Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 12

സോഷ്യല്‍ മീഡിയയില്‍ എന്തുമാവാമെന്നാണോ?

അനീസ് റഹ്മാന്‍ .എ, അല്‍ജാമിഅ ശാന്തപുരം

സോഷ്യല്‍ മീഡിയയില്‍ എന്തുമാവാമെന്നാണോ?

രു കാലത്ത് മലയാളിയുടെ ചൂടേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയായിരുന്നു ചായക്കടകളും ഗ്രാമീണ വായനശാലകളുമൊക്കെ. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ രംഗം കൈയടക്കിയിരിക്കുന്നു. യുവതലമുറ ആശയവിനിമയത്തിനും സംവാദങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത്. താരദമ്പതികളുടെ വിവാഹ മോചനം മുതല്‍ ഫലസ്ത്വീന്‍ വിമോചനം വരെ ചര്‍ച്ചകള്‍ക്ക് വിഷയമാവാറുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ മനപ്പൂര്‍വം തിരസ്‌കരിക്കുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ 'വൈറലാ'കുന്ന കാലം. മുഖ്യധാര മാധ്യമങ്ങളേക്കാള്‍ വേഗത്തില്‍ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ക്കൊത്ത് ചലിക്കാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് സോഷ്യല്‍ മീഡിയയുടെ പ്രത്യേകത. 

ആശയ സംവേദനത്തിന്റെ അനന്തമായ ഈ സാധ്യതയെ മുതലെടുത്താണ് പ്രസ്ഥാനങ്ങളും വ്യക്തികളും സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നത്. വിവിധ ആശയങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ തങ്ങളുടെ നിലപാടുകളെ സംബന്ധിച്ച തുറന്ന ചര്‍ച്ചകള്‍ക്ക് വിവിധ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച്  വേദിയൊരുക്കാറുണ്ട്. സംഗീതവും സിനിമയും സംസ്‌കാരവും മതവുമെല്ലാം ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ സ്വാഭാവികമായും ഇസ്‌ലാമും അതിന്റെ ആശയങ്ങളും ചര്‍ച്ചക്ക് വിധേയമാവാറുണ്ട്. ഇസ്‌ലാമിനെതിരെ മാന്യതയുടെ സകല സീമകളും ലംഘിച്ചു കൊണ്ടുള്ള പോസ്റ്റുകളും വിരളമല്ല. എന്നാല്‍ ദുഃഖകരമായ സംഗതി അതൊന്നുമല്ല. മുസ്‌ലിം സമൂഹം വിശിഷ്യ മുസ്‌ലിം യുവത്വം വിമര്‍ശനങ്ങളോട് പ്രതികരിക്കുന്ന രീതിയാണ് വ്യാകുലപ്പെടുത്തുന്നത്. സഭ്യതയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചാണ് ഭൂരിഭാഗവും കമന്റുകള്‍ രേഖപ്പെടുത്തുന്നത്. പലരും ആശയങ്ങളോട് പ്രതികരിക്കുന്നതിന് പകരം വിമര്‍ശനം ഉന്നയിച്ച വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നു. അന്യ മതസ്ഥര്‍ക്കു മുന്നില്‍ തകര്‍ന്നടിയുന്നത് ഇസ്‌ലാമിന്റെ അന്തസ്സാണെന്ന വസ്തുത ഇവര്‍ പാടേ വിസ്മരിക്കുന്നു.

വിമര്‍ശനങ്ങളോട്-അതെത്ര കടുത്തതാണെങ്കിലും-രചനാത്മകമായി പ്രതികരിക്കേണ്ടത് മുസ്‌ലിംകളുടെ ബാധ്യതയാണ്. ബഹുമത സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകള്‍ തീര്‍ച്ചയായും സോഷ്യല്‍ മീഡിയയിലും പാലിക്കപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരെ അസഭ്യ വര്‍ഷം ചൊരിഞ്ഞ് സായൂജ്യമടയുന്നവര്‍, തങ്ങള്‍ ഇസ്‌ലാമിന്റെ സംരക്ഷകരെന്നും അഭിമാനം കൊള്ളുന്നു. എന്നാല്‍ വിശ്വാസിയുടെ പ്രാഥമിക മര്യാദകളിലൊന്നായ സൗമ്യസമീപനം അവര്‍ വിസ്മരിക്കുന്നു. വിവേകത്തിനു മേല്‍ വികാരം ആധിപത്യം സ്ഥാപിക്കുമ്പോഴുണ്ടാകുന്ന അമിതാവേശമാണ് ഇത്തരം പ്രതികരണങ്ങള്‍. എന്നാല്‍ വിവേകവും സൗമ്യതയുമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുകയും അവയ്ക്ക് പ്രാമാണികമായ മറുപടി നല്‍കുകയും ചെയ്യുമ്പോഴാണ് ഒരു മുസ്‌ലിം യഥാര്‍ഥത്തില്‍ തന്റെ കര്‍ത്തവ്യം നിറവേറ്റുന്നത്.

അനീസ് റഹ്മാന്‍ .എ, അല്‍ജാമിഅ ശാന്തപുരം

എങ്ങനെ രോഗങ്ങള്‍ 
വിരുന്നെത്താതിരിക്കും?

ലൈക്ക് പേജില്‍ മജീദ് കുട്ടമ്പൂര്‍ എഴുതിയ 'ഭക്ഷണത്തിലൂടെ വിരുന്നെത്തുന്ന രോഗങ്ങള്‍' (ലക്കം 2877) എന്ന കുറിപ്പ് മികവുറ്റതായിരുന്നു. കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ മിക്കതും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തു തുടങ്ങിയിട്ട് കാലം കുറേയായി. പച്ചക്കറി സാധനങ്ങളാണ് കൂടുതലും കേരള വിപണിയില്‍ എത്തിച്ചേരുന്നത്. എന്നാല്‍ ഇവയെല്ലാം നൂറില്‍ തൊണ്ണൂറു ശതമാനവും വിഷാംശം കലര്‍ന്നവയാണ് എന്ന സത്യം ആരറിയുന്നു!

എന്തിനേറെ പറയുന്നു, കറിവേപ്പിലക്ക് വരെ കേരളീയര്‍ അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്തൊരു വിരോധാഭാസം! യാന്ത്രികമായ ജീവിത ചുറ്റുപാടുകള്‍ മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. ഫാസ്റ്റ് ഫുഡ് സംസ്‌കാരം സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണിന്ന്.

അതുകൊണ്ടുതന്നെ കേരളം രോഗങ്ങളുടെ പിടിയിലുമാണ്. കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങള്‍ ഉടലെടുക്കുന്നു. ഭക്ഷണ സാധനങ്ങളില്‍ വിഷാംശമുള്ളതുപോലെ തന്നെ ഇറച്ചിക്കോഴികളില്‍ അളവില്‍ കൂടുതല്‍ ആന്റിബയോട്ടിക്കിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഒരുകാലത്ത് നാം തന്നെ വിത്തുകളിറക്കി കൃഷി ചെയ്ത് നമുക്കുള്ള ഭക്ഷ്യസാധനങ്ങള്‍ വിളവെടുത്തിരുന്നു. ആ സുവര്‍ണ കാലം കേരളീയര്‍ക്ക് അന്യമായിക്കഴിഞ്ഞു. സ്വന്തം ഭൂമിയുണ്ടായിട്ടും അവിടെ കൃഷി ചെയ്യാതെ തരിശായിടുന്ന കാഴ്ച വേദനാജനകമാണ്. നാം മലയാളികള്‍ ഒരാത്മ പരിശോധനക്ക് തയാറായി അധ്വാനത്തിന്റെ പാതയിലേക്കിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ആചാരി തിരുവത്ര ചാവക്കാട്

ഷോര്‍ട്ട് മെസേജുകളുടെ കാലത്ത് 
നമ്മുടെ ചിന്തകളും ഷോര്‍ട്ടായി പോകുന്നില്ലേ?

വായനയും എഴുത്തുമെല്ലാം സ്‌മൈലികളിലും ഷോര്‍ട്ട് മെസേജുകളിലും ഒതുങ്ങിയ ഈ കാലത്ത് ന്യൂജനറേഷന്റെ ചിന്തയും ഷോര്‍ട്ട് ആയിപ്പോയിട്ടുണ്ട്. പരന്ന വായനക്കും ചിന്തക്കും സോഷ്യല്‍ മീഡിയ അവസരം നല്‍കുന്നുണ്ട്. അത് പലരും ഉപയോഗപ്പെടുത്തുന്നില്ല. സോഷ്യല്‍ മീഡിയയെ എങ്ങനെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താമെന്ന വി.കെ അബ്ദുവിന്റെ എഴുത്ത് (ലക്കം 2871) ശ്രദ്ധേയമാകുന്നത് ഈ സന്ദര്‍ഭത്തിലാണ്.

പി.പി ജല്‍വാ മെഹര്‍,  കൊടിയത്തൂര്‍

ശരികേടുകള്‍ക്കെതിരെയുള്ള 
ഉജ്ജ്വല ആലോചനകള്‍

ക്കം 2877-ലെ ചുംബന സമരവുമായി ബന്ധപ്പെട്ട് ഡോ. ജമീല്‍ അഹ്മദും കെ.ടി ഹുസൈനും കെ.പി സല്‍വയും എഴുതിയ ലേഖനങ്ങള്‍ പുതിയ ആലോചനകള്‍ക്ക് വഴിവെക്കുന്നതാണ്. നമ്മുടെ ലൈംഗിക-സദാചാര മേഖലകള്‍ അധഃപതനത്തിലേക്ക് ഊളിയിടുന്നതിന്റെ നേര്‍കാഴ്ചകളാണ് ചുറ്റും കാണുന്നത്. ഇനിയും ഇത്തരം ഉറഞ്ഞുതുള്ളലുകളെ കണ്ടില്ലെന്ന് നടിച്ചാല്‍ ഇതിലും വലിയ 'ശരികേടുകള്‍'ക്ക് ഉദ്ബുദ്ധ കേരളം സാക്ഷ്യം വഹിക്കേണ്ടിവരും.

കെ.സി കരിങ്ങനാട്

ചുംബന സമരം: യാഥാര്‍ഥ്യങ്ങളുടെ ഭൂമിയില്‍ നിന്നുള്ള 
എഴുത്തുകള്‍ക്ക് അനുമോദനം

ചുംബന സമരത്തെ വിശകലനം ചെയ്ത് ഡോ. ജമീല്‍ അഹ്മദ്, കെ.ടി ഹുസൈന്‍, കെ.പി. സല്‍വ എന്നിവര്‍ എഴുതിയ ലേഖനങ്ങളാണ് (ലക്കം 2877) ഈ കുറിപ്പിന് നിദാനം. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ വിശകലനങ്ങളും എഴുത്തുകളും വായിച്ചെങ്കിലും ഇസ്‌ലാമിക കാഴ്ചപ്പാടിലുള്ള ആഴമേറിയ പഠനം പ്രബോധനത്തിലൂടെയാണ് ലഭിച്ചത്. ആനുകാലിക സംഭവവികാസങ്ങളെ ഇസ്‌ലാമിക പക്ഷത്തുനിന്ന് നോക്കി കാണുന്നതിലും തികഞ്ഞ ഇസ്‌ലാമിക വിശദീകരണം നല്‍കുന്നതിലും പ്രബോധനം പുലര്‍ത്തുന്ന ചടുലത അഭിനന്ദനീയമാണ്.

ചുംബന സമരവുമായി ബന്ധപ്പെട്ട് മൂന്നുതരം ചിന്തകളാണ് പൊതുവെ സോഷ്യല്‍ മീഡിയയില്‍ കാണപ്പെട്ടത്. ഒന്ന്, പൊതുസ്ഥലത്ത് ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യാന്‍ പോലും ഒരുങ്ങിപ്പുറപ്പെട്ടവര്‍. അതുകൊണ്ടാണല്ലോ ഇക്കൂട്ടര്‍ പോലീസിന്റെ പിടിയില്‍ പോലും അതിസാഹസം കാണിച്ചത്. പക്ഷേ, 'ഫാഷിസം' എന്ന് ഒരു ഭാഗത്ത് കേട്ടതും മറുഭാഗത്ത് ചിലര്‍ കൂടുതല്‍ വാശിയോടെയും ആളെ കൂട്ടിയും കഥയറിയാതെ ആട്ടം കണ്ടു. ഇക്കൂട്ടരായിരുന്നു അതിനാല്‍ തന്നെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസമെങ്കിലും സ്റ്റാര്‍ ആയി തിളങ്ങിയത്.

രണ്ടാമതായി, ചുംബന സമരത്തെ അതിവൈകാരികമായി നേരിട്ടു ചിലര്‍. ചുംബന സമര സംഘാടകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അരിച്ചുപെറുക്കി അശ്ലീലമെന്ന് തോന്നിയ ഫോട്ടോകളും കുറിപ്പുകളും തരംതാണ അടിക്കുറിപ്പോടെ റീപോസ്റ്റ് ചെയ്തത് ഇക്കൂട്ടരാണ്. പൊതു പ്ലാറ്റ്‌ഫോമുകളില്‍ കയറി 'നിന്റെ അമ്മയെ കൊണ്ടു വരുമോടാ' എന്നര്‍ഥത്തിലുള്ള വാചകം വന്നത് അവര്‍ കാര്യങ്ങളെ എത്രമാത്രം വൈകാരികമായി സമീപിച്ചുവെന്നതിന് തെളിവാണ്.

മൂന്നാമതൊരു കൂട്ടര്‍ അതിനിസ്സംഗരായവരോ, പ്രതികരിക്കാനോ അനുകൂലിക്കാനോ കഴിയാതെ നിസ്സഹായരായവരോ ആണ്. അതിനാലാണ് ഇസ്‌ലാമികാഭിമുഖ്യമുള്ള ഒരുപറ്റം സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും വിഷയം തുടങ്ങിയതും വളരെ പെട്ടെന്ന് നിശ്ശബ്ദമാവുകയോ പ്രതിരോധത്തിലാവുകയോ ചെയ്തത്. ഇടതുപക്ഷം കൂടി സമരത്തില്‍ പക്ഷം പിടിച്ചതോടെ, എതിര്‍ക്കുന്നവര്‍ 'മൂരാച്ചി' എന്ന ലേബല്‍ കിട്ടുമെന്ന് ഭയന്നതിനാല്‍ ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും മറ്റും ബാലന്‍സ് കീപ് ചെയ്യാന്‍ ശ്രമിച്ചു. ഇത് ഫാഷിസത്തിനെതിരെയുള്ള സമരമാണെന്നും, സമര രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പക്ഷേ അതിന്റെ പ്രസക്തി കുറയുന്നില്ലാ എന്നും ഇക്കൂട്ടര്‍ ബഡായി പറഞ്ഞു. ചിലരുടെ ഫേസ്ബുക്ക് അപ്‌ഡേറ്റുകള്‍ 'മോറല്‍ പോലീസിംഗ്' അപ്പടി അശ്ലീലമാണെന്ന ഒരു ചിന്തയില്‍ ചുംബന സമരത്തിന് പാതി സമ്മതം നല്‍കുന്നവ ആയിരുന്നു. ജമീല്‍ അഹ്മദിന്റെ ലേഖനം ഇത്തരക്കാര്‍ക്ക് നേരെ വിരല്‍ ചൂണ്ടിയത് നന്നായി.

ചുംബന സമരത്തിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്ത് കാര്യങ്ങള്‍ കൃത്യമായ വിശകലനം നടത്തിയ ലേഖകര്‍ക്ക് അഭിനന്ദനം.

സീമ പാലക്കാട്, റിസര്‍ച്ച് സ്‌കോളര്‍, ഇഫ്‌ലു ഹൈദരാബാദ്

വരുംകാല ഇന്ത്യ അഭിമുഖീകരിക്കാന്‍ 
സാധ്യതയുള്ള അപകടങ്ങള്‍

ക്കം 2877-ലെ മുഖക്കുറിപ്പാണ് ഈ എഴുത്തിന് പ്രേരകം. ആര്‍.എസ്.എസ്സിന്റെ ത്രിദിന സമ്മേളനം, നീണ്ട 800 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായി ഹിന്ദുക്കള്‍ക്ക് അധികാരം കിട്ടിയെന്ന അവകാശവാദത്തോടെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതുതന്നെ. മതേതരത്വവും ജനാധിപത്യവും ന്യൂനപക്ഷ മനുഷ്യാവകാശ പ്രശ്‌നങ്ങളുമെല്ലാം സ്ഥിരമായി ചര്‍ച്ച ചെയ്യാറുള്ള പത്രങ്ങളോ ചാനലുകളോ ഈ സമ്മേളനത്തിന്റെ ഉള്ളടക്കത്തില്‍ അപകടം ദര്‍ശിക്കുകയോ അതില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുകയോ ചെയ്തതായി കണ്ടില്ല. പ്രബോധനത്തിന്റെ മുഖക്കുറിപ്പ് ഭാവി ഇന്ത്യയില്‍ വരാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് കൃത്യമായ സൂചന നല്‍കിയിട്ടുണ്ട്.

മുഹമ്മദ് വെട്ടത്ത് പെരുമ്പാവൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /64-71
എ.വൈ.ആര്‍