Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 12

ബാങ്ക് പണയവും പലിശയുടെ കാര്യത്തിലെ അശ്രദ്ധയും

ഇല്‍യാസ് മൗലവി

ബാങ്ക് പണയവും 
പലിശയുടെ കാര്യത്തിലെ അശ്രദ്ധയും

ഏതു ചെറിയ ആവശ്യം വന്നാലും എന്റെ സ്വര്‍ണാഭരണം പണയം വെച്ച് ബാങ്കില്‍ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ലോണെടുക്കുന്നയാളാണ് എന്റെ ഭര്‍ത്താവ്. അനാവശ്യങ്ങള്‍ക്കോ ആര്‍ഭാടത്തിനോ ഒന്നുമല്ല പലപ്പോഴും അങ്ങനെ ചെയ്യുന്നത്. എന്നാല്‍, അനിവാര്യതയോ നിര്‍ബന്ധിതാവസ്ഥയോ ഉണ്ടാവുകയുമില്ല. പലിശ വാങ്ങുന്നില്ലല്ലോ, കൊടുക്കുന്നല്ലേ ഉള്ളൂ, അല്ലാതെ നമുക്കാരാണ് കടം തരാനുള്ളത് എന്നൊക്കെയാണ് ഭര്‍ത്താവിന്റെ ന്യായം. പലിശ കൊടുത്തു കടം വാങ്ങുന്ന ഈ പ്രവണത എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല.  ഒരു വിശദീകരണം?

പലിശ ഹറാമാണെന്നും അനിവാര്യമായ സാഹചര്യത്തില്‍ മാത്രമേ അതുമായി ബന്ധപ്പെടാവൂ എന്നും അറിയാത്തവരല്ല മുസ്‌ലിംകളാരും തന്നെ. പക്ഷേ, പ്രയോഗിക തലത്തില്‍ വളരെ അലംഭാവമാണ് ഈ രംഗത്ത് പൊതുവെ കാണപ്പെടുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും കടം വാങ്ങുന്നവരാണ് മിക്കവരും. തങ്ങളുടെ താല്‍ക്കാലിക ആഗ്രഹങ്ങള്‍ നിറവേറ്റുക എന്ന ഒരൊറ്റ ലക്ഷ്യമേ അവര്‍ക്കുള്ളൂ. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോ അതുമൂലം തന്റെ സമ്പത്തിലും കുടുംബത്തിലും വന്നേക്കാവുന്ന അപകടങ്ങളെക്കുറിച്ചോ നാളെ പരലോകത്തുണ്ടാകാന്‍ പോകുന്ന അനന്തര ഫലത്തെക്കുറിച്ചോ പലപ്പോഴും ആളുകള്‍ വിസ്മരിക്കുന്നു. ഭൗതിക പ്രമത്തതയും സാമൂഹിക സമ്മര്‍ദവുമാണ്  വലിയൊരളവോളം ഇതിനു കാരണം. ഇതിനെതിരില്‍ ഉദ്‌ബോധനങ്ങളും നിര്‍ദേശങ്ങളും നല്‍കേണ്ടവര്‍ അത് ചെയ്യുന്നുമില്ല.

ബാങ്കിലോ മറ്റു ധനകാര്യസ്ഥാപനങ്ങളിലോ പണ്ടമോ മറ്റോ പണയം വെച്ച് വായ്പയെടുക്കുന്നവര്‍ പലിശ വാങ്ങുന്നില്ല എന്നത് ശരിയാണ്. എന്നാല്‍ പലിശ കൊടുക്കാന്‍ ബാധ്യസ്ഥരാണ്. ഏറ്റവും ചുരുങ്ങിയത് നാല് ശതമാനം; അതുതന്നെ കൃത്യമായി തിരിച്ചടച്ചാല്‍. അടവില്‍ വീഴ്ച വരുത്തുകയോ വൈകി അടക്കുകയോ ചെയ്യുന്നതിനനുസരിച്ച് പലിശ നിരക്ക് ചിലപ്പോഴെല്ലാം വായ്പയെടുത്ത സംഖ്യയേക്കാള്‍ വര്‍ധിക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.

പലിശ വാങ്ങുന്നവരെ മാത്രമല്ല കൊടുക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന കാര്യം പലരും ഓര്‍ക്കാറില്ല. അല്ലാഹു ശപിച്ചു എന്നു പറഞ്ഞാല്‍ ദൈവിക കാരുണ്യത്തില്‍നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടു എന്നതാണതിന്റെ അര്‍ഥം. ഒരു വ്യക്തിക്ക് അല്ലാഹുവിന്റെ കാരുണ്യം വിലക്കപ്പെട്ടാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചുനോക്കൂ. അവന് സമ്പത്തുണ്ടായിരിക്കും. പക്ഷേ, അതവന് ശാപമായിത്തീര്‍ന്നാല്‍, അനുഭവിക്കാന്‍ പോയിട്ട് അതവന്റെ സൈ്വര്യജീവിതത്തിനും മനസ്സമാധാനത്തിനും ഏറ്റവും വലിയ ഭീഷണിയായിത്തീരുകയായിരിക്കും ഫലം. സന്താനങ്ങളുണ്ടായിരിക്കും, അവര്‍ പക്ഷേ ഉപകാരത്തിന് പകരം ഏറ്റവും വലിയ തലവേദനയായിരിക്കും. അവന് ആരോഗ്യമുണ്ടായിരിക്കും. പക്ഷേ, അതവനെ നന്ദിയുള്ള ദൈവദാസനാക്കുന്നതിനുപകരം ധിക്കാരിയും ദുസ്സ്വഭാവിയും ആക്കിയേക്കും. ഒരു പക്ഷേ മാറാരോഗത്താല്‍ അതവന് ശാപമായി ഭവിക്കുകയും ചെയ്‌തേക്കാം. 

ഇതും ഇതുപോലുള്ളതുമായ ദുരന്തങ്ങളുമായിരിക്കും ഒരാള്‍ ദൈവശാപത്തിനിരയായാല്‍, അല്ലെങ്കില്‍ അയാള്‍ക്ക് ദൈവകാരുണ്യം വിലക്കപ്പെട്ടാല്‍ ജീവിതത്തില്‍ സംഭവിക്കുക. പരലോകത്താകട്ടെ പറയാനുമില്ല. അല്ലെങ്കിലും ഈ ലോകവും അതിലെ സകല ചരാചരങ്ങളും ദൈവാഭീഷ്ടത്തിനും അവന്റെ നിയന്ത്രണത്തിനും വിധേയമായി ചലിച്ചുകൊണ്ടിരിക്കെ, അതില്‍ ധിക്കാരിയായി വര്‍ത്തിക്കുന്നവന്‍ ദൈവകോപത്തിനും ദൈവശാപത്തിനും ഇരയാണെങ്കില്‍ പിന്നെയെന്ത് ഐശ്വര്യമാണ് അവന് പ്രതീക്ഷിക്കാനുള്ളത്! താഴെപ്പറയുന്ന തിരുവചനങ്ങള്‍ ഗൗരവത്തില്‍ ഒന്ന് വായിച്ചുനോക്കുക.

ജാബിര്‍(റ) പ്രസ്താവിച്ചു: ''പലിശ ഭക്ഷിക്കുന്നവനെയും അതു ഭക്ഷിപ്പിക്കുന്നവനെയും അതു രേഖപ്പെടുത്തുന്നവനെയും അതിന്റെ സാക്ഷികളെയും അല്ലാഹുവിന്റെ തിരുദൂതര്‍ ശപിച്ചിട്ടുണ്ട്. അവര്‍ കുറ്റത്തില്‍ സമന്മാരാണെന്ന് അവിടുന്ന് പറയുകയും ചെയ്തിട്ടുണ്ട്'' (മുസ്‌ലിം 106, 1598, തിര്‍മിദി 1206).

റസൂലുല്ലാഹി (സ) അരുളിയതായി അബ്ദുല്ലാഹിബ്‌നു ഹന്‍ളല ഉദ്ധരിക്കുന്നു: ''അറിഞ്ഞുകൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന ഒരു ദിര്‍ഹം പലിശ മുപ്പത്തിയാറ് തവണ വ്യഭിചരിക്കുന്നതിനേക്കാള്‍ ഗുരുതരമാകുന്നു'' (അഹ്മദ്, ദാറഖുത്‌നി, മിശ്കാത്ത് 2825).

അബൂഹുറയ്‌റ(റ)ഉദ്ധരിക്കുന്നു: ''അല്ലാഹുവിന്റെ റസൂല്‍ പ്രസ്താവിച്ചു : പലിശ എഴുപത് ഭാഗമാണ്. അവയില്‍ ഏറ്റവും ലഘുവായത് ഒരാള്‍ തന്റെ മാതാവിനെ വ്യഭിചരിക്കുന്നതിനു തുല്യമാണ്'' (ഇബ്‌നുമാജ 2274).

അല്ലാഹു പറയുന്നു: ''പലിശ തിന്നുന്നവരാകട്ടെ, പിശാചുബാധ നിമിത്തം മറിഞ്ഞുവീഴുന്നവര്‍ എഴുന്നേല്‍ക്കുന്നതു പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശപോലെ തന്നെയാണ് എന്ന് അവര്‍ ജല്‍പിച്ചതു നിമിത്തമാണ് അങ്ങനെ സംഭവിക്കുന്നത്. കച്ചവടം അല്ലാഹു അനുവദിക്കുകയും  പലിശ നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ഉപദേശം ലഭിച്ചിട്ട് പലിശയില്‍നിന്ന് വല്ലവനും വിരമിച്ചാല്‍, നേരത്തെ പറ്റിപ്പോയത് അവനുണ്ട്. അവന്റെ കാര്യം അല്ലാഹുവിന്റെ  തീരുമാനമനുസരിച്ചിരിക്കും. അഥവാ, ആരെങ്കിലും പലിശയിടപാടിലേക്കു മടങ്ങുന്നുവെങ്കില്‍ അവര്‍ നരകാവകാശികള്‍ തന്നെ. അവരതില്‍ നിത്യവാസികളുമാകുന്നു.  അല്ലാഹു പലിശധനത്തെ തുടച്ചുനീക്കിക്കളയുകയും ദാനധര്‍മങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. നന്ദികെട്ടവനും പാപിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല''(അല്‍ബഖറ 275,276).

നിര്‍ബന്ധിതാവസ്ഥകള്‍:

ജീവിതത്തിലെ നിര്‍ബന്ധിതാവസ്ഥകളെയും മനുഷ്യന്റെ നിസ്സഹായതയെയും ഇസ്‌ലാം പരിഗണിക്കാതിരുന്നിട്ടില്ല. നിര്‍ബന്ധിതാവസ്ഥയുടെ സമ്മര്‍ദ ഘട്ടങ്ങളില്‍ പ്രയാസങ്ങളെ തടുക്കാന്‍ പര്യാപ്തമാം വിധം മാത്രം നിഷിദ്ധമായ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ഇസ്‌ലാം അനുവദിച്ച് കൊടുത്തിട്ടുണ്ട്. അല്ലാഹു പറയുന്നു:'''വല്ലവനും നിര്‍ബന്ധിതനായി എന്നാല്‍ പരിധി വിടാതെയും ആഗ്രഹത്തോടെയല്ലാതെയും (അവ ഉപയോഗിക്കുന്നതില്‍) അവന് യാതൊരു കുറ്റവുമില്ല. അല്ലാഹു വളരെയേറെ പൊറുക്കുന്നവനും പരമ കാരുണികനുമാകുന്നു'''(അല്‍ ബഖറ 173).

നിര്‍ബന്ധിതാവസ്ഥ വിരോധിക്കപ്പെട്ടവയെ അനുവദനീയമാക്കും' എന്ന ഒരു തത്ത്വം ഇസ്‌ലാമില്‍ ഉണ്ട്. എന്നാല്‍ ഈ ഖുര്‍ആന്‍ വചനങ്ങള്‍ നിര്‍ബന്ധിതാവസ്ഥക്ക് അടിപ്പെടുന്നവനെ നിയന്ത്രിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. അവനതിന് ആഗ്രഹമുള്ളവനോ പരിധി ലംഘിക്കുന്നവനോ ആകാവതല്ല. അഥവാ ആസ്വദിക്കാനായി അതാവശ്യപ്പെടുന്നവനോ, വിശപ്പടക്കുന്നതില്‍ മതിയാക്കാതെ പരിധി കടക്കുന്നവനോ, നിര്‍ബന്ധിതാവസ്ഥയുടെ അതിര് ലംഘിക്കുന്നവനോ ആവരുത്. ഈ നിയന്ത്രണത്തില്‍ നിന്ന് പണ്ഡിതന്മാര്‍, നിര്‍ബന്ധിതാവസ്ഥ അതിന്റെ തോതനുസരിച്ചാണ് കണക്കാക്കപ്പെടുകയെന്ന തത്ത്വം കൂടി ആവിഷ്‌കരിച്ചിരിക്കുന്നു. നിര്‍ബന്ധിതാവസ്ഥയും നിരുപാധികമല്ല, അതിനും ചില മാനദണ്ഡങ്ങളുണ്ട് എന്നര്‍ഥം. അത്തരം സാഹചര്യങ്ങളില്‍ ഹറാം (നിഷിദ്ധം) അനുവദനീയമാവുന്നതിന് ചില നിബന്ധനകള്‍ ഉണ്ട്. ആ നിബന്ധനകള്‍ പൂര്‍ണമായും ഒത്തുചേര്‍ന്ന സാഹചര്യങ്ങളില്‍ മാത്രമേ നിഷിദ്ധങ്ങള്‍ ചെയ്യാന്‍ ഇളവു ലഭിക്കുകയുള്ളൂ.

ഒന്ന്: നിഷിദ്ധത ചെയ്തില്ലെങ്കില്‍ കാര്യമായ അപായം സംഭവിക്കുമെന്ന് ഉറപ്പാവുക. പട്ടിണി കാരണം പലിശക്ക് കടം വാങ്ങല്‍ ഉദാഹരണം. ഈ നിര്‍ബന്ധിതാവസ്ഥ ഭാവിയില്‍ സംഭവിച്ചേക്കുമോ എന്ന വിദൂര സാധ്യതയല്ല, പ്രത്യുത യഥാര്‍ഥത്തില്‍ നിലവിലുള്ള നിര്‍ബന്ധിതാവസ്ഥയായിരിക്കുക. ഭാവിയില്‍ മകളെ കെട്ടിച്ച് വിടണമല്ലോ, അതിന് സ്വര്‍ണം വേണ്ടിവരുമല്ലോ എന്നുകരുതി ഇപ്പോള്‍ കടം മേടിക്കല്‍ ഉദാഹരണം. അത് അനുവദനീയമല്ല.

രണ്ട്: പ്രതിസന്ധി തരണം ചെയ്യാനുതകുന്ന അനുവദനീയ മാര്‍ഗങ്ങള്‍ പൂര്‍ണമായും അടഞ്ഞു പോവുക. ഇങ്ങനെയുള്ള നിര്‍ബന്ധിതാവസ്ഥ തരണം ചെയ്യാനായി അനുവദനീയമായ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് പരമാവധി ശ്രമിച്ചുനോക്കിയിട്ടും ഇല്ല എന്ന് ഉറപ്പാവുക, ഒരാളും  സഹായിക്കാന്‍ ഇല്ലാതിരിക്കുക, തന്റേതായി യാതൊരു സമ്പത്തും ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍. ചോര്‍ന്നൊലിക്കുന്ന വീട് നന്നാക്കാനായി ലോണെടുക്കുക ഉദാഹരണം.

മൂന്ന്: ഇത്തരം സാഹചര്യങ്ങളില്‍ അനുവദനീയമാവുന്ന നിഷിദ്ധതയുടെ പരിധിയും കാലയളവും നിര്‍ണയിക്കുക. നിര്‍ബന്ധിതാവസ്ഥ തരണം ചെയ്യാന്‍ ആവശ്യമായ തോതില്‍ മാത്രമേ അനുവദനീയമല്ലാത്തവ ഉപയോഗിക്കാന്‍ പാടുള്ളൂ. അതില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഒരിക്കലും അനുവദനീയമല്ല. ചികിത്സാര്‍ഥം പലിശക്ക് കടം വാങ്ങുകയല്ലാതെ നിര്‍വാഹമില്ലാത്തവന്‍ കുറച്ചധികം വാങ്ങി ഒരു ടൂര്‍ കൂടി പ്ലാന്‍ ചെയ്യാം എന്ന് വിചാരിക്കരുത്. പട്ടിണിയകറ്റാനും വിശപ്പുമാറ്റാനും നിഷിദ്ധ പദാര്‍ഥങ്ങള്‍ കഴിക്കാനുള്ള ഇളവും അനുവാദവും, വിഭവ സമൃദ്ധമായ സദ്യ കഴിക്കാവുന്നതിലേക്ക് വലിച്ചു നീട്ടാവതല്ല. അതുപോലെ പ്രതിസന്ധി നീങ്ങുകയും സാഹചര്യം മാറുകയും ചെയ്യുന്നതോടെ ഇളവും ഇല്ലാതാവും. എന്നുവെച്ചാല്‍ കാലാകാലത്തേക്കും ഇളവ് നിലനില്‍ക്കില്ലെന്നര്‍ഥം.

നാല്: അനന്തരഫലത്തെക്കുറിച്ച് നിശ്ചയമുണ്ടായിരിക്കുക. ഒരു പ്രയാസം നീക്കാന്‍ നിഷിദ്ധത ചെയ്യുക വഴി അതിലും വലിയ പ്രയാസം (അപായം) ഉണ്ടായിത്തീരുന്ന അവസ്ഥ ഉണ്ടാകരുത്. കൃഷി ചെയ്യാന്‍ ലോണെടുത്ത് വീട് ജപ്തി ചെയ്യാനിടവരുന്ന അവസ്ഥ ഉദാഹരണം.

ഇങ്ങനെയുള്ള ഉപാധികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ നിഷിദ്ധതകള്‍ ചെയ്യുന്നതിനുള്ള ഇളവ് ഉപയോഗപ്പെടുത്താവൂ എന്നാണ് ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇങ്ങനെയുള്ള സാഹചര്യം തന്റെ വിഷയത്തില്‍ എത്രത്തോളം ഉണ്ട് എന്ന് അവനവനാണ് തീരുമാനിക്കേണ്ടത്. ഓരോരുത്തരുടെയും തഖ്‌വയും ദീനീബോധവുമെല്ലാം ഇവിടെ തീര്‍ച്ചയായും സ്വാധീനിക്കുക തന്നെ ചെയ്യും. നിഷിദ്ധതയില്‍ പെടാതെ എങ്ങനെ രക്ഷപ്പെടാമെന്ന് ചിന്തിക്കുന്നവരെയും കിട്ടിയ അവസരം നിഷിദ്ധത ചെയ്യാന്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കുന്നവരെയും കാണാം. എന്നാല്‍, അല്ലാഹുവിന്റെ നോട്ടം ഹൃദയങ്ങളിലേക്കാണല്ലോ. ആ ബോധമുണ്ടായാല്‍ മതി. ഒരു യഥാര്‍ഥ വിശ്വാസി ഇത്തരം ഇളവുകള്‍ ഉപയോഗപ്പെടുത്താവുന്ന എല്ലാ അനുകൂല സാഹചര്യവുമുണ്ടായാല്‍ പോലും വളരെ പ്രയാസത്തോടും മനോവ്യഥയോടും കൂടി മാത്രമേ അത് ചെയ്യൂ. അല്ലാത്തവരാകട്ടെ കിട്ടിയ അവസരം ഉപയോഗപ്പെടുത്താനുള്ള ആവേശത്തിലും ആത്മ നിര്‍വൃതിയിലുമായിരിക്കും. അല്ലാഹു കാക്കട്ടെ!

അതിനാല്‍ പലിശ നിസ്സാരമല്ലേ, വാങ്ങിക്കുന്നില്ലല്ലോ! കൊടുക്കുകയല്ലേ ചെയ്യുന്നുള്ളൂ എന്ന ലാഘവ ചിന്ത പാടില്ല. ഉള്ളത് കൊണ്ട് തനിക്ക് അല്ലാഹു നല്‍കിയതില്‍ പൂര്‍ണ തൃപ്തനായി കഴിയാന്‍ ശ്രമിക്കുക. അല്ലാതെ ഇഹപര ഐശ്വര്യങ്ങള്‍ ഒരേപോലെ നഷ്ടപ്പെടുത്തുന്ന സംഗതികള്‍ക്ക് ഒരുമ്പെടാതിരിക്കുക. എല്ലാ ആഗ്രഹങ്ങളും സഫലമാക്കിക്കൊണ്ടോ എല്ലാ ലക്ഷ്യങ്ങളും സാക്ഷാത്കരിച്ചുകൊണ്ടോ എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊണ്ടോ ഈ ലോകത്തുനിന്ന് വിട പറയാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ പരലോകമോക്ഷവും സ്വര്‍ഗീയാനുഗ്രഹവും ഉറപ്പുവരുത്താന്‍ പരിശ്രമിക്കുക എന്നത് ഏതൊരാള്‍ക്കും ഇവിടെ സാധ്യമാണ്, എന്നല്ല ഇവിടെവെച്ച് മാത്രമേ അത് സാധ്യമാവുകയുമുള്ളൂ. ശാശ്വതവും സ്ഥായിയുമായ ഐശ്വര്യം നഷ്ടപ്പെടുത്തി ക്ഷണികമായ ദുന്‍യാവ് കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നവരേക്കാള്‍ ദൗര്‍ഭാഗ്യവാന്മാര്‍ ആരുണ്ട്! അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. 

 

പലിശ ക്രെഡിറ്റ് കാര്‍ഡിന്റെ രൂപത്തില്‍

സാമ്പത്തിക ഇടപാടുകള്‍ വളരെ എളുപ്പവും സുഗമവുമാക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. ഇവയുടെ ഉപയോഗം സാര്‍വത്രികമായി കഴിഞ്ഞിരിക്കെ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതിന്റെ ഇസ്‌ലാമിക വിധി ഒന്നു വിശദീകരിക്കാമോ?
ഉപഭോഗ സംസ്‌കാരത്തിന്റെ ഉല്‍പന്നങ്ങളാണ് ക്രെഡിറ്റ് കാര്‍ഡും മറ്റും. എന്നു വെച്ച് ഇവയെല്ലാം പാടേ വര്‍ജിക്കണമെന്ന് അര്‍ഥമില്ല. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ച വിധികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്.  ശ്രദ്ധിച്ചില്ലെങ്കില്‍ പല അബദ്ധങ്ങളിലും ചെന്നുചാടാന്‍ സാധ്യതയുള്ളതിനാല്‍ നല്ല കരുതലോ വേണം ഇവ കൈകാര്യം ചെയ്യാന്‍. എങ്കില്‍ നിഷിദ്ധതയില്‍പെടാതെ രക്ഷപ്പെടാം. മുതലാളിത്ത സംസ്‌കാരത്തിന്റെ സംഭാവനയാണ് ഇതെങ്കിലും അവയപ്പാടെ തള്ളിക്കളയാതെ ഒരു യഥാര്‍ഥ മുസ്‌ലിമിന് അതിന്റെ നല്ല വശങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് വിരോധമില്ല. മാത്രമല്ല, ധാരാളം ഉപകാരങ്ങള്‍, സൗകര്യങ്ങള്‍ ഇത്തരം സംവിധാനങ്ങളിലൂടെ ലഭിക്കുകയും ചെയ്യുന്നു. 

പലിശയാകുന്നതെപ്പോള്‍?
ഗള്‍ഫ് രാജ്യങ്ങളിലാണ് ഇവയുടെ ഉപയോഗം ഏറെ വ്യാപകം. ഉദാഹരണമായി ഒരാള്‍ ഒരു ഷോപ്പില്‍ കയറി തനിക്കാവശ്യമായ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നു. ഒടുവില്‍ ക്യാഷ് കൗണ്ടറില്‍ ബില്ല് കൂട്ടിനോക്കുമ്പോള്‍ 5000 രൂപയുണ്ടെന്ന് വെക്കുക. ഉടനെ തന്റെ കൈയിലുള്ള ക്രഡിറ്റ് കാര്‍ഡ് എടുത്തുകൊടുത്ത് ബില്ലിലെ തുക സ്‌പോട്ടില്‍തന്നെ അടക്കാന്‍ കഴിയും. ഇങ്ങനെ ചെയ്യുന്ന വ്യക്തിക്ക് രണ്ടവസ്ഥകളുണ്ടാകാം. 
ഒന്ന്: തന്റെ അക്കൗണ്ടില്‍ അത്രയും തുകയോ അതിലധികമോ ബാലന്‍സ് ഉണ്ടായേക്കാം. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം തന്റെ അക്കൗണ്ടില്‍നിന്ന് ബില്ലില്‍ രേഖപ്പെടുത്തിയ  തുക മാത്രമേ കുറവ് വരികയുള്ളൂ. എന്നുവെച്ചാല്‍ തന്റെ പോക്കറ്റില്‍ ഇരിക്കുന്ന തുക എടുത്ത് കൊടുത്ത പോലെ എന്നര്‍ഥം. 
രണ്ട്: തന്റെ അക്കൗണ്ടില്‍ ആവശ്യമായ തുക ഒട്ടും ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ ഉള്ളത് തികയാതെ വരികയോ ചെയ്യുക. ഇങ്ങനെ വരുമ്പോള്‍ പര്‍ച്ചേസ് ചെയ്ത ഷോപ്പുമായുള്ള ഇടപാട് തന്റെ കാര്‍ഡ് ഉപയോഗിച്ച് തീര്‍ക്കാവുന്നതാണ്. അങ്ങനെ ആ സ്ഥാപനവുമായുള്ള തന്റെ ബാധ്യത അവിടെ തീരുന്നു. എന്നാല്‍, ബാങ്കില്‍ തന്റെ പേരില്‍ പ്രസ്തുത 5000 രൂപയും അതിന്റെ പലിശയും കൂടിയായിരിക്കും കടമായിട്ട് ഉണ്ടായിരിക്കുക. അത് അയാള്‍ ബാങ്കിലെത്തിക്കാന്‍ വൈകുന്ന മുറക്ക് പലിശ വര്‍ധിച്ചുകൊണ്ടേ ഇരിക്കും. ഒടുവില്‍ ബാങ്ക് ബാലന്‍സ്ഷീറ്റ് പരിശോധിച്ചാല്‍ 5000 രൂപ താങ്കള്‍ക്കുവേണ്ടി കനിഞ്ഞു തന്ന ബാങ്ക് താങ്കളില്‍ നിന്ന് 5500-ഓ അതിലധികമോ ഈടാക്കിയിട്ടുണ്ടായിരിക്കും. ഇവിടെ താന്‍ പര്‍ച്ചേസ് ചെയ്ത സാധനം അത്ര മാത്രം അത്യാവശ്യമുള്ളതായിരുന്നുവോ? തന്റെ അക്കൗണ്ടില്‍ സമീപ ഭാവിയില്‍ പണമെത്തിയ ശേഷം വാങ്ങിച്ചാല്‍ പോരായിരുന്നുവോ? ഇനി അത്യാവശ്യ കാര്യത്തിനായിരുന്നുവെങ്കില്‍ തന്നെ മറ്റു മാര്‍ഗങ്ങള്‍ എല്ലാം അന്വേഷിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നോ? ഇത്യാദി ചോദ്യങ്ങളെ ആശ്രയിച്ചായിരിക്കും ഇവിടെ ഉണ്ടാകുന്ന തെറ്റും കുറ്റവും. എന്നാല്‍ പലിശയാണ് താന്‍ കൊടുത്തത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്രമാത്രം ശ്രദ്ധയും സൂക്ഷ്മതയും ഇക്കാലത്ത് പുലര്‍ത്തുന്നവരാരുണ്ട് എന്നു ചോദിച്ചേക്കാം. ഈമാനും തഖ്‌വയും യഥാര്‍ഥത്തില്‍ പ്രകടമാവുന്നത് ഇവിടെയാണ്. അതുള്ളവര്‍ തീര്‍ച്ചയായും ഇത്തരം രംഗങ്ങളില്‍ ജാഗ്രതയുള്ളവരാണ് എന്നുതന്നെയാണുത്തരം. നമസ്‌കാരത്തിലും നോമ്പിലും കാണിക്കുന്ന നിഷ്‌കര്‍ഷ പലരും ഇത്തരം രംഗങ്ങളില്‍ പുലര്‍ത്താത്തത് ഒന്നുകില്‍ അറിവില്ലാഞ്ഞിട്ട്, അല്ലെങ്കില്‍ അതിനെകുറിച്ചുള്ള അശ്രദ്ധ മൂലം. യഥാര്‍ഥത്തില്‍ താനും അല്ലാഹുവും മാത്രം അറിയുന്ന ഇത്തരം മേഖലകളില്‍  അല്ലാഹുവിനെ ഭയപ്പെട്ട് തഖ്‌വ കാണിക്കുന്നവരാണ് സൗഭാഗ്യവാന്മാര്‍. ആ ഭാഗ്യം എല്ലാവര്‍ക്കും ലഭിച്ചുകൊള്ളണമെന്നില്ല. 
ആധുനിക ലോകത്ത് നിലവിലുള്ള ഒരുപാട് സംവിധാനങ്ങളില്‍- മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്ന രംഗത്തടക്കം- ഇത്തരം ചതിക്കുഴികള്‍ പതിയിരിക്കുന്ന കാര്യം പലരും ശ്രദ്ധിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /64-71
എ.വൈ.ആര്‍