Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 20

സിറിയ അറബ്-ഇസ്‌ലാമിക ലോകത്ത് ഒറ്റപ്പെടുന്നു


ജനകീയ വിപ്ലവത്തെ അതിക്രൂരമായി നേരിട്ട് ആയിരങ്ങളെ കൊന്നൊടുക്കിയ സിറിയന്‍ ഭരണകൂടം അറബ് ഇസ്‌ലാമിക ലോകത്ത് ഒറ്റപ്പെടുന്നു. സുഊദി ഭരണാധികാരി അബ്ദുല്ല രാജാവ് സിറിയന്‍ നേതൃത്വത്തിനെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കുകയും വ്യവസ്ഥാ മാറ്റത്തിനായി പൊരുതുന്ന ജനതക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് അറബ് ലോകത്ത് സിറിയന്‍ വിഷയത്തിലുണ്ടായിരുന്ന മൗനം അവസാനിപ്പിച്ച് രാഷ്ട്ര നേതാക്കള്‍ തുറന്ന പ്രഖ്യാപനങ്ങളും നിലപാടുകളുമായി രംഗത്തുവന്നത്.
സിറിയയില്‍ നടക്കുന്ന രക്തച്ചൊരിച്ചില്‍ സുഊദിക്ക് ഒരു നിലക്കും സ്വീകാര്യമല്ലെന്നും നൂറുകണക്കിന് സിറിയക്കാരുടെ രക്തസാക്ഷിത്വത്തിനും ആയിരങ്ങള്‍ പരിക്കേല്‍ക്കാനും കാരണമായ സംഭവത്തിന് മതത്തിന്റെയോ മൂല്യങ്ങളുടെയോ പിന്‍ബലമില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് സുഊദി ഭരണാധികാരി അബ്ദുല്ല രാജാവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനക്ക് അന്താരാഷ്ട്ര തലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദമസ്‌ക്കസിലെ സുഊദി അംബാസഡറെ സുഊദി തിരിച്ചു വിളിച്ചതിന് തൊട്ടുടനെ ബഹ്‌റൈനും കുവൈത്തും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ആല്‍ഖലീഫയും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ സാലിം അസ്സബാഹുമാണ്, തങ്ങളുടെ രാജ്യം ദമസ്‌കസിലെ അംബാസഡറെ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചത്.
സിറിയയിലെ ദുരന്തത്തിന് അറുതിവരുത്തേണ്ടതുണ്ടെന്നും മനുഷ്യക്കുരിതി അതിരുകടന്നിട്ടുണ്ടെന്നും ഈജിപ്തിലെ ശൈഖുല്‍ അസ്ഹര്‍ അഹ്മദ് അത്തയ്യിബ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതിക്രമങ്ങള്‍ക്ക്  അറുതിവരുത്താതെ പരിഹാരം സാധ്യമല്ലെന്ന് ശൈഖുല്‍ അസ്ഹര്‍ പറഞ്ഞു.
സിറിയക്കെതിരില്‍ നടപടിക്ക് ശ്രമിക്കുന്നില്ലെങ്കിലും, അഞ്ച് മാസം നീണ്ട നിഷ്ഠുര പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ ശ്രമിക്കുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അറബി പറഞ്ഞു. സിറിയക്ക് അന്ത്യശാസനം നല്‍കാനും തങ്ങളുടെ നിലപാട് വ്യക്തമാക്കാനുമായി തുര്‍ക്കി വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദ് ഓഗ്‌ലോ ദമസ്‌കസിലെത്തിയിട്ടുണ്ട്. അയല്‍രാജ്യമായ തുര്‍ക്കിയില്‍ ഇതിനകം 15,000ഓളം സിറിയന്‍ അഭയാര്‍ഥികള്‍ എത്തിയിട്ടുണ്ട്.

ഹമാസ് നേതാക്കള്‍ക്ക്
റമദാന്‍ പ്രസംഗത്തിന് വിലക്ക്
ഫലസ്ത്വീനിലെ ഹമാസ് നേതാക്കളില്‍ ചിലര്‍ക്ക് റമദാന്‍ പ്രസംഗത്തിന് സലാം ഫയ്യാദിന്റെ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. പള്ളികള്‍ കേന്ദ്രീകരിച്ച് നടന്നുവന്ന ക്ലാസ്സുകള്‍ക്കാണ് വിലക്ക്. പാര്‍ലമെന്റ് പ്രതിനിധികളും ഹമാസ് നേതാക്കളുമായ ഹാമിദ് അല്‍ബൈതാവി, ദാവൂദ് അബൂസൈര്‍ തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങള്‍ക്കാണ് പടിഞ്ഞാറെ കരയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാറിനെതിരെ ജനരോഷം വര്‍ധിക്കാന്‍ മാത്രമേ ഈ നടപടി ഉപകരിക്കൂവെന്നും റമദാന്‍ മാസത്തില്‍ മതപരമായ വിഷയങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും ഹമാസ് നേതാക്കള്‍ പറഞ്ഞു.


വിഭജനത്തിന് ശേഷം
അമേരിക്ക വാക്ക് പാലിച്ചില്ല: സുഡാന്‍
സുഡാനെ തെക്ക്, വടക്ക് രാജ്യങ്ങളായി വിഭജിച്ച ശേഷം അമേരിക്ക അതിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് നാഷ്‌നല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ഇബ്‌റാഹീം അല്‍ഗന്‍ദൂര്‍ പറഞ്ഞു. രാജ്യത്തെ കീറിമുറിക്കുന്നതിനുള്ള സമ്മര്‍ദമല്ലാതെ അമേരിക്ക സുഡാന്റെ നന്മ കാംക്ഷിച്ചിട്ടില്ല. വടക്കന്‍ സുഡാനിലെ വ്യവസ്ഥാ മാറ്റമാണ് ഇപ്പോള്‍ അമേരിക്ക ലക്ഷ്യമാക്കുന്നത്. എന്നാല്‍, സാമ്പത്തിക പിന്തുണ നല്‍കുന്നതില്‍ അമേരിക്ക വാക്ക് പാലിച്ചിട്ടില്ല. മറിച്ച് ചൈന അതിന്റെ വിദേശകാര്യ മന്ത്രിയെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനയച്ച് സുഡാന് പിന്തുണ നല്‍കുകയാണുണ്ടായതെന്നും ഇബ്‌റാഹീം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സുസ്ഥിരത കൈവരിക്കാനുമാണ് ഉമറുല്‍ബശീര്‍ ശ്രമിക്കുന്നത്. പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ച വടക്കന്‍ സുഡാനിലെ ജനത ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ ക്ഷമ കൈകൊള്ളുകയും സമര്‍പ്പണം പ്രകടിപ്പിക്കുകയും ചെയ്യണമെന്നും അല്‍ബശീര്‍ വ്യക്തമാക്കി.


യമന്‍ പ്രസിഡന്റിന്റെ ചികിത്സാഭ്യര്‍ഥന റഷ്യ നിരസിച്ചു
യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ ചികിത്സാഭ്യര്‍ഥന റഷ്യ നിരസിച്ചു. ജൂണ്‍ ആദ്യത്തില്‍ സന്‍ആഇലെ കൊട്ടാരത്തിന് നേരെ നടന്ന ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ പ്രസിഡന്റ് കഴിഞ്ഞ രണ്ട് മാസത്തിലധികമായി രിയാദിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട സ്വാലിഹ് തുടര്‍ പരിചരണത്തിനായി ഏതാനും ദിവസം സുഊദിയില്‍ തങ്ങുമെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ ചികിത്സ റഷ്യയില്‍ പൂര്‍ത്തീകരിക്കാനുള്ള അലി അബ്ദുല്ല സ്വാലിഹിന്റെ അഭ്യര്‍ഥനയാണ് റഷ്യ നിരസിച്ചത്. യമന്‍ പ്രസിഡന്റ് എന്ന പരിഗണനയില്‍ ചികിത്സിക്കാനുള്ള അപേക്ഷ ജര്‍മനിയും മുമ്പ് നിരസിച്ചിരുന്നു. അതേസമയം യമന്‍ പൗരന്‍ എന്ന നിലയില്‍ ചികിത്സിക്കാന്‍ ജര്‍മനി തയാറായെങ്കിലും അലി അബ്ദുല്ല സ്വാലിഹിന് അത് സ്വീകാര്യമല്ലായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം