സങ്കര സംസ്‌കാരം എന്ന ബദല്‍
മറ്റു സമുദായങ്ങളെപ്പോലെ, ഓരോ കാലത്തുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തീര്‍ത്തും സ്വന്തമായ നിലപാടുകളെടുക്കാന്‍ മുസ്‌ലിം സമൂഹത്തിന് അനുവാദം നല്‍കിയിട്ടില്ല. കാറ്റടിക്കുമന്ന ദിശയിലേക്ക് പാറിപ്പറക്കാന്‍ അവര്‍ക്ക് പറ്റില്ല. ഏതൊരു പ്രശ്‌നത്തെയും പഠിക്കേണ്ടതും വിലയിരുത്തേണ്ടതും, അവരെ സംബന്ധിച്ചിടത്തോളം, ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. മാറിയ പരിതസ്ഥിതികളെ അവര്‍ ഉള്‍ക്കൊള്ളേണ്ടത് ഖുര്‍ആനും നബിചര്യയുമനുസരിച്ചായിരിക്കണം എന്ന് മറ്റൊരു ഭാഷയില്‍ പറയാം. മറ്റു വിഭാഗങ്ങള്‍ ഒരുപക്ഷേ വിശ്വസിക്കുന്നത്, മൂല്യങ്ങളും നിയമങ്ങളും കേവലം ആപേക്ഷികമാണ് എന്നായിരിക്കും; കാലത്തിനൊത്ത് മൂല്യങ്ങളും മാറാം. പക്ഷേ മുസ്‌ലിംകള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് ഒരിക്കലും മാറാത്ത ശാശ്വത മൂല്യങ്ങളിലാണ്.
ചില ജനവിഭാഗങ്ങള്‍ ഏത് തീരുമാനമെടുക്കുന്നതും ഭൗതികമായ ലാഭനഷ്ടങ്ങള്‍ നോക്കിയായിരിക്കും. ഈ കണക്ക് കൂട്ടലില്‍ മാറുന്ന കാലവുമായി എത്രയും അഡ്ജസ്റ്റ് ചെയ്യാന്‍ അവര്‍ തയാറായിരിക്കും. എന്നാല്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഭൗതിക പരിഗണനകള്‍ക്ക് പ്രാധാന്യം ഉണ്ടാവുമെങ്കിലും അവക്ക് രണ്ടാം സ്ഥാനം മാത്രമേ നല്‍കുകയുള്ളൂ. കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഭൗതിക പരിഗണനകള്‍ നോക്കിയായിരിക്കില്ല. മാറിയ പരിതസ്ഥിതിയില്‍ ബദലുകളില്‍ ഏതാണ് സ്വീകരിക്കേണ്ടത് എന്ന അവസാന തീരുമാനമെടുക്കുന്നത് നേരത്തെപ്പറഞ്ഞ ശാശ്വത മൂല്യങ്ങളായിരിക്കും.
അപ്പോള്‍ സ്വാഭാവികമായും മുസ്‌ലിം സമൂഹത്തിന് ഇസ്‌ലാമിക ജീവിതത്തിന്റെ ജീവസ്രോതസ്സായ ഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും തിരിച്ചെത്താതെ വയ്യ. ഒരു പ്രശ്‌നം ഉടലെടുക്കുമ്പോള്‍-പ്രത്യേകിച്ച് മുന്‍മാതൃക ഇല്ലാത്ത ഒന്നാണെങ്കില്‍-എന്ത് ചെയ്യണമെന്ന് ഖുര്‍ആന്‍ സംശയങ്ങള്‍ക്ക് ഇട നല്‍കാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്:
''ഏറ്റവും ഋജുവായ വഴിയിലേക്കാണ് ഈ ഖുര്‍ആന്‍ നിങ്ങളെ വഴിനടത്തുന്നത്'' (17:9).
''വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റവും നല്ലത്. മെച്ചപ്പെട്ട ഫലത്തിനും ഇതാണ് ഉത്തമം'' (4:59).
മറ്റു ബദലുകള്‍
ഖുര്‍ആനിലേക്കും തിരുചര്യയിലേക്കും തിരിച്ച് വരുന്നതിന് മുമ്പ്, ബഹുസ്വരത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ സമര്‍പ്പിക്കപ്പെടുന്ന മറ്റു ബദലുകളെക്കുറിച്ച് വളരെ ഹ്രസ്വമായി പരാമര്‍ശിക്കുന്നത് നന്നായിരിക്കും. നമ്മുടെ കാലത്ത് ഏറ്റവും ഫാഷനായിട്ടുള്ള ബദല്‍, 'സങ്കര സംസ്‌കാരം (Composite Cutlure) നിര്‍മിക്കുക' എന്നതാണ്. ഈ ആശയം വളരെ ശക്തമായി മുന്നോട്ട് വെക്കുന്ന രണ്ട് വിഭാഗങ്ങള്‍ രാഷ്ട്രീയമായി ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് എന്നതാണ് ഇതിലെ വിചിത്രമായ സംഗതി.
തീര്‍ച്ചയായും സങ്കര സംസ്‌കാരത്തിന്റെ ഒരു വിഭാഗം വക്താക്കള്‍ സെക്യുലര്‍ വിഭാഗങ്ങളാണ്. മതം അയുക്തികമാണെന്നും കേവലം ആശയ ശാഠ്യമാണെന്നും കരുതുന്നവരാണ് അവര്‍. ബഹുസ്വര സമൂഹങ്ങളില്‍ സകലവിധ കുഴപ്പങ്ങളുമുണ്ടാക്കുന്നത് മതമാണെന്നും അവര്‍ കരുതുന്നു. അതിനാല്‍ മതത്തെ നിര്‍വീര്യമാക്കണം. ഏറ്റവും ചുരുങ്ങിയത് സാമൂഹിക ജീവിതത്തില്‍ നിന്നെങ്കിലും പൂര്‍ണമായി അതിനെ മാറ്റിനിര്‍ത്തണം. എന്നിട്ട് അവര്‍ നിര്‍ദേശിക്കുന്ന 'സയുക്തികമായ' അടിത്തറയില്‍ ഒരു പൊതുസംസ്‌കാരം കെട്ടിപ്പടുക്കണം.
ഓരോ മതത്തിലെയും മതനിരപേക്ഷമെന്ന് അവര്‍ പറയുന്ന ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സങ്കര സംസ്‌കാരം ഉരുത്തിരിച്ചെടുക്കണം എന്നാണ് പറയുന്നത്. അങ്ങനെയാവുമ്പോള്‍, മതവൈജാത്യങ്ങള്‍ കാരണമായി ഉടലെടുക്കുന്ന സകല സംഘര്‍ഷങ്ങളെയും ഇല്ലായ്മ ചെയ്ത് പുതിയൊരു സാമൂഹിക ജീവിതരീതി വികസിച്ച് വരുമത്രെ. ശാസ്ത്രീയവും യുക്തിസഹവുമായ ഈ സാമൂഹിക ജീവിതരീതി മതവൈകാരികതകളെയും ശാഠ്യങ്ങളെയും കുറച്ച് കൊണ്ട് വരികയും സംഘര്‍ഷമുക്തമായ, യുക്തിയോടെ ചിന്തിക്കുന്ന ഒരു സമൂഹ ത്തിന്റെ സൃഷ്ടിക്ക് കാരണമാവുകയും ചെയ്യും.
ഒരു വിഭാഗം സെക്യുലരിസ്റ്റുകള്‍ മുന്നോട്ട് വെക്കുന്ന സങ്കര സംസ്‌കാരമെന്ന ഈ ആശയം യുക്തിക്ക് നിരക്കാത്തതും തീര്‍ത്തും അപ്രായോഗികവുമാണെന്ന് എളുപ്പത്തില്‍ ബോധ്യമാകും. മതവും യുക്തിയും ഒന്നിച്ചുപോവുകയില്ല എന്ന വാദം തന്നെ പത്തൊമ്പതാം നൂറ്റാണ്ടിലെ യാന്ത്രികതയില്‍ കുടുങ്ങിപ്പോയ ശാസ്ത്രത്തിന്റെ ധാര്‍ഷ്ട്യ പ്രസ്താവങ്ങളിലൊന്നാണ്. അതിന്റെ അവശിഷ്ടമായേ ഈ വാദത്തെ കാണേണ്ടതുള്ളൂ. ലബോറട്ടറിയില്‍ പരീക്ഷണം നടത്തി തെളിയിക്കപ്പെട്ടാല്‍ മാത്രമേ ഏതൊരു കാര്യവും യുക്തിസഹമാകൂ എന്നത് എന്നോ കാലഹരണപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ ആശയമാണ്.
മതം സ്വയമേവ കലാപങ്ങള്‍ കുത്തിപ്പൊക്കുന്നു എന്ന വാദം എത്രമാത്രം അസംബന്ധവും അപഹാസ്യവുമാണെന്ന് വ്യക്തമാകാന്‍, ദീര്‍ഘകാലം നീണ്ട്‌നിന്ന, സമീപകാലത്തെ അത്യന്തം വിനാശകരമായ യുദ്ധങ്ങളെ ഒന്നു വിശകലനം ചെയ്താല്‍ മാത്രം മതിയാവും. രാഷ്ട്രീയമായ അതിമോഹങ്ങളും ധനാര്‍ത്തിയുമാണ് ആ യുദ്ധങ്ങളെ ഇളക്കിവിട്ടതെന്ന് ആര്‍ക്കാണ് അറിയാത്തത്! ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച ഘോരയുദ്ധങ്ങളില്‍ ഏത് മതത്തിനാണ് പങ്കുള്ളത്?
ഈ സെക്യുലര്‍ വീക്ഷണഗതിക്കാരുടെ അതേ സ്വരത്തില്‍ പാടുന്ന മറ്റൊരു വിഭാഗമുണ്ട്-ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍! സംഘര്‍ഷമുക്ത ഭാരതത്തിന് അവര്‍ മുന്നോട്ട് വെക്കുന്നതും ഇതേ ആശയമാണ്. ഇരുകൂട്ടരുടെയും ന്യായങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണെന്ന് മാത്രം. ഹിന്ദുത്വവാദികളുടെ സങ്കര സംസ്‌കാരം അതിന്റെ നിയമ സാധുത തേടുന്നത് ഇന്ത്യയുടെ പ്രാചീന ചരിത്രത്തിലും സംസ്‌കാരത്തിലുമാണെന്ന വ്യത്യാസവുമുണ്ട്. ഒരു പ്രത്യേക സംസ്‌കാരമാണ് മേധാവിത്വം പുലര്‍ത്തേണ്ടത് എന്നാണിവരുടെ വാദം. മറ്റു സാംസ്‌കാരിക വൈവിധ്യങ്ങളൊക്കെ അതിനിടയില്‍ ഈയൊരു ഒറ്റ സംസ്‌കാരത്തില്‍ ലയിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ അത് പ്രശ്‌നമാക്കേണ്ടതില്ല. ഇന്ത്യയുടെ സംസ്‌കൃതവല്‍ക്കരണം അവരെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഹിന്ദുത്വവല്‍ക്കരണം തന്നെയാണ്. തങ്ങളുടെ ഈ ഉദ്ദേശ്യങ്ങള്‍ ഹിന്ദുത്വത്തിന്റെ വക്താക്കള്‍ മറച്ചുവെക്കാറുമില്ല. 1997 ജൂണില്‍ ലാല്‍കൃഷ്ണ അദ്വാനി രഥയാത്ര നടത്തിയപ്പോള്‍ ഭോപ്പാലില്‍ വെച്ച് അദ്ദേഹം മുസ്‌ലിംകളെ ഉപദേശിച്ചത്, അവര്‍ 'ദ്വിരാഷ്ട്ര ആശയം' മറന്നു കളയണമെന്നാണ്; എന്നിട്ട് ഹിന്ദുത്വ പാരമ്പര്യത്തില്‍ ലയിക്കണമെന്നും.
ഒരു പ്രത്യേക സംസ്‌കാരം അധീശത്വം പുലര്‍ത്തുന്ന രാജ്യത്ത് രൂപപ്പെടുന്ന ഏതൊരു സങ്കര സംസ്‌കാരത്തിലും ആ അധീശത്വ സംസ്‌കാരത്തിന്റെ മുദ്രകളായിരിക്കും മേല്‍ക്കൈ നേടുക എന്നത് തീര്‍ത്തും സ്വാഭാവികമാണ്. വിവിധ സംസ്‌കാരങ്ങളില്‍നിന്ന് 'അവിടുന്നും ഇവിടുന്നും തെരഞ്ഞെടുത്ത്' ഉണ്ടാക്കുന്ന സങ്കര സംസ്‌കാരത്തില്‍ ജനസംഖ്യയുടെ പിന്‍ബലത്തില്‍ ഭൂരിപക്ഷ സംസ്‌കാരം അധീശത്വം നേടുക തന്നെയാണ് ചെയ്യുക. ഈയൊരു പ്രക്രിയയില്‍ ഭൂരിപക്ഷത്തിന്റെ ഔദാര്യത്തില്‍ ന്യൂനപക്ഷ സംസ്‌കാരങ്ങള്‍ക്ക് അവരുടെ ചിഹ്‌നങ്ങളില്‍ എന്തെങ്കിലുമൊക്കെ നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലായി എന്ന് മാത്രം. ഒരു സങ്കര സംസ്‌കാരത്തില്‍, ഒരു വിഭാഗമാളുകള്‍ വളരെയേറെ മൂല്യവും ആദരവും കല്‍പ്പിക്കുന്ന ഒരു രീതിക്കോ സമ്പ്രദായത്തിനോ മറ്റു വിഭാഗങ്ങളില്‍നിന്ന് സമാന ആദരവ് ലഭിക്കണമെന്നില്ല. ഉദാഹരണത്തിന് മുസ്‌ലിം സമൂഹത്തിന്റെ കുടുംബസംവിധാനവും മൂല്യങ്ങളും. സങ്കര സംസ്‌കാരത്തില്‍ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നവര്‍ക്ക് ആ കുടുംബ മൂല്യങ്ങള്‍ അരോചകമായാണ് അനുഭവപ്പെടുന്നത്. സങ്കര സംസ്‌കാരത്തിന്റെ വക്താക്കളായി രംഗത്തുള്ള സെക്യുലര്‍ വിഭാഗത്തിന് അതിനോട് തീര്‍ത്തും വിയോജിപ്പാണ്. മറ്റൊരു ഉദാഹരണം പറയാം. സകല ഇടപാടുകളും പലിശ മുക്തമായിരിക്കണമെന്നത് മുസ്‌ലിം സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മൂല്യമാണ്. മേല്‍പ്പറഞ്ഞ സങ്കര സംസ്‌കാരത്തിന്റെ ഇരുവിഭാഗം വക്താക്കളും ഇതിനെ പിന്തിരിപ്പന്‍ ആശയമായാണ് കാണുന്നത്.
തങ്ങളുടേതായ രീതിയില്‍ സങ്കര സംസ്‌കാരത്തിന് വാദിക്കുന്ന ഇരുവിഭാഗവും ഉണ്ടാക്കുന്ന റിസള്‍ട്ടും സമാനമാണെന്ന് കാണാം. ഇരുപക്ഷവും മുസ്‌ലിം സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന സദാചാരത്തെയും മൂല്യങ്ങളെയും തള്ളിക്കളയുന്നു. സാമൂഹിക ജീവിതത്തില്‍ നിന്ന് മതത്തെയും വിശ്വാസത്തെയും ഉന്മൂലനം ചെയ്യണമെന്ന് സെക്യുലര്‍ വിഭാഗങ്ങള്‍ വാദിക്കുമ്പോള്‍, സംസ്‌കൃതവല്‍ക്കരണത്തിന്റെ ഹിന്ദുത്വ ഭാഷ്യം മുസ്‌ലിംകളുടേത് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സംസ്‌കൃതികള്‍ ഭൂരിപക്ഷ സംസ്‌കാരത്തില്‍ ലയിക്കട്ടെ എന്ന് തീരുമാനിക്കുന്നു.
സെക്യുലര്‍ വിഭാഗങ്ങള്‍ പറയുമ്പോലുള്ള സങ്കര സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ പരാജയപ്പെടുകയായിരുന്നു എന്നതാണ് വാസ്തവം. ഭരണ തലങ്ങളില്‍ ഭൂരിപക്ഷ സംസ്‌കാരത്തിന്റെ ചിഹ്‌നങ്ങളുടെയും ആചാരങ്ങളുടെയും മേധാവിത്വം നിയന്ത്രിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെടുകയാണുണ്ടായത്. ഭരണാധികാരികള്‍ ഈ മഹത്തായ ആശയം നടപ്പിലാക്കാന്‍ ആത്മാര്‍ഥത കാണിച്ചില്ലെന്നും അതാണ് പരാജയത്തിന് കാരണമെന്നുമാണ് സെക്യുലര്‍ വിഭാഗങ്ങള്‍ അതിന് നല്‍കുന്ന വിശദീകരണം. ശരി, വാദത്തിന് വേണ്ടി അക്കാര്യം സമ്മതിക്കാം. എങ്കില്‍ മറ്റൊരു ചോദ്യം: ലോകത്ത് എവിടെയെങ്കിലും നിങ്ങള്‍ പറയുന്ന സങ്കര സംസ്‌കാരം നിലനിന്നിട്ടുണ്ടോ? അത്തരം ഒരു ഉദാഹരണം പോലും അവര്‍ക്ക് ചൂണ്ടിക്കാട്ടാനില്ല. ഒട്ടും യാഥാര്‍ഥ്യ ബോധമില്ലാത്തതും അയുക്തികവുമാണ് ഈ വാദം എന്നാണിതിന് അര്‍ഥം.
ഇനി അങ്ങനെയൊരു സങ്കര സംസ്‌കാരം ഉണ്ടാക്കണമെന്ന് വെച്ചാല്‍ തന്നെ ബലപ്രയോഗത്തിലൂടെ മാത്രമേ അത് സാധ്യമാവൂ. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനോ ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കോ നിരക്കുന്ന കാര്യവുമല്ല. അത് സംഘര്‍ഷങ്ങളിലേക്കും പിന്നീട് ഏറ്റുമുട്ടലുകളിലേക്കുമാണ് എത്തിപ്പെടുക. അത്തരം നീക്കങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പുകളെ കുറഞ്ഞ കാലമൊക്കെ നിശബ്ദമാക്കാന്‍ കഴിഞ്ഞെന്ന് വരും; സോവിയറ്റ് യൂനിയനില്‍ സംഭവിച്ചത് പോലെ. പക്ഷേ വ്യക്തികളുടെ മനസ്സിലും സമൂഹത്തിനകത്തും അത് പുകഞ്ഞുകൊണ്ടിരിക്കും. ബലപ്രയോഗം ദുര്‍ബലമാകുമ്പോള്‍, പ്രതികാരവാഞ്ഛയോടെ അഗ്‌നി പര്‍വതം പോലെ അത് പൊട്ടിത്തെറിക്കുകയും ചെയ്യും.
വിവിധ സാംസ്‌കാരികതകളെ അടിച്ചമര്‍ത്തുന്നത് സമൂഹ പുരോഗതിയെ തന്നെ തടസ്സപ്പെടുത്തും. അധീശത്വം പുലര്‍ത്തുന്ന സംസ്‌കാരം മത/വംശീയ ചെറു ഗ്രൂപ്പുകളെ കൈകാര്യം ചെയ്യുമ്പോള്‍ അവരുടെ ഊര്‍ജം രാജ്യപുരോഗതിക്ക് ലഭിക്കാതെയാവുകയാണ് ചെയ്യുന്നത്. സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോള്‍ നാം കണ്ടതാണ്, മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളും റഷ്യയും തമ്മില്‍ എത്രമാത്രം അന്തരം നിലനില്‍ക്കുന്നുണ്ടായിരുന്നു എന്ന്. സോവിയറ്റ് യൂനിയന്റെ ആണവ ആയുധങ്ങളൊക്കെ സൂക്ഷിച്ചിരുന്നത് കസാഖിസ്ഥാന്‍ പോലുള്ള മധ്യേഷ്യന്‍ റിപ്പബ്ലിക്കിലായിരുന്നെങ്കിലും, അവ ഒട്ടുമുക്കാലും കൈകാര്യം ചെയ്തിരുന്നത് റഷ്യന്‍ വംശജരായ പട്ടാളക്കാരായിരുന്നു. മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളുടെ സാമ്പത്തിക പുരോഗതിക്കായി യാതൊന്നും ചെയ്യാതിരിക്കുകയും അവര്‍ക്ക് അവശ്യ സൗകര്യങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്യുന്ന നയമായിരുന്നു സോവിയറ്റ് യൂനിയന്‍ സ്വീകരിച്ചിരുന്നത്.
ഇന്ത്യന്‍ ഭരണകൂടവും ഇക്കാര്യത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. തങ്ങളുടെ സംസ്‌കാരങ്ങളും മൂല്യങ്ങളും അപകടത്തിലാണെന്ന് കരുതുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനും അങ്ങനെ അവരെക്കൂടി ചേര്‍ത്ത്പിടിച്ച് ആരോഗ്യപൂര്‍ണമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും ഭരണകൂടത്തിന് കഴിയുകയുണ്ടായില്ല. സാംസ്‌കാരികമായി സമ്മര്‍ദം ചെലുത്തുന്നു എന്നതിനര്‍ഥം സാമൂഹിക-രാഷ്ട്രീയ ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരായി നീങ്ങുന്നു എന്നാണ്. അത് സന്തുലിതവും സൗഹൃദപൂര്‍ണവുമായ സമൂഹ സൃഷ്ടിക്ക് വിഘാതമാണ്. സംസ്‌കാരങ്ങളെ ബലപ്രയോഗത്തിലൂടെ ഏകീകരിക്കുന്നതിലല്ല, ആ സംസ്‌കാരങ്ങളുടെ വൈവിധ്യത്തിലാണ് ഇന്ത്യ അഭിമാനം കൊള്ളുന്നത്. വിശ്വാസങ്ങളും ആചാരങ്ങളും വ്യത്യസ്തമായാല്‍ അത് ദേശീയോദ്ഗ്രഥനത്തിനും സഹകരണത്തിനും ഇടപഴക്കത്തിനും തടസ്സം സൃഷ്ടിക്കും എന്നത് ഹിന്ദുത്വ ബ്രിഗേഡിന്റെ അബദ്ധജടിലമായ പ്രചാരണം മാത്രമാണ്. അതില്‍ കറകളഞ്ഞ സെക്യുലരിസ്റ്റുകള്‍ കൂടി പങ്കാളികളാവുന്നു എന്നതാണ് അമ്പരപ്പുളവാക്കുന്നത്.
(തുടരും)
Comments