Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 12

അഭിപ്രായ വ്യത്യാസങ്ങള്‍ <br>അനൈക്യത്തിന് കാരണമാകേണ്ടതില്ല

ടി.പി അബ്ദുല്ലക്കോയ മദനി /കവര്‍‌സ്റ്റോറി

         മുസ്‌ലിം ഉമ്മത്തിലെ പണ്ഡിതന്മാര്‍ ഒന്നിച്ചിരുന്നുള്ള ചിന്തയും ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനവും നാം എന്നും കാത്തുസൂക്ഷിക്കേണ്ടത് തന്നെയാണ്. ഇതിനര്‍ഥം എല്ലാവരും ഒന്നായി ഒരു ഏകശിലാത്മക സ്വഭാവം ഉണ്ടാവണമെന്നല്ല. അത് സംഭവ്യവുമല്ല. കാരണം, ചിന്തയും തിരിച്ചറിവുമുള്ള ഒരു സമൂഹം അന്ധമായി ഒന്നിനെ പിന്‍പറ്റുന്നവരല്ല. തിരിച്ചറിവുള്ള, വിവേചന ശക്തിയുള്ള ഒരു വിഭാഗമായിട്ടാണ് വിശ്വാസിസമൂഹത്തെ ഖുര്‍ആന്‍ എണ്ണുന്നത്. പ്രവാചകന്മാര്‍ അനുയായികളെ ക്ഷണിച്ചത് അന്ധമായ ഒരു കാര്യത്തില്‍ വിശ്വസിക്കാനല്ല. മറിച്ച് സ്രഷ്ടാവിനെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുത്ത് ലാഇലാഹഇല്ലല്ലാഹ് എന്ന സത്യസാക്ഷ്യവചനത്തെ,തൗഹീദിനെ തിരിച്ചറിയാനായിരുന്നു. 

നന്മയെ പ്രചോദിപ്പിക്കുന്നതിനും തിന്മയെ വിപാടനം ചെയ്യുന്നതിനും വേണ്ടി അല്ലാഹു തെരഞ്ഞെടുത്ത 'ഖൈര്‍ ഉമ്മത്താ'ണ് മുസ്‌ലിം സമൂഹം. അല്ലാഹു നമുക്ക് നല്‍കിയ ഈ അംഗീകാരത്തിന് നാം ശുക്ര്‍ ചെയ്യണം. അതോടൊപ്പം ഈ ഖൈര്‍ ഉമ്മത്തിലെ പ്രവാചകന്‍(സ) തൊട്ട് പിന്നീടങ്ങോട്ടുള്ള മഹിത മാതൃകകളെയും പണ്ഡിതന്‍മാരെയും ഇമാമുകളെയും പിന്‍പറ്റാനാണ് നാം കല്‍പിക്കപ്പെട്ടിട്ടുള്ളത്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവും. ജീവിക്കുന്ന ഒരു സമൂഹത്തിന്റെ സ്വാഭാവിക പ്രതിഭാസം മാത്രമാണത്. വളരെ പ്രസിദ്ധമായ ഗ്രന്ഥങ്ങളിലെല്ലാം 'അല്ലാഹു അഅ്‌ലം ബിമുറാദിഹി' (അല്ലാഹുവാണ് ഇതിന്റെ ഉദ്ദേശ്യം കൂടുതലായി അറിയുന്നവന്‍) എന്നെഴുതി അഭിപ്രായം പറഞ്ഞവസാനിപ്പിക്കുന്ന രീതി മറു അഭിപ്രായങ്ങളെ ആദരിക്കുന്നതിന്റെ തെളിവായി നമുക്ക് മനസ്സിലാക്കാം. 

ധാരാളം വിമര്‍ശനങ്ങളും വാദപ്രതിവാദങ്ങളുംകൊണ്ട് ദഅ്‌വത്തിന്റെ രംഗം കലുഷിതമായ ഒരു സാഹചര്യം പലയിടങ്ങളിലും ഇന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ മാര്‍ഗം സ്വീകരിച്ചുകൊണ്ട് ജനങ്ങള്‍ക്ക് ചിന്തിക്കാനുള്ള അവസരം വിശുദ്ധ ഖുര്‍ആനിലൂടെയും പ്രവാചകചര്യയിലൂടെയും നല്‍കുന്ന വിനയപൂര്‍വമായ, അഹങ്കാരമില്ലാത്ത പ്രഭാഷണങ്ങളും പണ്ഡിതന്മാരുടെ സാന്നിധ്യവുമാണ് ഒരു സമൂഹത്തെ സംസ്‌കരിച്ചെടുക്കുക. വളരെ അന്തസ്സായ നിലക്ക് ഈ സമൂഹം അങ്ങോട്ട് നീങ്ങുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്നാല്‍ അത് ആരോഗ്യകരമായ സംവാദങ്ങളിലൂടെ സമര്‍ഥിക്കാനും വിമര്‍ശിക്കാനും തയാറുള്ള ഒരു സമൂഹമാണിവിടെ വേണ്ടത്. അല്ലാതെ എല്ലാം കേട്ട് അനുസരിക്കുന്ന ഒരു വിഭാഗമല്ല. അഭിപ്രായങ്ങള്‍ക്ക് ബുദ്ധിയുടെയും ചിന്തയുടെയും അംഗീകാരം ലഭിക്കണം. ആ നിലക്ക് പണ്ഡിതന്‍മാര്‍ പ്രബോധന മേഖലയെ നയിക്കാന്‍ തയാറായാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവും. 

സാമൂഹികമായ തിന്‍മകള്‍ക്കെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുസംഘടനകളും രംഗത്തുവരുന്നുണ്ടെങ്കിലും ആ രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തണമെങ്കില്‍ പണ്ഡിതന്‍മാര്‍ അതേറ്റെടുക്കണം. ഒരു മഹല്ലില്‍, എത്രയേറെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അവിടെ ഐക്യമുണ്ടാക്കി ആദര്‍ശപ്രബോധനത്തിന് മാര്‍ഗങ്ങള്‍ സൃഷ്ടിക്കേണ്ടത് പണ്ഡിതന്‍മാരാണ്. പലപ്പോഴും അതില്ലാതാക്കുന്നതും പണ്ഡിതന്‍മാരാണെന്നത് നാം വളരെ കരുതലോടെ മനസ്സിലാക്കണം. 

അതിനാല്‍ നന്മയിലേക്ക് ക്ഷണിക്കുന്ന സമൂഹമായി പണ്ഡിതന്മാര്‍ മാറണം. ലാഇലാഹ ഇല്ലല്ലാഹ് ആണ് പ്രവാചകന്‍മാര്‍ ലോകത്തെ പഠിപ്പിച്ചത്. മുഹമ്മദ് നബി(സ)ക്ക് ശേഷം ഈ ലാഇലാഹ ഇല്ലല്ലാഹ് എന്ന ദൗത്യം പണ്ഡിതന്‍മാരാണ് ഏറ്റെടുത്ത് നടത്തേണ്ടത്. അവര്‍ ഈ അഫ്ദലുദിക്ര്‍ - നന്മകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നന്മ- ലാഇലാഹഇല്ലല്ലാഹിന്റെ പ്രഘോഷകരാവണം. 'അഫ്ദലു മാ ഖുല്‍തു അന വന്നബിയൂന മിന്‍ ഖബ്‌ലീ ഖൗലു ലാഇലാഹ ഇല്ലല്ലാഹ്' എന്നാണ് പ്രവാചകന്‍(സ) പറഞ്ഞത്. അതോടൊപ്പം ഏറ്റവും മോശമായ തിന്‍മയായ ശിര്‍ക്കിനെ തടയാനും പണ്ഡിതന്‍മാര്‍ മുന്നോട്ട് വരണം. പ്രബോധന രംഗത്ത് ഈ മാതൃക സ്വീകരിച്ചുകൊണ്ട് സമൂഹത്തെ സംസ്‌കരിച്ചെടുക്കാനുള്ള ശ്രമവും പണ്ഡിതന്‍മാരുടെയും നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടായാല്‍ ഒരുപാട് മാറ്റങ്ങളും അനുകൂലമായ സാഹചര്യങ്ങളും ഉണ്ടാവും. ഇടക്കാലത്ത് നമുക്കിടയില്‍ ദീര്‍ഘിച്ച വിടവുകളും അകല്‍ച്ചകളും ഉണ്ടായിട്ടുണ്ട്. അതില്ലാതാക്കി ആദര്‍ശത്തിന്റെ രംഗത്തും ദഅ്‌വത്തിന്റെ രംഗത്തും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെയുള്ള മുസ്‌ലിം ഉമ്മത്തിന്റെ ഐക്യം അനിവാര്യമാണ്. ആ നിലക്കുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. ആ നിലക്കുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ. 

ടി.പി അബ്ദുല്ലക്കോയ മദനി - കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /64-71
എ.വൈ.ആര്‍