വംശഹത്യ: അര്‍മീനിയയിലേതും ഫലസ്ത്വീനിലേതും
കഴിഞ്ഞ വാരം ഇസ്രയേല്‍ തങ്ങളുടെ രാഷ്ട്ര രൂപീകരണത്തിന്റെ 67- ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, നമ്മുടെ മീഡിയ 1915-ലെ അര്‍മീനിയന്‍ വംശഹത്യയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ തിരക്കിലായിരുന്നു. ഇസ്രയേലിലെ ഫലസ്ത്വീനികള്‍ 1948-ലെ ദുരന്തത്തെ ഓര്‍മിച്ച് റാലി സംഘടിപ്പിച്ചു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള അര്‍മീനിയന്‍ വംശജര്‍ ആ നാടുകളില്‍ വംശഹത്യയുടെ ദുരന്തസ്മരണയില്‍ തെരുവിലിറങ്ങി. എന്നാല്‍, ഫലസ്ത്വീനികളുടെ റാലി ലോകം ശ്രദ്ധിച്ചില്ല. അതേ സമയം, അറബ്-പാശ്ചാത്യ മാധ്യമങ്ങളില്‍ അര്‍മീയക്കാരുടെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നല്ല കവറേജ് കിട്ടി.
രണ്ട് ദുരന്ത സ്മരണകള്‍ തമ്മിലുള്ള ഈ അന്തരം ഇരു ജനവിഭാഗങ്ങളുടെയും അവസ്ഥകളുടെ താരതമ്യത്തിന് വഴിയൊരുക്കുന്നുണ്ട്. ആ താരതമ്യത്തില്‍ അര്‍മീനിയന്‍ വംശഹത്യ നിഷ്ഠുരവും പൈശാചികവുമായിരുന്നു എന്നതോടൊപ്പം തന്നെ, അവരുടെ നിലവിലെ അവസ്ഥ ഫലസ്ത്വീനികളുടേതിനേക്കാള്‍ എത്രയോ ഭേദമാണെന്ന് നമുക്ക് ബോധ്യപ്പെടും. നമ്മുടെ മാധ്യമങ്ങള്‍ അര്‍മീനിയന്‍ വംശജരുടെ പ്രതിഷേധത്തിന് പ്രാധാന്യം നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടാകാം. അര്‍മീനിയക്കാരോട് അനുഭാവം പുലര്‍ത്തുകയും ചരിത്രത്തില്‍ അവര്‍ക്ക് നേരിട്ട ദുരന്തത്തില്‍ അവരോട് ഐക്യദാര്‍ഢ്യപ്പെടുകയും ചെയ്യുക എന്നതിനുമപ്പുറം, വിഷയത്തില്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ച ഉര്‍ദുഗാനെ സമ്മര്‍ദത്തിലാക്കുക എന്നതാകാം ആ താല്‍പര്യം. എങ്കിലും നേരത്തേ പറഞ്ഞ താരതമ്യം പ്രധാന്യമര്‍ഹിക്കുന്നു. അതിന്റെ പ്രധാന സാക്ഷ്യങ്ങളിതാ:
ഒന്നര മില്യന്‍ ജനങ്ങള്‍ കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന ദുരന്തത്തിനു ശേഷവും അര്‍മീനിയ എന്ന രാജ്യം ഇന്നും ബാക്കിയുണ്ട്. അവിടെ നിന്ന് അവരെ ആരും ആട്ടിപ്പായിച്ചിട്ടില്ല, മറ്റൊരു വിഭാഗം അവരുടെ ഭൂമിയില്‍ അധിനിവേശം നടത്തിയിട്ടുമില്ല. എന്നാല്‍ ഫലസ്ത്വീനികളുടെ അവസ്ഥ മറിച്ചാണ്. അര്‍മീനിയ അര്‍മീനിയക്കാര്‍ക്ക് ബാക്കിയായപ്പോള്‍ ഫലസ്ത്വീന്‍ എന്ന രാഷ്ട്രം തന്നെ ഭൂപടത്തില്‍ നിന്നും ഓര്‍മകളില്‍ നിന്നും മായ്ക്കപ്പെട്ടു. സൈനിക കരുത്തില്‍ മറ്റൊരു ജനത ആ രാജ്യം അധിനിവേശപ്പെടുത്തി.
1909-നും 1919-നുമിടക്കാണ് അര്‍മീനിയന്‍ വംശഹത്യ നടക്കുന്നത്. എന്നാല്‍, അതിനു ശേഷം ആ സംഭവം ഒരു അടഞ്ഞ അധ്യായമാണ്. അഥവാ, ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അവരെ ബാധിച്ച ദുഃസ്വപ്നം പോലെ അതവസാനിച്ചു. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടിലെ നാല്‍പതുകള്‍ മുതല്‍ തുടരുന്നതാണ് ഫലസ്ത്വീനികളുടെ ദുരന്തം. അതിന്റെ തുടര്‍ അധ്യായങ്ങള്‍ ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്നു. അടുത്തൊന്നും അതവസാനിക്കുന്ന ലക്ഷണവും കാണുന്നില്ല. അര്‍മീനിയന്‍ ദുരന്തത്തിന്റെ മുറിവുണങ്ങുകയും രക്തം വറ്റുകയും ചെയ്തിട്ടുണ്ടെങ്കില്‍, ഫലസ്ത്വീന്‍ ദുരന്തത്തിന്റെ മുറിവില്‍ നിന്ന് ഇപ്പോഴും രക്തം വാര്‍ന്നുകൊണ്ടിരിക്കുന്നു.
അര്‍മീനിയക്കാര്‍ അന്നും ഇന്നും ക്രിസ്ത്യന്‍ ലോകത്ത് തങ്ങളുടെ രക്ഷകരെ കാണുന്നു. അറബ് ലോകം സംഭവത്തെ മഹാ ദുരന്തമായി മനസ്സിലാക്കി അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറായി. അന്നത്തെ ശൈഖുല്‍ അസ്ഹര്‍ അബ്ദുല്‍ അസീസ് അല്‍- ബശ്‌രി 1909-ല്‍ സംഭവത്തെ അപലപിച്ച് പ്രസ്താവന ഇറക്കുകയുണ്ടായി. പാശ്ചാത്യ രാജ്യങ്ങള്‍ എന്നും അവര്‍ക്കൊപ്പം നിന്നു. മതപരമായ കാരണങ്ങളാല്‍ ഉസ്മാനിയാ ഭരണകൂടവുമായി ഏറ്റുമുട്ടലിലായിരുന്ന യൂറോപ്പും റഷ്യയും അര്‍മീനിയക്കാരുടെ പക്ഷത്തായിരുന്നു. ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ശൈഥില്യവും അവരുടെ ലക്ഷ്യമായിരുന്നു. അര്‍മീനിയന്‍ കുടിയേറ്റക്കാര്‍ യൂറോപ്യന്‍ സമൂഹങ്ങളില്‍ കയറിപ്പറ്റി അവിടത്തെ രാഷ്ട്രീയത്തിലിടപെട്ട് അവരുടെ പ്രശ്‌നം അന്താരാഷ്ട്ര വേദികളിലേക്ക് കൊണ്ടുവന്നു. ഫ്രാന്‍സിലെയും യു.എസിലെയും അര്‍മീനിയന്‍ ലോബിക്ക് അവിടങ്ങളില്‍ നല്ല സ്വാധീനമുണ്ട്. ഇതേ അളവില്‍ തങ്ങളുടെ പ്രശ്‌നം അവതരിപ്പിക്കാന്‍ ഫലസ്ത്വീനികള്‍ക്കായിട്ടില്ല. എന്നുമാത്രമല്ല, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫലസ്ത്വീന്‍ പ്രശ്‌നം അറബികളുടെ മാത്രം പ്രശ്‌നമാണ്.
പാശ്ചാത്യ രാഷ്ട്രീയത്തില്‍ അര്‍മീനിയക്കുള്ള ശക്തമായ സ്വാധീനത്തിന്റെ പ്രതിഫലനങ്ങള്‍ പാശ്ചാത്യ മീഡിയയിലും പ്രകടമാണ്. തുടക്കത്തില്‍ സൂചിപ്പിച്ച രണ്ട് ദുരന്ത സ്മരണകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അന്തരത്തില്‍ അത് വ്യക്തമാണ്.
അര്‍മീനിയക്കാര്‍ നേരിട്ട കൂട്ടക്കൊല ആരും നിഷേധിക്കുന്നില്ല എന്നതും, അതിന്റെ വിശേഷണങ്ങളിലാണ് അഭിപ്രായാന്തരമുള്ളത് എന്നതും ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. അത് വംശീയ ഉന്മൂലനമായിരുന്നു എന്ന പ്രചാരണം വളരെ ശക്തമാണ്. എന്നാല്‍, സംഭവത്തെ ഒരു യുദ്ധക്കുറ്റമായി കാണുന്നവരുമുണ്ട്. അര്‍മീനിയയെ പിന്തുണക്കുകയും ഉസ്മാനിയാ ഭരണകൂടത്തെ വെറുക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ അതിനെ വംശീയ ഉന്മൂലനമായാണ് അവതരിപ്പിക്കുന്നത്. എന്നാല്‍, അതിനെ ഒരു യുദ്ധക്കുറ്റം മാത്രമായി കാണുന്നവര്‍ക്കുമുണ്ട് ശക്തമായ തെളിവുകള്‍. അത് പ്രകാരം, കൂട്ടക്കൊല സംഭവിച്ചത് ഉസ്മാനിയാ ഭരണത്തിന്റെ തകര്‍ച്ചക്ക് ശേഷം മാത്രമാണ്. 1908- ല്‍ സി.യു.പി (Committee of Union and Progress)യാണ് ഉസ്മാനിയാ ഭരണകൂടത്തെ അട്ടിമറിച്ചത്. കൂട്ടക്കൊല നടക്കുന്നതാകട്ടെ 1909- ലും 1915- ലുമാണ്. അതിനാല്‍ ഉസ്മാനിയാ ഭരണകൂടമല്ല, മറിച്ച് കമാല്‍ അത്താതുര്‍ക്കും കൂട്ടരുമാണ് കൂട്ടക്കൊലക്ക് ഉത്തരവാദികള്‍. തെളിവുകളില്‍ ഇതു കൂടിയുണ്ട്: ഉസ്മാനിയാ ഭരണകൂടത്തിന്റെ ദുര്‍ബല ഘട്ടത്തില്‍ ബള്‍ഗേറിയയുടെയും സര്‍ബിയയുടെയും ഗ്രീസിന്റെയും കൂടെ ചേര്‍ന്ന് അതിനെതിരെ കലാപം നയിച്ചവരുടെ കൂട്ടത്തില്‍ അര്‍മീനിയക്കാരുമുണ്ട്. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനു ശേഷം നാടു ഭരിച്ച തുര്‍ക്കികളുമായി അവര്‍ സംഘട്ടനത്തിലായിരുന്നു. ആ സംഘട്ടനങ്ങളില്‍ ഇരു ഭാഗത്തും കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. അര്‍മീനിയയുടെ വിഷയത്തില്‍ വംശഹത്യയോ യുദ്ധക്കുറ്റമോ നടന്നത് എന്ന അഭിപ്രായങ്ങള്‍ക്കിടയിലും ഫലസ്ത്വീനികളുടെ ദുരന്തത്തെ കുറിച്ച് സംശയകരവും സംഭ്രമജനകവുമായ മൗനം പ്രകടമാണ്, ബാക്കിയുള്ളതൊക്കെ ഓര്‍ത്താലും അത് മറക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യമെന്ന പോലെ. നാമും ആ ധാരണക്കാണ് ശക്തി പകരുന്നത്.
വിവ: നാജി ദോഹ
Comments