ്. അബ്ദുര്‍റഹ്മാന്‍ ബിന്‍ അല്‍ ഖാസിം, അശ്ഹബ് ബിന്‍ അബ്ദുല്‍ അസീസ്, അസ്ബഗ് ബിന്‍ അല്‍ ഫര്‍ജ്, അബ്ദുല്‍ ഹകീമിന്റെ രണ്ട് പുത്രന്മാര്‍, അബ്ദുല്‍ ഹകം, അബുല്‍ ഖാസിം ബിന്‍ ശഅ്ബാന്‍, അബൂ മുഹമ്മദ്, അബ്ദുല്‍ വഹാബ് തുടങ്ങി പൂര്‍വഗാമികളുടെയും പിന്‍ഗാമികളുടെയും ആദ്യ തലമുറയില്‍ പെട്ടവരുടെ ആന്ത്യവിശ്രമ ഗേഹങ്ങളും അതില്‍ പെടുന്നു. പക്ഷേ, അവക്കൊന്നും അത്ര പ്രസിദ്ധിയില്ല. അവരില്‍ താല്‍പര്യമുള്ളവര്‍ക്കൊഴികെ മറ്റാര്‍ക്കും അവരെ അറിയുകയുമില്ല. ഇമാം ശാഫിഈയുടെ പ്രസിദ്ധിക്ക് സഹായകമായത് അദ്ദേഹത്തിന്റെ തന്നെ കഠിനാധ്വാനങ്ങളുടെ സംഭാവനകളാണ്; പിന്നെ ജീവിത കാലത്തും മരണകാലത്തും ഒപ്പമുണ്ടായിരുന്നവരും ശിഷ്യന്മാരും. അതിനാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ സ്വന്തം വാക്കുകള്‍ പുലര്‍ന്നു. 

എത്രമേലപ്രാപ്യമെങ്കിലും കാര്യങ്ങള്‍
പ്രാപ്യമാക്കീടാം പരിശ്രമിച്ചീടുകില്‍
ബന്ധിതമായിക്കിടക്കും കവാടങ്ങ-
ളൊക്കെ തുറന്നിടാമൊന്ന് ശ്രമിക്കുകില്‍

കടലെന്ന നദി

ഭൂമിയിലെ സമസ്ത നദികളെയും മികച്ചു നില്‍ക്കുന്നതാണു ഈജിപ്തിലെ നൈല്‍. അതിന്റെ വിസ്തൃതി, നേട്ടങ്ങളുടെ മഹത്വം, വെള്ളത്തിന്റെ ഹൃദ്യമായ രുചി- ഇവക്കൊന്നും തുല്യതയില്ല. അതിന്റെ രണ്ടു കരയിലും സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കുമൊക്കെ ഒരു ക്രമവും വ്യവസ്ഥയുമുണ്ട്. ലോകത്തൊരിടത്തും അതിന് സമാനതകളില്ല. നൈല്‍ തടം പോലെ കൃഷി സമൃദ്ധമായ മറ്റൊരു നദീ തടവുമില്ല. ഭൂമുഖത്ത് കടല്‍ എന്ന പേരിലറിയപ്പെടുന്ന ഒരേയൊരു നദിയാണിത്. മൂസാ നബി ജനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഉമ്മയ്ക്ക് ഫറോവയില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ അല്ലാഹു ഇങ്ങനെ ഒരു ഉള്‍വിളി നല്‍കി. ''അവനെ ചൊല്ലി നിനക്ക് ആശങ്കയുണ്ടെങ്കില്‍ അവനെ 'യമ്മി'ല്‍ ഒഴുക്കി കളയുക''. യമ്മ് എന്നാല്‍ കടല്‍ എന്നാണര്‍ത്ഥം. പ്രബലമായ ഒരു നബിവചനത്തില്‍ ഇങ്ങനെ വന്നിട്ടുണ്ട്. രാപ്രയാണ വേളയില്‍ ആകാശാരോഹണത്തിനിടെ നബി 'സിദ്‌റത്തുല്‍ മുന്‍തഹാ'യിലെത്തിയപ്പോള്‍ നാലു നദികളുടെ ഉത്ഭവ സ്ഥാനങ്ങള്‍ അവിടെ കണ്ടു. അവയില്‍ രണ്ടു നദികള്‍ ഗോചരവും രണ്ടു നദികള്‍ അഗോചരങ്ങളുമായിരുന്നു. അവയെ കുറിച്ച് നബി ജിബ്‌രീല്‍ മാലാഖയോട് ചോദിച്ചു. അപ്പോള്‍ മാലാഖ പറഞ്ഞു:അഗോചരമായ രണ്ടു നദികള്‍ സ്വര്‍ഗത്തിലാണ്.  നൈലും യൂഫ്രട്ടീസുമാണ് ഗോചരമായ രണ്ട് നദികള്‍.  നൈലും യൂഫ്രട്ടീസും സൈഹൂനും ജൈഹൂനുമെല്ലാം സ്വര്‍ഗീയ നദികളാണെന്ന് മറ്റൊരു നബി വചനത്തിലുമുണ്ട്. ഇതര നദികളില്‍ നിന്ന് ഭിന്നമായി തെക്ക് നിന്ന് വടക്കോട്ടാണ് നൈലിന്റെ ഒഴുക്ക്. സാധാരണ നദികളൊക്കെ വറ്റിവരളുന്ന ഉഷ്ണകാലത്താണ് അതിന്റെ നീരൊഴുക്ക് ശക്തം എന്നതാണ് ഈ നദിയുടെ അത്ഭുതങ്ങളിലൊന്ന്. ഇതര നദികളില്‍ വെള്ളം കൂടുമ്പോള്‍ അതിലെ വെള്ളം കുറയുകയും ചെയ്യുന്നു. സിന്ധു നദിയും ഇത് പോലെയാണ്. ജൂണ്‍മാസമാണ് നൈലിലെ വെള്ളം വര്‍ദ്ധിക്കാന്‍ തുടങ്ങുക. അത് പതിനാറ് മുഴമെത്തിയാല്‍ സുല്‍ത്താന്റെ നികുതി ശേഖരം പൂര്‍ണമാകും. അപ്പോള്‍ അക്കൊല്ലത്തെ വിളകള്‍ സമൃദ്ധമാകുന്നു. എന്നാല്‍ ജലനിരപ്പു പിന്നെയും കൂടി പതിനെട്ടു മുഴമെത്തിയാല്‍ നഷ്ടമായിരിക്കും ഫലം. കാരണം അതോടെ വിളനാശം സംഭവിക്കുകയും ദുരിതങ്ങള്‍ക്കിടയാവുകയും ചെയ്യുന്നു. ജലനിരപ്പ് 16 മുഴത്തില്‍ ഒരു മൂഴം കുറയുമ്പോള്‍ സുല്‍ത്താന്റെ നികുതി ശേഖരത്തിലും കുറവുണ്ടാകുന്നു. രണ്ട് മുഴം കുറയുമ്പോള്‍ ജനം മഴക്ക് പ്രാര്‍ഥിക്കുന്നു. അത്തരം സന്ദര്‍ഭത്തില്‍ ദുരിതങ്ങളുടെ കാഠിന്യവും കൂടും. ലോകത്തിലെ അഞ്ച് മഹാനദികളിലൊന്നാണ് നൈല്‍. യൂഫ്രട്ടീസ്, ടൈഗ്രീസ്, സൈഹൂന്‍, ജൈഹൂന്‍ എന്നിവയാണ് മറ്റ് നാല് നദികള്‍. സമാനമായ അഞ്ചു നദികള്‍ വേറെയുമുണ്ട്. പഞ്ചനദി(പഞ്ചാബ്) എന്നറിയപ്പെടുന്ന സിന്ധു നദിയാണ് ഒന്ന്. ഗംഗ എന്നറിയപ്പെടുന്ന ഇന്ത്യന്‍ നദിയാണ് മറ്റൊന്ന്. ഹിന്ദുക്കളുടെ തീര്‍ത്ഥാടന കേന്ദ്രമാണിത്. അവര്‍ ശവം ദഹിപ്പിച്ചാല്‍ ചിതാഭസ്മം ഈ നദിയിലാണ് ഒഴുക്കുക. സ്വര്‍ഗത്തില്‍ നിന്നുള്ള നദിയാണിതെന്നാണ് അവര്‍ പറയുന്നത്. ഇന്ത്യയിലെ ജൂന്‍2 നദിയും ഇക്കൂട്ടത്തില്‍ പെടുന്നു. ഖഫിജ്ഖ്  മരുഭൂമി3യിലെ അതില്‍4 നദിയാണ് മറ്റൊന്ന്. ഇതിന്റെ തീരത്താണ് സറാ പട്ടണം. അര്‍ദുല്‍ ഖത്വായിലെ5 സര്‍വ് നദിയും ഈ ഗണത്തില്‍ വരും. അതിന്റെ തീരത്താണ് ഖാന്‍ ബാലിഖ്6 നഗരം. ഖന്‍സാ നഗരത്തിലേക്കും സൈത്തൂന്‍ സിറ്റി7യിലേക്കും ഇവിടെ നിന്നാണ് അത് ഒഴുകിയെത്തുന്നത്. 

നൈല്‍ ഈജിപ്ത് പട്ടണത്തില്‍ നിന്ന് അല്‍പം ദൂരെ എത്തുന്നതോടെ മൂന്നായി പിരിയുന്നു. ശൈത്യകാലമാകട്ടെ ഉഷ്ണകാലമാകട്ടെ കപ്പല്‍ വഴിയല്ലാതെ ഈ നദികളൊന്നും മുറിച്ചു കടക്കാനാവുകയില്ല. ഓരോ നാട്ടുകാര്‍ക്കും നൈലില്‍ നിന്ന് പുറപ്പെടുന്ന രണ്ട് കനാലുകളുണ്ട്. അതിന്റെ ചാലുകള്‍ നീട്ടി കീറിയാല്‍ വെള്ളം കൃഷിപ്പാടങ്ങളിലേക്ക് ഒഴുകിയെത്തും.

പിരമിഡുകള്‍ നിഗൂഢതകളുടെ കലവറ

കാലാകാലങ്ങളായി പറഞ്ഞുവരുന്ന അത്ഭുതങ്ങളിലൊന്നാണ് പിരമിഡുകള്‍.ആളുകള്‍ക്കിടയില്‍ അവയെ കുറിച്ചു പല വര്‍ത്തമാനങ്ങളുമുണ്ട്. അവയുടെ ആദിമ ശില്‍പികളെ കുറിച്ചും സവിശേഷതകളെ കുറിച്ചും ഒരുപാടു കഥകള്‍ പ്രചരിച്ചിട്ടുണ്ട്. നോഹയുടെ പ്രളയത്തിനു മുമ്പുണ്ടായിരുന്ന വിജ്ഞാനങ്ങളുടെ സ്രോതസ്സ് അപ്പര്‍ ഈജിപ്തിലെ സഈദില്‍ താമസിച്ചിരുന്ന ഹര്‍മുസ് ഒന്നാമനാണെന്നാണ് പറയപ്പെടുന്നത്. 'ആഖ്‌നോഖ്'  എന്ന് ആളുകള്‍ വിളിച്ചിരുന്ന ഇദ്ദേഹമാണത്രേ ഇദ്‌രീസ് നബി. ഗോള സഞ്ചാരങ്ങളെയും ഉപരിലോക പദാര്‍ഥങ്ങളെയും കുറിച്ച് ആദ്യമായി സംസാരിച്ചത് ഇദ്ദേഹമാണ്. പിരമിഡുകളുടെ ആദ്യ നിര്‍മാതാവും ഇദ്ദേഹം തന്നെ. അതിന്റെ പേരില്‍ അദ്ദേഹം അല്ലാഹുവിനെ വാഴ്ത്തി. പ്രളയത്തെ കുറിച്ച് ആളുകള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രളയത്തില്‍ ശാസ്ത്ര വിജ്ഞാനങ്ങളും നിര്‍മാണ പാഠങ്ങളും നശിച്ചു പോകുമെന്ന് ഭയപ്പെട്ട അദ്ദേഹം അവയുടെ സംരക്ഷണാര്‍ഥമാണ് പിരമിഡുകളും ബറാബി8കളും നിര്‍മ്മിച്ചത്. എല്ലാ ഉപകരണങ്ങളുടെയും നിര്‍മിതികളുടെയും ചിത്രങ്ങള്‍ അവിടെ വരച്ചുവെച്ചു; അവ എന്നെന്നും നിലനില്‍ക്കാന്‍ വേണ്ടി. ഈജിപ്തിലെ അധികാര കേന്ദ്രവും വിജ്ഞാന ഗേഹവും മനഫ്9 നഗരമാണെന്നാണ് പറയപ്പെടുന്നത്. ഫുസ്ത്വാത്വില്‍ നിന്ന് 12 നാഴിക അകലെയാണത്. അലക്‌സാണ്ടറിയ നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ആളുകളൊക്കെ അങ്ങോട്ടു താമസം മാറ്റി. അതോടെ അതായി അധികാര കേന്ദ്രവും വിജ്ഞാന ഗേഹവും. ഇസ്‌ലാം ആഗതമായപ്പോള്‍ അംര്‍ ബിന്‍ അല്‍ ആസ് ഫുസ്ത്വാത്്വ നഗരം നിര്‍മ്മിച്ചു. അതായി പിന്നെ അധികാര കേന്ദ്രവും വിജ്ഞാന ഗേഹവും. ഇക്കാലം വരെ ഈജിപ്തിന്റെ തറയാധാരം അതാണ്. 

കൊത്തിയെടുത്ത ഉറപ്പുള്ള കല്ലുകൊണ്ടുള്ള എടുപ്പാണ് പിരമിഡുകള്‍- താഴോട്ട് വീതിയില്‍ വൃത്താകൃതിയുള്ളതും അപാരമായ ഉയരമുള്ളതും. മുകളിലോട്ടു പോകും തോറും വീതി കുറഞ്ഞ് സൂച്യാഗ്ര രൂപത്തിലാകുന്നു. വാതിലുകളില്ല. എങ്ങനെയാണ് അവ ഉണ്ടാക്കിയതെന്ന് അജ്ഞാതം. പറഞ്ഞു കേള്‍ക്കുന്ന ഒരു കഥ ഇങ്ങനെയാണ്. പ്രളയത്തിനു മുമ്പ് ഈജിപ്ഷ്യന്‍ രാജാക്കന്മാരില്‍ ഒരു രാജാവ് ഒരു സ്വപ്നം കണ്ടു. ഒരു ഭീകര സ്വപ്നം. അങ്ങനെ അയാള്‍ നൈലിന്റെ പശ്ചിമ ഭാഗത്ത് ഈ പിരമിഡുകള്‍ പണിതു; ശാസ്ത്ര വിജ്ഞാനങ്ങളുടെ ഒരു ഭണ്ഡാകാരമായി. രാജാക്കന്മാരുടെയും വിജ്ഞാനങ്ങളുടെയും ജഡങ്ങള്‍ സംരക്ഷിക്കാനൊരിടം. അവയ്ക്ക് തുറക്കാനൊരിടം വേണോ എന്ന് അദ്ദേഹം ജ്യോതിഷികളോടു അന്വേഷിച്ചു. വടക്ക് ഭാഗത്ത് നിന്ന് തുറക്കാമെന്ന് അവര്‍ പറഞ്ഞു. തുറക്കാനുള്ള സ്ഥലവും അതിനു വേണ്ട ചെലവും അവര്‍ നിര്‍ണയിച്ചു കൊടുത്തു. അവര്‍ നിര്‍ണയിച്ചു കൊടുത്ത സ്ഥലത്ത്, തുറക്കാന്‍ അവര്‍ കണക്കാക്കിയ അത്രയും പണം നിക്ഷേപിക്കാന്‍ രാജാവ് ഉത്തരവായി. നല്ല ഉറപ്പില്‍ ഭദ്രമായാണ് അതിന്റെ നിര്‍മ്മാണം. നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ 60 വര്‍ഷമാണ് എടുത്തത്. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ അതിന്മേല്‍ ഇങ്ങനെ എഴുതി: 60 വര്‍ഷമെടുത്താണ് നാം ഈ പിരമിഡുകള്‍ പണിതത്. ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ 600 വര്‍ഷമെടുത്ത് അവ പൊളിക്കട്ടെ. ഉണ്ടാക്കുന്നതിനേക്കാള്‍ എളുപ്പമാണല്ലോ പൊളിക്കല്‍. ഖിലാഫത്ത് അധികാരം അമീറുല്‍ മുഅ്മിനീന്‍ മഅ്മൂ10ന്റെ കയ്യിലെത്തിയപ്പോള്‍ അദ്ദേഹം അവ പൊളിക്കാന്‍ ഉദ്ദേശിച്ചു. അപ്പോള്‍ ഈജിപ്തിലെ ചില ശൈഖുമാര്‍ അദ്ദേഹത്തെ വിലക്കി. പക്ഷെ അദ്ദേഹം പിന്‍വാങ്ങിയില്ല. വടക്കു ഭാഗത്തു നിന്ന് അത് തുറക്കാന്‍ അദ്ദേഹം കല്‍പിച്ചു. അവര്‍ അവിടെ തീയിട്ടു. പിന്നെ സുര്‍ക്ക ഒഴിച്ചു. പീരങ്കി കൊണ്ടു ആക്രമിച്ചു. അങ്ങനെ ഒരു ഭാഗം പൊട്ടിപ്പിളര്‍ന്നു. അത് ഇന്നും കാണാം. ആ തുരങ്കത്തിന്റെ ഭാഗത്ത് അമീറുല്‍ മുഅ്മിനീന്‍ കുറേ സ്വര്‍ണനാണയങ്ങള്‍ കണ്ടു. അത് തൂക്കി നോക്കാന്‍ അദ്ദേഹം കല്‍പിച്ചു. അപ്പോള്‍ തുരങ്കമുണ്ടാക്കാന്‍ ചെലവഴിച്ച അതേ സംഖ്യക്ക് തുല്യമായി അത് കണ്ടെത്തി. അദ്ദേഹം അത്ഭുത പരതന്ത്രനായിപ്പോയി. 20 മുഴം വീതിയിലാണ് ചുവര്‍ അവര്‍ കണ്ടത്.  

(തുടരും)

വിവ: വി.എ.കെ

കുറിപ്പുകള്‍

1. കയ്‌റോ പട്ടണമാണ് ഉദ്ദേശ്യം
2. യമുന(ജംനാ)നദി.
3. തുര്‍ക്കിയിലെ ദശ്‌തെ ഖഫിജിഖ് (Bdesht Aqafiju) ആണ് ഉദ്ദേശ്യം. ദശ്ത് എന്നാല്‍ തുര്‍ക്കി ഭാഷയില്‍ മരുഭൂമി എന്നാണര്‍ഥം. ഇന്ന് വിദോസിയ (Vidosea) എന്നാണ് ഇതറിയപ്പെട്ടത്. 
4. വോള്‍ഗ
5. താര്‍ത്താരി
6. ബൈജിംഗിന് പുരാതന കാലത്ത് അറബികള്‍ ഉപയോഗിച്ചിരുന്ന പേര്. 
7. സൈത്തൂന്‍ സിറ്റി: ഇന്ന് ഷുവാന്‍സോ(Quanzhou) എന്ന പേരിലറിയപ്പെടുന്ന ചൈനീസ് നഗരം. 
8. ബര്‍ബ എന്ന വാക്കിന്റെ ബഹുവചന രൂപമാണ് ബറാബി. ഈ വാക്കിന്റെ മൂലം കോപ്റ്റിക് ആണെന്നാണ് 'മുഅ്ജമുല്‍ ബുല്‍ദാനി'ന്റെ കര്‍ത്താവ് പറയുന്നത്. ഫറോവന്‍ ക്ഷേത്രങ്ങളാണ് ഇവിടെ ഉദ്ദേശ്യം. 
9. ജീസ പ്രവിശ്യയിലെ പുരാതന നഗരം. ഫറോവമാരുടെ ആസ്ഥാനം. മെംഫിസ് എന്ന് അറിയപ്പെടുന്നു. 
10. അബ്ബാസി കാലഘട്ടത്തിലെ ഖലീഫ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /19-24
എ.വൈ.ആര്‍