അല്ലാഹുവുമായുള്ള ബന്ധം എങ്ങനെ?
പ്രവാചകന്മാരും അവരുടെ സച്ചരിതരായ പിന്‍ഗാമികളും നന്മയുടെ മാര്‍ഗത്തില്‍ പ്രയാണം ചെയ്ത പില്‍ക്കാലക്കാരും തങ്ങളുടെ അനുയായികള്‍ക്ക് എല്ലായ്‌പ്പോഴും ആദ്യം നല്‍കിയ ഒരു ഉപദേശമുണ്ട്: നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക, അവനോടുള്ള സ്‌നേഹം ഹൃദയത്തില്‍ വീണ്ടും വീണ്ടും നിറക്കുക, അവനുമായുള്ള ബന്ധം നിരന്തരം പുതുക്കുകയും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. ഇവരുടെ മാര്‍ഗം പിന്തുടര്‍ന്ന് ഞാനും എന്റെ സഹപ്രവര്‍ത്തകരെ ആദ്യമായി ഉപദേശിക്കുന്നത് ഇതേ കാര്യം തന്നെയാണ്. ഇനിയൊരവസരം കിട്ടിയാലും എനിക്ക് ഒന്നാമതായി പറയാനുണ്ടാവുക ഇതേ കാര്യം തന്നെയായിരിക്കും. കാരണം, മറ്റേതൊരു സംഗതിയേക്കാളും ആദ്യം പറയേണ്ട കാര്യമത്രെ ഇത്. നമ്മുടെ വിശ്വാസ പ്രമാണത്തില്‍ (അഖീദ) ആദ്യം പറയുന്നത് അല്ലാഹുവിലുള്ള വിശ്വാസമാണ്. ഇബാദത്ത് കര്‍മങ്ങളില്‍ മര്‍മപ്രധാനം അല്ലാഹുവുമായുള്ള ഹൃദയബന്ധമാണ്. സ്വഭാവചര്യകളില്‍ (അഖ്‌ലാഖ്) ആദ്യം പറയുന്നത് ദൈവഭയത്തെക്കുറിച്ചാണ്. ഇടപാടുകളില്‍ (മുആമലാത്ത്) അല്ലാഹുവിന്റെ തൃപ്തി സര്‍വപ്രധാനമായി വരുന്നു. നമ്മുടെ ഈ ത്യാഗ പരിശ്രമങ്ങളുടെയും ഓടിപ്പാച്ചിലിന്റെയുമൊക്കെ യഥാര്‍ഥ പ്രേരകം ദൈവത്തിന്റെ പ്രീതിയായി മാറണം എന്ന് ചുരുക്കം. ജീവിതത്തില്‍ മറ്റൊരു ലക്ഷ്യത്തിനും മുന്‍ഗണന കൊടുത്തുകൂടാ. ഈ ലക്ഷ്യസാക്ഷാത്കാരത്തിനാണ് നാമൊരു സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് എന്നതിനാല്‍, നമ്മുടെ ജീവിതം അടിമുടി ആ ലക്ഷ്യത്തിന് അനുരൂപമായിരിക്കണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം എത്രമാത്രം ശക്തിപ്പെടുന്നുവോ അതിനനുസരിച്ച് നമ്മുടെ ജീവിതവും കര്‍മനിരതമാകും. കര്‍മജീവിതത്തില്‍ നാം തളരുന്നുണ്ടെങ്കില്‍ അതിനര്‍ഥം അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്നാണ്.
മനുഷ്യന്‍ ഏതൊരു കര്‍മം ചെയ്യുമ്പോഴും, അത് ദീനിന് വേണ്ടിയാവട്ടെ ദുന്‍യാവിന് വേണ്ടിയാവട്ടെ, മനസ്സില്‍ ഒരു ഉദ്ദേശ്യമുണ്ടാവും. ആ ഉദ്ദേശ്യമാണ് ആ പ്രവൃത്തി ചെയ്യാന്‍ അവനുള്ള യഥാര്‍ഥ പ്രേരണ. ആ ഉദ്ദേശ്യം എത്ര ആഴത്തിലും വ്യാപ്തിയിലും വേരോടുന്നുവോ അതിനനുസരിച്ച് ആ മനഷ്യന്റെ പ്രവൃത്തികള്‍ സജീവവും ചടുലവുമായിത്തീരും. ഒരാള്‍ സ്വന്തത്തിന് വേണ്ടി പ്രവര്‍ത്തന നിരതനാവണമെങ്കിലും നിശ്ചിതമായ വ്യക്തിതാല്‍പര്യങ്ങള്‍ അയാളെ അതിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കണം. മക്കളോടുള്ള സ്‌നേഹം ഒരു ഭ്രാന്തുപോലെ ആവേശിക്കുമ്പോഴാണ് ഒരാള്‍ തന്റെ സുഖസൗകര്യങ്ങളും വിശ്രമവുമെല്ലാം അവര്‍ക്കു വേണ്ടി ബലിയര്‍പ്പിക്കാന്‍ തയാറാവുന്നത്. മക്കളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഓട്ടത്തില്‍ ഈ ലോകം മാത്രമല്ല പരലോകം വരെ അയാള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടായിരിക്കും. തന്റെ രാഷ്ട്രത്തോടും സമൂഹത്തോടുമുള്ള അടങ്ങാത്ത സ്‌നേഹത്താല്‍ ആവേശിതനായ ഒരാള്‍ക്കേ, ആ സമൂഹത്തിന്റെ/ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും ഉന്നമനത്തിനു വേണ്ടിയും സാമ്പത്തികമായ നഷ്ടങ്ങള്‍ സഹിക്കാനും ജയിലറകളെ സ്വാഗതം ചെയ്യാനും എന്ത് ത്യാഗങ്ങള്‍ അനുഷ്ഠിക്കാനും വേണ്ടിവന്നാല്‍ ജീവന്‍ വരെ ബലിയര്‍പ്പിക്കാനുമുള്ള സന്നദ്ധത ഉണ്ടാവുകയുള്ളൂ.
ഇവിടെ നമ്മള്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ, ഏതെങ്കിലും വര്‍ഗത്തിന്റെയോ സമുദായത്തിന്റെയോ രാഷ്ട്രത്തിന്റെയോ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ അല്ല എഴുന്നേറ്റ് നില്‍ക്കുന്നത്. നമ്മുടെ താല്‍പര്യം അല്ലാഹുവിന്റെ പ്രീതി നേടുക എന്നതാണ്. ആയതിനാല്‍ അല്ലാഹുവുമായി ആഴത്തിലുള്ളതും ശക്തവുമായ ബന്ധം നാം സ്ഥാപിച്ചെടുത്തില്ലെങ്കില്‍ നമ്മുടെ ഈ ദൗത്യനിര്‍വഹണം ഒട്ടും സാധ്യമല്ലെന്ന് നിങ്ങള്‍ക്ക് തന്നെ ആലോചിച്ചാല്‍ മനസ്സിലാകും. അല്ലാഹുവിന്റെ വചനം ഉയര്‍ത്തിപ്പിടിക്കുക എന്ന അഭിലാഷത്തില്‍ നമ്മുടെ സമസ്ത ശ്രദ്ധയും പതിയുമ്പോഴാണ് ആ മാര്‍ഗത്തില്‍ നമുക്ക് ചലനാത്മകമാവാന്‍ കഴിയൂ. ഇതിന് 'അല്ലാഹുവുമായും ബന്ധം' ഉണ്ടായാല്‍ പോരാ. ബന്ധമത്രയും അല്ലാഹുവുമായി തന്നെ ആവണം. പല ബന്ധങ്ങളില്‍ ഒരു ബന്ധം അല്ലാഹുവുമായിട്ടാക്കിയേക്കാം എന്ന നിലപാട് ശരിയാവുകയില്ല. അല്ലാഹുമായിട്ടുള്ളതാണ് യഥാര്‍ഥ ബന്ധം. അത് എങ്ങനെയൊക്കെ ശക്തിപ്പെടുത്താം എന്നതാവണം വിശ്വാസിയുടെ എപ്പോഴുമുള്ള ചിന്ത.
അല്ലാഹുവുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം അറിയാത്തവരായി നമ്മുടെ സഹപ്രവര്‍ത്തകരില്‍ ആരുമുണ്ടാവില്ല. പക്ഷേ, പലര്‍ക്കും ഇത്തരം സംശയങ്ങള്‍ ഉണ്ടാവാറുണ്ട്: അല്ലാഹുവുമായുള്ള ബന്ധത്തിന്റെ യഥാര്‍ഥ വിവക്ഷ എന്താണ്? ആ ബന്ധം ഉണ്ടാക്കാനും വളര്‍ത്തിയെടുക്കാനുമുള്ള മാര്‍ഗമെന്ത്? നമ്മുടെ ബന്ധം അല്ലാഹുവുമായിട്ട് തന്നെയാണോ എന്നറിയാന്‍ എന്താണ് വഴി? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാത്തവര്‍ അറ്റമില്ലാത്ത മരുഭൂമിയില്‍ വഴികാണാതെ അലയുന്നവരെപ്പോലെയാണ് എന്നെനിക്ക് തോന്നുന്നു. യഥാര്‍ഥ ലക്ഷ്യത്തിലേക്ക് ഏത് ദിശയില്‍ യാത്ര ചെയ്യണമെന്ന് അവര്‍ക്ക് അറിയില്ല. തങ്ങള്‍ എത്ര ദൂരം പിന്നിട്ടുവെന്നോ ഇനി എത്ര ദൂരം താണ്ടാനുണ്ടെന്നോ യാതൊരു നിശ്ചയവുമില്ല. അതിനാല്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാനാണ് ഇവിടെ ശ്രമിക്കുന്നത്.
മനുഷ്യന്റെ ജീവിതം, മരണം, ആരാധനാ കര്‍മങ്ങള്‍, ബലിയനുഷ്ഠാനങ്ങള്‍ തുടങ്ങി സകലതും അല്ലാഹുവിന് വേണ്ടിയാവുക-ഇങ്ങനെയാണ് ഖുര്‍ആനില്‍ അല്ലാഹുവുമായുള്ള ബന്ധത്തെ നിര്‍വചിക്കുന്നത്. ''എന്റെ നമസ്‌കാരം, എന്റെ കര്‍മങ്ങള്‍, എന്റെ ബലിയര്‍പ്പണങ്ങള്‍, എന്റെ ജീവിതം, എന്റെ മരണം ഇതൊക്കെയും അല്ലാഹുവിനുള്ളതാകുന്നു'' (അല്‍അന്‍ആം 162). ''ഏകാഗ്ര ചിത്തരായി ദീന്‍ അല്ലാഹുവിന് മാത്രമാക്കി ഇബാദത്ത് ചെയ്യാന്‍ മാത്രമാണ് അവര്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്'' (അല്‍ബയ്യിന 5).
പ്രവാചക വചനത്തിലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. അത് വായിക്കുന്ന ഒരാള്‍ക്കും പിന്നെ ഇക്കാര്യത്തില്‍ സംശയങ്ങള്‍ അവശേഷിക്കുകയില്ല. അല്ലാഹുവുമായുള്ള ബന്ധം നിര്‍വചിക്കുന്ന നബിവാക്യങ്ങള്‍ കാണുക:
- രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയപ്പെടുക.
- തന്റെ കൈകളിലുള്ളതിനേക്കാള്‍ വിശ്വാസയോഗ്യം അല്ലാഹുവിന്റെ പക്കലുള്ളതിനാണെന്ന് കരുതുക.
- ജനങ്ങളുടെ അതൃപ്തി സമ്പാദിച്ചാലും അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുക.
അല്ലാഹുവുമായുള്ള ഈ ബന്ധം വളര്‍ന്ന് വളര്‍ന്ന് വളരെ ഉയര്‍ന്ന ഒരു തലത്തിലെത്തും. അപ്പോള്‍ ആ മനുഷ്യന്റെ സൗഹൃദവും ശത്രുതയും, നല്‍കലും നല്‍കാതിരിക്കലുമെല്ലാം അല്ലാഹുവിന്റെ താല്‍പര്യം നോക്കി മാത്രമായിരിക്കും. ആ മനുഷ്യന്റെ ആഗ്രഹാഭിലാഷങ്ങളും വെറുപ്പും മറ്റു മാനസിക വ്യാപാരങ്ങളുമൊന്നും തന്നെ പിന്നെ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരിക്കില്ല. ഇതാണ് അല്ലാഹുവുമായുള്ള ബന്ധത്തിന്റെ പൂര്‍ണത. 'അല്ലാഹുവിന് വേണ്ടി ഇഷ്ടപ്പെടുക, അല്ലാഹുവിന് വേണ്ടി വെറുക്കുക, അല്ലാഹുവിന് വേണ്ടി നല്‍കുക, അല്ലാഹുവിന് വേണ്ടി തടയുക- ഇതാണ് വിശ്വാസ പൂര്‍ണത' എന്ന് പ്രവാചകന്‍ പറഞ്ഞത് ഈയൊരവസ്ഥയെക്കുറിച്ചാണ്.
ഖുനൂത്തില്‍ നാം ചൊല്ലുന്ന ഒരു പ്രാര്‍ഥനയിലെ വാക്യങ്ങള്‍ ശ്രദ്ധിച്ച് പഠിച്ചാല്‍ അല്ലാഹുവുമായുള്ള ബന്ധത്തിന്റെ യഥാര്‍ഥ പൊരുളെന്തെന്ന് വ്യക്തമാവും. ''അല്ലാഹുവേ, നിന്നോട് ഞങ്ങള്‍ സഹായം തേടുന്നു. നീ ഞങ്ങളെ നേര്‍വഴിക്ക് നയിക്കുകയും ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യേണമേ. നിന്നില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, നിന്നില്‍ ഭരമേല്‍പിക്കുന്നു. എല്ലാ നന്മകളും നിനക്ക് പ്രത്യേകമാക്കി വെക്കുന്നു. ഞങ്ങള്‍ നിന്നോട് നന്ദിയുള്ളവരാണ്; നിന്നെ ധിക്കരിക്കുന്നവരല്ല. നിന്നെ ധിക്കരിക്കുന്നവരെ ഞങ്ങള്‍ കൈയൊഴിയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ അനുസരണയും ആരാധനയും അടിമത്തവുമെല്ലാം നിനക്ക് മാത്രം. ഞങ്ങള്‍ നമസ്‌കരിക്കുന്നതും സുജൂദ് ചെയ്യുന്നതും നിനക്ക് വേണ്ടി. ഞങ്ങളുടെ ഈ അധ്വാനപരിശ്രമങ്ങളെല്ലാം നിന്നിലേക്ക് എത്താന്‍ വേണ്ടിയാണ്. നിന്റെ കാരുണ്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. നിന്റെ ശിക്ഷയെ ഭയപ്പെടുന്നു. നിന്റെ ആ കടുത്ത ശിക്ഷ സത്യനിഷേധികളെ പിടികൂടുക തന്നെ ചെയ്യുമല്ലോ.''
തഹജ്ജുദ് നമസ്‌കാരത്തില്‍ നാം ചൊല്ലുന്ന പ്രാര്‍ഥനയുണ്ടല്ലോ (അല്ലാഹുവേ ഞാനിതാ നിനക്ക് വിധേയപ്പെട്ടിരിക്കുന്നു, നിന്നില്‍ വിശ്വസിച്ചിരിക്കുന്നു, നിന്നിലിതാ സര്‍വതും ഭരമേല്‍പിക്കുന്നു, നിന്നിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു. നിനക്ക് വേണ്ടി ഞാന്‍ തര്‍ക്കിച്ചു, നിനക്ക് വേണ്ടി ഞാന്‍ വിധിച്ചു) അതിലും അല്ലാഹുവുമായുള്ള ബന്ധത്തിന്റെ സ്വഭാവം വ്യക്തമാവുന്നുണ്ട്.
(തുടരും)
Comments