വാണിജ്യവത്കരിക്കപ്പെട്ട വിദ്യാഭ്യാസ മേഖല
കേരളം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ പാടേ വിസ്മരിച്ചുകൊണ്ടാണ് ഭരണകൂട ഒത്താശയോടെ മാനേജ്‌മെന്റുകള്‍ സ്വന്തം ഹിതം നടപ്പാക്കി വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കുന്നത്. ഇന്ത്യ സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതി പിന്തുടരുന്ന രാജ്യമാണ്. സ്വന്തം ധനം ന്യായമായ മാര്‍ഗത്തിലൂടെ ചെലവഴിച്ച്, വ്യവസായശാലകളും വാണിജ്യവും നടത്തി ലാഭം നേടാനുള്ള അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 'ലാഭം' എന്ന സാമ്പത്തികസ്ഥിതിയെ ഹീനമായ മാര്‍ഗത്തില്‍ തിരിച്ചുവിട്ട് അധാര്‍മികമായി കൊള്ളലാഭമെടുക്കുന്ന വിപരീത സാഹചര്യം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെയാണ് സമ്പത്തിന്റെ ഉപയോഗം കുത്തകവത്കരിക്കപ്പെടുന്നതും. വിദ്യാഭ്യാസ-ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് മൂലധനശക്തികളല്ലെന്നുള്ള നിലപാടുകള്‍ ഭരണകൂടങ്ങള്‍ക്ക് അന്യമാണ്. എവിടെ ലാഭമുണ്ടോ അവിടെ കുത്തകകളും കുത്തകവത്കരണവും ഓടിയെത്തുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയെ ലാഭം കൊയ്യാനുള്ള സൂപ്പര്‍ മാര്‍ക്കറ്റായി കുത്തക മുതലാളിമാര്‍ കണ്ടെത്തുകയും രാഷ്ട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ കടന്നുവരികയും ചെയ്യുന്നു. ഭരണം ഏറ്റെടുത്ത ഉടന്‍ വിദ്യാഭ്യാസമന്ത്രി കോര്‍പറേറ്റുകളെ വിദ്യാഭ്യാസ മേഖലയിലേക്ക് സ്വാഗതം ചെയ്യുകയാണുണ്ടായത്. ഇപ്പോഴത്തെ ഭരണകൂടത്തെയും തെരഞ്ഞെടുത്തത് അത്താഴപ്പട്ടിണിക്കാരന്‍ വരെയുള്ള വോട്ടര്‍മാരാണ്. ഭരണകൂടത്തിന് മൃഗീയ ഭൂരിപക്ഷവും ഇല്ല. അത്തരം സാഹചര്യത്തില്‍ വളരെ സൂക്ഷിച്ച് ഇടപെടേണ്ട വിദ്യാഭ്യാസ മേഖലയെ നിരുത്തരവാദപരായി കൈകാര്യം ചെയ്യുന്നതപകടമാണ്.
വിദ്യാഭ്യാസമേഖല ഇന്ന് മെച്ചപ്പെട്ട വാണിജ്യ കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഭരണ രാഷ്ട്രീയക്രമങ്ങളില്‍ സ്ഥാപിത താല്‍പര്യക്കാര്‍ മതസംഘടനകളുടെയും കുത്തക മുതലാളിമാരുടെയും തണലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി കോടികള്‍ തട്ടി, വിദ്യാഭ്യാസ മേഖലയെ വിജ്ഞാനം വിറ്റു കാശാക്കുന്ന വേദിയായി തരംതാഴ്ത്തിയിരിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന വന്‍കിടക്കാര്‍ വിദ്യാഭ്യാസത്തിന്റെ നിര്‍വചനം പോലും നേരാംവണ്ണം അറിയാത്തവരാണ്; അതിപ്പോള്‍ വേണ്ടല്ലോ. സ്വഭാവരൂപീകരണമോ വ്യക്തിത്വവികാസമോ ഡോക്ടറും എഞ്ചിനീയറും ആകാന്‍ താല്‍പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമില്ലല്ലോ! സാമൂഹിക പ്രതിബദ്ധതയുടെ ആള്‍രൂപങ്ങള്‍ അല്ലല്ലോ ഇവരൊന്നും. നമ്മുടെ ധനം അന്യ സംസ്ഥാനക്കാര്‍ തട്ടിയെടുക്കുന്നു എന്ന വാദവുമായിട്ടാണ് രാഷ്ട്രീയക്കാരുടെ പിന്‍ബലത്തോടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കിയത്. സ്വന്തം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അവകാശം സര്‍ക്കാര്‍ വകവെച്ചു കൊടുത്തിട്ടുണ്ടല്ലോ. അതുകൊണ്ടുതന്നെ യോഗ്യതാ സീറ്റുകള്‍ കഴിച്ചുള്ളവ മാനേജ്‌മെന്റുകള്‍ക്ക് യുക്തമെന്ന് തോന്നുന്നവര്‍ക്ക് വിറ്റു കാശാക്കാനുള്ള അവസരം ലഭിക്കുന്നു.
ഗവണ്‍മെന്റ് തീരുമാനങ്ങള്‍ കാറ്റില്‍പറത്തിയാണ് പല മാനേജ്‌മെന്റുകളും സ്വന്തം നിലപാടുകളുമായി മുന്നോട്ടുപോകുന്നത്. മാനേജ്‌മെന്റിന്റെ ധാര്‍ഷ്ഠ്യത്തിന് മുന്നില്‍ കീഴടങ്ങേണ്ട ഗതികേടുണ്ടായത് സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ടാണ്. ചോദിക്കുന്നവര്‍ക്കെല്ലാം എന്‍.ഒ.സി നല്‍കി സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നു. മാനേജ്‌മെന്റ് തീരുമാനങ്ങള്‍ നടപ്പാക്കി സര്‍ക്കാറിനെ മുട്ടുകുത്തിക്കുന്നു. എക്കാലവും ഭരണകൂടങ്ങളെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ജാതി-മത-രാഷ്ട്രീയ ശക്തികളാണ്. വിദ്യാഭ്യാസ മേഖലയെ മൂല്യച്യുതിയില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി 1957-ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ല് തള്ളി കോലാഹലം സൃഷ്ടിക്കാന്‍ എല്ലാ മതശക്തികളും ശ്രമിച്ചത് വിദ്യാഭ്യാസം സ്വന്തം കൈവിരലില്‍ നിര്‍ത്താന്‍ വേണ്ടിയായിരുന്നു. അതിപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.
ഇ. ഖാലിദ് പുന്നപ്ര
തെറ്റ് പറ്റിയതല്ല
'നടന്നു തീരാത്ത വഴികളില്‍' (ലക്കം 9) എന്ന പരമ്പരയില്‍ ടി.കെയുടെ ഒരു പരാമര്‍ശമാണ് ഈ കുറിപ്പിന്നാധാരം. കണക്കില്‍ എട്ട് കഴിഞ്ഞ് ഒമ്പതും എണ്‍പത് കഴിഞ്ഞ് തൊണ്ണൂറും എണ്ണൂറും 'കഴിഞ്ഞ്' തൊള്ളായിരവും അസ്ഥാനത്താണ് പ്രയോഗിച്ചതെന്നും അത് പണ്ടാര്‍ക്കോ പറ്റിയ തെറ്റ് പിന്നീടുള്ളവരെല്ലാം പിന്‍തുടരുകയാണെന്നും അദ്ദേഹത്തിന്റെ ഗുരുനാഥന്‍ പറഞ്ഞതായി പരാമര്‍ശിച്ചുകണ്ടു. എന്നാല്‍ വാസ്തവം അതല്ല. ഒമ്പത് എന്നാല്‍ പത്തിന് അടുത്ത സംഖ്യയെന്നും തൊണ്ണൂറ് എന്നാല്‍ നൂറിന് അടുത്ത സംഖ്യ എന്നും തൊള്ളായിരമെന്നാല്‍ ആയിരത്തിന് അടുത്ത സംഖ്യ എന്നുമാണ് ഉദ്ദേശ്യം. ഇതിന് ഉപോല്‍ബലകമായ ചില ശൈലികള്‍ വേറെയുമുണ്ട്. പണ്ട് ധാന്യങ്ങള്‍ അളക്കാന്‍ അഴക്ക്, ഉഴക്ക്, ഉരി, നാഴി, ഇടങ്ങഴി എന്നീ അളവുകളാണല്ലോ ഉണ്ടായിരുന്നത്. ഇതിന് ഉഴക്കൂറിരുന്നാഴി (ഉഴക്ക് കുറെ ഇരുന്നാഴി: ഒന്നേ മുക്കാല്‍ നാഴി) എന്ന് പറഞ്ഞിരുന്നു. അത് പോലെ മുസ്‌ലിംകളുടെ ഇടയില്‍ ഇരുപത്തൊമ്പതിന് മാസം പിറക്കുന്നതിന് 'ഒന്നൂറ് മുപ്പത്' എന്ന് പറയും. അതായത് ഒന്നു കുറെ മുപ്പത് അഥവാ ഇരുപത്തൊമ്പത്. ഇനി ഇപ്പോഴുള്ള ശൈലി നോക്കുക. കുറ്റിയാടി പ്രാന്തപ്രദേശങ്ങളിലുള്ളവര്‍ ദൂരസ്ഥലങ്ങളില്‍ പോയാല്‍ കുറ്റിയാടിക്കടുത്താണ് എന്നാണ് പറയുക. കുറ്റിയാടി പൊതുവെ അറിയപ്പെടുന്ന സ്ഥലമായതുകൊണ്ടാണ് അങ്ങനെ പറയുന്നത്. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും.
എം. ഇബ്‌റാഹീം
വേളം, ശാന്തിനഗര്‍
റമദാന്‍ ചൂഷണം ചെയ്യപ്പെടരുത്
പ്രപഞ്ചത്തിന്റെ പ്രകാശ ഗ്രന്ഥമായ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍. അതുകൊണ്ടുതന്നെയാണ് ഈ മാസം പവിത്രമായത്. ഒരു നന്മക്ക് എഴുപത് നന്മകളുടെ പ്രതിഫലം അല്ലാഹു വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍, തിന്മക്കാകട്ടെ ചെയ്ത തിന്മയുടെ കുറ്റം മാത്രവും. ഇത് ദൈവത്തിന്റെ നീതിയും കാരുണ്യവുമാണ്. എന്നാല്‍, ഈ മാസത്തിന്റെ പവിത്രത, സമുദായത്തില്‍ ചിലര്‍ തന്നെ ഭൗതിക ലാഭത്തിനുവേണ്ടി വലിയ തോതില്‍ ചൂഷണം ചെയ്യുന്നു. റമദാനിലെ പ്രത്യേകം പവിത്രമായ രാവുകളില്‍ നിറഞ്ഞ വിശ്വാസമനസ്സുമായി വിനയാന്വിതനായി സ്രഷ്ടാവിന് മുമ്പില്‍ ഭജനമിരുന്ന് ശാന്തമാനസനായി പ്രാര്‍ഥിക്കുകയും പാപമോചനം തേടുകയും ചെയ്യേണ്ട വിശ്വാസിയെ, അവന്റെ വിശ്വാസദാര്‍ഢ്യതയോടൊപ്പം ശുദ്ധനായ വിശ്വാസിയുടെ അജ്ഞത മുതലെടുത്തുകൊണ്ട് പ്രത്യേകം സജ്ജമാക്കപ്പെട്ട നഗറുകളിലേക്ക് കൊണ്ടുപോയി ശബ്ദമുഖരിതാന്തരീക്ഷത്തില്‍ മനസ്സിന്റെ ഏകാഗ്രതയും രാവിന്റെ പ്രതിഫലവും പരിശുദ്ധിയും നഷ്ടപ്പെടുത്തുന്നത് പുത്തന്‍ ആചാരമായേ കാണാനാവൂ. ഇതിന്റെ പിന്നില്‍ പല തരത്തിലുള്ള ഭൗതിക ലാഭക്കണ്ണുകളുണ്ട്. ഇസ്‌ലാമിലെ ആരാധനാ മര്യാദകള്‍ക്കും ആത്മീയ ചൈതന്യത്തിനും നിരക്കാത്ത പ്രവൃത്തികളാണിതെല്ലാം.
നിശ്ശബ്ദ നിശായാമങ്ങളില്‍ കരുണാമയനായ തന്റെ രക്ഷിതാവിന് മുന്നില്‍, വിശ്വാസം വഴിഞ്ഞൊഴുകുന്ന ശാന്തമനസ്സോടെ, വിനയത്തോടെ കരങ്ങളുയര്‍ത്തി കേഴുക. വിശ്വാസിയുടെ പ്രാര്‍ഥനാ ലക്ഷണം ഇതാണ്. ദൈവം അടുത്ത കേള്‍വിക്കാരനാണ്. ലോകമാന്യക്കാരനു നേരെ അന്ത്യനാളില്‍ അല്ലാഹുവിന്റെ കരുണാകടാക്ഷം എത്തുകയില്ല. ആര് കാണാന്‍ കര്‍മം ചെയ്തുവോ അവരുടെയടുക്കല്‍ പോവുകായെന്ന് അല്ലാഹു പറയുകയും ചെയ്യും. ചോദിക്കാന്‍ എല്ലാവരും പ്രാപ്തരല്ലെന്ന ജല്‍പനം പൗരോഹിത്യത്തിന്റേതാണ്.
അലവി വീരമംഗലം
കാത്തുസൂക്ഷിക്കാന്‍ കാമ്പുള്ള പ്രബോധനം
വര്‍ത്തമാനകാലത്ത് നിരവധി പത്രങ്ങളും വാരികകളും മാസികകളും കേരളത്തില്‍ പുറത്തിറങ്ങുന്നുണ്ട്. അധികവും വായന കഴിഞ്ഞാല്‍ വലിച്ചെറിയുന്നവ (Read & Throw). എന്നാല്‍ പ്രബോധനത്തെ വായിച്ചുകഴിഞ്ഞും സൂക്ഷിക്കുവെക്കേണ്ട (Read & Keep) ഒന്നായാണ് ഞാനും ഞാന്‍ അറിഞ്ഞ വായനക്കാരും കാണുന്നത്. 'അതിന്റെ മുഖക്കുറിപ്പ് മുതല്‍ ഇഹ്‌സാന്റെ ഒടുക്കം വരെയും ഘനഗംഭീരമാണെന്നും വായനക്കുതകുന്നതാണെന്നും' യുവമോര്‍ച്ചക്കാരനായ എന്റെ ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പുതിയ ലക്കത്തിന് വേണ്ടി പ്രതീക്ഷയോടെ അദ്ദേഹം ഇപ്പോഴും കാത്തിരിക്കുകയാണ്. പേര് പോലെ സമൂഹത്തില്‍ ഉജ്ജ്വലമായി പ്രബോധനം നിര്‍വഹിക്കുന്നു. പ്രബോധനം മധ്യഭാഗത്തുള്ള ഖുര്‍ആന്‍ ബോധനം 4 പേജ് പരസ്യമുക്തമാക്കണമെന്ന് അപേക്ഷിക്കുന്നു.
എം.പി ഹാരിസ് തെരയൂര്‍
തവണ വ്യവസ്ഥ
എം.വി മുഹമ്മദ് സലീം എഴുതിയ 'തവണ വ്യവസ്ഥ ഇസ്‌ലാമിക പരിപ്രേക്ഷ്യം' (ജൂലൈ 23) എന്ന ലേഖനമാണ് ഈ കുറിപ്പിന്നാധാരം.
തവണ വ്യവസ്ഥയുടെ ഇസ്‌ലാമിക സാധുതയെ സംബന്ധിച്ച് ഇസ്‌ലാമിക പണ്ഡിതര്‍ക്കിടയിലെ വീക്ഷണവ്യത്യാസം മനസ്സിലാക്കാന്‍ മേല്‍ ലേഖനം സഹായകമായി; ഒപ്പം നടപ്പ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇസ്‌ലാമിക പണ്ഡിതരുടെ അജ്ഞതയുടെ ആഴവും.
തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഈടാക്കുന്ന വില, റൊക്കം പണമായി സാധനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഈടാക്കുന്ന വിലയേക്കാള്‍ അധികമാണെന്നും ഇങ്ങനെ ഈടാക്കുന്ന അധികസംഖ്യ പലിശയായാണ് കച്ചവടക്കാര്‍ തങ്ങളുടെ കണക്ക് പുസ്തകങ്ങളില്‍ രേഖപ്പെടുത്തുന്നതെന്നും സാധാരണക്കാര്‍ക്ക് പോലും അറിവുള്ള കാര്യമാണല്ലോ. ഈ അറിവ് ഇസ്‌ലാമിക പണ്ഡിതര്‍ക്കില്ലാതെ പോയതാകാം തവണ വ്യവസ്ഥാധിഷ്ഠിത ഇടപാടുകളെക്കുറിച്ച ശരിതെറ്റ് ചര്‍ച്ചകളില്‍ അവര്‍ക്കിടയിലുള്ള ഭിന്നാഭിപ്രായത്തിന് നിമിത്തം. മുഖ്യധാരാ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇസ്‌ലാമിക പണ്ഡിതര്‍ക്കുള്ള അജ്ഞത കൊണ്ടാവാം ഇസ്‌ലാമിക സാമ്പത്തിക ക്രമം മുഖ്യധാരാ സാമ്പത്തികശാസ്ത്ര പടുക്കളില്‍ വേണ്ടത്ര സ്വീകാര്യതയും അംഗീകാരവും നേടാത്തത്.
ഡോ. കെ.കെ മുഹമ്മദ് കൊണ്ടോട്ടി
Comments