Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 12

ലഭിച്ച അനുഗ്രഹങ്ങള്‍ ഓര്‍ക്കുമ്പോള്‍ എത്ര നന്ദിയോതണം നാം

ശമീര്‍ ബാബു കൊടുവള്ളി

         എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്തത്ര ദൈവികാനുഗ്രഹങ്ങളുടെ നടുവിലാണ് മനുഷ്യജീവിതം. ആന്തരിക പ്രപഞ്ചത്തിലുള്ള അനുഗ്രഹങ്ങള്‍ ഒരു ഭാഗത്ത്, ബാഹ്യപ്രപഞ്ചത്തിലുള്ള അനുഗ്രഹങ്ങള്‍ മറ്റൊരു ഭാഗത്ത്. സ്വന്തം ശരീരത്തിലെ അനുഗ്രഹങ്ങളാണ് ആന്തരിക പ്രപഞ്ചത്തിലെ അനുഗ്രഹങ്ങള്‍.കൈകാലുകള്‍, പഞ്ചേന്ദ്രിയങ്ങള്‍, വിവേകം, ചിന്ത, ബുദ്ധി, ബോധം, യുക്തി... തുടങ്ങിയവ. ശരീരത്തിന് പുറത്തുള്ള അനുഗ്രഹങ്ങളാണ് ബാഹ്യപ്രപഞ്ചത്തിലെ അനുഗ്രഹങ്ങള്‍. വായു, വെള്ളം, വെളിച്ചം തുടങ്ങിയവ. മനുഷ്യന്‍ എത്രതന്നെ കര്‍മനിരതനായി ദൈവത്തിന് പ്രകീര്‍ത്തനങ്ങള്‍ അര്‍പ്പിച്ചാലും ദൈവാനുഗ്രഹങ്ങള്‍ക്ക് അവയൊന്നും പകരമാവില്ല. ഇക്കാര്യം ബോധ്യപ്പെടുത്തുന്ന ഒരു കഥയുണ്ട്. ദൈവം ഒരാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു. തന്റെ കര്‍മങ്ങളുടെ ഫലമായാണ് താന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചതെന്ന് സ്വര്‍ഗത്തില്‍വെച്ച് അയാള്‍ ദൈവത്തോട് തര്‍ക്കിച്ചു. കര്‍മങ്ങളുടെ ഫലമായല്ല, തന്റെ കാരുണ്യത്താലും അനുഗ്രഹത്താലുമാണ് സ്വര്‍ഗപ്രവേശമെന്ന് ദൈവം മറുപടി നല്‍കി. അയാളത് അംഗീകരിക്കാന്‍ തയാറായില്ല.അവസാനം തര്‍ക്കം പരിഹരിക്കാന്‍ ഒരു ത്രാസ് കൊണ്ടുവരാന്‍ ദൈവം മാലാഖമാരോട് ഉത്തരവിട്ടു. മാലാഖമാര്‍ ത്രാസ് കൊണ്ടുവന്നു. ത്രാസിന്റെ ഒരു തട്ടില്‍ ആ വ്യക്തി ജീവിതത്തില്‍ ചെയ്തുതീര്‍ത്ത സല്‍കര്‍മങ്ങള്‍ വെച്ചു. അപ്പോള്‍ കനംകൊണ്ട് ത്രാസിന്റെ ആ ഭാഗം താഴ്ന്നുപോയി. തുടര്‍ന്ന് ത്രാസിന്റെ മറ്റെ തട്ടില്‍ അദ്ദേഹത്തിന്റെ ഒരു കണ്ണുമാത്രം വെച്ചു. കണ്ണു വെക്കേണ്ട താമസം ഞൊടിയിടയില്‍ ആ ഭാഗം താഴ്ന്നുപോവുകയും കര്‍മങ്ങള്‍ വെച്ച ഭാഗം പൊങ്ങിപ്പോവുകയും ചെയ്തു. കണ്ണ് എന്ന, തനിക്ക് ലഭിച്ച അനുഗ്രഹവുമായി തുലനം ചെയ്യുമ്പോള്‍ തന്റെ കര്‍മങ്ങള്‍ നിസ്സാരമാണെന്ന് അയാള്‍ക്ക് ബോധ്യമായി.

അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദി പ്രകാശിപ്പിക്കല്‍ മനുഷ്യന്റെ ബാധ്യതയാണ്. സാധകനെ ദൈവവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ദൈവത്തോടുള്ള നന്ദിപ്രകാശനം. ദൈവത്തെ ശരിയാംവണ്ണം അറിഞ്ഞ് നന്ദി കാണിക്കാന്‍ സാധിക്കുകയെന്നത് മറ്റൊരു അനുഗ്രഹമാണ്. ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാത്തവരാണ് സൃഷ്ടികളില്‍ ഏറ്റവും നികൃഷ്ടര്‍. നന്ദിയുടെ വഴിത്താരയില്‍ സൂക്ഷ്മതയോടെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നവനാണ് യഥാര്‍ഥ സാധകന്‍.

അനുഗ്രഹങ്ങളോട് നന്ദി പ്രകാശിപ്പിച്ച് ഉത്തമവ്യക്തിയായി തീരണമെന്നാണ് വിശുദ്ധവേദത്തിന്റെ ആഹ്വാനം: ''വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയവയില്‍നിന്ന് ഉത്തമമായത് ആഹരിക്കുക. ദൈവത്തോട് നന്ദി പ്രകാശിപ്പിക്കുക, നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരാണെങ്കില്‍''(അല്‍ബഖറ 172). നന്ദിപ്രകാശനത്തിന് പല തലങ്ങളുണ്ട്. ദൈവത്തോടുള്ള നന്ദി അവയിലൊന്നാണ്. സ്വന്തത്തോടുള്ള നന്ദി മറ്റൊന്നാണ്. സ്വന്തം നിലക്കുള്ള അവകാശങ്ങള്‍ വകവെച്ചുകൊടുക്കലാണ് സ്വന്തത്തോടുള്ള നന്ദി. പ്രവാചകനോട് നന്ദി കാണിക്കണം. പ്രവാചകനെ മാതൃകാപുരുഷനായി അംഗീകരിക്കലാണ് ദൂതനോടുള്ള നന്ദിപ്രകാശനം. സഹജീവികളോടും ഇതരജന്തുവര്‍ഗങ്ങളോടും നന്ദി കാണിക്കണം. എന്നാല്‍ നന്ദിപ്രകാശനത്തിന്റെ പദവികളില്‍ പ്രഥമമായി വരുന്നത് ദൈവത്തോടുള്ള നന്ദി തന്നെയാണ്. തുടര്‍ന്ന് ദൈവദൂതനോടും. 'ദൈവമല്ലാതെ മറ്റൊരു ആരാധ്യനേയില്ല, മുഹമ്മദ്(സ) ദൈവത്തിന്റെ ദൂതനാകുന്നു'വെന്ന ആദര്‍ശത്തിന്റെ വഴിത്താരയില്‍ ജീവിതത്തെ മാതൃകാപൂര്‍വം കരുപ്പിടിപ്പിക്കലും, സൃഷ്ടിപ്പിന്റെ ഉദ്ദേശ്യമായ പ്രാതിനിധ്യവ്യവസ്ഥ(ഖിലാഫത്ത്) നിര്‍വഹിക്കലുമാണ് ദൈവത്തോടും ദൂതനോടുമുള്ള നന്ദിപ്രകാശനത്തിന്റെ പൂര്‍ണരൂപം.

നന്ദിപ്രകാശനത്തിന്റെ കേന്ദ്രം മനസ്സാണ്. മനസ്സുകൊണ്ട് പ്രകടിപ്പിക്കുന്ന നന്ദിയാണ് ഏറ്റവും വലിയ നന്ദി. ദൈവത്തോടുള്ള നന്ദിയാല്‍ മനസ്സ് എപ്പോഴും നിര്‍ഭരമായിരിക്കണം. ഏകാന്തതയില്‍ ദൈവത്തോട് നന്ദി പ്രകാശിപ്പിക്കുന്ന മനസ്സാണ് ആവശ്യം. നന്ദിയുള്ള മനസ്സ് ഇല്ലെങ്കില്‍ അത് വളര്‍ത്തിയെടുക്കാന്‍ നിരന്തരമായ പരിശ്രമം വേണം. അതോടൊപ്പം നാവിലൂടെയും നന്ദി പ്രകാശിപ്പിക്കണം. ദൈവസ്തുതികളാല്‍ നാവ് തരളിതമാകലാണ് നാവിന്റെ നന്ദി. അവയങ്ങളിലൂടെയും നന്ദി പ്രകാശിപ്പിക്കണം. ആരാധന(ഇബാദത്ത്)യും പോരാട്ട(ജിഹാദ)വുമാണ് അവയവങ്ങളിലൂടെയുള്ള നന്ദിപ്രകാശനം. മാതാപിതാക്കളോടുള്ള നന്ദി, സഹജീവികളോടുള്ള നന്ദി എന്നിവ കര്‍മപരമായ നന്ദിയുടെ രൂപങ്ങളാണ്. സഹജീവികളോട് നന്ദിയില്ലാത്തവന്‍ ദൈവത്തോടും നന്ദിയില്ലാത്തവനാണ്. നന്ദിയുടെ സമഗ്രരൂപം ജീവിതത്തില്‍ അനുശീലിക്കുമ്പോള്‍ സ്വത്വത്തിന്റെയും ആത്മാവിന്റെയും സമ്പൂര്‍ണവികാസമാണ് സാധ്യമാവുന്നത്: ''ലുഖ്മാന് നാം തത്ത്വജ്ഞാനം നല്‍കി. അദ്ദേഹത്തോട് നാം ആവശ്യപ്പെട്ടു, ദൈവത്തിന് നന്ദി കാണിക്കൂ എന്ന്. ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കില്‍ സ്വന്ത(നഫ്‌സ്)ത്തിനുവേണ്ടി തന്നെയാണ് നന്ദി കാണിക്കുന്നത്. ആരെങ്കിലും നന്ദികേട് കാണിക്കുകയാണെങ്കിലോ, അറിയുക: നിശ്ചയം ദൈവം അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്''(ലുഖ്മാന്‍ 12).

നന്ദിപ്രകാശനത്തിന്റെ കാര്യത്തില്‍ മികച്ച മാതൃക പ്രവാചകന്മാരാണ്. പ്രവാചകന്‍ ഇബ്‌റാഹീ(അ)മിനെ സംബന്ധിച്ച് വിശുദ്ധവേദം പ്രതിപാദിക്കുന്നത്, അദ്ദേഹം ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു എന്നാണ്. പ്രവാചകന്‍ മുഹമ്മദ്(സ) മറ്റൊരു ഉദാഹരണമാണ്. റസൂല്‍ തന്റെ രണ്ട് പാദങ്ങളില്‍, അല്ലെങ്കില്‍ കണങ്കാലുകളില്‍ നീരുകെട്ടി വീര്‍ക്കുവോളം നമസ്‌ക്കരിക്കാറുണ്ടായിരുന്നു. അതിനെപ്പറ്റി റസൂലിനോട് ചോദിക്കുമ്പോള്‍ ഇപ്രകാരം പറയും: ''ഞാന്‍ ദൈവത്തോട് നന്ദിയുള്ള ഒരു അടിമയാവേണ്ടതില്ലേ?''

ഭൗതികമായി എത്ര ലഭിച്ചാലും മതിവരാത്ത പ്രകൃതമാണ് മനുഷ്യന്റേത്. ഒരു സ്വര്‍ണക്കൂമ്പാരം ലഭിക്കുമ്പോള്‍ സമാനമായ മറ്റൊന്ന് കൂടി ലഭിക്കണം എന്നാണ് അവനാഗ്രഹിക്കുക. എന്നാലോ ദൈവത്തോട് നന്ദി കാണിക്കുകയുമില്ല. അവസാനം ഒരു പിടിമണ്ണ് കൊണ്ടാണ് അവന്റെ വയറ് നിറയുക. നന്ദി കാണിക്കാതെ ആര്‍ത്തിപൂണ്ട ജീവിതം നയിക്കുന്നവര്‍ സഅ്ദിയുടെ കഥ ഓര്‍ക്കുന്നത് നന്നായിരിക്കും. ദമസ്‌ക്കസിലേക്കുള്ള യാത്രക്കിടയില്‍ സഅ്ദിയുടെ ചെരിപ്പ് പൊട്ടിപ്പോയി. അദ്ദേഹത്തിന്റെ കൈവശമാകട്ടെ പുതിയൊരു ചെരിപ്പ് വാങ്ങാനുള്ള പണവും ഇല്ല. ചെരിപ്പില്ലായ്മ സഅ്ദിയുടെ മനസ്സിനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. വിഷണ്ണനായി ഒരു പള്ളിയിലേക്ക് കയറിച്ചെന്നപ്പോള്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഒരു മനുഷ്യനെയാണ് കണ്ടത്. ഉടനെ സഅ്ദി സാഷ്ടാംഗം ചെയ്ത് ദൈവത്തോട് നന്ദി രേഖപ്പെടുത്തി. 'തനിക്ക് ചെരിപ്പ് നഷ്ടപ്പെട്ടെങ്കിലും ഇരുകാലുകളും നഷ്ടപ്പെട്ടിട്ടില്ലല്ലോ' സഅ്ദി ആത്മഗതം ചെയ്തു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /64-71
എ.വൈ.ആര്‍