ദീന്‍ പ്രസക്തമാവുന്ന പുതിയ കാലത്ത് <br>നമ്മളെവിടെ നില്‍ക്കുന്നു?
ഭൗതിക ജീവിതമാണ് ഏറ്റവും പ്രധാനം എന്നു തോന്നുന്ന വിധമാണ് ആളുകള്‍ ദീനിനെ ഇന്ന് അഡ്ജസ്റ്റ് ചെയ്യുന്നത്. ലോകത്ത് എന്തെല്ലാം പുതിയ മാറ്റങ്ങള്‍ സംഭവിച്ചാലും ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍ മാറ്റം വരാതെ ഇസ്‌ലാമിനെ ഉള്‍കൊണ്ട് ജീവിച്ചു പോകാന്‍ സാധിക്കണം. അല്ലെങ്കില്‍ ഇസ്‌ലാമിന് നിലനില്‍പുണ്ടാവില്ല. ഇസ്‌ലാമിന്റെ അടിസ്ഥാന നിയമങ്ങളായ ഖുര്‍ആനും സ്വഹീഹായ ഹദീസും കഴിഞ്ഞാല്‍ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പൊതു നന്മയുമായും (മസാലിഹ് മുര്‍സല) മനുഷ്യന് ഉപകാരപ്രദമായ കാര്യങ്ങളുമായും (ഇസ്തിഹ്‌സാന്‍) ഒരു പ്രദേശത്തെ സമ്പ്രദായങ്ങളുമായും (ഉര്‍ഫ്) ബന്ധിപ്പിച്ചുവേണം കൊണ്ടുപോകാന്‍ എന്നതാണ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്.
ഇത് പറയാനുള്ള കാരണമുണ്ട്. കാലം മാറി വരുമ്പോഴും പുതിയ അനുഭവങ്ങളുണ്ടാവുമ്പോഴും ഇസ്‌ലാമിനെതിരെ വിമര്‍ശനങ്ങളുണ്ടാവുമ്പോഴുമെല്ലാം മുസ്‌ലിംകളിലെ പല ആളുകളും ആ പക്ഷത്തേക്ക് ചാഞ്ഞ് നിന്നുകൊണ്ട് ഇസ്‌ലാമിന്റെ കാര്യങ്ങളെ വിമര്‍ശിക്കുന്ന ഒരു ശൈലി രൂപപ്പെട്ട് വരും. അത്യാവശ്യം ഭൗതിക വിജ്ഞാനം നേടുകയും പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുകയുമൊക്കെ ചെയ്ത ആളുകള്‍ പലപ്പോഴും ഇസ്‌ലാമിനെ വിമര്‍ശിക്കുമ്പോള്‍ മുസ്‌ലിംവിരുദ്ധ ചേരികള്‍ക്ക് സഹായകമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകമനുഭവിച്ച വലിയൊരു പ്രശ്‌നമതായിരുന്നു.
ഓറിയന്റലിസ്റ്റുകള്‍ എന്ന പേരില്‍ ഒരു വിഭാഗം രംഗത്ത് വന്നു. ഇസ്‌ലാമിനെ പഠിക്കുകയും മനസ്സിലാക്കുകയും ഗ്രന്ഥം രചിക്കുകയും ചെയ്യുന്ന പാശ്ചാത്യരാണവര്‍. അതിനവര്‍ ഗവേഷണ സ്ഥാപനങ്ങളുണ്ടാക്കുകയും ആളുകളെ നിശ്ചയിക്കുകയും ചെയ്തു. ഒരായുഷ്‌കാലം മുഴുവന്‍ മുസ്‌ലിം ലോകങ്ങളില്‍ യാത്ര ചെയ്ത് ഇസ്‌ലാമിനെക്കുറിച്ച് വലിയ ഗ്രന്ഥങ്ങള്‍ വരെ അവര്‍ എഴുതി. ആയിരം പേജെഴുതിയതില്‍ ചിലപ്പോള്‍ ഒരു വരി മാത്രമായിരിക്കും അവര്‍ ഇസ്‌ലാമിനെതിരെ ഉപയോഗിച്ചത്. പില്‍ക്കാലത്ത് അത് റഫറന്‍സായി വന്നു. അങ്ങനെ ഒരുപാട് ഒരുപാട് വിമര്‍ശനങ്ങള്‍ മുസ്‌ലിം ലോകത്തുണ്ടായി. മുസ്‌ലിം പണ്ഡിതന്മാര്‍ അത്തരം കാര്യങ്ങള്‍ വേണ്ടപോലെ ശ്രദ്ധിക്കാതിരുന്നത് കൊണ്ടും കോളനി വ്യവസ്ഥയുടെ കീഴില്‍ ഒരുപാട് കാലം ജീവിച്ചതു കൊണ്ടും ഇസ്‌ലാമികമായ വൈജ്ഞാനിക ഗവേഷണങ്ങള്‍ നിലച്ചു പോയതുകൊണ്ടും മുസ്‌ലിം ലോകം പകച്ചുപോയ ഒരു കാലമുണ്ടായിരുന്നു.
ഇസ്‌ലാമില്‍ ബഹുഭാര്യത്വമില്ലേ, ഇസ്‌ലാമില്‍ ത്വലാഖ് ഇല്ലേ, ഇസ്‌ലാമില്‍ ജിഹാദില്ലേ, മുസ്‌ലിം ലോകത്ത് അടിമത്തമില്ലേ, നബി(സ) അങ്ങനെ ചെയ്തില്ലേ, ഇങ്ങനെ ചെയ്തില്ലേ എന്നു പറഞ്ഞ് ആക്ഷേപിക്കാറുണ്ടായിരുന്നു. ഈ ആക്ഷേപങ്ങള്‍ക്കൊക്കെ വളരെ കൃത്യമായ മറുപടിയുണ്ട്. ഈയിടെ വാര്‍ത്താമാധ്യമങ്ങളില്‍ ഒരു നിയമത്തെ കുറിച്ച് വന്നിരുന്നു. കേന്ദ്ര നിയമമന്ത്രാലയവുമായി ബന്ധപ്പെട്ടതാണ് ആ ഓര്‍ഡിനന്‍സ്. 1956-ലെ ഹിന്ദു വിവാഹ ആക്ടില്‍ വിവാഹമോചനത്തിനുള്ള വഴികളില്ലായിരുന്നു. ക്രിസ്ത്യാനികള്‍ക്കും അവരുടെ നിയമത്തില്‍ അങ്ങനെയൊന്ന് ഇല്ലായിരുന്നു. ഒരിക്കലും ഒന്നിച്ചു ജിവിക്കാന്‍ സാധ്യമാവാത്ത സാഹചര്യം ദമ്പതികള്‍ക്കിടയില്‍ ഉണ്ടായാല്‍ അവരെ വേര്‍പിരിക്കണമെന്ന നിയമം വരാന്‍പോവുകയാണ്. ഇത് തന്നേ ഇസ്‌ലാമിലെ ത്വലാഖിലും ഉള്ളൂ. ത്വലാഖ് ത്വലാഖ് ത്വലാഖ് എന്നു മൂന്നും ചൊല്ലി പറഞ്ഞയക്കണം എന്ന് ഇസ്‌ലാമില്‍ ഇല്ല. ഒരിക്കലും ഒരുമിച്ച് പോകാന്‍ പറ്റാത്ത ജീവിത സാഹചര്യങ്ങളുണ്ടാവുമ്പോള്‍ ഇരുവിഭാഗത്തിലെയും കൈകാര്യകര്‍ത്താക്കള്‍ ബന്ധപ്പെട്ട് സംസാരിച്ച് തീരാതിരിക്കുകയും, കിടപ്പറ ബഹിഷ്‌കരണം അടക്കമുള്ള പലഘട്ടങ്ങളും കഴിഞ്ഞ് രണ്ട് വഴി ആവശ്യമാണെന്ന് തോന്നുകയും ചെയ്യുന്ന സമയത്താണ് ഇസ്‌ലാമിലെ ത്വലാഖ്. അല്ലെങ്കില്‍ പിന്നെ അവിടെ നടക്കുന്നത് പല അത്യാഹിതങ്ങളും മരണങ്ങളുമായിരിക്കും. അതല്ല വേണ്ടത്, രണ്ടു വഴി തെരഞ്ഞെടുക്കാം എന്നിടത്തേക്ക് വരുന്നു. അവിടേക്കാണ് ഇപ്പോള്‍ കോടതി വരുന്നത്.
ഈയിടെ ഒരു പ്രമുഖ വാരിക വൃദ്ധന്മാരെ സംരക്ഷിക്കേണ്ടതുമായി ബന്ധപ്പെട്ട് ഒരു സ്‌പെഷ്യല്‍ പതിപ്പ് പുറത്തിറക്കുകയുണ്ടായി. അതില്‍ വൃദ്ധ പരിപാലനം, ചികിത്സ മുതലായവയുമായി ബന്ധപ്പെട്ട് അക്കമിട്ട് ചില ടിപ്‌സ് കൊടുത്തിട്ടുണ്ട്. അതില്‍ പറയുന്ന ഒരു കാര്യം, പ്രായമായ ആളുകള്‍ക്ക് സ്‌നേഹവും ബഹുമാനവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക എന്നതാണ്. പ്രായമായ ആളുകളെ ഒരിക്കലും വീട്ടില്‍ ഒറ്റക്കാക്കുന്ന അനുഭവം ഉണ്ടാവരുത്. അവരുടെ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ അവരോടുകൂടി ചോദിക്കണം, എന്ത് കഴിക്കണം, എന്ത് വസ്ത്രം വേണം എന്നൊക്കെ. അപ്പോഴാണ് അവര്‍ക്ക് പരിഗണന ലഭിക്കുന്നത്. മാതാവോ പിതാവോ മക്കള്‍ക്ക് ഒരു ശല്യമായി മാറുന്നു എന്ന തോന്നലവര്‍ക്കുണ്ടാവരുത്. അതിനും ഇപ്പോള്‍ മന്ത്രിസഭ നിയമമുണ്ടാക്കുകയാണ്. എന്നിട്ട് ഇങ്ങനെ നോക്കാത്ത മക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ്. ഖുര്‍ആന്‍ പറഞ്ഞില്ലേ, ''മാതാപിതാക്കളെ താഴ്മയുടെ, സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ ചിറകു വിടര്‍ത്തി അതില്‍ സംരക്ഷിക്കണം. അവര്‍ക്ക് വെറുപ്പുള്ള വാക്ക് പറയരുത്. അവരോട് നല്ല വാക്ക് പറയണം. മാതാപിതാക്കളില്‍ ഒരാളോ രണ്ടാളോ പ്രായമായി കഴിഞ്ഞാല്‍ അവരെ ആട്ടിയകറ്റരുത്'' (ഖുര്‍ആന്‍ 17: 23,24). ഇതില്‍ പെട്ടു എല്ലാം. അതൊരു ആക്റ്റും റൂളുമായി ക്രമീകരിക്കുന്നുവെന്നേ ഉള്ളൂ. ഇസ്‌ലാമിക നിയമങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് പഴഞ്ചനായി മുദ്രകുത്തുന്നു, എന്നിട്ട് അതിന് പുതിയ ഭാഷ നല്‍കുമ്പോള്‍ അത് മഹത്തരമാവുകയും ചെയ്യുന്നു!
ഒരാള്‍ ഫോര്‍വേഡ് ചെയ്ത മെസേജ് എനിക്ക് വന്നു. ഒരു അമ്മ വളരെ കഷ്ടപ്പെട്ട് മകനെ വളര്‍ത്തി. അഛന്‍ മരിച്ചു പോയതാണ്. മകനെ ഉറക്കമൊഴിച്ച് പോറ്റി വളര്‍ത്തി, ചികിത്സിച്ചു, ഭക്ഷണം കൊടുത്തു. അങ്ങനെ മകന്‍ വലുതായി ജോലികിട്ടി. മകന്‍ വിവാഹം ചെയ്തു. അമ്മയില്‍ നിന്ന് അകന്നു ജീവിക്കേണ്ട സാഹചര്യം ഉണ്ടായി. ഈ അമ്മയെ നോക്കാനാരുമില്ല. അപ്പോള്‍ വൃദ്ധന്മാരെ സംരക്ഷിക്കുന്ന ഒരു സ്ഥലത്ത് നിര്‍ബന്ധിതമായി കൊണ്ടു ചെന്നാക്കി. അങ്ങനെ അമ്മക്ക് വേണ്ടി എല്ലാം ചെയ്തു കൊടുത്തു. അങ്ങനെ അമ്മ അത്യാസന്ന നിലയിലാണെന്ന് അറിയിച്ചപ്പോള്‍ മകന്‍ വന്നു. അമ്മക്ക് മകനോട് വളരെ സ്‌നേഹമാണ്. മകന് വിഷമമുണ്ടാവുന്നതില്‍ അങ്ങേ അറ്റത്തെ പ്രയാസമാണ്. മകന്‍ അമ്മയോട് ചോദിച്ചു: 'അമ്മേ, ഈ മോന്‍ ചെയ്തു തരേണ്ടതായി എന്തെങ്കിലും ആഗ്രഹമുണ്ടോ?' അപ്പോള്‍ അമ്മ പറഞ്ഞു: 'അമ്മക്ക് ഇനി യാതൊന്നും ആവശ്യമില്ല. ഞാനിവിടുന്നു പോയാല്‍ ഈ വൃദ്ധസദനത്തിന് ഒരു ഫേനും ഫ്രിഡ്ജും പുന്നാരമോന്‍ വാങ്ങിക്കൊടുക്കണം.' 'അമ്മ മരിച്ചതിന് ശേഷം ഇവിടെ എന്തിനാ അത് ചെയ്യുന്നത്?' അപ്പോള്‍ സ്‌നേഹമുള്ള അമ്മ മകനോട് പറഞ്ഞു: 'ഞാന്‍ വളര്‍ന്ന സാഹചര്യം ചൂടും പൊടിയും പട്ടിണിയും കഷ്ടപ്പാടുമൊക്കെ നിറഞ്ഞതാണ്. എനിക്കിവിടെ ജീവിക്കാന്‍ പ്രയാസമില്ല. പക്ഷേ എന്റെ മോന് വയസ്സായി മക്കളിവിടെ കൊണ്ടാക്കുമ്പോള്‍ ഈ ചൂട് കൊള്ളാന്‍ മോന് കഴിയില്ല. മോന് തണുത്ത വെള്ളം കിട്ടില്ല.' അപ്പോഴും അമ്മക്ക് മകനോടുള്ള സ്‌നേഹവാത്സല്യം കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇത് രണ്ട് തലമുറകള്‍ക്കിടയിലുണ്ടാവുന്ന ഒരു അനുഭവസത്യത്തിന്റെ പ്രതീകമായി നാം കാണുക.
ആലോചിച്ചു നോക്കൂ, നമ്മള്‍ ജനിച്ചപ്പോള്‍ നമുക്ക് ഒന്നും അറിയില്ല. അമ്മ പഠിപ്പിച്ചു തന്നതാ. നമ്മള്‍ വളര്‍ന്നു വന്നപ്പോള്‍ നമുക്ക് സംസാരിക്കാനറിയില്ല. ഉമ്മ പഠിപ്പിച്ചു തന്നതാ. നാം വളര്‍ന്നു വലുതാവുന്ന ഓരോ ഘട്ടത്തിലും ഉമ്മ പറഞ്ഞു തന്നു. പതിനായിരത്തോളം വാക്കുകള്‍ ഒരു മൂന്ന് കൊല്ലം കൊണ്ട് ഉമ്മയില്‍ നിന്ന് പഠിക്കും. വലുതായിക്കഴിഞ്ഞാല്‍ നമ്മള്‍ പറയും: 'ഈ അമ്മക്ക് യാതൊരു വിവരവുമില്ല. ഈ അമ്മക്ക് ഒരു അന്തവുമില്ല.' ''ഒന്നുമറിയാത്ത നിലയില്‍ നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിന്ന് നിങ്ങളെ പുറത്ത് കൊണ്ടുവന്നു. നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ബുദ്ധിയും പ്രദാനം ചെയ്തു. വളരെ കുറച്ച് ആളുകളേ നന്ദി കാണിക്കുന്നുള്ളൂ'' (ഖുര്‍ആന്‍ 16:78).
ദീനിന്റെ അടിസ്ഥാനങ്ങള്‍ ശരീഅത്താണ്. അത് എത്ര കഴിഞ്ഞാലും ഉയര്‍ന്നുനില്‍ക്കും. ''അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ അല്ലാഹു തന്റെ പ്രകാശത്തെ പൂര്‍ത്തിയാക്കുകതന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അത് വെറുപ്പാണെങ്കില്‍ പോലും'' (ഖുര്‍ആന്‍ 9:32). ഇന്നല്ലെങ്കില്‍ നാളെ ഈ പ്രകാശത്തിന്റെ മഹത്വം ആളുകള്‍ക്ക് മനസ്സിലാവും. ആ ഒരു മഹത്വമുള്ളതാണ് ഇതെന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ നമുക്കിതുമായി ജീവിക്കാന്‍ കഴിയും. ഇതേറ്റെടുത്ത് നടത്താന്‍ കഴിയും.
അല്ലാഹുവിന്റെ ഒരു ചോദ്യമുണ്ട്. ''നിങ്ങള്‍ അല്ലാഹുവിനെ നിങ്ങളുടെ ദീന്‍ പഠിപ്പിക്കുകയാണോ? ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയും. അല്ലാഹു സകല കാര്യങ്ങളും നന്നായി അറിയുന്നവനാണ്'' (ഖുര്‍ആന്‍ 49:16). ദീന്‍ എങ്ങനെ വേണമെന്ന് നമ്മള്‍ പറഞ്ഞു കൊടുക്കേണ്ട. അത് അല്ലാഹു പറഞ്ഞതാണ്. അത് നബി (സ) കാണിച്ചു തന്നതാണ്. പലരും പറയാറുണ്ട്, 'എന്റെ അഭിപ്രായത്തില്‍ ഇങ്ങനെയാ വേണ്ടതെ'ന്ന്. ഒരു കാര്യത്തില്‍ പ്രമാണങ്ങള്‍ സ്ഥിരീകരിക്കാനായി പഠിക്കാം. എന്നാല്‍ ഒരു കാര്യത്തില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും നിയമമായി ബോധ്യപ്പെട്ടാല്‍ പിന്നെ അതാണ് ദീന്‍. ദീനിയായി നടക്കുന്ന ആളുകള്‍ക്ക് ഒരു തോന്നലുണ്ട്. ഇങ്ങനെ കുറച്ചാളുകള്‍ നബി (സ)യോടും പറഞ്ഞിരുന്നു: ''അവര്‍ ഇസ്‌ലാം സ്വീകരിച്ചു എന്നത് അവരൊരു ഔദാര്യമായി എടുത്തു പറയുന്നു. പറഞ്ഞു കൊടുക്കുക. നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നത് ഒരു ഔദാര്യമായി എന്നോട് പറയേണ്ട. നിങ്ങളെ ഈമാനിലേക്ക് വഴികാണിക്കുക വഴി അല്ലാഹു നിങ്ങള്‍ക്ക് വലിയ ഔദാര്യമാണ് ചെയ്തത്. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ആ നിലപാടാണ് നിങ്ങള്‍ സ്വീകരിക്കേണ്ടത്'' (ഖുര്‍ആന്‍ 49:87).
ഇസ്‌ലാമിന്റെ ബാഹ്യമായ ചിഹ്നങ്ങളാണ് പലപ്പോഴും വിമര്‍ശനത്തിന് വിധേയമാകാറുള്ളത്. പുരുഷന്റെ താടിയും സ്ത്രീയുടെ വസ്ത്രധാരണവും ഭീകരതയുടെയും അടിച്ചമര്‍ത്തലിന്റെയും പ്രതീകമായി ചിത്രീകരിക്കുന്നവര്‍ ഇതേ വേഷവിധാനങ്ങള്‍ സ്വീകരിക്കുന്ന ഇതരെ വിഭാഗങ്ങളെ ഈ ഗണത്തില്‍ പെടുത്താറില്ല. ലോകത്ത് ഏറ്റവുമധികമാളുകള്‍ ദുരിതം എല്‍ക്കേണ്ടിവന്ന ഭീകരതകളുടെയൊന്നും പിന്നില്‍ ഇന്നും ഇന്നലെയും മുസ്‌ലിംകളായിരുന്നില്ല എന്നതാണ് വസ്തുത. ലോകയുദ്ധങ്ങള്‍ മുതല്‍ ഏത് യുദ്ധ-കൂട്ടക്കൊലകള്‍ എടുത്തുനോക്കിയാലും ഇത് കാണാം.
സ്ത്രീകള്‍ക്കായി പ്രത്യേക നിയമങ്ങള്‍ കൊണ്ടു വരികയാണ് ഇന്ന്. രാത്രിയില്‍ സ്ത്രീകള്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ ഏത് സ്റ്റോപ്പിലും ഏത് ബസ്സും നിര്‍ത്തിക്കൊള്ളണമെന്നാണ് ഇന്നത്തെ വാര്‍ത്ത. നമ്മള്‍ പറഞ്ഞ് വരുന്ന സ്ത്രീ-പുരുഷസമത്വം എവിടെ പോയി? സ്ത്രീയെ നമ്മള്‍ ശ്രദ്ധിക്കണം, അവരെ സഹായിക്കണം. കാരണം അത് പ്രകൃതിപരമായ തേട്ടമാണ്. എത്ര പറഞ്ഞാലും സ്ത്രീ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ പുരുഷനും, പുരുഷന്‍ ചെയ്യുന്ന കാര്യങ്ങളും സേവനങ്ങളും ചെയ്തു തീര്‍ക്കാന്‍ സ്ത്രീക്കും കഴിയില്ല. സ്ത്രീ ശരീരശാസ്ത്രപരമായും മാനസികമായും ഒക്കെ സ്ത്രീയാണ്. പുരുഷന്‍ പുരുഷനുമാണ്. നബി (സ) അവസാനം പറഞ്ഞ വാചകങ്ങളില്‍ പോലും സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞില്ലേ. അന്ന് സ്ത്രീകളുടെ കാര്യം പറഞ്ഞത് കൊണ്ട് അവരെ രണ്ടാം കിടക്കാരാക്കി എന്ന് പറഞ്ഞവര്‍ ഇന്ന സ്ത്രീകള്‍ക്കായി പ്രത്യേകം നിയമം ആവിഷ്‌കരിക്കുന്നു. ആ ഖുര്‍ആനിനൊരു മധുരമുണ്ട്. അതിനൊരു ആസ്വാദ്യതയുണ്ട്. അതിന്റെ മുകളില്‍ മറ്റൊന്നും ഉയര്‍ന്നുനില്‍ക്കില്ല.
ദീനിനെ പറ്റിയുള്ള നമ്മുടെ സമീപനമെന്താണ്? റസൂലിനെ കുറിച്ച് ഖുര്‍ആനില്‍ പറയുന്നു: ''നിങ്ങള്‍ക്കിതാ ഒരു നബി വന്നിരിക്കുന്നു. നിങ്ങള്‍ക്ക് വല്ല വിഷമവുമുണ്ടാകുമോ എന്നത് അദ്ദേഹത്തെ വേദനിപ്പിക്കുന്നു. അതു പോലെ നിങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റത്തെ താല്‍പര്യമുള്ളവനുമാണ് അദ്ദേഹം'' (ഖുര്‍ആന്‍ 9:128). നിങ്ങളെ സ്‌നേഹിക്കുന്ന ആ റസൂലിനെ നിങ്ങള്‍ എങ്ങനെ കാണുന്നുവെന്നതാണ്. നിങ്ങളുടെ വിജയത്തിന് വേണ്ടി നിങ്ങളിലേക്കയക്കപ്പെട്ട പ്രവാചകന്‍. ആ ദീനനുസരിച്ച് ജീവിക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാവുന്നത് തികച്ചും അഭിമാന ബോധമാണ്. ഇസ്‌ലാമിനെ കുറിച്ചുള്ള അഭിമാനബോധം ഉള്ളിലില്ലാത്തവര്‍ക്ക് ഈ കാലത്ത് ഇത് കൊണ്ടുനടക്കാന്‍ കഴിയില്ല. കാരണം എതിര്‍പ്പുകളും പരിഹാസങ്ങളുമാണ് ചുറ്റും. അല്ലെങ്കില്‍ സമുദായത്തില്‍ തന്നെയുള്ളവര്‍ വിമര്‍ശകരുടെ പക്ഷത്ത് ചേരുകയും ഇസ്‌ലാമിനെ ആധുനികമായി പരിഷ്‌കരിക്കുകയും അവസാനം അടിത്തറ നഷ്ടപ്പെട്ട ആളുകളായി മാറുകയും ചെയ്യും. അങ്ങനെ വരാതിരിക്കാന്‍ അല്ലാഹുവും റസൂലും പഠിപ്പിച്ച ദീനിനെ ഉള്‍ക്കൊള്ളാനുള്ള ഈമാന്‍ നമ്മള്‍ വര്‍ധിപ്പിക്കണം. അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.
(2014 നവംബര്‍ 21-ന് കോഴിക്കോട് മുഹ്‌യുദ്ദീന്‍ പള്ളിയില്‍ നടത്തിയ ഖുത്വ്ബ)തയാറാക്കിയത്:
അബൂസാഹിര്‍
Comments