Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 12

മതം, സമുദായം, മതസംഘടനകള്‍, മത വിദ്യാഭ്യാസം, മുസ്‌ലിം ഐക്യം <br>മുനവ്വറലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു

മുനവ്വറലി ശിഹാബ് തങ്ങള്‍/ ബഷീര്‍ തൃപ്പനച്ചി /അഭിമുഖം

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കേരളീയ മത-സാമൂഹിക രംഗത്ത് സുപരിചിതനാണ്. പാണക്കാട് കുടുംബാംഗം എന്നതിനപ്പുറം എഴുത്തുകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് മുനവ്വറലി തങ്ങള്‍. മലേഷ്യയിലെ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ജി.സി.സി രാഷ്ട്രങ്ങള്‍, പശ്ചിമേഷ്യ തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങളില്‍ അക്കാദമിക് കോണ്‍ഫറന്‍സുകളിലും വിദ്യാഭ്യാസ ശില്‍പശാലകളിലും പങ്കെടുത്തിട്ടുണ്ട്. മതം, സമുദായം, വിദ്യാഭ്യാസം, മുസ്‌ലിം ഐക്യം തുടങ്ങിയ വിഷയങ്ങളിലുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് മുനവ്വറലി തങ്ങള്‍ ഈ സൗഹൃദ സംഭാഷണത്തില്‍.

പാണക്കാട് കുടുംബാംഗമെന്ന നിലയില്‍ മത- സാമൂഹിക- രാഷ്ട്രീയ ഇടങ്ങളില്‍ സജീവസാന്നിധ്യമാകുമ്പോഴും വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകളിലാണ് താങ്കള്‍ പ്രത്യേകം ശ്രദ്ധയൂന്നുന്നത്. മലേഷ്യയിലെ  ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഉപരിപഠനമാണ് ഈ രംഗത്ത് സവിശേഷ ശ്രദ്ധ പതിയാനുള്ള കാരണമെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ആദ്യ മലയാളി വിദ്യാര്‍ഥിയെന്ന നിലയില്‍ മലേഷ്യന്‍ പഠനകാലാനുഭവവും അതിലേക്കെത്താനുണ്ടായ സാഹചര്യവും വിവരിക്കാമോ?

എന്റെ പിതാവ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലാണ് പഠിച്ചത്. അതിനാല്‍ത്തന്നെ വിദേശ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കണമെന്നത് എന്റെയും ആഗ്രഹമായിരുന്നു. ചെന്നൈയില്‍ പഠിക്കുമ്പോഴാണ് ഒരു സുഹൃത്ത് വഴി ഐ.ഐ.യു.എം(ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ) ന്റെ പ്രോസ്പക്ടസ് ലഭിക്കുന്നത്. ഞാന്‍ അപേക്ഷ സമര്‍പ്പിച്ചു. ഉപ്പയുടെ നിര്‍ദേശ പ്രകാരം ഡിഗ്രി പഠനം പൂര്‍ത്തീകരിച്ച ശേഷമാണ് മലേഷ്യയില്‍ പോവുന്നത്. ഇസ്‌ലാമിക് റിവീല്‍ഡ് നോളജ് ഇന്‍ ഹെരിറ്റേജ് ആന്റ് ഹ്യൂമന്‍ സയന്‍സ് എന്ന ബിരുദ കോഴ്‌സിലാണ് എനിക്ക് അഡ്മിഷന്‍ കിട്ടിയത്. അതെന്റെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു. നൂറോളം രാഷ്ട്രങ്ങളിലെ വിദ്യാര്‍ഥികള്‍, അന്തര്‍ദേശീയ തലത്തില്‍ പ്രഗത്ഭരായ അധ്യാപകര്‍ ഇവരെയെല്ലാം പരിചയപ്പെടാനും അവരില്‍ നിന്ന് ഒട്ടേറെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും സാധിച്ചു.

പ്രശസ്ത ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായ ഡോ. ഇസ്മാഈല്‍ റാജി ഫാറൂഖിയുടെ 'ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ്' എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി, പാശ്ചാത്യ യൂനിവേഴ്‌സിറ്റികളോട് കിടപിടിക്കുന്ന വൈജ്ഞാനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന ആശയം ചര്‍ച്ചയാവുകയുണ്ടായി. തുടര്‍ന്ന്, ഇസ്മാഈല്‍ റാജി ഫാറൂഖി തന്നെ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ്) യില്‍ ഈ ആവശ്യം ഉന്നയിച്ച് നടത്തിയ പ്രഭാഷണത്തിന്റെ ഫലമായിട്ടാണ് 1983-ല്‍ ഇന്റര്‍നാഷ്ണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് മലേഷ്യ പ്രവര്‍ത്തനമാരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്ന ഇബ്‌റാഹീം സൈന്‍, മുതീഉര്‍റഹ്മാന്‍ തുടങ്ങിയവരാണ് അതിന് നേതൃത്വം നല്‍കിയത്. അബൂ സുലൈമാന്‍ ആയിരുന്നു ആദ്യ റെക്ടര്‍. ലോകത്തിലെ പ്രഗത്ഭരായ പ്രഫസര്‍മാരെയും വിദ്യാഭ്യാസ വിചക്ഷണരെയും ശാസ്ത്രജ്ഞരെയുമെല്ലാം അദ്ദേഹം സ്ഥാപനത്തിലേക്ക് കൊണ്ടുവന്നു. സ്‌കോളര്‍ഷിപ്പുകളും മറ്റു ആനുകൂല്യങ്ങളും നല്‍കി ലോകത്തെമ്പാടുമുള്ള വിദ്യാര്‍ഥികളെ അങ്ങോട്ട് ആകര്‍ഷിച്ചു. അങ്ങനെയാണ് ഇന്ന് കാണുന്നവിധം നൂറോളം രാഷ്ട്രങ്ങളില്‍ നിന്ന് ഇരുപതിനായിരത്തിലേറെ വിദ്യാര്‍ഥികളുള്ള ലോകോത്തര യൂനിവേഴ്‌സിറ്റിയായി ഐ.ഐ.യു.എം മാറിയത്. മലേഷ്യന്‍ ധനകാര്യ മന്ത്രിയായിരുന്ന അന്‍വര്‍ ഇബ്‌റാഹീമിന്റെ താല്‍പര്യവും ഇടപെടലും ഈ രംഗത്ത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. 

സയന്‍സ്, ഹ്യൂമന്‍ സയന്‍സ്, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, എജുക്കേഷന്‍, എം.ബി.എ, ഇസ്‌ലാമിക് ഫിനാന്‍സ് ആന്റ് ബാങ്കിംഗ് തുടങ്ങി നിരവധി കോഴ്‌സുകള്‍ ഐ.ഐ.യു.എമ്മിലുണ്ട്. 'ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ്' എന്ന ആശയം വൈജ്ഞാനിക-അക്കാദമിക തലങ്ങളില്‍ പ്രായോഗികമായി നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതുതന്നെയാണ് ഐ.ഐ.യു.എമ്മിനെ സവിശേഷമാക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ ഈ പുതിയ പരീക്ഷണവും വ്യത്യസ്ത രാജ്യങ്ങളില്‍  നിന്നുള്ള വിദ്യാര്‍ഥികളുമായി ഇടപഴകിയതില്‍ നിന്ന് ലഭിച്ച അറിവും അനുഭവവും എന്റെ അതുവരെയുള്ള കാഴ്ചപ്പാടുകളെ മാറ്റിക്കളഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം. പഠനശേഷം ദാറുല്‍ ഹുദയില്‍ നിന്നടക്കമുള്ള ഒട്ടേറെ വിദ്യാര്‍ഥികളെ മലേഷ്യയിലേക്ക് ഉപരി പഠനത്തിനയക്കാന്‍ എന്നെ പ്രചോദിപ്പിച്ചത് ഈ അനുഭവമായിരുന്നു.

ദാറുല്‍ ഹുദ യൂനിവേഴ്‌സിറ്റി അക്കാദമിക് സെനറ്റ് അംഗമാണല്ലോ താങ്കള്‍. മലേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ മാതൃകകളും പരീക്ഷണങ്ങളും ദാറുല്‍ ഹുദയില്‍ നടപ്പിലാക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടോ? കേരളീയ  ഉന്നത മതപാഠശാലകളില്‍ മലേഷ്യന്‍ മാതൃക എത്രത്തോളം പകര്‍ത്താന്‍ സാധിക്കും?

കേരളത്തിലെ മിക്ക അറബിക് കോളേജുകളിലും യു.ജി.സിയുടെ കീഴിലുള്ള സിലബസുകള്‍ മാത്രമാണ് പഠിപ്പിക്കാന്‍ അനുവാദമുള്ളത്. അതിനാല്‍ തന്നെ അത്തരം സ്ഥാപനങ്ങളില്‍ മലേഷ്യന്‍ മാതൃകകള്‍ നടപ്പാക്കാന്‍ സാധിക്കില്ല. എന്നാല്‍, ദാറുല്‍ഹുദാ പോലുള്ള, മതസംഘടനകള്‍ക്ക് കീഴിലെ ഉന്നത മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പകര്‍ത്താനുള്ള ഒട്ടേറെ മാതൃകകള്‍ ഇസ്‌ലാമിക് റിവീല്‍ഡ് നോളജ് ഡിപ്പാര്‍ട്ട്‌മെന്റിലുണ്ട്. ദാറുല്‍ ഹുദയില്‍ അത്തരം മാറ്റങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ശരീഅ തുടങ്ങിയ ഫാക്കല്‍റ്റികള്‍ മലേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മാതൃകയിലാണ് ആരംഭിച്ചത്.

ഈ ഫാക്കല്‍റ്റികളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഒട്ടേറെ വിദ്യാര്‍ഥികളില്‍ ചിലര്‍ മലേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് ചേരുകയുണ്ടായി. അവിടെ പഠനം പൂര്‍ത്തിയാക്കി വന്ന പലരും ഇപ്പോള്‍ ദാറുല്‍ ഹുദയില്‍ അധ്യാപകരാണ്. അവരുടെ കൂടി അനുഭവവും കാഴ്ചപ്പാടും മുന്നില്‍ വെച്ചാണ് ദാറുല്‍ ഹുദയുടെ പുതിയ കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. കോഴ്‌സുകളും സിലബസുകളും പാഠ്യരീതികളും ആ രീതിയില്‍ ക്രമീകരിക്കുന്നതിന് സഹായിക്കാനായി മലേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള എക്‌സ്‌പേര്‍ട്ട്‌സ് ദാറുല്‍ ഹുദ സന്ദര്‍ശിച്ചിരുന്നു. കേരളീയ സാഹചര്യം ഉള്‍ക്കൊണ്ട് എത്രത്തോളം മാറ്റങ്ങള്‍ വരുത്താെമന്ന ചര്‍ച്ചയും നടന്നിരുന്നു. നിലവിലെ അധ്യാപകര്‍ക്കും സ്ഥാപന നടത്തിപ്പുകാര്‍ക്കും ഈ വിഷയത്തില്‍ വര്‍ക്‌ഷോപ്പ് നടത്തുന്നതിന് വേണ്ടി ഈ മാസം മലേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു ടീം ദാറുല്‍ഹുദയില്‍ എത്തുന്നുണ്ട്. കേരളീയ സാഹചര്യം ഉള്‍ക്കൊണ്ട് സാധ്യമാവുന്ന മാതൃകകള്‍ മലേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സ്വീകരിക്കാനാണ് ദാറുല്‍ ഹുദ ഉദ്ദേശിക്കുന്നത്. അതിനു വേണ്ടിയുള്ള ഔദ്യോഗിക ധാരണ ഇരു സ്ഥാപനങ്ങളും തമ്മില്‍ ഉണ്ടായിട്ടുണ്ട്.

കേരളത്തില്‍ ഒരു ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്ന് പറയുമ്പോള്‍ താങ്കളുടെ മനസ്സിലുള്ള ചിത്രമെങ്ങനെയുള്ളതാണ്?

വര്‍ഷങ്ങളായി എന്റെ മനസ്സിലുള്ള ഒരു സ്വപ്ന പദ്ധതിയാണ് കേരളത്തില്‍ ഒരു ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ വലിയൊരു സാധ്യത കൂടിയാണത്. കേരളത്തില്‍ നിലവിലുള്ള എല്ലാ ഉന്നത ഇസ്‌ലാമിക കലാലയങ്ങളുടെയും പരിമിതികളെ മറികടക്കുന്നതാണ് എന്റെ മനസ്സിലുള്ള ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സങ്കല്‍പം. സംഘടനാ പരിമിതികളോ മതപരിഗണനകളോ ഇല്ലാതെ പ്രവേശനം ലഭ്യമാവുന്ന സ്ഥാപനമാണത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ സെക്യുലര്‍ സ്വഭാവമാണ് എന്റെ മനസ്സിലുള്ള ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കുള്ളത്. യൂനിവേഴ്‌സിറ്റിയുടെ പേരില്‍ പോലും ഇസ്‌ലാം വേണമെന്ന് നിര്‍ബന്ധമില്ല. ഇസ്‌ലാം എന്ന് പറയുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ചിലര്‍ക്കെങ്കിലും ആ സ്ഥാപനത്തിലേക്ക് വരാന്‍ വിമുഖതയുണ്ടാവും. ഭൗതിക കോഴ്‌സുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു പഠിക്കാനും ഇസ്‌ലാമിക കോഴ്‌സുകള്‍ വേണ്ടവര്‍ക്ക് മതഭേദമില്ലാതെ അതിനുമവസരമുണ്ടാവണം. പക്ഷേ, ഇസ്‌ലാമിക മൂല്യങ്ങള്‍ പുലരുന്ന കാമ്പസാവണം എന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നതുമാവണം.

ചരിത്രത്തിലെ, സ്‌പെയിനിലെ വൈജ്ഞാനിക സംരംഭങ്ങള്‍ തന്നെയാണ് വിദ്യാഭ്യാസ രംഗത്ത് നമുക്ക് വലിയ മാതൃകയാവേണ്ടത്. ഏഴു നൂറ്റാണ്ടോളം മുസ്‌ലിംകള്‍ സ്‌പെയിന്‍ ഭരിച്ചപ്പോള്‍ ലോകത്തൊരിടത്തും കാണാത്ത ധൈഷണിക മുന്നേറ്റം അവിടെയുണ്ടായി. അതിന് കാരണം ഇസ്‌ലാമിക ദീനീ വിജ്ഞാനീയങ്ങളില്‍ മാത്രമായി അവര്‍ വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്തിയില്ല എന്നതാണ്. ലോകത്തെ എല്ലാ വൈജ്ഞാനിക ശാഖകളും അവിടെ പഠിപ്പിക്കപ്പെട്ടു. മത-ദേശ വ്യത്യാസമില്ലാതെ മുഴുവന്‍ ജനവിഭാഗങ്ങളും വിജ്ഞാനത്തിനായി സ്‌പെയിനില്‍ എത്തി. ഗ്രീക്ക് ഗ്രന്ഥങ്ങള്‍ തര്‍ജമ ചെയ്യാന്‍ അതില്‍ അവഗാഹമുള്ള ക്രൈസ്തവ-ജൂത മതസ്ഥരെ ചുമതലപ്പെടുത്തി. വൈജ്ഞാനിക യോഗ്യത അടിസ്ഥാനമാക്കി ജൂതരെയും ക്രിസ്ത്യാനികളെയും അധ്യാപകരായി നിശ്ചയിച്ചു.. ഇങ്ങനെ ഒരു സെക്യുലര്‍ സ്വഭാവമാണ് വിദ്യാഭ്യാസ രംഗത്ത് സ്‌പെയിന്‍ പുലര്‍ത്തിയത്. അക്കാലത്തെ വൈജ്ഞാനിക സംഭാവനകളുടെ അടയാളങ്ങള്‍ ഇന്നും സ്‌പെയിനില്‍ കാണാം. അത് നേരില്‍ കാണാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്‌പെയിന്‍ പുലര്‍ത്തിയ കാഴ്ചപ്പാടും പ്രായോഗിക നിലപാടുകളും പുലരുന്ന, എല്ലാ വിജ്ഞാനീയങ്ങളും പഠിപ്പിക്കുന്ന, ഇസ്‌ലാമിക മൂല്യങ്ങള്‍ പുലര്‍ത്തുന്ന ഒരു വൈജ്ഞാനിക കേന്ദ്രം. അതാണ് എന്റെ മനസ്സിലുള്ള ഇസ്‌ലാമിക യൂനിവേഴ്‌സിറ്റി. കേരളം പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ അത്തരമൊരു സ്ഥാപനം ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും ഒട്ടേറെ ഗുണം ചെയ്യും.

യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ, ജി.സി.സി ഉള്‍പ്പെടെ ഒരുപാട് രാഷ്ട്രങ്ങള്‍ താങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രകളില്‍ ചിലതെല്ലാം അക്കാദമിക് കോണ്‍ഫറന്‍സുകള്‍, വിദ്യാഭ്യാസ ശില്‍പശാലകള്‍ എന്നിവയില്‍ പങ്കെടുക്കാനുമാണ്. യാത്രകള്‍ താങ്കളുടെ കാഴ്ചപ്പാടുകളെ എങ്ങനെയെല്ലാം സ്വാധീനിച്ചിട്ടുണ്ട്?

ഹജ്ജ് യാത്രയാണ് എന്റെ ആദ്യ വിദേശ സന്ദര്‍ശനം. പിന്നീട് മലേഷ്യയില്‍ പഠിക്കുന്ന കാലത്താണ് യാത്രകള്‍ തുടങ്ങിയത്. മലേഷ്യക്ക് ചുറ്റുമുള്ള പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യൂനിവേഴ്‌സിറ്റിയില്‍ എന്റെ സഹപാഠികളായുണ്ടായിരുന്നു. അതിനാല്‍ അവര്‍ക്കൊപ്പമായിരുന്നു ആ യാത്രകളെല്ലാം. ഫലസ്ത്വീനിലേക്കുള്ള പുണ്യയാത്രയുടെ ഭാഗമായാണ് സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. പിന്നീട് പഠനശേഷം തസവ്വുഫുമായി ബന്ധപ്പെട്ട സെമിനാറുകളില്‍ സംബന്ധിക്കാന്‍ ഒട്ടേറെ രാഷ്ട്രങ്ങളില്‍ പോയി. മലേഷ്യയില്‍ പഠിച്ചതിന്റെ ഗുണങ്ങള്‍ കൂടുതല്‍ അനുഭവിച്ചത് ഈ വിദേശ യാത്രകളിലായിരുന്നു. 

യൂറോപ്യന്‍ യൂനിയന്‍ ഡവലപ്‌മെന്റ് റിസര്‍ച്ച് സെന്റര്‍ നടത്തിയ ഹയര്‍ എജുക്കേഷന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് പാരീസ് സന്ദര്‍ശിച്ചത്. ലോകത്തറിയപ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ എക്‌സ്‌പേര്‍ട്ടുകളും ദിവസങ്ങള്‍ നീണ്ടുനിന്ന ആ ശില്‍പശാലയില്‍ പങ്കെടുത്തിരുന്നു. അവരുടെയെല്ലാം വിദ്യാഭ്യാസ രംഗത്തെ കാഴ്ചപ്പാടുകള്‍ കേള്‍ക്കാനും അക്കാദമിക് രംഗത്തെ പുതിയ കാല്‍വെപ്പുകളും പദ്ധതികളും മനസ്സിലാക്കാനും സാധിച്ചു. ഞാന്‍ ഉത്തരവാദിത്തം വഹിക്കുന്ന സ്ഥാപനങ്ങളിലെല്ലാം അത്തരം അനുഭവങ്ങള്‍ പങ്കുവെക്കാനും അതുവഴി എനിക്ക് സാധിച്ചു. ഇങ്ങനെ ഒട്ടേറെ പുതിയ അറിവുകള്‍ നേടിയത് വിദേശയാത്രകളിലാണ്. പ്രകൃതിക്ക് ഒരു പോറലുമേല്‍ക്കാതെ പരിസ്ഥിതി സൗഹൃദം പാലിച്ച്, ഒരു മരം പോലും മുറിക്കാതെ ഏക്കര്‍ കണക്കിന് വിശാലമായ ഏരിയയില്‍ സ്ഥാപനങ്ങളും കെട്ടിടങ്ങളുമുണ്ടാക്കാമെന്ന് ഞാന്‍ പഠിച്ചത് യൂറോപ്യന്‍ യാത്രയിലാണ്. ചരിത്രത്തെയും പൈതൃകത്തെയുമെല്ലാം എങ്ങനെ സംരക്ഷിച്ച് പുതിയ തലമുറക്ക് പകര്‍ന്നു നല്‍കാമെന്നതിന് വലിയ മാതൃക കണ്ടത് ബ്രിട്ടീഷ് മ്യൂസിയത്തിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ചരിത്ര ശേഷിപ്പുകളെല്ലാം അവിടെ കാണാം. ഈജിപ്തിലെ മമ്മി മുതല്‍ നമ്മുടെ രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയ ചരിത്ര വസ്തുക്കള്‍ വരെ അതിലുണ്ട്.

മ്യൂസിയങ്ങള്‍ക്കും കാഴ്ചകള്‍ക്കും സെമിനാറുകള്‍ക്കുമപ്പുറം, സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെ തദ്ദേശീയരുമായി സംസാരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന അറിവുകള്‍ നിരവധിയാണ്. അവരുടെ സംസ്‌കാരവും ചരിത്രവും മാത്രമല്ല, നിലവില്‍ അവരനുഭവിക്കുന്ന രാഷ്ട്രീയ അസ്ഥിരതയുടെ ആഴവും തിരിച്ചറിയാന്‍ കഴിയും. ഫലസ്ത്വീന്‍, സിറിയ, ലിബിയ, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളിലൂടെയുള്ള യാത്രയില്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്. 

എന്നെ ഏറ്റവും സ്വാധീനിച്ചത് സ്‌പെയിന്‍ സന്ദര്‍ശനമായിരുന്നു. അല്‍ഹംറ പാലസും ഖുര്‍തുബയും ഗ്രനഡ സിറ്റിയുമെല്ലാം ചുറ്റി കണ്ടപ്പോള്‍ ലോക വൈജ്ഞാനിക ചരിത്രത്തില്‍ അവ നല്‍കിയ സംഭാവനകളോര്‍ത്ത് ഞാന്‍ വികാരാധീനനായിപ്പോയി. ഗ്രനഡ സിറ്റിയുടെ വികസനത്തിന്റെ എല്ലാ രംഗത്തും മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളുടെ മുദ്രകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. അവ കണ്ടപ്പോള്‍ വെറും ഇസ്‌ലാമിക ദീനീ വിദ്യാഭ്യാസത്തില്‍ ഒതുങ്ങി നില്‍ക്കേണ്ടവരല്ല മുസ്‌ലിംകള്‍ എന്ന തിരിച്ചറിവുണ്ടായി. സ്‌പെയിന്‍ സന്ദര്‍ശനം നല്‍കിയ ഏറ്റവും വലിയ പാഠം അതായിരുന്നു. ഇങ്ങനെ ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ജര്‍മനി, ഹോളണ്ട്, ഇറ്റലി, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, ആഫ്രിക്ക, കൊറിയ, ശ്രീലങ്ക, ഇന്തോനേഷ്യ, മ്യാന്മര്‍, ജി.സി.സി രാഷ്ട്രങ്ങള്‍ തുടങ്ങി ഒട്ടനവധി രാഷ്ട്രങ്ങള്‍ പലപ്പോഴായി സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിക്കുകയുണ്ടായി. ഓരോ യാത്രയും ഓരോ പാഠശാലയായിരുന്നു. ഒരു യാത്ര കഴിഞ്ഞ് ഒട്ടേറെ അനുഭവങ്ങളുമായി തിരിച്ചെത്തിയാല്‍ രണ്ട് മാസത്തേക്കെങ്കിലുമുള്ള എനര്‍ജി അതുവഴി ലഭിക്കും. അത് നമ്മുടെ പ്രഭാഷണങ്ങളിലും വിദ്യാഭ്യാസ രംഗത്തുള്ള ഇടപെടലുകളിലുമെല്ലാം പ്രതിഫലിക്കും. കേള്‍ക്കുന്നതിനപ്പുറമാണല്ലോ നേരില്‍ കാണുന്നത് വഴി ലഭിക്കുന്ന അറിവ്. വിദേശ യൂനിവേഴ്‌സിറ്റികളില്‍ കണ്ടത് അപ്പടി വിശദീകരിക്കുമ്പോള്‍, കേള്‍ക്കുന്നവര്‍ക്കും അതുള്‍ക്കൊള്ളാന്‍ സാധിക്കും. അതിനാല്‍ ഞാന്‍ യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നു. മറ്റു ദൗത്യങ്ങളും പരിപാടികളുമെല്ലാം പരമാവധി അഡ്ജസ്റ്റ് ചെയ്ത് യാത്രക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ നോക്കാറാണ് പതിവ്.

കേരളത്തിലേക്ക് തിരിച്ചുവരാം. കേരളത്തിലെ പ്രമുഖ ഉന്നത മതകലാലയങ്ങളില്‍ ചിലതെല്ലാം ഉത്തരേന്ത്യയിലേക്ക് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദാറുല്‍ ഹുദയുടെ നാഷ്‌നല്‍ പ്രൊജക്ട് ചെയര്‍മാന്‍ എന്ന നിലക്ക് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം ഈയര്‍ഥത്തില്‍ സന്ദര്‍ശിച്ച വ്യക്തിയാണ് താങ്കള്‍. മുഴുവന്‍ മുസ്‌ലിം സംഘടനകളുടെയും അജണ്ടയില്‍ ഇടം പിടിക്കേണ്ട ഉത്തരേന്ത്യന്‍ പ്രോജക്ടുകളെയും അതിന്റെ നടത്തിപ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച്...?

അടിസ്ഥാന ഭൗതിക വിദ്യാഭ്യാസമോ ദീനീ വിദ്യാഭ്യാസമോ ഇല്ലാത്തവരാണ് ഉത്തരേന്ത്യയിലെ ഭൂരിഭാഗം മുസ്‌ലിംകളും. വിദ്യാഭ്യാസ രംഗത്തുള്ള സഹായം മാത്രമല്ല, അടിസ്ഥാന ജീവിത സൗകര്യങ്ങളും അവര്‍ക്കൊരുക്കി കൊടുക്കേണ്ട ഉത്തരവാദിത്വം കേരളീയ മുസ്‌ലിംകള്‍ക്കുണ്ട്. ഒരു സംഘടന മാത്രം വിചാരിച്ചാല്‍ ഈ ദൗത്യം പൂര്‍ത്തീകരിക്കാനാവില്ല.

സമ്പത്തിനേക്കാള്‍ മനുഷ്യ വിഭവശേഷി കമ്മിയാണ് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുമ്പോള്‍ അനുഭവപ്പെടുന്ന പ്രതിസന്ധി. വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, സേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നവരും നേരിടുന്ന വലിയ പ്രതിസന്ധിയാണ് മനുഷ്യ വിഭവശേഷിയുടെ കമ്മി. കുറെ കാശ് ചെലവഴിച്ച് സ്ഥാപനങ്ങളുണ്ടാക്കി നമുക്ക് തിരിച്ചുപോരാന്‍ സാധിക്കില്ല. അത് നടത്തിക്കൊണ്ടുപോവാന്‍ നിലവില്‍ അവിടെയുള്ളവര്‍ക്ക് ത്രാണിയില്ല. അപ്പോള്‍ സമര്‍പ്പിതരായ ഒരു കൂട്ടം മലയാളികള്‍ തന്നെ അത് കുറച്ചുകാലം മുന്നോട്ടു കൊണ്ടുപോകേണ്ടിവരും. സാവധാനം അവിടെയുള്ളവര്‍ക്ക് ട്രെയിനിംഗിലൂടെയും മറ്റും സ്ഥാപനങ്ങള്‍ കൊണ്ടുനടത്താനുള്ള ശേഷിയും നല്‍കണം. അതിന് നല്ല ആസൂത്രണവും മാനേജ്‌മെന്റില്‍ അവഗാഹമുള്ള ആളുകളും അര്‍പ്പണശേഷിയുള്ള വളന്റിയര്‍മാരും അധ്യാപകരുമെല്ലാം ഉണ്ടാവണം. അങ്ങനെയുള്ളവരെ വേണ്ടത്ര ലഭിക്കുന്നില്ല എന്നതാണ് ഈ രംഗത്തെ വെല്ലുവിളികളിലൊന്ന്. 

മറ്റൊന്ന് നേരത്തെ പറഞ്ഞ അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ അവര്‍ക്ക് ഒരുക്കി കൊടുക്കുക എന്നുള്ളതാണ്. കേരളീയ മുസ്‌ലിം സമൂഹത്തിനും സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഒട്ടേറെ സംഭാവനകള്‍ ഈ രംഗത്ത് നല്‍കാന്‍ കഴിയും. പലരും ഈ രംഗത്ത് സജീവമാവുന്നുണ്ട്. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള വിഷന്‍ 2016 പ്രോജക്ടുകള്‍ ഈ രംഗത്ത് എടുത്തു പറയേണ്ട ബൃഹദ് പദ്ധതിയാണ്. എന്റെ സുഹൃത്ത് നജീബ് കുറ്റിപ്പുറം വഴി വിഷന്‍ 2016-ന്റെ പദ്ധതികള്‍ പരിചയപ്പെടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. സംഘടനാ തലത്തിലുള്ള വിയോജിപ്പുകള്‍ക്കുമപ്പുറം ഈ രംഗത്ത് ഒരുമിച്ച് നില്‍ക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം. അത്തരം ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നത് ആഹ്ലാദകരമാണ്. കോഴിക്കോട് കലക്ടറായിരുന്ന പി.ബി സലീമിന്റെ അധ്യക്ഷതയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനായി ഒത്തുചേര്‍ന്ന ഒരു മീറ്റിംഗില്‍ പി.വി അബ്ദുല്‍ വഹാബിനും പി.കെ അഹ്മദിനുമൊപ്പം ഞാനും പങ്കെടുത്തിരുന്നു. അതുപോലെ തന്നെ ഹൈലെറ്റ് സുലൈമാനെ പോലുള്ള ചില ബിസിനസുകാര്‍ ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു എന്‍.ജി.ഒ രൂപീകരിച്ച് ഈ രംഗത്തേക്ക് വന്നിരുന്നു. അതിന്റെ മീറ്റിംഗില്‍ സിദ്ദീഖ് ഹസന്‍ സാഹിബും പങ്കെടുത്തിരുന്നു. നജീബ് കുറ്റിപ്പുറമടക്കമുള്ളവര്‍ അതിന്റെ സംഘാടനത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. ഇങ്ങനെ ഭൗതിക സംവിധാനങ്ങളൊരുക്കാന്‍ ഒരുപാട് കൂട്ടായ്മകളുണ്ട്. അതേറ്റെടുക്കാനും നടപ്പിലാക്കാനും സമര്‍പ്പണ മനസ്‌കരായ ടീം ഇനിയും ഉണ്ടാവണം. അതോടൊപ്പം ദീനീ വിദ്യാഭ്യാസവും ശുചിത്വത്തെക്കുറിച്ച കാഴ്ചപ്പാടും ലഹരി വസ്തുക്കള്‍ക്കെതിരെയുള്ള ബോധവത്കരണവുമെല്ലാം ആ സമൂഹത്തില്‍ നടക്കേണ്ടതുണ്ട്. ബംഗാളിലും അസമിലും ദാറുല്‍ ഹുദ നടത്തിയ, മുന്നൂറോളം പേര്‍ പങ്കെടുത്ത ഒരു ക്യാമ്പില്‍ മൂന്നാളുകള്‍ മാത്രമായിരുന്നു പ്രവാചകന്റെ പേര് അറിയുന്നവര്‍. സമുദായത്തില്‍ പിറന്നുവെന്നല്ലാതെ ഒരു ദീനീ വിദ്യാഭ്യാസവും ലഭിക്കാത്ത ഒട്ടേറെ പേരുണ്ടവിടെ എന്നര്‍ഥം. അവര്‍ക്ക് ദീനീ വിദ്യാഭ്യാസം നല്‍കാനുള്ള സ്ഥാപനങ്ങളൊരുക്കാന്‍ കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകള്‍ക്കും ബാധ്യതയുണ്ട്. ചെറിയ ചെറിയ വിഷയങ്ങളില്‍ ഇവിടെ കലഹം കൂട്ടുന്നതിന് പകരം അത്തരം സംസ്ഥാനങ്ങളില്‍ ചെന്ന് ദീനീ വിദ്യാഭ്യാസം നല്‍കാന്‍ പണ്ഡിതന്മാര്‍ തയാറായാല്‍ അത് വലിയ മാറ്റത്തിന് വഴിവെക്കും.

ദീനീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചതുകൊണ്ട് ചോദിക്കട്ടെ, വളരെ ചെറുപ്പത്തിലേ മതവിദ്യാഭ്യാസം നേടുന്നവരാണ് കേരളത്തിലെ മുസ്‌ലിംകള്‍. ഈ ദീനീ വിദ്യാഭ്യാസത്തിന് പുറമെ വഅ്‌ളുകളും മതപ്രഭാഷണങ്ങളും സംഘടനാ തലങ്ങളിലുള്ള ക്ലാസുകളും മറ്റു പരിപാടികളും വഴി പിന്നെയും ദീനീ പാഠങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു. എന്നിട്ടും ധാര്‍മികമായി മുസ്‌ലിം സമുദായത്തിന്റെ വളര്‍ച്ചയുടെ ഗ്രാഫ് ഉയരാത്തതെന്തുകൊണ്ട്?

ശരിയാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ഇത്രയേറെ മതവിദ്യാഭ്യാസം നല്‍കുന്ന സമുദായം കേരളീയ മുസ്‌ലിംകളല്ലാതെ വേറെയുണ്ടോ എന്ന് സംശയമാണ്. എന്നിട്ടും എന്തേ ഇങ്ങനെ എന്നത് ഒരു ചോദ്യമാണ്. അതിനുള്ള ഉത്തരം നാം ആദ്യം തേടേണ്ടത് നമ്മുടെ മതവിദ്യാഭ്യാസ രീതിയിലും പാഠ്യപദ്ധതിയിലുമാണ്. ചരിത്രം, ഫിഖ്ഹ് തുടങ്ങി കുറെ വിഷയങ്ങള്‍ നാം മദ്‌റസയില്‍ പഠിപ്പിക്കുന്നു. പക്ഷേ, തര്‍ബിയത്തിന്റെ ഒരു കുറവ് മതവിദ്യാഭ്യാസത്തിലും നമ്മുടെ ജീവിതത്തിലുമുണ്ട്. ദീന്‍ അതിന്റെ സ്പിരിറ്റോട് കൂടി നാം ഉള്‍ക്കൊള്ളുന്നില്ല. ദീനീ ഐഡന്റിറ്റി നമുക്കുണ്ട്. മുസ്‌ലിംകള്‍ എന്ന് നാം അഭിമാനിക്കുന്നു.  മുസ്‌ലിംകളുടെ വളര്‍ച്ചക്കായി ഒരുമിച്ചു നില്‍ക്കുന്നുമുണ്ട്. പക്ഷേ, 'മുസ്‌ലിം' ആയതിന്റെ ഉത്തരവാദിത്തം എത്രത്തോളം നമ്മള്‍ നിര്‍വഹിക്കുന്നുവെന്നത് ചോദ്യമാണ്. ഖുര്‍ആനിക അധ്യാപനങ്ങള്‍ക്കനുസരിച്ച് നമുക്ക് ജീവിക്കാന്‍ സാധിക്കുന്നില്ല. ആരാധനകള്‍ നിര്‍വഹിക്കുന്നുണ്ട്. പക്ഷേ, ആരാധനയില്‍ മാത്രമല്ലല്ലോ ഇസ്‌ലാമുള്ളത്. ഇസ്‌ലാം നമ്മുടെ എല്ലാ ജീവിത രംഗങ്ങളിലും പ്രതിഫലിക്കണം. നമ്മുടെ ബിസിനസ്സില്‍, ദൈനംദിന ജീവിതത്തില്‍, ഇടപാടുകളില്‍ അതുണ്ടാവണം. ആ അര്‍ഥത്തിലുള്ള ദീനീ തര്‍ബിയത്ത് നമുക്കുണ്ടാവണം. അതിനുള്ള വിദ്യാഭ്യാസമാണ് മതപാഠശാലകളില്‍ നല്‍കേണ്ടത്. അത്തരം ആധ്യാത്മിക മൂല്യങ്ങള്‍, ചിന്തകള്‍ പകര്‍ന്നു നല്‍കുക എന്നത് മത സംഘടനകളുടെ മുഖ്യ അജണ്ടയാവണം. ധാര്‍മികതയും സദാചാരമൂല്യങ്ങളും തിരിച്ചുപിടിക്കാന്‍ അതേ വഴിയുള്ളൂ. ഇസ്‌ലാമിക മൂല്യങ്ങള്‍ ചെറുപ്പം മുതലേ പകര്‍ന്നു നല്‍കുക. മതാധ്യാപകര്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും സമുദായത്തിലെ മുഴുവന്‍ മുതിര്‍ന്നവര്‍ക്കും ഈ വിഷയത്തില്‍ നിര്‍ണായക പങ്കുണ്ട്.

അധാര്‍മികത പോലെ മുസ്‌ലിം സമുദായത്തെ പിടികൂടിയ ദുരന്തമാണ് ആര്‍ഭാടവും ധൂര്‍ത്തും. മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി നേടുന്ന പണം പലപ്പോഴും കുത്തിയൊലിച്ച് പോകുന്നത് വിവാഹരംഗത്തെ ആര്‍ഭാടങ്ങളിലും കോണ്‍ക്രീറ്റ് സൗധങ്ങളൊരുക്കുന്നതിലുമാണ്. വിവാഹ ആര്‍ഭാടത്തിനെതിരെ മുസ്‌ലിം ലീഗ് ഇപ്പോള്‍ നടത്തുന്ന കാമ്പയിന്‍ ഈ പശ്ചാത്തലത്തിലാണ്. യാതൊരു സാമ്പത്തിക സാക്ഷരതയുമില്ലാത്ത മുസ്‌ലിം സമുദായത്തിന്റെ ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?

നമുക്ക് സഹിക്കാന്‍ കഴിയാത്ത ആഭാസങ്ങളുടെ പ്രദര്‍ശനമേളയായി വൈവാഹികരംഗം മാറിയിരിക്കുന്നു. ഒരു വിവാഹത്തില്‍ പോലും പങ്കെടുക്കുന്നത് തന്നെ വെറുത്തുപോകുന്ന രീതിയിലാണ് പല വിവാഹച്ചടങ്ങുകളും ഇന്നുള്ളത്. ചില വിവാഹങ്ങളിലൊക്കെ പങ്കെടുക്കുമ്പോള്‍ അവിടേക്ക് പോകേണ്ടിയിരുന്നില്ല എന്ന് തോന്നാറുണ്ട്. അതില്‍ പങ്കെടുക്കുക വഴി ഞാനും കുറ്റക്കാരനായി മാറിയല്ലോ എന്ന വിചാരമുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച ഈ കാമ്പയിന്‍ ഏറെ ആഹ്ലാദകരമാണ്. എല്ലാ മത സംഘടനകളും അതിനെ പിന്തുണക്കുകയും കാമ്പയിന് ശക്തി പകരുകയും ചെയ്തുവെന്നത് ആഹ്ലാദത്തെ ഇരട്ടിപ്പിക്കുന്നു. യുവാക്കളടക്കം പലരും മാറി ചിന്തിക്കാന്‍ ഈ കാമ്പയിന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഒരു വ്യക്തിയുടെ ജീവിത സമ്പാദ്യത്തിലെ വലിയൊരു ശതമാനം ചെലവഴിക്കാനുള്ള വേദിയാണ് പലര്‍ക്കും കല്യാണ ചടങ്ങുകള്‍. കാശില്ലാത്തവരാകട്ടെ കടം വാങ്ങി ആര്‍ഭാടമായി കല്യാണം നടത്തുന്നു. ആഭാസകരവും അനിസ്‌ലാമികവുമായ കാര്യങ്ങള്‍ വേറെയും അരങ്ങേറുന്നു. ഈ വിഷയങ്ങളിലെല്ലാം മത സംഘടനകള്‍ കൂട്ടായാണ് ബോധവത്കരണം നടത്തേണ്ടത്. അപ്പോഴേ അത് ജനകീയവും വിജയകരവുമാകൂ. ജമാഅത്തെ ഇസ്‌ലാമിയും മാധ്യമവുമെല്ലാം ഈ രംഗത്ത് വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണ്. ശൈഖ് മുഹമ്മദ് കാരകുന്ന് ഈ വിഷയത്തില്‍ പ്രബോധനത്തില്‍ എഴുതിയ ലേഖനത്തില്‍, എല്ലാവരും ഉള്‍ക്കൊള്ളുകയും നടപ്പാക്കുകയും ചെയ്യേണ്ട വിഷയങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത്. മുസ്‌ലിം ലീഗ് സമുദായത്തിലെ ഇത്തരം സാംസ്‌കാരിക ജീര്‍ണതകള്‍ക്കെതിരെ മുന്നോട്ട് വന്നാല്‍ എല്ലാ മതസംഘടനകളും അതിനോട് സഹകരിക്കുമെന്ന പാഠവും ഈ കാമ്പയിന്‍ നല്‍കുന്നുണ്ട്. അതിനാല്‍ അത്തരം അജണ്ടകളുമായി ലീഗ് ഇനിയും മുന്നോട്ട് വരികതന്നെ ചെയ്യും.

സമുദായത്തിനുണ്ടാവേണ്ട സാമ്പത്തിക സാക്ഷരതയെക്കുറിച്ച്?

സാമ്പത്തിക സാക്ഷരത മുസ്‌ലിം സമുദായം ഇതുവരെയും നേടിയിട്ടില്ല. ഗള്‍ഫില്‍ നിന്ന് ഭര്‍ത്താക്കന്മാര്‍ അയക്കുന്ന പണം എങ്ങനെ ചെലവഴിക്കണമെന്ന ധാരണ നമ്മുടെ പല സ്ത്രീകള്‍ക്കുമില്ല. മണലാരണ്യത്തില്‍ അധ്വാനിക്കുന്നവരാവട്ടെ തങ്ങളുടെ വിയര്‍പ്പുതുള്ളികളുടെ വിലയെ വേണ്ടത്ര ആസൂത്രണത്തോടെ കരുതിവെക്കുന്നുമില്ല. വിവാഹത്തിലും വീട് നിര്‍മാണത്തിലും പലരുടെയും ഒരായുഷ്‌കാലത്തെ അധ്വാനം ചെലവഴിക്കപ്പെടുന്നു. ഒരിക്കല്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഒരു ഉന്നത ഓഫീസറുമായി സംസാരിക്കേണ്ടിവന്നു. മലപ്പുറത്തെ ഇരുനില വീടുകള്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്രേ. വീടിന്റെ വലുപ്പം മാത്രമല്ല അദ്ദേഹത്തില്‍ ആശ്ചര്യം ജനിപ്പിച്ചത്. മറിച്ച് അതില്‍ വലിയൊരു ഭാഗവും ഉപയോഗശൂന്യമായി കിടക്കുന്നതാണ്. തമിഴ്‌നാട്ടില്‍ അത്തരം വീടുകള്‍ നിര്‍മിക്കുന്നവര്‍ ഒന്നുകില്‍ അതിന്റെ രണ്ടാം നില വാടകക്ക് നല്‍കും. അല്ലെങ്കില്‍ ഓഫീസായോ ബിസിനസ് ആവശ്യങ്ങള്‍ക്കായോ/മറ്റു ഷോപ്പുകളായോ ഉപയോഗിക്കും. താമസിക്കാനുള്ള ആവശ്യത്തിന് മാത്രമാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങളുള്ള ചെറിയ വീടുകളാണ് അവരുണ്ടാക്കുക. ഇങ്ങനെ വേസ്റ്റായി, ഡെഡ്മണിയായി കിടക്കുന്ന സമ്പത്തിനെ കുറിച്ചാണ് അദ്ദേഹം ചോദ്യമുന്നയിച്ചത്. വീടിന്റെ മതിലിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നവരാണ് നമ്മളില്‍ പലരുമെന്ന് അദ്ദേഹത്തിനറിയാത്തത് ഭാഗ്യം. മുകള്‍ നില മാത്രമല്ല പല വീടുകളും തന്നെ വര്‍ഷങ്ങളോളം പൂട്ടിയിട്ട് ഗള്‍ഫില്‍ കുടുംബസമേതം താമസിക്കുന്നവരാണ് പലരും. സമ്പത്ത് ഇങ്ങനെ ഉപകാരമില്ലാതെ കെട്ടിക്കിടക്കുന്നതിന് പകരം ക്രിയാത്മകമായ രംഗത്തേക്ക് തിരിച്ചുവിടാനുള്ള സാമ്പത്തിക ബോധവത്കരണം സമുദായത്തില്‍ നടത്താന്‍ മുഴുവന്‍ സംഘടനകളും നേതാക്കളും മുന്നോട്ടുവരണം.

ഇത്തരത്തില്‍ മുസ്‌ലിം സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങളും ജീര്‍ണതകളും പരിശോധിക്കുമ്പോള്‍ വിയോജിപ്പിനേക്കാളധികം ഒരുമിച്ച് മുന്നോട്ടുനീങ്ങാവുന്ന കാര്യങ്ങളല്ലേ മുസ്‌ലിം സംഘടനകള്‍ക്കുള്ളത്. എന്നിട്ടും ഭിന്നിപ്പുകളും പരസ്പരമുള്ള വിഴുപ്പലക്കുകളും സംഘടനകളുടെ മുഖ്യ അജണ്ടകളില്‍ സ്ഥാനം പിടിക്കുന്നതിനെക്കുറിച്ച്?

സമുദായം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ നമ്മള്‍ വിയോജിക്കേണ്ട ഒരു വിഷയവുമില്ല. അഭിപ്രായങ്ങളിലും ആശയങ്ങളിലും ചില വ്യത്യാസങ്ങളുണ്ടെന്നത് ശരിയാണ്. അത് മറച്ചുവെക്കേണ്ടതുമില്ല. നമ്മളെല്ലാം മുസ്‌ലിംകളാണ്. അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണ്. പോസിറ്റീവ് ചിന്തകളാണ് നമുക്കുണ്ടാവേണ്ടത്. യോജിക്കാവുന്ന മേഖലകളിലെല്ലാം ഒരുമിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്. അത്തരം സഹകരണങ്ങള്‍ ഇപ്പോള്‍ മുസ്‌ലിം സംഘടനകളില്‍ നിന്നുണ്ടാവുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇതിനെ പരിക്കേല്‍പിക്കുന്ന രീതിയില്‍ സംഘടനകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ അങ്ങാടികളില്‍ ക്ലിപ്പുകള്‍ സഹിതം പ്രദര്‍ശിപ്പിച്ച് തമ്മിലടി തെരുവിലേക്ക് വലിച്ചിഴക്കുന്ന രീതിയിലുള്ള വാദപ്രതിവാദങ്ങളും പ്രഭാഷണങ്ങളും ഒരിക്കലും ആശാസ്യമല്ല. അത്തരം വിഷയങ്ങളെല്ലാം വേറെ രീതിയില്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. ഉമ്മത്തുന്‍ വസത്വുന്‍ (മധ്യമ സമുദായം) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിം സമുദായത്തെ പരിചയപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഒരു വിഷയത്തിലും തീവ്രത കാണിക്കുന്നത് ഇസ്‌ലാമികമല്ല. സഹകരണത്തിന്റെ പാതയില്‍ പരസ്പരമുള്ള മുന്നോട്ടുപോക്കിന് ഇത്തരം പരസ്യമായ വിഴുപ്പലക്കുകള്‍ ഉപേക്ഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം.

വ്യക്തിപരായ ഒരു ചോദ്യം ഉന്നയിച്ച് ഈ സംഭാഷണം അവസാനിപ്പിക്കട്ടെ. മുസ്‌ലിം സമുദായത്തെക്കുറിച്ചും അവരില്‍ ഉണ്ടാവേണ്ട വിദ്യാഭ്യാസ ഉണര്‍വിനെക്കുറിച്ചും വലിയ സ്വപ്നങ്ങളുള്ള വ്യക്തിയാണ് താങ്കള്‍. അതിനുള്ള പ്രായോഗിക ചുവട് വെപ്പുകളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ പാണക്കാട് കുടുംബാംഗമെന്ന നിലയില്‍ വിവാഹങ്ങള്‍, ഉദ്ഘാടനങ്ങള്‍ തുടങ്ങിയവക്കായി ധാരാളം സമയം ചെലവഴിക്കേണ്ടിവരുന്നു. ജീവിതത്തിലെ ഈ തിരക്കുകളെ എങ്ങനെ കാണുന്നു?

പാണക്കാട് കുടുംബാംഗമെന്നത് വലിയ ഒരു ഉത്തരവാദിത്തമാണ്. എന്റെ വാപ്പയും പിതാമഹനും വഴി ഞങ്ങളിലേക്ക് വന്ന ഉത്തരവാദിത്തമാണത്. അതിന്റെ ഭാഗമായി ജനങ്ങള്‍ അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലുമെല്ലാം ഞങ്ങള്‍ പങ്കുചേരണമെന്നാഗ്രഹിക്കുന്നു. ഉദ്ഘാടനങ്ങള്‍, കല്യാണങ്ങള്‍ തുടങ്ങി അവരുടെ എല്ലാ കാര്യങ്ങള്‍ക്കും ഞങ്ങളെ ക്ഷണിക്കുന്നു. ജീവിതത്തിലെ കുറേസമയം ഇങ്ങനെ പോകുന്നുവെന്നത് ശരിയാണ്. അതില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചാലും വിജയിക്കുകയില്ല. ഒരര്‍ഥത്തില്‍ ഇതൊരു അനുഗ്രഹമാണ്. എത്ര കാശ് കൊടുത്താലും കിട്ടാത്തതാണ് പാരമ്പര്യമായി ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ജനങ്ങളുടെ സ്‌നേഹവും ബന്ധവും ധാരാളം ലഭിക്കുന്നു. അതുവഴി അവരില്‍ നമുക്കുള്ള സ്വാധീനത്തെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം. അങ്ങനെ വരുമ്പോള്‍ ആ ഉത്തരവാദിത്തത്തിന്റെ വിഷമങ്ങളും ക്ഷമാപൂര്‍വം സന്തോഷത്തോടെ ഏറ്റെടുക്കേണ്ടിവരും. ഇത് കുറച്ച് പ്രയാസവും ത്യാഗവും ആവശ്യപ്പെടുന്നതാണ്. എല്ലാ അനുഗ്രഹവും ഈസിയായി ലഭിക്കില്ലല്ലോ. നമ്മുടെ ജീവിതത്തിലെ ചില അജണ്ടകളും ഇഷ്ടാനിഷ്ടങ്ങളും ജനങ്ങള്‍ക്കായി മാറ്റിവെക്കേണ്ടിവരും.

ഉപ്പയുള്ള കാലത്ത് ഒരുപാട് പേര്‍ വിഷമങ്ങളും മറ്റും പങ്കുവെക്കാനായി വീട്ടില്‍ വരാറുണ്ട്. അവരുമായുള്ള ബന്ധം നിലനിര്‍േണ്ടതുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതും വിവാഹങ്ങളിലും ഉദ്ഘാടനങ്ങളിലും പങ്കെടുക്കാന്‍ സമയം കണ്ടെത്തുന്നതും ആ സ്‌നേഹബന്ധത്തിന്റെ കൂടി ഭാഗമായാണ്. നമുക്ക് അവര്‍ നല്‍കുന്ന സ്‌നേഹത്തിന് പകരമായി നല്‍കാന്‍ കഴിയുന്നത് അവരുടെ സന്തോഷങ്ങളിലുള്ള നമ്മുടെ പങ്കാളിത്തം മാത്രമാണ്. ഇതിനിടയിലെല്ലാം ആവുംവിധം നമ്മുടെ വൈജ്ഞാനിക യാത്രകളും ദൗത്യങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. പടച്ചവന്‍ ഓരോരുത്തര്‍ക്കും ഓരോ ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നുണ്ടല്ലോ. ആ ജീവിത നിയോഗത്തിന്റെ ഭാഗമായി ഇതിനെ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ആ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് പൂര്‍വികര്‍ ചെയ്തതുപോലെ ഭംഗിയായി അത് നിര്‍വഹിക്കാന്‍ സാധിക്കേണമേ എന്നതാണ് എന്റെ പ്രാര്‍ഥന. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /64-71
എ.വൈ.ആര്‍