ഉടനെ ദേഷ്യം പിടിക്കുന്ന കുട്ടികളോട് <br>യുക്തിയോടെ ഇടപെടണം
പെട്ടെന്നുണ്ടായ ഏതോ കാരണത്തിന് കോപം വന്നപ്പോള്‍ മുന്നില്‍ കണ്ട ടി.വി എടുത്തെറിയാനൊരുങ്ങിയ ഒരു കൗമാരക്കാരനെ ഓര്‍ത്തു പോവുകയാണ്. അവന്റെ ഉമ്മയുടെ നിലവിളി കേട്ടാണ് യാദൃഛികമായി സമീപത്തുണ്ടായിരുന്ന ഞാന്‍ അവിടെ ഓടിയെത്തിയത്. നല്ല ആരോഗ്യവും തടിമിടുക്കുമുണ്ടായിരുന്നു അവന്. ടി.വി തലക്കു മുകളില്‍ രണ്ടു കൈകളിലുമായി ഉയര്‍ത്തിപ്പിടിച്ച് എറിയാനൊരുങ്ങിയാണ് അവന്റെ നില്‍പ്പ്. ഞാനവനോട് ടി.വി മേശപ്പുറത്തു തന്നെ വെക്കാന്‍ ഉപദേശിച്ചു നോക്കി. അവന്റെ ഉമ്മയുടെ നിലവിളിയോ എന്റെ ഉപദേശമോ അപ്പോളവന് കേള്‍ക്കാന്‍ കഴിയാത്തതു പോലെ തോന്നി. കോപം അവന്റെ കണ്ണുകളുടെ കാഴ്ചയും കാതിന്റെ കേള്‍വിയും എടുത്തു കളഞ്ഞതു പോലെ! അവന്റെ ഉമ്മയോടും ചുറ്റുമുള്ളവരോടും ശബ്ദമുണ്ടാക്കാതിരിക്കാന്‍ ഞാന്‍ ആംഗ്യഭാഷയിലൂടെ ആവശ്യപ്പെട്ടു. പെട്ടെന്ന് വീണുകിട്ടിയ കനത്ത നിശ്ശബ്ദതക്ക് ഭംഗം വരുത്തിക്കൊണ്ട് അട്ടഹസിക്കുന്ന ശബ്ദത്തില്‍ ഞാനവനോട് അവന്റെ പേര് വിളിച്ചുകൊണ്ട് ടി.വി താഴെ വെക്കാന്‍ ആവശ്യപ്പെട്ടു. നിശ്ശബ്ദതക്കുശേഷമുളള കനത്ത ശബ്ദം അവന്റെ ബോധമുണര്‍ത്തി. അവന്‍ എന്നെയും ചുറ്റുമുള്ളവരെയും അല്‍പസമയം ഇമവെട്ടാതെ നോക്കിനിന്നു; ഒരുതരം കുത്തിത്തറക്കുന്ന നോട്ടം. പിന്നെ അവന്‍ ടി.വി മേശപ്പുറത്ത് തിരികെ വെച്ചു.
വര്‍ഷങ്ങളുടെ പരിശ്രമവും അനുഭവങ്ങളും ഒക്കെ ഉണ്ടായിട്ടും നാം മുതിര്‍ന്നവര്‍ക്കു പോലും കോപം നിയന്ത്രിക്കാന്‍ പലപ്പോഴും നല്ല ബുദ്ധിമുട്ടാണ്. അപ്പോള്‍ കുട്ടികള്‍ക്കത് കൂടുതല്‍ ശ്രമകരമാവുമെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അവര്‍ അവരുടെ വിചാര വികാരങ്ങളെ മനസ്സിലാക്കാനും നിയന്ത്രിക്കാനും പഠിച്ചുവരുന്നതേയുളളൂ. അതിനാല്‍ ചെറിയ കാര്യങ്ങള്‍ക്കു പോലും അവര്‍ മറ്റുള്ളവരോട് കോപം പ്രകടിപ്പിച്ചെന്നു വരും. കോപം വരുമ്പോള്‍ നിയന്ത്രിച്ചു നിര്‍ത്തി ഒതുക്കത്തോടെ പ്രവര്‍ത്തിക്കാനുള്ള പരിശീലനം നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കേണ്ട ഒന്നാണ്. എപ്പോള്‍ എന്തു കാരണങ്ങള്‍ക്കാണ് കോപമുണ്ടാകുന്നതെന്ന് തിരിച്ചറിയാനും മനസ്സിലാക്കാനും മക്കളെ സഹായിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കുണ്ട്. അങ്ങനെ ചെയ്യുന്നത് കോപം വരുമ്പോള്‍ നിയന്ത്രിക്കാനും അനുചിതമായി പ്രവര്‍ത്തിക്കാതിരിക്കാനും അവരെ സ്വയം പ്രാപ്തരാക്കും.
കുരുന്നു മനസ്സുകള്‍ക്ക് വെല്ലുവിളികളായും പ്രയാസപൂര്‍ണമായും അനുഭവപ്പെടുന്ന അനേകം കാര്യങ്ങള്‍ നിത്യേന അവരുടെ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. കൂട്ടുകാര്‍ കളിയാക്കുമ്പോള്‍, പിണങ്ങുമ്പോള്‍, ക്ഷമ തീരെ കുറഞ്ഞ അധ്യാപകര്‍ നിസ്സാര കാര്യത്തിന് വഴക്കു പറയുമ്പോള്‍, പ്രയാസമുള്ള വിഷയങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുമ്പോള്‍, രക്ഷിതാക്കള്‍ ഏതെങ്കിലും കാര്യത്തിന് സമ്മതം നല്‍കാതെ വരുമ്പോള്‍, അല്ലെങ്കില്‍ അവരാവശ്യപ്പെട്ടത് വാങ്ങിക്കൊടുക്കാതെ വരുമ്പോള്‍ ഒക്കെ അവര്‍ ഇത്തരം വികാരങ്ങളിലൂടെ കടന്നു പോവുകയും കോപത്തിന് വിധേയരാവുകയും ചെയ്തു എന്നു വരാം.
കോപത്തെ നിയന്ത്രിക്കാനും സന്തുലിതമായി നിലകൊള്ളാനും കുട്ടികളെ സഹായിക്കുന്ന ചില വഴികളാണ് ഇവിടെ കൊടുക്കുന്നത്. ഒരാളില്‍ ഗുണകരമാകുന്നത് മറ്റൊരു കുട്ടിയില്‍ പ്രയോജനപ്പെടണമെന്നില്ല. സാഹചര്യത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് രക്ഷിതാക്കള്‍ ആവശ്യമായത് യുക്തിപൂര്‍വം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.
1. സാധ്യത കുറക്കുക: ഒരു രക്ഷിതാവെന്ന നിലക്ക് നിങ്ങളുടെ കുട്ടി എപ്പോഴാണ് കോപം വന്ന് അനിയന്ത്രിതാവസ്ഥയില്‍ എത്തുക എന്ന് നിങ്ങള്‍ക്ക് തന്നെയാണ് നന്നായറിയുക. കോപം വരാനുള്ള ആ സാധ്യത കുറക്കുന്ന നടപടി രക്ഷിതാക്കള്‍ സ്വീകരിക്കണം. ഉദാഹരണത്തിന്, സഹോദരങ്ങളുമൊത്ത് കളിക്കുമ്പോഴാണ് അതിന് സാധ്യതയെങ്കില്‍, മുതിര്‍ന്നവരുടെ സാന്നിധ്യം ഉണ്ടാകുംവരെ കളി നീട്ടിവെക്കാന്‍ ആവശ്യപ്പെടുക. മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ കളിക്കുമ്പോള്‍ മുതിര്‍ന്നവര്‍ അവരെ വീക്ഷിക്കണം. കോപത്തിന് കാരണമാകുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ ഇടപ്പെട്ട് അതു ലഘൂകരിക്കുകയും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം. ഇത് ക്രമേണ, സാഹചര്യം അനുകൂലമല്ലെങ്കിലും കോപം വരാതിരിക്കാനും കോപം വന്നാല്‍ തന്നെ ആരോഗ്യകരമായി നിയന്ത്രിക്കാനും കുട്ടികളെ പ്രാപ്തരാക്കും.
2. ബുദ്ധിപരമായ നിയന്ത്രണം: കുട്ടികള്‍ സുരക്ഷിതരും സന്തോഷമുള്ളവരുമായിരിക്കാന്‍ അവരുടെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നവരാണ് രക്ഷിതാക്കള്‍. കുട്ടികളുടെ അമിത കോപാവസ്ഥയില്‍ അതു ലഘൂകരിക്കാനുളള ബുദ്ധിപരമായ ഇടപെടലും രക്ഷിതാക്കള്‍ നടത്തണം. എന്തു ചെയ്താലാണ് അമിത കോപത്തില്‍ നിന്ന് തങ്ങളുടെ കുട്ടികളെ മുക്തരാക്കാന്‍ സാധിക്കുക എന്ന് രക്ഷിതാക്കള്‍ അനുഭവത്തില്‍ നിന്ന് പഠിച്ചിട്ടുണ്ടാകും. ചിലപ്പോള്‍, അവരോടൊപ്പം ഒരിടത്തിരുന്ന് സ്‌നേഹപൂര്‍വം തലോടിയാല്‍, മുറ്റത്തും തൊടിയിലുമൊക്കെ ചേര്‍ത്തുപിടിച്ചു നടന്നാല്‍, സംഗീതം കേട്ടാല്‍, അങ്ങനെ പലവഴികള്‍. കുട്ടികളോടു തന്നെയും ചോദിക്കാം, കോപം വരുമ്പോള്‍ അത് അധികരിക്കാതിരിക്കാനും നിയന്ത്രണവിധേയമാക്കാനും തങ്ങള്‍ എങ്ങനെ പെരുമാറുന്നതായിരിക്കും നല്ലത് എന്ന്. അമിത കോപാവസ്ഥ ഉണ്ടായതിനു ശേഷം അതില്‍നിന്ന് മുക്തമായി, മനസ്സ് വേദനിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ സ്‌നേഹപൂര്‍വം കുട്ടികളോട് ഇത് ചോദിച്ചു മനസ്സിലാക്കുകയും പിന്നീട് അത്തരമൊരവസ്ഥ ഉണ്ടാവുകയാണെങ്കില്‍ അപ്രകാരം ഇടപെട്ടു നോക്കുകയും ചെയ്യുക.
3. കോപ സന്ദര്‍ഭങ്ങളിലെ ചിന്തകളെ തിരിച്ചറിയുക: കോപമുണ്ടാകുന്ന സമയത്ത് എന്താണ് സംഭവിക്കുന്നതെന്നും കടുത്ത പ്രതികരണങ്ങളിലേക്ക് നയിക്കുന്ന ചിന്തകളെന്താണെന്നും മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. കോപത്തെ എങ്ങനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കാതിരുന്നാല്‍ കുട്ടികളില്‍നിന്ന് അസ്വീകാര്യമായ പെരുമാറ്റങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടാന്‍ അത് കാരണമാകുമെന്നതിനാല്‍ കോപ കാരണങ്ങളെ രക്ഷിതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. പ്രധാനമായും പേടി, ദേഷ്യം, അസൂയ, അപകര്‍ഷതാബോധം തുടങ്ങിയ നെഗറ്റീവ് വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന ചിന്തകളെ രക്ഷിതാക്കള്‍ തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
ഉദാഹരണത്തിന്, രക്ഷിതാവ് മകളോട് ഇങ്ങനെ പറയുന്നു: ''ഞാന്‍ നിന്നോട് പഠിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, നീ വല്ലാത്ത ദേഷ്യത്തോടെ പൊട്ടിത്തെറിക്കുകയും പുസ്തകമെടുത്ത് എറിയുകയും ഒക്കെ ചെയ്തല്ലോ? ആ സമയത്ത് നിനക്ക് എന്താണ് സംഭവിച്ചതെന്നും അങ്ങനെ സംഭവിക്കുന്നതിന് തൊട്ടുമുമ്പുള്ള നിന്റെ വികാരങ്ങളും ചിന്തകളും എന്തൊക്കെയായിരുന്നു എന്നുമൊക്കെ നമുക്കൊന്ന് ചര്‍ച്ച ചെയ്തുകൂടേ?''
മകള്‍ ഇങ്ങനെ മറുപടി നല്‍കിയെന്ന് വരാം: ''അമ്മയെന്നോട് പഠിക്കാന്‍ പറഞ്ഞ സമയത്ത് ഞാന്‍, ഞാനെന്നും കാണാറുള്ള ടിവി പ്രോഗ്രാം കാണാനൊരുങ്ങുകയായിരുന്നു. അത് തടയാനായി മനപ്പൂര്‍വമാണ് അമ്മയെന്നോട് അപ്പോള്‍ പഠിക്കാനാവശ്യപ്പെട്ടതെന്ന് ഞാന്‍ വിചാരിച്ചു. ഞാന്‍ ടി.വി കാണുന്നത് അമ്മ എപ്പോഴും തടസ്സപ്പെടുത്തുകയും അനിയനെ അതിനനുവദിക്കുകയും ചെയ്യുന്നതായി എനിക്ക് തോന്നാറുണ്ട്. അതെനിക്ക് പക്ഷപാതപരമായി തോന്നുകയും എന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കുകയും ചെയ്തു.''
താന്‍ ടി.വി കാണുന്നത് അമ്മ മനപ്പൂര്‍വം തടസ്സപ്പെടുത്തുകയാണ്, അമ്മ അനീതി കാണിക്കുന്നു, സഹോദരനോട് മാത്രം അനുകൂല നിലപാട് സ്വീകരിക്കുന്നു തുടങ്ങിയ കാര്യങ്ങളാണിവിടെ കോപത്തിന് കാരണമായിത്തീര്‍ന്നിരിക്കുന്നത്.
4. ഗുണകരമായ ആത്മപരിശോധനയും നല്ല ചിന്തകളും: കോപകാരണങ്ങളെ മനസ്സിലാക്കിക്കഴിഞ്ഞാല്‍, അത്തരം നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാനുള്ള വഴികള്‍ കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. 'അമ്മയ്‌ക്കെന്നോട് സ്‌നേഹമില്ല, അനിയനോടാണ് കൂടുതല്‍ ഇഷ്ടം, ഞാന്‍ ടി.വി കാണുന്നത് അമ്മ എപ്പോഴും തടയുകയാണ്, എനിക്ക് ടി.വി കാണാന്‍ യാതൊരു വഴിയും ഇല്ലല്ലോ' തുടങ്ങിയ തെറ്റായ ചിന്തകള്‍ കുട്ടിയെ കീഴടക്കിയിട്ടുണ്ടാകാം. അതില്‍നിന്ന് അവളെ മുക്തയാക്കേണ്ടതുണ്ട്. കോപം വരുമ്പോള്‍ നിയന്ത്രിക്കാനുള്ള കഴിവ് നേടാന്‍ അതാണ് വേണ്ടത്. വസ്തുതകളെ ആത്മപരിശോധനക്ക് വിധേയമാക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കണം. നെഗറ്റീവ് ചിന്തകള്‍ക്ക് പകരം നല്ലത് ചിന്തിക്കാനും തന്നോട് തന്നെ സ്വയം നല്ലത് ഉപദേശിക്കാനും (Constructive Self-talk) കുട്ടിയെ പ്രോത്സാഹിപ്പിക്കണം. നെഗറ്റീവ് ചിന്തകള്‍ക്ക് പകരം, 'ഞാന്‍ ടി.വി കാണാന്‍ പോവുകയാണെന്ന് അമ്മ മനസ്സിലാക്കിയിട്ടുണ്ടാവില്ല, എനിക്ക് പഠനത്തില്‍ മികവുണ്ടാകാനാണ് അമ്മ എന്നോട് നിരന്തരം പഠിക്കാനാവശ്യപ്പെടുന്നത്, അല്ലാതെ എന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല, എനിക്കാവശ്യമുള്ള എല്ലാ കാര്യങ്ങളും അമ്മ തന്നെയല്ലേ എനിക്ക് ചെയ്തു തരുന്നത്, കോപം വരുമ്പോള്‍ നിയന്ത്രിക്കാതെ പെരുമാറുന്നത് എന്റെ തന്നെ ഭാവിയെയാണ് തകര്‍ക്കുക, ഇനി മുതല്‍ ഞാന്‍ കോപത്തെ നിയന്ത്രിക്കും' തുടങ്ങിയ പോസിറ്റീവ് ചിന്തകള്‍ കുട്ടിയില്‍ വളര്‍ത്തിയെടുക്കാന്‍ അവളെ സഹായിക്കണം.
5. തനിക്കും വിജയിക്കാം: എല്ലാവരും പലവിധ കഴിവുകളുള്ളവരാണ്. എന്നാല്‍ എല്ലാവര്‍ക്കും എല്ലാ കഴിവുകളും ഉണ്ടാവില്ല. അത് പ്രകൃതി നിയമമാണ്. കണക്കില്‍ മികവു കുറഞ്ഞ കുട്ടിക്ക് മറ്റേതെങ്കിലും വിഷയത്തില്‍ നല്ല മിടുക്കുണ്ടാവും. അത് കണ്ടുപിടിച്ച് പ്രോത്സാഹിപ്പിക്കാനാണ് മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടത്. കുട്ടികളും അത് മനസ്സിലാക്കേണ്ടതുണ്ട്. കൂടുതല്‍ സമയമെടുത്ത് ശ്രദ്ധിച്ചു പഠിച്ചാല്‍ തനിക്കും കണക്ക് പഠിച്ചെടുക്കാനാവുമെന്ന യാഥാര്‍ഥ്യവും കുട്ടിക്ക് ബോധ്യപ്പെടണം. അതവനില്‍ അപകര്‍ഷബോധം കുറക്കുകയും തന്നിലുള്ള കഴിവുകളെ പരിപോഷിപ്പിച്ച് ജീവിതവിജയം നേടാന്‍ സഹായിക്കുകയും ചെയ്യും.
6. ആശയവിനിമയത്തിന്റെ പ്രാധാന്യം: കുട്ടികളുമായി ഇടപെടുന്ന മറ്റുള്ളവര്‍ കൂടി പ്രശ്‌നങ്ങള്‍ അറിഞ്ഞിരിക്കുന്നത് പ്രയോജനം ചെയ്യും. ഉദാഹരണത്തിന്, കണക്ക് പ്രയാസമുള്ള കുട്ടിക്ക് അതുമൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദവും മാനസിക പ്രയാസവും തുടര്‍ന്നുള്ള അവന്റെ പ്രവൃത്തികളും രക്ഷിതാക്കള്‍ കണക്ക് പഠിപ്പിക്കുന്ന അധ്യാപകരെ അറിയിക്കുകയും മാനസിക സമ്മര്‍ദം അനുഭവപ്പെടാതെ പഠിക്കാനുള്ള അവസരമവന് നല്‍കാന്‍ അപേക്ഷിക്കുകയും വേണം. കണക്ക് പഠിക്കാനും ഗൃഹപാഠങ്ങള്‍ പൂര്‍ത്തിയാക്കാനും അവന് അവന്റേതായ സമയമെടുക്കാന്‍ മാതാപിതാക്കളും അധ്യാപകരും അനുവദിക്കണം.
7. പുതിയ പ്ലാന്‍ നടപ്പാക്കുന്നതിലുള്ള കണിശത: കോപം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തിക്കഴിഞ്ഞാല്‍, അത് നടപ്പാക്കുന്നതില്‍ കണിശത പുലര്‍ത്തണം. ഉദാഹരണത്തിന്, കണക്ക് പഠിക്കാനും ഗൃഹപാഠങ്ങള്‍ പൂര്‍ത്തിയാക്കാനും അവന് അവന്റേതായ സമയമെടുക്കാന്‍ അനുവദിച്ചു കഴിഞ്ഞാല്‍ മാതാപിതാക്കളും അധ്യാപകരും അതില്‍ വീഴ്ച വരുത്താതെ ശ്രദ്ധിക്കണം. ഒരു പദ്ധതി വിജയിച്ചാല്‍ സമാനമായ രീതികള്‍ മറ്റു വിഷയങ്ങളിലും പരീക്ഷിക്കാം. ഒരു പദ്ധതി പരാജയപ്പെടുകയാണെങ്കില്‍ കുട്ടിയുമായി ചര്‍ച്ച ചെയ്ത് മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണം.
8. മാതാപിതാക്കള്‍ മക്കളുടെ റോള്‍ മോഡല്‍: മുകളില്‍ കൊടുത്ത രീതികള്‍ എല്ലാ കുട്ടികളിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയണമെന്നില്ല. എല്ലാ കുട്ടികളിലും അവ പൂര്‍ണമായും നടപ്പാക്കേണ്ടതുമില്ല. തങ്ങളുടെ മക്കള്‍ക്ക് ഏറ്റവും ഗുണകരമാകുന്നത് ഏതാണോ അത് കണ്ടെത്തി നടപ്പാക്കുകയാണ് വേണ്ടത്. എന്നാല്‍, മാതാപിതാക്കളില്‍ തന്നെ പലരും പെട്ടെന്ന് ദേഷ്യം പിടിക്കുന്നവരാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ കോപിക്കുകയും ഒച്ചവെക്കുകയും അമിതപ്രതികരണങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍. അവരുടെ ഈ പെരുമാറ്റ വൈകല്യങ്ങളുടെ തനിയാവര്‍ത്തനം മക്കളില്‍ കണ്ടെന്നുവരാം. അതിനാല്‍, കോപനിയന്ത്രണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാതാപിതാക്കള്‍ മക്കളുടെ റോള്‍ മോഡല്‍ ആയിരിക്കണം.
കോപം വരുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് ശരണം തേടുക (അഊദു), വുദൂ എടുക്കുക, കിടക്കുക, അല്ലാഹുവിനോട് പ്രാര്‍ഥിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധ ചെലുത്താന്‍ കുട്ടികളെ പ്രാപ്തരാക്കണം. അതുള്ളപ്പോഴാണ് മുകളില്‍ കൊടുത്ത കാര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുക.
Comments