Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 12

അറുപത് വയസ്സായില്ലേ... ഇനിയെന്താണ്?

പി.കെ ജമാല്‍ /അനുഭവം

         അനുസ്യൂതവും അവിരാമവുമായ പ്രവര്‍ത്തനങ്ങളും കര്‍മങ്ങളുമാണ് മനുഷ്യജീവിതത്തിന്റെ സാരസര്‍വസ്വം. ചലനമാണ് ജീവിതം. നിശ്ചലത മരണമാണ്. ആയുസ്സിന്റെ ഓരോ ഘട്ടത്തിനുമുണ്ട് നിര്‍ണിതമായ കര്‍മമേഖല. കര്‍മനിരതമായ ജീവിതത്തിലെ ഓരോ നിമിഷത്തിന്റെയും ഗുണമനുഭവിക്കുന്നത് വ്യക്തിയും സമൂഹവും ഒരുപോലെയാണ്. ജോലിയില്‍ നിന്ന് വിരമിക്കുകയോ അടുത്തൂണ്‍ പറ്റുകയോ ചെയ്താല്‍ 'തന്റെ ജീവിതദൗത്യം കഴിഞ്ഞു, ഇനി വിശ്രമം' എന്ന വിചാരത്തോടെ നിരാശയുടെ മടിയില്‍ തല ചായ്ച്ച് അലസതയുടെയും ഉദാസീനതയുടെയും ദിനങ്ങള്‍ തള്ളിനീക്കുന്നവരാണ് ഏറെയും. മരണം കാത്തുകഴിയുന്ന ആ ജീവിതങ്ങള്‍ക്ക് ജീവന്‍ തുടിക്കുന്ന നിമിഷങ്ങള്‍ എന്നോ നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി അധ്യാപന ജോലിയില്‍ ഏര്‍പ്പെട്ട് ജീവിച്ച ഒരു വ്യക്തിയെ അറിയാം. പെന്‍ഷന്‍ പറ്റി പിരിഞ്ഞുപോന്നതിന്റെ പിറ്റേ ദിവസം അയാള്‍ അനുഭവിച്ച മനഃസംഘര്‍ഷങ്ങള്‍ വിറയാര്‍ന്ന സ്വരത്തില്‍ എനിക്ക് വിവരിച്ചുതന്നതിങ്ങനെ: ''മുപ്പത് വര്‍ഷമായി ഒരു അനുഷ്ഠാനമെന്നോണം പുലര്‍ച്ച അഞ്ചു മണിക്കെഴുന്നേല്‍ക്കുന്നതാണ് ശീലം. മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ല. അതിരാവിലെ ഉണര്‍ന്നു ദിനചര്യകള്‍ ചെയ്ത് തീര്‍ത്ത്,  പറമ്പിലും പാടത്തും ചുറ്റിക്കറങ്ങി ഒമ്പത് മണിയോടെ വീടണയും. കുളിയും ജപവും പ്രാര്‍ഥനയും പത്രപാരായണവും കഴിഞ്ഞ് വസ്ത്രം ധരിച്ച് പ്രാതല്‍ കഴിഞ്ഞ് പൂമുഖത്തിരിക്കുമ്പോള്‍ കുടയും ചോറ്റുപാത്രവും, വൈകുന്നേരം തിരിച്ചുവരുമ്പോള്‍ വാങ്ങേണ്ട പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കുമായി ഒരു സഞ്ചിയും വലത് കൈയിലേക്ക് വെച്ചുതന്ന് സുലോചന പറയും: 'ഇരുട്ടാവുന്നതിന് മുമ്പ് ഇങ്ങ് വന്നേക്കണേ, ഞാനിവിടെ ഒറ്റക്കാണെന്ന് ഓര്‍മവേണം.' യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സ്‌കൂളും കുട്ടികളും സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളുടെ കലപില ശബ്ദവുമായിരിക്കും മനസ്സ് നിറയെ. കഴിഞ്ഞ മുപ്പത് വര്‍ഷമായി തുടര്‍ന്നുപോരുന്ന ഈ പതിവിന് ഇന്ന് മുതല്‍ മാറ്റം വന്നു. ഇനി എന്തിന് നേരത്തെ എഴുന്നേല്‍ക്കണം, നേരത്തെ കുളിക്കണം, എന്തിന് വേണ്ടി വസ്ത്രം മാറണം? ഇനി എന്തു പറഞ്ഞാണ് പുറത്തേക്കിറങ്ങേണ്ടത്?'' അയാള്‍ തന്റെ സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു.

നാരായണന്‍ മാസ്റ്ററുടെ മനോവ്യഥകള്‍ക്ക് ഒരു പ്രാതിനിധ്യ സ്വഭാവമുണ്ട്. ജോലിയില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കുന്നതോടെ ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതായി കണക്കുകൂട്ടുന്ന പലരുടെയും വിചാരങ്ങളാണ് മുപ്പതാണ്ടുകള്‍ വിദ്യാലയത്തിനകത്ത് അറിവ് പകര്‍ന്ന് നല്‍കിയും ശിക്ഷിച്ചും ശാസിച്ചും ഗുണദോഷിച്ചും നിറഞ്ഞുനിന്ന ആ അധ്യാപകന്റെ വിലാപങ്ങളില്‍ തെളിയുന്നത്. മുപ്പതാണ്ടുകളുടെ പരിചയസമ്പത്ത് ഭാവി ജീവിതത്തിനുള്ള മൂലധനമാണെന്ന സത്യം നാരായണന്‍ മാസ്റ്ററെ പോലെ പലരും മറന്നുപോകുന്നു എന്നതാണ് നേര്. യഥാര്‍ഥത്തില്‍ ജീവിതം ആരംഭിക്കുന്നത് ജോലിയില്‍ നിന്നുള്ള റിട്ടയര്‍മെന്റോടു കൂടിയാണെന്ന സത്യം എനിക്ക് പറഞ്ഞ് തന്നത് കുവൈത്ത് യൂനിവേഴ്‌സിറ്റിയിലെ മനഃശാസ്ത്ര വിഭാഗത്തില്‍ പ്രഫസറായ ഡോ. ബശീര്‍ അല്‍ ദുശൈദിയാണ്. ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള പ്രശസ്തമായ കോളേജില്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച് ജോലിയില്‍ നിന്ന് അടുത്തൂണ്‍ പറ്റി പിരിഞ്ഞ ഡോ. വില്യം ഗ്രഹാമിന്റെ ജീവിതകഥ ഡോ. ബശീര്‍ വിവരിച്ചു തന്നപ്പോള്‍ തരിച്ചിരുന്നു പോയി. ആ കഥയിങ്ങനെ:

''ഡോ. വില്യം ഗ്രഹാം ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റി കോളേജില്‍ ഡയറക്ടറായി ജോലി ചെയ്തുവരികയായിരുന്നു. 1978-ല്‍ അദ്ദേഹത്തിന് 60 വയസ്സ് തികഞ്ഞു. യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ചേ പറ്റൂ. പിരിയേണ്ട സമയമായി. യൂനിവേഴ്‌സിറ്റിയിലെ സഹപ്രവര്‍ത്തകര്‍ വില്യം ഗ്രഹാമിന് യാത്രയയപ്പ് സംഘടിപ്പിച്ചു. യൂനിവേഴ്‌സിറ്റി റെക്ടര്‍, പ്രഫസര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഗ്രഹാമിന് യാത്രാ മംഗളവും ഭാസുരജീവിതവും ആശംസിച്ച് നിരവധി പേര്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ ഊഴമായി. നിശ്ചയദാര്‍ഢ്യവും കരുത്തും നിറഞ്ഞ, ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖഭാവത്തോടെ സ്റ്റേജില്‍ മൈക്രോഫോണിന് മുന്നില്‍ വന്ന് നിന്ന ഡോ. വില്യം ഉറച്ച ശബ്ദത്തില്‍ സംസാരം തുടങ്ങി. 'അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സാക്ഷാത്കരിക്കേണ്ട ഇരുപത് ലക്ഷ്യങ്ങള്‍ എന്റെ ജീവിതത്തിന് ഞാന്‍ നിര്‍ണയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' വില്യം പറഞ്ഞുതീര്‍ന്നില്ല, സദസ്സില്‍ നിന്ന് പരിഹാസരൂപേണയുള്ള അടക്കം പറച്ചിലും കമന്റുകളും ഉയര്‍ന്നു. അതൊന്നും വകവെക്കാതെ അദ്ദേഹത്തിന്റെ ഭാവിപരിപാടികള്‍ ഒന്നൊന്നായി വിശദീകരിച്ചു തുടങ്ങി. ഒന്ന്, പതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു വിശാല ഭവനം വേണം എനിക്ക്. രണ്ട്, എന്റെ മൂന്ന് പെണ്‍മക്കള്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അടുത്ത പത്ത് വര്‍ഷത്തേക്കാവശ്യമായ വിമാന ടിക്കറ്റുകള്‍ വേണം. ഓരോ മകളും തന്റെ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം മൂന്ന് മാസം എന്നോടൊപ്പം താമസിക്കുമെന്ന് ഉറപ്പുവരുത്താനാണത്. അങ്ങനെ മൂന്ന്, നാല്, അഞ്ച്... ഗ്രഹാം തന്റെ ഇരുപത് പരിപാടികളും സദസ്സിന് വിശദീകരിച്ചുകൊടുത്തു. ഇത് സാക്ഷാത്കരിച്ചേ എനിക്കിനി വിശ്രമമുള്ളൂ എന്ന് ഡോ. വില്യം ഗ്രഹാം നിറഞ്ഞ സദസ്സിന് മുന്നില്‍ ഒരു പ്രഖ്യാപനവും നടത്തി.

ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. 1979-ല്‍ മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. അവര്‍ പുതിയ മന്ത്രിസഭ രൂപവത്കരിച്ചു. തന്റെ ഉപദേശക സമിതിയില്‍ ഡോ. വില്യം ഗ്രഹാം വേണമെന്ന് അവര്‍ ആഗ്രഹിച്ചു. ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റികളുടെ പഠന നിലവാരം ഉയര്‍ത്താനും പുതിയ മേഖലകള്‍ വികസിപ്പിച്ചെടുക്കാനും ഡോ. വില്യം ഗ്രഹാമിനെ പോലെ പരിചയസമ്പന്നനായ ഒരു വ്യക്തിയുടെ സേവനം തനിക്ക് പിന്‍ബലമാവുമെന്ന് മാര്‍ഗരറ്റ് താച്ചര്‍ വിശ്വസിച്ചു. പക്ഷേ, ഡോ. വില്യം പ്രധാനമന്ത്രിയുടെ ഓഫര്‍ നന്ദിപൂര്‍വം നിരസിച്ചു മറുപടി കൊടുത്തു: ''എനിക്ക് എന്റേതായ ഇരുപതിന പരിപാടികളുണ്ട്. അത് പൂര്‍ത്തീകരിച്ചിട്ടേ ഉള്ളൂ ഇനിയെന്തും. അതിന് ധാരാളം സമയം വേണം. പ്രധാനമന്ത്രിയുടെ അഡ്‌വൈസറായി പ്രവര്‍ത്തിച്ചാല്‍ അതിന് നേരം കിട്ടില്ല. മറ്റുള്ളവരുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചുകൊടുക്കുകയല്ല എന്റെ ജോലി. എന്റെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ താങ്കളുടെ കീഴിലുള്ള ഉദ്യോഗം തടസ്സമാവും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഒരു കാര്യം ഞാന്‍ പറയാം. എന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചുതരാന്‍ താങ്കള്‍ തയാറാവുകയാണെങ്കില്‍ നിങ്ങള്‍ നിര്‍ദേശിച്ച ഉദ്യോഗം ഏറ്റെടുക്കുന്ന കാര്യം ഞാന്‍ പരിഗണിക്കാം.''

മാര്‍ഗരറ്റ് താച്ചര്‍: ''എന്തെല്ലാമാണ് നിങ്ങളുടെ ഇരുപതിന പരിപാടികള്‍? കേള്‍ക്കട്ടെ.''

ഡോ. വില്യം ഗ്രഹാം തന്റെ പരിപാടികള്‍ ഒന്നൊന്നായി പ്രധാനമന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. എല്ലാം സശ്രദ്ധം കേട്ടുകഴിഞ്ഞ മാര്‍ഗരറ്റ് താച്ചര്‍: ''താങ്കളുടെ ഇരുപതിന പരിപാടികളും ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു തരാന്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, ഒരു നിബന്ധന, താങ്കളുടെ മരണശേഷം വീടിന്റെ ഉടമസ്ഥത ബ്രിട്ടീഷ് ഗവണ്‍മെന്റിനായിരിക്കും.''

ഡോ. വില്യം ഗ്രഹാം ഈ നിബന്ധന അംഗീകരിച്ചു. ഉദ്യോഗം ഏറ്റെടുത്തു. ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റികളുടെ വിദ്യാഭ്യാസ നയരൂപവത്കരണ സമിതിയുടെ തലവനായി ചുതമലയേറ്റ അദ്ദേഹം വിദ്യാഭ്യാസ മേഖല അടിമുടി വാര്‍ക്കുകയും നവീകരണത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ചെയ്തു. അതോടൊപ്പം തന്റെ ഇരുപതിന പരിപാടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു ആ നിസ്തുല പ്രതിഭ. സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ് ഗോയില്‍ 12000 ച. മീറ്റര്‍ വിസ്തീര്‍ണമുള്ള വീട് സ്വന്തമാക്കിയ ഡോ. വില്യം ഗ്രഹാം നേരത്തേ തന്നെ കളിയാക്കി ചിരിച്ചവര്‍ക്ക് മാന്യമായ മറുപടി കൊടുത്ത് മധുരമായി പ്രതികാരം വീട്ടി.

മാര്‍ഗരറ്റ് താച്ചര്‍ക്കും പിഴച്ചില്ലെന്നു വേണം പറയാന്‍. പറ്റിയ വ്യക്തിയെ പറ്റിയ സ്ഥാനത്തേക്ക് കണ്ടെത്തുകയായിരുന്നു താച്ചര്‍. ഡോ. വില്യം ഗ്രഹാമിന്റെ പരിഷ്‌കരണ നടപടികള്‍ക്ക് മുമ്പ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ പഠന ചെലവ് വിദ്യാഭ്യാസ വകുപ്പായിരുന്നു വഹിച്ചിരുന്നത്. വില്യം ഗ്രഹാം ചുമതലയേറ്റതോടെ ചെലവിന്റെ നാലില്‍ മൂന്ന് ഭാഗം വിദ്യാര്‍ഥിയും ബാക്കി ഗവണ്‍മെന്റും എന്ന വ്യവസ്ഥവന്നു. തന്റെ ബുദ്ധിപൂര്‍വകമായ നടപടികളിലൂടെ ഡോ. വില്യം ഗ്രഹാം ബ്രിട്ടീഷ് ഖജനാവിന് നേടിക്കൊടുത്തത് ദശലക്ഷക്കണക്കിന് സ്റ്റര്‍ലിംഗ് പൗണ്ടാണ്.

1991-ല്‍ മാര്‍ഗരറ്റ് താച്ചറും മന്ത്രിസഭയും ഉപദേശകരുമെല്ലാം സ്ഥാനമൊഴിഞ്ഞതോടെ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും അധികാരമേറ്റു. സ്വാഭാവികമായും നമ്മുടെ കഥാപുരുഷന്‍ ഡോ. വില്യമിനും സ്ഥാനമൊഴിയേണ്ടതായി വന്നു. ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റികളുടെ റെക്ടര്‍മാറും ഡയറക്ടറുമടക്കമുള്ള വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് ഡോ. വില്യം ഗ്രഹാമിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന് 72 വയസ്സായിരുന്നു. മറുപടി പ്രസംഗത്തിനെഴുന്നേറ്റ ഡോ. വില്യം ഗ്രഹാം പന്ത്രണ്ട് വര്‍ഷം മുമ്പ് നടത്തിയതുപോലുള്ള ഒരു പ്രഖ്യാപനം വീണ്ടും നടത്തി. ''അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതായി ഇരുപത് പരിപാടികള്‍ എനിക്കുണ്ട്.'' സദസ്സില്‍ പലരും അതിശയപ്പെട്ടു, അമ്പരന്നു, ചിലര്‍ പരിഹാസത്തോടെ ആ മുഖത്തേക്ക് നോക്കി. അടക്കിപ്പിടിച്ച കമന്റുകളുമായി ചിലര്‍ പിറുപിറുത്തു. അവയൊന്നും കൂട്ടാക്കാതെ ഡോ. ഗ്രഹാം പ്രഖ്യാപിച്ചു: ''ലോകത്തെ ഒന്നാമത്തേതും ഏറ്റവും ശക്തവുമായ ഒരു കമ്യൂണിക്കേഷന്‍ സെന്ററിന് അടിത്തറ പാകുകയാണ് ഇനിയെന്റെ ഒന്നാമത്തെ ലക്ഷ്യം.'' രണ്ട് , മൂന്ന്, നാല്... അങ്ങനെ തന്റെ പരിപാടികള്‍ ഒന്നൊന്നായി അദ്ദേഹം അവതരിപ്പിച്ചു.

ഡോ. വില്യം ഗ്രഹാം തുടര്‍ന്നു പറഞ്ഞു: ''കുരുമുളകും സുഗന്ധവിളകളും കൈവശമുള്ള രാജ്യമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടില്‍ ലോകത്തെ പ്രബലര്‍. 1858-ല്‍ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തി ഇന്ത്യയിലെ കുരുമുളകിലാണ് കൈവെച്ചത്. കച്ചവടക്കാരായി വന്നവര്‍ രാജ്യത്തെ അടക്കി ഭരിക്കുകയും സൂര്യനസ്മതിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായിത്തീരുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ സ്ഥിതി മാറി. പെട്രോള്‍ കൈവശമുള്ളവര്‍ക്കായി ശക്തി, ഗള്‍ഫിലെ ഊര്‍ജ സ്രോതസ്സുകള്‍ കൈക്കലാക്കിയ അമേരിക്കയുടെ പിടിയിലാണ് ലോകം. എന്നാല്‍, ഇരുപത്തൊന്നാം നൂറ്റാണ്ട് അങ്ങനെയല്ല. കമ്യൂണിക്കേഷന്‍ മേഖല കൈയടക്കുന്നവര്‍ക്കാണ് ഈ നൂറ്റാണ്ടിലെ ശക്തി. അവരായിരിക്കും ലോകത്തെ പ്രബലര്‍. ബ്രിട്ടന് ലോക നേതൃത്വം കൈപ്പറ്റാന്‍ കമ്യൂണിക്കേഷന്‍ മേഖല കൈയടക്കേണ്ടതുണ്ട്.'' 1991-ല്‍ പ്രഖ്യാപനം നടത്തിയ ഡോ. വില്യം ഗ്രഹാമിനെ പലരും മറന്നു. പക്ഷേ, അദ്ദേഹം തന്റെ ലക്ഷ്യമോ പദ്ധതിയോ മറക്കാതെ അനവരതം പരിശ്രമങ്ങളിലേര്‍പ്പെട്ടുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഡോ. വില്യമിന് ഒരു ദ്വീപ് പതിച്ചുകൊടുത്തു. തന്റെ സ്വപ്ന സാമ്രാജ്യം സ്ഥാപിക്കാനുള്ള വഴി തുറന്നുകിട്ടിയ ഡോ. വില്യം ഗ്രഹാം ഏറ്റവും വലിയ കമ്യൂണിക്കേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം അവിടെ ആരംഭിച്ചു.

'അറുപതായി ഇനി എന്ത്?' എന്ന ചോദ്യത്തിന് ജീവിതത്തിലൂടെ മറുപടി നല്‍കിയ ഡോ. വില്യം ഗ്രഹാം, ജോലിയില്‍ നിന്ന് അടുത്തൂണ്‍ പറ്റി പിരിഞ്ഞവര്‍ക്കും വിശ്രമജീവിതത്തിന് കിടക്ക വിരിക്കുന്നവര്‍ക്കും നല്‍കുന്ന പാഠം അന്ത്യനിമിഷം വരെ കര്‍മനിരതരായി, സംഭവ ബഹുലമായി ജീവിക്കുക എന്നതാണ്. നിശ്ചലത മരണമാണ്, ചലനമാണ് ജീവിതം. 'വയസ്സായി ഇനിയെന്ത്' എന്ന ചിന്ത ആത്മഹത്യാപരമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /64-71
എ.വൈ.ആര്‍