Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 12

ജൂതരാഷ്ട്ര ബില്ലും ഉര്‍ദുഗാന്റെ മുന്നറിയിപ്പും

         ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 30-ന് ഇസ്രയേലി പോലീസ് മസ്ജിദുല്‍ അഖ്‌സ്വായില്‍ മുസ്‌ലിംകള്‍ പ്രവേശിക്കുന്നത് നിരോധിച്ചത് മുസ്‌ലിം ലോകത്തെ, വിശേഷിച്ചും അറബികളെ ഞെട്ടിക്കേണ്ടതായിരുന്നെങ്കിലും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. ഫലസ്ത്വീനികള്‍ക്ക് പുറമെ ജോര്‍ദാനും തുര്‍ക്കിയുമാണ് ശക്തമായ പ്രതിഷേധമുയര്‍ത്തിയത്. 1994-ലെ കരാര്‍ പ്രകാരം മസ്ജിദുല്‍ അഖ്‌സ്വായുടെ മേല്‍നോട്ടവും സുരക്ഷയും ജോര്‍ദാന്റെ ഉത്തരവാദിത്തമാണ്. മസ്ജിദില്‍ ജൂതന്മാര്‍ ആരാധനാര്‍ഥം പ്രവേശിക്കാവതല്ല. എങ്കിലും ജൂതന്മാര്‍ അതില്‍ പ്രവേശിക്കുകയും തല്‍മൂദ് അനുശാസിക്കുന്ന മതകര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യാറുണ്ട്. ജോര്‍ദാന്റെ ഉത്തരവാദിത്തം കടലാസിലേയുള്ളൂ. പള്ളിയുടെ കാവല്‍ക്കാരും സുരക്ഷാ ഭടന്മാരും ഇസ്രയേലി പോലീസാണ്. ഫലസ്ത്വീനികളുടെ ശക്തമായ പ്രതിഷേധവും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ ഇടപെടലും മൂലം ഇസ്രയേല്‍ പള്ളിവിലക്ക് പിന്‍വലിക്കുകയായിരുന്നു. ഈ പിന്‍വലിക്കല്‍ നിരുപാധികമായിരുന്നില്ല. 35 വയസ്സിനു താഴെയുള്ള യുവാക്കള്‍ക്ക് വിലക്ക് നിലനിര്‍ത്തിക്കൊണ്ട്, വൃദ്ധ ജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും മാത്രമാണ് പ്രവേശനമനുവദിച്ചത്. ഈ അനുവാദം തന്നെ സ്ഥിരമാണെന്നതിനോ ഇനിയും വിലക്കുകയില്ലെന്നതിനോ ഒരു ഉറപ്പുമില്ല. നവംബര്‍ 5-ന് ഒരു ജൂത വംശീയ ഭ്രാന്തന്‍ മസ്ജിദുല്‍ അഖ്‌സ്വായില്‍ അതിക്രമിച്ചു കടക്കുകയുണ്ടായി. അയാളെ മുസ്‌ലിംകള്‍ കൈയേറ്റം ചെയ്യുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ജാഗ്രത പൂണ്ട പോലീസ് അയാളുടെ കുറ്റകരമായ പ്രകോപനത്തിനെതിരെ യാതൊരു നിയമനടപടിയും സ്വീകരിച്ചില്ല. പൗരാണികാവശിഷ്ടങ്ങളുടെ ഉത്ഖനനത്തിന്റെ പേരില്‍, മസ്ജിദ് തകര്‍ന്നു വീഴാന്‍ പാകത്തില്‍ ചുറ്റും കിടങ്ങുകള്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ് ഇസ്രയേല്‍. മറുവശത്ത് ജറൂസലമില്‍ വന്‍തോതില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ച് അവയില്‍ ജൂതന്മാരെ കുടിയിരുത്തി അറബികളെ സ്ഥലം വിടാന്‍ നിര്‍ബന്ധിതരാക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം 2.5 മില്യന്‍ ഡോളര്‍ സര്‍ക്കാര്‍ അതിനായി ചെലവഴിച്ചുവെന്ന് ഹാരറ്റ്‌സ് എന്ന ഇസ്രയേലീ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. 2014-ല്‍ ചെലവഴിക്കുന്നത് നൂറ് മില്യന്‍ ഇസ്രയേലീ ശക്കല്‍ ആയിരിക്കുമെന്നും പത്രം പറയുന്നു.

ഇതൊക്കെ എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇസ്രയേലിന് ജറൂസലമിനെ അറബികളില്‍നിന്ന് മുക്തമാക്കി തനി യഹൂദ നഗരമാക്കി മാറ്റണം; സയണിസ്റ്റ് രാഷ്ട്രത്തിന്റെ തര്‍ക്കമില്ലാത്ത തലസ്ഥാനമാക്കണം. അറബികളെ ആട്ടിപ്പായിക്കുകയോ കൊന്നൊടുക്കുകയോ ആണ് അതിനുള്ള വഴി. ഒപ്പം നഗരത്തിലെ ഇസ്‌ലാമിക ചിഹ്നങ്ങള്‍ മായ്ച്ചുകളയുകയും ചെയ്യുക. ഈ പ്രക്രിയയാണ് 1967 മുതല്‍ നടന്നുവരുന്നത്. പക്ഷേ, ലോകം അത് കണ്ടില്ലെന്നു നടിക്കുന്നു. പലരും  പരസ്യമായും ചിലര്‍ രഹസ്യമായും ജറൂസലം ഇസ്രയേലിന്റെ തലസ്ഥാനമാക്കുന്നതിനെ പിന്തുണക്കുകയും ചെയ്യുന്നു.

മസ്ജിദുല്‍ അഖ്‌സ്വാ മുസ്‌ലിംകള്‍ക്ക് വിലക്കിയത് ഒരു 'ടെസ്റ്റ് ഡോസാ'യിരുന്നു. വംശ നശീകരണത്തിലൂടെ ഫലസ്ത്വീനിനെ 'ശുദ്ധ' ജൂത രാഷ്ട്രമാക്കാനുള്ള അടുത്ത ചുവടുവയ്പിന് സമയമായോ എന്നറിയാനുള്ള പരീക്ഷണം. പള്ളി വിലക്കിനെ ആഗോള സമൂഹം ഒരു ഇഷ്യൂ ആക്കാതിരുന്നതും, മുസ്‌ലിം ലോകത്തുനിന്ന് ഉയര്‍ന്ന പ്രതിഷേധത്തിന്റെ ചുണയില്ലായ്മയും തന്റെ പരീക്ഷണത്തിന്റെ വിജയ സൂചനയായി പ്രധാനമന്ത്രി നെതന്യാഹു വിലയിരുത്തി. തുടര്‍ന്ന്, മൂന്നു വര്‍ഷം മുമ്പ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ജൂത രാഷ്ട്ര ബില്ലിനു നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള 20 അംഗ മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. ബില്‍ പ്രകാരം ഇസ്രയേല്‍ ജൂത ജനതയുടെ മാത്രം രാഷ്ട്രമാണ്. ജൂത നിയമങ്ങളായിരിക്കും രാജ്യത്തിന്റെ നിയമനിര്‍മാണത്തിനും നീതിന്യായ വ്യവസ്ഥക്കും ആധാരം. ഹീബ്രുവായിരിക്കും ഔദ്യോഗിക ഭാഷ. അറബി ഭാഷക്ക് ഔദ്യോഗിക പദവിയില്ല. അതിന് പ്രത്യേക പരിഗണന നല്‍കുമത്രെ. ബില്‍ നടപ്പിലാകുമ്പോള്‍ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ അറബികള്‍ രണ്ടാംതരം പൗരന്മാരായിത്തീരും. അവരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും നിയമപരമായ പരിരക്ഷ ലഭിക്കുകയില്ല. 'ബില്‍ നിയമമാവുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ തെരുവുകളിലും ചന്തകളിലും നിയമ ബാഹ്യമായി നടമാടുന്ന വിവേചനം നിയമാനുസൃതമായിത്തീരുകയായിരിക്കും അതിന്റെ ഫലം' എന്നാണ് ഇസ്രയേലിലെ അറബ് ന്യൂനപക്ഷാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 'അല്‍ അദാല'ത്തിന്റെ  നായകന്‍ മജ്ദ് ഖയാല്‍ പറയുന്നത്. ബില്ലിനെ എതിര്‍ക്കുന്നവര്‍ ഇസ്രയേലിനകത്തും പുറത്തും ഏറെയുണ്ട്. ജൂതരാഷ്ട്ര ബില്ലിനെ  'വംശീയ ബില്‍' എന്നാണ് ഇസ്രയേലിലെ ആക്ടിവിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്. മന്ത്രിസഭയിലെ ആറ് അംഗങ്ങള്‍ ബില്ലിനെതിരാണ്. ഭരണസഖ്യത്തില്‍ പെട്ട ജൂവിഷ് ഹോം പാര്‍ട്ടിയും എതിര്‍ക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജൂതരാഷ്ട്ര ബില്‍ ഇസ്രയേലിനെ ആഗോള സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെടുത്തും. നിലവിലുള്ള അറബ്-ജൂത സംഘര്‍ഷം രൂക്ഷമാകും. വംശീയ തീവ്രവാദികള്‍ അറബികളെ കുടിയിറക്കാനും അവരുടെ ഭൂമി തട്ടിപ്പറിക്കാനും ധൃഷ്ടരാകും. ഇസ്രയേല്‍ ഒരു ജനാധിപത്യ റിപ്പബ്ലിക് അല്ലാതാകും. ഇതൊക്കെയാണ് ആഭ്യന്തര വിമര്‍ശകര്‍ ഉന്നയിക്കുന്ന ന്യായങ്ങള്‍.

ബാഹ്യലോകത്ത് യൂറോപ്യന്‍ യൂനിയന്‍ ബില്ലിനെ തുറന്നെതിര്‍ക്കുകയും അത് നടപ്പിലാക്കുകയാണെങ്കില്‍ ഉപരോധം പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ഇസ്രയേല്‍ നടത്തിയ ഗസ്സ നശീകരണ യുദ്ധം ഇസ്രയേലിനോടുള്ള പാശ്ചാത്യ ലോകത്തിന്റെ അനുഭാവം ക്ഷയിക്കാന്‍ കാരണമായിട്ടുണ്ട്. ഫലസ്ത്വീനികളുടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് അവര്‍ പണ്ടത്തെക്കാള്‍ യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്വീഡന്‍, ബ്രിട്ടന്‍, അയര്‍ലന്റ്, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ പാര്‍ലമെന്റുകള്‍ ഫലസ്ത്വീന്‍ രാഷ്ട്രത്തിനനുകൂലമായി പ്രമേയം പാസാക്കിക്കഴിഞ്ഞു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ആ വഴിക്കു ചിന്തിക്കുന്നുണ്ട്. ഈ സാഹചര്യം ആവശ്യപ്പെടുന്നത്ര ഉച്ചത്തില്‍ ശബ്ദിക്കാന്‍ എന്തുകൊണ്ടോ മുസ്‌ലിം ലോകത്തിനു കഴിയുന്നില്ല. ഫലസ്ത്വീനും തുര്‍ക്കിയും മാത്രമാണ് അപവാദം. മുസ്‌ലിംകള്‍ക്ക് മസ്ജിദുല്‍ അഖ്‌സ്വ വിലക്കിയ നടപടിയെ 'ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഫലസ്ത്വീനികള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനം' എന്നാണ് മഹ്മൂദ് അബ്ബാസ് ആക്ഷേപിച്ചത്. അതിനേക്കാള്‍ ശക്തവും അര്‍ഥപൂര്‍ണവുമായിരുന്നു തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ പ്രസ്താവന. മസ്ജിദുല്‍ അഖ്‌സ്വയുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ സൃഷ്ടിച്ച പ്രകോപനം പുതിയൊരു ആഗോള സംഘര്‍ഷത്തിന് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതു മനസ്സിലാക്കി ഇസ്രയേലിനെ നിലക്കുനിര്‍ത്താന്‍ ആഗോള സമൂഹം മുന്‍കൈയെടുക്കുന്നില്ലെങ്കില്‍ അതിന്റെ തിക്തഫലം ഫലസ്ത്വീനികളോ അറബികളോ മാത്രമല്ല മുഴുവന്‍ ലോകവും അനുഭവിക്കേണ്ടിവരും. ഇന്‍തിഫാദയെ പുനര്‍ജനിപ്പിക്കുന്നതാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ അതിക്രമം. അത് പുനര്‍ജനിക്കുന്നത് ഫലസ്ത്വീനില്‍ മാത്രമായിരിക്കുകയില്ല. ലോകത്തിന്റെ എല്ലാ ദിക്കുകളിലും ഇന്‍തിഫാദ പ്രത്യക്ഷപ്പെടാം. തുര്‍ക്കിക്ക് ഏതായാലും ഇസ്രയേലിന്റെ ഈ കുചേഷ്ടിതത്തിനു നേരെ നിശ്ശബ്ദത പാലിക്കാനാവില്ല. തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലുവിന്റെ പ്രസ്താവന കൂടി ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്: മസ്ജിദുല്‍ അഖ്‌സ്വയുടെ മോചനം ഫലസ്ത്വീനികളുടെയോ അറബികളുടെയോ മാത്രം പ്രശ്‌നമല്ല; മുഴുവന്‍ മുസ്‌ലിം ലോകത്തിന്റെയും പ്രശ്‌നമാണ്. അതിനെ അങ്ങനെത്തന്നെ കാണണമെന്ന് അദ്ദേഹം സമുദായത്തോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /64-71
എ.വൈ.ആര്‍