Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 12

കാക്കയെ ഒരു ബിംബമായി അംഗീകരിക്കണം

ഡോ. മനോജ് വെള്ളനാട്‌

കാക്കയെ ഒരു ബിംബമായി അംഗീകരിക്കണം

ഡോ. മനോജ് വെള്ളനാട്

ഒരു ചന്ദ്രബിംബത്തെ
മേല്‍ക്കൂരയില്‍
നിലാവു പിടിക്കാന്‍
ഇട്ടിട്ട് ഉറങ്ങാന്‍ പോയതാ.
ഇടയ്‌ക്കെപ്പൊഴോ
കാക്ക കരയുന്നത് കേട്ട്
ചെന്ന് നോക്കുമ്പോള്‍
നിലാവില്ല, ബിംബവും. 
ഒരു കാക്ക മാത്രം നില്‍ക്കുന്നു!
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.
കാക്കയെ നോക്കാന്‍
ഒരു സൂര്യബിംബത്തെ
മലയിടുക്കില്‍ ചാരിവച്ചിട്ട്
മേലുകഴുകാന്‍ പോയതാ.
കാക്ക കരയുന്നത് കേട്ട്
ചെന്ന് നോക്കുമ്പോഴുണ്ട്
പത്തുമണിക്കുള്ള ചായ
കുടിക്കാനെന്നും പറഞ്ഞത്
മേഘക്കടയില്‍ ചെന്നിരിക്കുന്നു.
കാക്ക അതേ നില്‍പ്പാണ്!
നാളത്തേക്ക് കുളിക്കാന്‍
പുതിയൊരു പുഴവെട്ടാന്‍
തോട്ടിലിറങ്ങി രണ്ടുകോരി
മണ്ണ് മാറ്റി നിവരുമ്പോഴുണ്ട്
കാക്ക, മേയാന്‍ പുല്ലില്ലാതെ
മാനം നോക്കി നില്‍ക്കുന്ന
പയ്യിന്റെ മേലിരുന്നെന്നെ
കടക്കണ്ണെറിയുന്നു!
പുഴ പഴയൊരു ബിംബമല്ലേ,
പച്ചപ്പുല്ലു മേയുന്ന പയ്യെ പോലെ.
ഉച്ചയ്ക്കുണ്ട പിഞ്ഞാണത്തിലെ
അധികം വന്ന വറ്റ് വടക്കേപ്പുറത്ത്
വലിച്ചെറിഞ്ഞപ്പോഴാണ്
എവിടെനിന്നോ പാഞ്ഞെത്തി
ഉച്ചയുറക്കം ശീലമുണ്ടല്ലേ
ഉറങ്ങിക്കോ ഉറങ്ങിക്കോ
എന്നവിടവിടെ കൊത്തി
മുറിച്ചിട്ട് പോയത്.
നേരമിരുട്ടുമ്പോഴും കാക്ക
ഇവിടെയൊക്കെത്തന്നെയുണ്ട്.
ജീവനുള്ള കാക്കയെ
സഹനത്തിന്റെയോ
സമരത്തിന്റെയോ ബിംബമായി
നമ്മള്‍ അംഗീകരിച്ചിട്ടില്ലല്ലോ.
ചത്ത കാക്കയെ കാട്ടി
ഭയത്തിന്റെ ബിംബമാക്കി
ജീവനുള്ളതിനെ പേടിപ്പിക്കുന്ന
കണ്‍കെട്ട് വിദ്യയല്ലേ നമുക്കറിയൂ.
കണ്ണടച്ച് ഇരുട്ടാക്കുമ്പോഴും
ഇരുട്ടത്തും, കാണുന്നില്ലെങ്കിലും
കാക്ക ഇവിടെയൊക്കെ തന്നെയുണ്ട്.
കാക്കക്കൂട്ടില്‍ മുട്ടയിട്ട്, വിരിഞ്ഞ്,
വളര്‍ന്നു കഴിയുമ്പോള്‍
അയ്യേ കാക്കക്കൂടെന്നു പുച്ഛിക്കാന്‍
ഇന്നൊരു ചില്ലപോലുമില്ലാത്ത കാക്ക.
ചന്ദ്രനും നിലാവും സൂര്യനും
പുഴയും പയ്യും പാലുമെല്ലാം
ബിംബങ്ങളെന്ന് സമ്മതിക്കുമ്പോഴും
സ്വന്തമായി കൂടില്ലാത്തതിനാല്‍
അന്യന്റെ കൂട്ടില്‍ അഭയം തേടാതെ
എന്നും ഒരേ ശബ്ദത്തില്‍ നിലവിളിക്കുന്ന
ജീവനുള്ള പക്ഷിയുടെ ബിംബമായി
അംഗീകരിച്ചിട്ടില്ലാത്തതിനാല്‍
കാക്കയിപ്പൊഴും നില്‍പ്പാണ്.
ഓരോ കാക്കയുടെയും
ജന്മാവകാശമാണ് ഒരു ചില്ല.
ചില്ലയ്ക്ക് മേലൊരു കൂട്.
പക്ഷെ കാക്കയുടെ കാര്യം
വരുമ്പോള്‍, ജന്മാവകാശവും
എന്തിനു ചില്ല പോലും
ഒരു ബിംബമല്ലാതാകുന്നു.
കാക്ക ഇപ്പോഴും നില്‍പ്പാണ്.
സകല ബിംബങ്ങളെയും
തച്ചുടയ്ക്കാന്‍ പോന്ന
സഹനവീര്യവുമായി.
ആരും സമ്മതിച്ചില്ലെങ്കിലും 
കാക്ക ഒരു ബിംബമാണ്.
കാക്ക ഒരു ബിംബമാണെന്നു
നമ്മള്‍ സമ്മതിക്കണം.
ചുരുങ്ങിയത് നടുറോഡില്‍ 
മരിച്ചു കിടക്കാത്ത 
ഏതോ ഒരു പക്ഷിയുടെ 
ബിംബമാണെന്നെങ്കിലും.
കാക്കയെയും ചില്ലയെയും
നമ്മള്‍ ബിംബമായി 
അംഗീകരിക്കണം.
അല്ലെങ്കില്‍ കാക്കകള്‍ 
ബലിക്കാക്കകള്‍ ആകുന്ന
പരിണാമ ചരിത്രത്തില്‍
ഇരകളുടെ ബിംബത്തിന്
നമ്മുടെ ഛായയായിരിക്കും!! 

 

ഉമ്മയില്ലാത്ത വീട്

സലാഹുദ്ദീന്‍ ചൂനൂര്‍

ഉമ്മയില്ലാത്ത വീട്
ഉണങ്ങിയ മരങ്ങള്‍ പോലെ
ഉടഞ്ഞ കല്ലുകള്‍ പോലെ
ഉരിയാടലുകള്‍ നിലച്ച
ഉറവ വറ്റിയൊരു കാട്.
ഒരു കൊല്ലമായില്ലേ...?
ഓനെന്താ വരാത്തതിനിയുമെന്ന
ഒറ്റച്ചോദ്യം കൊണ്ട്
ഓര്‍മകളെ തിരിച്ചുകൊണ്ടുവരാന്‍
ഒരാളില്ലാതെ പോയ
ഒച്ച നഷ്ടപ്പെട്ടൊരു കൂട്
കവിളിലൊരു മുത്തം പകര്‍ന്ന്
കണ്ണ് നിറഞ്ഞിറങ്ങുമ്പോള്‍
ഖോജ രാജാവേ, ന്റെ കുട്ടീനെ
കാക്കണേ ന്നും പറഞ്ഞ്
കൂട്ടിപ്പിടിച്ച് കരയുന്ന
കനിവുള്ളൊരു കരളായിരുന്നു
ഉമ്മയില്ലാത്ത വീട്ടില്‍
ഉറങ്ങിപ്പോയൊരു മുസ്ഹഫും
ഉറക്കം പോയൊരുപ്പയും
ഉള്ളകം പൊള്ളിപ്പനിച്ച്
ഉമ്മയുടെ മണം തിരയുകയാണ്. 

 

ഖബ്ര്‍

ലുബൈബ ഷെബിന്‍ അലി, കോക്കൂര്‍

ഇന്നലെ ദോശമാവിന് പുളി കൂടിയെന്ന്
പറയുന്ന അമ്മായിയുമ്മക്കറിയുമോ 
അതിലെന്റെ കണ്ണുനീരുണ്ടെന്ന്
യീസ്റ്റ് ഇട്ട് പതപ്പിച്ചാല്‍ പതയാത്ത നുരയുണ്ടെന്ന്
വസ്ത്രം ഉണങ്ങാതിരിക്കാനും വഴിയില്ല
ഉച്ചവെയിലിനെ വെല്ലുന്ന ചൂടെന്റെ നെഞ്ചിലുണ്ടല്ലോ..
മഴയത്ത് അവധിയെടുക്കാന്‍
സൂര്യന് മാത്രം പറ്റുമായിരിക്കും
പാരെന്റ്‌സ് മീറ്റിംഗിനമ്മ വരേണ്ടെന്ന്
പറഞ്ഞ മോനേ നിനക്കറിയുമോ
മൂന്ന് നേരം അടുപ്പിലെ പുകയേറ്റ് 
കരിഞ്ഞുപോയ മുഖത്തിനുള്ളിലും 
സുന്ദരിയായ ഒരമ്മയുണ്ടെന്ന്
ഞാനെനിക്കായ് പണിത ഖബ്‌റിന്‍
മീസാന്‍ കല്ലിളക്കാന്‍ ഏത് വിപ്ലവത്തിനാകും?

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /64-71
എ.വൈ.ആര്‍