Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 12

നമ്മുടെ മഹല്ലും കമ്പ്യൂട്ടര്‍വത്കരിക്കാം

സുഹൈറലി തിരുവിഴാംകുന്ന് /ലൈക് പേജ്‌

         കേരള മുസ്‌ലിം സമൂഹത്തില്‍ മഹല്ലുകള്‍ നിര്‍വഹിച്ച പങ്ക് വളരെ വലുതാണ്. ലോക മുസ്‌ലിംകള്‍ക്ക് തന്നെ മാതൃകയായി വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയില്‍ കേരള മുസ്‌ലിംകളുടെ മത-സാമൂഹിക ജീവിതത്തില്‍ മഹല്ലുകള്‍ ഗുണപരമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. പുതിയ കാലത്ത് മഹല്ലുകളുടെ ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുകയാണ്.

ഇസ്‌ലാമിന്റെ സാമൂഹിക മുഖം ദൃശ്യപ്പെടുത്തുന്ന മഹത്തായ സ്ഥാപനമാണ് മഹല്ല്. ഒരു പ്രദേശത്ത് സാമൂഹികമായ ഒട്ടേറെ  ദൗത്യങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും നേതൃത്വം കൊടുക്കാന്‍ മഹല്ല് സംവിധാനങ്ങള്‍ക്കാവും. വ്യക്തിജീവിതത്തോടൊപ്പം തന്നെ സാമൂഹിക - കുടുംബ- രാഷ്ട്രീയ മേഖലകളെയെല്ലാം സംവിധാനിക്കാനുള്ള അകക്കാമ്പ് ഇസ്‌ലാമിന് ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഇസ്‌ലാമിന്റെ പ്രശോഭിതകാലങ്ങള്‍. ആരാധനാ കര്‍മങ്ങളും മദ്‌റസയും വിവാഹ-മരണാനന്തര കാര്യങ്ങളും മാത്രമാണ് പല മഹല്ലുകളുടെയും ആകെയുള്ള അജണ്ട. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍  മറ്റെല്ലാ മേഖലകളെയും പോലെ മഹല്ലുകളുടെ കാര്യക്ഷമമായ നടത്തിപ്പുകള്‍ക്കും  ഉപയോഗപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്.

ഇത്തരത്തില്‍ സജീവമാവുന്ന മഹല്ലുകള്‍ ഇന്ന് വര്‍ധിച്ചുവരികയാണ.് പ്രദേശത്തെ സ്ത്രീകളുടെ ഉന്നമനവും സംസ്‌കരണവും ഇതില്‍ പ്രധാനമാണ്. കുടുംബ സംവിധാനം കാര്യക്ഷമമാക്കാനുള്ള ട്രെയ്‌നിംഗ് പരിപാടികള്‍, പാരന്റിങ് ക്ലാസ്സുകള്‍, പ്രീ-പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിംഗുകള്‍ ഇവയില്‍ ചിലതാണ്. കുടുംബബന്ധങ്ങള്‍ ശിഥിലമാവാതിരിക്കാനും അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാനും കൗണ്‍സലിംഗിലൂടെ ഒരു പരിധിവരെ സാധിക്കും. പുതിയ തലമുറകളെ നന്നായി വളര്‍ത്താനും ഇത് ഉപകരിക്കും. പല മഹല്ല് കമ്മിറ്റികളിലും സ്ത്രീ പ്രാതിനിധ്യമുണ്ടായത് വലിയൊരു മാറ്റമാണ്.

പ്രദേശത്തെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്് ആവശ്യമായ പഠന സഹായങ്ങളും പിന്തുണയും ഇത്തരം സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതാണ്. ഉയര്‍ന്ന പഠനങ്ങള്‍ക്ക് വേണ്ട സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയോ, അവ ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തോ അവരെ വളര്‍ത്തിയെടുക്കേണ്ടത് സമൂഹിക ബാധ്യത കൂടിയാണ്. വിദ്യാഭ്യാസത്തോടൊപ്പം തന്നെ തൊഴിലും കാര്യമായ ശ്രദ്ധ ചെലുത്തേണ്ട മേഖലയാണ്. മഹല്ലിലെ തൊഴില്‍ രഹിതരെ ലിസ്റ്റ് ചെയ്തും സര്‍വേ തയാറാക്കിയും അവരെ മികച്ച നിലയിലേക്ക് ഉയര്‍ത്താന്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആവശ്യമായ കരിയര്‍ ഗൈഡന്‍സ്, പി.എസ്.സി പരിശീലന പരിപാടികള്‍, കോച്ചിംഗ് സെന്ററുകള്‍ എന്നിവയും സംവിധാനിക്കാം.

സാമ്പത്തിക രംഗത്തെ പിന്നാക്കാവസ്ഥയും മുഖ്യ അജണ്ടയായി മാറേണ്ടതുണ്ട്. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക മാത്രമല്ല, ആളുകള്‍ക്ക് സുസ്ഥിര വരുമാന മാര്‍ഗം ഉണ്ടാക്കാനുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുകയും വേണം. അല്ലാഹു ആരാധനാ കര്‍മമായി നിശ്ചയിച്ച സകാത്ത്-സ്വദഖ സംവിധാനം വഴി സാധിക്കേണ്ട സാമ്പത്തിക സന്തുലിതത്വം ഇന്നത്തെ ഭൂരിഭാഗം മഹല്ലുകളുടെയും അജണ്ടയാവുന്നില്ല എന്നത് ഖേദകരമാണ്. നമസ്‌കാരത്തോടൊപ്പം പ്രാധാന്യത്തോടെ പഠിപ്പിച്ച സകാത്ത് സംവിധാനം, നമസ്‌കാരത്തിനും അനുബന്ധകാര്യങ്ങള്‍ക്കും മഹല്ലുകള്‍ നല്‍കുന്ന അതേ ശ്രദ്ധയോടെ തന്നെ നിര്‍വഹിക്കേണ്ട കാര്യമാണ്. നമസ്‌കാരത്തിനും സകാത്തിനുമിടയില്‍ വിവേചനം കാണിക്കുന്നവരോട് യുദ്ധാഹ്വാനം മുഴക്കിയ ഖലീഫ അബൂബക്‌റി(റ)ന്റെ നിലപാടുകള്‍ ഇതിന്റെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നു.

വിവര സാങ്കേതികവിദ്യയുടെ ഉപയോഗം വലിയൊരു വിഷയമാണ് ഇന്ന്. ഇതിനെ മാറ്റിനിര്‍ത്താനോ ഇതില്‍നിന്ന് പുറംതിരിഞ്ഞു നില്‍ക്കാനോ ഇനി സാധ്യമല്ല. ഐ.ടി വര്‍ക്ക്‌ഷോപ്പുകളും മറ്റും നടത്താവുന്നതാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗപ്പെടുത്തി മഹല്ലു പേജുകളും ഗ്രൂപ്പുകളും ഔദ്യോഗികമായി തന്നെ ആരംഭിക്കാം. ഇതിലൂടെ മഹല്ലിലെ വിവരങ്ങള്‍ പെട്ടെന്ന് കൈമാറാനും ആവശ്യമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങളില്‍ നിന്ന് ക്ഷണിക്കാനും സാധിക്കും. ഓണ്‍ലൈന്‍ മദ്‌റസാ സംവിധാനങ്ങള്‍, ഖുര്‍ആന്‍ പഠന സംവിധാനങ്ങള്‍ മുതലായ വലിയ സാധ്യതകളും ഈ മേഖലയിലുണ്ട്.

മുകളില്‍ പറഞ്ഞ ബൃഹദ് പദ്ധതികള്‍ക്കെല്ലാം സഹായകമാവുന്ന മഹല്ല് സോഫ്റ്റ്‌വെയറുകളും ഇന്ന് ലഭ്യമാണ്. Abelian Technologies, NetShells Technologies തുടങ്ങിയ കമ്പനികള്‍ മഹല്ല് അഡ്മിനിസ്‌ട്രേഷന്‍ സോഫ്റ്റ്‌വെയര്‍പുറത്തിറക്കിയിട്ടുണ്ട്. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ മഹല്ല് പദ്ധതികളിലൂടെ ഭാവിയെ കരുപ്പിടിപ്പിക്കുക എന്നതാണ് സോഫ്റ്റ്‌വെയറിന്റെ ലക്ഷ്യം. വരവ്-ചെലവ് കണക്കുകള്‍, സ്ഥിതിവിവരം, സര്‍വേ അനാലിസിസ്, വ്യവസ്ഥാപിതമായ ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, ശാസ്ത്രീയമായ സാമൂഹിക പ്രവര്‍ത്തനം, ഡാറ്റ സംഭരണം, റിപ്പോര്‍ട്ടുകള്‍, ഓഫീസ് ഓട്ടോമേഷന്‍ മുതലായവ ഇതില്‍ ഉണ്ട്. മഹല്ലുമായി ബന്ധപ്പെട്ട ഏതു വിവരവും ഞൊടിയിടയില്‍ ലഭിക്കാന്‍ ഇതിലൂടെ സാധിക്കും. ജനസംഖ്യ, വാഹന സൗകര്യങ്ങള്‍, ഭൂമി, വീട്, കാര്‍ഷികം, സാമ്പത്തികം, വിദ്യാഭ്യാസം, തൊഴില്‍ മുതലായവയുടെ ഗ്രാഫടക്കമുള്ള ഈ സോഫ്റ്റ്‌വെയര്‍ നിലവില്‍ ഇരുനൂറോളം മഹല്ലുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /64-71
എ.വൈ.ആര്‍