കര്‍മശാസ്ത്ര വൈവിധ്യങ്ങളെ മാനിക്കാന്‍ കഴിയണം
നബി(സ) ഒരിക്കല്‍ സൂചിപ്പിച്ചു, ഉത്തമമായ തലമുറ എന്റെ തലമുറയാണ്. പിന്നെ അവര്‍ക്ക് ശേഷം വരുന്നവരും. പിന്നീട് അവര്‍ക്കും ശേഷം വരുന്നവരും. പ്രവാചക(സ)ന്റെ വാക്കുകളും വചനങ്ങളും അപ്പടി അനുസരിക്കുന്ന, എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് പ്രകടമാക്കാതെ ഒരുമിച്ചു മുന്നോട്ട് നീങ്ങിയ സമൂഹമായിരുന്നു സ്വഹാബികളടക്കമുള്ള ഖൈറുല്‍ ഖൂറൂന്‍. ഒരുദാഹരണം പറയാം. ബനൂഖുറൈദയെ നേരിടാന്‍ പ്രവാചകന്‍ സ്വഹാബികളെ അയച്ചു. അവിടെയെത്തിയിട്ടല്ലാതെ അസ്ര്‍ നമസ്‌കരിക്കരുതെന്നും പ്രവാചകന്‍ നിര്‍ദേശിച്ചു. എന്നാല്‍ ചിലര്‍ വഴിയില്‍വെച്ച് നമസ്‌കരിച്ചു. മറ്റു ചിലര്‍ അവിടെയെത്തിയതിന് ശേഷം നമസ്‌കരിച്ചു. പ്രവാചകന്‍ രണ്ടു കൂട്ടരുടെയും പ്രവൃത്തിയെ അംഗീകരിക്കുകയും ചെയ്തു. വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തിയും ആര്‍ക്കിടയിലും പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും ഇല്ലാതെയും ഇവിടെ സ്വഹാബികള്‍ മുന്നോട്ടു പോയത് തികച്ചും മാതൃകാപരമാണ്. മറ്റൊരു സംഭവം കൂടി സൂചിപ്പിക്കാം: അനസും(റ) അനുയായികളും ഹജ്ജ് പോയ സമയത്ത് മിനായില്‍ വെച്ച് ചിലര്‍ ചോദിച്ചു: നിങ്ങള്‍ എന്താണ് ഈ ദിവസങ്ങളില്‍ പറഞ്ഞത്? അനസ്(റ) പറഞ്ഞു: ഞങ്ങളില്‍ തക്ബീര്‍ ചൊല്ലിയവരുണ്ടായിരുന്നു. ആരും എതിര്‍ത്തില്ല. തഹ്‌ലീല്‍ ചൊല്ലുന്നവരുണ്ടായിരുന്നു. ആരും എതിര്‍ത്തില്ല. അഥവാ അവര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും അതില്‍ ആരെയും വിമര്‍ശിച്ചില്ല. സ്വഹാബികള്‍ക്ക് ശേഷമുള്ള കാലഘട്ടത്തിലും ഇത്തരം സഹകരണ മാതൃകകള്‍ കാണാം. ഇമാം അഹ്മദുബ്‌നു ഹന്‍ബലിന്റെ സമകാലീനായിരുന്ന ഇബ്‌നു അബീദിഅ്ബിന്റെ കാലത്ത് ഒരു മസ്അലയില്‍ ചര്‍ച്ച വന്നു. മസ്അലയില്‍ ഇമാമിന്റെ അഭിപ്രായം മാലിക് ഇമാമിന്റെ അഭിപ്രായത്തിന് എതിരായിരുന്നു. ഉടനെ അബീദിഅ്ബ് പറഞ്ഞു: ഇത് അദ്ദേഹം ശ്രദ്ധിക്കാതെ പോയതാണ്, മാലിക് ഇമാമിന്റെ അഭിപ്രായം ശരിയല്ല. ഉടനെ ഇബ്‌നു ഹമ്പല്‍(റ) പറഞ്ഞു: അരുത്, അങ്ങനെ പറയരുത്. ഇമാം ഒരിക്കലും ഈ ഹദീസിനെ തള്ളിക്കളഞ്ഞതല്ല. മറിച്ച് 'തഅവ്വല' ചെയ്തതാണ്, വ്യാഖ്യാനിച്ചതാണ്. പ്രശ്‌നം തീര്‍ന്നു. ഇങ്ങനെയാണ് ഇമാമുമാരുടെ രീതി.
നമുക്കിടയില്‍ ആകെ സംഭവിച്ചിരിക്കുന്നത് കുറ്റംപറച്ചിലും വിമര്‍ശനവുമാണ്. നമുക്ക് പ്രമാണങ്ങളാണ് ആവശ്യം. പ്രമാണങ്ങളില്‍ ഒന്നായാല്‍ നമ്മള്‍ വിജയിച്ചു. ''സത്യമാര്‍ഗത്തില്‍ ആദ്യം മുന്നോട്ടു വന്ന മുഹാജിറുകളിലും അന്‍സ്വാറുകളിലും സല്‍ക്കര്‍മങ്ങളിലൂടെ അവരെ പിന്തുടരുന്നവരിലും അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവര്‍ അവനിലും സംതൃപ്തരാണ്'' (തൗബ 100) എന്ന വചനത്തില്‍ അല്ലാഹു തൃപ്തിപ്പെട്ട മുന്‍ഗാമികളെ മാതൃകയാക്കി നാം അവരെ അനുധാവനം ചെയ്യണം. എല്ലാ പ്രമാണങ്ങളെയും കര്‍മശാസ്ത്ര മദ്ഹബുകളെയും അംഗീകരിക്കുന്ന മനസ്സ് നമുക്കുണ്ടാവണം. നമ്മള്‍ ഒന്നാകണം, നന്നാകണം. അതിന് പ്രമാണങ്ങള്‍ ഒന്നാകണം. ഇമാം ശാഫിഈ(റ) കൂഫയില്‍ വെച്ച് സ്വുബ്ഹിയില്‍ ഖൂനുത്ത് ചൊല്ലാതെ ഇമാം അബൂഹനീഫ(റ)യെ ബഹുമാനിച്ച് പ്രതിപക്ഷ ആദരവ് കാണിച്ചെങ്കില്‍ ആ മാതൃക നാം പിന്‍പറ്റണം. ഈ പ്രതിപക്ഷ ബഹുമാനം ഇല്ലെങ്കില്‍ നാം ഐക്യത്തെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. മുന്‍ഗാമികള്‍ നന്നായ മാര്‍ഗത്തിലൂടെയല്ലാതെ ഈ ഉമ്മത്ത് നന്നാവില്ലെന്ന (ലാ യസ്വ്‌ലുഹു ആഖിറു ഹാദിഹില്‍ ഉമ്മ ഇല്ലാ ബിമാ സ്വലുഹ ബിഹി അവ്വലുഹാ) ഇമാം മാലികി(റ)ന്റെ ഈ വചനം ഓര്‍ത്ത് പ്രവര്‍ത്തിക്കാന്‍ നാം തയാറാവണം.
അബുല്‍ ബുഷ്‌റ മൗലവി - ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി
('മുസ്‌ലിം ഉമ്മത്ത്: ദൗത്യം, ഐക്യം, ഭാവി' എന്ന തലക്കെട്ടില്‍ ആലുവ അസ്ഹറുല്‍ ഉലൂമില്‍ നടന്ന പണ്ഡിത സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണങ്ങളുടെ പ്രസക്ത ഭാഗം).
തയാറാക്കിയത്:എസ്. അബ്ദുല്‍ ജലീല്‍
[email protected]
Comments