Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 12

വിചാരണാ തടവുകാരന്‍

കാരക്കമണ്ഡപം മുഹമ്മദ് ഇല്‍യാസ് /കഥ

         നടപ്പുകാലത്തോട് സാമ്യം തോന്നിയേക്കാവുന്ന കഥയുടെ പശ്ചാത്തലം ഇതാണ്:

ഞങ്ങള്‍ക്കന്ന് പത്ത് വയസ്സ് പ്രായം വരും. ഞാനും അജിയും അടക്കം അഞ്ച് ആണ്‍കുട്ടികളും പതിമൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന ഞങ്ങളുടെ അഞ്ചാം ക്ലാസ്. നീളമുള്ള കെട്ടിടത്തിനുള്ളില്‍ എഴുതാനുള്ള ബോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ തരംതിരിച്ചിരിക്കുന്നു. മറ്റു ക്ലാസുകളെ തമ്മില്‍ വേര്‍തിരിക്കാന്‍ മറയോ മതിലോ ഒന്നുംതന്നെ ഇല്ല. അതുകൊണ്ടു തന്നെ അങ്ങേ തലക്കലെ ക്ലാസ്‌റൂമില്‍ സംഭവിക്കുന്നതെല്ലാം ഇങ്ങറ്റത്തുള്ള ഞങ്ങളുടെ ക്ലാസ്‌റൂമില്‍ ഇരുന്നാല്‍ കാണാന്‍ സാധിക്കും. ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ആയതിനാല്‍ ഞങ്ങളാണ് സ്‌കൂളിലെ മുതിര്‍ന്ന കുട്ടികള്‍. അധ്യാപകര്‍ക്ക് പ്രത്യേകിച്ച് സ്റ്റാഫ് റൂം ഇല്ലാത്തതുകൊണ്ട് അവരുടെ ബാഗും മറ്റ് ഉത്തരക്കടലാസുകളും ചോറ്റുപാത്രങ്ങളും എല്ലാം ഞങ്ങളുടെ ക്ലാസിലെ ഒരു ഒഴിഞ്ഞ ബെഞ്ചില്‍ വെക്കലാണ് പതിവ്.

എന്നത്തെയും പോലെ ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ ആനന്ദവല്ലി അവരുടെ ഹാന്‍ഡ് ബാഗ് ബെഞ്ചില്‍ വെച്ചു. പക്ഷേ ഇന്ന് ഒരു കാര്യം പ്രത്യേകം ഞങ്ങളോട് സൂചിപ്പിക്കുകയും ചെയ്തു ''ബാഗില്‍ അല്‍പം കാശുണ്ട്, ഒന്ന് ശ്രദ്ധിക്കണം.''

പതിവുപോലെ ആദ്യത്തെ രണ്ട് പിരീഡും കഴിഞ്ഞു. ഇന്റര്‍വെല്‍ സമയമായി. ഞാനും അജിയും മറ്റ് സുഹൃത്തുക്കളും കൂടി എന്നത്തേയും പോലെ കുറേ കളികളൊക്കെ കളിച്ച് ക്ലാസില്‍ തിരിച്ചെത്തി. ആനന്ദവല്ലി ടീച്ചറിന്റെയായിരുന്നു അടുത്ത പിരീഡ്. ടീച്ചര്‍ അന്ന് ക്ലാസെടുത്തില്ല. പകരം എന്തൊക്കെയോ എഴുതുന്ന തിരക്കിലായിരുന്നു. അതെല്ലാം കഴിഞ്ഞ് ടീച്ചര്‍ ബാഗെടുത്തു തുറന്നു. ഒരു നിലവിളി!! ''എന്റെ കാശ് പോയി.'' ആകെ പരവേശത്തോടെ ടീച്ചര്‍ ബാഗിന്റെ അകവും പുറവും പരിസരവും എല്ലാം തിരയാന്‍ തുടങ്ങി. ടീച്ചര്‍ അജിയുടെ നേരെ തിരിഞ്ഞു: ''എവിടെടാ എന്റെ കാശ്?'' ആകെ ബഹളമായി. എല്ലാ ക്ലാസ്സിലെയും ടീച്ചര്‍മാരുടെയും കുട്ടികളുടെയും ശ്രദ്ധ ഞങ്ങളുടെ ക്ലാസ്സിലേക്കായി. എന്തുപറയണമെന്നറിയാതെ അജി വിരണ്ടുനില്‍ക്കുകയാണ്. ടീച്ചര്‍ അവനെ ബെഞ്ചിന്റെ മുകളില്‍ കയറ്റി നിര്‍ത്തി. പോക്കറ്റിലും മറ്റും പരിശോധന തുടങ്ങി. അവന്റെ ഷര്‍ട്ട് അഴിപ്പിച്ചു. അപ്പോഴേക്കും പ്രശ്‌നം തിരക്കി ലാസര്‍ സാര്‍ അവിടെയെത്തി. ടീച്ചര്‍ കാര്യം വിശദമാക്കുമ്പോള്‍ തന്നെ കേട്ടപാതി കേള്‍ക്കാത്ത പാതി ലാസര്‍ സാര്‍ അജിയെ കാലില്‍ തൂക്കിയെടുത്ത് തലക്കീഴാക്കി വിസ്താരവും വിചാരണയും തുടങ്ങി..... എല്ലാവരുടെയും നോട്ടം അജിയെന്ന കുറ്റവാളിയുടെ നേര്‍ക്കായി. അവനെ നേരെ പ്രിന്‍സിപ്പലിന്റെ റൂമിലേക്ക് കൊണ്ടുപോയി. ക്ലാസില്‍ ടീച്ചര്‍ അജിയെയും അവന്റെ മാതാപിതാക്കളെയും ശപിക്കുകയും പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഉച്ചയൂണിന്റെ ഇന്റര്‍വെല്‍ സമയമായി. വിചാരണയും ശിക്ഷയും അപ്പോഴും ഓഫീസ് റൂമില്‍ തുടരുന്നുണ്ടായിരുന്നു. അവനെ കാണാനുള്ള ഒരു ശ്രമം ഞങ്ങള്‍ നടത്തിനോക്കി. കണ്ടു.... കാല്‍ വിരലില്‍ കൈതൊട്ട് പുറംകുനിഞ്ഞ് നില്‍ക്കുന്നു പാവം... കരഞ്ഞ് കരഞ്ഞ് അവന്റെ കണ്ണുകള്‍ തടിച്ചിരിക്കുന്നു. ഓഫീസ് റൂമില്‍ കയറിച്ചെല്ലുന്ന എല്ലാ അധ്യാപകരും അവനെ വിചാരണ ചെയ്യുകയും നല്ലവണ്ണം ചൂരല്‍പ്രയോഗം നടത്തുകയും ചെയ്തുനോക്കി. അപ്പോഴും തൊണ്ടി മുതല്‍ കിട്ടിയില്ല എന്നു മാത്രമല്ല എവിടെയാണെന്നുപോലും അറിയാന്‍ കഴിഞ്ഞില്ല. ലാസര്‍ സാര്‍ ഗര്‍ജിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ വീണ്ടും ക്ലാസില്‍ കയറി.

അവസാന പിരീഡിന് മുമ്പായുള്ള ഇന്റര്‍വെല്‍ കഴിഞ്ഞു. അജി അപ്പോഴും ഓഫീസ് റൂമില്‍ തന്നെ. പെണ്‍കുട്ടികള്‍ എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു. അവര്‍ ആനന്ദവല്ലി ടീച്ചറോട് എന്തോ രഹസ്യമായി പറഞ്ഞു. ടീച്ചര്‍ ഞങ്ങളുടെ ക്ലാസില്‍ വന്നു. മെല്ലെ ഗോപിക എന്ന കുട്ടിയെ അടുത്തേക്കു വിളിച്ചു. അവളോട് ചോദിക്കാന്‍ തുടങ്ങി: ''മോളേ എവിടെ ആ കാശ്?'' അവള്‍ ആകെ നിന്ന് പരുങ്ങുന്നുണ്ടായിരുന്നു. അവളുടെ ബെറ്റിക്കോട്ടിന്റെ ഉള്ളില്‍നിന്ന് ടീച്ചര്‍ കാശ് പുറത്തെടുത്തു! ഉത്തരം കിട്ടുമോ എന്ന് സംശയിച്ചിരുന്ന ചോദ്യത്തിന് ഇതാ ഉത്തരം കിട്ടിയിരിക്കുന്നു. സംഭവിച്ചതെന്തെന്നാല്‍ അവസാന ഇന്റര്‍വെല്‍ സമയത്ത് ഗോപിക പുറത്തെ കടയില്‍നിന്ന് മുപ്പത് രൂപ വിലയുള്ള ഹീറോ പെന്നും കൂട്ടത്തില്‍ അഞ്ച് രൂപ വിലയുള്ള ഫൈവ് സ്റ്റാര്‍ മിഠായികളും മേടിച്ചു. അന്ന് പത്ത് പൈസക്ക് രണ്ട് മിഠായി കിട്ടുമായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളുടെ ക്ലാസിലെ പെണ്‍കുട്ടികള്‍ക്ക് സംശയം തോന്നി. അവരത് ടീച്ചറെ അറിയിക്കുകയായിരുന്നു.

ഗോപികക്ക് അപസ്മാരത്തിന്റെ അസുഖമുള്ളതിനാല്‍ അവളെ വഴക്കുപറയാന്‍ ടീച്ചര്‍ ഭയന്നു. എന്തായാലും കാശ് തിരിച്ചുകിട്ടിയ സന്തോഷത്തോടെ ടീച്ചര്‍ അജിയെ റിലീസ് ചെയ്യിച്ചു. പാവം അജി, ആകെ അവശനായിരുന്നു. അവന്റെ കാലില്‍ ചൂരല്‍ പ്രയോഗത്തിന്റെ പാടുണ്ടായിരുന്നു. അപ്പോഴും ബാക്കിനില്‍ക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു. പതിനെട്ട് പേരടങ്ങുന്ന ഞങ്ങളില്‍ 'എന്തുകൊണ്ട് അജി?' വളരെ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നു; പോരാത്തതിന് പഠനത്തില്‍ അല്‍പം പിറകിലും. ഇതാകുമോ കാരണം? അജിയെ ഒന്നാശ്വസിപ്പിക്കാനോ, മാപ്പു പറയാനോ ടീച്ചറും ലാസര്‍ സാറും കൂട്ടാക്കിയില്ല എന്നുമാത്രമല്ല അവന്‍ കുറ്റവാളി ആകാത്തതില്‍ (നിരപരാധി ആയതില്‍) അവരുടെ മുഖത്തുണ്ടായിരുന്നു വല്ലാത്തൊരു നിരാശ! 

ചിത്രീകരണം: എം. കുഞ്ഞാപ്പ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /64-71
എ.വൈ.ആര്‍