Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 12

'സ്പന്ദിക്കുന്ന ഹൃദയമുണ്ടോ നമുക്ക്?'

ശൈഖ് മുഹമ്മദ് കാരകുന്ന് /പുസ്തകം

എ.പി അബ്ദുര്‍റഹ്മാന്‍ ഫൈസിയും ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാരും എഴുതിയ സ്ത്രീധനത്തിന്റെ കെടുതികള്‍ വിവരിക്കുന്ന പുസ്തകങ്ങളെക്കുറിച്ച്‌

         നമ്മുടെ നാട്ടില്‍ സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടുമത് നിര്‍ബാധം നടക്കുന്നു. അതിന്ന് വലിയ സാമൂഹിക തിന്മയായി മാറിയിരിക്കുന്നു. നിരവധി പെണ്‍കുട്ടികള്‍ അതിന്റെ പേരില്‍ കൊടിയ കെടുതികളനുഭവിക്കുന്നു. ഒട്ടേറെ തറവാടുകള്‍ തുലയുകയും തകരുകയും ചെയ്യുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കണ്ണീര് കുടിച്ചു കഴിയേണ്ടിവരുന്നു. കടക്കെണിയില്‍ കുടുങ്ങി കിടപ്പാടം നഷ്ടപ്പെട്ടവരും വിരളമല്ല. സ്ത്രീധനം കാരണമായി കുലം വിടേണ്ടിവരുന്നവരുമുണ്ട്. മുസ്‌ലിം സമുദായവും ഈ പൊതുസ്ഥിതിക്ക് അപവാദമല്ല. എന്നല്ല, അല്‍പം മുന്നിലാണെന്നുപോലും തോന്നാറുണ്ട്.

സ്ത്രീധനത്തില്‍നിന്ന് മോചനം നേടാന്‍ സമുദായത്തിനിനിയും സാധിച്ചിട്ടില്ല. അതിന് അറുതി വരുത്താന്‍ സമുദായ നേതൃത്വത്തിനോ പണ്ഡിതന്മാര്‍ക്കോ കഴിഞ്ഞിട്ടില്ല. എന്നല്ല, അതിനെ പ്രോത്സാഹിപ്പിക്കുന്നവരും അതിന്റെ ഗുണഭോക്താക്കളാകുന്നവരും അക്കൂട്ടത്തിലുണ്ട്. അതിനാലാണ് വിവാഹത്തോടനുബന്ധിച്ചുള്ള അത്യാചാരങ്ങള്‍ക്കും ജീര്‍ണതകള്‍ക്കുമെതിരെ കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളും ഒന്നിച്ച് കൂട്ടായ തീരുമാനങ്ങളെടുക്കുകയും പതിനഞ്ചു നിര്‍ദേശങ്ങള്‍ തയാറാക്കുകയും ചെയ്തപ്പോള്‍ സ്ത്രീധനത്തിനെതിരായ പരാമര്‍ശം അതിലില്ലാതെ പോയത്. എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും പൂര്‍ണമായും യോജിക്കാവുന്ന കാര്യങ്ങള്‍ മാത്രം തീരുമാനങ്ങളിലുള്‍പ്പെടുത്തിയപ്പോള്‍ സ്ത്രീധനത്തിനെതിരായ നിലപാട് അതിലുള്‍പ്പെടാതെ പോവുകയായിരുന്നു. സ്ത്രീധനത്തിന്റെ നിശ്ചിത ശതമാനം പിരിച്ചെടുക്കുന്ന പള്ളിക്കമ്മിറ്റികള്‍ പോലും ഇന്നുമുണ്ടെന്ന് കരുതപ്പെടുന്നു. അതിന്റെ വിഹിതം പറ്റുന്ന പള്ളി ഇമാമുമാരും ഖാദിമാരും ഇല്ലാതില്ല.

ഈയൊരു പശ്ചാത്തലത്തിലാണ് സമസ്ത ഇ.കെ വിഭാഗം മുശാവറ അംഗമായിരുന്ന എ.പി അബ്ദുര്‍റഹ്മാന്‍ ഫൈസിയും എ.പി വിഭാഗത്തിലെ പ്രമുഖ പണ്ഡിതനായ ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാരും സ്ത്രീധനത്തിനെതിരായി രചിച്ച കൃതികള്‍ ഏറെ ശ്രദ്ധേയവും വളരെയേറെ പ്രശംസനീയവുമാകുന്നത്.

അബ്ദുര്‍റഹ്മാന്‍ ഫൈസി അറബിയില്‍ രചിച്ച 'അല്‍ബാഇന' എന്ന പുസ്തകത്തിന് കെ.ടി മുഹമ്മദ് അഷ്‌റഫ് തയാറാക്കിയ പരിഭാഷയാണ് 'സ്ത്രീധനം തെറ്റും ശരിയും.'

ഇതിന്റെ പ്രസാധകക്കുറിപ്പില്‍ തന്നെ സ്ത്രീധനത്തെ സംബന്ധിച്ച നിലപാട് ഇങ്ങനെ വ്യക്തമാക്കുന്നു: ''മനുഷ്യജീവിതത്തിലെ പവിത്രമായ വൈവാഹിക ഉടമ്പടി ചന്തയിലെ കാലിക്കച്ചവടത്തെക്കാള്‍ അധഃപതിച്ചിരിക്കുന്നു. തദ്ഫലമായി മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ കണ്ണീരും ദുരിതവുമായി കഴിയുന്നു. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഈ ദുരാചാരത്തിനെതിരെ ശക്തമായ നിലപാടെടുക്കേണ്ടതിനുപകരം സ്ത്രീധനം വാങ്ങല്‍ അനുവദനീയമോ അല്ലയോ എന്ന കര്‍മശാസ്ത്ര ചര്‍ച്ചയിലാണ് നമ്മുടെ പണ്ഡിതന്മാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സമൂഹത്തിന് നാശമുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്. ഈ കാര്യത്തില്‍ പണ്ഡിതന്മാര്‍ ജാഗ്രത പാലിക്കണം.''

പരിഭാഷകന്‍ മുഹമ്മദ് അഷ്‌റഫ് എഴുതുന്നു: ''മാമൂലുകളുടെയും നാട്ടാചാരങ്ങളുടെയും തടവറയില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ വിവാഹ സ്വപ്നം പൂവണിയാന്‍ സാധിക്കാതെ അവരുടെ ചെറ്റക്കുടിലുകളില്‍ ഗദ്ഗദങ്ങളുമായി കഴിയുന്നു. അവരുടെ ദാമ്പത്യജീവിത മോഹം സഫലമാകാതെ പലരും അവിഹിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ഇതിനുത്തരവാദികള്‍ സ്ത്രീധനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്ത, എന്നാല്‍ മൗനാനുവാദം നല്‍കുന്ന മതനേതൃത്വവും പണ്ഡിതന്മാരുമാണ്'' (പുറം:5).

ഗ്രന്ഥകര്‍ത്താവ് പുസ്തകത്തിന്റെ ആദ്യഭാഗത്ത് സ്ത്രീധനം വരുത്തുന്ന വന്‍വിപത്തുകള്‍ വിശദീകരിക്കുന്നു. അത് നിരവധി പെണ്‍കുട്ടികള്‍ അവിവാഹിതരായി തുടരാന്‍ കാരണമായിത്തീരുന്നു. വിവാഹ മോചനത്തിനും ആത്മഹത്യക്കും കൊലപാതകത്തിനും വഴിവെക്കുന്നു.

നമ്മുടെ നാട്ടിലിന്ന് നടക്കുന്ന സ്ത്രീധന സമ്പ്രദായത്തിന് ഒരുവിധ നീതീകരണമോ ന്യായീകരണമോ ഇല്ലെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. 'വിവാഹാന്വേഷണ വേളയില്‍ സ്ത്രീയുടെ സ്വത്തിനെ സംബന്ധിച്ച് ചോദിക്കുന്നവന്‍ കള്ളനാണെന്ന് നീ മനസ്സിലാക്കണ'മെന്ന ഇമാം സൗരിയുടെ പ്രസ്താവം ഉദ്ധരിച്ച് അബ്ദുര്‍റഹ്മാന്‍ ഫൈസി എഴുതുന്നു: ''വസ്തുത ഇതാണെന്നിരിക്കെ, പകരമായി ഒന്നും നല്‍കാതെ ഭാര്യയുടെ ആളുകളില്‍നിന്ന് എങ്ങനെയാണ് ധനം ആവശ്യപ്പെടുക? എന്തടിസ്ഥാനത്തിലാണ് നാമത് സ്വീകരിക്കുക? കല്യാണച്ചെലവിന്റെയും വിവാഹസദ്യയുടെയും പേരില്‍ ആ ധനമുപയോഗിച്ച് തിന്നുകയും മറ്റുള്ളവരെ തീറ്റുകയും ചെയ്യുന്നത് എങ്ങനെ തൃപ്തികരവും വിശുദ്ധവുമാകും? പ്രിയ സഹോദരങ്ങളേ, ഇത്തരം ഭക്ഷണം നാം ബോധപൂര്‍വം നമ്മുടെ വയറ്റിനകത്ത് കടത്തരുത്'' (പുറം:16).

തുടര്‍ന്ന് സമൂഹ മനഃസാക്ഷിയുടെ മുമ്പില്‍ ഗുരുതരമായ ചില ചോദ്യങ്ങളുയര്‍ത്തുന്നു: ''വഴിപിഴച്ച ജാഹിലിയ്യാ സമൂഹത്തില്‍പോലും സ്ത്രീകള്‍ക്കില്ലാത്ത സമ്പത്തിനുവേണ്ടി തര്‍ക്കിക്കുകയോ സ്ത്രീയുടെ ഉടമസ്ഥതയിലില്ലാത്ത (രക്ഷിതാവിന്റെയല്ല) സമ്പത്ത് പ്രതീക്ഷിക്കുകയോ, അതു മുന്‍കൂട്ടി കൈപ്പറ്റി, അതില്‍നിന്ന് മഹറും വസ്ത്രവും വിവാഹ സദ്യയും നല്‍കാനുപയോഗപ്പെടുത്തുകയോ ചെയ്യുന്ന ദുഷിച്ച ആചാരമോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇസ്‌ലാമിക സമൂഹ ഗാത്രത്തില്‍ തന്നെ ഇതിനുവേണ്ടി കലഹിക്കുന്ന അവസ്ഥ വന്നാലോ? ഈ നിന്ദ്യതയും മാര്‍ഗഭ്രംശവും നമ്മളില്‍ അത്ഭുതമുണ്ടാക്കുന്നില്ലേ? ഈ സാമൂഹിക ദുരാചാരത്തിനെതിരെ നാം എങ്ങനെ മൗനികളാകും? നമുക്ക് ലജ്ജയില്ലേ? മതസംഘടനകളും പണ്ഡിതന്മാരും നിറഞ്ഞ ഇസ്‌ലാമിക സമൂഹത്തിലാണ് ഇവയെല്ലാം നടക്കുന്നത്. ഇവക്കെല്ലാം സര്‍വജ്ഞാനിയും മഹാനുമായ അല്ലാഹുവോട് നാം എന്തു മറുപടി പറയും?'' (പേജ് 19).

തുടര്‍ന്ന് സ്ത്രീധനത്തിന്റെ നേരെ നിസ്സംഗത പുലര്‍ത്തുന്ന മതനേതൃത്വത്തെ നിശിതമായി വിചാരണ ചെയ്യുന്നുണ്ട്: ''അധിക പ്രഭാഷകരും ഇക്കാര്യത്തെക്കുറിച്ച് അശ്രദ്ധരാണ്. പിന്നെ, ഇവരെങ്ങനെ മറ്റുള്ളവരെ ബോധവല്‍ക്കരിക്കും? സമ്പത്തിനു മുന്നില്‍ കണ്ണ് മഞ്ഞളിക്കുന്നവരാണ് പ്രഭാഷകരിലധികവും. ചില ഹദീസുകളിലെ പഴുതുകളന്വേഷിക്കുന്ന ഇവര്‍ സ്ത്രീധനം അനുവദനീയമാണോയെന്ന് ഗവേഷണം നടത്തുകയാണ്. എന്നാല്‍ അതിനെ കര്‍ശനമായി നിരോധിച്ച ഭാഗങ്ങളെക്കുറിച്ചവര്‍ ഗവേഷണം നടത്തുന്നില്ല. ചങ്ങലക്കു തന്നെ ഭ്രാന്തു പിടിച്ചാല്‍ നാമെന്തു ചെയ്യും?'' (പേജ് 20).

''പുരുഷന്‍ വിവാഹമൂല്യമായി (മഹര്‍) സ്ത്രീക്ക് ധനം അങ്ങോട്ടു നല്‍കുകയെന്നതല്ലാതെ, സ്ത്രീയുടെ ധനം ഇങ്ങോട്ടു ചോദിക്കാന്‍ പ്രസിദ്ധമോ അപ്രസിദ്ധമോ ആയ ഒരു നബിവചനത്തിലും ഒന്നും കാണാന്‍ സാധ്യമല്ല'' എന്നുകൂടി ഗ്രന്ഥകാരന്‍ എഴുതുന്നു.

1963-ല്‍ സ്ത്രീധനത്തെ സംബന്ധിച്ച് സമസ്ത നല്‍കിയ ഫത്‌വ, മാറിയ പരിതസ്ഥിതിയില്‍ പുനര്‍വായിക്കണമെന്ന് ഗ്രന്ഥകാരന്‍ നിര്‍ദേശിക്കുന്നു: ''സ്ത്രീധനം ഹറാമാണോ എന്ന ഒരു പൊതു ചോദ്യം സമസ്തയുടെ മുന്നില്‍ വന്നപ്പോള്‍ 1963 സെപ്തംബര്‍ 21 നു ചേര്‍ന്ന സമസ്ത അത് ഹറാമല്ല എന്ന മറുപടി നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍പെട്ട ആരെങ്കിലും അങ്ങനെ മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ അത് അക്കാലത്ത് പിടിച്ചുപറിയോ നിര്‍ബന്ധബുദ്ധിയോടു കൂടിയോ അല്ലാത്ത സ്ത്രീധനത്തെക്കുറിച്ചായിരുന്നു എന്നു ഗ്രഹിക്കാം. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന് തന്നിഷ്ടപ്രകാരം നല്‍കുന്ന വസ്തു നിഷിദ്ധമാണെന്ന് പറയാന്‍ പറ്റുമോ? ഒരാള്‍ തന്റെ മകള്‍ക്കോ ഭാര്യക്കോ ദാനമായി നല്‍കുന്ന ധനം വിലക്കാന്‍ എന്തുണ്ട് ന്യായം? ഇതല്ലാതെ ഇന്നു ക്രൂരമായി നിലനില്‍ക്കുന്ന സ്ത്രീധന ദുരന്തത്തെ സമസ്തയോ പ്രബല പണ്ഡിതന്മാരോ ആരുംതന്നെ അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി അറിവില്ല...''

''മുസ്‌ലിംകളെ പീഡിപ്പിക്കുക(വിശിഷ്യ അവര്‍ക്കര്‍ഹതപ്പെടാത്ത സ്വത്തിന്റെ പേരില്‍) എന്നുള്ളതിന്റെ വിധി ഇസ്‌ലാമിക സമൂഹത്തിന്റെയരികെ ഗോപ്യമായി വെക്കേണ്ട വിഷയമല്ല. ബുദ്ധിയുള്ളവരാരും തന്നെ ഇതനുവദനീയമാക്കുകയില്ല. മുസ്‌ലിംകളെ പീഡിപ്പിക്കുന്നത് അനുവദനീയമാണെന്ന് പണ്ഡിതന്‍ മതവിധി നല്‍കിയാല്‍ അയാള്‍ യഥാര്‍ഥ പണ്ഡിതനല്ല. അയാള്‍ കളവു കെട്ടിപ്പടുക്കുന്നവനാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. ആളുകള്‍ അയാള്‍ക്ക് പണ്ഡിതന്‍ എന്ന വിശേഷണം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉപമ നബി(സ) അബൂജഹല്‍ എന്ന പേരു നല്‍കിയവനെ ജനങ്ങള്‍ 'അബുല്‍ഹകം' എന്നുവിളിച്ചതു പോലെയാണ്. സമസ്ത മുമ്പ് ഇങ്ങനെ ഒരു ഫത്‌വ നല്‍കി, ഇപ്പോള്‍ അതെങ്ങനെ മാറ്റിപ്പറയും എന്നു ചോദിക്കുന്നവരോട് പറയാനുള്ളത്, പരലോക മോക്ഷം കാംക്ഷിക്കുന്ന ഉത്തമ പണ്ഡിതന്മാരുടെ ഉത്തരവാദിത്തം ജനങ്ങളുടെ കാലോചിതമായ ആവശ്യങ്ങളും അവസ്ഥകളും പരിഗണിച്ച് ഇസ്‌ലാമിക സമൂഹത്തിന് അനുഗുണമായ കാര്യങ്ങള്‍ അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും മതനിയമങ്ങള്‍ വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുകയെന്നതാണ്. ഇതിനായി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമാവാതെ മുരട്ടുവാദക്കാര്‍ക്കും ശത്രുക്കള്‍ക്കുമെല്ലാം മറുപടി നല്‍കാന്‍ സാധിക്കുന്ന വിധത്തില്‍ ഇസ്‌ലാമിക സമൂഹത്തിനു ഗുണകരമാകുന്നവിധം കാലോചിതവും സമയോചിതവുമായ വിഷയങ്ങളില്‍ ചര്‍ച്ചയും അന്വേഷണവും നടത്തുകയും അനുഗുണമായത് ഉള്‍ക്കൊള്ളുകയും വേണം.

''ശംസുല്‍ ഉലമ ഇ.കെ ഉസ്താദിന്റെ ചില നടപടികള്‍ ഇതിനുദാഹരണമാണല്ലോ. നഴ്‌സറി പുസ്തകങ്ങളിലെ ചിത്രങ്ങള്‍, പെണ്‍കുട്ടികള്‍ക്ക് എഴുത്തഭ്യസിപ്പിക്കല്‍, ഇംഗ്ലീഷ് വിദ്യാഭ്യാസം, വനിതാ കോളേജ് എന്നീ വിഷയങ്ങളിലെ ആധുനിക പ്രവര്‍ത്തന പദ്ധതികള്‍ നമ്മുടെ മുമ്പിലുണ്ട്. ചില ഗ്രന്ഥങ്ങളില്‍ എതിരഭിപ്രായങ്ങള്‍ നിലനില്‍ക്കെ തന്നെ മറ്റു ചില ഗ്രന്ഥങ്ങളിലെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി പല കാര്യങ്ങളും നാം വിലക്കിയിട്ടുണ്ട്. പിന്നെ സമൂഹത്തില്‍ ഭൂരിപക്ഷത്തിനും നാശമുണ്ടാക്കുന്ന രീതിയിലുള്ള സ്ത്രീധന സമ്പ്രദായത്തെ നിഷിദ്ധമാക്കാന്‍ നമ്മെ വിലക്കുന്നതെന്താണ്?'' (പേജ് 23,24).

സ്ത്രീധനം വാങ്ങിയവര്‍ അത് തിരിച്ചുനല്‍കണമെന്ന് ഗ്രന്ഥകര്‍ത്താവ് അബ്ദുര്‍റഹ്മാന്‍ ഫൈസി ശക്തമായി ആവശ്യപ്പെടുന്നു: ''അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ആര്‍ക്കെങ്കിലും മോചനം ലഭിക്കണമെങ്കില്‍ അവനാദ്യം നിഷ്‌കളങ്കമായ പശ്ചാത്താപമാണ് നിര്‍വഹിക്കേണ്ടത്. അതിനവന്‍ സ്വന്തം ഭാര്യയുടെയും ഭാര്യാപിതാവിന്റെയും ബാധ്യതകള്‍ തിരിച്ചുനല്‍കട്ടെ. അവന്റെ ധനപരമായ ബാധ്യത നിറവേറ്റേണ്ടത് ഭാര്യയെ ഭയപ്പെട്ടു കൊണ്ടോ ഭയപ്പെടുത്തിക്കൊണ്ടോ അല്ല. അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ടാണ്. ഇനി അവന് തിരിച്ചുനല്‍കാന്‍ സാമ്പത്തികമായി പ്രയാസമാണെങ്കില്‍ ഭാര്യയോടും അവളുടെ പിതാവിനോടും ആത്മാര്‍ഥമായി പൊരുത്തപ്പെടുവിക്കുകയാണ് വേണ്ടത്. ഇതൊരു പേരിനുവേണ്ടിയുള്ള പറച്ചിലാകരുത്. ശേഷം അവന്റെ തൗബയുടെയും സത്യസന്ധതയുടെയും പൂര്‍ത്തീകരണത്തിനുവേണ്ടി അവന്‍ സമൂഹ മധ്യത്തിലിറങ്ങി അന്ധമായ സ്ത്രീധനത്തിന്റെ ഭവിഷ്യത്തുകള്‍ സമൂഹത്തിന് മനസ്സിലാക്കി കൊടുക്കണം'' (പേജ് 26).

സ്ത്രീധനത്തിന്റെ വിപത്തുകള്‍ വിശദീകരിക്കുകയും അതിനെ അനുകൂലിക്കുന്ന പണ്ഡിതന്മാരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന ഗ്രന്ഥകാരന്‍ സ്ത്രീധനത്തുക കൊണ്ട് നടത്തുന്ന വിവാഹാഘോഷങ്ങളിലെ ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്യുന്നു (പേജ് 30).

ഏറെ ശ്രദ്ധേയമായ ഈ പുസ്തകത്തിലെ, ആഭരണത്തിന്റെ സകാത്തിനെ സംബന്ധിച്ച ഭാഗം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനുള്ള കവാടം തുറക്കുന്നതു കൂടിയാണ്. ഗ്രന്ഥകാരന്‍ എഴുതുന്നു: ''സ്ത്രീയുടെ പക്കലുള്ള സ്വര്‍ണത്തിന്റെ കണക്കനുസരിച്ച് അതിനു സകാത്ത് കൊടുത്തു വീട്ടല്‍ നിര്‍ബന്ധമാണെന്ന് ശാഫിഈ മദ്ഹബല്ലാത്ത അധിക മദ്ഹബുകളുടെ ഇമാമുകളും പഠിപ്പിച്ചിട്ടുണ്ട്. അഭിപ്രായാന്തരങ്ങളില്‍നിന്നും മുക്തമാകാന്‍ വേണ്ടി എന്നുപറഞ്ഞ് പല കാര്യങ്ങളും പല മസ്അലകളും നാം സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ സകാത്തിന്റെ കാര്യത്തില്‍ മാത്രം എന്തിനു നാം ഇതു പറയാതെയും ചെയ്യാതെയുമിരിക്കണം? തീര്‍ച്ചയായും സകാത്ത് ഒരാളെത്തൊട്ടും-അവന്‍ കുട്ടിയാണെങ്കിലും അനാഥനാണെങ്കിലും ഭ്രാന്തനാണെങ്കിലും-ഒന്നും ഒഴിവാകുകയില്ല. എന്നിരിക്കെ അല്ലാഹു തന്റെ അടിമകളുടെ മേല്‍ നിര്‍ബന്ധമാക്കിയ ഇസ്‌ലാമിക സകാത്തിനെയും ഇലാഹീ വിധിയെയും നാം എന്തിന് അട്ടിമറിക്കുന്നു? സ്വര്‍ണവും വെള്ളിയും നിധിയായി സൂക്ഷിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കിയ മുന്നറിയിപ്പ് അവരെ ഓര്‍മിപ്പിക്കുക. തന്റെ ഭാര്യയെ വേദനാജനകമായ ശിക്ഷ കൊണ്ട് മുന്നറിയിപ്പ് നല്‍കുക. അവരെയും കൂടി സൂക്ഷിക്കുക. സ്വീകാര്യമായ ഇതര മദ്ഹബുകളുടെ നിയമങ്ങള്‍ പരിഗണിച്ചും സൂക്ഷ്മതക്കും അഭിപ്രായഭിന്നതകളില്‍ നിന്ന് മുക്തി ലഭിക്കാനുമായി പത്തര പവനിലധികം ആഭരണങ്ങളുണ്ടെങ്കില്‍ എല്ലാ വര്‍ഷവും രണ്ടര ശതമാനം സകാത്ത് നല്‍കുക'' (പേജ് 43).

എ.പി വിഭാഗം സമസ്തയിലെ പ്രമുഖ പണ്ഡിതന്മാരിലൊരാളാണ് ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍. എന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍. നല്ല സഹൃദയനാണ്. വിപുലമായ ലോകപരിചയമുണ്ട്. നാല്‍പതിലേറെ നാടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്ത്രീധനം വരുത്തുന്ന വമ്പിച്ച വിപത്തുകള്‍ വികാരനിര്‍ഭരമായി വിവരിക്കുന്നു അദ്ദേഹത്തിന്റെ തദ്‌സംബന്ധമായ പുസ്തകം. 'സ്ത്രീധനം' എന്ന കൃതിക്കു നല്‍കിയ ഉപശീര്‍ഷകം ഉള്ളടക്കത്തെ പ്രതിനിധീകരിക്കുന്നു. ''സ്പന്ദിക്കുന്ന ഹൃദയമുണ്ടോ നമുക്ക്?.''

അതുണ്ടെങ്കില്‍ സ്ത്രീധനത്തിനെതിരെ ശക്തമായ നിലപാടെടുക്കാതിരിക്കാന്‍ സാധ്യമല്ലെന്ന് സമര്‍ഥിക്കുന്നു ഈ പുസ്തകം. കൊടിയ ഈ സാമൂഹിക വിപത്ത് കാരണം അവിവാഹിതരായി കഴിയേണ്ടിവരുന്ന സ്ത്രീകളുടെ നിസ്സഹായതയും ദൈന്യതയും അനാവരണം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഇതിലുണ്ട്. ആത്മഹത്യക്കും കൊലപാതകത്തിനും അന്യമതക്കാരോടൊപ്പമുള്ള ഒളിച്ചോടലിനും സ്ത്രീധനം എങ്ങനെ വഴിവെക്കുന്നുവെന്ന് ഇത് വിശദീകരിക്കുന്നു. മാന്യന്മാരായ രക്ഷിതാക്കളെ യാചകരും അപമാനിതരുമാക്കുന്ന സ്ത്രീധനം വിവാഹമോചനങ്ങള്‍ക്കും കുടുംബത്തകര്‍ച്ചകള്‍ക്കും കാരണമായിത്തീരുന്നു.

സ്ത്രീധനം വാങ്ങുന്നവരെ യാചകരും കൊള്ളക്കാരും പിടിച്ചുപറിക്കാരുമായാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. സ്ത്രീധനം വാങ്ങി ധൂര്‍ത്തടിക്കുന്ന പൈശാചികതയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. സ്ത്രീധനമായി സ്വീകരിക്കുന്ന ആഭരണം നരകത്തിലെ അഗ്‌നി വളകളും മാലകളുമാണെന്ന് സമര്‍ഥിക്കുന്നു.

സ്ത്രീധനത്തിനെതിരെ പൊരുതാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്ന അധ്യായത്തില്‍ അബ്ദുല്ല മുസ്‌ലിയാര്‍ വികാരനിര്‍ഭരമായ ഭാഷയില്‍ ഇങ്ങനെ കുറിക്കുന്നു: ''സ്ത്രീകളോട് ക്രൂരത കാണിക്കുകയും അവരുടെ മനുഷ്യ വ്യക്തിത്വത്തെ നിഷേധിക്കുകയും ചെയ്യുന്ന ഈ ദുഷിച്ച സാമൂഹിക വ്യവസ്ഥക്കെതിരെ, യുവതികളുടെ സമൂഹമേ, നിങ്ങള്‍ക്കെന്തുകൊണ്ട് പോരാടിക്കൂടാ? സ്വന്തം ദുരിതങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത് നിങ്ങള്‍ക്കു തന്നെയല്ലേ?

''നിങ്ങള്‍ ചോദിച്ചേക്കും: ഞങ്ങള്‍ എങ്ങനെ പ്രതിഷേധിക്കും? ഞങ്ങളെങ്ങനെ സമര രംഗത്തിറങ്ങും? പറയാം: നിങ്ങള്‍ ദൃഢനിശ്ചയം ചെയ്യുക. ഞങ്ങള്‍ക്കുവേണ്ടി സ്ത്രീധനം നല്‍കി നിശ്ചയിക്കാന്‍ പോകുന്ന ഒരു വിവാഹത്തിനും ഞങ്ങള്‍ തയാറല്ല. വിശുദ്ധ വിവാഹങ്ങളെ കാലിച്ചന്തയിലെ കച്ചവടമാക്കാന്‍ ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല. അത്തരം ദുഷ്ടലാക്കുള്ള ഒരു പുരുഷനെയും ഭര്‍ത്താവായി സ്വീകരിക്കില്ല. എന്തുകൊണ്ട്? രണ്ട് കാരണങ്ങളാല്‍

''ഒന്ന്: വിവാഹാന്വേഷണത്തില്‍ സ്ത്രീയുടെ ധനത്തില്‍ കണ്ണുവെക്കുന്നവന്‍ കള്ളനാണെന്ന് മഹാജ്ഞാനികളായ പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ തന്നെ സ്വന്തം അനുഭവങ്ങള്‍ അതിനു സാക്ഷിയാണ്. അവര്‍ പലരും കള്ളന്മാര്‍ മാത്രമല്ല, കൊള്ളക്കാര്‍ കൂടിയാണ്. സ്ത്രീധനം വാങ്ങുന്ന പുരുഷനും അതിനു വിലപേശുന്ന അവന്റെ പിതാവും അത് തൂക്കിനോക്കുന്ന അവന്റെ മാതാവും പണപൂജകരാണ്. അവരുടെ ഹൃദയം മലിനമാണ്. 'അഴുകിയ ശവം' എന്ന് ഇമാം ശാഫിഈ  പറഞ്ഞ, ദുന്‍യാവിനെ കടിച്ചുവിഴുങ്ങാന്‍ ബഹളം കൂട്ടുന്ന അവര്‍ ഒരിക്കലും മാന്യന്മാരാകില്ല. അത്തരം നാണംകെട്ട ഒരു കുടുംബത്തില്‍ വധുവായിരിക്കാന്‍ നിങ്ങളിഷ്ടപ്പെടുമോ?

രണ്ട്: അത്തരം പണക്കൊതിയന്മാര്‍ക്ക് വേണ്ടി നിങ്ങള്‍ കൂടി വാശിപിടിക്കുമ്പോള്‍, സഹോദരീ, നിങ്ങളുടെ സ്വന്തം മാതാപിതാക്കളെയാണ് നിങ്ങള്‍ കഷ്ടപ്പെടുത്തുന്നത്. ദുഷിച്ചു നാറിയ ഒരു സാമൂഹികാചാരത്തിന് വഴങ്ങി നിങ്ങള്‍ കുറേ പണവും ആഭരണവും വാങ്ങി പുതുമണവാളന്റെ വീട്ടിലെത്തുന്നതോടെ നിങ്ങളുടെ മാതാപിതാക്കള്‍ വീടുവിറ്റ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറേണ്ടിവന്നാല്‍ ഒരു കുടുംബജീവിതം ആസ്വദിക്കാന്‍ ഹൃദയമുള്ള ഒരു സ്ത്രീക്ക് കഴിയുമോ, നിങ്ങള്‍ക്ക് പണവും ആഭരണവും നല്‍കാന്‍വേണ്ടി നിങ്ങളുടെ നിരാലംബനായ പിതാവ് യാചകനാകുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുമോ? നിങ്ങള്‍ക്കൊരു ഭര്‍ത്താവിനെ ലഭിക്കാന്‍ വേണ്ടി നിങ്ങളുടെ അനുജന്മാരും അനുജത്തിമാരും തെരുവാധാരമാകുന്നത് നിങ്ങള്‍ക്ക് സഹിക്കാനാകുമോ? എങ്കില്‍ പണത്തിനുവേണ്ടി പെണ്ണന്വേഷിച്ചുവരുന്നവരെ പടിക്ക് പുറത്താക്കുക. അത്തരക്കാര്‍ അല്ലാഹു ഇഷ്ടപ്പെടുന്ന നല്ലവരല്ല.

ഇനി നിങ്ങളുടെ പിതാവ് സമ്പന്നനാണെന്ന് വെക്കുക. എന്നാല്‍ പോലും സ്ത്രീധനവും അമിതമായ ആഭരണവും നിങ്ങള്‍ സ്വീകരിക്കരുത്. പിതാവ് സ്വന്തം സ്വത്തില്‍നിന്ന് നിങ്ങള്‍ക്കു നല്‍കുന്നത് മറ്റു മക്കള്‍ക്ക് ഇഷ്ടമായിക്കൊള്ളണമെന്നില്ല. അപ്പോള്‍ അത് വിവേചനമാകും. മക്കള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് തിരുനബി(സ) തടഞ്ഞിട്ടുണ്ട്'' (പേജ്: 60,61).

സ്‌നേഹം, കാരുണ്യം, ദയ, വിട്ടുവീഴ്ച, സത്യസന്ധത, സാമ്പത്തിക വിശുദ്ധി തുടങ്ങി ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സകല മഹിത മൂല്യങ്ങള്‍ക്കും എതിരാണ് സ്ത്രീധനമെന്ന് സമര്‍ഥിക്കുന്ന ഈ കൃതി വിവാഹത്തോടനുബന്ധിച്ചുള്ള ധൂര്‍ത്തിനെയും മറ്റു അത്യാചാരങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നു.

ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത സമസ്ത എ.പി വിഭാഗത്തിലെ ഏറ്റം പ്രമുഖരായ പണ്ഡിതന്മാരുടെ, സ്ത്രീധനത്തിനെതിരായ ലേഖനങ്ങളും കുറിപ്പുകളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ്. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ടി.എസ്.കെ തങ്ങള്‍ ബുഖാരി, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍ എന്നിവരുടെ, സ്ത്രീധനത്തിനെതിരായ വരികള്‍ ഏറെ ശ്രദ്ധേയങ്ങളാണ്.

ഇ.കെ, എ.പി സമസ്തകളിലെ പ്രമുഖരായ രണ്ടു പണ്ഡിതന്മാരുടെ ശ്രദ്ധേയമായ രണ്ടു കൃതികളെയാണ് ഇവിടെ സംക്ഷിപ്തമായി പരിചയപ്പെടുത്തിയത്. ഈ പുസ്തകങ്ങളിലെ ഉള്ളടക്കത്തോട് ഇരുവിഭാഗം സമസ്തയിലെയും നേതാക്കളും പണ്ഡിതന്മാരും പ്രവര്‍ത്തകരും നീതിപുലര്‍ത്തുകയാണെങ്കില്‍ അത് കേരളീയ മുസ്‌ലിം സമൂഹത്തിലുണ്ടാക്കുന്ന മാറ്റം അതിമഹത്തരമായിരിക്കും. സമുദായം ഇന്നനുഭവിക്കുന്ന ഒരു കൊടിയ വിപത്തിന് അത് അറുതിവരുത്തുക തന്നെ ചെയ്യും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /64-71
എ.വൈ.ആര്‍