Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 20

പ്രതിഷേധത്തെത്തുടര്‍ന്ന് മദ്റസകളെ വിദ്യാഭ്യാസാവകാശ നിയമത്തില്‍നിന്ന് ഒഴിവാക്കി

ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, മജ്ലിസെ മുശാവറ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ദേശീയ സംഘടനകളുടെയും ദാറുല്‍ ഉലൂം ദയൂബന്ദ് പോലുള്ള സ്ഥാപനങ്ങളുടെയും ശക്തമായ പ്രതിഷേധത്തെയും സമ്മര്‍ദത്തെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മദ്റസകളെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ പെടുന്ന വിധം നേരത്തെ മദ്റസകള്‍ക്ക് സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിക്കുന്ന സിലബസ്, യോഗ്യതയുള്ള അധ്യാപകര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ അടങ്ങുന്ന ഭരണനിര്‍വഹണ സമിതി എന്നിവ ഇല്ലെങ്കില്‍ സ്ഥാപനത്തിന് പിഴ ഈടാക്കുകയും അടച്ചു പൂട്ടുകയും ചെയ്യുമെന്ന ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ശക്തമായ സമരപരിപാടികള്‍ ഈ സംഘടനകള്‍ ആസൂത്രണം ചെയ്തിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മദ്റസകളെ നിയമത്തില്‍ നിന്നൊഴിവാക്കിയതായി വിശദീകരിച്ചു. ഭരണഘടനയുടെ 29,30 ഖണ്ഡികകള്‍ അനുസരിച്ച് മദ്റസകള്‍ക്ക് പ്രത്യേക വ്യക്തിത്വം കാത്തു സൂക്ഷിക്കാവുന്നതാണ്. ഈ സ്ഥാപനങ്ങള്‍ ഈ നിയമത്തിനതീതമാണ് - മന്ത്രാലയം വ്യക്തമാക്കി. പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിദ്യാഭ്യാസ അവകാശ ഭേദഗതി ബില്‍ അനുസരിച്ച് എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ രൂപവത്കരിക്കേണ്ട സ്കൂള്‍ ഭരണനിര്‍വഹണ സമിതിക്ക് ഉപദേശക പദവി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും മന്ത്രാലയം വിശദീകരിച്ചു.

 

ഫോര്‍ബിസ് ഗഞ്ച് വെടിവെപ്പ്:സര്‍ക്കാര്‍ മുസ്ലിം സംഘടനകളെ വിലയ്ക്കെടുക്കുന്നു
ബീഹാറിലെ അരരിയ ജില്ലയിലെ ഫോര്‍ബിസ് ഗഞ്ചില്‍ നാല് നിരപരാധികളായ ഗ്രാമവാസികളെ പോലീസ് ക്രൂരമായി മര്‍ദിച്ചു കൊന്ന സംഭവത്തില്‍ ബഹുജന പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കെ ചില മുഖ്യധാരാ മുസ്ലിം സംഘടനകളെ വിലയ്ക്കെടുത്ത് പ്രതിഷേധത്തില്‍ നിന്ന് പിന്മാറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിജയിച്ചു. എല്ലാ മുസ്ലിം സംഘടനകളും നിരവധി പൌരാവകാശ സംഘങ്ങളും ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ച മുഴുദിന ധര്‍ണയില്‍നിന്ന് ബീഹാറിലെ പ്രമുഖ മുസ്ലിം സംഘടനകളായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് (മഹ്മൂദ് മദനി, അര്‍ഷദ് മദനി ഗ്രൂപ്പുകള്‍) ഇമാറെ ശരീഅ, ഇദാറെ ശരീഅ എന്നീ സംഘടനകള്‍ നാടകീയമായി പിന്‍വാങ്ങി. സര്‍ക്കാര്‍ ഈ സംഘടനകള്‍ക്ക് നല്‍കിയ ഏതാനും സ്ഥാനങ്ങള്‍ വെച്ച് നടത്തിയ വിലപേശലാണ് പിന്മാറ്റത്തിന് കാരണമെന്ന് നിരീക്ഷിക്കപ്പെടുന്നു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ നയ്യറുസ്സമാന്റെ നേതൃത്വത്തിലാണ് പിന്നീട് ധര്‍ണ നടന്നത്. ജമാഅത്തിനു പുറമെ മുഅ്മിന്‍ കോണ്‍ഫ്രന്‍സ്, ബീഹാര്‍ റാബിത കമ്മിറ്റി, മജ്ലിസെ ഉലമ, എസ്.ഐ.ഒ, ബീഹാര്‍ വിമന്‍സ് നെറ്റ്വര്‍ക്ക്, കോശിശ്, ആള്‍ ഇന്ത്യ സെക്യുലര്‍ ഫോറം, ലോക് അധികാര്‍ മഞ്ച്, യൂത്ത് ഫ്രണ്ട്സ് ക്ളബ് തുടങ്ങിയ സംഘടനകളും ധര്‍ണയില്‍ പങ്കെടുത്തു.


ഭൂമാഫിയ പള്ളി ഇടിച്ചു നിരത്തി
ഹൈദരാബാദിനടുത്ത് മാധപൂരില്‍ ഒരു പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി. പള്ളിക്കകത്തുള്ള ഖുര്‍ആന്‍ കോപ്പികളും മറ്റു വസ്തുക്കളും എടുത്തു മാറ്റാനുള്ള സാവകാശം പോലും വിശ്വാസികള്‍ക്ക് ലഭിച്ചില്ല.
കോടതി വിധി അനുസരിച്ചാണ് പള്ളി പൊളിച്തെന്ന് പോലീസ് വിശദീകരിക്കുന്നു. എന്നാല്‍ വിധിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ പോലീസിന് സാധിച്ചില്ല. ഭൂമാഫിയ പോലീസിനെ ഉപയോഗപ്പെടുത്തി ചെയ്യിച്ചതാണ് ഇതെന്നാണ് ആരോപിക്കപ്പെടുന്നത്.
സംഭവം നടന്നയുടന്‍ ആന്ധ്രപ്രദേശ് ന്യൂനപക്ഷ മന്ത്രിയും വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും സംഭവസ്ഥലം സന്ദര്‍ശിച്ചു.


ഇബ്രാഹീം സഈദ് അവാര്‍ഡ്
എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് എസ്.ഐ.ഒ കര്‍ണാടക സോണ്‍, ജമാഅത്തെ ഇസ്ലാമി മുന്‍ സംസ്ഥാന അമീര്‍ മര്‍ഹൂം ഇബ്രാഹീം സഈദിന്റെ പേരില്‍ അവാര്‍ഡ് നല്‍കി. ധര്‍വാദില്‍ നടന്ന ചടങ്ങില്‍ 45 വിദ്യാര്‍ഥികള്‍ പുരസ്കാരം ഏറ്റുവാങ്ങി. ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍ സബീര്‍ അഹ്മദ് മുല്ല, ഡോ. മസൂദ് ശരീഫ്, അഞ്ചുമനെ ഇസ്ലാം പ്രസിഡന്റ് ഇസ്മാഈല്‍ തമത്ഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം